Prabodhanm Weekly

Pages

Search

2014 മെയ്‌ 09

വിജ്ഞാനവും വെളിച്ചവും പകര്‍ന്ന പുസ്തകമേളയും സാംസ്‌കാരിക സമ്മേളനവും

ശിഹാബുദ്ദീന്‍ ആരാമ്പ്രം /റിപ്പോര്‍ട്ട്

         2014 ഏപ്രില്‍ 12 മുതല്‍ 16 വരെ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഐ.പി.എച്ച് പുസ്തകമേളയും സാംസ്‌കാരിക സമ്മേളനങ്ങളും, സമൂഹത്തിലെ നാനാ മേഖലയിലുമുള്ള വായനക്കാരുടെ സാന്നിധ്യത്താല്‍ ഏറെ ശ്രദ്ധേയമായി. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് നഗരഹൃദയത്തില്‍ വീണ്ടും സാംസ്‌കാരിക പരിപാടികളോടെ മേളക്ക് തുടക്കമായത്.

ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖാ അമീര്‍ ടി. ആരിഫലി മേള ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷങ്ങളുടെ വൈജ്ഞാനിക ഉണര്‍വിന് തടയിടാന്‍ ആസൂത്രിത നീക്കങ്ങളാണ് ചില കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാംപേടിയുടെ പ്രചാരകരാണ് അതിന് പിന്നില്‍. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ നടത്തുന്ന ഗ്രന്ഥാലയങ്ങളില്‍ പരിശോധന നടത്തി വര്‍ഷങ്ങളായി പാരായണം ചെയ്തുവരുന്ന പുസ്തകങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നു. മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ തടഞ്ഞ് സമൂഹത്തിന്റെ ചലനാത്മകത ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. സാംസ്‌കാരിക വൈവിധ്യം മുഴുവന്‍ ജനങ്ങള്‍ക്കും എത്തിക്കുക എന്നത് മതസേവനം മാത്രമല്ല രാജ്യസേവനം കൂടിയാണ്. ആ ദൗത്യമാണ് ഐ.പി.എച്ച് പോലുള്ള സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നത്. അതിനാല്‍ പുസ്തകമേളകളെ വിജയിപ്പിക്കാന്‍ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഖുര്‍ആന്‍ ബോധനം ആറാം വാള്യം സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങള്‍ക്ക് നല്‍കി അനസ് മൗലവി പ്രകാശനം ചെയ്തു. വി.കെ അലി അധ്യക്ഷത വഹിച്ചു. ടി.കെ ഉബൈദ് ഗ്രന്ഥ സമര്‍പ്പണം നടത്തി. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എസ്. ഇര്‍ശാദ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന സംസാരിച്ചു. ഐ.പി.എച്ച് അസി. ഡയറക്ടര്‍ കെ.ടി ഹുസൈന്‍ സ്വാഗതവും അശ്‌റഫ് പേരാമ്പ്ര നന്ദിയും പറഞ്ഞു.

അറബ് വസന്താനന്തരമുള്ള മുസ്‌ലിം ലോകത്തെപ്പറ്റിയായിരുന്നു രണ്ടാം ദിനത്തിലെ ചര്‍ച്ചാ സമ്മേളനം. ഈജിപ്തിലെ സൈനിക അട്ടിമറിക്ക് ചുക്കാന്‍ പിടിച്ചത് അറബ് രാജ്യങ്ങളില്‍ വളര്‍ന്നുവരുന്ന ജനകീയ വിപ്ലവങ്ങള്‍ തങ്ങളുടെ അധികാര കുത്തക തകര്‍ക്കുമെന്ന് ഭയപ്പെട്ട മേഖലയിലെ രാജാധിപത്യ ഭരണകൂടങ്ങളാണെന്ന് മാധ്യമം- മീഡിയാ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍ അഭിപ്രായപ്പെട്ടു.  ഡോ. പി.ജെ വിന്‍സെന്റ്, സി. ദാവൂദ്, മുജീബുര്‍റഹ്മാന്‍ കിനാലൂര്‍, അശ്‌റഫ് കീഴുപറമ്പ് സംസാരിച്ചു. ശിഹാബുദ്ദീന്‍ ആരാമ്പ്രം സ്വാഗതവും നാസര്‍ എരമംഗലം നന്ദിയും പറഞ്ഞു.

വിപണി കീഴടക്കുന്ന ആത്മീയതയെപ്പറ്റിയായിരുന്നു മൂന്നാം ദിവസത്തെ ചര്‍ച്ച. ഒ. അബ്ദുല്ല, കെ.സി വര്‍ഗീസ്,  പി. മുജീബുര്‍റഹ്മാന്‍, ഖാലിദ് മൂസാ നദ്‌വി ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. എ.എ ഹലീം സ്വാഗതവും ഷാനവാസ് കൊടുവള്ളി നന്ദിയും പറഞ്ഞു. മാപ്പിളപ്പാട്ടിന്റെ അതിജീവനത്തെപ്പറ്റി നാലാം ദിവസം നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അഡ്വ. ബാബു മോഹനക്കുറുപ്പ്, ഫൈസല്‍ എളേറ്റില്‍, കെ. അബൂബക്കര്‍, ഫിറോസ് ബാബു, പി.ടി അബ്ദുര്‍റഹ്മാന്‍, പി.എ നാസിമുദ്ദീന്‍ പങ്കെടുത്തു. എം.കെ അബ്ദുസ്സമദ് സ്വാഗതവും കെ.പി ബഹാസ് നന്ദിയും പറഞ്ഞു.

'ഐ.പി.എച്ചും പുസ്തക പ്രസാധനവും' എന്ന തലക്കെട്ടില്‍ നടന്ന സമാപന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാംഗം ടി.കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ശൈഖ് മുഹമ്മദ് കാരകുന്ന്, എ.പി കുഞ്ഞാമു, ടി. മുഹമ്മദ് വേളം സംസാരിച്ചു. കെ.ടി ഹുസൈന്‍ സ്വാഗതവും സി.പി ഹാരിസ് നന്ദിയും പറഞ്ഞു.

ഖുര്‍ആന്‍ ബോധനം (വാള്യം ആറ്), ഗസ്സ: പോരാളികളുടെ പറുദീസ, വിശ്വാസം കര്‍മം- സംശയങ്ങള്‍ക്ക് മറുപടി, ഇസ്‌ലാം: ചരിത്രം സംസ്‌കാരം നാഗരികത, ഖറദാവിയുടെ തെരഞ്ഞെടുത്ത ഖുത്വ്ബകള്‍, ദാമ്പത്യം ഈടുറ്റതാക്കാന്‍, നന്മയുടെ നാമ്പുകള്‍, പാപത്തിന്റെ ശമ്പളം, ബംഗ്ലാദേശ്: തൂക്കിലേറുന്നത് നീതിയും ജനാധിപത്യവും, മലയാളത്തിലെ ഇശല്‍ വഴി, മഴന്‍ (കവിത), നവോത്ഥാന ശില്‍പികള്‍, സംസ്‌കരണത്തിന്റെ രീതിശാസ്ത്രം, ഹിന്ദുസ്താന്‍ (നാടകം), സൂര്യതാപത്തില്‍ (നോവല്‍) എന്നീ 15 ഗ്രന്ഥങ്ങള്‍ മേളയില്‍ പ്രകാശനം ചെയ്തു. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 78-82
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം