Prabodhanm Weekly

Pages

Search

2014 ജൂണ്‍ 06

രണ്ടു മൊല്ലാക്കമാര്‍: കരുത്തിന്റെയും ഇഛാശക്തിയുടെയും കൊടുമുടികള്‍

ടി.കെ അബ്ദുല്ല /വേറിട്ട വ്യക്തിത്വങ്ങള്‍-2

         ഇരിമ്പിളിയത്ത് അവറാന്‍ മൊല്ലാക്കയും മരതക്കാട് കുഞ്ഞാലന്‍ മൊല്ലാക്കയും തമ്മില്‍ എന്ത് ബന്ധം? 'മൊല്ലാക്ക'പ്പേരിനപ്പുറം അവര്‍ക്കിടയില്‍ വല്ല സമാനതകളുമുണ്ടോ? ഇരുവരും ഒരേ കാലഘട്ടത്തില്‍ ജീവിച്ചവരെങ്കിലും പരസ്പരം കാണുകയോ അറിയുകയോ ചെയ്തതിന് ഒരു തെളിവുമില്ല. രണ്ടു വ്യക്തിത്വങ്ങല്‍ തമ്മില്‍ തീര്‍ച്ചയായും വ്യത്യസ്തതകള്‍ ഉണ്ടാകുമെങ്കിലും ഇരുവര്‍ക്കും പൊതുവായി ചിലതുണ്ട്. അതാണ് അവരെ ശ്രദ്ധേയരാക്കുന്നതും ഈ ചര്‍ച്ചയില്‍ ഒന്നിച്ചുനിര്‍ത്തുന്നതും. മൊല്ലാക്കയെന്ന പാവത്താന്‍ ശബ്ദത്തില്‍ ധീരതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പുതിയ അര്‍ഥതലങ്ങള്‍ കണ്ടെത്തിയവരാണ് അവര്‍. അന്തസ്സിന്റെയും ആര്‍ജവത്തിന്റെയും ആകാശങ്ങള്‍ കീഴടക്കിയവര്‍!

         'മാപ്പിളക്കലാപ'മെന്ന് മുദ്രകുത്തപ്പെട്ട 1921 ലെ ബ്രിട്ടീഷ്‌വിരുദ്ധ വിമോചന സമരത്തില്‍ പങ്കെടുത്തതിന് ഇരുവരും അറസ്റ്റ് വരിച്ച് ജയിലില്‍ പോകേണ്ടി വന്നിട്ടുണ്ട്. അവറാന്‍ മൊല്ലാക്ക തമിഴ്‌നാട്ടിലെ ബെല്ലാരി ജയിലിലും കുഞ്ഞാലന്‍ മൊല്ലാക്ക കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമാണ് വെള്ളക്കാരന്റെ അതിഥികളായത്. സമുദായത്തിലെ രണ്ട് മഹാരഥന്മാരുടെ ശിഷ്യത്വം സ്വീകരിച്ചവരാണ് ഇരു മൊല്ലാക്കമാരും. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനാണ് കുഞ്ഞാലന്‍ മൊല്ലാക്കയെങ്കില്‍, ജമാഅത്തെ ഇസ്‌ലാമി (കേരള) സ്ഥാപക നേതാവ് ഹാജി വി.പി മുഹമ്മദലി സാഹിബാണ് അവറാന്‍ മൊല്ലാക്കയുടെ നേതാവ്.

അവറാന്‍ മൊല്ലാക്ക (മരണം 1966)

         വളാഞ്ചേരിക്കടുത്ത ഇരിമ്പിളിയത്ത് അവറാന്‍ മൊല്ലാക്ക എന്ന അബ്ദുര്‍റഹ്മാന്‍ മൊല്ലാക്കയെ ഞാന്‍ ആദ്യമായി കാണുന്നത് 1950 കളുടെ ആദ്യത്തിലാണ്. അന്നു ഞാന്‍ ജമാഅത്ത് അമീര്‍ ഹാജി സാഹിബിന്റെ കീഴില്‍ പ്രബോധനത്തില്‍ ജോലി ചെയ്യുകയായിരുന്നു. എടയൂരിലെ പ്രബോധനം ഓഫീസും ജമാഅത്ത് ഓഫീസും ഒന്നു തന്നെ. പ്രസ്ഥാന ബന്ധത്തില്‍ അവറാന്‍ മൊല്ലാക്ക ഓഫീസില്‍ വന്നുകൊണ്ടിരിക്കും.

         മൗദൂദി സാഹിബിന്റെ വിപ്ലവ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി അദ്ദേഹത്തോടൊപ്പം ഒരു വര്‍ഷത്തെ സഹവാസത്തിനുശേഷം പഞ്ചാബിലെ പഠാന്‍കോട്ട് നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ഹാജി സാഹിബ് ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സ്വയം സമര്‍പ്പിക്കുകയായിരുന്നു. തികച്ചും നൂതനമായൊരു ശൈലിയില്‍ അദ്ദേഹത്തിന്റെ പ്രൗഢോജ്വലമായ പ്രഭാഷണങ്ങളിലും സ്റ്റഡി ക്ലാസുകളിലും ആകൃഷ്ടരായി പ്രസ്ഥാനത്തിലേക്ക് വന്ന ആദ്യ ബാച്ചിന്റെ മുന്‍നിരയില്‍ മൊല്ലാക്ക ഉണ്ടായിരുന്നു (മൊല്ലാക്കയെന്ന വിളിപ്പേര് വീണത് ഓത്തുപള്ളിയില്‍ പഠിപ്പിച്ചത് കൊണ്ടല്ല. ഏതോ കുടുംബ പാരമ്പര്യത്താല്‍ ലഭിച്ചതാണ്).

         മൊല്ലാക്കയെ ഞാന്‍ കാണുമ്പോള്‍ അദ്ദേഹത്തിനു ഏകദേശം അറുപത്-അറുപത്തഞ്ച് പ്രായം. നീണ്ട് ഒത്ത തടിയുള്ള ബലിഷ്ഠമായ ആകാരം. തന്റേടം സ്ഫുരിക്കുന്ന മുഖഭാവം. സ്‌നേഹത്തില്‍ ചാലിച്ച ഗൗരവം. സൗമ്യതയും കാര്‍ക്കശ്യവും ഇഴ ചേര്‍ന്ന പ്രകൃതം. ഒറ്റ കാഴ്ചയില്‍ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും.

         ഇതാണ് അവറാന്‍ മൊല്ലാക്ക! ഒരു കുഴപ്പമേ ഉള്ളൂ. മൊല്ലാക്ക പറഞ്ഞാല്‍, പറഞ്ഞതാണ്. മൊല്ലാക്കയോട് പറഞ്ഞാലും അങ്ങനെതന്നെ വേണം. വാക്കൊന്നും പോക്ക് മറ്റൊന്നും നടപ്പില്ല. ഒന്നും ഒന്നും രണ്ട്. ഒറ്റ അല്ലെങ്കില്‍ ഇരട്ട. ആരെങ്കിലും 'ഒരട്ട' എന്ന് പറഞ്ഞാല്‍ അവിടെ കാണാം, മൊല്ലാക്കയുടെ നിറം! ആളുകള്‍ ഡിപ്ലോമസിയെന്നും അടവ് നയമെന്നുമൊക്കെ പറഞ്ഞാല്‍, സാധാരണ സ്ഥിതിക്ക് മൊല്ലാക്ക മനസ്സിലാക്കുക, 'കാപട്യം' എന്നുതന്നെയാണ്! അഹിതമായത് എവിടെ കണ്ടാലും ഉടനെയാണ് പ്രതികരണം. അത് നോക്കുകൊണ്ടോ വാക്കുകൊണ്ടോ ആകാം. ചിലപ്പോള്‍ കൈക്കരുത്തും 'ആസ്വദിക്കേണ്ടി'വരാം. ഈയൊരു 'കുഴപ്പം' മാറ്റിനിര്‍ത്തിയാല്‍ ആള് മഹാശുദ്ധനും സാത്വികനുമാണ്.

         എന്റെ വിവരണത്തില്‍ വന്നിരിക്കാവുന്ന പോരായ്മകള്‍ മൊല്ലാക്കയുടെ സ്വന്തം പേരമകന്‍ ടി.പി ശംസുദ്ദീന്‍ മാസ്റ്റര്‍ പൂര്‍ത്തീകരിച്ചുതരും. ശംസുദ്ദീന്‍ തന്നെ പറയട്ടെ:

         ''അവറാന്‍ മൊല്ലാക്ക! ആ പേര് പ്രദേശത്തുകാര്‍ ഉള്‍ക്കിടിലത്തോടെയാണ് ശ്രവിക്കുക. ഭയപ്പാട് കൊണ്ടല്ല. ബഹുമാനവും സ്‌നേഹവും അതോടൊപ്പം ഒരുതരം ആശങ്കയും അതില്‍ ഇണചേര്‍ന്നിരിക്കും. ആരോടും വളരെ ആര്‍ജവത്തോടെയും അനുകമ്പാ മനോഭാവത്തോടെയുമാണ് പെരുമാറ്റം. എന്നാല്‍ അനീതി ആരില്‍ കണ്ടാലും ഉടന്‍ പ്രതികരിക്കും. അത് ചിലപ്പോള്‍ നാവുകൊണ്ടും വേണ്ടിവന്നാല്‍ കൈകൊണ്ടും ആയേക്കാം.

         മൊല്ലാക്കയെ കാണുന്ന ആര്‍ക്കും തന്നെ ഇരിപ്പുറയ്ക്കാറില്ല. ഇതദ്ദേഹം ആഗ്രഹിക്കുന്നതല്ല താനും.''

         ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ഹാജി വി.പി മുഹമ്മദലി പഠാന്‍കോട്ട് നിന്ന് നാട്ടില്‍ തിരിച്ചെത്തിയ കാര്യം സൂചിപ്പിച്ചിരുന്നുവല്ലോ. അദ്ദേഹം പ്രഥമ കര്‍മമണ്ഡലമായി തെരഞ്ഞെടുത്തത് സ്വദേശമായ ഇരിമ്പിളിയം-വളാഞ്ചേരി മേഖല തന്നെയായിരുന്നു. സമുദായത്തില്‍ ഉല്‍പതിഷ്ണു-യാഥാസ്ഥിതിക സംഘര്‍ഷങ്ങളും പള്ളി-മത തര്‍ക്കങ്ങളും രൂക്ഷമായി നിലനിന്ന പ്രദേശമായിരുന്നു ഇരിമ്പിളിയം. സംഘര്‍ഷ ഭൂമിയില്‍ നിന്ന് ഉറച്ച ഉല്‍പതിഷ്ണുവായി ഉയര്‍ന്നുവന്ന വിപ്ലവകാരിയായ അവറാന്‍ മൊല്ലാക്ക ഹാജിസാഹിബിന്റെ നവോത്ഥാന പ്രസ്ഥാനത്തില്‍ മുന്നിട്ടിറങ്ങിയത് സ്വാഭാവികം. സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ അമീറിന്റെ നിഴല്‍ പറ്റി യു. മുഹമ്മദ് എന്ന കരുത്തനായ യുവപ്രവര്‍ത്തകന്‍ സദാ കൂടെയുണ്ടാകും. ഒരു 'അദൃശ്യ സാന്നിധ്യം' പോലെ മൊല്ലാക്കയും!

         പോലീസ് സാന്നിധ്യത്തില്‍ ജുമുഅ നമസ്‌കാരം നടത്തിവന്ന ഇരിമ്പിളിയത്തെ സുന്നി-വഹാബി തര്‍ക്കം രമ്യമായി ഒത്തുതീര്‍ന്ന സാഹചര്യത്തില്‍ ഹാജി സാഹിബ് ഇടപെട്ട് മുതവല്ലിയുടെ സഹകരണത്തോടെ മഹല്ല് പള്ളിയില്‍ മുദര്‍രിസായി  എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവിയെ നിശ്ചയിക്കുകയുണ്ടായി. ജമാഅത്തുകാരനായ മൗലവിയെ പൂര്‍വവൈരാഗ്യം മാറിയിട്ടില്ലാത്ത ചിലര്‍ ഭീഷണിപ്പെടുത്തുമായിരുന്നു. അപ്പോഴൊക്കെ മൗലവിയുടെ മറുപടി റെഡി: ''മൊല്ലാക്ക ഇവിടെത്തന്നെ ഉണ്ടെന്നോര്‍ത്തോണം.'' പിന്നെ ഭീഷണിക്കാരന്റെ പൊടിപോലും കാണില്ല. രാത്രിയില്‍ മൊല്ലാക്കയുടെ ഉറക്കം എന്നും പള്ളിയിലായിരുന്നു.

         തൊള്ളായിരത്തി നാല്‍പതുകളില്‍ ഞാന്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ പഠിക്കുന്ന കാലത്ത് തന്നെ ഇരിമ്പിളിയത്തെക്കുറിച്ച് കേട്ടിരുന്നു. ഇസ്‌ലാംമതം, രക്ഷാസരണി എന്നീ രണ്ടു പുസ്തകങ്ങളുമായി ആരംഭം കുറിച്ച ജമാഅത്ത് പ്രസിദ്ധീകരണാലയത്തെ പുളിക്കലെ മുജാഹിദ് സുഹൃത്തുക്കള്‍ കളിയാക്കിയിരുന്നത് 'ഇരിമ്പിളിയത്തെ മുരിക്കുംപെട്ടി'യെന്നായിരുന്നു. ആ 'മുരിക്കുംപെട്ടിയി'ല്‍ ഇപ്പോള്‍ 600-ല്‍ പരം പ്രസിദ്ധീകരണങ്ങള്‍ ഉള്ളതായി, അന്ന് കളിയാക്കിയവര്‍ക്കും അറിയാം.

         നമുക്ക് മൊല്ലാക്കയിലേക്കുതന്നെ വരാം. പ്രസ്ഥാനത്തിന്റെ ഒരു ത്രൈമാസ ഫര്‍ക്കാ സമ്മേളനം പൊന്നാനിയില്‍ നടക്കുന്നു. ഇരിമ്പിളിയം-വളാഞ്ചേരി ഭാഗത്തുള്ള പ്രവര്‍ത്തകരും പൊന്നാനി പരിപാടിക്ക് നിര്‍ബന്ധമായി എത്തിച്ചേരണം. മഴക്കാലമാണ്. നിശ്ചിത ദിവസം കൊടും പേമാരി. റോഡെല്ലാം തോട്. ഉള്ള ഗതാഗതവും മുടക്കം. ഇരുപതില്‍പരം കി.മീ അങ്ങോട്ടും അത്ര തന്നെ തിരിച്ചും കോടമഴയും താണ്ടി കാല്‍നട പോകുന്ന കാര്യം ഹാജിസാഹിബ് ഉള്‍പ്പെടെ ആരുടെയും ചിന്തയില്‍ ഇല്ല. പരസ്പരം വിവരം എത്തിക്കാനും പറ്റിയില്ല. പക്ഷേ അവറാന്‍ മൊല്ലാക്ക ആള് വേറെയാണല്ലോ! നേരെ വെച്ചുപിടിച്ചു, ഇരിമ്പിളിയത്ത് നിന്ന് പൊന്നാനിക്ക്. തിരിച്ച് ഇങ്ങോട്ടും. നാല്‍പതില്‍പരം കിലോമീറ്റര്‍ കാല്‍നടയായി! സംഭവം സഹപ്രവര്‍ത്തകരില്‍ ഞെട്ടലുണ്ടാക്കി. ഹാജിസാഹിബിനും വേണ്ടിവന്നു, രണ്ടു മൂന്നുനാള്‍ മാറി നില്‍ക്കാന്‍. ഇതാണ് അവറാന്‍ മൊല്ലാക്ക!

         റമദാന്‍ കാലത്ത് മിക്ക നാട്ടിന്‍പുറങ്ങളിലും ചില 'നോമ്പുകള്ളന്മാരു'ണ്ടാകും. മക്കാനിപ്പിന്നാമ്പുറത്തും തട്ടുകടകളിലുമൊക്കെയാണ് അവരുണ്ടാവുക. അത്തരം ഒളിത്താവളങ്ങളിലെ പകല്‍ നോമ്പുതുറക്കാരെ അധികമാരും അലോസരപ്പെടുത്താറില്ല. മൊല്ലാക്കയും അവരെ ശ്രദ്ധിക്കുന്ന പതിവില്ല. എന്നാല്‍ ആ വഴി നടന്നുവരുന്നത് മൊല്ലാക്കയാണെന്ന് കണ്ടാല്‍ അവന്മാരൊക്കെ ഓടെടാ ഒരോട്ടമാണ്! വഴിയോരത്ത് മൂര്‍ഖന്‍ പാമ്പിനെ കണ്ടാല്‍ കൊല്ലുന്നത് മഹാസംഭവമൊന്നുമല്ലെങ്കിലും, പാതിരാ നേരത്ത് അരണ്ട റാന്തല്‍ വെളിച്ചത്തില്‍ നടന്ന് പോകുമ്പോള്‍ പള്ളിക്കാട്ടില്‍ വിഷസര്‍പ്പത്തിന്റെ ഊത്ത് കേട്ട ഭാഗത്തേക്ക് കയറിച്ചെന്ന് സ്വന്തം കൈക്കത്തികൊണ്ട് 'കാളീയ നിഗ്രഹം' ചെയ്യാന്‍ മൊല്ലാക്കയെപ്പോലൊരാള്‍ തന്നെ വേണം! ഇത്തരം കഥകള്‍ പലതും അനുഭവസ്ഥര്‍ക്ക് ഓര്‍ത്തെടുക്കാനുണ്ട്. അതെല്ലാം ഒത്തുചേരുന്നേടത്താണ് അവറാന്‍ മൊല്ലാക്കയുടെ വേറിട്ട വ്യക്തിത്വം തെളിഞ്ഞുവരുന്നത്.

കുഞ്ഞാലന്‍ മൊല്ലാക്ക

         മരതക്കാട് പാലാട്ട് കുയ്യന്‍ ഔലന്‍ മകന്‍ കുഞ്ഞാലന്‍ മൊല്ലാക്കയെ ഞാന്‍ നേരിട്ടറിയില്ല. ഒരിക്കല്‍ പോലും കണ്ടിട്ടുമില്ല. കേട്ടറിവ് മാത്രമേ ഉള്ളൂ. തികച്ചും യാദൃഛികമായ ഒരനുഭവമാണ് അതിനു നിമിത്തമായത്.

         തൊള്ളായിരത്തി അമ്പത്-അറുപത് കാലത്തെ ഓര്‍മയാണ്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി-എടവണ്ണപ്പാറ റൂട്ടില്‍ യാത്ര ചെയ്യേണ്ടിവന്ന സന്ദര്‍ഭങ്ങളില്‍ മരതക്കാട് ടൗണിനു സമീപം പണിതീരാത്ത ഒരു പള്ളി ശ്രദ്ധയില്‍പെട്ടു. കെട്ടിടത്തിന്റെ തറയും ചുമരും ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. പരിശുദ്ധമായ ഒരു മസ്ജിദ് എന്തുകൊണ്ടിങ്ങനെ പണിതീരാതെ കിടന്നു? നൂറോളം പേര്‍ക്ക് നമസ്‌കരിക്കാവുന്ന പള്ളി നിര്‍മാണം പാതിവഴിയില്‍ മുടങ്ങിയത് എന്തുകൊണ്ടാവാം? വല്ല മതത്തര്‍ക്കവശാലോ മറ്റോ ആയിരിക്കുമോ? ബസ്സിലെ മറ്റും സഹയാത്രികരോട് അന്വേഷിച്ചെങ്കിലും കൃത്യമായ വിവരം ആര്‍ക്കുമില്ല. മൊല്ലാക്കയുടെ പള്ളിയെന്നും മൊല്ലാക്ക ഒറ്റക്ക് പണിത പള്ളിയെന്നും ചിലരെല്ലാം പറഞ്ഞു. ഈ പണിതീരാത്ത പള്ളിയും മൊല്ലാക്കയും സദാ ഓര്‍മയിലെവിടെയോ തങ്ങിനിന്നു. നിജസ്ഥിതി അറിയാനുള്ള ജിജ്ഞാസ 'പണി തീരാതെ' കിടന്നു. ഒടുവില്‍ എന്റെ ഓര്‍മക്കുറിപ്പ് എഴുതിതുടങ്ങിയ മുതലാണ് വീണ്ടും അതൊരു ആവേശമായി ഉണര്‍ന്നത്. പലപ്പോഴായി, പലരുമായി ബന്ധപ്പെട്ടെങ്കിലും വിശ്വസനീയമായ വിവരങ്ങള്‍ ലഭ്യമായില്ല. ഒടുവില്‍, പുളിക്കല്‍ കെ.സി ജലീല്‍ മാസ്റ്റര്‍ മുഖേന നടത്തിയ അന്വേഷണമാണ് ലക്ഷ്യം കണ്ടത്. കുഞ്ഞാലന്‍ മൊല്ലാക്കയുടെ ഇഷ്ടശിഷ്യന്‍ പോപ്പുലാന്‍ മുഹമ്മദ് ഹാജിയില്‍നിന്നും മറ്റു മുതിര്‍ന്ന സ്ഥലവാസികളില്‍നിന്നും ജലീല്‍ മാസ്റ്ററിലൂടെ ലഭിച്ച വസ്തുതകളുടെ പ്രസക്തഭാഗമാണ് ചുവടെ.

         ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പരിഷ്‌കരണ ശൈലിക്ക് വിധേയമായി ശിഷ്യനായ കുഞ്ഞാലന്‍ മൊല്ലാക്ക പള്ളികളും മദ്‌റസകളും സ്ഥാപിച്ചു നടത്തിയിരുന്നു. കുഞ്ഞഹമ്മദ് ഹാജിയുടെ 'ഖിബ്‌ലാ' വീക്ഷണത്തിന്റെ പ്രചാരകനും ആയിരുന്നു അദ്ദേഹം. എന്നാല്‍ പരസഹായമില്ലാതെ സ്വന്തം കൈക്കരുത്ത് കൊണ്ട് ഒരു പള്ളി പണിയുകയെന്ന ആശയം മൊല്ലാക്കയില്‍ ജനിക്കുന്നത് ബ്രിട്ടീഷുകാരന്റെ തടവറയില്‍ വെച്ചാണ്.

          ആരാണ് ഈ മൊല്ലാക്ക? അപാരമായ കരുത്തിന്റെയും ഇഛാബലത്തിന്റെയും ആള്‍രൂപം. ആജാനുബാഹു. ഉറച്ച എല്ലുകളും പേശികളും. ആരിലും ഭയബഹുമാനം ജനിപ്പിക്കുന്ന വ്യക്തിപ്രഭാവം. ഒന്നിനെയും കൂസാത്ത പ്രകൃതം.

         ജയില്‍മോചിതനായി നാട്ടില്‍ തിരിച്ചെത്തി, ഒരിടവേളക്ക് ശേഷം മൊല്ലാക്ക നേരത്തെ തീരുമാനിച്ചുറച്ച ഏകാംഗ-പള്ളിനിര്‍മാണ യജ്ഞത്തിലേക്ക് പ്രവേശിക്കുകയായി. പിന്നെ, രാപ്പകല്‍ അതില്‍ തന്നെ ലയിച്ചു.

         മരതക്കാട് അങ്ങാടിക്ക് സമീപം സ്വന്തം കാശ് മുടക്കി 25 സെന്റ് സ്ഥലം വിലക്ക് വാങ്ങി. നിര്‍മാണ സ്‌പോട്ടില്‍ നിന്ന് നൂറ് മീറ്റര്‍ അകലെ ഇപ്പോള്‍ നൂറുല്‍ ഹുദാ അറബിക് കോളേജ് നില്‍ക്കുന്ന ഭാഗത്ത് നിന്ന് ബലമുള്ള കല്ലുകള്‍ സ്വന്തം കൈകൊണ്ട് വെട്ടിയെടുത്തു. ഇന്നത്തെ സൈസ് കല്ലിന്റെ 20 ഇരട്ടി വലുപ്പമുള്ള കല്ലുകളാണത്രെ തറ നിര്‍മാണത്തിനുവേണ്ടി വെട്ടിയെടുത്തത്! ഇതല്‍പ്പം അതിശയോക്തിപോലെ തോന്നിപ്പോകുന്നുവെങ്കിലും ഇതേ സൈസില്‍പെട്ട രണ്ടു കല്ലുകള്‍ പരിസരത്ത് കിടപ്പുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. ചുമരുകള്‍ കെട്ടാനുപയോഗിച്ചത് ഇന്നത്തെ സാധാരണ കല്ലിന്റെ മൂന്നിരട്ടി വലുപ്പമുള്ള കല്ലുകളാണ്.

         കല്ലുകള്‍ എങ്ങനെ സ്‌പോട്ടിലെത്തിച്ചു എന്നതാണ് മുഖ്യ ചോദ്യം. ഈന്തിന്‍ തടി കൊണ്ടുള്ള ചക്രത്തില്‍ വണ്ടി നിര്‍മിച്ച്, ബലമുള്ള കയര്‍ കൊണ്ട് സ്വന്തം അരയുമായി ബന്ധിച്ച്, കല്ലുകള്‍ വലിച്ചുകൊണ്ടു വരികയായിരുന്നു! തറയും ചുമരുകളും പണിത് പടിഞ്ഞാറു ഭാഗത്ത് കട്ടിളയും വെച്ചിരുന്നു. സ്വന്തം മനക്കരുത്ത് കൊണ്ടും കൈക്കരുത്തു കൊണ്ടും ഇത്രയും പണിപൂര്‍ത്തീകരിച്ചതിനിടെയാണ്, കുഞ്ഞാലന്‍ മൊല്ലാക്ക ദീനം ബാധിച്ച് കിടപ്പിലാകുന്നത്.

         എന്തിനിങ്ങനെയൊരു ധീരസാഹസികതക്ക് മൊല്ലാക്ക മുന്നിട്ടിറങ്ങിയെന്ന ചോദ്യത്തിന്, അല്ലാഹുവിങ്കല്‍ നിന്നുള്ള കൂടുതല്‍ പ്രതിഫലേഛ, നല്ല കാര്യത്തിലുള്ള ശാഠ്യബുദ്ധി എന്നിങ്ങനെയാണ് നാട്ടുകാരുടെ പ്രതികരണം. തന്റെ ജീവിതസ്വപ്നം പാതിവഴിയില്‍ വിട്ടുകൊണ്ട് ആ കര്‍മയോഗി എന്നെന്നേക്കുമായി യാത്ര പിരിഞ്ഞു. ഇരിമ്പിൡത്തെ അബ്ദുര്‍റഹ്മാന്‍ മൊല്ലാക്കയും മരതക്കാട്ട് കുഞ്ഞാലന്‍ മൊല്ലയും ഒരേ വര്‍ഷം യാത്രയായി എന്നത് അസാധാരണമായ ഒത്തുചേരല്‍ തന്നെ!

         പിന്നീട്, 1972-ല്‍ പാണക്കാട് പൂക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പള്ളിപ്പണി തുടരാന്‍ തീരുമാനിക്കുകയും നിബ്രാസുല്‍ ഇസ്‌ലാം കമ്മിറ്റിയുടെ കീഴില്‍ 1975-ല്‍ പണി പൂര്‍ത്തീകരിക്കുകയും ചെയ്തു. 1983 ലാണ് ഔപചാരികമായ ഉദ്ഘാടനം നടന്നത്. 2010 ല്‍ ജുമുഅ ആരംഭിച്ചു.

         പണി പൂര്‍ത്തീകരിച്ചു ജുമുഅ സ്ഥാപിച്ചത് എത്രയും സന്തോഷകരം തന്നെ. മൊല്ലാക്കപ്പള്ളിയുടെ ഓര്‍മക്ക് പഴമയുടെ ഒരടയാളം ബാക്കി വെക്കണമായിരുന്നുവെന്നു തോന്നി. സ്മാരകങ്ങളുടെ തനിമയും പുതുമയും തമ്മിലുള്ള സംഘര്‍ഷം ഹറമിലോളം നീളുന്ന ആഗോള പ്രതിഭാസമെന്ന് സമാശ്വസിക്കാം (ഈ ലേഖനം മൊല്ലാക്കപ്പള്ളിയുടെ ഒരു ഓര്‍മപുതുക്കലായി നിലനില്‍ക്കുമാറാകട്ടെ).

         കുറിപ്പ്: പണ്ടെന്നോ മണ്‍മറഞ്ഞുപോയ രണ്ടു മൊല്ലാക്കമാരുടെ പഴംപുരാണം കേട്ടിട്ട് ഇപ്പോളെന്ത് കാര്യം എന്ന് ചിന്തിക്കുന്ന ചിലരും സമുദായത്തിലുണ്ടാകാം. മറന്നു പോയ പൈതൃകത്തിലേക്ക് തലമുറകളെ തട്ടിയുണര്‍ത്താന്‍ എന്നാണുത്തരം. പൊങ്ങച്ചപ്പരിഷ്‌കാരത്തിലും സിനിമാ-ക്രിക്കറ്റ് താരാരാധനയിലും ഭ്രമിച്ച്, ജീവിതശൈലീ രോഗങ്ങളും പേറി അപഥ സഞ്ചാരം ചെയ്യുന്ന പുതുതലമുറ, തങ്ങളുടെ ചരിത്രവഴികളില്‍ ഇങ്ങനെയും ചിലര്‍ നടന്നുപോയിട്ടുണ്ടെന്നറിയുന്നത് ഒരല്‍പം പുനരാലോചനക്ക് സഹായകമായാല്‍ അത്രയും നല്ലത്!

         അല്ലാമാ ഇഖ്ബാല്‍ പറഞ്ഞു:

         ''വ്യക്തിയുടെ ജീവിതം ശരീരാത്മാക്കളുടെ ബന്ധത്തില്‍.
         സമൂഹ ജീവിതത്തിന്റെ നീരുറവ തിരുപൈതൃകങ്ങളുടെ ശേഷിപ്പുകള്‍.
         വ്യക്തിയുടെ മരണം ജീവജലം വറ്റുമ്പോള്‍.
         സമൂഹ മരണം ജീവിതലക്ഷ്യം ത്യജിക്കുമ്പോള്‍.'' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 95-97
എ.വൈ.ആര്‍