Prabodhanm Weekly

Pages

Search

2014 ജൂണ്‍ 06

കേരളത്തിലെ ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസം വര്‍ത്തമാനം, ഭാവി

ഇ. യാസിര്‍ /കവര്‍‌സ്റ്റോറി

         വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഊന്നിയ സാമൂഹിക വികസനത്തിന് ലോകത്തിന് മാത്യക സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. സാര്‍വത്രിക സാക്ഷരത, ഉയര്‍ന്ന സ്‌കൂള്‍ പ്രവേശന നിരക്ക് തുടങ്ങിയ വ്യത്യസ്ത സൂചകങ്ങളെ അധികരിച്ചുള്ളതാണ് പ്രസ്തുത പുരോഗതി.

         വിദ്യാഭ്യാസത്തെ സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്ന് തരം തിരിച്ചുകൊണ്ടാണ് ഇന്ത്യയില്‍ വിദ്യാഭ്യാസ നയരൂപീകരണവും ഭരണ നിര്‍വഹണവും നടത്തുന്നത്. ഇന്ത്യയിലുടനീളം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സമാന്തരമായി തന്നെ മുസ്‌ലിം/ ഇസ്‌ലാമിക വിദ്യാഭ്യാസ സംവിധാനവും കാലങ്ങളായി നിലനില്‍ക്കുന്നു.

         പൊതുവിദ്യാഭ്യാസ രംഗത്തെന്ന പോലെ 13000-ലധികം മദ്‌റസകള്‍, നൂറിലധികം അറബിക് കോളേജുകള്‍, കുറെയധികം ജാമിഅകള്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സൗകര്യങ്ങളുമായി കേരളത്തിലെ ഇസ്‌ലാമിക വിദ്യാഭ്യാസ സംവിധാനവും ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിംകള്‍ക്ക് മാതൃകയായി നിലനില്‍ക്കുന്നു. 

         സാധാരണക്കാരായ എല്ലാ മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളിലുള്ള സാമാന്യ വിജ്ഞാനം, അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനുള്ള പ്രാപ്തി, പൊതു ജീവിതത്തിലെയും സ്വകാര്യ ജീവിതത്തിലെയും ഇസ്‌ലാമിക രീതികളെക്കുറിച്ച സാമാന്യ ധാരണ, അറബി ഭാഷയില്‍ അടിസ്ഥാന പരിജ്ഞാനം ഇത്യാദി നേട്ടങ്ങള്‍ സ്വന്തമാക്കാനായത്  കേരളത്തിലെ മുസ്‌ലിംകളെ ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിംകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു. 

         ഇത്തരം ഗുണപരമായ പല കാര്യങ്ങളും നിലനില്‍ക്കെത്തന്നെ, ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസം  എന്ന കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കുന്നതിലും അതിന്റെ വിവിധ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും കേരള മുസ്‌ലിം സമൂഹം അവരുടെ സാധ്യതകള്‍ക്കനുസരിച്ച് മികവ് പുലര്‍ത്തുന്നില്ല എന്ന വിലയിരുത്തലിലാണ് നാം എത്തിച്ചേരുക.

         ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസം (Islamic Higher Education) എന്ന പ്രയോഗം തന്നെ മലയാള ഭാഷയില്‍ ഇനിയും വികസിച്ചു വന്നിട്ടില്ല. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തിനു ശേഷം ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ പ്രാവീണ്യം നേടാനായി നടത്തപ്പെടുന്ന പരിശ്രമങ്ങളെയാണ് ഇവിടെ ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസം എന്ന തലക്കെട്ടില്‍ വ്യവഹരിക്കുന്നത്. 

         കേരളത്തിലെ ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അറബിക് കോളേജുകള്‍, ജാമിഅകള്‍ (സര്‍വകലാശാലകള്‍) എന്നിങ്ങനെ വര്‍ഗീകരിക്കാം. ഒറ്റ നോട്ടത്തില്‍ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം പ്രകടമായി കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ സംഘടനകള്‍ക്ക് കീഴില്‍ നേരിട്ടോ അവരുടെ മേല്‍നോട്ടത്തിലുള്ള ട്രസ്റ്റുകള്‍ വഴിയോ ആണ് ഈ സ്ഥാപനങ്ങളിലെ ഭരണ നിര്‍വഹണം നടന്നുവരുന്നത്. ഓരോ പ്രസ്ഥാനവും പ്രതിനിധീകരിക്കുന്ന ആശയാദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിലബസുകള്‍ പഠിപ്പിക്കപ്പെടുന്നു. ഭൗതിക വിജ്ഞാനങ്ങളോട് ചേര്‍ത്ത് ഇസ്‌ലാമിക വിഷയങ്ങളില്‍ അധ്യയനം നടത്തുന്ന സ്ഥാപനങ്ങളും കേവലം ഇസ്‌ലാമിക വിജ്ഞാനങ്ങളില്‍ മാത്രം അധ്യയനം നടത്തുന്നവയും ഉണ്ട്. ഉന്നത വിദ്യാഭ്യാസം ആരംഭിക്കുന്നത് സ്‌കൂള്‍ പഠന കാലത്തിനു ശേഷമാണ്. നേരത്തെ സ്‌കൂള്‍ പഠനം അവസാനിച്ചിരുന്നത് പത്താം ക്ലാസ്സോടു കൂടിയായിരുന്നെങ്കില്‍ ഇന്ന് അത് പ്ലസ്ടുവോടു കൂടിയാണ്. പക്ഷേ അധിക ഇസ്‌ലാമിക കലാലയങ്ങളും ഈ മാറ്റം  ഉള്‍ക്കൊണ്ടിട്ടില്ല. അവര്‍ പത്താം ക്ലാസ് തന്നെയാണ് ഇപ്പോഴും പ്രവേശന മാനദണ്ഡമാക്കുന്നത്. ഇതില്‍ അശാസ്ത്രീയതയുണ്ട്.   പ്ലസ്ടു, ഡിഗ്രി എന്ന തലം വിട്ട് ഡിഗ്രി, പി.ജി എന്ന തലത്തിലേക്ക് ഇസ്‌ലാമിക കലാലയങ്ങള്‍ പ്രവേശന മാനദണ്ഡം പുനഃക്രമീകരിക്കുന്നത് ഈ മാറ്റം ഉള്‍ക്കൊള്ളുന്നതിനും കുറച്ച് കൂടി മുതിര്‍ന്ന തലമുറയെ ഇസ്‌ലാമിക വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കുന്നതിനും കാരണമാകും. 

ഉന്നത കലാലയങ്ങളുടെ ലക്ഷ്യങ്ങള്‍ 

         ഏതൊരു പാഠ്യക്രമത്തിനും അതു പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രമുണ്ടാവും. ആ പ്രത്യയശ്രാസ്ത്രത്തിനാവട്ടെ, പ്രസ്തുത പാഠ്യക്രമത്തിലൂടെ നേടേണ്ട നിര്‍ണിത ലക്ഷ്യങ്ങളും ഉണ്ടാവും. ഇസ്‌ലാമിക വിദ്യാഭ്യാസത്തിനു താഴെ വരുന്ന ലക്ഷ്യങ്ങളാണ് ഉണ്ടായിരിക്കുക:

1. മുസ്‌ലിം പൊതുജനത്തിന് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ പഠിപ്പിക്കുക, വ്യക്തി-സാമൂഹിക ജീവിതത്തില്‍  ഇസ്‌ലാം പ്രയോഗിക്കാന്‍ അവരെ പര്യാപ്തരാക്കുക. മദ്‌റസ വിദ്യാഭ്യാസം ഈ ലക്ഷ്യം ഒരു പരിധിവരെ  സാക്ഷാല്‍ക്കരിക്കുന്നു.

2. ഇസ്‌ലാമിക സമൂഹത്തിനും പൊതു സമൂഹത്തിനും നേതൃത്വം നല്‍കാന്‍ കഴിവുള്ളവരെ വാര്‍ത്തെടുക്കല്‍. അറബിക് കോളേജുകള്‍ ഈ ലക്ഷ്യം നിറവേറ്റുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു. കേരളത്തിലെ ഏതാണ്ടെല്ലാ പ്രധാന സംഘടനകളുടെയും നേതൃത്വം ഈ നിലക്ക് വളര്‍ന്ന് വന്നവരാണെന്ന് പറയാം.  അതിനപ്പുറത്ത്, സാംസ്‌കാരിക കേരളത്തിന്റെ അമരത്ത് നില്‍ക്കാന്‍ കെല്‍പ്പുള്ള, പൊതുസമൂഹത്തിന്നു നേതൃത്വം നല്‍കാന്‍ കഴിവുള്ള, നിയമനിര്‍മാണ സഭകള്‍ വരെ എത്തിപ്പെടാന്‍ സാധിക്കുന്ന പണ്ഡിതന്മാരെയും നേതാക്കളെയും സൃഷ്ടിക്കാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് സാധിക്കണം. 

3. ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ സ്ഥാപനങ്ങളും സംവിധാനങ്ങളും  നടത്താന്‍ പ്രാപ്തിയുള്ളവരെ സൃഷ്ടിക്കല്‍. ഈ രംഗത്ത് ഇസ്‌ലാമിക കലാലയങ്ങള്‍ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. ഭരണ പാടവം സിദ്ധിക്കാന്‍ ഇസ്‌ലാമിക പഠനത്തോടൊപ്പം തന്നെ ഇത്തരം കോഴ്‌സുകള്‍ ഉള്‍പ്പെടുത്തി ഈ ശൂന്യത പരിഹരിക്കനാകും. ഇക്കണോമിക്‌സും സോഷ്യോളജിയും പോലെ,  അഡ്മിനിസ്‌ട്രേഷനും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ബി.ബി.എ, എം.ബി.എ എന്നീ കോഴ്‌സുകള്‍ ഇസ്‌ലാമിക പാഠ്യക്രമത്തില്‍ തന്നെ ഉള്‍പ്പെടുത്തിയാല്‍  സ്ഥാപനങ്ങളുടെ ഭരണ നിര്‍വഹണത്തിന് കെല്‍പ്പുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനാവും.

4. ഇസ്‌ലാമിക സമൂഹത്തിന് കാഴ്ചപ്പാടുകളും അറിവും പകര്‍ന്ന് നല്‍കുന്ന, അവര്‍ക്ക് ദിശാബോധം നല്‍കുന്ന പണ്ഡിതന്മാരെ വാര്‍ത്തെടുക്കുക.

         മേല്‍ പറഞ്ഞ ലക്ഷ്യങ്ങളില്‍ ആദ്യത്തേത് ഒഴികെ എല്ലാം ഉന്നത കലാലയങ്ങളുടെ ലക്ഷ്യങ്ങളായിരിക്കേണ്ടവയാണ്. ഈ ലക്ഷ്യങ്ങള്‍ കൃത്യവും വ്യവസ്ഥാപിതവുമായ അക്കാദമിക പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. 

         മദ്‌റസകകളുടെ ഉദ്ദേശ്യ ലക്ഷ്യമായ ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ പഠിപ്പിക്കുന്നതിനും ഉന്നത കലാലയങ്ങളില്‍ സംവിധാനങ്ങളുണ്ടാവണം. മദ്‌റസാ വിദ്യാഭ്യാസം നേടാന്‍ സാധിക്കാത്ത മുതിര്‍ന്നവര്‍ക്ക് ചേര്‍ന്ന് പഠിക്കാനും സെക്യുലര്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വെക്കേഷന്‍ കാലങ്ങളില്‍ ചേര്‍ന്ന് പഠിക്കാനും ഉതകുന്നവിധം തുടര്‍ വിദ്യാഭ്യാസ സംവിധാനത്തിലൂടെയും വിദൂര വിദ്യാഭ്യാസ രീതിയിലുമാണ് ആ പഠനം സാധ്യമാവേണ്ടത്. സാധ്യമാവുന്നത്ര കോഴ്‌സുകള്‍ ഓണ്‍ലൈന്‍ ആയി പഠിപ്പിക്കാനും ഉന്നത കലാലയങ്ങള്‍ പദ്ധതി ആവിഷ്‌കരിക്കേണ്ടതാണ്. 

കേരളവും ഇതര സംസ്ഥാനങ്ങളും

         അടിസ്ഥാന ഇസ്‌ലാമിക വിദ്യാഭ്യാസത്തെയും ഉന്നത വിദ്യാഭ്യാസത്തെയും വേര്‍തിരിച്ച് വിശകലനം ചെയ്യുമ്പോള്‍, ആദ്യത്തേതില്‍ കേരള മുസ്‌ലിംകള്‍ ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിംകള്‍ക്ക് മാതൃകയാവുമ്പോള്‍ തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഈ മാതൃക സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല; എന്നല്ല ദാരിദ്ര്യത്തിനും നിരക്ഷരതക്കും  പേരുകേട്ട സംസ്ഥാനങ്ങളിലെ മുസ്‌ലിംകളും അവിടങ്ങളിലെ സ്ഥാപനങ്ങളുമാണ് കേരള മുസ്‌ലിംകള്‍ക്ക് മാതൃകയാവുന്നത്. ലഖ്‌നൗവിലെ ദാറുല്‍ഉലൂം നദ്‌വയും ദയൂബന്ദും ദാറുസ്സലാം ഉമറാബാദും ഹൈദരാബാദ് ജാമിഅ നിസാമിയ്യയും ഉദാഹരണങ്ങള്‍.

         ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസം ലക്ഷ്യം വെച്ച് പ്രസ്തുത സ്ഥാപനങ്ങളിലേക്ക് കേരളത്തില്‍ നിന്ന് പോവുന്ന പ്രവണതക്ക് കാലപ്പഴക്കം ഉണ്ടെങ്കിലും  ഇന്നും അത് തുടരുന്നു. എന്നാല്‍, ഇതേ ലക്ഷ്യം വെച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ ഉന്നത ഇസ്‌ലാമിക കലാലയങ്ങളിലേക്ക് വരുന്ന പ്രവണത ഇല്ല എന്നു തന്നെ പറയാം. ഈയടുത്ത കാലത്തായി പല സ്ഥാപനങ്ങളിലേക്കും  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ വരുന്നുണ്ടെങ്കിലും  അത് ദയൂബന്ദോ നദ്‌വയോ ഉമറാബാദോ പോലുള്ള ഒരുന്നത ഇസ്‌ലാമിക കലാലയം ലക്ഷ്യം വെച്ചുള്ളതോ അറിവിന്റെ ആഴം അന്വേഷിച്ചുള്ളതോ ആണ് എന്ന് പറയാനാവില്ല. മറിച്ച്, കേരളത്തിലെ ഇസ്‌ലാമിക കലാലയങ്ങളിലെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും സൗജന്യ വിദ്യാഭ്യാസവും ആകര്‍ഷണ കാരണങ്ങളാവാം. ദീര്‍ഘമായ ഇസ്‌ലാമിക പാരമ്പര്യവും സുസംഘടിതമായ സാമൂഹിക പശ്ചാത്തലവും ഉണ്ടായിട്ടും എന്തുകൊണ്ട് കേരളത്തില്‍ ഒരു നദ്‌വയോ ദയൂബന്ദോ ഉമറാബാദോ ഉണ്ടായില്ല എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്.

കേരള മുസ്‌ലിംകള്‍ക്ക് പൊതു സര്‍വകലാശാല

         ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വരെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യം വെച്ച്  വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒന്നിലധികം ഇസ്‌ലാമിക കലാലയങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കഴിവുള്ള വരാണ് കേരളത്തിലെ ഇസ്‌ലാമിക സമൂഹം. സംഘടനാ കാഴ്ചപ്പാടുകള്‍ക്ക് അതീതമായി ഇസ്‌ലാമിനോളം വിശാലമായ കരിക്കുലം കൊണ്ട് സമ്പന്നമായിരിക്കണം പ്രസ്തുത സ്ഥാപനം. എല്ലാ സംഘടനകളുടെയും സംയുക്തമായ ഒരു വിദ്യാഭ്യാസ ബോഡിക്ക് കീഴില്‍ പ്രസ്തുത സ്ഥാപനം നിലവില്‍ വരണം. തീര്‍ച്ചയായും ധാരാളം ആലോചനകള്‍ക്കും പഠനങ്ങള്‍ക്കും  ശേഷം മാത്രമേ അത്തരമൊരു സ്ഥാപനത്തിന് ജന്മം നല്‍കാന്‍ സാധിക്കൂ എന്ന വസ്തുതയെ നിരാകരിച്ചു കൊണ്ടല്ല ഇത് പറയുന്നത്.

         ദയൂബന്ദിലേക്കും നദ്‌വയിലേക്കും മറ്റും ഉപരി പഠനാര്‍ഥം പോകുന്ന വിദ്യാര്‍ഥികളെ എടുത്തു നോക്കൂ. വ്യത്യസ്ത സംഘടനകളെ പ്രതിനിധീകരിക്കുന്ന ഇവര്‍ അവിടെ ഒരേ ക്ലാസ്സില്‍ പഠിക്കുന്നു, ഒന്നിച്ച് ജീവിക്കുന്നു, പഠനം പൂര്‍ത്തിയാക്കി അവര്‍ തിരിച്ച് വരുമ്പോഴും അവര്‍ പഴയ സംഘടനകളുടെ വക്താക്കള്‍ തന്നെ. 

         ഈയൊരു കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്ന സ്ഥാപനത്തെ കുറിച്ചാണ് നാം പറയുന്നത്. എല്ലാ വിഭാഗങ്ങള്‍ക്കും പഠിക്കാവുന്ന, എല്ലാ ആശയങ്ങളും സംവദിക്കപ്പെടുന്ന ഒരുന്നത കലാലയം എന്നതിന് കേരളത്തില്‍ മികച്ച സാധ്യത നിലനില്‍ക്കുന്നുണ്ട്. 

         അലീഗഢ് സര്‍വകലാശാലയിലെ തിയോളജി ഫാക്കല്‍റ്റിയെ മാതൃകയാക്കി ആരംഭിക്കാവുന്നതാണ് ഇത്. അലീഗഢിലെ തിയോളജി ഫാക്കല്‍റ്റിക്ക് കീഴില്‍ സുന്നി തിയോളജി, ശീഈ തിയോളജി എന്നിങ്ങനെ രണ്ട് ഡിപ്പാര്‍ട്ട്‌മെന്റുകളാണുള്ളത്. തികച്ചും വ്യതിരിക്തമായ രണ്ട് സിലബസ്. രണ്ടുതരം വിജ്ഞാനീയങ്ങളില്‍ പ്രാവീണ്യമുള്ള പ്രഫസര്‍മാര്‍ മുതലുള്ള അധ്യാപകര്‍, പക്ഷേ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത് ഒരേ യൂനിവേഴ്‌സിറ്റിയുടെ ഒരേ ഫാക്കല്‍റ്റിയുടെ എന്നാല്‍ വ്യത്യസ്ത സ്‌പെഷലൈസേഷനിലുള്ള സര്‍ട്ടിഫിക്കറ്റ്. ഒന്ന്, സുന്നി സ്‌പെഷലൈസേഷന്‍, മറ്റേത് ശീഈ സ്‌പെഷലൈസേഷന്‍.

         സമാനമായ രീതിയില്‍, എല്ലാവര്‍ക്കും പ്രവേശനമുള്ള ഒരു സര്‍വകലാശാല (ജാമിഅ), അതിനു കീഴില്‍ സുന്നി, മുജാഹിദ്, ജമാഅത്ത് ധാരകളെ പ്രതിനിധീകരിക്കുന്ന സ്‌പെഷലൈസേഷനുകള്‍. ഏത് സ്‌പെഷലൈസേഷന്‍ പഠിച്ചാലും ലഭിക്കുന്നത് ഒരേ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ്.  ഇത്തരമൊരാശയം ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ പഠന മേഖലയില്‍ അനന്ത സാധ്യതകളെയും ആഴത്തിലുള്ള പഠന ഗവേഷണങ്ങളെയും ഏറ്റവും ആരോഗ്യപരമായ ആദാന പ്രദാനങ്ങളെയും ഇസ്‌ലാമിക കേരളത്തിന് സമ്മാനിക്കും. അതുവഴി സാധ്യമാകുന്ന വൈജ്ഞാനിക സാമൂഹിക വിപ്ലവം കേരളത്തിന് നവോന്മേഷം പകരും.

         പെട്ടെന്ന് നേടിയെടുക്കാന്‍ സാധ്യമല്ലാത്ത ലക്ഷ്യമാണിത് എന്നതിനാല്‍, ആദ്യപടിയായി ഒരോ വിഭാഗവും അവരവരുടെ സ്ഥാപനങ്ങള്‍ ഒരു കേന്ദ്രീകൃത രൂപത്തിലേക്ക് കൊണ്ടുവന്നുകൊണ്ട് ഈ ഉദ്യമത്തിന് തുടക്കമിടാവുന്നതാണ്.

         ഓരോ വിഭാഗത്തിലും ഒരു ജാമിഅ. മറ്റുള്ള എല്ലാ കോളേജുകളും പ്രസ്തുത ജാമിഅക്ക്ക്കു കീഴിലെ അംഗീകൃത കോളേജുകള്‍. ഏകീകൃത സിലബസ്, എകീകൃത പ്രവേശനം, എകീകൃത പരീക്ഷ/ മൂല്യ നിര്‍ണയ മാനദണ്ഡങ്ങള്‍ എന്നിവ ഉദാഹരണം. ഏത് സ്ഥാപനത്തില്‍ പഠിച്ചിറങ്ങിയാലും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഒന്ന് എന്നത് വളരെ പ്രധാനമാണ്. 

         ആലിയാ കോളേജില്‍ പഠിച്ചാലും അഴീക്കോട് ഇസ്‌ലാമിക് കോംപ്ലക്‌സില്‍ പഠിച്ചാലും ലഭിക്കുന്ന ഒരേ സര്‍ട്ടിഫികറ്റ് എന്നത് വിദ്യാര്‍ഥികളുടെ മുമ്പില്‍ തുറക്കുന്ന  അനന്ത ഭാവി പഠന സാധ്യതകളെ കുറിച്ച് ഇസ്‌ലാമിക പ്രസ്ഥാനം ആലോചിക്കേണ്ടതുണ്ട്. ഇതുവഴി ഉന്നത വിദ്യാഭ്യാസ രംഗത്ത് അത്ഭുതകരമായ മാറ്റത്തിന് നാന്ദി കുറിക്കാന്‍ പ്രസ്ഥാനത്തിനു സാധിക്കും. അടുത്ത പടിയായി, ജാമിഅക്ക് കീഴില്‍ കേരളത്തിലുടനീളമുള്ള അംഗീകൃത കോളേജുകളില്‍, ഭൂമിശാസ്ത്രാടിസ്ഥാനത്തില്‍ കോഴ്‌സുകളുടെ  വിതരണം ആസൂത്രണം ചെയ്യണം. 

         ഇസ്‌ലാമിക പ്രസ്ഥാനം മുന്നില്‍ നടക്കുകയും ഇതര പ്രസ്ഥാനങ്ങള്‍ പ്രസ്തുത മാതൃക സ്വീകരിക്കുകയും ചെയ്താല്‍ പിന്നീട് സ്വാഭാവികമായും വികസിപ്പിക്കാവുന്ന ലക്ഷ്യമായിരിക്കും എല്ലാവര്‍ക്കും കൂടി ഒന്നിച്ച് ഒരു സര്‍വകലാശാല എന്നത്. അതാവട്ടെ അത്തരമൊരു സാഹചര്യത്തില്‍  സാക്ഷാത്കരിക്കാന്‍ ഇപ്പോള്‍ ചെയ്യേണ്ടി വരുന്നതിനെക്കാള്‍ കുറഞ്ഞ ഊര്‍ജം ചെലവഴിച്ചാല്‍ മതിയാകും.

ജാമിഅകളും ഗവേഷണ പ്രവര്‍ത്തനങ്ങളും

         ജാമിഅകള്‍ എന്ന് നാമകരണം ചെയ്യപ്പെട്ട ധാരാളം സ്ഥാപനങ്ങളുണ്ട് കേരളത്തില്‍. ജാമിഅ എന്നാല്‍ സര്‍വകലാശാല എന്നര്‍ഥം. പേരു സൂചിപ്പിക്കുന്ന പോലെ, ധാരാളം കലകളുടെ അഭ്യസനം നടക്കുന്ന ശാലകളായിരിക്കണം അവ. നാമമാത്രമായ കോഴ്‌സുകള്‍, തുഛമായ വിദ്യാര്‍ഥികള്‍, കഴിവും യോഗ്യതയുമുള്ള അധ്യാപകരുടെ അഭാവം  ഇങ്ങനെയുള്ള സ്ഥാപനങ്ങളെ ജാമിഅ എന്ന് നാമകരണം ചെയ്യുന്ന രീതി നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ വില കുറക്കാനേ കാരണമാകൂ.

         ജാമിഅ അഥവാ സര്‍വകലാശാലകളുടെ സാര്‍വത്രികമായ സവിശേഷത ഗവേഷണമാണ്. ഇസ്‌ലാമിക വിജ്ഞാനശാഖകളിലെ നവംനവങ്ങളായ വിഷയങ്ങളില്‍ നിരന്തരം അനേഷണങ്ങളിലും കണ്ടെത്തലുകളിലും ഏര്‍പ്പെട്ട സ്ഥാപനങ്ങളാണ് ജാമിഅകള്‍; അഥവാ ആയിരിക്കണം.

         പി.എച്ച്.ഡിയിലേക്കു നയിക്കുന്ന അക്കാദമിക ഗവേഷണങ്ങളും അതല്ലാത്ത അന്വേഷണങ്ങളൂം ഇതില്‍ ഉള്‍പ്പെടും.  അടിസ്ഥാന ഇസ്‌ലാമിക വിഷയങ്ങളിലും സാമൂഹിക ശാസ്ത്രത്തിലും ഭൗതിക-ഭൗതികേതര വിഷയങ്ങളിലും ഇസ്‌ലാമിക് ഫിനാന്‍സിലും മാനേജ്‌മെന്റിലും എഞ്ചിനീയറിങ്ങിലും വരെ ഇസ്‌ലാമിന്റെ പരിപ്രേക്ഷ്യത്തില്‍ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളായി കേരളത്തിലെ ജാമിഅകളെ പരിവര്‍ത്തിപ്പിക്കുകയെന്ന സ്വപ്‌നമെങ്കിലും അതിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് ഉണ്ടാവണം. ഓരോ കാലത്തെയും സമൂഹം പൊതുവിലും മുസ്‌ലിം സമുദായം പ്രത്യേകിച്ചും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമികമായ, ദൈവികമായ പരിഹാരം നിര്‍ണയിച്ചുനല്‍കാന്‍ ഇത്തരം ഗവേഷണങ്ങള്‍ക്ക് സാധിക്കും. ഈ പഠനങ്ങളാണ് ഇസ്‌ലാമിന്റെനുകാലികത നിലനിര്‍ത്തുന്നതും ഇസ്‌ലാമിക സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണം സുഗമവും സാധ്യവുമാക്കുന്നതും. നിര്‍ഭാഗ്യവശാല്‍ ഇത്തരം ഒരു സ്ഥാപനം പോലും കേരളത്തില്‍ ഇല്ല എന്ന തിരിച്ചറിവ്  നമ്മുടെ ജാമിഅകള്‍ ഭാവിയില്‍ ഗമിക്കേണ്ട ഗതി നിര്‍ണയിച്ചു തരുന്നുണ്ട്. 

         മലേഷ്യയിലെ അന്താരാഷ്ട്ര ഇസ്‌ലാമിക സര്‍വകലാശാല ഈയര്‍ഥത്തില്‍ അനുകരിക്കാവുന്ന ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനമാണ്. ഇത്തരം സ്ഥാപങ്ങളുമായി നന്നെ ചുരുങ്ങിയത്  അക്കാദമിക സഹവര്‍ത്തിത്വമെങ്കിലും നമ്മുടെ ജാമിഅകള്‍ക്ക് ഉണ്ടാവണം. 

         കേരളത്തിലെ ഇസ്‌ലാമിക കലാലയങ്ങളിലെ  ഗവേഷണ ത്വരയുടെ ഈ അഭാവമാണ്, കാമ്പും കനവുമുള്ള പണ്ഡിതന്മാരെ ലോകത്തിനു സംഭാവന ചെയ്യാന്‍ നമുക്ക് സാധിക്കാത്തതിന്റെ കാരണം.  അലിമിയാനെ പോലെയുള്ള, മൗലാന യൂസുഫ് കാന്ധലവിയെപ്പോലുള്ള, നിരന്തരം ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ട, കനപ്പെട്ട ഗ്രന്ഥങ്ങള്‍ ഇസ്‌ലാമിക ലോകത്തിനു സംഭാവന ചെയ്ത,  ആഗോള പ്രസിദ്ധിയുള്ള, ആഗോള ഭാഷകളില്‍ എഴുതുന്ന, തികവുള്ള പണ്ഡിതന്മാരെ നമുക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞ കാലങ്ങളില്‍ സാധിക്കാതെ വന്നതിന്റെ ക്ഷീണം തീര്‍ക്കേണ്ടതുണ്ട്. ശക്തമായ ഒരു ഗവേഷണ, അന്വേഷണ സംസ്‌കാരം നമ്മുടെ ജാമിഅകളില്‍ വളര്‍ത്തിക്കൊണ്ടു വരണം. 

         ജാമിഅകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ഉണ്ടാവേണ്ട മറ്റൊരു സവിശേഷതയാണ്, അക്കാദമിക സമ്മേളനങ്ങളും ഗവേഷണ പ്രബന്ധങ്ങളുടെ പ്രസിദ്ധീകരണങ്ങളും.  പരിമിതികളോടെയാണെങ്കിലും പല ഇസ്‌ലാമിക സ്ഥാപനങ്ങളിലും ഇതൊക്കെ നടക്കുന്നുണ്ടെങ്കിലും ഒരു വികസിത രൂപം അവക്കൊന്നും ഇല്ല. നമ്മുടെ അക്കാദമിക സമ്മേളനങ്ങള്‍ വരെ ബഹളമയമാണ് പലപ്പോഴും. ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ വ്യുല്‍പത്തി ഉള്ളവരെ ഉള്‍പ്പെടുത്തി നടത്തപ്പെടേണ്ട ഇത്തരം പരിപാടികളില്‍, രാഷ്ട്രീയ നേതാക്കളെ എഴുന്നള്ളിക്കുന്ന പ്രവണത കേരളത്തില്‍ മാത്രം കണ്ടു വരുന്നതാണ്. 

         ഓരോ ജാമിഅയിലെയും പ്രധാന പ്രഫസര്‍മാരും മുതിര്‍ന്ന അധ്യാപകരും പുറംലോകത്ത് അറിയപ്പെടുന്നത് അവര്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളാലും അവര്‍ സമര്‍പ്പിക്കുന്ന പുതിയ കാഴ്ചപ്പാടുകളാലും ആണ്. പത്തും ഇരുപതും കനപ്പെട്ട ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും നൂറുകണക്കിനു അന്താരാഷ്ട്ര പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയുമൊക്കെ ചെയ്തവരാണ് ലോകത്തെ പല ജാമിഅകളുടെയും അധ്യാപകര്‍. പക്ഷേ, കേരളത്തിലെ ജാമിഅകളില്‍ ഇത്തരം ഒരു സംസ്‌കാരം ഇതുവരെ വളര്‍ന്നിട്ടില്ല.

നിലവാരം ഉറപ്പുവരുത്തല്‍

        സ്ഥാപനങ്ങളുടെ ഭരണനിര്‍വഹണം, സാമ്പത്തിക ആസൂത്രണം, അക്കാദമിക പ്രവര്‍ത്തനങ്ങള്‍, അധ്യാപകരുടെ നിയമനവും പരിശീലനവും, വിദ്യാര്‍ഥികളുടെ മികവ് വര്‍ധിപ്പിക്കല്‍, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ സേവനങ്ങളുടെ ലഭ്യത, പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത തുടങ്ങി നിരവധി മേഖലകളില്‍ മികവ് കൈവരിക്കാനുള്ള പരിശ്രമങ്ങളാണ് ഇസ്‌ലാമിക കലാലയങ്ങള്‍ ഏറ്റെടുക്കേണ്ട മറ്റൊരു ദൗത്യം. 

         മേല്‍ പറഞ്ഞ ഓരോ മേഖലക്കും നിര്‍ണിത ലക്ഷ്യങ്ങളും ആ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള കര്‍മപദ്ധതികളും (Action Plan)  വേണം. പ്രസ്തുത പദ്ധതികള്‍ നേടുന്നുണ്ടോ എന്ന് വിലയിരുത്താനുതകുന്ന സൂചകങ്ങളും (Indicators) നിര്‍ണയിക്കപ്പെടണം. പ്രസ്തുത സൂചകങ്ങള്‍ക്കനുസരിച്ചുള്ള ഫലം സിദ്ധിക്കുന്നുണ്ടോ എന്ന് വിലയിരുത്തണം (evaluation). അത്തരം വിലയിരുത്തലുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടുകൊണ്ട് മെച്ചപ്പെട്ട ഭാവി പരിപാടികളുമായി ഓരോ സ്ഥാപനവും മുന്നോട്ടു പോകണം. 

         ഓരോ സംഘടനക്ക് കീഴിലുമുള്ള സ്ഥാപനങ്ങള്‍ക്ക് മൊത്തമായി അവയുടെ  മികവ് പരിശോധിക്കാനും നിലവാരം ഉയര്‍ത്തിക്കൊണ്ടുവരാനും ഒരു സ്ഥിരം സംവിധാനം ഉണ്ടാവേണ്ടതുണ്ട്.  സിജി പോലുള്ള ഒരു സ്വതന്ത്ര സംവിധാനം എല്ലാ സംഘടനകളും ഒന്നിച്ച് ആലോചിച്ചാല്‍ രൂപപ്പെടുത്താവുന്നതാണ്. വലിയ അളവില്‍ കുറഞ്ഞ കാലം കൊണ്ട് മൊത്തം സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.

         ചുരുക്കത്തില്‍, ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ പുതിയ രൂപവും ഭാവവും നല്‍കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. ഒരോ സ്ഥാപനത്തിനും കൈമുതലായുള്ള അടിസ്ഥാന സൗകര്യങ്ങളെ കൃത്യമായും ശാസ്ത്രീയമായും ഉപയോഗപ്പെടുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഏറ്റവും കാലികവും പ്രസക്തവുമായ കോഴ്‌സുകള്‍ പഠിപ്പിക്കപ്പെടണം. സമുദായത്തിലെ മികവുള്ള കുട്ടികളെ ആകര്‍ഷിക്കാന്‍ സാധിക്കണം. നവീനവും സുഗമവുമായ അധ്യയന രീതികള്‍ നടപ്പിലാക്കണം. സംഘടനകള്‍ ഒന്നിച്ചുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പരിഗണന നല്‍കണം. മെച്ചപ്പെട്ട അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും മുന്‍ഗണന നല്‍കണം. ഗവേഷണ അന്തരീക്ഷം കാമ്പസുകളില്‍ വളര്‍ത്തണം. സര്‍വ മേഖലകളിലും നിലവാരം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റക്കും കൂട്ടായും രൂപം കാണണം. ഇത്തരം പുതിയ ഉന്നത വിദ്യാഭ്യാസ ചിന്തകള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തില്‍ തുടക്കം കുറിക്കട്ടെ. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 95-97
എ.വൈ.ആര്‍