Prabodhanm Weekly

Pages

Search

2014 ജൂണ്‍ 06

മിഅ്‌റാജ് അസംഭവ്യം?

മുജീബ് /ചോദ്യോത്തരം

ഇസ്‌റാഅ് സംഭവത്തെ വ്യക്തമായ ഭാഷയില്‍ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ആകാശരോഹണത്തെ(മിഅ്‌റാജ്)ക്കുറിച്ച്, നടക്കാത്ത കാര്യം എന്ന നിലക്കല്ലേ ഖുര്‍ആനിലെ പരാമര്‍ശം? നിഷേധികളുടെ നടക്കാത്ത ആവശ്യത്തെക്കുറിച്ച് അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: ''അല്ലെങ്കില്‍ നീ മാനത്തേക്ക് കയറിപ്പോവുക, ഞങ്ങള്‍ക്ക് വായിക്കാന്‍ ഒരു ഗ്രന്ഥം കൊണ്ടുവരുന്നത് വരെ നിന്റെ ആകാശാരോഹണവും ഞങ്ങള്‍ വിശ്വസിക്കുകയില്ല. പ്രവാചകന്‍ അവരോട് പറയുക: എന്റെ നാഥന്‍ പരമപരിശുദ്ധന്‍, ഞാനോ സന്ദേശവാഹകനായ ഒരു മനുഷ്യന്‍ അല്ലാതെ, മറ്റെന്തങ്കിലുമാണോ?'' (ബനീഇസ്രാഈല്‍ 93). മറ്റൊരു ഖുര്‍ആന്‍ വചനം കൂടി: ''ഖബ്‌റുകളിലുള്ളവരെ നിനക്ക് കേള്‍പ്പിക്കാന്‍ കഴിയില്ല'' (ഫാത്വിര്‍ 22). ഖുര്‍ആനിലെ ഈ രണ്ട് ആയത്തുകളും പരിശോധിക്കുമ്പോള്‍ മിഅ്‌റാജ് സംഭവം നടന്നതാണോ എന്ന ഒരു സംശയം ജനിക്കുന്നു. കൂടാതെ ഖുര്‍ആനില്‍ അഞ്ചു നേരത്തെ നമസ്‌കാരം വ്യത്യസ്ത വചനങ്ങളില്‍ വ്യത്യസ്തമായ ശൈലിയില്‍ പരാമര്‍ശിക്കുന്നുണ്ട് താനും. ഈ പരാമര്‍ശങ്ങള്‍ ചേര്‍ത്ത് വെക്കുമ്പോള്‍ വൈരുധ്യമില്ലേ?

അബൂബക്കര്‍ സിദ്ദീഖ് പറവണ്ണ

         സൂറ ബനീഇസ്രാഈലിലെ പ്രഥമ സൂക്തം ഇസ്‌റാഅ് അഥവാ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സ്വായിലേക്കുള്ള നബി(സ)യുടെ നിശാ പ്രയാണം അനിഷേധ്യ യാഥാര്‍ഥ്യമായിരുന്നെന്ന് വ്യക്തമാക്കുന്നു. എന്നാല്‍, ഇസ്രാഇന്റെ രാത്രി തിരുമേനി വാനാരോഹണം നടത്തിയതും അന്നേരം അനുഭവിച്ച ദൃശ്യങ്ങളുമാണ് മിഅ്‌റാജിന്റെ ഉള്ളടക്കം. ഇസ്രാഉം മിഅ്‌റാജും ഒരുപോലെ ശാരീരികവും ആത്മീയവുമായിരുന്നെന്നാണ് സ്വഹാബികളടക്കം ബഹുഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം. എന്നാല്‍, പ്രവാചകപത്‌നി ആഇശ, മുആവിയ, ഹുദൈഫ(റ) എന്നീ പ്രമുഖരില്‍ നിന്നുദ്ധരിക്കപ്പെട്ട അഭിപ്രായം രണ്ടും ആത്മീയ ദര്‍ശനമായിരുന്നു എന്നുള്ളതാണ്. രണ്ട് വീക്ഷണഗതിക്കാര്‍ക്കും അവരുടേതായ ന്യായങ്ങളുമുണ്ട്. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയുടെ മുന്‍ റെക്ടറും വിഖ്യാത പണ്ഡിതനുമായിരുന്ന ശൈഖ് മുഹമ്മദ് അബൂസുഹ്‌റ തന്റെ ഖാത്തമുന്നബിയ്യീന്‍ എന്ന പ്രവാചക ചരിത്രത്തില്‍ മൂന്നാമതൊരഭിപ്രായവും രേഖപ്പെടുത്തിയിരിക്കുന്നു. ഇസ്രാഅ് ശാരീരികമായിരുന്നു, എന്നാല്‍ മിഅ്‌റാജ് ആത്മീയമായിരുന്നു എന്നതാണത്. ബനൂഇസ്രാഈല്‍ സൂറയിലെ നമ്പര്‍ 60, അന്നജ്മിലെ1-18 എന്നീ സൂക്തങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതായും അദ്ദേഹം പ്രസ്താവിക്കുന്നു. ഇതിലേത് അഭിപ്രായ പ്രകാരവും ചോദ്യകര്‍ത്താവ് ഉന്നയിച്ച സംശയത്തിന് പ്രസക്തിയില്ല. കാരണം തനിക്ക് ഉണ്ടായ ദര്‍ശനവും അതിലെ അനുഭവങ്ങളും നബി(സ) ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുകയായിരുന്നു. അബൂബക്‌റി(റ)നെപ്പോലുള്ളവര്‍ അത് കേട്ടപാടെ ശരിവെച്ചു. അതുകൊണ്ട് അദ്ദേഹത്തിന് സിദ്ദീഖ് (പരമസത്യവാന്‍) എന്ന ബഹുമതിയും ലഭിച്ചു. ചിലര്‍ സംശയിച്ചു, ശത്രുക്കള്‍ പരിഹാസപൂര്‍വം തള്ളിക്കളഞ്ഞു. നിഷേധികളുടെ ആവശ്യം ബനൂഇസ്രാഈല്‍ സൂറ 93-ാം സൂക്തത്തില്‍ പ്രതിപാദിക്കും പോലെ നബി(സ) ആകാശത്തേക്ക് കയറിപ്പോവണമെന്ന് മാത്രമല്ല, അവര്‍ക്ക് വായിക്കാന്‍ കഴിയുന്ന ഒരു ഗ്രന്ഥം വാനലോകത്ത് നിന്ന് കൊണ്ടുവരണം എന്നു കൂടിയായിരുന്നു. അതേപ്പറ്റിയാണ് ഖുര്‍ആന്‍ പറഞ്ഞത്, താന്‍ മനുഷ്യനായ പ്രവാചകന്‍ മാത്രമാണെന്ന് ഉണര്‍ത്താന്‍. പ്രവാചകന്‍ ഒരു കോണി സ്ഥാപിച്ച്, അതിലൂടെ കയറി ആകാശത്തെത്തി ഗ്രന്ഥവുമായി വരിക എന്ന അമാനുഷിക ദൃഷ്ടാന്തമാണ് അവര്‍ ആവശ്യപ്പെട്ടത്. അസംഭവ്യമായ സംഗതി ആവശ്യപ്പെട്ട് നബിയെ മുട്ടുകുത്തിക്കണമെന്നേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ഇസ്രാഉം മിഅ്‌റാജും ശാരീരികമോ ആത്മീയമോ എന്തായിരുന്നാലും അത് തിരുമേനിയുടെ മാത്രം അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ പൂര്‍ണ സത്യസന്ധത മുമ്പേ അംഗീകരിച്ചവരേ ആ വിവരണം മുഖവിലക്കെടുക്കുമായിരുന്നുള്ളൂ.

         'ഖബ്‌റുകളിലുള്ളവരെ നിനക്ക് കേള്‍പ്പിക്കാന്‍ കഴിയില്ല' എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ സന്ദര്‍ഭം മനസ്സിലാക്കിയിരിക്കേണ്ടതാണ്. വ്യക്തവും അനിഷേധ്യവുമായ ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാട്ടിയാലും വിശ്വസിക്കാന്‍ കൂട്ടാക്കാത്ത മനുഷ്യന്‍ മൃതശരീരങ്ങള്‍ക്ക് തുല്യമാണ്, അവരെ സത്യം കേള്‍പിച്ചു മാറ്റിയെടുക്കാന്‍ നിനക്കാവില്ല എന്നാണ് പ്രവാചകരോട് അല്ലാഹു പറഞ്ഞത്. ഇതിനര്‍ഥം സര്‍വജ്ഞനും സര്‍വശക്തനുമായ അല്ലാഹു മഹാന്മാരായ പ്രവാചകന്മാര്‍ക്ക് അമാനുഷിക സിദ്ധികള്‍ നല്‍കുകയില്ലെന്നോ അതിന്റെ ഭാഗമായി അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മരിച്ചവരെ കേള്‍പ്പിക്കാന്‍ കഴിയില്ലെന്നോ അല്ല. അചേതനമായ വടിയെ മൂസാ(അ)ക്ക് സര്‍പ്പമാക്കി മാറ്റാനും ഈസാ(അ)ക്ക് മരിച്ചവരെ ജീവിപ്പിക്കാനുമുള്ള സിദ്ധി അല്ലാഹു ചില ഘട്ടങ്ങളില്‍ നല്‍കിയത് അവരുടെ പ്രവാചകത്വത്തിനുള്ള ദൃഷ്ടാന്തമായിട്ടായിരുന്നു. ബൈത്തുല്‍ മഖ്ദിസിലെ പള്ളിയെപ്പറ്റി ശത്രുക്കള്‍ നബി(സ)യോട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തിരുമേനി കൃത്യമായ മറുപടി നല്‍കിയത് തന്നെ ഇസ്രാഇന്റെ സത്യതക്ക് തെളിവുമായിരുന്നു.

         അഞ്ചു നേരം നമസ്‌കാരം സമയബന്ധിതമായും കൃത്യമായും നിര്‍ബന്ധമാക്കിയത് നബിയുടെ മദീനാ ജീവിതത്തിലാണ്. എന്നാല്‍ അതേപ്പറ്റിയുള്ള മുന്നറിവാണ് ഹിജ്‌റക്ക് ഒരു വര്‍ഷം മുമ്പ് നടന്ന മിഅ്‌റാജിലൂടെ നബി(സ)ക്ക് നല്‍കപ്പെട്ടത്. അല്ലാഹുവിനെയും ദാസന്മാരെയും പരസ്പരം അടുപ്പിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ ആരാധനാ കര്‍മമെന്ന നിലയില്‍ നമസ്‌കാരം ഇസ്‌ലാമിന്റെ ആരംഭം തൊട്ടേ ഉണ്ടായിരുന്നതുമാണ്.

മരിച്ചവരോടുള്ള സഹായാഭ്യര്‍ഥന


യാഥാസ്ഥിതിക സുന്നികള്‍ മഹാന്മാരുടെ ഖബ്‌റിടങ്ങള്‍ എന്ന് പറഞ്ഞ് ആഘോഷങ്ങള്‍ നടത്തുകയും അവര്‍ മുഖേന അല്ലാഹുവിനോട് ആവശ്യങ്ങള്‍ തേടുകയും മറ്റുള്ളവരെ അതിനു വേണ്ടി പ്രേരിപ്പിക്കുകയും ഖുത്വ്ബകളിലും മറ്റും അതിനായി ക്ഷണിക്കുകയുമൊക്കെ ചെയ്യുന്നു. ഇതിനെ മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗം നിശിതമായി വിമര്‍ശിക്കുകയും ഇവരുടെ പിന്നില്‍ നിന്ന് നമസ്‌കരിച്ചാല്‍ ആ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ല എന്നുമൊക്കെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതുമൂലം ഇസ്‌ലാമികമായ ഐക്യം സ്വപ്നം പോലും കാണാന്‍ പറ്റാത്ത വിധത്തില്‍ വിദൂരമാകുന്നു. ഈ രണ്ടു വിഭാഗവും ചെയ്യുന്നത് ഖുര്‍ആന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ എത്രത്തോളം ശരിയുണ്ട്?

എം.എച്ച് മുഹമ്മദ് ഫൈസല്‍ മാലിപ്പുറം

         സ്‌ലാമിന്റെ കൃത്യവും കണിശവുമായ ഏകദൈവവിശ്വാസത്തിന്റെ അനിവാര്യതയാണ് സൃഷ്ടികളിലൊരാളിലും, പ്രവാചകന്മാരായിരുന്നാല്‍ പോലും, ദിവ്യത്വം ആരോപിക്കാതിരിക്കുക എന്നത്. അല്ലാഹു അല്ലാത്ത ഒരു ശക്തിക്കും മനുഷ്യരുടെ പ്രാര്‍ഥനയോ സഹായാഭ്യര്‍ഥനയോ കാര്യകാരണബന്ധങ്ങള്‍ക്കതീതമായി കേള്‍ക്കാനോ ഉത്തരം നല്‍കാനോ സാധ്യമല്ലെന്ന് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. 'നിന്നെ മാത്രം ഞങ്ങള്‍ കീഴ്‌വണങ്ങുന്നു; നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു' എന്ന പ്രതിജ്ഞ ഓരോ നമസ്‌കാരത്തിലും ഓരോ റക്അത്തിലും ആവര്‍ത്തിക്കാന്‍ കല്‍പ്പിക്കപ്പെട്ട വിശ്വാസികള്‍, ഏതെങ്കിലും വലിയ്യിനെയോ പുണ്യാത്മാവിനെയോ - അയാള്‍ ജീവിച്ചിരിക്കുമ്പോഴാകട്ടെ മരിച്ച ശേഷമാകട്ടെ- വിളിച്ചു പ്രാര്‍ഥിക്കുന്നതെങ്ങനെ? അല്ലെങ്കില്‍, ഏത് മഹാപാപിക്കും എപ്പോഴും ഏത് ഭാഷയിലും വിളിക്കാനും സഹായം തേടാനും അല്ലാഹു സദാ സജീവനായിരിക്കുമെന്ന് പഠിപ്പിച്ചിരിക്കെ അവന്റെ ഒരു കഴിവുമില്ലാത്ത സൃഷ്ടികളെ സഹായത്തിനും ശിപാര്‍ശക്കുമായി വിളിക്കേണ്ട ആവശ്യമെന്തുണ്ട്? മരിച്ചു മണ്ണായിക്കഴിഞ്ഞവര്‍ പ്രാര്‍ഥന കേള്‍ക്കുമെന്നും ഉത്തരം നല്‍കുമെന്നുമുള്ള വിശ്വാസം മഹാ മൂഢവിശ്വാസമല്ലാതെ മറ്റെന്താണ്?

         ഖബ്‌റുകള്‍ക്ക് പരിശുദ്ധിയും മഹത്വവും കല്‍പിക്കരുതെന്നും അത് കെട്ടിപ്പടുക്കുകയോ കുമ്മായമിടുകയോ അതിന്മേല്‍ തിരികൊളുത്തുകയോ ചെയ്യരുതെന്നും നബി(സ) അതിശക്തമായി ഉദ്‌ബോധിപ്പിച്ചതാണ്. അങ്ങനെ ചെയ്യുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു എന്നാണ് തിരുമേനിയുടെ ഭാഷ്യം. പിന്നെയെങ്ങനെ ഇസ്‌ലാമില്‍ പുണ്യവാളന്മാരും അവര്‍ക്കൊക്കെ ശവകുടീരങ്ങളും അവയോടനുബന്ധിച്ച് നേര്‍ച്ചകളും മറ്റാഘോഷങ്ങളും ഉണ്ടായി? വിഗ്രഹാരാധനാപരമായ ഇതര മതങ്ങളില്‍ നിന്ന് തീര്‍ത്തും തെറ്റായി പകര്‍ത്തിയ ഈ അന്ധവിശ്വാസ ജടിലമായ അനാചാരങ്ങള്‍ക്കെതിരെ പൊരുതേണ്ടവര്‍ അവയൊക്കെ സംരക്ഷിക്കാനും വികസിപ്പിക്കാനും വഴിതേടുന്നത് പൊറുക്കപ്പെടാത്ത പാതകമാണ് ഖുര്‍ആന്റെ ദൃഷ്ടിയില്‍. ഇത്തരം വിശ്വാസാചാരങ്ങളെ സംരക്ഷിക്കാനാണെങ്കില്‍ മഹാന്മാരായ പ്രവാചകന്മാര്‍ ആഗതരാവേണ്ട കാര്യമേ ഉണ്ടായിരുന്നില്ല. നബി(സ)യുടെ നിയോഗത്തിന് മുമ്പ് അറേബ്യയിലെ മുശ്‌രിക്കുകള്‍ ചെയ്തിരുന്നത് ഇതൊക്കെ തന്നെയായിരുന്നില്ലേ? ലാത്ത, മനാത്ത, ഉസ്സ മുതലായ സജ്ജനങ്ങളുടെ പ്രതീകങ്ങളെ ആരാധിച്ചിരുന്ന മക്കാ മുശ്‌രിക്കുകളുടെ ന്യായീകരണം ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ''ഞങ്ങളവരെ ആരാധിക്കുന്നത് അല്ലാഹുവിലേക്ക് ഞങ്ങളെ അവര്‍ അടുപ്പിക്കാന്‍ വേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല.'' അപ്പോള്‍ അവരും ഏകനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ പാപികളായ മനുഷ്യര്‍ക്ക് നേരിട്ട് അല്ലാഹുവിനോട് പ്രാര്‍ഥിക്കാനോ ചോദിക്കാനോ അര്‍ഹതയില്ല, അത് പുണ്യാത്മാക്കള്‍ വഴി വേണം എന്നതായിരുന്നു അവരുടെ ശിര്‍ക്ക്. ഈ ശിര്‍ക്കിനെതിരെയാണ് അന്ത്യപ്രവാചകന്‍ അന്ത്യം വരെ പൊരുതിയത്. എന്നിട്ട് ആ മഹാന്മാവിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവര്‍ ശിര്‍ക്കിനെ ഏത് വിധേനയും ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിലെ വിരോധാഭാസം എത്രത്തോളം!

         എന്നാല്‍, മുസ്‌ലിംകളെന്നും ഖുര്‍ആന്റെ അവകാശികളെന്നും ഇത്തരക്കാര്‍ അവകാശപ്പെടുന്നേടത്തോളം കാലം അവരെ മുശ്‌രിക്കുകളായി മുദ്രകുത്താന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. അവരില്‍ വിശ്വാസപരമായും ആചാരപരമായും ഇസ്വ്‌ലാഹ് (സംസ്‌കരണം) നടത്തി യഥാര്‍ഥ തൗഹീദിലേക്ക് കൊണ്ടുവരാന്‍ ഗുണകാംക്ഷയോടെ ശ്രമിക്കുകയാണ് വേണ്ടത്. ആ ശ്രമം സഫലമായിട്ടുണ്ടെന്നാണല്ലോ കേരളത്തിലെ ഗണ്യമായ വിഭാഗം മുസ്‌ലിംകള്‍ അന്ധവിശ്വാസാനാചാരങ്ങളില്‍ നിന്ന് മുക്തമായ അനുഭവം തെളിയിക്കുന്നത്. സുന്നികള്‍ എന്നാല്‍ സുന്നത്തിനെ അനുധാവനം ചെയ്യുന്നവരാണ്. മണ്‍മറഞ്ഞ മഹാന്മാരെ സഹായത്തിനും ശിപാര്‍ശക്കുമായി വിളിച്ചു പ്രാര്‍ഥിക്കുന്നത് ഖുര്‍ആനുമല്ല, സുന്നത്തുമല്ല എന്ന് അതിലകപ്പെട്ടവരെ യുക്തിപൂര്‍വം ധരിപ്പിക്കുകയാണ് ചെയ്യേണ്ടത്. അവരെ തുടര്‍ന്ന് നമസ്‌കരിക്കാതിരിക്കുന്നതോ മറ്റു രീതിയില്‍ ബന്ധങ്ങള്‍ വിഛേദിക്കുന്നതോ ഇസ്വ്‌ലാഹിന്റെ താല്‍പര്യങ്ങള്‍ക്കനുഗുണമല്ല. ഇസ്‌ലാമിന്റെ വിശാല വീക്ഷണത്തിന് വിരുദ്ധവുമാണ്. അടിസ്ഥാന തത്ത്വങ്ങള്‍ കൈയൊഴിഞ്ഞു ഇസ്‌ലാമികൈക്യം സാധ്യമല്ലെന്നതോടൊപ്പം, സമുദായത്തിന്റെ മൊത്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഐക്യം സാധ്യമാണ്. അത് പരീക്ഷിച്ചറിഞ്ഞതുമാണ്.

തിന്മകള്‍ 
അല്ലാഹുവില്‍ നിന്നല്ലേ?


'നന്മയും തിന്മയും അല്ലാഹുവില്‍ നിന്നുള്ളതാണ്' എന്നത് ഇസ്‌ലാമിലെ പ്രാഥമികാധ്യാപനമാണല്ലോ. എന്നാല്‍, 'എല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണ്' എന്ന് പറഞ്ഞതിനു ശേഷം ഖുര്‍ആന്‍ പറയുന്നത് 'നിനക്ക് ബാധിക്കുന്ന നന്മകള്‍ എന്തും അല്ലാഹുവില്‍ നിന്നാണ്; നിനക്കു ബാധിക്കുന്ന തിന്മകള്‍ എന്തും നിന്നില്‍ നിന്നുമാണ്' എന്നാണല്ലോ. ഇതെങ്ങനെ പൊരുത്തപ്പെട്ടുപോകും?

കെ.കെ അബ്ദുല്‍ മജീദ് പൊന്നാനി

         പ്രപഞ്ചത്തില്‍ യാതൊന്നും സ്രഷ്ടാവായ അല്ലാഹു അറിയാതെയോ അവന്റെ കഴിവിനും ഇഛക്കും അതീതമായോ സംഭവിക്കുന്നില്ല എന്ന അര്‍ഥത്തിലാണ് 'നന്മ തിന്മകളത്രയും അല്ലാഹുവില്‍ നിന്നാണ്' എന്ന വിശ്വാസം. ചിലതൊക്കെ അല്ലാഹു അറിയാതെയും അവന്റെ കഴിവിനപ്പുറത്തും നടക്കും എന്നു വന്നാല്‍ പിന്നെ അവന്‍ സര്‍വജ്ഞനും സര്‍വശക്തനും ആവുന്നതെങ്ങനെ? അത് രണ്ടുമല്ലാത്തയാള്‍ ദൈവമാവുന്നതെങ്ങനെ? സര്‍വം ദൈവവിധിയാണെന്ന സത്യം അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ തന്നെ ഭാഗമാണ്.

         എന്നാല്‍, ചീത്ത കാര്യങ്ങള്‍ അല്ലാഹു കല്‍പിക്കുകയോ കാണിച്ചുതരികയോ ചെയ്തിട്ടില്ലെന്ന് മാത്രമല്ല, ചീത്തയായ വാക്കും പ്രവൃത്തിയും ഉപേക്ഷിക്കാനാണ് പ്രവാചകന്മാര്‍ മുഖേന അവന്‍ പഠിപ്പിച്ചിട്ടുള്ളതും. തിന്മ പിശാചിന്റെ വഴിയാണെന്നും ഉണര്‍ത്തിയിരിക്കുന്നു. ഒരാള്‍ തിന്മയുടെ മാര്‍ഗം ഉപേക്ഷിച്ച് നന്മയുടെ വഴിയില്‍ പ്രവേശിക്കാന്‍ ഉദ്ദേശിച്ചാല്‍ അവനത് എളുപ്പമാക്കി കൊടുക്കുമെന്നും, തിന്മയുടെ വഴിയില്‍ ഏറെ നടന്ന ശേഷം തെറ്റ് ബോധ്യപ്പെട്ട് പശ്ചാത്തപിച്ചാല്‍ അല്ലാഹു അത് സ്വീകരിക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുമുണ്ട്. എന്നിട്ടും ഒരാള്‍ തിന്മ തന്നെ ചെയ്യണമെന്ന് ശഠിച്ചാല്‍ അതിനവന്‍ തന്നെയാണുത്തരവാദി എന്ന് വ്യക്തമാക്കുകയാണ് ഖുര്‍ആന്‍ ചെയ്തിരിക്കുന്നത്.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 95-97
എ.വൈ.ആര്‍