Prabodhanm Weekly

Pages

Search

2014 ജൂണ്‍ 06

വിദ്യാര്‍ഥികളായ ഈ അധ്യാപകരില്‍ നിന്ന് മുസ്‌ലിം സംഘടനകള്‍ക്ക് പഠിക്കാനേറെയുണ്ട്

കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

വിദ്യാര്‍ഥികളായ ഈ അധ്യാപകരില്‍ നിന്ന് മുസ്‌ലിം സംഘടനകള്‍ക്ക് പഠിക്കാനേറെയുണ്ട്

         ജവഹര്‍ലാല്‍ നെഹ്‌റു, അലീഗഢ് യൂനിവേഴ്‌സിറ്റികളെക്കുറിച്ചുള്ള ലേഖനങ്ങള്‍ (ലക്കം 2852) വായിച്ചു. രണ്ടും അവസാനിക്കുന്നത് സന്തോഷം നല്‍കുന്ന സന്ദേശങ്ങളോടെയാണ്. ജെ.എന്‍.യുവിനെക്കുറിച്ചുള്ള വസീം പുന്നശ്ശേരിയുടെ ലേഖനം അവസാനിക്കുന്നത് ഇങ്ങനെ: ''നാട്ടിലെ സംഘടനാ ശാഠ്യങ്ങള്‍ മറന്ന് വിവിധ മുസ്‌ലിം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരുമിച്ചിരുന്ന് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന ഇത്തരം ഒത്തുചേരലുകള്‍ കേരളീയ മുസ്‌ലിം യുവത്വത്തിന്റെ ഭാവി പ്രതീക്ഷാനിര്‍ഭരമാണെന്ന് വിളിച്ചോതുന്നു.'' എ.എം.യുവിനെക്കുറിച്ചുള്ള ടി. മുഹമ്മദ് റഷാദിന്റെ ലേഖനം അവസാനിക്കുന്നത് ഇങ്ങനെ: ''കേരളത്തിലെ എസ്.ഐ.ഒ, എം.എസ്.എഫ്, എം.എസ്.എം, എസ്.കെ.എസ്.എസ്.എഫ് എന്നീ വിദ്യാര്‍ഥി സംഘടനകളുടെ മലയാളിശാഖകളും അലീഗഢില്‍ നിലവിലുണ്ട്. സംഘടനാ പക്ഷപാതിത്വത്തിനപ്പുറത്ത് എല്ലാവര്‍ക്കും ഒരുമിക്കാനും ആശയങ്ങള്‍ കൈമാറാനും അലീഗഢിലെ ഇത്തരം വിദ്യാര്‍ഥി സംഘടനാ വേദികളിലൂടെ സാധ്യമാവുന്നു എന്നത് സന്തോഷകരമാണ്.''

         കേരളത്തിലെ മുസ്‌ലിംകള്‍ക്ക് പ്രത്യേകിച്ച് മുസ്‌ലിം സംഘടനകള്‍ക്ക് ആശാവഹമായ സന്ദേശമാണ് കാമ്പസുകളിലെ കൂട്ടായ്മകള്‍ നല്‍കുന്നത്; അത് പ്രാവര്‍ത്തികമാക്കാനുള്ള ആത്മാര്‍ഥതയുണ്ടെങ്കില്‍. 'നരന്റെ താതന്‍ ശിശുവാണ്' എന്നത് കവിവാക്യമാണ്. സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും കാര്യത്തില്‍ കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ ഈ കോളേജ് വിദ്യാര്‍ഥികളെ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു.

കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

നാട്ടാചാരങ്ങളോടുള്ള സമീപനം

         'തവിരുദ്ധമല്ലാത്ത ആചാരങ്ങള്‍ അനാചാരങ്ങളല്ല' എന്ന തലക്കെട്ടില്‍ പി. ഷറഫുദ്ദീന്‍ കാക്കനാട് എഴുതിയ കത്തില്‍ (ലക്കം 2851) ഇപ്രകാരം കണ്ടു: ''ഓണം, വിഷു പോലുള്ള കാര്‍ഷിക വിളവെടുപ്പ് ഉത്സവങ്ങളെടുക്കുക. ഇവ കേരള സമൂഹം നൂറ്റാണ്ടുകളായി ആചരിച്ചുപോരുന്നു.... നാട്ടാചാരം എന്ന നിലയില്‍ ഇതിനെ പരിഗണിക്കാവുന്നതാണ്.'' ഇപ്പറഞ്ഞതിലുള്ള രണ്ട് കാര്യങ്ങള്‍ വസ്തുതയോട് യോജിക്കുന്നതല്ല. ഓണം, വിഷു എന്നിവ കാര്‍ഷിക വിളവെടുപ്പിനോട് ബന്ധപ്പെട്ടതല്ല. കേരളത്തിലെ പ്രധാന ഭക്ഷ്യധാന്യമായ നെല്ലിന്റെ വിളവെടുപ്പ് കന്നിമാസത്തിലാണല്ലോ. ഓണം കൊണ്ടാടുന്നത് ചിങ്ങത്തിലും. വിഷു ആചരിക്കുന്നത് മേടമാസം ആദ്യത്തിലും. അന്നും വിളവെടുപ്പൊന്നുമില്ല.

         രണ്ടാമത്തെ കാര്യം: ഓണം, വിഷു എന്നിവ കേരള സമൂഹം മുഴുവന്‍ ആചരിക്കുന്നില്ല. മുസ്‌ലിം, ക്രൈസ്തവ സമൂഹങ്ങള്‍ പൊതുവെ ഇവയാചരിക്കുന്നില്ല. പിറന്നാളാഘോഷത്തിന്റെ കാര്യം പറയുകയാണെങ്കില്‍ അത് മുസ്‌ലിംകളില്‍ പൊതുവെയില്ല. ഇതര സമുദായങ്ങളുടെ ആചാരങ്ങള്‍ അനുകരിക്കുന്നതിനെതിരെ നബി(സ)യുടെ ഹദീസുണ്ടല്ലോ. ഇതിന്റെയെല്ലാം വെളിച്ചത്തില്‍ മേല്‍പറഞ്ഞ ആചാരങ്ങള്‍ മുസ്‌ലിംകള്‍ ഒഴിവാക്കുന്നതാവും അഭികാമ്യം.

ടി. മൊയ്തു മാസ്റ്റര്‍ പെരിമ്പലം

പലിശകൊണ്ട് പ്രാണന്‍ പോയവരെത്രയാണ്

         പലിശയെന്ന വിപത്തിനെക്കുറിച്ച മുഖലേഖനം (ലക്കം 2852) അവസരോചിതമായി. ജനജീവിതം മരണതുല്യമാക്കുന്നതില്‍ രാക്ഷസപ്പിശാചായ പലിശ വഹിക്കുന്ന പ്രത്യക്ഷമായ പങ്കിനെ സംബന്ധിച്ച് പ്രത്യേകിച്ച് ആരെയും ബോധവാന്മാരാക്കേണ്ട കാര്യമേതുമില്ലെന്നതാണ് സമീപകാലത്തെ ദുരന്തപൂര്‍ണമായ വാര്‍ത്തകള്‍ പറഞ്ഞുതരുന്നത്. 'പ്രബുദ്ധ' കേരളത്തില്‍ നടക്കുന്ന ആത്മഹത്യാ സംഭവങ്ങളില്‍ പലിശ തന്നെയാണ് ഏറ്റവും വലിയ വില്ലന്‍. ആവശ്യത്തിനും അതിലേറെ അനാവശ്യത്തിനും ബ്ലേഡ് കമ്പനികളില്‍ നിന്ന് കടമെടുത്ത് തിരിച്ചടക്കാനാവാതെ ഓരോ കൊല്ലവും ആയിരത്തോളമാളുകളാണ് ജീവിതമൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നത്. അതിലേറെ പേര്‍ നാടും വീടും ഉപേക്ഷിച്ച് പോവുകയും മറ്റനേകം പേര്‍ കിടപ്പാടം നഷ്ടപ്പെട്ടും മനോരോഗികളായും ജീവിതം ഉന്തിനീക്കുകയും ചെയ്യുന്നവരാണ്.

         ബ്ലേഡ് കമ്പനികളുടെ ചില തലതൊട്ടപ്പന്മാര്‍ മാത്രമേ സര്‍ക്കാര്‍ വലയില്‍ വീണുപോയിട്ടുള്ളൂ. 'കുട്ടിനേതാക്കന്മാരും' ചെറു 'തമിഴ് മക്കളും' ബൈക്കും ജീപ്പും കാറുമൊക്കെയെടുത്ത് ഇരകളെ തേടി ചീറിപ്പായുന്നുണ്ട് എന്നത് അനിഷേധ്യമായ വസ്തുതയാണ്. തീരെ പ്രത്യുല്‍പാദനപരമല്ലാത്ത, സാമ്പത്തിക മേഖലയിലെ ഏറ്റവും വലിയ ഈ ചൂഷണോപാധി ഇനിയും മനുഷ്യ ജീവന്‍ കവരാതിരിക്കണമെങ്കില്‍  എന്തിനും ഏതിനും വായ്പ വാങ്ങുന്ന അത്യന്തം അപകടകരമായ മനോഭാവം മാറ്റിയെഴുതിയേ തീരൂ. തനിക്ക് ലഭിക്കുന്ന വരുമാനത്തികത്ത് ജീവിക്കാന്‍ പരമാവധി പരിശ്രമിക്കുകയാണ് കരണീയം. അല്ലാത്തപക്ഷം ബ്ലേഡിനേക്കാള്‍ മൂര്‍ച്ചയുള്ള 'ബ്ലേഡു'കള്‍ക്കിടയില്‍ പെട്ട് പ്രാണന്‍ നഷ്ടപ്പെടുന്നത് തുടര്‍ക്കഥകളായി മാറിക്കൊണ്ടിരിക്കും.

സാലിം ചോലയില്‍ ചെര്‍പ്പുളശ്ശേരി

ഇമാം ഖത്വീബ് ജീവിത നിലവാരം ഒരനുബന്ധം

         'മാം-ഖത്വീബുമാരുടെ ജീവിത നിലവാരം ഉയര്‍ത്തണം' എന്ന ശീര്‍ഷകത്തില്‍ ലക്കം 2843ല്‍ അബ്ദുറഹ്മാന്‍ പെരിങ്ങാടി എഴുതിയ കത്താണ്  ഈ കുറിപ്പിന് പ്രേരകം. ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട സംഗതികളാണ് കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ടായിരുന്നത്. വിഷയവുമായി ബന്ധപ്പെട്ട വ്യക്തികളും കമ്മിറ്റികളും അതിന് എത്രത്തോളം പരിഗണന നല്‍കുമെന്നത് വിലയിരുത്തപ്പെടേണ്ടതാണ്. അനുബന്ധമായി ചില കാര്യങ്ങള്‍ കൂടി കുറിക്കട്ടെ.

         ഉന്നത ഇസ്‌ലാമിക വിദ്യാസ്ഥാപനത്തില്‍ പഠിച്ച് വൈജ്ഞാനിക മികവും ആശയസമര്‍ഥനപ്രാഗത്ഭ്യവും കരഗതമാക്കിയ ഒരു ചെറുപ്പക്കാരനെ കുറിച്ച് അറിയാനിടയായ അനുഭവമാണ് ഇതെഴുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്. പഠിച്ചിരുന്ന കാലത്ത് വൈജ്ഞാനിക ഔന്നത്യത്തിലും വിഷയാവതരണത്തിലും ആശയ സമര്‍ഥനത്തിലുമൊക്കെ സഹപാഠികളെ കവച്ചുവെച്ചിരുന്ന ടിയാന്‍ കലാലയപരിസരത്തെ പള്ളികളില്‍ വിവിധ സമയങ്ങളില്‍ ഖുത്വുബയും നിര്‍വ്വഹിച്ചിരുന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷവും കുറച്ചു കാലം ഈ രംഗത്ത് തന്നെ തുടര്‍ന്നു. എന്നാല്‍ പീന്നീട് അദ്ദേഹത്തെ കുറിച്ചറിയുന്നത് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ പ്രൊമോട്ടറാണെന്നാണ്. അങ്കലാപ്പോ ടെന്‍ഷനോ ഇല്ല, സുഖകരമായ ജോലി-തുടര്‍ന്നു വരുന്ന ജോലിയെക്കുറിച്ച് അയാളുടെ പ്രതികരണത്തിന്റെ രത്‌നച്ചുരുക്കം അങ്ങനെയാണ്.

         വല്ലപ്പോഴും പകരക്കാരനായി ഒരു ഖുത്വുബ നടത്തുന്നവരല്ലാത്തവര്‍ക്കൊക്കെയും പൊതുവെ ഖുത്വുബ നിര്‍വ്വഹണം മാനസിക പിരിമുറുക്കത്തിന്റെയും ശാരീരിക സമ്മര്‍ദ്ദങ്ങളുടെയും അവസ്ഥ സമ്മാനിക്കുമെന്നത് ഭംഗിവാക്കോ അതിശയോക്തിയോ അല്ല, അനുഭവയാഥാര്‍ഥ്യമാണ്. അഥവാ ഖുത്വുബ പഠനാര്‍ഹവും ആകര്‍ഷകവും അതിലേറെ കാലിക പ്രസക്തവും ചിന്തോദ്ദീപകവുമാകാന്‍ കേവല പ്രസംഗപരിചയമോ വാചകക്കസര്‍ത്തോ മാത്രം പോരാ. ശരിയായ ഗൃഹപാഠവും കൃത്യമായ മുന്നൊരുക്കവും കൂടിയേതീരൂ. അതുകൊണ്ട് തന്നെ ഒരേ തട്ടകത്തില്‍ വര്‍ഷങ്ങളോളം ഖത്വീബായിരിക്കല്‍ അത്ര എളുപ്പമുള്ള ഒന്നല്ല എന്നുറപ്പ്. പ്രവാചകന്‍ മിമ്പറിലായിരിക്കെ, കച്ചവടസംഘം മദീനയിലെത്തിയപ്പോള്‍ സ്വഹാബിമാരില്‍ ചിലരില്‍ നിന്നുണ്ടായ പ്രതികരണത്തെ കുറിച്ച ഖുര്‍ആന്‍ വചനം സൂറ: അല്‍ ജുമുഅ-11 വിശദാംശങ്ങളോടെ വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കുന്നത് ജുമുഅ ഖുത്വുബകള്‍ ആനുകാലികമാവണമെന്നും റസൂലിന്റെ ഖുത്വുബകള്‍ അപ്രകാരമായിരുന്നുവെന്നുമാണ്.

         അര്‍ഹമായ അംഗീകാരവും മാന്യമായ സേവനവേതന വ്യവസ്ഥകളും ഈ രംഗത്ത് നടപ്പാക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. അധികമാളുകള്‍ക്കും മനസ്സില്ല എന്നതാണ് ശരി. ഇത്തരത്തില്‍ ദീനീ സംരംഭങ്ങളില്‍ ഏര്‍പ്പെടുന്ന ഉസ്താദുമാരും ഖത്വീബുമാരും കേവലം 'പരലോകം തൊഴിലാളി'കളായി എഴുതിത്തള്ളപ്പെടുകയാണ് പലയിടങ്ങളിലും. ഇത്തരക്കാര്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉള്‍പ്പെടെയുള്ള പുതിയ പുതിയ തൊഴില്‍ മേഖലകളിലേക്ക് ചേക്കേറുക സ്വാഭാവികം. അങ്ങനെ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. തനിക്കും ആശ്രിതര്‍ക്കും പശിയടക്കാനും ജീവസന്ധാരണത്തിനും ആവശ്യമായ വിഭവങ്ങള്‍ ലഭ്യമാവാതെ ഒരാള്‍ കുഫ്‌റിലേക്കോ നിഷിദ്ധങ്ങളിലേക്കോ പോകാനിടയായാല്‍ സമൂഹം ഒന്നാകെ കുറ്റക്കാരും ശിക്ഷാര്‍ഹരുമാകുമെന്നത് ശറഈ പ്രമാണമാണെങ്കില്‍, ഇമാം-ഖത്വീബുമാരുടെ വേതനനിലവാരം ഉയര്‍ത്തി അര്‍ഹമായ നിലയില്‍ പരിഗണിക്കേണ്ടത് മുസ്‌ലിം സമൂഹത്തിന്റെ പൊതു ബാധ്യതയാണെന്നതില്‍ സന്ദേഹമില്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തളച്ചിടപ്പെട്ടവര്‍ (അല്ലദീനഉഹ്‌സ്വിറൂ ഫീ സബീലില്ലാഹ്....-അല്‍ ബഖറ:273) എന്ന് വിശേഷിപ്പിക്കപ്പെട്ട അസ്വ്ഹാബുസ്സ്വുഫ്ഫഃക്ക് പ്രവാചകരും സ്വഹാബത്തും നല്‍കിയ പ്രാമുഖ്യവും പ്രാധാന്യവും ഇമാം ഖത്വീബുമാര്‍ക്ക് നല്‍കുന്നതിലുള്ള വൈമനസ്യം ഗൗരവമര്‍ഹിക്കുന്നതാണെന്ന് ഇനിയും തിരിച്ചറിയപ്പെടാതെ പോകുന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ സൂക്തത്തിന്റെ ആനുകാലിക വിശദീകരണത്തില്‍ 'ഇവറ്റകള്‍' ഉള്‍പ്പെടുമോ എന്ന് പഠിക്കുവാനെങ്കിലും അതുമായി ബന്ധപ്പെട്ടവര്‍ തയ്യാറാവേണ്ടതാണ്

ഇബ്‌നു മുഹമ്മദ്, ആലപ്പുഴ

മദ്യമുക്തമായൊരു കേരളം 
സുബോധമുള്ളവരുടെ കിനാവാണത്

         കേരളത്തിലിന്ന് കൂടുതല്‍ വിറ്റഴിയുന്ന ഉല്‍പനങ്ങളിലൊന്ന് മദ്യം തന്നെയാണ്. കേരളീയര്‍ കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ കണക്ക് പരിശോധിക്കുമ്പോള്‍ നാം അത്ഭുതപ്പെട്ടുപോകും.

         വര്‍ഷങ്ങളായി മദ്യവില്‍പന വഴി അബ്കാരി കോണ്‍ട്രാക്ടര്‍മാര്‍ കോടീശ്വരന്മാരായി മാറിക്കൊണ്ടിരിക്കുന്നു. മുമ്പ് ചാരായം നിര്‍ത്തലാക്കിയപ്പോള്‍ മദ്യത്തിന്റെ ഉപയോഗം വര്‍ധിക്കുകയാണുണ്ടായത്. മദ്യപന്മാര്‍ കൂടികൂടി വരികയും ചെയ്തു. രാജ്യം നന്നാകണമെങ്കില്‍ സമ്പൂര്‍ണ മദ്യനിരോധം നിര്‍ബന്ധമാക്കുകതന്നെ വേണം. ജനകീയ മുന്നേറ്റത്തിലൂടെയേ ഇത് സാധ്യമാകൂ..

         ഇന്നത്തെ രാഷ്ട്രീയ കക്ഷികള്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. മദ്യവിമുക്തമായ കേരളമാണ് ഇവിടത്തെ ജനത ആഗ്രഹിക്കുന്നത്. സര്‍ക്കാറും രാഷ്ട്രീയ കക്ഷികളും പൊതുജനങ്ങളും പങ്കുചേര്‍ന്ന് മദ്യനിരോധം വിജയത്തിലെത്താന്‍ വേണ്ടി ശക്തമായ പോരാട്ടത്തിനു തന്നെ തയാറാവണം.

ആചാരി തിരുവത്ര, ചാവക്കാട് 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 95-97
എ.വൈ.ആര്‍