Prabodhanm Weekly

Pages

Search

2014 ജൂണ്‍ 06

ഇനിയും മരിച്ചിട്ടില്ലാത്ത ഒ.ഐ.സി

         ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കണ്‍ട്രീസ്, ഇസ്‌ലാമിക് കോ-ഓപറേഷന്‍, ഇസ്‌ലാമിക് കോണ്‍ഫറന്‍സ് തുടങ്ങിയ സങ്കല്‍പങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒ.ഐ.സിയുടെ ആവിര്‍ഭാവം അത്തരം ഒരു കൂട്ടായ്മയെ ചിരകാലമായി കാത്തിരുന്നവരുടെ സ്വപ്ന സാഫല്യമായിരുന്നു. മുസ്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ ഐക്യവും സാഹോദര്യവും വളര്‍ത്തുക, ആരോഗ്യ-വിദ്യാഭ്യാസ-സാമ്പത്തിക-സാമൂഹിക മണ്ഡലങ്ങളില്‍ സഹകരിച്ച് മുന്നേറുക, മുസ്‌ലിം രാജ്യങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ക്കകത്തും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണുക, ഇസ്‌ലാം-മുസ്‌ലിംവിരുദ്ധ ശക്തികളെ ഒറ്റക്കെട്ടായി ചെറുക്കുക എന്നിങ്ങനെ ഒട്ടേറെ ആശയങ്ങളായിരുന്നു ഒ.ഐ.സിയുടെ പ്രചോദനം. നിര്‍ഭാഗ്യവശാല്‍ പ്രതീക്ഷയുടെ ഈ മൊട്ടുകളൊന്നും വേണ്ടവണ്ണം വിടരുകയുണ്ടായില്ല. ഒ.ഐ.സി നിലവില്‍ വന്ന ശേഷം അത് ഗൗരവപൂര്‍വം ഇടപെടുകയും കൈകാര്യം ചെയ്യുകയും ചെയ്യേണ്ട ഗുരുതരമായ എത്രയോ പ്രശ്‌നങ്ങള്‍ മുസ്‌ലിം ലോകം നേരിടുകയുണ്ടായി. ഇറാന്‍-ഇറാഖ് യുദ്ധം, ഇറാഖിന്റെ കുവൈത്ത് അധിനിവേശം, പാശ്ചാത്യ ശക്തികളുടെ അഫ്ഗാന്‍-ഇറാഖ് അധിനിവേശങ്ങള്‍, യൂറോപ്പിലെ ഇസ്‌ലാമോഫോബിയ, ചില ആഫ്രോ-ഏഷ്യന്‍ നാടുകളില്‍ കൊടുമ്പിരിക്കൊണ്ട മുസ്‌ലിം പീഡനം, ഇന്ത്യന്‍ മുസ്‌ലിംകളുടെ ആത്മാഭിമാനത്തിനും അസ്തിത്വത്തിനും ഭീഷണിയുയര്‍ത്തി നടന്ന ബാബരി മസ്ജിദ് ധ്വംസനം, തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലരങ്ങേറിയ വര്‍ഗീയ കലാപങ്ങള്‍ എന്നിവ അവയില്‍ ചിലത് മാത്രമാണ്. ഈ പ്രശ്‌നങ്ങളിലൊന്നും ഒ.ഐ.സിക്ക് അതിന്റെ സാന്നിധ്യമറിയിക്കാന്‍ പോലും കഴിഞ്ഞില്ല. ജനിച്ചു വീണ് ഏറെ കഴിയുന്നതിന് മുമ്പ് തന്നെ അത് 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും' എന്ന പരുവത്തിലായി. മുസ്‌ലിം ലോകത്ത് ജന്മം കൊണ്ട മറ്റു പല പ്രസ്ഥാനങ്ങളെയും പോലെ ഒ.ഐ.സിയും അകാലചരമം പ്രാപിച്ചുവെന്ന് ചിലരെങ്കിലും കരുതിയതില്‍ അസാംഗത്യമില്ല.

         കഴിഞ്ഞ മെയ് 7-ന് അറബ് ന്യൂസില്‍ വന്ന ഒരു വാര്‍ത്ത ചെറുതാണെങ്കിലും കൗതുകകരമായി. ഇന്ത്യയിലെ അസം സംസ്ഥാനത്ത് ബോഡോകള്‍ മുസ്‌ലിംകള്‍ക്കെതിരെ അക്രമമഴിച്ചുവിട്ടതിനെ ഒ.ഐ.സി ശക്തിയായി അപലപിക്കുന്നുവെന്നതായിരുന്നു വാര്‍ത്ത. ബോഡോ അതിക്രമം ഭയന്ന് മുസ്‌ലിംകള്‍ നാടും വീടും ഉപേക്ഷിച്ച് ഓടിപ്പോകാന്‍ നിര്‍ബന്ധിതരാകുന്നു എന്ന റിപ്പോര്‍ട്ടില്‍ ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഇയാദ് അമീന്‍ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തിയിരിക്കുന്നു. കലാപത്തിനറുതിവരുത്തുന്നതിനോ ഇരകളെ പുനരധിവസിപ്പിക്കുന്നതിനോ വല്ലതും ചെയ്യാന്‍ ഒ.ഐ.സിക്ക് പരിപാടിയുണ്ടോ എന്ന് പത്രം വ്യക്തമാക്കുന്നില്ല. അതെന്തായാലും ഒ.ഐ.സി ഇപ്പോഴും ജീവിച്ചിരിക്കുന്നതായി സാക്ഷ്യപ്പെടുത്തുന്നു എന്നതാണീ റിപ്പോര്‍ട്ടിനെ ഏറെ ശ്രദ്ധേയമാക്കുന്നത്. അസമിലെ വംശഹത്യയില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ ഒ.ഐ.സി തീര്‍ച്ചയായും ഇന്ത്യന്‍ മുസ്‌ലിംകളുടെ അകൈതവമായ നന്ദിയര്‍ഹിക്കുന്നു. ഇന്ത്യയില്‍ ഉളവായിരിക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യം ഇത്തരം പുറംലോക ശ്രദ്ധകളെ കൂടുതല്‍ പ്രസക്തമാക്കുന്നുണ്ട്. എങ്കിലും നേരത്തെ ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിട്ട പ്രതിസന്ധികളൊന്നും ഒ.ഐ.സിയില്‍ പ്രതികരണം സൃഷ്ടിക്കാതിരുന്നതെന്തേ എന്ന ചോദ്യം അവശേഷിക്കുന്നു. ബര്‍മയിലെ വംശനശീകരണത്തിലും ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകളുടെ പ്രശ്‌നത്തിലും ചെച്‌നിയന്‍ സമരത്തിലും ഫിലിപ്പിന്‍സിലെ മിന്ദനാവോ പ്രശ്‌നത്തിലുമൊന്നും ഒ.ഐ.സി കാര്യമായി ഇടപെട്ടുകണ്ടിട്ടില്ല. മുസ്‌ലിം ലോകത്തിനു പുറത്തുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഒ.ഐ.സിക്ക് പരിമിതികളുണ്ട് എന്ന് സമ്മതിക്കേണ്ടതുണ്ട്. പക്ഷേ, മുസ്‌ലിം ലോകത്തിന്റെ ഹൃദയസ്ഥാനങ്ങളില്‍ അഥവാ ഇറാഖ്, സിറിയ, ഫലസ്ത്വീന്‍, ഈജിപ്ത് തുടങ്ങിയ മധ്യ പൗരസ്ത്യ നാടുകളില്‍ നിലക്കാതെ ഒഴുകിക്കൊണ്ടിരിക്കുന്ന ചോരപ്പുഴകളില്‍ ഈ സംഘടന എന്തു റോളാണ് വഹിക്കുന്നത് എന്ന ചോദ്യം അവഗണിക്കാനാവാത്തതാണ്. മുസ്‌ലിം രാജ്യങ്ങളില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളില്‍ പോലും ഇടപെടാന്‍ പാങ്ങില്ലെങ്കില്‍ പിന്നെ ഒ.ഐ.സി എന്ന പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്താണ്?

         മുസ്‌ലിം ഗവണ്‍മെന്റുകളുടെ ധനസഹായം കൊണ്ടാണ് ഈ സംഘടന നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും. പക്ഷേ, സ്വന്തമായി അഭിപ്രായങ്ങള്‍ രൂപീകരിക്കാനോ പരിപാടികളാസൂത്രണം ചെയ്യാനോ അതിന് സ്വാതന്ത്ര്യമില്ല. ഫണ്ട് നല്‍കുന്ന ഗവണ്‍മെന്റുകളുടെ അടുക്കള സംഘടനയായിട്ടാണത് പ്രവര്‍ത്തിക്കുന്നത്. അവരുടെ ആഭ്യന്തരവും വൈദേശികവുമായ രാഷ്ട്രീയ താല്‍പര്യങ്ങളെയാണത് പ്രതിനിധീകരിക്കുന്നത്. പേരിനെ അന്വര്‍ഥമാക്കുംവിധം ആഗോള മുസ്‌ലിം സമൂഹത്തെ പൊതുവായി പ്രതിനിധീകരിക്കുന്ന ഒരു കൂട്ടായ്മയായി പ്രവര്‍ത്തിക്കാന്‍ ഒ.ഐ.സിക്ക് ഇന്നേവരെ സാധിച്ചിട്ടില്ല. ഇതുതന്നെയാണ് ഈ സംഘടനയുടെ ഏറ്റവും വലിയ ദൗര്‍ബല്യവും. മുസ്‌ലിം രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന മിക്ക പ്രശ്‌നങ്ങളിലും ഒരു കക്ഷി അതത് രാജ്യങ്ങളിലെ ഗവണ്‍മെന്റും, മറുകക്ഷി അഴിമതി നിറഞ്ഞ സ്വേഛാധിപത്യ ഭരണത്തെ എതിര്‍ക്കുകയും ഇസ്‌ലാമിക സാമൂഹിക ക്രമത്തിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന ജനങ്ങളുമാണ്.  സ്വയം ജനങ്ങളെ അടിച്ചമര്‍ത്തുകയും അടിച്ചമര്‍ത്തുന്നവര്‍ക്ക് ഫണ്ട് നല്‍കുകയും ചെയ്യുന്നവര്‍ തന്നെയാണ് ഒ.ഐ.സിക്കും ഫണ്ട് നല്‍കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഒ.ഐ.സി അതിനു ഫണ്ട് നല്‍കുന്നവരുടെ ഉപകരണമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമാണ്. ഫണ്ടിംഗ് ഏജന്‍സികളുടെ അമിത സ്വാധീനത്തില്‍ നിന്ന് മുക്തമാകാതെ ഒ.ഐ.സിക്ക് ലോക മുസ്‌ലിംകളുടെ പ്രാതിനിധ്യം പ്രായോഗികമായി ഏറ്റെടുക്കാനോ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനോ കഴിയില്ല. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 95-97
എ.വൈ.ആര്‍