Prabodhanm Weekly

Pages

Search

2014 മെയ്‌ 09

ഭാഷയുടെ രാഷ്ട്രീയം

         ആശയങ്ങളുടെയും വികാരങ്ങളുടെയും വിനിയമ മാധ്യമമാണ് ഭാഷ. വിജ്ഞാനത്തിന്റെയും സാഹിത്യകലകളുടെയും കലവറ. ഒരു ജനതയുടെ സ്വത്വം രൂപപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും ഭാഷക്കുള്ള സ്ഥാനം അതി പ്രധാനമാണ്. നമ്മുടെ ഇന്നലെകള്‍ ഇന്നിലേക്ക് പകര്‍ന്നു കിട്ടുന്നത് ഭാഷയിലൂടെയാണ്. ബാഹ്യലോകവുമായി നമ്മെ ബന്ധിപ്പിക്കുന്നതും ഭാഷ തന്നെ. ഭാഷയിലുള്ള പരിജ്ഞാനത്തിന്റെ പരിമാണമനുസരിച്ച് നമ്മുടെ ലോകം വികസ്വരമാകുന്നു. സ്വത്വ ഘടകമെന്ന നിലയില്‍ മാതൃഭാഷയോട് സവിശേഷ സ്‌നേഹവും പ്രതിബദ്ധതയുമുണ്ടാവുക സ്വാഭാവികം. ഭാഷാ സ്‌നേഹം ഭാഷയുടെ വൈജ്ഞാനിക-കലാ- സാഹിത്യ മേഖലകളെ പുഷ്‌കലമാക്കിക്കൊണ്ടിരിക്കും. വികസനം, അത് വ്യക്തിയുടേതായാലും, സമൂഹത്തിന്റെതായാലും, അവനവന്റെ ഭാഷയെ മാത്രം ആശ്രയിച്ചു നടക്കുന്ന പ്രക്രിയയല്ല. എല്ലാ ഭാഷകള്‍ക്കും അതില്‍ പങ്കുവഹിക്കാനുണ്ട്. മാതൃഭാഷാ സ്‌നേഹം പരഭാഷാ വിരോധമായാല്‍ അത് ഭാഷാ ഭ്രാന്താകും. ഒരു ഭാഷയോടുള്ള അവജ്ഞയും വിരോധവും ആ ഭാഷ സംസാരിക്കുന്നവരിലേക്ക് നീളാന്‍ വളരെ എളുപ്പമാണ്. ഭാഷാ സമരങ്ങള്‍ വിഘടനവാദത്തിലേക്കും വംശഹത്യയിലേക്കും വഴി തെളിയിച്ച ചരിത്രം പലപ്പോഴും ഉണ്ടായിട്ടുണ്ട്. തമിഴരുടെ തമിഴ് പ്രേമം ചിലപ്പോഴൊക്കെ ഹിന്ദിയോടും 'ഹിന്ദിവാല'കളോടുമുള്ള വിരോധത്തിന്റെ ലക്ഷണം പ്രകടിപ്പിക്കാറുള്ളത് നാം കാണാറുണ്ടല്ലോ.  ഏതു ഭാഷയോടുള്ള വിരോധവും മറ്റുള്ളവരില്‍ നിന്ന് സ്വയം അന്യവത്കരിക്കലും സ്വന്തം ലോകത്തെ ചെറുതാക്കലുമാണ്.

സമൂഹത്തിന്റെ പുരോഗതിയുടെയും ശാക്തീകരണത്തിന്റെയും ഘടകമാണ് ഭാഷ. ഒരു സമൂഹത്തിന്റെ വികസനം തടയാനുള്ള മാര്‍ഗങ്ങളിലൊന്നാണ് അവരുടെ ഭാഷയെ അവഗണിക്കുകയെന്നത്. ഈയടിസ്ഥാനത്തില്‍ സര്‍ക്കാറിന്റെ ഭാഷാ നയത്തിന് വലിയ രാഷ്ട്രീയ മാനമുണ്ട്. ഇന്ത്യന്‍ ഭരണഘടന ഔദ്യോഗിക ഭാഷകളിലൊന്നായി അംഗീകരിച്ചിട്ടുള്ളതാണ് ഉര്‍ദു ഭാഷ. എങ്കിലും എല്ലാ സര്‍ക്കാറുകളും അതിനോട് സ്വീകരിച്ചിട്ടുള്ളത് ചിറ്റമ്മ നയമാണ്. ഉര്‍ദു സംസാരിക്കുന്നവര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് യു.പി. ഉര്‍ദുവിന് അവിടെ രണ്ടാം ഔദ്യോഗിക ഭാഷ എന്ന പദവിയുണ്ട്. പക്ഷേ, ഉര്‍ദു മീഡിയം സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിക്കുന്നില്ല. 14 വയസ്സു വരെ മാതൃഭാഷയില്‍ വിദ്യാഭ്യാസം ലഭിക്കുക എല്ലാ ഇന്ത്യന്‍ കുട്ടികളുടെയും മൗലികാവകാശമാണ്. ഈ അവകാശം പക്ഷേ, ഉര്‍ദു മാതൃഭാഷയായ കുട്ടികള്‍ക്ക് ലഭ്യമല്ല. ഉര്‍ദു മാധ്യമമായ മദ്‌റസകളില്‍ വിദ്യാഭ്യാസം ചെയ്യുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളുണ്ട്. അവരുടെ ഭാവി സര്‍ക്കാറിന്റെ പരിഗണനാ വിഷയമേയല്ല. അവരുടെ യോഗ്യതകള്‍ സമുദായത്തിനോ രാജ്യത്തിനോ പ്രയോജനപ്പെടുത്തേണ്ടതില്ല; അവര്‍ തെരുവിലലഞ്ഞോട്ടെ എന്ന മട്ടിലാണ് സര്‍ക്കാറിന്റെ സമീപനം.

യു.പി.എസ്.സി പരീക്ഷകളില്‍ നിന്ന് അറബി-പേര്‍ഷ്യന്‍ ഭാഷകള്‍ ഒഴിവാക്കാനുള്ള കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ തീരുമാനം നടപ്പിലാക്കിത്തുടങ്ങിയിരിക്കുകയാണ്. അവ ക്ലാസിക്ക് ഭാഷകളാണ്, വിദേശ ഭാഷകളാണ്, ഇന്ത്യയില്‍ ഉപയോഗിക്കുന്നവര്‍ കുറവാണ് - ഇതൊക്കെയാണ് ബന്ധപ്പെട്ടവര്‍ നിരത്തുന്ന ന്യായങ്ങള്‍. പക്ഷേ, രാജ്യത്ത് ഈ ഭാഷകള്‍ പഠിക്കുകയും പഠിപ്പിക്കുകയും കൈകാര്യം ചെയ്യുകുയം ചെയ്യുന്ന ധാരാളമാളുകളുണ്ട്. ഇങ്ങനെയൊരു തീരുമാനമെടുക്കുമ്പോള്‍ സര്‍ക്കാര്‍ അവരുമായി ഒന്നാലോചിക്കേണ്ടതല്ലേ? അതുണ്ടായില്ല. സംസ്‌കൃതത്തെയും പാലിയെയും പോലെ മൃതഭാഷകളുടെ ഗണത്തിലാണത്രെ സര്‍ക്കാര്‍ ഈ ഭാഷകളെയും കാണുന്നത്. ഇന്ത്യയില്‍ തന്നെ ആരും സംസാരിക്കാത്ത ഭാഷയാണ് സംസ്‌കൃതം. അതിന് എന്തൊക്കെ പ്രാധാന്യവും പ്രസക്തിയുമുണ്ടെങ്കിലും അതൊക്കെയും സര്‍ക്കാറിന്റെ പരിലാളന കൊണ്ട് ലഭിച്ചതാണ്. ഒരന്താരാഷ്ട്ര ഭാഷയാണ് അറബി. രണ്ട് ഡസനോളം രാജ്യങ്ങളിലെ സംസാര ഭാഷ. ഐക്യ രാഷ്ട്ര സഭ അംഗീകരിച്ച ഭാഷകളിലൊന്ന്. അറബ് നാടുകളില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ തൊഴില്‍ ചെയ്യുന്നുണ്ട്. ഒരു പക്ഷേ, ഇന്ത്യന്‍ പ്രവാസികള്‍ ഏറ്റവും കൂടുതലുള്ളത് ഈ നാടുകളിലായിരിക്കും. ഈ രാജ്യങ്ങളുമായി നമുക്ക് വിപുലമായ വ്യാപാര ഇടപാടുകളുമുണ്ട്. നമ്മുടെ ഇന്ധനാവശ്യത്തിന്റെ സിംഹഭാഗം നിവര്‍ത്തിക്കുന്നത് അറബ് നാടുകളാണ്. അറബി ഭാഷാ പരിജ്ഞാനവും കൂടി പരിഗണിച്ചുകൊണ്ടാണ് ഈ രാജ്യങ്ങളിലുള്ള നമ്മുടെ എംബസികളില്‍ ഓഫീസര്‍മാരെ നിശ്ചയിക്കാറുള്ളത്.  വിദേശനയതന്ത്ര കാര്യാലയങ്ങളിലേക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥന്മാരെ പരിശീലിപ്പിക്കാന്‍ വിദേശമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഭാഷാ സെല്ലിലും അറബി ഭാഷക്ക് മുന്തിയ പരിഗണനയുണ്ട്. അറബി-പേര്‍ഷ്യന്‍ ഭാഷകളുമായി നമ്മുടെ സാംസ്‌കാരിക ബന്ധം സഹസ്രാബ്ദങ്ങളുടെ ദൈര്‍ഘ്യമുള്ളതാണ്. ഈ രണ്ട് ഭാഷകളും ഹിന്ദുസ്ഥാനിയും ചേര്‍ന്നുണ്ടായ സങ്കര ഭാഷയാണ് ഉര്‍ദു. ഈ വസ്തുതകളെയെല്ലാം തമസ്‌കരിച്ചുകൊണ്ടാണ് അറബി-ഉര്‍ദു ഭാഷകളെ വൈദേശികമെന്നും അനാവശ്യമെന്നും പറഞ്ഞ് പി.എസ്.സി പരീക്ഷകളില്‍ നിന്ന് തള്ളിക്കളഞ്ഞിരിക്കുന്നത്.

മദ്‌റസകളെ ദേശീയധാരയില്‍ ഉള്‍ക്കൊള്ളിക്കാന്‍ പദ്ധതി തയാറാക്കുന്നു എന്നവകാശപ്പെടുന്ന സര്‍ക്കാര്‍ തന്നെയാണ് ഈ നയവും നടപ്പിലാക്കുന്നതെന്നതാണ് വിചിത്രം. ഒരു വശത്ത് മദ്‌സകളെ ആധുനികവത്കരിക്കാന്‍ ദേശീയതലത്തില്‍ മദ്‌റസാ ബോര്‍ഡ് രൂപീകരിക്കുന്നതിനെക്കുറിച്ചാലോചിക്കുമ്പോഴാണ് മറുവശത്ത് മദ്‌റസകളിലെ മുഖ്യ ബോധന മാധ്യമങ്ങളായ അറബി- പാര്‍സി ഭാഷകള്‍ ഉദ്യോഗ നിയമനങ്ങള്‍ക്കുള്ള പരീക്ഷകളില്‍ നിന്ന് തഴയപ്പെടുന്നത്. സര്‍ക്കാറിന്റെ മദ്‌റസാ പരിഷ്‌കരണ പദ്ധതിയെ സംബന്ധിച്ച് ചില കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നുവന്ന ആശങ്കകളെ ഒരളവോളം സാധൂകരിക്കുന്നതാണീ നീക്കം. കോണ്‍ഗ്രസ്സിന്റെ മൃദു ഹിന്ദുത്വത്തിന്റെ പ്രകടനമാണോ ഇത്? അതോ, ആര്‍.എസ്.എസ്സ് മനസ്സുള്ള ബ്യൂറോക്രസിയുടെ ഗൂഢാലോചനയോ? യു.പി.എസ്.സിയില്‍ നിന്ന് അറബി-പാര്‍സി ഭാഷകളെ തടയുന്നത് ഒരു തുടക്കമാണ്. അനന്തരം യൂനിവേഴ്‌സിറ്റികളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും ഈ ഭാഷകളെ അപ്രത്യക്ഷമാക്കുക. അങ്ങനെ മുസ്‌ലിം സമുദായത്തെ അതിന്റെ സാംസ്‌കാരിക പൈതൃകങ്ങളില്‍ നിന്ന് അകറ്റുക. ഈ ലക്ഷ്യം മുന്‍നിര്‍ത്തി തന്നെയാണ് ഒരുകാലത്ത് മദ്‌റസകള്‍ ഭീകരവാദത്തിന്റെ ഈറ്റില്ലങ്ങളാണെന്ന് പ്രചരിപ്പിക്കപ്പെട്ടത്. മുസ്‌ലിംകള്‍ സര്‍ക്കാറിന്റെ തൊഴില്‍ മേഖലയിലേക്ക് കടന്നുവരുന്നത് തടയാനുള്ള കുത്സിതമായ ഈ നീക്കം ദീനീ കലാലയങ്ങളുടെ നടത്തിപ്പുകാരും വിദ്യാര്‍ഥികളും ഗൗരവ ബുദ്ധ്യാ കാണേണ്ടതുണ്ട്. ഇല്ലെങ്കില്‍ യു.പി.എസ്.സി പരീക്ഷകളില്‍ ആരംഭിക്കുന്ന ഈ പരിഷ്‌കരണം ദീനീ കലാലയങ്ങളുടെ നാശത്തിലായിരിക്കും ചെന്നെത്തുക. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 78-82
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം