Prabodhanm Weekly

Pages

Search

2014 ജൂണ്‍ 06

ഉന്നത വിദ്യാഭ്യാസം കേരളം മാറ്റത്തിന്റെ പാതയില്‍

പി.കെ അബ്ദുര്‍റബ്ബ് /സുലൈമാന്‍ ഊരകം /അഭിമുഖം

കേരളം നേരിടുന്ന വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുര്‍റബ്ബ് സംസാരിക്കുന്നു

കേരള വികസന മാതൃകയുടെ പ്രധാന സവിശേഷതയായി കണക്കാക്കിയിരുന്ന പ്രാഥമിക വിദ്യാഭ്യാസ വികസനത്തില്‍ കേരളം കുത്തനെ താഴോട്ട് വന്നിരിക്കുകയാണ്. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ വാര്‍ഷിക വിദ്യാഭ്യാസ വികസന സര്‍വെ റിപ്പോര്‍ട്ടില്‍ സംസ്ഥാനം ഏഴാം സ്ഥാനത്തുനിന്ന് 14-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രൈമറിയില്‍ ആറില്‍ നിന്ന് 20ലേക്കും യു.പിയില്‍ 13ല്‍ നിന്ന് 17ലേക്കും. വേണ്ടത്ര ഗൗരവം ഈ രംഗത്ത് നല്‍കാത്തതല്ലേ ഈ പിന്നോട്ടടിക്ക് കാരണം?

         മാനവവിഭവശേഷി മന്ത്രാലയം എന്തൊക്കെ മാനദണ്ഡങ്ങള്‍ വെച്ചാണ് ഇങ്ങനെ ഒരു സര്‍വേ നടത്തിയത് എന്ന് അറിയില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രൈമറി വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. അതുകൊണ്ട് പ്രസ്തുത സര്‍വേയുടെ മാനദണ്ഡം എന്താണെന്ന് അറിഞ്ഞാലേ നമുക്കിതിന് മറുപടി പറയാന്‍ കഴിയൂ. മാത്രവുമല്ല മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായി കേരളത്തിലെ വിദ്യാലയങ്ങള്‍ പല തലത്തിലുള്ളവയാണ്. മൂന്നില്‍ ഒന്ന് മാത്രമാണ് സര്‍ക്കാര്‍ തലത്തിലുള്ളത്. ബാക്കിയുള്ളത് എയ്ഡഡ്-സ്വാശ്രയ സ്വകാര്യ മേഖലയിലാണ്. അതില്‍ തന്നെ മലയാളം-ഇംഗ്ലീഷ് മീഡിയം, സി.ബി.എസ്.ഇ, ഐ.സി.എസ്.സി തുടങ്ങി പലതലത്തിലുള്ള എയ്ഡഡ്, അണ്‍-എയ്ഡഡ് സ്ഥാപനങ്ങള്‍ ഇതുവരെ ഉണ്ടായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി അണ്‍ എയ്ഡഡ്, അണ്‍ റക്കഗ്‌നൈസ്ഡ് സ്ഥാപനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അംഗീകാരം കൊടുക്കാന്‍ തീരുമാനമായി. കാരണം അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ വെച്ച് നോക്കിയാല്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നാണ് നിയമം. അപ്പോള്‍ ഈ രംഗത്ത് വളരെയേറെ മുന്നിലാണ് സംസ്ഥാനം. ഏതായാലും ആ സര്‍വേയെ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ല; അതിന്റെ മാനദണ്ഡങ്ങള്‍ അറിയാത്തിടത്തോളം കാലം.

സംസ്ഥാന വാര്‍ഷിക നികുതി വരുമാനത്തിന്റെ അറുപത് ശതമാനവും ചെലവഴിക്കുന്നത് വിദ്യാഭ്യാസ മേഖലയിലാണ്. ഇത് മറ്റു സംസ്ഥാനങ്ങള്‍ ചെലവഴിക്കുന്നതിനെക്കാള്‍ എത്രയോ അധികമാണ്. എന്നിട്ടും എന്തുകൊണ്ട്  പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കേരളത്തില്‍ കാലാനുസൃതമായ മാറ്റം കൊണ്ട് വരാന്‍ സാധിക്കുന്നില്ല?

         വിദ്യാഭ്യാസ മേഖലയില്‍ കേരളം മുമ്പു കാലത്തേ കൂടുതല്‍ പണം ചെലവഴിക്കുന്നുണ്ട്. പക്ഷേ, പുതിയ കാലഘട്ടത്തിന് അനുസൃതമായ വിദ്യാഭ്യാസ പുരോഗതി കൈവരുത്താന്‍, ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന തുക പോലും മതിയാവാത്ത അവസ്ഥയാണുള്ളത്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഫണ്ടുകള്‍ കൊണ്ട് മാത്രം ആസൂത്രണത്തില്‍ പെട്ട പണമായാലും നമ്മുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ മുഴുവന്‍ നിറവേറ്റാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ നമുക്ക് പലകാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങാന്‍ പരിമിതികളുണ്ട്. കേരളത്തില്‍ ഗവണ്‍മെന്റ് തലത്തിലും എയ്ഡഡ് തലത്തിലുമുള്ള സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്തിട്ട് എത്രയോ വര്‍ഷങ്ങളായി. ഇതിലൂടെ ഗവണ്‍മെന്റിന് വരുന്ന വമ്പിച്ച സാമ്പത്തിക ബാധ്യതയാണ് കാരണം. വിദ്യാഭ്യാസത്തോടുള്ള കാഴ്ച്ചപ്പാടില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും  പൊതു സമൂഹത്തിനുമൊക്കെ വന്നിട്ടുള്ള മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കേണ്ട മേഖലയായി കേരളത്തില്‍ വിദ്യാഭ്യാസം മാറിയിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ അങ്ങനെയല്ല. ഇപ്പോള്‍ കേന്ദ്ര പദ്ധതികള്‍ പലതും വരുന്നത് കുട്ടികളെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ്. കേന്ദ്ര പദ്ധതികള്‍ അധികവും ഉത്തരേന്ത്യന്‍ മാതൃകയിലാണ് വരുന്നത്. ഇപ്പോള്‍ യൂനിഫോം പദ്ധതി കൊണ്ട് വന്നു. അതുപോലെ, വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് ഒന്ന് മുതല്‍ എട്ട് വരെ കുട്ടികളെ തോല്‍പ്പിക്കാന്‍ പാടില്ല എന്നു പറഞ്ഞിരുന്നു. ഇതൊക്കെ നമ്മുടെ സംസ്ഥാനത്തെ അപേക്ഷിച്ച് അത്ര വലിയ കാര്യമല്ല.

         ഇ.ടി മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസമന്ത്രിയായി വന്നപ്പോഴാണ് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹൈസ്‌കൂളുകള്‍ കൊണ്ട് വരാന്‍ തീരുമാനമായത്. ഇപ്പോള്‍ നമ്മള്‍ ശ്രമിക്കുന്നത് എല്ലാ പഞ്ചായത്തുകളിലും ഹയര്‍ സെക്കന്ററികള്‍ കൊണ്ട് വരാനാണ്. നിയമസഭാ മണ്ഡലങ്ങളില്‍ കോളേജുകള്‍ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. 22 നിയോജക മണ്ഡലങ്ങളില്‍ കോളേജില്ല. അവിടെ കോളേജുകള്‍ കൊണ്ടുവരും. അഞ്ചോ പത്തോ കൊല്ലത്തിനിടയില്‍ ഒരു കോളേജ് പോലും വരാത്ത എത്രയോ ഭരണകാലങ്ങള്‍ കഴിഞ്ഞു പോയിട്ടുണ്ട്. എന്നാല്‍ ഈ ഭരണകാലയളവില്‍ പ്ലാന്‍ ചെയ്ത 22 കോളേജുകളില്‍ 14 എണ്ണം ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. അലീഗഢ്, ഇഫ്‌ലു ഓഫ് കാമ്പസുകള്‍, സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി കാസര്‍കോഡ്, മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, മലയാളം സര്‍വകലാശാല, വരാന്‍ പോകുന്ന ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റി, ആയുര്‍വേദ യൂനിവേഴ്‌സിറ്റി, അറബിക്ക് സര്‍വകലാശാല, ഐ.ഐ.ടി(Indian Institute of Technology), ഐ.ഐ.എഫ്.ടി(Indian Institute of Fashion Technology) തുടങ്ങിയവയൊക്കെ.

പുറം സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും നമ്മുടെ കുട്ടികള്‍ ഉപരിപഠനത്തിനായി പോവുകയാണ്. അതിന് പ്രധാന കാരണം ഗവേഷണ സൗകര്യങ്ങള്‍ ഇവിടെ കുറവായതല്ലേ?

         ഗവേഷണത്തിന്റെ സൗകര്യക്കുറവല്ല, ഗവേഷണ മേഖലയിലേക്ക് അധികമാളുകള്‍ വരുന്നില്ല എന്നതാണ് പ്രശ്‌നം. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ ഒരുക്കുക. ഏതിലാണ് അവരുടെ അഭിരുചി എന്ന് സ്‌കൂള്‍ തലത്തില്‍ നിന്നു തന്നെ കണ്ടെത്തുക. അഭിരുചിക്ക് അനുസൃതമായ കോച്ചിങ് സ്‌കൂളുകളില്‍വെച്ച് തന്നെ കൊടുക്കുക. ഉദാഹരണത്തിന് മെഡിക്കല്‍ അല്ലെങ്കില്‍ എഞ്ചിനീയറിംഗ് മേഖലകളിലാണ് അഭിരുചി എങ്കില്‍ സ്‌കൂളുകളില്‍ തന്നെ അതിനുള്ള കോച്ചിംഗ് കൊടുക്കുക. അല്‍പം സാമ്പത്തിക ശേഷിയുള്ള കുട്ടികള്‍ കോച്ചിംഗിന് വേണ്ടി വമ്പിച്ച ഫീസ് നല്‍കി സ്വകാര്യ സ്ഥാപനങ്ങളില്‍ പോകുന്നു. അത് പാവപ്പെട്ട കുട്ടികള്‍ക്ക് കഴിയാത്തതാണല്ലോ. ഫീസ് കൊടുക്കാതെ പഠിക്കാന്‍ സ്‌കൂളുകളില്‍ തന്നെ സംവിധാനം ഉണ്ടാക്കണം. അതുപോലെ സിവില്‍ സര്‍വീസ്. ഇതിന് കൂടുതല്‍ ആകര്‍ഷണീയത കൈവന്നിട്ടുണ്ട്. ഓരോ വര്‍ഷവും പത്തും അറുപതും കുട്ടികള്‍ ഈ രംഗത്ത് യോഗ്യത നേടി പുറത്ത് വരുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് അഖിലേന്ത്യാ തലത്തില്‍ ഒന്ന്, രണ്ട്, നാല് റാങ്കുകള്‍ നേടിയത് മലയാളികളായിരുന്നു. ആദ്യത്തെ 50 റാങ്കുകാരില്‍ 7 പേരും ആദ്യത്തെ നൂറില്‍ 10 പേരും മലയാളികളായിരുന്നു. അതില്‍ ഒന്നും, രണ്ടും റാങ്കുകള്‍ നേടിയവരെ സബ് കലക്ടര്‍മാരായി കേരളത്തില്‍ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കുട്ടികളെല്ലാം തിരുവനന്തപുരത്തെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ പഠിച്ചവരായിരുന്നു. അന്ന് സെന്റര്‍ തിരുവനന്തപുരത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പൊന്നാനിയില്‍ ഒരു കരിയര്‍ ഗൈഡന്‍സ് സെന്റര്‍ തുടങ്ങിയിട്ടുണ്ട്. അവിടെ സിവില്‍ സര്‍വീസ് കോച്ചിംഗ് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അവിടെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ക്ലാസ് നടത്താന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം പാലക്കാട്ടും കോഴിക്കോട്ടും സെന്ററുകള്‍ തുടങ്ങിയിരുന്നു. 

         നമ്മുടെ കണ്‍വെന്‍ഷണല്‍ വിദ്യാഭ്യാസത്തിന് കുട്ടികള്‍ക്ക് ജോലി ഉറപ്പുവരുത്താന്‍ കഴിയുന്നില്ല. അത് വലിയ പ്രശ്‌നമാണ്. പഠിക്കുന്നു. ഡിഗ്രിയോ പി.ജിയോ പാസ്സാവുന്നു. പക്ഷേ തൊഴിലില്ല. അപ്പോള്‍ തൊഴില്‍ ലഭ്യത ഉറപ്പുവരുത്താന്‍ ഹയര്‍സെക്കന്ററിയോടൊപ്പവും,ഡിഗ്രിയോടൊപ്പവും സമാന്തരമായിട്ടുള്ള Additional Skill Aquisition Programme (എ.എസ്.എ.പി) കൊണ്ട് വരുകയാണ്. അപ്പോള്‍ രണ്ട് വര്‍ഷം കൊണ്ട് അവര്‍ക്ക് ഒരു അഡിഷണല്‍ സ്‌കില്‍ ലഭിക്കും. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ അവര്‍ക്ക് മൂന്ന് വര്‍ഷം കൊണ്ട് സമാന്തര സ്‌കില്ലും, സര്‍ട്ടിഫിക്കറ്റും ലഭിക്കും. എല്ലാറ്റിന്റെയും ആദ്യ മൊഡ്യൂള്‍ എന്നത് കമ്യൂണിക്കേഷന്‍ ഇംഗ്ലീഷും ഐ.ടിയുമാണ്. നൂറ് മണിക്കൂറും, 80 മണിക്കൂറും. ബാക്കിയുള്ള 120 മണിക്കൂറും അവര്‍ അഭിരുചിക്ക് അനുസൃതമായി തെരഞ്ഞെടുക്കുന്ന വിഷയമാണ്. അത് ടൂറിസമാവാം, ഹോസ്പിറ്റാലിറ്റി ആവാം, അക്കൗണ്ടിങ്ങാവാം. 

         ഈ ട്രൈനിംഗ് വേണ്ടവണ്ണം ഉപയോഗപ്പെടുത്തിയാല്‍ പഠനം കഴിഞ്ഞ് നേരെ ജോലിക്ക് പോവാം, അല്ലെങ്കില്‍ സ്വന്തമായി സംരംഭം തുടങ്ങാം. ഈ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. ആറായിരം കുട്ടികള്‍ ഈ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കി. ഇപ്പോള്‍ വിഷയാധിഷ്ഠിത പരിശീലനം നടന്നു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം നമ്മുടെ എല്ലാ എം.എല്‍.എമാര്‍ക്കും കൊടുത്തിട്ടുള്ള നിര്‍ദേശം ഓരോ എം.എല്‍.എയും പതിനായിരം സ്‌ക്വയര്‍ ഫീറ്റ് സ്ഥലം സ്‌കില്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ വേണ്ടി ലഭ്യമാക്കണമെന്നാണ്. പഠിച്ച് കൊണ്ടിരിക്കുന്നവര്‍ക്കും, പഠനം നിര്‍ത്തിയവര്‍ക്കും, ജോലി ചെയ്യുന്നവര്‍ക്കും അവരുടെ സമയം ക്രമീകരിച്ച് അവരുടെ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ പറ്റുന്ന ട്രൈനിംഗ് ആരംഭിക്കുക. പ്രത്യേകിച്ച് ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരെയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതൊക്കെയാണ് ഹയര്‍സെക്കന്ററി, ഡിഗ്രി തലത്തില്‍ ചെയ്യുന്നത്. ബാക്കി കാര്യങ്ങള്‍ എല്ലാം തന്നെ യൂനിവേഴ്‌സിറ്റി തലങ്ങളിലാണ്.

സ്‌കൂളുകളുടെ ഗുണ നിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എന്തെല്ലാം ചെയ്യുന്നുണ്ട്; പ്രത്യേകിച്ച് സര്‍ക്കാറിന്റെ തന്നെ അജണ്ടയാണല്ലോ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുകയെന്നത്?

         സ്‌കൂളുകളുടെ ഗുണനിലവാരത്തില്‍ ഗവണ്‍മെന്റ് സ്‌കൂളുകളെ സംബന്ധിച്ചേടത്തോളം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. കുറച്ചു പിന്നോട്ട് പോയിട്ടുള്ളത് ചില മാനേജ്‌മെന്റ് സ്‌കൂളുകള്‍ മാത്രമാണ്. എന്നാല്‍ ഭൂരിഭാഗം മാനേജ്‌മെന്റുകളും ഈ ആരോഗ്യകരമായ മത്സരം വന്നതിന് ശേഷം നില മെച്ചപ്പെടുത്തിയിട്ടുണ്ട്. അത് കാരണം കുട്ടികള്‍ പഴയത് പോലെ ഉഴപ്പി നടക്കുന്നില്ല; പഠിക്കുന്നുണ്ട്. കുട്ടികളുടെ ദിവസേനയുള്ള പഠനകാര്യങ്ങള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നുണ്ട്. അധ്യാപകര്‍ക്കും നന്നായി പഠിപ്പിക്കണമെന്നും സ്ഥാപനത്തിന് നല്ല പേരുണ്ടാവണമെന്നുമുള്ള മത്സര ബുദ്ധിയുണ്ട്. അത് ഗവണ്‍മെന്റ് സ്‌കൂളുകളാണെങ്കിലും എയ്ഡഡാണെങ്കിലും മാനേജ്‌മെന്റിനും അതില്‍ താല്‍പര്യമുണ്ട്. പി.ടി.എ ഓരോ കാര്യങ്ങളിലും ഇടപെടും. ഇടക്ക് മീറ്റിംഗ് കൂടി കാര്യങ്ങള്‍ വിലയിരുത്തും. മുമ്പ് പി.ടി.എ അങ്ങനെയല്ല. വര്‍ഷത്തില്‍ രണ്ട് യോഗം കൂടും; ഒന്ന് സ്‌കൂളിന്റെ വാര്‍ഷികത്തിനും മറ്റൊന്ന് അധ്യാപകന്റെ യാത്രയയപ്പിനും. ഇന്ന് അങ്ങനെയല്ല. അവിടത്തെ ഓരോ കാര്യത്തിലും ദൈനംദിനം പി.ടി.എ ഇടപെടുന്നു. മാത്രമല്ല, മുമ്പ് രക്ഷിതാക്കള്‍ സ്‌കൂളുകളില്‍ വരാറില്ല. ഇപ്പോള്‍ എം.പി.ടി.എ വന്നതോടെ അമ്മമാര്‍ക്കും കുട്ടികള്‍ സ്‌കൂളില്‍ വരുന്നതും പോകുന്നതും പഠിക്കുന്നതും ശ്രദ്ധിക്കാന്‍ അവസരം ലഭിക്കുന്നുണ്ട്. ആ മാറ്റം കൊണ്ടാണ് സ്വാശ്രയ സ്‌കൂളുകളെക്കാള്‍ ഗവണ്‍മെന്റ്/ എയ്ഡഡ് സ്‌കൂളുകള്‍ ഈ വര്‍ഷത്തെ റിസല്‍ട്ടില്‍ മുന്‍പന്തിയില്‍ എത്തിയത്. മുമ്പ് പല ഗവണ്‍മെന്റ് സ്‌കൂളുകളും കുട്ടികളെ അങ്ങോട്ട് തിരഞ്ഞുപോകാറായിരുന്നു പതിവ്. ഇപ്പോള്‍ അവര്‍ പ്രവേശനത്തിനു വേണ്ടി സ്‌കൂളുകളിലേക്ക് ഒഴുകുന്ന രീതിയായി. മുമ്പ് കൊഴിഞ്ഞ് പോക്ക് നിത്യസംഭവമായിരുന്നു. എല്ലാം നൂറ് ശതമാനമായി എന്ന് ഞാന്‍ പറയുന്നില്ല. അവിടങ്ങളിലെല്ലാം ഫണ്ട് ലഭ്യതയുടെ കുറവാണുള്ളത്. എന്നിരുന്നാലും കിട്ടാവുന്നത്ര കേന്ദ്ര ഫണ്ടും എം.പി, എം.എല്‍.എ ഫണ്ടും സ്വരൂപിച്ച് വിനിയോഗിക്കുന്നു. ഏതായാലും പത്തോ പതിനഞ്ചോ വര്‍ഷം മുമ്പുണ്ടായിരുന്ന സ്‌കൂളുകളുടെ സൗകര്യവും നിലവാരവുമല്ല ഇന്നുള്ളത്.

വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല എന്ന ഹൈക്കോടതി വിധിയെപ്പറ്റി?

         ആ വിധിയുടെ പകര്‍പ്പ് കൈയില്‍ കിട്ടിയിട്ടില്ല. വിധി കണ്ടാലേ എന്തെങ്കിലും പറയാന്‍ കഴിയൂ. അതില്‍ എന്തോ ഒരു ചെറിയ ആശയക്കുഴപ്പമുണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തില്‍ എവിടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ എടുത്ത് കളയുന്നില്ല. പ്രത്യേകിച്ച് ന്യൂനപക്ഷ അവകാശം എന്നത് ഒരു ഭരണഘടനാ അവകാശം കൂടി ആകുമ്പോള്‍. അഞ്ച് വരെ പഠിക്കുന്ന ഒരു കുട്ടിക്ക് ആ കുട്ടിയുടെ ശാരീരിക കഴിവിനനുസരിച്ച് നടന്നെത്താന്‍ പറ്റുന്ന സ്ഥലത്ത് ഒരു സ്‌കൂള്‍ ഉണ്ടാവണം. എട്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടിക്കും നടന്നെത്താന്‍ പറ്റുന്ന ദൂരത്ത് ഒരു സ്‌കൂള്‍ ഉണ്ടായിരിക്കണം. അങ്ങനെ നടന്നെത്താന്‍ പറ്റുന്ന ദൂരത്തുള്ള സ്‌കൂള്‍ ഗവണ്‍മെന്റ് വകയാണെങ്കിലും, എയ്ഡഡാണെങ്കിലും അവിടെ ഫീസില്ല. അതേ അവസരത്തില്‍ ആ കുട്ടിക്ക് എത്താന്‍ പറ്റുന്ന ദൂരത്തുള്ള സ്‌കൂള്‍ ഒരു സ്വാശ്രയ സ്‌കൂളോ അല്ലെങ്കില്‍ സി.ബി.എസ്.സിയോ ആണെങ്കില്‍ ഫീസ് കൊടുക്കണം. അങ്ങനെയുള്ള സ്‌കൂളുകളിലെ പാവപ്പെട്ട കുട്ടികളുടെ ഫീസ് ഗവണ്‍മെന്റ് കൊടുക്കും എന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നത്. അപ്പോള്‍ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് നഷ്ടം സംഭവിക്കുന്നില്ല. 25 ശതമാനം കുട്ടികളുടെ ഫീസ് ഗവണ്‍മെന്റ് കൊടുക്കുന്നുണ്ട്.  ഏത് രീതിയിലാണ് ഈ വിധി വന്നിട്ടുള്ളത് എന്നത് അതിന്റെ വിധി പകര്‍പ്പ് കണ്ടാലേ പറയാന്‍ പറ്റൂ.

നമ്മുടെ സ്‌കൂള്‍ സിലബസ്സില്‍ പരിഷ്‌കരണം കൊണ്ടുവരാന്‍ തീരുമാനിച്ചതും കരിക്കുലം കമ്മിറ്റിയെ നിയോഗിച്ചതും ഈ അടുത്ത കാലത്താണ്. ആ അര്‍ഥത്തില്‍ വികസിത രാജ്യങ്ങളെ പോലെ, അല്ലെങ്കില്‍ എന്‍.സി.ഇ.ആര്‍.ടി, ഐ.സി.എസ്.ഇ ഒക്കെപോലെ ഇടക്ക് ഒരു അപ്‌ഡേഷന്‍ വേണ്ടതില്ലേ?

         വര്‍ഷാ വര്‍ഷം സിലബസ് മാറ്റുക എന്നത് പ്രായോഗികമല്ല. ഇപ്പോള്‍ 3,5,7,9,11 എന്നീ ക്ലാസുകളുടെ സിലബസിലാണ് പരിഷ്‌കരണം വരാന്‍ പോകുന്നത്. രണ്ട് വര്‍ഷത്തെ പരിശ്രമമുണ്ട് അതിന്റെ പിന്നില്‍. ഓരോ വര്‍ഷവും മാറ്റം പ്രയാസകരമാണ്. ഉള്‍പ്പെടുത്താന്‍ വിട്ടുപോയത് കൂട്ടി ചേര്‍ക്കാം, അല്ലെങ്കില്‍ എന്തെങ്കിലും തെറ്റായി ഉള്‍പ്പെടുത്തിയാല്‍ മാറ്റം വരുത്താം. അടുത്ത വര്‍ഷം ഇതിന്റെ ബാക്കി വരും. ഇപ്പോള്‍ ഒരു ഓഡര്‍ നമ്പറിലാണ് മാറ്റിയത്. ഇതുപ്രകാരം  4,6,8,10, +2 ക്ലാസുകളിലെ സിലബസ് പരിഷ്‌കരണം അടുത്ത വര്‍ഷത്തിലായിരിക്കും. രണ്ട് വര്‍ഷം കൊണ്ട് അത് പൂര്‍ത്തിയാകും. ഫീല്‍ഡിലുള്ള വിദഗ്ധരെ വിളിച്ചുവരുത്തി എന്‍.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ വിഷയാധിഷ്ഠിതമായിട്ടാണ് പുസ്തകങ്ങള്‍ തയാറാക്കിയിരിക്കുന്നത്.

താങ്കള്‍ മന്ത്രിയായ ഉടനെത്തന്നെ സംസ്ഥാനത്ത് ഹയര്‍സെക്കന്ററി മേഖലയില്‍ 1220 പുതിയ ബാച്ചുകള്‍ അനുവദിച്ചു. എന്നിരുന്നാലും പ്രത്യേകിച്ച് മലബാറില്‍ സീറ്റിന്റെ പോരായ്മ, രൂക്ഷമായ അധ്യാപകക്ഷാമം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, അസിസ്റ്റന്റിന്റെയും പ്യൂണിന്റെയും തസ്തികകളില്ലായ്മ എന്നിവയെല്ലാം ഹയര്‍സെക്കന്ററികള്‍ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളല്ലേ?

         പഴയ പ്രീഡിഗ്രി ഒഴിവാക്കിയിട്ടാണ് ഹയര്‍സെക്കന്ററി തുടങ്ങിയത്. അത് ഒരു ഇടക്കാല സംവിധാനമായിരുന്നു. സ്‌കൂളുകളിലേക്ക് മാറ്റി എങ്കിലും അതിനനുസരിച്ചുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്തിരുന്നില്ല. പുതിയ അധ്യയന വര്‍ഷത്തിലെ ഹയര്‍ സെക്കന്ററി സീറ്റിന്റെ കാര്യത്തില്‍ ഒമ്പത് മാസം മുമ്പ് മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. അത് മൂന്ന് രീതിയിലായിരുന്നു. ഒന്ന്, നിലവില്‍ ഹയര്‍ സെക്കന്ററി ഇല്ലാത്ത 148 പഞ്ചായത്തുകള്‍ സംസ്ഥാനത്തുണ്ട്. അവിടെയെല്ലാം പുതിയ ഹയര്‍ സെക്കന്ററികള്‍ അനുവദിക്കുക. രണ്ട്, എറണാകുളം മുതല്‍ വടക്കോട്ടുള്ള എല്ലാ ജില്ലകളിലും നിലവില്‍ ഹയര്‍ സെക്കന്ററി സീറ്റുകള്‍ കുറവാണ്. അപ്പോള്‍ അവിടെയുള്ള ഹൈസ്‌കൂളുകളെ ഹയര്‍ സെക്കന്ററികളായി ഉയര്‍ത്തുക. മൂന്ന്, എസ്.എസ്.എല്‍.സി പാസ്സായ കുട്ടികളുടെ എണ്ണത്തിനും നിലവിലെ ഹയര്‍ സെക്കന്ററി സീറ്റുകളുടെ എണ്ണത്തിനും അനുസൃതമായി പുതിയ ബാച്ചുകള്‍ അനുവദിക്കുക. ഇങ്ങനെയുള്ള 678 ബാച്ചുകളും ഗവണ്‍മെന്റ്, എയ്ഡഡ് മേഖലകളില്‍ അനുവദിക്കുമെന്നായിരുന്നു മന്ത്രിസഭയുടെ ആദ്യ തീരുമാനം. പക്ഷേ, കഴിഞ്ഞ മന്ത്രിസഭ എടുത്ത തീരുമാനം ഇതില്‍ മൂന്നാമത്തേത് ഇപ്പോള്‍ നടപ്പിലാക്കിയാല്‍ മതി എന്നാണ്. അതിനര്‍ഥം ആദ്യം പറഞ്ഞ രണ്ട് കാര്യങ്ങളും കാന്‍സല്‍ ചെയ്തു എന്നല്ല. നിങ്ങള്‍ സൂചിപ്പിച്ചതുപോലെ മുമ്പ് അനുവദിച്ചിരുന്ന 1220 ബാച്ചുകളില്‍ സീറ്റുകളുടെ കുറവ് പരിഗണിച്ച് ഏറ്റവും കൂടുതല്‍ നല്‍കിയിരുന്നത് മലബാര്‍ മേഖലയിലായിരുന്നു. മലബാറിലെ ഇപ്പോഴത്തെ അവസ്ഥയില്‍ അതൊട്ടും മതിയാവില്ല. അതിന്റെ കുറവു കൂടി കണക്കിലെടുത്തായിരുന്നു നേരത്തെ തീരുമാനിച്ചിരുന്ന രണ്ട് തീരുമാനങ്ങളും.

         ലബ്ബകമ്മീഷന്‍ റിപ്പോര്‍ട്ട് ഈ വര്‍ഷം മുതല്‍ നടപ്പാക്കാന്‍ തുടങ്ങുകയാണ്. ഒന്ന് രണ്ട് ചര്‍ച്ചകള്‍ കഴിഞ്ഞു. അതിന്റെ ഭാഗമായാണ് പ്രവൃത്തി ദിവസങ്ങള്‍ അഞ്ച് ആക്കണമെന്ന നിര്‍ദേശം വന്നത്. എച്ച്.എസ്.സി ക്ലാസുകളില്‍ സാധാരണയായി സീറ്റ് 50 ആണെങ്കില്‍ പോലും ഓരോ വര്‍ഷവും സീറ്റു കുറവാകുമ്പോള്‍ പത്ത് ശതമാനം വെച്ച് വര്‍ധിപ്പിച്ചു കൊടുക്കും. അങ്ങനെയാണ് അത് അറുപതായത്. ഇവിടന്നങ്ങോട്ടുള്ള കാലങ്ങളില്‍ അമ്പത് കുട്ടികളില്‍ കൂടുതല്‍ ഒരു കാരണവശാലും ഒരു ക്ലാസ്സിലും ഉണ്ടാവില്ല. കാരണം കുട്ടികളെ പഠിപ്പിക്കാനും ശ്രദ്ധിക്കാനും അവര്‍ക്കിരിക്കാനുമൊക്കെ സൗകര്യപ്പെടണമെങ്കില്‍ സീറ്റ് അമ്പതില്‍ പരിമിതമാക്കണം.

സംസ്ഥാന നികുതി വരുമാനത്തിന്റെ മുഖ്യ പങ്കും കവര്‍ന്നെടുക്കുന്നത് സര്‍വകലാശാലകളാണ് എന്നാണ് കേരള പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. എന്നിട്ടും സര്‍വകലാശാലകള്‍ വന്‍ സാമ്പത്തിക ബാധ്യതയും നിലവാരത്തകര്‍ച്ചയും നേരിടുന്നു. ധാരാളം സര്‍വകലാശാലകള്‍ ഇവിടെ ഉണ്ടായിട്ടും ദല്‍ഹി യൂനിവേഴ്‌സിറ്റി,ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി, ഇഫ്‌ലു, അലിഗഢ് പോലെ ദേശീയ നിലവാരം പുലര്‍ത്തുന്ന ഒരു സര്‍വകലാശാല നമുക്ക് എന്തുകൊണ്ട് ഇല്ലാതെ പോയി?

         ഒരു സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി എന്നു പറയാന്‍  കാസര്‍കോട് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി നമുക്ക് ഈ അടുത്താണ് അനുവദിച്ചത്. അലിഗഢിന്റെയും ഇഫ്‌ലുവിന്റെയും കാമ്പസുകള്‍ ഓഫ് കാമ്പസുകളാണ്. അത് കൊണ്ട് ദേശീയ നിലവാരം പുലര്‍ത്തുന്ന ഒരു സര്‍വകലാശാല ഇതുവരെ ഉണ്ടായിട്ടില്ല. നമ്മള്‍ നമ്മളുടേതായ ഭാഷകള്‍ ഉപയോഗിച്ച് കൊണ്ട് സര്‍വകലാശാലകള്‍ തുടങ്ങിയിട്ടുണ്ട്. സംസ്‌കൃതം, മലയാളം സര്‍വകലാശാല ഉദാഹരണം. അത് എല്ലാം യൂണിക്കാണ്. ഇപ്പോള്‍ ജാമിഅ മില്ലിയ. ജെ.എന്‍.യു, ഉസ്മാനിയ പോലെ നമുക്ക് ആകാന്‍ കഴിയില്ല. ഇവയൊക്കെ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ്  സ്ഥാപിതമായവയാണ്. പിന്നെ മറ്റു സംസ്ഥാനങ്ങളിലെല്ലാം ഡീംഡ് യൂനിവേഴ്‌സിറ്റികള്‍, പ്രൈവറ്റ് യൂനിവേഴ്‌സിറ്റികള്‍ എന്നിവയെല്ലാം ഉണ്ട്. അതൊന്നും പല കാരണങ്ങളാലും നമ്മുടെ സംസ്ഥാനത്ത് കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല. മാത്രവുമല്ല, ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്ത് 13 ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകള്‍ക്ക് Academic Autonomy കൊടുക്കാന്‍ തീരുമാനിച്ചു. പുതിയ കോഴ്‌സുകളൊക്കെ അതിലൂടെ വരും. സ്വയം ഭരണാവകാശം (Academic Autonomy) എന്ന് പറഞ്ഞാല്‍ കേവലം അവരുടെ കോഴ്‌സ് ഡിസൈനിംഗും കരിക്കുലം ഡിസൈനിംഗും മാത്രമേ ഉള്ളൂ. ബാക്കി എല്ലാം യൂനിവേഴ്‌സിറ്റിയുടെയും യു.ജി.സിയുടെയും  അധികാരങ്ങളാണ്. അവിടെപോലും എതിര്‍പ്പുകള്‍ വന്നു. അപ്പോള്‍ പുതിയ കാര്യങ്ങള്‍ കൊണ്ട് വരുമ്പോള്‍ അതിനൊക്കെ വലിയതോതിലുള്ള എതിര്‍പ്പുകളുണ്ടാവുന്നു. വിമര്‍ശനങ്ങളിലും എതിര്‍പ്പുകളിലും കാമ്പുണ്ടെങ്കില്‍ അതുള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാണ്. പക്ഷേ, പലതും വിമര്‍ശിക്കാന്‍ വേണ്ടിയുള്ള വിമര്‍ശനവും എതിര്‍പ്പുകളും മാത്രമാണ്.

കാമ്പസുകളില്‍ പ്രശ്‌നക്കാര്‍ വിദ്യാര്‍ഥി സംഘടനകളാണ് എന്ന ഹൈക്കോടതി വാദത്തിന് അനുകൂലമായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. യഥാര്‍ഥത്തില്‍ അവകാശത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന അധ്യാപക എംപ്ലോയീസ് യൂനിയനുകളല്ലേ നമ്മുടെ ഉന്നത വിദ്യാഭ്യാസത്തെ തകര്‍ക്കുന്നത്?

         തകര്‍ക്കുന്നതിലും നന്നാക്കുന്നതിലും ഓരോ വിഭാഗവും അവരുടേതായ പങ്ക് വഹിക്കുന്നുണ്ട്. വിദ്യാര്‍ഥി സമരങ്ങള്‍ ഇപ്പോള്‍ വളരെ കുറവാണ്. പഴയ കാലത്തേത് പോലെ സമരങ്ങളും പഠിപ്പ് മുടക്കലും, പൊതു മുതല്‍ നശിപ്പിക്കലും, തീ വെക്കലും ഒന്നും ഇന്നില്ല എന്ന് തന്നെ പറയാം. ഹൈക്കോടതിയില്‍ വന്ന സത്യാവാങ്മൂലത്തില്‍, വിദ്യാര്‍ഥികള്‍ക്കിടയിലെ രാഷ്ട്രീയ കാര്യങ്ങളില്‍ നിയന്ത്രണം വേണം എന്നേ പറഞ്ഞിട്ടുള്ളൂ. അല്ലാതെ നിരോധിക്കണം എന്ന് പറഞ്ഞിട്ടില്ല. റാഗിംഗ് നിരോധിച്ചത് പോലെ നമ്മുടെ വിദ്യര്‍ഥികള്‍ക്ക് ഏത് വരെ പോകാം എന്നുള്ളതിന് ഒരു നിയന്ത്രണം വേണം എന്നേ പറഞ്ഞുള്ളൂ. അത് ഒരു കേസ് വന്നതിന്റെ അടിസ്ഥാനത്തില്‍ കൊടുത്ത ഒരു സത്യവാങ്മൂലമാണ്. അല്ലാതെ പൊതുവായി വന്ന സത്യവാങ്മൂലമല്ല. ലോ കോളേജുമായി ബന്ധപ്പെട്ട് വന്ന ഒരു കേസിലാണ് ഉന്നത വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി അങ്ങനെ ഒരു സത്യവാങ്മൂലം കൊടുത്തത്.

നമ്മുടെ കോളേജുകളിലും സര്‍വകലാശാലകളിലും ഇപ്പോഴും പാരമ്പര്യകോഴ്‌സുകളാണ്. ന്യൂജനറേഷന്‍ കോഴ്‌സുകള്‍ അനുവദിക്കുന്നത് തന്നെയും സ്വകാര്യ മേഖലയിലല്ലേ?

         ഇപ്പോള്‍ പുതുതായി അനുവദിച്ച കോളേജുകളില്‍ ന്യൂജനറേഷന്‍ കോഴ്‌സുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഗവണ്‍മെന്റ് വന്നപ്പോള്‍ ആവശ്യപ്പെട്ട കോഴ്‌സുകള്‍ കോളേജുകള്‍ക്ക് കൊടുക്കുകയുണ്ടായി. സ്വയം ഭരണാവകാശമുള്ള കോളേജുകള്‍ക്ക് ഏറ്റവും പുതിയ കോഴ്‌സുകള്‍ സ്വന്തമായി ഡിസൈന്‍ ചെയ്യാം. ഈ കോളേജുകള്‍ ഒന്നും സ്വാശ്രയ മേഖലയില്‍ ഇല്ല. സ്വയം ഭരണം നല്‍കിയത് പതിനൊന്ന് എയ്ഡഡ് കോളേജുകളിലും രണ്ട് ഗവണ്‍മെന്റ് കോളേജുകളിലുമാണ്. അത് തന്നെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച്, നാക്കി(NAAC)ന്റെ അംഗീകാരമുണ്ടോ എന്നൊക്കെ പരിശോധിച്ച്. മറ്റു കോളേജുകളില്‍, കോളേജിന്റെ ഡിമാന്റ് അനുസരിച്ചാണ് പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നത്.

സ്വകാര്യ-വിദേശ സര്‍വകലാശാലകള്‍ക്ക് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്ക് വഴിതുറക്കാനുള്ള സാധ്യതാ പഠനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോവുകയാണല്ലോ. ഇത് സ്വയം ഭരണ കോളേജുകളെ ബാധിക്കില്ലേ?

         ഇല്ല, ഏതെങ്കിലും പുതിയ കാര്യങ്ങള്‍ വരുമ്പോള്‍ അതില്‍ ഗുണമില്ലെങ്കില്‍ അതിന് ഗവണ്‍മെന്റ് അനുമതി കൊടുക്കില്ല.എല്ലാം വരുംതലമുറയുടെ ഗുണത്തിനായിരിക്കണം. ആ സ്ഥാപനങ്ങളുടെയും വളര്‍ച്ചക്കായിരിക്കണം. അല്ലാതെ ഒന്നിനെ തട്ടിയിട്ട് മറ്റൊന്നിനെ കൊണ്ടുവരുന്ന രീതിയല്ല.

2007-ലെ സച്ചാര്‍ കമീഷന്‍ ശിപാര്‍ശ പ്രകാരം നമുക്ക് കിട്ടിയ ഒരു വലിയ നേട്ടമായിരുന്നു അലിഗഢ് ഓഫ് കാമ്പസ്. അതുപോലെ ഇഫ്‌ലു കാമ്പസിന്റെ ഓഫ് സെന്‍ട്രല്‍ ഇവിടെ കൊണ്ട് വരാന്‍ വേണ്ടി താങ്കള്‍ നടത്തിയ കഠിന പ്രയത്‌നം പരക്കെ ശ്ലാഘിക്കപ്പെട്ടതാണ്. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഇതുവരെ ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും ഉയരാനായിട്ടില്ല?

         നമ്മള്‍ ചെയ്യാനുള്ളത് എല്ലാം ചെയ്തു. ഇനിയും വേണ്ടതൊക്കെ ചെയ്യും. അത് രണ്ടും കേന്ദ്ര പദ്ധതികളാണല്ലോ. സംസ്ഥാനം ഭൂമി മാത്രമേ കൊടുക്കുന്നുള്ളൂ. ഇപ്പോള്‍ ഇഫ്‌ലുവില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ തുടങ്ങിയിട്ടുണ്ട്. അലിഗഢ് തന്നെ ആദ്യം വാടക ബില്‍ഡിംഗിലാണല്ലോ തുടങ്ങിയത്. പിന്നീടാണ് സ്വന്തമായി കെട്ടിടങ്ങളുണ്ടായത്. പുതിയ ഒരു സംരംഭമാകുമ്പോള്‍ അതിന്റെതായ സാവകാശം ഉണ്ടാകും. ഫണ്ട് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും കേന്ദ്രത്തില്‍ നിന്നാണല്ലോ വരേണ്ടത്. കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറിയത് കൊണ്ട് ഫണ്ടിന്റെ ലഭ്യത ഉണ്ടാവില്ല എന്ന് മുന്‍വിധി പറയാന്‍ പറ്റില്ല. ഏത് ഗവണ്‍മെന്റുകളാണെങ്കിലും സംസ്ഥാനങ്ങളെ നയിക്കാന്‍ ബാധ്യസ്ഥരാണ്. നല്ല കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടതാണ്. ബി.ജെ.പി ഗവണ്‍മെന്റ് വന്നത് കൊണ്ട് വിദ്യാഭ്യാസ രംഗത്തെയും മറ്റും വികസനങ്ങള്‍, പരിഷ്‌കാരങ്ങള്‍ എല്ലാം ഇല്ലാതാകും എന്ന അഭിപ്രായം എനിക്കില്ല. നാം നമ്മുടേതായ ശ്രമങ്ങള്‍ നടത്തും. കിട്ടാവുന്നേടത്തോളം വാങ്ങിക്കും.

ഈ സര്‍ക്കാര്‍ വന്ന സമയത്ത് പറഞ്ഞിരുന്നത് കേരളത്തെ ഒരു Education Hub ആയി ഉയര്‍ത്തുമെന്നും അതിന്റെ ഭാഗമായി തൊടുപുഴ നോളജ് സിറ്റി, പാലക്കാട്ട് ഐ.ഐ.ടി, കോട്ടയം ഐ.ഐ.എഫ്.ടി, കാലിക്കറ്റ് ഓപ്പണ്‍ യൂനിവേഴ്‌സിറ്റി എന്നിവയെല്ലാം നിലവില്‍ വരുമെന്നും. ഇവയൊക്കെ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പ്രഖ്യാപനം മാത്രമായി അവശേഷിക്കുകയാണല്ലോ?

         കേരളത്തെ ഒരു എജുക്കേഷന്‍ ഹബ്ബാക്കി മാറ്റും എന്നാണ് തീരുമാനം. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ നമ്മുടെ കുട്ടികള്‍ പുറത്ത് പോകുന്നതിന് പകരം ഇവിടെ നില്‍ക്കുകയും പുറമെ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇങ്ങോട്ട് വരുകയും ചെയ്യുക. അങ്ങനെ വിദ്യാഭ്യാസത്തിന്റെ ഡെസിഗ്‌നേഷന്‍ ആയി കേരളം മാറണം. അതിനു വേണ്ടിയുള്ള സ്ഥാപനങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ട്. അത് ദീര്‍ഘകാല പദ്ധതിയാണ്. അങ്ങനെ ആകുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഇങ്ങോട്ട് വരും. ഈ ആവശ്യാര്‍ഥം ഒരു അക്കാദമിക്ക് സിറ്റിയുടെ മോഡലുമായി ബന്ധപ്പെട്ട് ദുബൈയില്‍ ചെന്ന് അവിടത്തെ അക്കാദമിക് സിറ്റി സന്ദര്‍ശിച്ച് അവരുമായി സംസാരിച്ചിരുന്നു.

ദീര്‍ഘ ആസൂത്രണത്തോടുകൂടിയ ഒരു വിദ്യാഭ്യാസ അജണ്ട മുസ്‌ലിം സമുദായത്തിന് ഉണ്ടായിരിക്കേണ്ടതല്ലേ?

         അതില്‍ ഞാന്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ പോരാ. മുസ്‌ലിം സമുദായത്തിനു വിദ്യാഭ്യാസ അജണ്ട നേരത്തെ ഉണ്ടല്ലോ. വിദ്യാഭ്യാസത്തിന് ഏറ്റവും കൂടുതല്‍ പരിഗണന കൊടുത്തതും സമുദായം തന്നെയാണ്. വായിക്കാന്‍ പറഞ്ഞിട്ടാണല്ലോ ഖുര്‍ആന്‍ തുടങ്ങുന്നത് തന്നെ. പിന്നെ ജമാഅത്തെ ഇസ്‌ലാമിക്കുള്ളതുപോലെ ഒരു പ്ലാന്‍ഡ് അജണ്ട സമുദായത്തിന് മൊത്തമായി ഇല്ല എന്നേയുള്ളൂ. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 95-97
എ.വൈ.ആര്‍