Prabodhanm Weekly

Pages

Search

2014 ജൂണ്‍ 06

ബോകോ ഹറാം: വെറുക്കണോ അതോ വിലപിക്കണോ?

ഫഹ്മി ഹുവൈദി /വിശകലനം

         നൈജീരിയയിലെ ബോകോ ഹറാം വിഭാഗത്തെ കുറിച്ച് വരുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളും വായിക്കുന്ന ഏതൊരാളും അവരുടെ ചെയ്തികളില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിക്കാതിരിക്കില്ല. കിഴക്കന്‍ നൈജീരിയയിലെ 200-ലധികം വരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഈ വിഭാഗം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയിട്ട് ഒരു മാസം പിന്നിട്ടു. ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇക്കൂട്ടര്‍ വാദിക്കുമ്പോഴും ഈ പ്രവൃത്തിക്ക് അതുമായുള്ള ബന്ധം മനസ്സിലാവുന്നില്ല. ഭരണകൂടം തടവില്‍ വെച്ചിരിക്കുന്ന തങ്ങളുടെ നേതാക്കളെ വിട്ടയക്കണമെന്നാണ് അവരുടെ ആവശ്യം.  

         ഇത് വായിക്കുന്ന ആരും കുട്ടികളുടെ മോചനത്തിനുള്ള ആഗോള ശ്രമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. എന്നാല്‍ ഒറ്റയടിക്ക് അവരെ തള്ളിക്കളയുന്നതിന് മുമ്പ് ചില യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണ് തുറക്കണം. അപ്പോള്‍ ബോകോ ഹറാമിനെ വെറുത്താല്‍ മാത്രം മതിയോ അതോ മറുവശത്ത് അവരുടെ ദുഃസ്ഥിതിയില്‍ വിലപിക്കണോ എന്ന ആശങ്കയുമുണ്ടാവാം. കാരണം 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ഈ സംഘടന ശൂന്യതയില്‍ നിന്ന് പിറവിയെടുത്തതല്ല. വിവിധ മത വംശ ഗോത്ര സമ്മിശ്രമായ നൈജീരിയന്‍ സമൂഹത്തില്‍ ആഴത്തില്‍ അടിഞ്ഞുകൂടിയ ജീര്‍ണാവസ്ഥയുടെ പ്രതിഫലനം കൂടിയാണത്. 14.5 കോടി വരുന്ന നൈജീരിയന്‍ ജനസംഖ്യയില്‍ 50 ശതമാനമാണ് മുസ്‌ലിംകള്‍. തലസ്ഥാനമായ അബൂജ ഉള്‍ക്കൊള്ളുന്ന ഫെഡറല്‍ തലസ്ഥാന പ്രദേശം, ദക്ഷിണ സംസ്ഥാനങ്ങളിലെ വടക്ക് ഭാഗം എന്നിവയാണ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍. ഉത്തര നൈജീരിയയില്‍ ശീഈ, അഹ്മദിയ്യാ വിഭാഗങ്ങളുമുണ്ട്. മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള ഹൗസാ (Hausa), ഫൂലാനി (Fula) തുടങ്ങിയ വംശീയ വിഭാഗങ്ങള്‍ തമ്മിലും ക്രിസ്തുമതക്കാര്‍ സംഘടിച്ച യോരുബാ (Yoruba) വിഭാഗവുമായും നടക്കുന്ന സംഘട്ടനങ്ങള്‍ പെട്രോള്‍ സമ്പന്നമായ ഈ രാജ്യത്തെ നിത്യകാഴ്ചയാണ്. ഈ സംഘട്ടനം അധികാരത്തിനോ സമ്പത്തിനോ വേണ്ടിയുള്ളതാവാം. പെട്രോള്‍ സമ്പന്നമായതിനാല്‍ യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ വന്‍ കമ്പനികളുടെ സാന്നിധ്യം അനിവാര്യമാണല്ലോ. രാജ്യത്തെ ആഭ്യന്തരസംഘട്ടനങ്ങളില്‍ ഈ കമ്പനികളുടെ പ്രതിനിധികളും ഭാഗഭാക്കാണ്. മൊസാദിന്റെ സാന്നിധ്യവും പ്രകടമാണ് (വിദ്യാര്‍ഥിനികളുടെ മോചനത്തിന് ഇസ്രയേലിന്റെ സഹായ വാഗ്ദാനം ഓര്‍ക്കുക).

         'പാശ്ചാത്യ വിദ്യാഭ്യാസം നിഷിദ്ധം' എന്നാണ് പ്രാദേശിക ഭാഷയില്‍ 'ബോകോ ഹറാ'മിന്റെ അര്‍ഥം (ഈ ആശയം പുതിയതല്ല, ഫ്രഞ്ച് അധിനിവേശകാലത്ത് സാമ്രാജ്യത്വത്തെയും സാംസ്‌കാരിക അധിനിവേശത്തെയും ചെറുക്കാനായി പല പണ്ഡിതരും അഭിപ്രായപ്പെട്ട ആശയമാണിത്). തുടക്കം മുതലുള്ള പാശ്ചാത്യ വിരോധവും ശരീഅത്ത് നടപ്പാക്കാനുള്ള പ്രഖ്യാപനവും ഭരണകൂടത്തിന്റെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. സംഘടനയെ നിരോധിച്ച് സ്ഥാപക നേതാവ് മുഹമ്മദ് യൂസുഫിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. അധ്യാപകനായി ജോലിചെയ്തിരുന്ന അദ്ദേഹം സുഊദിയിലേക്ക് ഒളിച്ചോടി അവിടെ താമസമാക്കി. അവിടന്ന് സലഫി ആശയത്തിലേക്ക് മാറിയ അദ്ദേഹം നാട്ടിലേക്ക് തിരിച്ചുവന്ന് സംഘടനയുടെ പേര് മാറ്റി 'ജമാഅത്തു അഹ്‌ലിസ്സുന്ന വദ്ദഅ്‌വ: വല്‍ജിഹാദ്' എന്നാക്കി. പക്ഷേ, എന്നിട്ടും പഴയ പേര് മാഞ്ഞുപോയില്ല. മീഡിയയും സുരക്ഷാ വിഭാഗവും പഴയ പേര് തന്നെ വ്യാപകമായി ഉപയോഗിച്ചു. സംഘടന പോലീസുമായും സൈന്യവുമായും ഏറ്റുമുട്ടാന്‍ തുടങ്ങി. 2009-ലെ സംഘട്ടനത്തില്‍ മുഹമ്മദ് യൂസുഫും സഹായികളുമടക്കം 150 പേര്‍ കൊല്ലപ്പെട്ടു (ഈ വിഷയകമായി 2010 ല്‍ അല്‍ജസീറ ചാനല്‍ ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്തിരുന്നു). സംഘട്ടനങ്ങളുടെ തുടര്‍ച്ചയായിരുന്നു പിന്നീട്. സംഘടനാ നേതാക്കളുടെ ഭാര്യമാരെയും കുട്ടികളെയും അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെ 2013-ല്‍ അത് കൊടുമുടിയിലെത്തി. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആ സംഭവത്തെ അപലപിച്ചിരുന്നു. കൂടാതെ, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംഘടനയും ഭരണകൂട സംവിധാനങ്ങളും തമ്മിലുള്ള സായുധ സംഘട്ടനം മൂലം പല മതവിഭാഗങ്ങളും ബോകോഹറാമിനെതിരെ സംഘടിച്ചു. അതോടെ സംഘട്ടനത്തിന്റെ വ്യാപ്തിയും കടുപ്പവും കൂടി. ആഭ്യന്തര യുദ്ധത്തിന് സമാനമായ അവസ്ഥയുണ്ടായി. പോലീസും പട്ടാളവും മുസ്‌ലിം വീടുകളിലും ഗ്രാമങ്ങളിലും കയറിയിറങ്ങി പ്രതികാരം ചെയ്യാന്‍ തുടങ്ങി. ബോകോ ഹറാം സമാന ശൈലിയില്‍ തന്നെ തിരിച്ചടിച്ചു. പോലീസും സൈന്യവും കോടതിയും റെയില്‍വേയും അവര്‍ ലക്ഷ്യം വെച്ചു.

         ചുരുക്കത്തില്‍, നൈജീരിയയില്‍ കഴിഞ്ഞ 10 വര്‍ഷമായി തുടരുന്ന രക്തരൂഷിത ഏറ്റുമുട്ടലുകളുടെ കൂട്ടത്തിലെ അവസാനത്തേത് മാത്രമാണ് പുതിയ തട്ടിക്കൊണ്ടുപോകല്‍ സംഭവം. ഈ സംഭവത്തിന്റെ പ്രതിധ്വനി അതിശക്തമാണ്. കാരണം, അതിനു പിന്നില്‍ ഒരു മുസ്‌ലിം തീവ്രവാദി സംഘടനയാണ്. കൂടാതെ, ഇരകള്‍ വിദ്യാര്‍ഥിനികളും. ഭരണകൂടം അറസ്റ്റ് ചെയ്ത തങ്ങളുടെ ആളുകളുമായി കൈമാറ്റത്തിന് സന്നദ്ധമായില്ലെങ്കില്‍ കുട്ടികളെ വില്‍പന നടത്തുമെന്നാണ് സംഘടനയുടെ നേതാവ് അബൂബക്കര്‍ ശകാവിയുടെ ഭീഷണി. പ്രശ്‌നം സങ്കീര്‍ണമാക്കുന്നതില്‍ മീഡിയക്കും വലിയ പങ്കുണ്ട്. 

ഈ വിഷയത്തിലെ എന്റെ നിരീക്ഷണങ്ങള്‍ കൂടി പങ്കുവെക്കാം:

1. അഫ്ഗാനിലെ താലിബാന് സമാനമായ സംഘടനാ സംവിധാനമാണ് ബോകോയുടേത്. ദീനിനെ കുറിച്ച് അല്‍പജ്ഞാനികളായ വിദ്യാര്‍ഥികളാണ് രണ്ടിന്റെയും പ്രവര്‍ത്തകര്‍. ദീനിനെ കുറിച്ച് സമൂഹത്തിന് വികൃതവും വികലവുമായ കാഴ്ചപ്പാട് മാത്രം നല്‍കുന്നതാണ് അവരുടെ ആശയങ്ങള്‍. 

2. തട്ടിക്കൊണ്ടുപോകല്‍ സംഭവത്തെ നാം ശക്തമായി അപലപിക്കുന്നു. ഒപ്പം, ഇരകള്‍ മുസ്‌ലിം വിദ്യാര്‍ഥിനികളായിരുന്നെങ്കില്‍ സംഭവത്തിനെതിരെ ഇന്നു നടക്കുന്ന ശക്തമായ കാമ്പയിനുകള്‍ ഉണ്ടാകുമായിരുന്നോ എന്നും സംശയിച്ചു പോകുന്നു. നൈജീരിയയില്‍ നിന്ന് അധികമൊന്നും അകലെയല്ലാത്ത മധ്യാഫ്രിക്കയിലെ മുസ്‌ലിംകള്‍ കൂട്ട ഉന്‍മൂലനത്തിന് ഇരയാവുന്നതും ഇതേ ദിവസങ്ങളിലാണ്. പക്ഷേ, അവര്‍ക്കായി ലോക സമൂഹത്തിന്റെ കൂട്ടായ ഒരു ശ്രമവും കാണുന്നില്ല. മ്യാന്‍മര്‍, ചൈന, ഇന്ത്യ എന്നിവിടങ്ങളിലും സമാന സ്ഥിതിയുണ്ട്. ഈജിപ്തിലെ റാബിഅഃയിലും അന്നഹ്ദയിലും സമരക്കാരെ പിരിച്ചുവിടാന്‍ സ്വീകരിച്ച മാര്‍ഗങ്ങളും നാം മറന്നിട്ടില്ല. ഇവിടങ്ങളിലൊക്കെ മുസ്‌ലിംരക്തം കണക്കില്ലാതെ ചിന്തുമ്പോള്‍ ലോകസമൂഹം നിസ്സംഗതയോടെ മൗനമായി നോക്കിനില്‍ക്കുന്നു. ലോകസമൂഹത്തിന് നമ്മുടെ മാനുഷിക പരിഗണന എന്നുമുണ്ടാകും, മനുഷ്യരെന്ന പരിഗണന പോലും അവര്‍ നമുക്ക് നിഷേധിച്ചാലും. 

വിവ: നാജി ദോഹ

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 95-97
എ.വൈ.ആര്‍