Prabodhanm Weekly

Pages

Search

2014 ജൂണ്‍ 06

മനം തണുപ്പിച്ച രണ്ട് കൂടിക്കാഴ്ചകള്‍

ഹുസൈന്‍ കടന്നമണ്ണ

         കഴിഞ്ഞ വര്‍ഷം ജൂണില്‍ ഈ ലേഖകന്‍ ടി.കെ ഇബ്‌റാഹീം സാഹിബുമൊത്ത് ഈജിപ്തില്‍ പോയത് ജേതാക്കളുടെ 'ഹുങ്കോ'ടെയായിരുന്നു. അറബ് വസന്തത്തെത്തുടര്‍ന്ന് നടന്ന ജനാധിപത്യ രീതിയിലുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് മുര്‍സി രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം തികയുന്ന ആ നാളുകളില്‍ കയ്‌റോയിലെയും അലക്‌സാണ്ട്രിയയിലെയും ജീസയിലെയും തെരുവീഥികളിലൂടെ ഞങ്ങള്‍ അഭിമാനത്തോടെ നടന്നു. വൈകുന്നേരങ്ങളില്‍ തഹ്‌രീര്‍ ചത്വരത്തില്‍ പോയി മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് പഴയ കടം വീട്ടി. ശഹീദ് ഹസനുല്‍ ബന്നായുടെ ജനാസ  നമസ്‌കാരം നടന്ന ഖൈസൂന്‍ പള്ളിയില്‍ ചെന്നിരുന്ന് ചരിത്രത്തിന്റെ കാവ്യനീതിയോര്‍ത്ത് പുളകമണിഞ്ഞു. വികാരതീവ്രതയാല്‍ കണ്ണിണകള്‍ സന്തോഷത്തിന്റെ അശ്രുകണങ്ങള്‍ പൊഴിച്ചു. അടുത്തിടപഴകിയ മുര്‍സിവിരുദ്ധരായ മിസ്‌രികളോടെല്ലാം ജനാധിപത്യത്തിനും മുര്‍സിയുടെ നിലനില്‍പിനുമായി തര്‍ക്കിച്ചു. ശക്തമായ മുര്‍സിവിരുദ്ധ കാമ്പയിന്‍ നടക്കുന്ന നാളുകളായിരുന്നു അത്.

         ഈജിപ്തില്‍ നിന്ന് തിരിച്ചെത്തി മൂന്നാഴ്ച കഴിഞ്ഞപ്പോഴേക്കും ആ ദുഃഖസംഭവം നടന്നു. ഏറെ പ്രതീക്ഷകളോടെ ഈജിപ്ഷ്യന്‍ ജനത അധികാരത്തിലേറ്റിയ സത്യസന്ധനും സദ്‌വൃത്തനുമായപ്രസിഡന്റിനെ പട്ടാളം അട്ടിമറിച്ചു. പിന്നീടങ്ങോട്ട് ഉറക്കം വരാത്ത രാവുകളും പകലുകളുമായിരുന്നു. അല്‍ജസീറ, അല്‍ ഖുദ്‌സ് ചാനലുകള്‍ക്ക് മുമ്പില്‍ ചടഞ്ഞിരുന്നു. റാബിഅ അദവിയയിലെയും അന്നഹ്ദ മൈതാനത്തിലെയും റംസീസിലെയും സഹോദരങ്ങളെ നിര്‍ന്നിമേഷം കണ്ടിരുന്നു. ആവേശവും വേദനയുമുണര്‍ത്തുന്ന അന്നത്തെ ലൈവ് ദൃശ്യങ്ങള്‍ മനസ്സില്‍ നിന്നൊരിക്കലും മാഞ്ഞുപോകില്ല.

         അറബ് വസന്തത്തിന്റെ ഈജിപ്ഷ്യന്‍ പരിണാമം ഇപ്പോഴും മനസ്സിനെ നോവിച്ചുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും സന്തോഷകരമായ വാര്‍ത്തക്കായി കാതോര്‍ത്തിരിക്കുകയാണ്. ദുഃഖമേറ്റുന്ന വാര്‍ത്തകളാണ് പിന്നീട് കേട്ടുകൊണ്ടിരിക്കുന്നതെങ്കിലും ശുഭപ്രതീക്ഷയെന്ന കെടാവിളക്ക് ഏതു പാതിരാവിലും വെളിച്ചം വിതറി പതിഞ്ഞു കത്തുന്നു.

         അതിനിടക്കാണ് രണ്ട് ഇതിഹാസ നായകരുമായി കൂടിക്കാഴ്ചക്ക് സൗഭാഗ്യമുണ്ടായത്. ഒന്ന്, ഡോ. ഹസന്‍ തുറാബി. രണ്ടാമത്തേത് ശൈഖ് റാശിദുല്‍ ഗനൂശി. 'ദേശീയ ഐക്യവും സഹജീവനവും' എന്ന ശീര്‍ഷകത്തില്‍ ഖത്തറിലെ ഔഖാഫ് ഇസ്‌ലാമികകാര്യ മന്ത്രാലയം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയ ഇരുവരുമായി നടന്ന സംഭാഷണം മനസ്സിനെ വല്ലാതെ തണുപ്പിച്ചു.

         അറബ് വസന്തത്തിന്റെ ഭാവിയെക്കുറിച്ച് ഏറെ ശുഭപ്രതീക്ഷയോടെയാണ് ഗനൂശി സംസാരിച്ചത്. നമുക്ക് അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കാം: 'തുനീഷ്യയിലെ അറബ് വസന്തവും ഇസ്‌ലാമിക വസന്തവും സ്വാതന്ത്ര്യ വസന്തവുമെല്ലാം നല്ല നിലയില്‍ മുന്നോട്ടുപോകുന്നു. കഴിഞ്ഞ വര്‍ഷം, വിശിഷ്യ ഈജിപ്തിലെ അട്ടിമറിക്ക് ശേഷം ഞങ്ങള്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങളെല്ലാം മറികടക്കാനായി. ഈജിപ്തിലെ പട്ടാള അട്ടിമറിക്കു ശേഷം മേഖലയിലൊന്നാകെ ഒരുതരം 'തിരിച്ചുപോക്ക്' ദൃശ്യമായിരുന്നു. സദൃശമായത് തുനീഷ്യയിലും സംഭവിക്കുമെന്ന് വസന്തശത്രുക്കള്‍ കരുതി. അതിനായി അവര്‍ കരുക്കള്‍ നീക്കി. പക്ഷേ, അവര്‍ ദയനീയമായി പരാജയപ്പെട്ടു.

         തുനീഷ്യക്ക് ഇന്ന് മികച്ചൊരു ഭരണഘടനയായി. 22 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 266 അംഗങ്ങളടങ്ങിയ ഭരണഘടനാ നിര്‍മാണ സമിതിയിലെ 200 പേരുടെ പിന്തുണയോടെയാണ് അത് പാസ്സായതെന്നത് ശ്രദ്ധേയം. ഇസ്‌ലാമും ജനാധിപത്യവും, ഇസ്‌ലാമും ആധുനികതയും, ഇസ്‌ലാമും സ്വാതന്ത്ര്യവും, ഇസ്‌ലാമും മനുഷ്യാവകാശങ്ങളും എത്ര മനോഹരമായി ചേരുംപടി ചേരുന്നുവെന്ന് ആ ഭരണഘടന തെളിയിക്കുന്നു. ജനാധിപത്യവും മനുഷ്യാവകാശങ്ങളും സ്ത്രീ പുരുഷ സമത്വവും ചാലിച്ചുണ്ടാക്കിയതാണ് ഇസ്‌ലാം ദര്‍ശനമെന്ന് ഞങ്ങള്‍, അന്നഹ്ദ പാര്‍ട്ടി ഉറച്ചുവിശ്വസിക്കുന്നു. ദേശീയ ഐക്യത്തിന്റെ ബലിഷ്ഠമായ അടിത്തറയാണത്. ഇതര രാജ്യങ്ങളിലുള്ള നമ്മുടെ സഹോദരന്മാര്‍ക്കു കൂടി ഉപകാരപ്പെടുന്ന മാതൃകാപരമായ ഭരണഘടനയാണ് നിലവില്‍ വന്നിരിക്കുന്നത്.

         സ്വതന്ത്രാധികാരമുള്ള ഒരു തെരഞ്ഞെടുപ്പ് കമീഷനും തുനീഷ്യയില്‍ നിലവില്‍ വന്നിരിക്കുന്നു. അടുത്ത പൊതുതെരഞ്ഞെടുപ്പിന് പ്രസ്തുത കമീഷന്‍ കാര്‍മികത്വം വഹിക്കും. ഗവണ്‍മെന്റിന്റെ സ്വാധീനത്തില്‍ നിന്ന് മുക്തമായ, വിശ്വാസ്യതയുള്ള കമീഷനാണത്.

         മൂന്നാമതായി, ഒരു നിഷ്പക്ഷ സര്‍ക്കാറിന് ഞങ്ങള്‍ അംഗീകാരം നല്‍കി. ഞങ്ങളായിരുന്നു സര്‍ക്കാറിനെ നയിച്ചിരുന്നത്. എന്നാല്‍, ഞങ്ങള്‍ സര്‍ക്കാറിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നത് വിപ്ലവസൗധം ഒന്നാകെ തകര്‍ന്നുവീഴാന്‍ കാരണമാകുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. അതിനാല്‍ തുനീഷ്യക്കായി, സ്വാതന്ത്ര്യത്തിനായി, വിപ്ലവത്തിന്റെ തുടര്‍ച്ചക്കായി ത്യാഗം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. കാരണം എടുപ്പൊന്നാകെ ഞങ്ങളുടെ തലക്കുമീതെ തകര്‍ന്നുവീഴാന്‍ കൊതിക്കുന്ന ശക്തികള്‍ സജീവമായിരുന്നു. അപ്പോള്‍ ഞങ്ങള്‍ അവരോട് പറഞ്ഞു: ഞങ്ങള്‍ രാജ്യത്തെ സ്വാതന്ത്ര്യം കാത്തുകൊള്ളാം. സ്വാതന്ത്ര്യം നിലനില്‍ക്കുന്നതിനായി വിപ്ലവത്തെ കാത്തുകൊള്ളാം. അതാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അങ്ങനെ ഞങ്ങള്‍ സര്‍ക്കാറില്‍നിന്ന് പുറത്തുവന്ന് പാര്‍ലമെന്റില്‍ പരിമിതമായി.

         പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ഇപ്പോഴും അന്നഹ്ദയാണ്. ഞങ്ങളുടെ അംഗീകാരമില്ലാതെ ഒന്നും പാസ്സാവുകയില്ല. മറ്റൊരര്‍ഥത്തില്‍ ഞങ്ങളുടെ കൈവശം വീറ്റോ അധികാരമുണ്ട്. സര്‍ക്കാറിനെതിരായിപ്പോലും ഞങ്ങള്‍ക്ക് വീറ്റോ പ്രയോഗിക്കാം. വരുന്ന പൊതു തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാനായി ഒരു വര്‍ഷത്തേക്കാണ് ഇപ്പോഴത്തെ ടെക്‌നോക്രാറ്റ് സര്‍ക്കാറിന് ഞങ്ങള്‍ അംഗീകാരം നല്‍കിയത്. അന്നഹ്ദ സര്‍ക്കാറിന്റെ കീഴില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ അതിന്റെ ഫലത്തില്‍ പലരും സംശയമുയര്‍ത്തിയേക്കാം. ഇപ്പോഴത്തെ സര്‍ക്കാര്‍ നിഷ്പക്ഷ സര്‍ക്കാറാണ്. അന്നഹ്ദയോടോ അല്ലാത്തവരോടോ ശത്രുത പുലര്‍ത്തുന്നവര്‍ അതിലില്ല.

         ചുരുക്കത്തില്‍ രാജ്യം ഇപ്പോള്‍ ശാന്തമാണ്. തുനീഷ്യന്‍ വണ്ടി ട്രാക്കിലാണെന്ന് പറയാം. ഈ വര്‍ഷാവസാനം പൊതുതെരഞ്ഞെടുപ്പ് നടക്കും. ഈ വര്‍ഷം തന്നെ നടക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു. കാര്യങ്ങള്‍ ശാന്തമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി സര്‍ക്കാര്‍ സഗൗരവം യത്‌നിക്കുന്നു.

         അന്നഹ്ദയുടെ പൊതുസമ്മേളനം മുന്‍ തീരുമാനമനുസരിച്ച് ഈ വര്‍ഷം നടക്കേണ്ടതാണ്. സമ്മേളനം ഈ വര്‍ഷംതന്നെ നടത്തണോ അതോ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നീട്ടിവെക്കണോ എന്നതിനെക്കുറിച്ച് പാര്‍ട്ടിക്കകത്ത് ഞങ്ങള്‍ ഹിതപരിശോധന നടത്തി. അതിന്റെ ഫലം പുറത്തുവന്നു. സമ്മേളനം അടുത്ത വര്‍ഷത്തേക്ക് നീട്ടിവെക്കാനാണ് തീരുമാനം.

         തുനീഷ്യയിലെ ഏറ്റവും സുസംഘടിതമായ, ഏറ്റവും വലിയ പാര്‍ട്ടി അന്നഹ്ദയാണ്. മാതൃരാജ്യത്തിനായി ത്യാഗം ചെയ്ത പാര്‍ട്ടി എന്നാണ് ജനമനസ്സിലുള്ള അന്നഹ്ദയുടെ ചിത്രം. വിശ്വാസ്യതയും ധാര്‍മികതയുമുള്ള പാര്‍ട്ടിയാണ് അന്നഹ്ദയെന്ന് അവര്‍ക്ക് ബോധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും ഒടുവില്‍ നടന്ന അഭിപ്രായ സര്‍വേകളിലെല്ലാം പാര്‍ട്ടിയുടെ ജനപിന്തുണ സൂചിക ഉയരുകയാണ് ചെയ്തത്. കാരണം, ഞങ്ങളുടെ ജനത തങ്ങള്‍ക്കായി ത്യാഗം ചെയ്യുന്നവരെ വിലമതിക്കുന്നവരാണ്. പൊതുതാല്‍പര്യങ്ങള്‍ക്കായി സ്വകാര്യ താല്‍പര്യങ്ങളെ ബലികൊടുക്കുന്നവരെ സ്‌നേഹിക്കുന്നവരാണ്.

         അവസാനായി പറയട്ടെ, ഇസ്‌ലാമിന്റെ ഭാവിയെന്താണോ അതുതന്നെയായിരിക്കും ഈജിപ്തിന്റെയും ഭാവി. ലോകത്ത് സ്വാതന്ത്ര്യത്തിന്റെ ഭാവിയെന്താണോ അതുതന്നെയായിരിക്കും ഈജിപ്തിലെ സ്വാതന്ത്ര്യത്തിന്റെ ഭാവിയും.ലോകം മുഴുവന്‍ സ്വാതന്ത്ര്യത്തിലേക്കും സുതാര്യതയിലേക്കും നടന്നുനീങ്ങുകയാണ്. ഈജിപ്തിനു മാത്രം ഒറ്റപ്പെട്ട തുരുത്തായി മാറിനില്‍ക്കാനാവില്ല. അവിടത്തെ ഇപ്പോഴുള്ള ഭരണകൂടം നിലനില്‍ക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. അര മണിക്കൂര്‍ മാത്രം നീണ്ട വിചാരണക്കൊടുവില്‍ 529 പേര്‍ക്ക് വധശിക്ഷ വിധിച്ച ഭരണകൂടം എന്തൊരു ഭരണകൂടമാണ്! പിന്തിരിപ്പന്‍ ഭരണകൂടം! ആധുനികമെന്നല്ല, പ്രാചീന പ്രാകൃതമെന്ന് അതിനെ വിശേഷിപ്പിക്കാനാവില്ല. ഫറോവമാരുടെ കാലത്തുപോലും ഇത്തരം കാടത്തമുണ്ടായിരുന്നില്ല. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്ക് ഈജിപ്തിലും സിറിയയിലും മറ്റെവിടെയും ഇനി നിലനില്‍പ്പുണ്ടാവില്ല.

         ഡോ. ഹസന്‍ തുറാബിയുടെ സംസാരമാകട്ടെ, സുഡാനിലെ പുതിയ സംഭവവികാസങ്ങളില്‍ ഊന്നിയുള്ളതായിരുന്നു. തുറാബിയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിസ്റ്റുകളുടെ പരിപൂര്‍ണ പിന്തുണയോടെ 1988-ല്‍ രാജ്യത്ത് നിലവില്‍ വന്ന ഉമറുല്‍ ബഷീറിന്റെ ഭരണകൂടം ആദ്യഘട്ടത്തില്‍ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ഉദ്ദിഷ്ട പാതയില്‍ നിന്ന് വ്യതിചലിക്കുന്നതാണ് കണ്ടത്. കടുത്ത ആഭ്യന്തര ഭിന്നിപ്പ് ഉടലെടുത്തു. പട്ടാള ഭരണകൂടത്തിന്റെ ജനിതക ദൗര്‍ബല്യങ്ങള്‍ നിരന്തരം പ്രകടമായിക്കൊണ്ടിരുന്നു. ബാഹ്യശക്തികള്‍ പലപ്പോഴും സൈനികമായും അല്ലാതെയും രാജ്യത്തെ കടന്നാക്രമിച്ചു. ഒടുവില്‍ രാജ്യം തന്നെ ശിഥിലമായി. വസന്തക്കാറ്റ് സുഡാനിലെത്തിയെങ്കിലും പട്ടാളത്തിന്റെ ഉരുക്കുമുഷ്ടിക്കുപരി, മറ്റെന്തൊക്കെയോ അത്ഭുതങ്ങള്‍ കൊണ്ടാണ് തല്‍ക്കാലമത് ചീറ്റിപ്പോയത്. ഇപ്പോള്‍ എല്ലാവര്‍ക്കും ബോധമുദിച്ചിരിക്കുന്നു. പ്രസിഡന്റ് ബഷീര്‍ ഈയിടെ എല്ലാ പാര്‍ട്ടി നേതാക്കളെയും വിളിച്ചുകൂട്ടി സംഭാഷണം നടത്തുകയുണ്ടായി. പരിഷ്‌കരണത്തിന് അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നു.

         ബഷീര്‍ സംഭാഷണം നടത്തിയവരില്‍ പ്രമുഖനാണ് ഡോ. ഹസന്‍ തുറാബി. ഒരുകാലത്ത് 'വിപ്ലവാചാര്യന്‍', 'ആയത്തുല്ലാ ഖാര്‍ത്തൂം' എന്നൊക്കെ വാഴ്ത്തപ്പെട്ടിരുന്ന തുറാബി, പ്രസിഡന്റ് ബഷീറിന്റെ ഗുരുസ്ഥാനീയനും വഴികാട്ടിയുമൊക്കെയായിരുന്നു. പക്ഷേ, പിന്നീട് ശിഷ്യന്‍ ഗുരുവിനെ വര്‍ഷങ്ങളോളം ജയിലിലടച്ച് പീഡിപ്പിക്കുന്നതാണ് കണ്ടത്. ഇരുവരും വഴിപിരിഞ്ഞതാണ് സുഡാനിലെ വിപ്ലവ സ്വപ്നങ്ങളെ തകര്‍ത്തത്. 'കഴിഞ്ഞതെല്ലാം മറക്കുകയാണ്. ജയിലും പീഡനങ്ങളും ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു' എന്നാണ് പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ശുഭാപ്തി വിശ്വാസത്തോടെ, എന്നാല്‍ സൂക്ഷ്മതയോടെ തുറാബി പ്രതികരിച്ചത്. നമുക്ക് കാത്തിരിക്കാം; നന്മക്കായി പ്രാര്‍ഥിക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 95-97
എ.വൈ.ആര്‍