Prabodhanm Weekly

Pages

Search

2014 ജൂണ്‍ 06

കാരറ്റും വടിയുമായി എത്തുന്ന മോദി സര്‍ക്കാര്‍

എ. റശീദുദ്ദീന്‍ /വിശകലനം

         നരേന്ദ്ര ദാമോദര്‍ ദാസ് മോദി ഇന്ത്യയുടെ 15-ാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റത് രാഷ്ട്രപതി ഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തിക്കൊണ്ടായിരുന്നു. നാലായിരം പേരുടെ ആ മഹാ സദസ്സിനകത്തും അവിടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരിലും പക്ഷേ ഇന്ത്യയിലെ 20 കോടിയോളം വരുന്ന ഒരു സമൂഹത്തിന്റെ വിരലിലെണ്ണാവുന്ന പ്രതിനിധികളേ ഉണ്ടായിരുന്നുള്ളൂ. നരേന്ദ്ര മോദി ക്ഷണിച്ചു വരുത്തിയ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ആയിരുന്നു കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ മുസ്‌ലിം പങ്കാളിത്തം. പാകിസ്താന്‍ എന്ന സര്‍വകാല ശത്രുവിനെ പോലും അതിഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയ മോദിക്ക് ഇന്ത്യന്‍ മുസ്‌ലിംകളുടെ നേതാക്കളില്‍ ഒരാളെ പോലും ഈ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ തോന്നിയില്ല. ക്ഷണം അയക്കുന്നുണ്ടെന്ന് ചില പ്രധാനപ്പെട്ട മുസ്‌ലിം നേതാക്കളെ അവസാന നിമിഷം ബി.ജെ.പി ഓഫീസില്‍ നിന്ന് വിളിച്ചറിയിച്ചുവെങ്കിലും അവര്‍ക്കൊന്നും അങ്ങനെയൊരു കത്ത് കൈയില്‍ കിട്ടിയിരുന്നില്ല. നവാസ് ശരീഫ് പോയി ദല്‍ഹി ഇമാമിനെ കാണുക കൂടി ചെയ്തതോടെ മുസ്‌ലിംകളുടെ 'ഹുജ്ജത്ത്' പൂര്‍ത്തിയാക്കിക്കൊടുത്ത സന്തോഷമാണ് ബി.ജെ.പിയുടെ മുഖത്ത്. ഇതാണോ യഥാര്‍ഥത്തില്‍ ഇന്ത്യന്‍ മുസ്‌ലിം കേന്ദ്രസര്‍ക്കാറില്‍ നിന്നും പ്രതീക്ഷിച്ചത്? മുസ്‌ലിംവിരോധം ഇത്രയും കാലത്തെ രാഷ്ട്രീയ പ്രക്രിയയുടെ അടിസ്ഥാനമായിരുന്നുവെങ്കിലും നരേന്ദ്ര മോദി രാഷ്ട്രത്തിന്റെ നായകനാവുമ്പോള്‍ പ്രജകള്‍ക്ക് കുറെക്കൂടി നിലവാരമുള്ള സന്ദേശങ്ങള്‍ പുറപ്പെടുവിക്കാമായിരുന്നില്ലേ?

         സ്ഥാനമേറ്റെടുത്ത പ്രധാനമന്ത്രി പാകിസ്താനുമായി നടത്തിയ ചര്‍ച്ചകളില്‍ ഭീകരതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശക്തമായി ഉന്നയിച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഭീകരതയുടെ യാഥാര്‍ഥ്യം എന്തെന്ന് മറ്റാരെക്കാളും നന്നായി അറിയുന്ന ഈ മുന്‍ മുഖ്യമന്ത്രി ആ വിഷയത്തില്‍ അത്രകണ്ട് വാചാലനായിട്ടുണ്ടാവുമോ? സംശയിക്കേണ്ടി വരും. ഭീകരതയെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി ഏറ്റവും സമര്‍ഥമായി ഉപയോഗിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് ബി.ജെ.പി. ഒരു ഭാഗത്ത് നരേന്ദ്ര മോദി സ്ഥാനമേറ്റെടുക്കുമ്പോള്‍ പോലും കശ്മീരിലെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. അതിനു നേര്‍ക്ക് കണ്ണടച്ചാണ് പാകിസ്താന്‍ പ്രധാനമന്ത്രിയെ ഇന്ത്യ ക്ഷണിച്ചത്. ഒരു തമാശക്ക് ഈ സാഹചര്യത്തെ ഒന്നു രാഹുല്‍ ഗാന്ധിയുമായി താരതമ്യം ചെയ്തു നോക്കൂ. അദ്ദേഹമാണ് ഈ തെരഞ്ഞെടുപ്പില്‍ ജയിച്ച് പ്രധാനമന്ത്രിയായതെന്നു വെക്കുക. നവാസ് ശരീഫിനെ കോണ്‍ഗ്രസ് ക്ഷണിക്കുമായിരുന്നോ? ക്ഷണിച്ചാല്‍ തന്നെ ശരീഫ് കാലു കുത്തുമായിരുന്നോ ഇന്ത്യയില്‍? പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരം പോലും അന്നാട്ടുകാരുടെ മേല്‍ ആരോപിക്കപ്പെടുന്ന 'ഭീകര ബന്ധം' അവസാനിപ്പിച്ചിട്ടു മതിയെന്ന് ഇന്നോളം നിലപാടെടുത്ത ശിവസേനക്കു പോലും മോദിയുടെ ക്ഷണക്കത്തിനെ കുറിച്ച് മിണ്ടാട്ടമുണ്ടായില്ല. ഹെറാത്തിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിച്ചത് പാക് നിയന്ത്രണത്തിലുള്ള താലിബാന്‍ സംഘങ്ങളാണെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുല്ലാ ഉമര്‍ എന്ന മുന്‍ താലിബാന്‍ നേതാവ് ഇപ്പോള്‍ പാകിസ്താനിലെ ക്വയ്റ്റയില്‍ ഉണ്ടെന്ന് അഫ്ഗാനിസ്താന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി ദല്‍ഹിയില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. നമ്മുടെ 'റോ'ക്ക് അറിയാത്തതുമാവില്ല ഈ സത്യം. പക്ഷേ അത്തരം അസുഖകരമായ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ് പൊതുജനത്തിന്റെ സൈ്വര്യം കെടുത്താറുള്ള ബി.ജെ.പി ഇത്തവണ സ്വന്തം കലമുടച്ചു. ഭീകരത ഒരു യാഥാര്‍ഥ്യമല്ല രാഷ്ട്രീയ പ്രചാരണം മാത്രമാണെന്ന നിരീക്ഷണത്തെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നാം ദിവസം തന്നെ അടിവരയിട്ടതെന്ന് ചുരുക്കം. പക്ഷേ അപ്പോഴും ഇന്ത്യന്‍ മുസ്‌ലിംകളുമായി ബന്ധപ്പെട്ട പാര്‍ട്ടിയുടെ 'ചൊരുക്ക്' അതേപടി നിലനിര്‍ത്തുകയും ചെയ്തു.

         പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധം നന്നാവുന്നത് ഇന്നാട്ടിലെ മുസ്‌ലിംകള്‍ക്ക് മനസ്സമാധാനം നല്‍കും എന്നതില്‍ ഒരു തര്‍ക്കവുമില്ല. ഇവിടെയും പക്ഷേ യാഥാര്‍ഥ്യബോധം ഇന്ത്യന്‍ മുസ്‌ലിമിനെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. കാരണം അടിസ്ഥാന വിഷയങ്ങള്‍ വിലപേശലിനു വേണ്ടി ബാക്കിവെക്കുകയും എന്നിട്ട് പാകിസ്താന്റെ ചെലവില്‍ ഇന്ത്യയിലെ കുത്തകകളുടെ കീശവീര്‍പ്പിക്കുകയുമാണ് പുതിയ സര്‍ക്കാര്‍ ചെയ്യുന്നത്. നീക്കം പരാജയപ്പെടുകയാണെങ്കില്‍ ഈ വിലപേശലിനെ ചൊല്ലിയും പിഴയൊടുക്കുക പഴയതു പോലെ ഇന്ത്യന്‍ മുസ്‌ലിംകള്‍ തന്നയാവും. മോദി സര്‍ക്കാര്‍ അധികാരമേറ്റ രണ്ടാം ദിവസം തന്നെ നരേന്ദ്ര മോദിയുമായി നേരിട്ട് ബന്ധപ്പെട്ട വകുപ്പിലെ സഹമന്ത്രി നടത്തിയ പ്രഖ്യാപനം ജമ്മു-കശ്മീരിന് പ്രത്യേക പദവി വാഗ്ദാനം ചെയ്യുന്ന 370-ാം വകുപ്പ് എടുത്തു കളയാനുള്ള കൂടിയാലോചനകള്‍ ബന്ധപ്പെട്ടവരുമായി സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു എന്നാണ്. ആര്‍.എസ്.എസ് നേതാവ് റാംമാധവ് അത് ഏറ്റു പിടിച്ചു. കശ്മീരിലെ തെരഞ്ഞെടുപ്പു റാലികളില്‍ 370-ാം വകുപ്പിനെ കുറിച്ച് നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനങ്ങളുമായി ഒരു നിലക്കും പൊരുത്തപ്പെടുന്നതല്ല മന്ത്രി ജിതേന്ദ്ര സിംഗ് മാധ്യമങ്ങളോടു പറഞ്ഞ കാര്യം. കശ്മീരിന്റെ പദവി എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട വിവാദ ചര്‍ച്ചക്ക് തുടക്കം കുറിച്ചുവെന്ന് നവാസ് ശരീഫ് ഇന്ത്യയിലുള്ള ദിവസം തന്നെ പരസ്യപ്പെടുത്തുന്ന കശ്മീര്‍കാരനായ മന്ത്രിക്ക് രാഷ്ട്രീയം അറിഞ്ഞു കൂടാ എന്നൊന്നും കരുതാനാവില്ല. പ്രധാനമന്ത്രിയാകട്ടെ വിഷയത്തില്‍ ഇതേവരെ വിശദീകരണം നല്‍കിയിട്ടുമില്ല. കശ്മീര്‍ പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കാന്‍ ഒരു ഭാഗത്ത് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുകയും മറുഭാഗത്ത് പാകിസ്താന്റെ പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി ചര്‍ച്ച നടത്തുകയും ചെയ്യുമ്പോള്‍ വിലപേശലാണ് നടക്കുന്നത് എന്ന തോന്നലിനെയാണത് ശക്തിപ്പെടുത്തുന്നത്. വൈകാരിക സംതൃപ്തി നല്‍കുന്ന ദാവൂദ് ഇബ്‌റാഹീം, ഹാഫിസ് സഈദ് പോലുള്ള വിഷയങ്ങളല്ല ഇവയെന്നു കരുതുന്നതാണ് യുക്തി. കാരണം പാകിസ്താന് നഷ്ടം പറ്റുന്ന ഇടപാടിലാണല്ലോ അവരെ ഭയപ്പെടുത്താന്‍ കഴിയുക. ദാവൂദിനെ വിട്ടു കൊടുത്തതു കൊണ്ട് അവര്‍ക്കെന്തു ചേതം? അന്നാട്ടിലെ സൈന്യവും മതസംഘടനകളുമൊക്കെയായി ബന്ധപ്പെട്ടു കിടക്കുന്ന കശ്മീര്‍ തര്‍ക്കത്തില്‍ പാക് ഗവണ്‍മെന്റിനെ മുട്ടു കുത്തിക്കുകയാണല്ലോ ഇന്ത്യ ചെയ്യാന്‍ നോക്കുന്നത്. 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പൂര്‍ണ ഭൂരിപക്ഷമുള്ള ഒരു ഗവണ്‍മെന്റ് ഇന്ത്യയില്‍ അധികാരത്തിലെത്തുന്നത്. ഭരണഘടനാ ഭേദഗതി പോലും കൊണ്ടുവരാന്‍ കഴിയുന്ന ആ സാഹചര്യം പാകിസ്താനെ ഭയപ്പെടുത്തുന്നു എന്നത് വസ്തുതയുമാണ്. പക്ഷേ ഈ യാഥാര്‍ഥ്യങ്ങളിലേക്ക് കച്ചവടത്തെ വലിച്ചിഴച്ച് മോദിയും കോര്‍പറേറ്റുകളും ഇന്ത്യാ പാക് ബന്ധം സങ്കീര്‍ണമാക്കുകയാണ് ചെയ്യുന്നത്.

         പാകിസ്താനുമായുള്ള എല്ലാ ഉഭയകക്ഷി ചര്‍ച്ചകളുടെയും അടിസ്ഥാന ഉപാധിയാക്കി ഭീകരത നിശ്ചയിക്കുകയും ഇന്ത്യ അവര്‍ക്ക് ശക്തമായി താക്കീത് നല്‍കുകയും ചെയ്തു എന്ന മട്ടിലുള്ള മാധ്യമ പ്രചാരണങ്ങള്‍ ജനങ്ങളെ വിഡ്ഢിയാക്കാനുള്ളവ മാത്രമാണ്. ഇതേ മാധ്യമങ്ങള്‍ തന്നെയാണ് വ്യാപാര ബന്ധം സജീവമാക്കാന്‍ തീരുമാനിച്ചു എന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാപാരം തുടങ്ങണമെന്ന അംബാനി-അദാനിമാരുടെ ആവശ്യമാണ് കണ്ടു നില്‍ക്കുന്നവര്‍ക്ക് ഏറ്റവും വലിയതായി തോന്നുന്നത്. ആദ്യം പരിഹരിക്കേണ്ട വിഷയം ഭീകരതയാണെങ്കില്‍ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച തുടങ്ങേണ്ടത് അക്കാര്യത്തിലല്ലേ? അതല്ലെങ്കില്‍ യു.പി.എ കാലത്തേതു പോലെ നമ്മള്‍ ശത്രുക്കളായി തുടരുകയാണല്ലോ വേണ്ടത്. അദാനിക്ക് ഗുജറാത്തിലെ പവര്‍ പ്രോജക്ടില്‍ നിന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനേക്കാള്‍ ലാഭമുണ്ട് രൂക്ഷമായ വൈദ്യുതി ക്ഷാമം നേരിടുന്ന പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലേക്ക് വൈദ്യുതി വില്‍ക്കാന്‍ അവസരം കിട്ടുമെങ്കില്‍. അധികാരമേറ്റതിന്റെ ഒന്നാം പക്കം തന്നെ നരേന്ദ്ര മോദി ഇതിനുള്ള വഴി അന്വേഷിക്കുകയാണോ എന്നാണ് സംശയമുയരുന്നത്. ഓട്ടോമൊബൈല്‍, മരുന്ന്, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവക്ക് പാകിസ്താനില്‍ നിയന്ത്രണരഹിത വിപണി തുറന്നു കൊടുക്കണമെന്ന ഇന്ത്യന്‍ ആവശ്യം സാധിച്ചെടുക്കാനാണ് 1999-ല്‍ വാജ്‌പേയി അവര്‍ക്ക് അതിപ്രിയ രാജ്യപദവി നല്‍കിയത്. പാകിസ്താന്‍ എന്തുകൊണ്ട് ഈ പദവി പത്തു വര്‍ഷമായിട്ടും തിരികെ നല്‍കിയില്ല? എന്തു കൊണ്ട് മുംബൈ ആക്രമണത്തിനു ശേഷവും ഈ പദവി നാം തുടര്‍ന്നു? ഇന്ത്യക്ക് അവരെ ആവശ്യമുണ്ടായിരുന്നു. എന്നാല്‍, അവര്‍ക്ക് നമ്മുടെ ഭാഗത്തു നിന്നുള്ളതിനേക്കാള്‍ വലിയ അന്താരാഷ്ട്ര ഓട്ടോമരുന്ന് മാര്‍ക്കറ്റുകളുടെ സമ്മര്‍ദം വേറെ ഉണ്ടായിരുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റിന്റെയും യൂറോപ്യന്‍- അമേരിക്കന്‍ മാര്‍ക്കറ്റുകളുടെയും ബാഹ്യ സമ്മര്‍ദങ്ങളും സൈന്യത്തിന്റെയും മതനേതാക്കളുടെയും ആഭ്യന്തരസമ്മര്‍ദവുമാണ് പാക് സര്‍ക്കാറിന്റെ മുമ്പിലുണ്ടായിരുന്ന പ്രതിസന്ധികള്‍. കശ്മീര്‍ എന്ന വലിയ തര്‍ക്കം ഇതിനിടയിലെവിടെയോ ആണ് സ്ഥാനം പിടിക്കുന്നത്. പാകിസ്താനെ ഒരേസമയം അതിപ്രിയ രാജ്യവും എന്നാല്‍ ഏറ്റവും വലിയ ശത്രുവുമായി എണ്ണുന്ന ബി.ജെ.പി 1999-ല്‍ ലാഹോറില്‍ വാജ്‌പേയി അവസാനിപ്പിച്ചേടത്തു വീണ്ടും ഇതേ പരീക്ഷണം തുടങ്ങുമ്പോള്‍ നവാസ് ശരീഫ് എന്ന പാക് ചരിത്രത്തിലെ ഏറ്റവും വലിയ കച്ചവടക്കാരന്‍ തന്നെയാണ് വീണ്ടും പ്രധാനമന്ത്രി കസേരയിലുള്ളത്. ഇതിലെവിടെയാണ് ദേശസുരക്ഷയുമായി ബന്ധപ്പെട്ട തത്ത്വങ്ങള്‍?

         പുതിയ സര്‍ക്കാര്‍ ഇന്ത്യയെ ഭയപ്പെടുത്തുന്നത് അവസരവാദപരമായ ഈ ദേശസ്‌നേഹത്തെ ചൊല്ലിയാണ്. ഒപ്പം കോര്‍പറേറ്റുകള്‍ക്ക് ആത്മാവ് പണയം വെച്ച ഒരു ഭരണയന്ത്രത്തിന്റെ നിഗൂഢതകളിലും. ഒരേസമയം പൊതുജനവുമായും ഒപ്പം കോര്‍പറേറ്റുകളുമായും അതിലേറെ അയല്‍ രാജ്യങ്ങളുമായും നടത്തുന്ന പലതരം വിലപേശലുകളുടെ ആകത്തുകയാവുകയാണ് ബി.ജെ.പി സര്‍ക്കാര്‍. ഊര്‍ജം, പെട്രോളിയം, ഖനിജം മുതലായ വകുപ്പുകളില്‍ കോര്‍പറേറ്റുകളുടെ മാനസ പുത്രന്മാരാണ് മോദി സര്‍ക്കാറിലെ പുതിയ മന്ത്രിമാര്‍. നിയന്ത്രണങ്ങള്‍ക്കതീതമായ ഏകജാലക സംവിധാനം പ്രധാനമന്ത്രി കാര്യാലയത്തില്‍ തന്നെ തയാറാവുന്നതായാണ് സൂചനകള്‍. നയപരമായ എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി തന്നെ തീരുമാനിക്കും. എല്ലാ തരം ക്ലിയറന്‍സുകളും അപ്പപ്പോള്‍ നല്‍കാന്‍ മാത്രമാണ് ഇനിയുള്ള കാലത്ത് വകുപ്പു മന്ത്രിമാര്‍. മറ്റൊരു വിചിത്രമായ സാമ്യത കൂടിയുണ്ട്. എല്ലാ ബി.ജെ.പി ഖജാന്‍ജിമാരും കേന്ദ്രഭരണം കിട്ടുമ്പോള്‍ പെട്രോളിയം വകുപ്പും മൈനിംഗ് വകുപ്പുമാണ് ഏറ്റെടുക്കേണ്ടി വരുന്നത്. ഇപ്പോഴത്തെ പീയൂഷ് ഗോയലും മുമ്പത്തെ രാം നായിക്കുമൊക്കെ ഉദാഹരണം. എന്തുകൊണ്ടാണിത്? റിലയന്‍സും അദാനിയും മോദിക്കും വാജ്‌പേയിക്കും വേണ്ടി വാരിക്കോരി എറിഞ്ഞ കോടികളുടെ കണക്ക് അറിയുന്നവര്‍ തന്നെ അത് തിരിച്ചുകൊടുക്കട്ടെയെന്ന ലളിതമായ കടബാധ്യതയല്ലേ ഇത്? അതല്ലെങ്കില്‍ ഈ യാദൃഛികതക്ക് ബി.ജെ.പി വിശദീകരണം നല്‍കേണ്ടതുണ്ട്. കോര്‍പറേറ്റ് ലോബിയിംഗിനു മുമ്പാകെ വാതില്‍ കൊട്ടിയടക്കുമെന്ന് ഗോയല്‍ പറയുമ്പോള്‍ അദാനിയും അംബാനിയും തലയറഞ്ഞ് ചിരിക്കുന്നുണ്ടാവില്ലേ? അവരുടെ പണത്തിന്റെ ഹുങ്കില്‍ തെരഞ്ഞെടുപ്പ് ജയിച്ചിട്ടാണ് ഗോയല്‍ പാവപ്പെട്ടവനെ പറ്റിക്കാന്‍ ഈ നാടകം നടത്തുന്നത്. പ്രതിരോധവും ധനകാര്യവും കോര്‍പറേറ്റ് വകുപ്പും ഒന്നിച്ച് കൈകാര്യം ചെയ്യുന്ന അരുണ്‍ ജയ്റ്റ്‌ലിയാണ് ബി.ജെ.പി നേരിടുന്ന കൂറ്റന്‍ കോര്‍പറേറ്റ് ബാധ്യതയുടെ മറ്റൊരു പ്രതീകം. ആയുധക്കച്ചവടത്തിന്റെ കമീഷനാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടികളുടെ മുഖ്യ വരുമാന സ്രോതസ്സ് എന്നിരിക്കെ പ്രതിരോധ വകുപ്പും ധനകാര്യവകുപ്പും ഒരേ മന്ത്രിയെ ഏല്‍പ്പിച്ചത് നന്നെ ചുരുങ്ങിയാല്‍ അനൗചിത്യമെങ്കിലുമല്ലേ? ജയ്റ്റ്‌ലിയെ ഈ അധിക ചുമതലയില്‍ നിന്ന് മാറ്റുമെന്ന് ഒടുവില്‍ കേള്‍ക്കാനുണ്ടെങ്കിലും പ്രധാനമന്ത്രിക്ക് നേരിട്ട് നിയന്ത്രിക്കാനാവുന്ന വിധത്തിലാണ് ഈ വകുപ്പിനെ പുനഃക്രമീകരിക്കാനൊരുങ്ങുന്നത്.

         നവാസ് ശരീഫ് ഇന്ത്യയിലെത്തിയത് തീര്‍ച്ചയായും രാജ്യത്തിന്റെ വിദേശകാര്യ മേഖലയില്‍ ഏറെ പ്രതീക്ഷ ഉയര്‍ത്തിയ ചുവടുവെപ്പായിരുന്നു. കോണ്‍ഗ്രസിനെ ഒരുകാലത്തും ഒന്നും ചെയ്യാന്‍ ബി.ജെ.പി അനുവദിക്കാതിരുന്ന ഈ മേഖലയില്‍ വാജ്‌പേയിയുടെ പഴയ വിദ്യ തന്നെയാണ് മോദിയും പിന്തുടരാന്‍ ശ്രമിക്കുന്നത്. ആവശ്യമുള്ളപ്പോള്‍ മുറുക്കിയും അല്ലാത്തപ്പോള്‍ അയച്ചും ഇഷ്ടമില്ലാത്തപ്പോള്‍ മേക്കിട്ടു കയറിയുമൊക്കെ തന്നിഷ്ടമനുസരിച്ച് അവര്‍ കൊണ്ടുനടക്കുന്ന വിദേശനയം. യുക്തിസഹമായ ഒരു തുടര്‍ച്ചയും അവകാശപ്പെടാനില്ലാത്ത ഈ പാകിസ്താന്‍ ബന്ധം സ്ഥായിയായി എന്തെങ്കിലുമൊരു മാറ്റമുണ്ടാക്കുമെന്ന് ആര്‍ക്കും വിശ്വസിക്കാനാവാത്ത രീതിയിലാണ് ബി.ജെ.പി കൊണ്ടുനടന്നത്. തനിക്ക് ആവശ്യമുള്ള എന്തിനെയും തച്ചുടക്കാനാവുമെന്ന പ്രതീതി ഇതിനകം ഉണ്ടാക്കിയ മോദിയുടെ ശൈലി തന്നെയാവും ഇനിയുള്ള കാലം ഇന്തോ-പാക് ബന്ധങ്ങളെയും അതിലൂടെ ഇന്ത്യന്‍ മുസ്‌ലിമിന്റെ സൈ്വര ജീവിതത്തെയും നയിക്കുക. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 95-97
എ.വൈ.ആര്‍