Prabodhanm Weekly

Pages

Search

2014 മെയ്‌ 09

ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളും സമകാലിക പ്രശ്‌നങ്ങളും

ഡോ. ജാസിര്‍ ഔദ /കെ. അശ്‌റഫ് /സംഭാഷണം

ജാസിര്‍ ഔദ സമകാലിക ഇസ്‌ലാമിക ചിന്തയിലെ പ്രധാന ശബ്ദങ്ങളില്‍ ഒന്നാണ്. യൂസുഫുല്‍ ഖറദാവിയുടെയും താരീഖ് റമദാന്റെയും ഒക്കെ വേരുകള്‍ കിടക്കുന്ന ഈജിപ്തിലെ അലക്‌സാന്‍ഡ്രിയയില്‍ നിന്നാണ് ഔദ വരുന്നത്. ഇസ്‌ലാമിക ചിന്തയില്‍ പുതിയ കാലത്തുണ്ടായ നിരവധി വലിയ മാറ്റങ്ങളുടെ പ്രതിനിധിയാണ് അദ്ദേഹം. ഇസ്‌ലാമിക നവീകരണ സംവാദങ്ങളുടെ ഭാഗമായി ഔദ നടത്തിയ നിരീക്ഷണങ്ങള്‍ അത് വരെ നില നിന്ന, വിപ്ലവകരം എന്ന് കരുതിയ പല നിര്‍ണായക കാഴ്ചപ്പാടുകളെയും പൊളിച്ചു കളയുന്നതാണ്. ശാസ്ത്രത്തിലും ഇസ്‌ലാമിക പഠനത്തിലും പി എച് ഡി എടുത്ത ഔദക്ക് ലോകത്തെ എല്ലാ ഭാഗത്തും വിദ്യാര്‍ഥികളുണ്ട്. നിരവധി രാജ്യങ്ങളില്‍ പഠിക്കുകയും പ്രവര്‍ത്തിക്കുകയും ആളുകളുമായി ഇടപെടുകയും ചെയ്ത ഔദ, തന്നെ സ്വയം പരിചയപ്പെടുത്താറുള്ളത് കോസ്‌മോപോളിറ്റന്‍ മുസ്‌ലിം എന്നാണ്. തന്നെ കിഴക്ക് ,പടിഞ്ഞാറ് , അറബ്, ഏഷ്യന്‍ തുടങ്ങിയ വിഭജനങ്ങള്‍ക്കുള്ളില്‍ തളച്ചിടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ഒരു പരിധി വരെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഭാഗമായി നില്‍ക്കുമ്പോഴും തന്റെ ചിന്താപരമായ സ്വാതന്ത്ര്യം നില നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയുന്നു.

വിശാലമായ ലോക പരിചയം കാത്തുസൂക്ഷിക്കുന്നതില്‍ തല്‍പരനായ ഔദ, ഈയിടെ ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗില്‍ വരികയും അവിടത്തെ സര്‍വകലാശാല വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്തു. ആ സംവാദവും തുടര്‍ന്ന് നടന്ന സ്വകാര്യ ചര്‍ച്ചകളും ഔദയുടെ ചിന്താലോകത്തെ കൂടുതല്‍ അറിയാന്‍ സഹായകമായി. രണ്ടായിരത്തി  പത്തില്‍ കേരളം സന്ദര്‍ശിച്ചിരുന്ന ഔദ  ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍  വിദ്യാര്‍ഥികളുമായി സംസാരിച്ചത് ഓര്‍ക്കുന്നു. മുസ്‌ലിംകള്‍ ന്യൂനപക്ഷമായ  ഇന്ത്യയില്‍ ഇസ്‌ലാമിക നിയമത്തിന്റെ നൈതികതയെക്കുറിച്ച്  വലിയ സംവാദങ്ങള്‍ നടത്താനും പുതിയ അന്വേഷണങ്ങളുടെ ഭാഗമായി ഇസ്‌ലാമിക ചിന്തയെ വികസിപ്പിക്കാനും അത്തരം സംവാദങ്ങളില്‍ പങ്കാളിയാവാനും അദ്ദേഹം ഏറെ തല്‍പരനാണ്. ഔദയുമായി സംസാരിക്കുമ്പോള്‍ പലപ്പോഴും വളരെ തുറന്ന മനസ്സോടെ കാര്യങ്ങള്‍ കാണുന്ന, മാറുന്ന രാഷ്ട്രീയത്തിന്റെ ചലനനിയമങ്ങളോട് നിരന്തരം പ്രതികരിക്കുന്ന ഒരു ഇസ്‌ലാമിക ചിന്തകനെ നമുക്ക് കാണാം. സമകാലിക ഇസ്‌ലാമിക ചിന്ത നിരന്തര മാറ്റത്തിന് വിധേയമാകണമെന്ന് അദ്ദേഹം പറയുന്നു. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മാത്രമായി ഇസ്‌ലാമിക ചിന്തയെ മുന്നോട്ട് കൊണ്ടു പോകുമെന്ന് താന്‍ കരുതുന്നില്ലെന്നും ലോകത്ത് വളരെ സ്വതന്ത്രമായ തലത്തില്‍  ഇസ്‌ലാമിക ചിന്താ വ്യവഹാരങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ഇസ്‌ലാമിക ബൗദ്ധിക സമീപനങ്ങളും തമ്മില്‍ പുതിയ സംവാദങ്ങള്‍ തന്നെ തുടങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

മഖാസിദ് ശരീഅയും ജാസിര്‍ ഔദയുടെ സമീപനവും  

         മഖാസിദ് ശരീഅഃയുടെ പ്രമുഖ വക്താവായ ത്വാഹ ജാബിര്‍ അല്‍വാനിയുടെ അഭിപ്രായ പ്രകാരം, മുസ്‌ലിംകളുടെ ദൈനംദിന ജീവിതവും ഇസ്‌ലാമിക തത്വങ്ങളും തമ്മില്‍ ഇപ്പോഴുള്ള വിടവിനെയാണ് മഖാസിദ് ശരീഅഃ അഭിമുഖികരിക്കുന്നത്. മുസ്‌ലിംകള്‍ കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി ആധുനിക ദേശരാഷ്ട്രങ്ങളിലെ പൗരന്മാര്‍ എന്ന നിലക്ക് അഭിമുഖീകരിക്കുന്ന ജീവിത പ്രശ്‌നങ്ങളെ നോക്കിക്കാണുകയാണ് മഖാസിദ് പണ്ഡിതന്മാര്‍. അല്‍വാനിക്കു പുറമേ അഹമദ് റയ്‌സൂനി, മുഹമ്മദ് അത്താഹിര്‍ ഇബ്‌നു ആശൂര്‍, ജമാലുദ്ദീന്‍ അത്വിയ,  അഹമദ് ഖാസിമി മൂസവി, മുഹമ്മദ് ഉമര്‍ ചാപ്ര, ഹാഷിം കമാലി തുടങ്ങിയവരൊക്കെ ഈ മേഖലയില്‍ എഴുതിക്കൊണ്ടിരിക്കുന്നു. മേല്‍പറഞ്ഞ പലരുടെയും  മഖാസിദ് സമീപനങ്ങളെക്കാള്‍ കുറെ കൂടി പോസ്റ്റ്‌കൊളോണിലിസം, ലിബറല്‍ ജനാധിപത്യം എന്നിവയുടെ വിമര്‍ശനം കൂടി ഉള്‍ക്കൊള്ളുന്ന വിശകലന രീതിയാണ് ജാസിര്‍ ഔദയുടേത്.

മഖാസിദ് ശരീഅ:യെ കുറിച്ച് ഔദ നടത്തിയ നിരീക്ഷണങ്ങളാണ് ലോകത്ത് അദ്ദേഹത്തിന് ധാരാളം വായനക്കാരെ നല്‍കിയത്. അദ്ദേഹം ഈ മേഖലയില്‍ നടന്ന ലളിതവായനകളെ മാറികടക്കുകയും  ഇസ്‌ലാമിക പാഠം, മാറുന്ന രാഷ്ട്രീയ സാഹചര്യം തുടങ്ങിയ നിരവധി ഘടകങ്ങളെ കൂടുതല്‍ സങ്കീര്‍ണമായി പുനര്‍വായിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിക നിയമം എന്നത് ആധുനിക നിയമം പോലെ അല്ല എന്നും അതിന്റെ അടിസ്ഥാനം നൈതികത ആണെന്നും ഔദ പറയുന്നു. നൈതികതയുടെ ചട്ടക്കൂട് എന്ന നിലയിലാണ്, അല്ലാതെ നിയമങ്ങളുടെ അടിസ്ഥാനം എന്ന നിലയിലല്ല  ശരീഅഃയെ ഔദ സമീപിക്കുന്നത്. ശരീഅ:യെ ഇസ്‌ലാമിക നിയമം ആയി വിവര്‍ത്തനം ചെയ്യുന്നത് അദ്ദേഹം അംഗീകരിക്കുന്നില്ല . ഇപ്പോള്‍ ശരീഅ:യെ ഇസ്‌ലാമിക നിയമം ആയി വിവര്‍ത്തനം ചെയ്യുകയും ഇസ്‌ലാമിക നിയമങ്ങളെ അക്ഷര വായനക്ക് വിധേയമാക്കുകയും അങ്ങനെ ശരീഅഃയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ (മഖാസിദ്) അട്ടിമറിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി വിശേഷമുണ്ട്. ഈയൊരു സാഹചര്യത്തിലാണ് മഖാസിദ് സമീപനം ഔദ ഏറെ ഊന്നി പറയുന്നത്. Maqasid Al- Shariah as Philosophy of Islamic Law : A System Approach എന്ന ഔദയുടെ പുസ്തകം അദ്ദേഹത്തിന്റെ ആലോചനകളെ അടുത്തു പരിചയപ്പെടാന്‍ സഹായകമാണ്. കുറെ കൂടി ലളിതമായി അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ പറയുന്ന ലഘു പുസ്തകം Maqasid Al- Shariah : A Beginner's Guide അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ആയ jasserauda.net ഇല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തു വായിക്കാവുന്നതാണ്.  

ശരീഅയും  സമകാലിക ഇസ്‌ലാമിക പ്രശ്‌നങ്ങളും 

        ഇസ്‌ലാമിക ചിന്തയില്‍ ഒരേ സമയം മാറുന്നതും മാറാത്തതുമായ ഘടകങ്ങളുണ്ട്. ഇവയില്‍ മാറുന്ന കാര്യങ്ങളെ മാറുന്ന സാഹചര്യത്തിന്റെ ഉള്ളില്‍ നിന്ന് മനസിലാക്കാനാണ് ഔദ ശ്രമിക്കുന്നത്. തന്റെ ഏറ്റവും പുതിയ പുസ്തകം (Between Shari'a and Politics : Questions in the Post-Revolutions Era) അറബ് ഉയര്‍ത്തെഴുന്നേല്‍പുമായി ബന്ധപ്പെട്ടാണ് അദ്ദേഹം എഴുതിയത്. അതായത് ശരീഅഃ എന്നാല്‍ ജനങ്ങളുടെ കൈവെട്ടല്‍, തല വെട്ടല്‍ തുടങ്ങി കുറെ ശിക്ഷ വിധികള്‍ ആണെന്നു അറബ് ഉയര്‍ത്തെഴുന്നേല്‍പുമായി ബന്ധപ്പെട്ട്  ലോകത്തെ നാനാ ഭാഗത്ത് നിന്നും പ്രചാരണം ഉണ്ടായി. ഔദ പറയുന്നത് ശരീഅ: നടപ്പിലാക്കുക എന്നാല്‍,  ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കലും, നീതി ഉറപ്പുവരുത്തലുമൊക്കെയാണ്. ഇതാണ് ശരീഅഃയുടെ അടിസ്ഥാനം. എന്നാല്‍ ലോകത്ത് നിലനില്‍ക്കുന്ന മേല്‍കോയ്മ ധാരണ നേരെ മറിച്ചാണ്. ശരീഅ വരണം എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് ക്രിമിനല്‍ ലോ മാത്രമാണ് എന്നത് ഇസ്‌ലാമിനെ കുറിച്ച ഒരു വലിയ തെറ്റിദ്ധാരണയാണ്. അറബ് ലോകത്തെ സ്വേഛാധിപതികള്‍ ശരീഅ:യെ അങ്ങനെ തന്നെയാണ് പ്രയോഗിക്കുന്നതും പ്രചരിപ്പിക്കുന്നതും. 

ഔദ ആ പുസ്തകം എഴുതിയത് അറബ് ഉയിര്‍ത്തെഴുന്നേല്‍പിന്റെ ഭാഗമായിട്ടാണെന്ന് പറഞ്ഞല്ലോ. കാരണം അത്രയേറെ വലിയ നെഗറ്റിവ് പ്രചാരണം അന്നുണ്ടായിരുന്നു . ഇപ്പോള്‍ ഈജിപ്‌തൊക്കെ വീണ്ടും പഴയ ലോകത്തേക്ക് തന്നെ തിരിച്ചുപോകുന്നു. ശരീഅഃയെ അതിന്റെ സാക്ഷാല്‍ അവസ്ഥയില്‍ നിന്ന് എടുത്തു മാറ്റി കേവല ശിക്ഷാ നടപടികളുടെ വ്യവസ്ഥ ആക്കി ചിത്രീകരിക്കുന്ന അതേ കക്ഷികള്‍ ഈജിപ്തില്‍ വീണ്ടും അധികാരം പിടിച്ചെടുത്തു. ഇത് പറയുമ്പോള്‍ ചരിത്രത്തെ വളരെ ഉപരിപ്ലവമായി ഔദ കാണുന്നില്ല. ഔദയെ സംബന്ധിച്ചേടത്തോളം ഇപ്പോള്‍ നാം സാക്ഷ്യം വഹിച്ച അറബ് ഉയിത്തെഴുന്നേല്‍പ് അറബ് ഉത്തരാഫ്രിക്കന്‍ മേഖലയിലെ ജനങ്ങള്‍ നേതൃത്വം നല്‍കുന്ന വലിയ വിപ്ലവത്തിന്റെ ഒന്നാം തരംഗം മാത്രമാണ്. തീര്‍ച്ചയായും രണ്ടാം തരംഗം അതിന്റെ സമയമാവുമ്പോള്‍ വരുമെന്ന്  അദ്ദേഹം പറയുന്നു.

ശരീഅ, സ്റ്റേറ്റ്, നീതി   

         നേരത്തെ ശരീഅഃയെ കുറിച്ച് സംസാരിച്ചപ്പോള്‍ വലിയൊരു ഇസ്‌ലാമിസ്റ്റ് ഒബ്‌സഷന്‍ ആയ കാപിറ്റല്‍ പണിഷ്‌മെന്റിനെ ഔദ വിമര്‍ശിച്ചിരുന്നു. ഔദ പറയുന്നത്, ഇന്നത്തെ ആധുനിക സ്റ്റേറ്റില്‍ ഏറ്റവും ദുര്‍ബലരെ കൊല്ലാനുള്ള ഉപകരണം മാത്രമാണിതെന്നാണ്. നീതി, അതിന്റെ പ്രത്യക്ഷ അര്‍ഥത്തില്‍ മാത്രമല്ല അതിന്റെ ഘടനാപരമായ അര്‍ഥത്തിലും നോക്കണം. അതുകൊണ്ട് ഇസ്‌ലാമിലെ ശിക്ഷാ നിയമങ്ങളെ കുറിച്ചുള്ള അതിര് കവിഞ്ഞ ഈ താല്‍പര്യം ശരീഅയുടെ മുന്‍ഗണനയെ കുറിച്ചുള്ള തെറ്റിദ്ധാരണയില്‍ നിന്നുണ്ടാവുന്നതാണ് . 

നീതിയുടെ ഈ താല്‍പര്യം കാണാതെ പോവുന്നതിന്റെ കാരണം പലപ്പോഴും ആധുനിക സ്‌റ്റേറ്റിനെ എല്ലാം പരിഹരിക്കുന്ന ഉപാധിയായി കാണുന്നതിന്റെ ഭാഗമല്ലേ? സ്റ്റേറ്റിനെ  ഒരു നീതിയുക്തമായ സമൂഹത്തിന്റെ  ഉപാധി എന്നതിനേക്കാള്‍ ലക്ഷ്യമാക്കി സ്വീകരിക്കുന്നത് എത്രത്തോളം ശരിയാണ്? ഔദയുടെ മറുപടി ഈ വിഷയത്തിലെ ഏറ്റവും പുതിയ ഇസ്‌ലാമിസ്റ്റ് സമീപനമാണെന്ന് തോന്നുന്നു. ഔദ പറയുന്നത്, പ്രവാചകന്റെ മദീന സ്‌റ്റേറ്റും ആധുനിക സ്‌റ്റേറ്റുകളും തമ്മില്‍ നിരവധി വ്യത്യാസങ്ങളുണ്ട്. അതിര്‍ത്തികള്‍ ഇല്ലാത്ത ഒരു അയഞ്ഞ സംവിധാനം ഒരു വ്യക്തിയുടെ ജീവിതത്തെ കണ്ടിരുന്നത് വളരെ വ്യത്യസ്തമായാണ്. അത് കൊണ്ട്  തന്നെ രണ്ടും തമ്മില്‍ അതിന്റെ  ഉദ്ദേശ്യത്തിലും ലക്ഷ്യത്തിലും ചരിത്രപരവും ഭരണനിര്‍വഹണപരവുമായ ആയ  ധാരാളം വ്യത്യാസങ്ങള്‍ ഉണ്ട് . 

പ്രായോഗികമായി  ഇന്നത്തെ ലിബറല്‍ ജനാധിപത്യ സ്‌റ്റേറ്റിനെ, കേവലം  ഇസ്‌ലാമിക ലക്ഷ്യം എന്നതില്‍ നിന്ന് മാറി, നിലവിലെ മിലിട്ടറി ഭരണത്തേക്കാള്‍ അറബ് ലോകത്ത് മെച്ചപ്പെട്ട ഉപാധി ആയി ഔദ മനസ്സിലാക്കുന്നു. പാര്‍ലമെന്റ്റി രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അതിനെ സ്വയം  ലക്ഷ്യം ആക്കി  കരുതാതെ സാമൂഹിക നീതി അടക്കമുള്ള ശരീഅഃയുടെ വിശാല ലക്ഷ്യത്തിന്റെ ഭാഗമായി സ്‌റ്റേറ്റിനെ കാണാന്‍ കഴിയണം. ഇവിടെ സ്‌റ്റേറ്റിനെ നിരാകരിക്കുക, അല്ലെങ്കില്‍ സ്വീകരിക്കുക എന്നതിനപ്പുറം ഓരോ സാഹചര്യത്തില്‍ സ്‌റ്റേറ്റ് എന്താണ്, നീതി നിര്‍വഹണത്തില്‍ അതിന്റെ റോള്‍ എന്ത്  തുടങ്ങിയ ചോദ്യങ്ങള്‍ക്ക് നീതിയുടെ അടിസ്ഥാനത്തില്‍ ചില ഉത്തരങ്ങള്‍  നാം കണ്ടെത്തണം. അതോടോപ്പം തന്നെ നാം ശരിക്കും പരിഗണിക്കേണ്ടത്  ഇത്തരം സ്‌റ്റേറ്റ് അടക്കമുള്ള വലിയ അധികാര കേന്ദ്രങ്ങള്‍ കയ്യൊഴിഞ്ഞ / ബഹിഷ്‌കരിച്ച ജനങ്ങളുടെ അനുഭവങ്ങളെയാണ്. അവരുടെ ജീവിതത്തെ മുന്‍ നിറുത്തിയുള്ള ചോദ്യങ്ങളാണ് നാം ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ഭാഗമായി  ചോദിക്കേണ്ടത്. 

പല ഇസ്‌ലാമിസ്റ്റുകളും ഇങ്ങനെ വളരെ ലളിതമായ സ്‌റ്റേറ്റ് പ്രോജക്റ്റ് ഏറ്റെടുക്കുകയും ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ അന്തസ്സത്ത എന്ന് ഔദ  കരുതുന്ന പൊതു നന്മയെ (മസ്‌ലഹ) പിന്നിലേക്ക് വലിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. തീര്‍ച്ചയായും ഇന്ന് ഇസ്‌ലാമിക ലോകത്ത് കാണുന്ന ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പഴയ മാതൃകകളെ പിന്തള്ളുന്ന പോസ്റ്റ് ഇസ്‌ലാമിസ്റ്റ് പ്രവണതകള്‍ എന്ന് ഗവേഷകര്‍ വിളിക്കുന്ന പ്രോജക്ടുകള്‍ ഏറെ പരിശോധനയര്‍ഹിക്കുന്നു. പോസ്റ്റ് ഇസ്‌ലാമിസം എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് 'ഇസ്‌ലാമാനന്തരം' എന്നല്ല. മറിച്ച് ചില ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകള്‍ മറന്ന നീതിയുടെ രാഷ്ട്രീയം പുതിയ പാതയില്‍, പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കണ്ടെടുക്കുന്നതിനെയാണ് അദ്ദേഹം പോസ്റ്റ് ഇസ്‌ലാമിസം എന്ന് പറയുന്നത്.

മഖാസിദ് ശരീഅയും ലിബറല്‍ രാഷ്ട്രീയവും 

         ആംഗ്ലോ-അമേരിക്കന്‍ സാമ്രാജ്യത്വ രാഷ്ട്രീയം മുസ്‌ലിംകളുടെ മേല്‍ അടിച്ചേല്‍പ്പിച്ച നവീകരണ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണോ മഖാസിദ് ശരീഅ? മാറുന്ന രാഷ്ട്രീയ സാഹചര്യത്തെ അതിന്റെ മുഴുവന്‍ സങ്കീര്‍ണതകളെയും മനസിലാക്കാതെയാണ് മഖാസിദ് ശരീഅ നടപ്പിലാക്കുന്നത് എന്ന വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ഔദ ഈ വിമര്‍ശനത്തെ ഉള്‍ക്കൊള്ളുന്നുവെന്നു പറയുന്നു. അതായതു ദേശ രാഷ്ട്രം, ലിബറല്‍ രാഷ്ട്രീയം, സ്വകാര്യ/പൊതു വിഭജനം, ദേശീയത, ന്യൂനപക്ഷ സ്വത്വം, ആധുനിക നിയമം, വ്യക്തി നിയമം, ഫത്‌വ സമിതികള്‍ തുടങ്ങിയ നിരവധി ഘടനകള്‍ ദൈനംദിന മുസ്‌ലിം ജീവിതത്തെ നിര്‍ണയിക്കുന്നു.  ഇങ്ങനെയുള്ള ഘടകങ്ങള്‍ ഓരോ ദേശ രാഷ്ട്രത്തിലും എന്ത്? അതിന്റെ പ്രത്യേകത എന്ത്? ഇതിനെ കുറിച്ച് വലിയ അന്വേഷണം പൊതുവേ പരിഷ്‌കരണവാദികളായ പണ്ഡിതന്മാര്‍ നടത്തിയതായി കാണുന്നില്ല. ഇത് മഖാസിദ് ശരീഅഃയെ പലപ്പോഴും ഇസ്‌ലാമിക പാഠങ്ങളുടെ പുനര്‍വായന എന്ന നിലയില്‍ മാത്രം പരിമിതപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ പാഠത്തിനും സന്ദര്‍ഭത്തിനും ഇടക്കുള്ള ബഹുമുഖ ചലനങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍  മഖാസിദ് സ്‌കൂള്‍ തയ്യാറാവുന്നില്ല. ഇതിന്റെ കാരണം ഇങ്ങനെയൊരു ചിന്താ രീതി അതിന്റെ ശൈശവാവസ്ഥയിലാണുള്ളത് എന്നതാണ്. തീര്‍ച്ചയായും അടുത്ത ഘട്ടത്തില്‍ ഈ പരിമിതികളെ മറികടക്കാന്‍ സാധിക്കേണ്ടതുണ്ട് എന്ന് ഔദ പറയുന്നു.

ഉദാഹരണമായി, ഈജിപ്തിലെ അഴിമതി പോലെയല്ല ദക്ഷിണാഫ്രിക്കയിലെ  അഴിമതി എന്ന് ഔദ കാണുന്നു.  അഴിമതി വെറുക്കപ്പെടേണ്ട തിന്മ എന്നതിനപ്പുറം അത് ഒരു സാമൂഹിക ഘടനയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന ചോദ്യം പലപ്പോഴും മഖാസിദ് പണ്ഡിതന്മാര്‍ ചോദിക്കുന്നില്ല.  പൊതു താല്‍പര്യം  എന്ത് എന്നതിനെ കുറിച്ച് അതിന്റെ സങ്കീര്‍ണതകള്‍ ഉള്‍കൊള്ളാതെ  ഇസ്‌ലാമിക പണ്ഡിതന്മാര്‍ വളരെ  എളുപ്പം തീര്‍പ്പ് കല്‍പിക്കുന്നുവെന്നും ഔദ കൂട്ടി ച്ചേര്‍ക്കുന്നു. ശരിക്കും പൊതു താല്‍പര്യം, പൊതു നന്മ എന്നൊക്കെ പറയുന്നതിന്റെ രാഷ്ട്രീയം നാം ആലോചിക്കണമെന്നു അദ്ദേഹം നിര്‍ദേശിക്കുന്നു. ഇന്നത്തെ സമൂഹത്തില്‍ സാമൂഹിക  അധികാരം പ്രവര്‍ത്തിക്കുന്നത് ഇസ്‌ലാമിക ചിന്തയില്‍ ഇനിയും നടക്കേണ്ട സൂക്ഷ്മ വായനകളുടെ ഭാഗമാകേണ്ടതാണ്. പലപ്പോഴും ഈയൊരു വികസിതമായ സൈദ്ധാന്തിക സമീപനത്തിന്റെ അഭാവം വളരെ ലളിതമായ (പ്രത്യക്ഷത്തില്‍ നന്മ എന്ന് തോന്നിപ്പിക്കുന്ന) യുക്തികള്‍ ഉപയോഗിക്കുന്നതില്‍ നമ്മെ കൊണ്ടെത്തിക്കുന്നുവെന്നു കാണാം. 

എന്നാല്‍ ഔദയുടെ വീക്ഷണത്തില്‍  അപവാദങ്ങള്‍ ധാരാളം ഉണ്ട്. ഉദാഹരണമായി, ഔദയുടെ ഉസ്താദായ മുഹമ്മദുല്‍ ഗസ്സാലി പരമ്പരാഗത പണ്ഡിതന്മാരില്‍ നിന്ന് ഏറെ വേറിട്ട്, ആധുനിക രാഷ്ട്രീയത്തെ വിമര്‍ശിച്ചുകൊണ്ട് തന്നെ അതിനെ പൂര്‍ണമായും ഉപേക്ഷിക്കാതെ ചിന്തിച്ച ആളാണ്. ഒരു നിശ്ചിത കാലയളവില്‍ ഭരണമാറ്റം  എന്നത് നേരത്തെ ഇസ്‌ലാമിക ഭരണ സമ്പ്രദായത്തില്‍ ഉണ്ടായിരുന്നെങ്കില്‍ സുന്നി-ശീഈ വിഭജനം അടക്കം നിരവധി പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന് ഗസ്സാലി  ഒരിക്കല്‍ പറഞ്ഞു . പലപ്പോഴും ഇങ്ങനെ തങ്ങളുടെ അനുഭവത്തിന്റെ ഉള്ളില്‍ നിന്ന് സര്‍ഗാത്മകമായി ചിന്തിക്കുന്ന പണ്ഡിതന്മാര്‍ എല്ലാ കാലത്തും ഉണ്ട്. പക്ഷേ അത്തരം ശബ്ദങ്ങള്‍ അപൂര്‍വമാണ്. അങ്ങനെയുള്ള ചലനങ്ങളെ ശക്തിപ്പെടുത്താന്‍ ഔദ മുസ്‌ലിം യുവസമൂഹത്തോട് പറയുന്നു.

ജാസിര്‍ ഔദയുടെ ഭാവി പദ്ധതികള്‍ 

         ഇപ്പോള്‍ ഖത്തറില്‍ ഖത്തര്‍ ഫൗണ്ടേഷന് കീഴിലുള്ള ഇസ്‌ലാമിക് സ്റ്റഡീസ് വകുപ്പില്‍ അധ്യാപനവും ഗവേഷണവും നടത്തുന്ന ഔദ ഏറ്റവുമധികം ഊന്നല്‍ കൊടുക്കുന്നത് തന്റെ മഖാസിദ് പ്രോജക്റ്റിന് തന്നെയാണ്. അതിന്റെ വികാസത്തിന് വേണ്ടിയാണ് അദ്ദേഹം ഏറെ ഊര്‍ജവും സമയവും ചെലവഴിക്കുന്നത്. ഇവയില്‍ തന്നെ മൂന്നു മേഖലകള്‍ക്ക് അദ്ദേഹം അടിയന്തര ശ്രദ്ധ നല്‍കുന്നു. ഒന്ന്, ഇസ്‌ലാമിക നിയമവും ലിംഗഭേദവും. രണ്ട്, ഇസ്‌ലാമിലെ സാമൂഹിക നീതി. മൂന്ന്, ശരീഅഃയും രാഷ്ട്രീയവും തമ്മിലെ ബന്ധം. 

അതോടൊപ്പം തന്നെ ഇബ്‌നു റുശ്ദിന്റെ ബിദായാതുല്‍ മുജ്തഹിദിന് ഒരു വ്യാഖ്യാനം അദ്ദേഹം തയാറാക്കുന്നുണ്ട്. ഇബ്ന്‍ അതാഉല്ല ഇസ്‌കന്ദരിയുടെ അല്‍ ഹികമിനെ കുറിച്ച് അദ്ദേഹം എഴുതിയ മനോഹരമായ ചെറു പുസ്തകം ജേര്‍ണി ടു ഗോഡ് : റിഫ്‌ളക്ഷന്‍ ഓഫ് ഇബ്‌നു അതാഇല്ല  പോലെ സാധാരണ വായനക്കാരെ ലക്ഷ്യമിട്ടാണ് അദ്ദേഹം ഈ പുസ്തകവും എഴുതുന്നത്. ഇതേ മാതൃകയില്‍  ഷാ വലിയുല്ലാഹിദ്ദഹ്‌ലവിയെ കുറിച്ച് വളരെ ദീര്‍ഘ പഠനം എഴുതിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 78-82
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം