Prabodhanm Weekly

Pages

Search

2014 ജൂണ്‍ 06

ഇസ്‌ലാമിക വിദ്യാഭ്യാസം നവീകരണത്തിന് ഒരു മുഖവുര

വി.കെ ഹംസ അബ്ബാസ് /കവര്‍‌സ്റ്റോറി

         നവീന ലോകത്തെ സജീവ പ്രശ്‌നങ്ങളില്‍ അതിപ്രധാനമാണ് വിദ്യാഭ്യാസം. വലിയ ആശയ സംഘട്ടനങ്ങളും ചര്‍ച്ചകളും  തദ്വിഷയകമായി നടത്തപ്പെട്ടിട്ടുണ്ട്. അതിന്റെ പേരില്‍, അമിതവും അനഭിമതവുമായ ഘട്ടത്തോളം  ചര്‍ച്ച എത്തിയിട്ടുണ്ടോ  എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. തത്ത്വചിന്തകരും വിദ്യാഭ്യാസ വിചക്ഷണരും അതേപ്പറ്റി അത്രമാത്രം ചിന്തിച്ചുകഴിഞ്ഞിട്ടുണ്ട്. കാരണം, മാനുഷികവും അമാനുഷികവും ആത്മീയവും ഭൗതികവുമായ ഒട്ടേറെ താല്‍പര്യങ്ങളാല്‍ വലയിതമാണത്. എന്നാല്‍, വിദ്യാഭ്യാസ വിചക്ഷണരുടെ ചിന്തക്ക് സാധാരണ വിഷയീഭവിക്കുന്നതോ, അതിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വശങ്ങള്‍ മാത്രവും. അതിന്റെ അടിസ്ഥാനപരവും താത്ത്വികവും ആത്മീയവുമായ വശങ്ങള്‍ പാടെ അവഗണിക്കപ്പെടുന്നു. അവ കൂടി പരിഗണിക്കുമ്പോള്‍ മാത്രമേ ചര്‍ച്ച സമ്പൂര്‍ണമാകൂ. യഥാര്‍ഥവും മൗലികവുമായ വിദ്യാഭ്യാസ ലക്ഷ്യം അവഗണിക്കപ്പെടുമ്പോള്‍ കേവലം ഉപജീവനോപാധിയെന്ന പതനത്തിലേക്ക് വിദ്യാഭ്യാസം തരം താണുപോകുന്നു. 'മൃഗങ്ങളെ വളര്‍ത്തിയെടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല മനുഷ്യ ശിശുവിന്റെ വിദ്യാഭ്യാസം' എന്ന് ഇവാന്‍ പാവ്‌ലോവിനെപ്പോലുള്ള യുക്തിവാദികള്‍ ചിന്തിച്ചുപോയിട്ടുണ്ട്. ഈ പതനത്തിലേക്ക് വിദ്യാഭ്യാസത്തെ താഴ്ത്തിക്കെട്ടുന്നത് മനുഷ്യത്വത്തിന്റെ വിശാല താല്‍പര്യങ്ങള്‍ക്ക് ഭൂഷണമല്ല. മനുഷ്യത്വത്തെയും മാനുഷിക താല്‍പര്യങ്ങളെയും പറ്റിയുള്ള കൃത്യമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം വിദ്യാഭ്യാസ മേഖല കെട്ടിപ്പടുക്കേണ്ടത്.  തദടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വിചക്ഷണരുടെ സജീവ ശ്രദ്ധയര്‍ഹിക്കേണ്ടവയാണ് ദര്‍ശനം, തത്ത്വചിന്ത, മതം എന്നിവ. വിദ്യാഭ്യാസം മനുഷ്യത്വത്തിന്റെ മഹിത പ്രഭാവത്തിന് മാറ്റ് വര്‍ധിപ്പിക്കാന്‍ ഉതകുന്നത് ഇത്തരം അടിസ്ഥാന വശങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമാണ്. 'വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കറയറ്റ നന്മയിലൂടെ സംസ്‌കാരം കരഗതമാക്കലാണ്'  എന്ന് അരിസ്‌റ്റോട്ടില്‍  പറഞ്ഞത് അത്തരം വിദ്യാഭ്യാസത്തെപ്പറ്റിയാണ്. 

ഭൗതിക  വിദ്യാഭ്യാസത്തിന്റെ 
അപാകതകള്‍

         ആധുനിക വിദ്യാഭ്യാസ വിചക്ഷണര്‍ നിരവധി നിരീക്ഷണ പരീക്ഷണങ്ങളിലൂടെ വളരെയേറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും എന്തിന് വേണ്ടിയാണ് ഈ സംരംഭങ്ങളൊക്കെ നടത്തപ്പെടുന്നതെന്ന വസ്തുത അവര്‍ക്കുതന്നെ അജ്ഞാതമാണ്. വിദ്യാര്‍ഥികളെ ഏതു വഴിക്ക്, എപ്രകാരം നയിക്കണമെന്നതില്‍ ഏകാഭിപ്രായക്കാരല്ല അവരൊന്നും. പരീക്ഷണ വിധേയരായ വിദ്യാര്‍ഥികളാണെങ്കില്‍, തന്മൂലം ആത്മബോധം നശിച്ച താന്തോന്നികളായിത്തീരുന്നു. നടക്കുന്ന വഴിയേ തെളിക്കുക എന്ന നിഷ്‌ക്രിയ ഭാവമാണിപ്പോള്‍ വിദ്യാഭ്യാസ രംഗത്ത് അനുവര്‍ത്തിക്കപ്പെടുന്നത്. അതിനാല്‍ വിദ്യാര്‍ഥിയുടെ സമഗ്രമായ മാനസിക വളര്‍ച്ചയോ സമ്പൂര്‍ണമായ ബുദ്ധിവികാസമോ ലക്ഷ്യമാക്കപ്പെടുന്നില്ല.

         വിവിധ ലക്ഷ്യങ്ങളില്‍ ഏതാണ് ശരിയും യുക്തവും എന്ന് കണ്ടുപിടിക്കാനുള്ള കഴിവില്ലായ്മയാണ് മറ്റൊന്ന്. മനുഷ്യന്‍ വെറുമൊരു ഭൗതിക പദാര്‍ഥമാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ആത്മീയ ജീവി കൂടിയാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ മതം. മനുഷ്യന്‍ സാമൂഹിക ജീവിയാണെന്ന് ഒരു കൂട്ടര്‍. വൈയക്തിക ജീവിയാണെന്ന് മറ്റൊരു കൂട്ടര്‍. മനുഷ്യന്‍ യഥാര്‍ഥത്തില്‍ ആരാണെന്നും അവന്റെ ആത്യന്തിക ലക്ഷ്യമെന്താണെന്നും കണ്ടുപിടിക്കാന്‍ ലബോറട്ടറികള്‍ അയോഗ്യങ്ങളാണെന്ന് വിദ്യാഭ്യാസ പടുക്കളെന്ന് ഊറ്റംകൊള്ളുന്നവര്‍ പോലും ഗ്രഹിച്ചില്ല. ഈ അഭിപ്രായ ഭേദങ്ങള്‍ക്കെല്ലാം അതാണ് കാരണം.  വിദ്യാഭ്യാസ വിചക്ഷണനായ അനത്തോള്‍ ഫ്രാന്‍സ് പറഞ്ഞു: 'വിദ്യാഭ്യാസം എന്നത് എത്രമാത്രം മനഃപാഠമാക്കി എന്നതോ എന്തൊക്കെ നിനക്കറിയാം എന്നതോ അല്ല; മറിച്ച് നിനക്ക് എന്തറിയാം; എന്തറിയില്ല എന്ന വിവേചന ബുദ്ധിയാണ്.'

         വ്യാവഹാരികതാവാദം (Pragmatism) ആണ് മറ്റൊന്ന്. പ്രായോഗിക ജീവിതത്തിന് ഉതകുന്ന, സ്ഥൂല പ്രയോജനാത്മകമായ കാര്യങ്ങള്‍ മാത്രം വിദ്യാര്‍ഥികളെ പഠിപ്പിച്ചാല്‍ മതി. തലതിരിഞ്ഞ ചിന്താഗതിയാണിത്. ഈ ചിന്താഗതിയില്‍ ജ്ഞാനവും സത്യവും സ്വയമേവ അഭിലഷണീയങ്ങളും മൂല്യ സമ്പന്നങ്ങളുമാണെന്നും ദാര്‍ശനിക ചിന്ത മനുഷ്യന്റെ മഹത്തായ സിദ്ധിയാണെന്നുമുള്ള പരമയാഥാര്‍ഥ്യം ഇക്കൂട്ടര്‍ പറ്റെ അവഗണിക്കുന്നു. ധനദായകവിജ്ഞാനം (Cashable Knowledge) മാത്രമാണ് യഥാര്‍ഥ അറിവെന്നത്രെ ധാരണ. ഈ ചിന്താഗതി ആപല്‍ക്കരമാകുന്നു.

         വിദ്യാര്‍ഥിയെ ഉത്തമ പൗരന്‍ എന്നതിലേറെ ഒരു സമ്പൂര്‍ണ മനുഷ്യന്‍ എന്ന നിലയില്‍ വളര്‍ത്തിയെടുക്കുകയായിരിക്കണം വിദ്യാഭ്യാസ ലക്ഷ്യം. ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുക മാത്രമാണ് വിദ്യാഭ്യാസ ലക്ഷ്യം എന്ന കേവല ജനാധിപത്യ സിദ്ധാന്തം ഭാഗികമായി അബദ്ധമാണ്. 

         വിദ്യാഭ്യാസം പ്രധാനമായും സ്വഭാവ രൂപീകരണത്തിന് വേണ്ടിയുള്ളതോ ബുദ്ധി വികാസത്തിന് വേണ്ടിയുള്ളതോ? ഈ വിഷമ പ്രശ്‌നം സുഗമമായി പരിഹരിക്കാനായില്ലെന്നതാണ് ആധുനിക വിദ്യാഭ്യാസ വിചിന്തനത്തിന്റെ വീഴ്ച. ഇന്നത്തെ വിദ്യാലയങ്ങളും സര്‍വകലാശാലകളും ബുദ്ധിവികാസത്തിനാണ് സര്‍വത്ര പ്രാധാന്യം നല്‍കിക്കാണുന്നത്. സ്വഭാവരചന അപ്രസക്തമാണെന്നാണ് പക്ഷം. വിദ്യാഭ്യാസ രംഗത്തെ കീഴടക്കിയ കലര്‍പ്പില്ലാത്ത ബുദ്ധിപരതയും സ്വേഛാപരതയും ആപല്‍ക്കാരികളാണെന്നത്രെ ദൈനംദിന സംഭവങ്ങള്‍ തെളിയിക്കുന്നത്.

വിദ്യാഭ്യാസം ഒരു 
സാമൂഹിക ബാധ്യത

         കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന പ്രാഥമിക ബാധ്യത യഥാര്‍ഥത്തില്‍ കുടുംബത്തിനാണ്. കുട്ടികളില്‍ വളരെയേറെ സ്വാധീനം ചെലുത്തുന്നത്  കുടുംബമാണല്ലോ. കുട്ടികളുടെ മാനസിക ഘടന കുടുംബമാകുന്ന മൂശയിലാണ് വാര്‍ത്തെടുക്കപ്പെടുന്നത്. സമൂഹത്തിനും കുട്ടികളുടെ ചിന്താഗതിയെ വാര്‍ത്തെടുക്കുന്നതില്‍ വലിയ പങ്കുണ്ട്. മാതാപിതാക്കളുടെ ഉത്തരവാദിത്ത നിര്‍വഹണത്തിലുള്ള വീഴ്ചയാണ് കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ രാഷ്ട്രം ഇടപെടുന്നതിനെ സാധൂകരിക്കുന്നത്. എന്നാല്‍, പൊതുതാല്‍പര്യത്തിന്റെ കാവല്‍ഭടനായ രാഷ്ട്രത്തിനും വിദ്യാഭ്യാസ രംഗത്ത് പലതും നിര്‍വഹിക്കാനുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൈയില്‍ കുട്ടികളെ ഏല്‍പിക്കുകയാണ് രാഷ്ട്രം ഇന്ന് ചെയ്യുന്നത്. കേവല ഭൗതിക താല്‍പര്യങ്ങളെ പൂവിട്ട് പൂജിക്കുന്ന രാഷ്ട്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ നല്‍കുന്നത് യഥാര്‍ഥ വിദ്യാഭ്യാസമല്ല, മറിച്ച് നിര്‍ദേശ(Instruction)മാണ് . ഭൗതിക വിദ്യാഭ്യാസത്തിന് പിണഞ്ഞ പ്രമാദമാണത്. വിദ്യാഭ്യാസ സ്ഥാപനം, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവയുടെ മഹത്തായ ഉള്‍ച്ചേരല്‍  ആയിത്തീര്‍ന്നാല്‍ മാത്രമേ വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടൂ. വിദ്യയുടെ പരമ പവിത്രത സംരക്ഷിക്കുന്ന കാമ്പസും വിജ്ഞാനത്തിന് നാണയത്തുട്ടുകളുടെ തൂക്കമനുസരിച്ച് വിലയിടാത്ത സ്ഥാപന ഭാരവാഹികളും വിദ്യാര്‍ഥികളെ സ്വന്തം മക്കളായിക്കണ്ട് അവരില്‍ വിജ്ഞാനത്തിന്റെ വെള്ളി വെളിച്ചം കൊളുത്തിവെക്കാന്‍ ഉത്സുകരായ അധ്യാപകരും ഉണ്ടെങ്കില്‍ മാത്രമേ വിദ്യാര്‍ഥികളുമായുള്ള ഈ ഉള്‍ച്ചേരല്‍ നടക്കുകയുള്ളൂ.

ഇസ്‌ലാമിക വിദ്യാഭ്യാസം

         ഈ ആമുഖം ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ നവീകരണത്തിനുള്ള അടിസ്ഥാന ശിലയായിരിക്കേണ്ടതുണ്ട്. ഓരോ കാലഘട്ടത്തിലും സമകാലീന സംഭവ വികാസങ്ങളെയും സാമൂഹിക നാഗരിക പരിവര്‍ത്തനങ്ങളെയും ശാസ്ത്രീയ സാങ്കേതിക പുരോഗതികളെയും മുന്‍നിര്‍ത്തിയുള്ള പഠനവും നിരീക്ഷണവുമാണ് ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ നട്ടെല്ലായിരിക്കേണ്ടത്. വിശുദ്ധ ഖുര്‍ആനെയും ഹദീസുകളെയും പുനര്‍വായന നടത്താനും അതിലൂടെ കാലോചിതവും കാലാനുസൃതവുമായ ഒരു ചിന്താധാര രൂപപ്പെടുത്തിയെടുക്കാനും ഇസ്‌ലാമിക വിദ്യാഭ്യാസത്തിന് കഴിയേണ്ടതുണ്ട്. ചിന്തിക്കാനും നിരീക്ഷണ പരീക്ഷണങ്ങള്‍ നടത്താനും ഓരോ കാലഘട്ടത്തിനിണങ്ങുന്ന നിയമങ്ങളും വ്യവസ്ഥകളും നിര്‍ധാരണം ചെയ്യാനും ഖുര്‍ആനും ഹദീസും നമ്മെ അടിക്കടി ഉദ്‌ബോധിപ്പിക്കുന്നുണ്ട്. മദ്ഹബിന്റെ ഇമാമുകള്‍ ഈയൊരു കാഴ്ചപ്പാട് വെച്ചുപുലര്‍ത്തിയവരായിരുന്നു. അക്ഷരങ്ങളുടെ അടിമകളായിരുന്നില്ല, മറിച്ച് അക്ഷരങ്ങളുടെ അന്തര്‍ധാരകള്‍ കണ്ടുപിടിക്കുകയും വരികള്‍ക്കിടയില്‍ വാക്കുകളുടെ ആത്മാവ് ചികഞ്ഞന്വേഷിച്ച് കണ്ടത്തെുകയും ചെയ്തവരായിരുന്നു അവര്‍. ഇമാം ശാഫിഈയുടെ പുതിയതും പഴയതുമായ കര്‍മശാസ്ത്ര നിഗമനങ്ങളും ചിന്തകളും ആ വഴിക്കുണ്ടായതാണ്. അബൂഹനീഫയുടെ സാമ്പത്തിക ചിന്തകളും ഇമാം റാസിയുടെ ശാസ്ത്രീയ നിരീക്ഷണങ്ങളും ആ വഴിക്കുണ്ടായതാണ്. ഇബ്‌നുറുശ്ദൂം ഇബ്‌നുസീനയും ചിന്തയുടെയും ഗവേഷണ നിരീക്ഷണങ്ങളുടെയും പാത പിന്തുടര്‍ന്നവരാണ്. വിദ്യാഭ്യാസത്തിന്റെ മൗലികത ഉള്‍ക്കൊണ്ടാണ് അവരൊക്കെയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നത്. 

         വിവരസാങ്കേതിക വിദ്യയും പൊതുവാര്‍ത്താ വിതരണവുമാണ് പോയ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും ഏറ്റവുമേറെ വികാസം പ്രാപിച്ച രണ്ടു മേഖലകള്‍. ലോക വിവരം നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന ഇന്റര്‍നെറ്റ് സംവിധാനവും ലോകത്തിന്റെ മുക്കുമൂലകളില്‍ നടക്കുന്ന സംഭവങ്ങള്‍ നാനാദിക്കിലും എത്തിക്കാനുള്ള മാസ് കമ്യൂണിക്കേഷന്‍ സംവിധാനവും ഇന്ന് സാര്‍വത്രികമാണ്. അതിനാല്‍ ഇസ്‌ലാമിക വിദ്യാഭ്യാസത്തിനും ഈ രണ്ട് ശക്തമായ മാധ്യമങ്ങളെയും പ്രയോജനപ്പെടുത്തിയേ തീരൂ. പഴയ ഗ്രന്ഥത്താളുകളില്‍നിന്ന് വിവരങ്ങളുടെ ആകത്തുക ഉള്‍ക്കൊണ്ട് നവീന അപഗ്രഥന-വിശകലന രീതികള്‍ പ്രയോജനപ്പെടുത്തി അവയെ വിശകലന വിധേയമാക്കാനുള്ള കഴിവ് വിദ്യാര്‍ഥി ആര്‍ജിച്ചിരിക്കണം. കേവലം ഉപജീവനോപാധിയെന്ന നിലക്കല്ല, ഉന്നതമായ വിജ്ഞാന മേഖലകളെ കീഴടക്കാനുള്ള ഉദാത്തവും ഉല്‍കൃഷ്ടവുമായ ആര്‍ജവം ഇസ്‌ലാമിക വിദ്യാഭ്യാസത്തിലൂടെ വിദ്യാര്‍ഥിക്ക് ലഭിക്കേണ്ടതുണ്ട്. 

         ഒരു തിരിച്ചുവരവാണ് ഇനി ആവശ്യം. ലോക വൈജ്ഞാനിക ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനങ്ങള്‍ അലങ്കരിച്ച  ചരിത്രപുരുഷന്മാരായ മുസ്‌ലിം പണ്ഡിതന്മാരുടെയും ചിന്തകരുടെയും തിരിച്ചുവരവ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ വന്‍കരയിലുണ്ടായ വൈജ്ഞാനിക സാംസ്‌കാരിക വിസ്‌ഫോടനത്തിന് പ്രചോദനമേകിയ ഇസ്‌ലാമിക ചിന്തകരും വൈജ്ഞാനിക കേന്ദ്രങ്ങളും അടങ്ങിയ മഹല്‍ സ്ഥാപനങ്ങളെ നമുക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. ഒമ്പതാം നൂറ്റാണ്ടില്‍ ബഗ്ദാദില്‍ ആരംഭിച്ച ബൈത്തുല്‍ ഹിക്മ യൂനിവേഴ്‌സിറ്റി, കയ്‌റോവിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി, ഉസ്മാനിയ ഖിലാഫത്തിന്റെ അവസാന നാളുകളില്‍ സ്ഥാപിതമായ ഖലീഫ കൊട്ടാര സദസ്സുകള്‍ എന്നിവ വൈജ്ഞാനിക വിസ്‌ഫോടനത്തിന് സഹായകമായ കേന്ദ്രങ്ങളായിരുന്നു. കയ്‌റോ, ബഗ്ദാദ്, കോര്‍ദോവ തുടങ്ങിയ ചരിത്ര നഗരങ്ങളിലുണ്ടായിരുന്ന ദശലക്ഷക്കണക്കിന് വിലപിടിച്ച ഗ്രന്ഥങ്ങള്‍ വൈജ്ഞാനിക നഭോമണ്ഡലത്തില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ അര്‍പ്പിച്ച സംഭാവനകളുടെ തെളിവുകളാണ്. ഗ്രീസ്, പേര്‍ഷ്യ, ഇന്ത്യ തുടങ്ങിയ നാടുകളിലെ വൈദ്യശാസ്ത്ര, ഗോള ശാസ്ത്ര, തത്ത്വശാസ്ത്ര ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയ മഹാപണ്ഡിതന്മാര്‍ ആധുനിക ശാസ്ത്രസാങ്കേതിക പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ നമുക്ക് ഒരിക്കലും അവഗണിക്കുക വയ്യ. എട്ടും പത്തും നൂറ്റാണ്ടുകളിലെ ഇസ്‌ലാമിക സംഭാവനകളാണ് പന്ത്രണ്ടാം നൂറ്റാണ്ടിലെ വൈജ്ഞാനിക നവജാഗരണത്തിന് കാരണമായത്. 

         ക്രി. 813ല്‍ ഖലീഫ മഅ്മൂന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ച അന്യഭാഷാ ശാസ്ത്ര ഗവേഷണ ഗ്രന്ഥങ്ങളുടെ ഭാഷാന്തരീകരണം, തുടര്‍ന്നുവന്ന മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് വളരെയേറെ സഹായകമായിട്ടുണ്ടെന്ന് കാണാം. അല്‍ ഖവാറസ്മി (9-ാം നൂറ്റാണ്ട്), ഥാബീത് ബിന്‍ ഖുര്‍റ (മരണം: 801), അല്‍റാസി (925), ഇബ്‌നുസീനാ (980), അല്‍ ബൈറൂനി (1050), അല്‍ബതാനി (929), ഇബ്‌നുല്‍ ഹൈതം (1039), അല്‍കിന്ദി (796), അല്‍ ഫാറാബി (870) തുടങ്ങി നിരവധി യുഗപ്രഭാവരായ പണ്ഡിതന്മാര്‍ ആധുനിക ശാസ്ത്രസാങ്കേതിക, കലാ സാംസ്‌കാരിക മേഖലകളില്‍ മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചവരാണ്. യൂറോപ്പിന് വൈജ്ഞാനിക മേധാവിത്തം ലഭിച്ചത് ഈ മഹല്‍ വ്യക്തികളുടെ സംഭാവനകളെ പ്രയോജനപ്പെടുത്തിയത് വഴിയാണ്. ഇന്ത്യന്‍ ഗണിത ശാസ്ത്ര സംഭാവനയായ 'പൂജ്യം' (0) പടിഞ്ഞാറിന് പരിചയപ്പെടുത്തിയത് സ്‌പെയിന്‍ വഴി വന്ന അറബ് ഗ്രന്ഥങ്ങളായിരുന്നു. സ്‌പെയിനിലെ ഉമവി ഖിലാഫത്തിന്റെ അന്ത്യനാളുകളില്‍പോലും അറബ് ശാസ്ത്ര ഗ്രന്ഥങ്ങള്‍ സ്പാനിഷ്, ഗ്രീക്ക് ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്ത് പ്രചരിപ്പിക്കപ്പെട്ടിരുന്നു. ശുദ്ധജല വിതരണ പദ്ധതി, കടലാസ് നിര്‍മാണം, ഭക്ഷ്യ സംസ്‌കരണ - സംഭരണ രീതി എന്നിവ അറബികളില്‍ നിന്നാണ് പടിഞ്ഞാറന്‍ നാടുകളിലെത്തിയത്. ഒമ്പത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വൈജ്ഞാനിക മേഖലയില്‍ വൈവിധ്യമാര്‍ന്ന സംഭാവനകള്‍ അര്‍പ്പിച്ച ഇമാം അബൂഹാമിദില്‍ ഗസ്സാലിയെപ്പോലുള്ള മഹാരഥന്മാര്‍ തുടങ്ങിവെച്ച വൈജ്ഞാനിക വിസ്‌ഫോടനമാണ് പിന്നീട് യൂറോപ്പിലും മറ്റു വന്‍കരകളിലും ശാസ്ത്ര, സാങ്കേതിക, സാംസ്‌കാരിക മേഖലകളില്‍ വിപ്ലവത്തിന് തുടക്കം കുറിച്ചത്. ആ മഹത്തായ പൈതൃകം ഇസ്‌ലാമിക വിദ്യാഭ്യാസ മേഖലയില്‍ നാം കാത്തുസൂക്ഷിക്കേണ്ട കാലമാണിപ്പോള്‍.  എല്ലാ മേഖലയിലും ഒരു പൊളിച്ചെഴുത്ത് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 95-97
എ.വൈ.ആര്‍