Prabodhanm Weekly

Pages

Search

2014 ജൂണ്‍ 06

ടി.മുഹമ്മദ്: ചരിത്ര സാംസ്‌കാരിക ഭൂമികയിലെ സാത്വികന്‍

നിദാലുലു കെ.ജി കാരകുന്ന് /പുസ്തകം

         1978 -'83 കാലഘട്ടത്തില്‍ പ്രബോധനത്തില്‍ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ട ടി. മുഹമ്മദിന്റെ ലേഖനങ്ങളുടെ സമാഹാരം മൂന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷം 'മാപ്പിള സമുദായം ചരിത്ര സംസ്‌കാരം' എന്ന പേരില്‍ പുസ്തകമായി പുറത്തിറങ്ങുകയുണ്ടായി. മരണപ്പെട്ട് വര്‍ഷങ്ങള്‍ക്കു ശേഷവും, ടി.എമ്മിന്റെ രചന ലൈബ്രറിയില്‍ പുതുതായി വന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്നതിന്റെ കൗതുകമായിരുന്നു, അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാന്‍ പ്രേരിപ്പിച്ചത്. എണ്‍പതുകളിലുള്ളതിനേക്കാള്‍ മാപ്പിള പഠനങ്ങള്‍ അക്കാദമിക്-അക്കാദമികേതര വൃത്തങ്ങളില്‍ ശ്രദ്ധയും താല്‍പര്യവും നേടിക്കഴിഞ്ഞ ആധുനികോത്തര പരിസരത്ത് പുസ്തകം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.

         കേരളത്തില്‍ ഇസ്‌ലാം സാന്നിധ്യമറിയിച്ചത് മുതല്‍ മലബാര്‍ സമരം വരെയുള്ള ചരിത്രമാണ് ഇതില്‍ വിശകലനം ചെയ്യുന്നത്. കേരളത്തിന്റെ സാമൂഹിക രൂപീകരണത്തില്‍ ഒട്ടനവധി സംഭാവനകളര്‍പ്പിച്ച മലബാര്‍ പ്രദേശവും അവിടത്തെ നിവാസികളും സമ്പന്നമായ ഒരു സാംസ്‌കാരിക ചരിത്രത്തിന്റെ അവകാശികളാണ്. മലബാറിലെ മൈസൂര്‍ ഭരണവും ഖിലാഫത്ത് സമരവുമൊക്കെ ഏറെ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട സംഭവങ്ങള്‍ എന്ന നിലയില്‍ പ്രത്യേകം പ്രാധാന്യം നല്‍കിയിരിക്കുന്നു. സാമുദായികമോ ദേശീയമോ ആയ മുന്‍വിധികളെയും പക്ഷപാതിത്വങ്ങളെയും നിരാകരിച്ച് മാപ്പിള ചരിത്രങ്ങളുടെ സാമ്പ്രദായിക വായനകള്‍ നടന്നുകൊണ്ടിരിക്കുന്ന കാലത്ത് വേറിട്ടൊരു ശൈലിയിലും ഭാവുകത്വത്തിലും നടത്തിയ അന്വേഷണ യാത്രയാണിത്.

         പുരോഗമനവാദികളായ ലിബറലുകള്‍ സങ്കുചിത ദേശീയ ചിന്തയിലും തീവ്ര രാഷ്ട്രാന്തരീയ ധാരകളിലും അഭിരമിച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് ഒരു സമുദായത്തിന്റെ ചരിത്രം കുറിച്ചിടാന്‍ ടി.എം മുന്നോട്ടുവരുന്നത്. വേദപുരാണ സാഹിത്യങ്ങളില്‍ ഏകദൈവ വിശ്വാസത്തിന്റെയും സെമിറ്റിക് പ്രവാചകന്മാരുടെ പ്രബോധനങ്ങളുടെയും തായ്‌വേരുകള്‍ കണ്ടെത്തുന്ന 'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍' ടി.എമ്മിന്റെ മാസ്റ്റര്‍പീസ്സാണ്. വ്യത്യസ്ത ജാതി മത സാംസ്‌കാരിക ധാരകളുടെ സമന്വയ ഭൂമിയായ ഭാരതത്തിലെ ദര്‍ശനങ്ങളുടെ അടിവേരുകള്‍ ഒരേ ബിന്ദുവില്‍ കേന്ദ്രീകരിക്കുന്നു എന്ന്, സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്ന മതങ്ങളെയും സംസ്‌കാരങ്ങളെയും ഭാഷാ ശാസ്ത്രങ്ങളെയും മത സാഹിത്യ- പുരാവസ്തു പഠനങ്ങളെയും അവലംബിച്ച് വിലയിരുത്തുകയാണ് ഈ ഗ്രന്ഥം. അനേക ജാതികളും ഉപജാതികളും മതവിഭാഗങ്ങളും അവാന്തര വിഭാഗങ്ങളുമായി പിരിഞ്ഞ് തെറ്റായ ധാരണകളും വിദ്വേഷ കലുഷിതമായ വികാരങ്ങളും വെച്ചുപുലര്‍ത്തുന്നവരെ അഭിസംബോധന ചെയ്ത്, ഭാരതീയ ജനത ഒന്നടങ്കം ഏകോദര സഹോദരന്മാരാണെന്ന് ഉദ്‌ഘോഷിക്കുകയാണ് ടി.എമ്മിന്റെ 'ഒരു ജാതി ഒരു മതം.'

         മോഹന്‍ജെദാരൊ, ഹാരപ്പ തുടങ്ങിയ ഉല്‍ഖനന പ്രദേശങ്ങളിലെ ഗവേഷണങ്ങളില്‍ നിന്ന് ഭാരതീയ സംസ്‌കാരത്തിന്റെ ആദിമ ശില്‍പികള്‍ ഇന്തോ-ആര്യന്മാരാണെന്ന ധാരണ തെറ്റാണെന്ന് കണ്ടെത്തിയതോടെ, സിന്ധു നദീ തട നിവാസികളായിരുന്ന സുമേരിയന്‍ വര്‍ഗത്തില്‍ പെട്ട ദ്രാവിഡരാണ് ആദിമ വിഭാഗമെന്ന് തെളിയിക്കപ്പെട്ടു. അങ്ങനെ വരുമ്പോള്‍ ഭാരതീയര്‍ മൊസൊപ്പെട്ടോമിയന്‍ സംസ്‌കാരത്തിലെ സുമേരിയന്‍ വര്‍ഗത്തിലേക്കിറക്കപ്പെട്ട നോഹാ പ്രവാചകന്റെ ഉദ്ബുദ്ധരായ പ്രബോധിതരാകാനുള്ള സാധ്യത ബലപ്പെടുന്നു എന്ന് ഈ കൃതി വിശദീകരിക്കുന്നു.

         പള്ളി ദര്‍സുകളില്‍ നിന്നും ഫറൂഖിലെ റൗദത്തുല്‍ ഉലൂം അറബിക്കോളേജില്‍ നിന്നും മതവിഷയങ്ങളില്‍ അവഗാഹം നേടിയ അദ്ദേഹം അറബി, ഉര്‍ദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ്, സംസ്‌കൃതം, ഹീബ്രു തുടങ്ങിയ ഭാഷകള്‍ കൈകാര്യം ചെയ്തിരുന്നു. ഓരോരോ സന്ദര്‍ഭങ്ങളിലെ പ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍. തുടര്‍ച്ചയായി പ്രബോധനത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങള്‍ പിന്നീട് പുസ്തകങ്ങളായി പുറത്തിറങ്ങുകയായിരുന്നു. തീവ്രമായ തപസ്യലൂടെ, പഠന മനനങ്ങളിലൂടെ അദ്ദേഹം സ്വായത്തമാക്കിയ അറിവിന്റെ കലവറ സമുദായത്തിനും സമൂഹത്തിനും ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്.

         ആധുനിക ഇസ്‌ലാമിക പ്രവര്‍ത്തകരെ സദാ അലട്ടുന്ന ചില വിഷയങ്ങളെ ആസ്പദിച്ച് രചിച്ച മൂന്ന് ലേഖനങ്ങളുടെ സമാഹാരമാണ് 'ആധുനിക ചിന്തകള്‍'. ഉല്‍പന്നങ്ങളുടെ സകാത്ത്, ശരീഅത്തും ഇജ്തിഹാദും, ബാങ്കിംഗും ഇന്‍ഷുറന്‍സും എന്നീ വിഷയങ്ങളാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. കൊച്ചി-ആലുവാ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ 1965 ജൂലൈ 10,11 തീയതികളില്‍ എറണാകുളത്ത് ചേര്‍ന്ന ചര്‍ച്ചാ സമ്മേളനത്തിലവതരിപ്പിച്ച ഈ പ്രബന്ധത്തില്‍ ഇജ്തിഹാദിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ സാമാന്യം വിശദമായി കൈകാര്യം ചെയ്യുന്നു.

         1964 സെപ്റ്റംബര്‍ 17,18,19 തീയതികളില്‍ ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍ ചേര്‍ന്ന പണ്ഡിതന്മാരുടെ സമ്മേളനത്തില്‍ വായിച്ചതാണ് 'ബാങ്കിംഗും ഇന്‍ഷുറന്‍സും. ഇതില്‍ ഇസ്‌ലാമിക് ബാങ്കിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ഇന്‍ഷുറന്‍സിന്റെ മതപരവും ചരിത്രപരവുമായ മാനങ്ങള്‍ വിശദമാക്കുകയും ചെയ്യുന്നു. ഉല്‍പന്നങ്ങളുടെ സകാത്തിനെ സംബന്ധിച്ച് 1956-ല്‍ രണ്ടത്താണി സകാത്ത് കമ്മിറ്റിയുടെ ചോദ്യങ്ങള്‍ക്കുത്തരമായി എഴുതിയതും അക്കൊല്ലം നവംബര്‍ ലക്കം പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചതുമായ ലേഖനമാണ് 'ഉല്‍പന്നങ്ങളുടെ സകാത്ത്.'

         ഇരുപതാം നൂറ്റാണ്ടില്‍ ഇസ്‌ലാമിക ഭൂമികയില്‍ സമുദായ സമുദ്ധാരണ ദൗത്യമേറ്റെടുത്ത് രംഗത്ത് വന്ന പ്രസ്ഥാനത്തെയും അതിന്റെ നായകനെയും കേരളക്കരക്ക് പരിചയപ്പെടുത്തുകയാണ് അബുല്‍ അഅ്‌ലാ എന്ന കൃതിയില്‍. മൗലാനാ മൗദൂദിയുടെ സംഭവബഹുലമായ ജീവിതം ഇതില്‍ ഇതള്‍ വിരിയുന്നു. ഇബാദത്തിനെ സംബന്ധിച്ച് യാഥാസ്ഥിതിക മുസ്‌ലിം സമൂഹത്തില്‍ വമ്പിച്ച കോലാഹലങ്ങള്‍ നടന്നുകൊണ്ടിരുന്ന സന്ദര്‍ഭമായിരുന്നു അത്. ഇസ്‌ലാമിന്റെ സമഗ്രതയെയും സാമൂഹിക പുനര്‍നിര്‍മാണ പ്രക്രിയയില്‍ അതിന്റെ പങ്കിനെയും കുറിച്ച് ടി.എമ്മിനെപ്പോലുള്ളവര്‍ക്ക് നിരന്തരം വാചാലരാകേണ്ടിവന്നു. അല്ലാഹുവിന്നുള്ള ഇബാദത്ത് യഥാര്‍ഥത്തില്‍ എങ്ങനെയായിരിക്കണമെന്ന് വിശദീകരിച്ചുകൊണ്ട് 1952-ല്‍ പ്രബോധനത്തിന്റെ ഏഴു ലക്കങ്ങളില്‍ അദ്ദേഹം ലേഖന പരമ്പര പ്രസിദ്ധീകരിച്ചു. പിന്നീട് ഇത് 'ഇസ്‌ലാമിലെ ഇബാദത്ത്' എന്ന പേരില്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങി.

         'ഇസ്‌ലാമിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍' എന്ന പേരില്‍ ഐ.പി.എച്ച് പുറത്തിറക്കിയ പുസ്തകം, 1963-'64 കാലഘട്ടത്തില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി കേരള ശാഖയുടെ മേഖലാ സമ്മേളനത്തില്‍ വായിച്ച പ്രബന്ധങ്ങളായിരുന്നു. ഇതില്‍ ഉമറുബ്‌നു അബ്ദില്‍ അസീസ്, നാല് ഇമാമുമാര്‍, ഇമാം ഗസ്സാലി, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ, ശൈഖ് അഹ്മദ് സര്‍ഹിന്ദി, ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി, ശൈഖ് മുഹമ്മദിബ്‌നു അബ്ദില്‍ വഹാബ്, സയ്യിദ് അഹ്മദ്, ശാഹ് ഇസ്മാഈല്‍ തുടങ്ങിയവരുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ സവിശേഷതകളും ചര്‍ച്ച ചെയ്യുന്നു.

         പ്രബോധനം മാസികയിലെ 'പ്രശ്‌നവും വീക്ഷണവും' എന്ന പംക്തിയില്‍ 'സിഹ്‌റിന് യാഥാര്‍ഥ്യമുണ്ടോ?' എന്ന വായനക്കാരന്റെ ചോദ്യമാണ് ടി.എമ്മിന്റെ 'സിഹ്ര്‍' എന്ന പുസ്തക രചനക്ക് കാരണമായത്. സിഹ്‌റിന് അതില്‍ വിശ്വസിക്കുന്നവരെ ഭയപ്പെടുത്താനും ഭ്രമിപ്പിക്കാനും കഴിയുമെങ്കിലും അതിന് യാഥാര്‍ഥ്യമില്ല എന്നാണ് പ്രസ്തുത പംക്തി അന്ന് കൈകാര്യം ചെയ്തിരുന്ന പണ്ഡിതന്‍ നല്‍കിയ മറുപടി. ഈ അഭിപ്രായപ്രകടനത്തെത്തുടര്‍ന്ന് മുസ്‌ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് വമ്പിച്ച വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. കക്ഷിഭേദമോ പണ്ഡിത പാമര വ്യത്യാസമോ ഇല്ലാതെ സിഹ്ര്‍ വിശ്വാസം എത്ര ആഴത്തില്‍ വേരോടിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ സംഭവം. സമുദായത്തെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തണമെങ്കില്‍ ആഴവും പരപ്പുമുള്ള പഠനം അനിവാര്യമായിരുന്നു. അന്ന് പ്രബോധനത്തിലുണ്ടായിരുന്ന മര്‍ഹൂം ടി. മുഹമ്മദ് സാഹിബ് വിഷയം ഏറ്റെടുക്കുകയും അഞ്ച് ലക്കങ്ങളിലായി പഠനം അവതരിപ്പിക്കുകയുമായിരുന്നു. മന്ത്ര-മാരണാദി വ്യാജവിദ്യകളുടെയും ഭൂത-പ്രേതാദി സിദ്ധന്മാരുടെയും എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ പുസ്തകത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു. സ്വസമുദായത്തിന്റെ സമുദ്ധാരണം ലക്ഷ്യം വെച്ച് രചിച്ച കൃതിയാണ് 'തര്‍ബിയത്ത് എന്ത്? എന്തിന്? എങ്ങനെ?' ദൈവമാര്‍ഗത്തിലുള്ള ജിഹാദ് ഏറെ തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹം എഴുതിയ ലഘു കൃതിയാണ് 'ധര്‍മ സമരം.' ധര്‍മസമരങ്ങള്‍ ഇതര മതങ്ങളില്‍ എങ്ങനെ വിശദീകരിക്കപ്പെട്ടുവെന്ന് ഈ കൃതി വിശകലനം ചെയ്യുന്നു. യുവജനങ്ങള്‍ സ്വീകരിക്കക്കേണ്ട പ്രവര്‍ത്തനശൈലിയെക്കുറിച്ച് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നെടുനായകന്‍ മൗലാനാ മൗദൂദിയുടെ വിലപ്പെട്ട നിര്‍ദേശങ്ങളടങ്ങുന്ന ടി.എമ്മിന്റെ കൃതിയാണ് 'യുവാക്കള്‍ യുഗ ശില്‍പികള്‍.' ഗതകാല ചരിത്രത്തിലെ തിളക്കമാര്‍ന്ന യുവതയെ പരിചയപ്പെടുത്തി കര്‍മോത്സുകരായി മുന്നേറാന്‍ ആഹ്വാനം ചെയ്യുകയാണീ കൃതി. ഇസ്‌ലാമി ജംഇയ്യത്തുത്വലബയുടെ പഞ്ചാബ് സംസ്ഥാന ഘടകം 1976 ജൂലൈ 9 മുതല്‍ 14 വരെ അംഗങ്ങള്‍ക്ക് സംഘടിപ്പിച്ച തര്‍ബിയത്ത് ക്യാമ്പില്‍ മൗദൂദി നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

         മനുഷ്യനാഗരിക പുരോഗതിയുടെ ഓരോ നാഴികക്കല്ലായ നൂഹ് നബി, ഇബ്‌റാഹീം നബി, മൂസാ നബി, ഈസാ നബി, മുഹമ്മദ് നബി എന്നീ അഞ്ച് പ്രവാചക ശ്രേഷ്ഠന്മാരുടെ ജീവചരിത്രങ്ങളുള്‍ക്കൊള്ളിച്ച് പ്രാഥമിക മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി തയാറാക്കിയ ചരിത്ര പാഠാവലിയാണ് 'നബിചരിതം.' ഡോ. അബുല്‍ കലാം ആസാദിന്റെ 'ദൈവസങ്കല്‍പം കാലഘട്ടങ്ങളിലൂടെ', മൗദൂദിയുടെ 'നിര്‍മാണവും സംഹാരവും' 'ഖത്മുന്നുബുവ്വത്ത്' എന്നീ പുസ്തകങ്ങളുടെ മലയാള വിവര്‍ത്തനവും അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നു. ഈജിപ്തിലും മൊസപ്പൊട്ടോമിയയിലും ഭാരതത്തിലും വളര്‍ന്നുകയറി തകര്‍ന്നുവീണ പ്രോക്ത സംസ്‌കാരങ്ങളിലും ബുദ്ധധര്‍മം, ലാവോമതം, ക്രൈസ്തവത, ഇസ്‌ലാം തുടങ്ങിയ ജീവിത ദര്‍ശനങ്ങളിലുമുള്ള ദൈവ സങ്കല്‍പങ്ങള്‍ ഏക ദൈവ വിശ്വാസത്തിലധിഷ്ഠിതമായ സത്യമതമാകുന്നു എന്ന് വിശദീകരിക്കുന്ന കൃതിയാണ് 'ദൈവസങ്കല്‍പം കാലഘട്ടങ്ങളിലൂടെ.'

         കൂടാതെ ആഖിറത്ത് അഥവാ മരണാനന്തരം, സ്ത്രീ ഇസ്‌ലാമിലും ഇതര സംസ്‌കാരങ്ങളിലും, അറബി മലയാള വര്‍ണമാല തുടങ്ങിയ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കാര്യങ്ങളെ ഗഹനമായി പഠിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇനിയും പുസ്തകരൂപത്തില്‍ പുറത്തിറങ്ങാത്ത ധാരാളം പഠനങ്ങള്‍ പ്രബോധനത്തിന്റെ താളുകളില്‍ മറഞ്ഞു കിടക്കുന്നുണ്ട്. 1960-കളില്‍ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയെ ഇതര ദര്‍ശനങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് 'ഇസ്‌ലാമിലെ സാമ്പത്തിക ചിന്തകള്‍' എന്ന പേരിലുള്ള ഒരു ലേഖന പരമ്പരയും ഇതില്‍ ഉള്‍പ്പെടും.

         ആധുനിക സംസ്‌കാരവും ഇസ്‌ലാമും, ത്യാഗം, പാകിസ്താന്റെ പോക്ക്, ഫലസ്ത്വീന്‍ ഒരു ചരിത്ര വിശകലനം, ഇസ്‌ലാമും മുസല്‍മാനും, സത്യത്തെ തിരിച്ചറിയല്‍, അണുശക്തി ഒരു ലഘുപഠനം, ഇന്ത്യയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിജയ സാധ്യതയും അതിനുള്ള ഉപാധികളും, ഇസ്‌ലാമും സയന്‍സും, അണയാത്ത ദീപം, കമ്യൂണിസം അതിന്റെ തനിനിറത്തില്‍, റഷ്യന്‍ 'സ്റ്റേറ്റ്' മുതലാളിത്തത്തിന്റെ കെടുതികള്‍, നാം വെറും പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് തൃപ്തിപ്പെട്ടു കൂടാ, പ്രപഞ്ചവും മനുഷ്യനും, പര്‍ദയുടെ ലോകം, ആത്മസംസ്‌കരണം, ഇസ്‌ലാമിക പ്രബോധനം വിവിധ ചിരിത്ര ഘട്ടങ്ങളില്‍, വ്രതാനുഷ്ഠാനം, സമുദായ സമുദ്ധാരണം, മാക്ക്യവെല്ലിസവും എക്‌സിസ്റ്റന്‍ഷ്യലിസവും, ഇജ്തിഹാദും തഖ്‌ലീദും, ഒരു നവലോകം കെട്ടിപ്പടുക്കുക, പാര്‍ട്ടി ഭദ്രത, ഖുര്‍ആന്‍ മനുഷ്യകൃതിയോ, ദൈവാസ്തിക്യം, മതബോധനം കേരളത്തില്‍, ഖബ്‌റാരാധന, വനിതാ വിദ്യാഭ്യാസത്തിന് ഒരു മുഖവുര, നമ്മുടെ പിന്നാക്കാവസ്ഥ ഇങ്ങനെയുള്ള ഒരുപാട് പഠനങ്ങള്‍ അക്കൂട്ടത്തില്‍ പെടുന്നു.

         തന്റെ ധൈഷണിക പ്രഭാവത്തില്‍ കാലഘട്ടങ്ങളെ സ്വാധീനിച്ച മഹാമനീഷിയാണ് ടി.എം. ആ തൂലികയില്‍ നിന്ന് വരുംകാല വിജ്ഞാന കുതുകികള്‍ക്കു വേണ്ടി ഒഴുകിയ അമൂല്യ സംഭാവനകളെ പത്രത്താളുകളില്‍ നിന്ന് കണ്ടെടുത്ത് പുസ്തകരൂപത്തില്‍ ഇളം തലമുറക്ക് കൈമാറേണ്ടിയിരിക്കുന്നു.

(ശാന്തപുരം അല്‍ജാമിഅ വിദ്യാര്‍ഥിനിയാണ് ലേഖിക)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 95-97
എ.വൈ.ആര്‍