Prabodhanm Weekly

Pages

Search

2014 മെയ്‌ 09

കാഫര്‍ കുഞ്ഞമ്മായന്റെ പെണ്‍മക്കള്‍

ടി.കെ അബ്ദുല്ല /നടന്നു തീരാത്ത വഴികളില്‍ 41

         'ലശ്ശേരിയിലെ കാഫര്‍ കുഞ്ഞമ്മായനെ' ചെറുപ്പത്തിലേ കേട്ടറിവുള്ളതാണ്. അപ്പോഴൊക്കെ ഒരു സംശയം: കുഞ്ഞമ്മായന്‍ മുസ്‌ലിമല്ലേ? പിന്നെങ്ങനെ കാഫറായി? ഇതൊരു ചോദ്യമായി, ജിജ്ഞാസയായി മനസ്സില്‍ തങ്ങിനിന്നു. കേരളത്തില്‍, പ്രത്യേകിച്ച് വടക്കേ മലബാറില്‍ മായനും കുഞ്ഞമ്മായനും ഇസ്‌ലാമീങ്ങളുടെ പേരാണ്. ഉത്തര കേരളത്തിലെ വ്യവസായപ്രമുഖന്‍ എ.കെ.കാദര്‍ കുട്ടിസാഹിബിന്റെ അമ്മാമന്‍ പൂന്നാട്ട് എ.കെ. 'കുഞ്ഞമ്മായന്‍' ഹാജി കേരള പ്രശസ്തനാണ്. അതെ, കുഞ്ഞമ്മായന്‍ എന്തുകൊണ്ടും ഇസ്‌ലാമീങ്ങളുടെ പേരുതന്നെ. ഇസ്‌ലാം കുഞ്ഞമ്മായന്‍ പിന്നെങ്ങനെ കാഫര്‍ കുഞ്ഞമ്മായനായി? സംശയം തികച്ചും സ്വാഭാവികം.  കെ. മൊയ്തു മൗലവിയുടെ ഓര്‍മക്കുറിപ്പില്‍ ചെറിയ പരാമര്‍ശമുണ്ടെങ്കിലും ഉളിയിലെ പി.കെ കുട്ടുസാഹിബിന്റെ തലശ്ശേരിയെ സംബന്ധിച്ച പുസ്തകത്തില്‍ കുഞ്ഞമ്മായന്റെ ഫോട്ടോ സഹിതമുള്ള അത്യാവശ്യ വിവരങ്ങള്‍ വായിച്ചപ്പോഴാണ് ജിജ്ഞാസ വളര്‍ന്നത്. അദ്ദേഹത്തില്‍ നിന്ന് നേരില്‍ അറിവായ വസ്തുതകള്‍ ഈ കുറിപ്പിനു ഏറെ സഹായകമായി.

തലശ്ശേരിയിലെ വയ്യപ്രത്ത് കുന്നത്ത് എന്ന പുരാതന ജന്മിത്തറവാട്ടിലാണ് വി.സി. കുഞ്ഞമ്മായന്റെ ജനനം. കോട്ടാലില്‍ എന്ന മറ്റൊരു വലിയ ജന്മിത്തറവാട്ടിലെ കുഞ്ഞമ്മദാണ് അദ്ദേഹത്തിന്റെ പിതാവ്. കുഞ്ഞമ്മായന്റെ പിതാമഹന്‍ രണ്ടുപുര കുഞ്ഞമ്മായന്‍ പഴശ്ശിയുടെ കാലത്ത് കോട്ടയത്തങ്ങാടിയിലെ അതിസമ്പന്നനായിരുന്നു. പ്രമുഖ ലീഗ് നേതാവായിരുന്ന കോട്ടാല്‍ ഉപ്പിസാഹിബ് വി.സി കുഞ്ഞമ്മായന്റെ അടുത്ത ബന്ധുവാണ്. സഹോദരി വി.സി ആയിഷ ബീവി അറക്കല്‍ രാജാവിന്റെ ഭാര്യയായിരുന്നു. കുഞ്ഞമ്മായന്‍ ചില്ലറക്കാരനല്ല എന്ന അറിവിലേക്കാണ് ഈ തറവാട്ട് പുരാണങ്ങളൊക്കെ ഓര്‍ക്കേണ്ടിവന്നത്.

സ്വാതന്ത്ര്യസമര തല്‍പരനായ വി.സി കുഞ്ഞമ്മായന്‍ തലശ്ശേരിയിലെ പ്രഥമ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. അന്ന് സര്‍ക്കാര്‍ ലിസ്റ്റിലെ ഭീകര സംഘടനയാണ് കോണ്‍ഗ്രസ്സ്. ഉദ്യോഗസ്ഥലോബിയും എസ്റ്റേറ്റുടമകളും ഖാന്‍ബഹദൂര്‍-റാവുബഹുദൂര്‍മാരുമൊക്കെ ചേര്‍ന്ന ജസ്റ്റീസ് പാര്‍ട്ടി ബ്രിട്ടീഷ് പക്ഷത്തായിരുന്നു. വെള്ള സായിപ്പന്മാര്‍ കുതിരവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ നമ്മുടെ കുഞ്ഞമ്മായന്‍ അവരെയൊന്ന് ഞോണ്ടാനെന്നപോലെ ഇരട്ടക്കുതിര വണ്ടിയിലാണത്രെ സവാരി ചെയ്യുക.

ഇത്രയൊക്കെ പ്രഗത്ഭനും കുലീനനും ദേശസ്‌നേഹിയുമായ കുഞ്ഞമ്മായന്‍ മത തല്‍പരനുമായിരുന്നു. എന്നിട്ടുമെന്തേ അദ്ദേഹത്തിനുമേല്‍ കാഫര്‍ മുദ്രപതിഞ്ഞു? ഒരു കാരണവുമില്ലാതെ വെറുതെയൊരു വിളിപ്പേര് വീണതൊന്നുമല്ല.

കുഞ്ഞമ്മായന്‍ ബ്രിട്ടീഷ് വിരോധിയെന്നതൊക്കെ ശരിതന്നെയെങ്കിലും അദ്ദേഹത്തിനു ഇംഗ്ലീഷ് വിദ്യാഭ്യാസത്തോട് വലിയ താല്‍പര്യമായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജ് പഠനശേഷം മദ്രാസില്‍ ഉപരിപഠനം നേടി. ലണ്ടനില്‍ നിന്ന് ധാരാളം ഇംഗ്ലീഷ് പുസ്തകങ്ങള്‍ വരുത്തിവായിക്കുമായിരുന്നു. ഇവിടെയാണ് കാഫിറാക്കലിനു തുടക്കം.

ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പത്തെ കേരള മുസ്‌ലിംകളുടെ മതസാമൂഹിക സാഹചര്യം പരിശോധിച്ചാല്‍, കുഞ്ഞമ്മായനെപ്പോലൊരാള്‍ അരക്കാഫറാകാന്‍ ഇത്രയൊക്കെത്തന്നെ ധാരാളം. എന്നാല്‍ സംഗതി ഇവിടെയും നിന്നില്ല. പൊറുക്കപ്പെടാത്ത കൂടുതല്‍ വലിയൊരു പാതകം അദ്ദേഹം ചെയ്തു കളഞ്ഞു. തന്റെ രണ്ട് പെണ്‍മക്കളെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനയച്ചതാണ് ആ മഹാപാപം!

മുസ്‌ലിം സ്ത്രീകള്‍ എഴുത്തും വായനയും പഠിക്കല്‍ അക്കാലത്ത് പാടില്ലായിരുന്നു. പെണ്‍കുട്ടികള്‍ പഠിച്ചാല്‍ പരപുരുഷന്മാരുമായി എഴുത്ത്കുത്ത് നടത്തുമെന്ന പേടിയായിരുന്നു സമുദായത്തിനും രക്ഷിതാക്കള്‍ക്കും (ഇന്നത്തെ മൊബൈല്‍-ഇന്റര്‍നെറ്റ് പേടിപോലെ!). അന്നൊക്കെ മാപ്പിള സ്‌കൂളില്‍ ക്ലാസ് ബെല്ലിനു മുമ്പ് മുസ്‌ലിം കുട്ടികള്‍ക്ക് 'ഓത്ത്' പഠിപ്പിക്കാന്‍ മുന്‍കൈയെടുത്തിരുന്നത് അമുസ്‌ലിം അധ്യാപകരായിരുന്നു. മതപഠനമില്ലെങ്കില്‍ കുട്ടികള്‍ സ്‌കൂളില്‍ വരികയില്ലെന്നതുതന്നെ കാരണം. പോയ നൂറ്റാണ്ടിന്റെ പാതിദൂരത്തോളം ഏതാണ്ടൊക്കെ ഈ സ്ഥിതി നിലനിന്നിരുന്നു (പെണ്‍കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കല്‍ ഹറാമല്ല എന്ന് 'സ്ഥാപിക്കുന്ന' ഒരു ലേഖനം അമ്പതുകളുടെ ആദ്യത്തില്‍ 'പ്രബോധന'ത്തില്‍ വന്നതായി ഓര്‍ക്കുന്നു. ഇപ്പോള്‍ അതൊന്നു പുനഃപ്രസിദ്ധീകരിച്ചാലുള്ള പുകില്‍ ഒന്നോര്‍ത്ത് നോക്കു!).

ഇതിലും കടുപ്പമായ കാലഘട്ടത്തിലാണ് നമ്മുടെ കഥാ പുരുഷന്‍ പെണ്‍മക്കളെ 'നരകത്തിലെ ഭാഷ' പഠിപ്പിക്കാന്‍ ധൈര്യപ്പെടുന്നത്. സംശയമില്ല, കുഞ്ഞമ്മായന്‍ കാഫറായേ പറ്റൂ! സമുദായത്തിന്റെ ഈ നിഷേധ മനഃസ്ഥിതിയെ കേവലം അന്ധവിശ്വാസത്തിന്റെയും അക്ഷര വൈരത്തിന്റെയും കോളത്തില്‍ തള്ളുന്നത് ചരിത്രത്തിന്റെ ശരിയായ വായനയല്ല. ബ്രിട്ടീഷുകാരോടും വൈദേശികാധിപത്യത്തോടുമുള്ള അടങ്ങാത്ത രോഷത്തിന്റെയും പ്രതിഷേധത്തിന്റെയും ഭാഗമായിട്ടുകൂടി ഇതിനെ കാണേണ്ടതാണ്. 

ഇനി നമുക്ക് വി.സി. കുഞ്ഞമ്മായന്റെ പെണ്‍മക്കളെ അല്‍പമൊന്നു പരിചയപ്പെടാം.

1. മൂത്ത മകള്‍ ആമിന ഹാശിം. തലശ്ശേരിയിലെയും മദ്രാസ് ക്വീന്‍മേരീസ് കോളേജിലെയും പഠിത്തത്തിനുശേഷം പഞ്ചാബ് യൂനിവേഴ്‌സിറ്റിയില്‍ എം.ബി.ബി. എസിനു പഠിച്ചു. പിതാവ് രോഗ ശയ്യയിലായതോടെ, നീലഗിരി ഡെപ്യൂട്ടി കലക്ടര്‍ ഹാശിമിനു വിവാഹം കഴിച്ചുകൊടുത്തു. 1952-ല്‍ തലശ്ശേരി മണ്ഡലത്തില്‍ നിന്നും സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു പരാജയപ്പെട്ടു. ആമിന ഹാശിമിന്റെ രാഷ്ട്രീയ പ്രസംഗങ്ങള്‍ ഞാന്‍ കേള്‍ക്കാനിടയായിട്ടുണ്ട്.

(ഡോ.രാംമനോഹര്‍ ലോഹ്യയെയും ജയപ്രകാശ് നാരായണനെയും പോലുള്ള അതികായന്മാര്‍ അമരത്തിരുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സജീവ ഇടത് പക്ഷ സാന്നിധ്യമായിരുന്നു. കേരളത്തിലും സോഷ്യലിസ്റ്റ് പാര്‍ട്ടി കരുത്ത് തെളിയിച്ചു. പില്‍ക്കാലത്ത് പ്രസ്ഥാനവും നേതാക്കളും പലവഴി പിരിഞ്ഞ് ശിഥിലമായി. പിളര്‍പ്പ് ഇന്നും തുടരുന്നു)

2. ആയിശാ റഊഫ്. മദ്രാസ് ക്വീന്‍ മേരീസ് കോളേജിലെയും ബംഗ്‌ളൂരു വെല്ലിംഗ്ടണ്‍ കോളേജിലെയും പഠനശേഷം 1943-ല്‍ മലബാര്‍ ജില്ലാ സ്‌പെഷല്‍ വിദ്യാഭ്യാസ ഓഫീസറായി. കോയമ്പത്തൂരിലെ കയറ്റുമതി വ്യാപാരി റഊഫ് വിവാഹം കഴിച്ചതോടെ സിലോണ്‍ ആയി കര്‍മ മണ്ഡലം. കൊളമ്പോ ഡെപ്യൂട്ടി മേയര്‍, സാഹിറാ വിമന്‍സ് കോളേജ് സ്ഥാപക പ്രിന്‍സിപ്പല്‍ എന്നീ പദവികള്‍ വഹിച്ചു.

പൗരമുഖ്യനും തറവാട്ടുകാരനും ദേശസ്‌നേഹിയും ആയ വി.സി കുഞ്ഞമ്മായന്‍ മതതല്‍പരന്‍കൂടി ആയിരുന്നിട്ടും സമുദായ ഭാഷയില്‍ കാഫറാകേണ്ടിവന്ന കഥയും കാലവുമാണ് നാം വായിച്ചുവരുന്നത്. ഇതിനിടയില്‍, കുസൃതിയായ കുഞ്ഞമ്മായന്‍ ഒപ്പിച്ച ഒരു വേലത്തരം എരിതീയില്‍ എണ്ണ ഒഴിച്ചപോലായി. പള്ളിയില്‍ നമസ്‌കാരത്തിനു സ്വഫ്ഫില്‍ തൊട്ടടുത്ത് ഒരു മുസല്യാരായിരുന്നു. മൂപ്പരെ ചുമ്മാ ഒന്ന് 'ഞോണ്ടാനാ'യിരിക്കണം, കുഞ്ഞമ്മായന്‍ നിസ്‌കാരത്തിനു കൈകെട്ടാന്‍ അല്‍പം ഉറക്കെ ചൊല്ലിയത് ഇങ്ങനെ: 'ഉസല്ലി ലില്ലാഹി ഫോര്‍ റക്അത്ത്!' ഇംഗ്ലീഷിലുള്ള ഈ 'ഫോര്‍ റക്അത്ത'ാണ് പൊല്ലാപ്പായത്. സലാം വീട്ടിക്കഴിഞ്ഞതും മുസല്യാര്‍ പള്ളി നിറയെ ഒച്ചവെച്ചു, 'നിസ്‌കാരത്തിലും ഇങ്കരിയസ്സോ!' ആളുകള്‍ വളഞ്ഞുകൂടി. ഒച്ചപ്പാടായി. സംഗതിയില്‍ ഇടപെട്ട് ഞായം ചോദിച്ചവരോട് കുഞ്ഞമ്മായന്റെ തര്‍ക്കുത്തരം: ''എന്നോട് നിസ്‌കരിക്കാന്‍ കല്‍പിച്ച പടച്ചതമ്പുരാന് ഇംഗ്ലീഷില്‍ പറഞ്ഞാലും മനസ്സിലാകും!''

ഇന്ന് ഇതൊക്കെ കഥയും ചരിത്രവുമാണെങ്കിലും അന്ന്ഇതുപോലൊരു കുറ്റം ചെയ്തയാള്‍ക്ക് 'കാഫിറ'ാകാതെ പറ്റുമായിരുന്നില്ല. അന്നത്തെ കാരണത്താല്‍ അല്ലെങ്കിലും, കാഫറാക്കലിന്റെ വകഭേദങ്ങള്‍ പല വേഷത്തില്‍ ഇന്നും തുടരുന്നു. യു.കെ അബൂസഹ്‌ലയുടെ 'കാഫിറാക്കാന്‍ പാടുപെട്ട് നാട് ചുറ്റുന്നോരേ...' എന്ന പാട്ടിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നാണ് മതരംഗത്ത് നിന്നുള്ള വര്‍ത്തമാനം.

അതേ സമയം, പുതുതലമുറയുടെ-വിശേഷിച്ച് പെണ്‍ കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തുള്ള അഭൂതപൂര്‍വ്വമായ മുന്നേറ്റം അഭിമാനപൂര്‍വം എടുത്തു പറയത്തക്കതാണ്. തട്ടം കുഞ്ഞിപ്പാത്തുവില്‍ നിന്ന് ഹനാന്‍ ഹാശിയിലേക്കും നസ്‌ലിം എടക്കരയിലേക്കും അദീലാ അബ്ദുല്ലയിലേക്കുമുള്ള ദൂരം ചെറുതല്ലെങ്കിലും അതിനിടയില്‍ പുരോഗതിയുടെ ഒട്ടേറെ പടവുകള്‍ നമ്മുടെ ഉശിരുള്ള പെണ്‍കൊടികള്‍ വിജയകരമായി കീഴ്‌പെടുത്തിക്കൊണ്ടിരിക്കുന്നു. സമുദായത്തെയും രക്ഷിതാക്കളെയും പുളകമണിയിക്കുന്ന ഈ വളര്‍ച്ചക്ക് അസ്വസ്ഥജനകമായ ചില മറുവശങ്ങള്‍ ഉള്ളത് കാണാതിരുന്നു കൂടാ. ചില സൂചനകള്‍ മാത്രം:

1. നിലവിലുള്ള വിദ്യാഭ്യാസം കേവലം തൊഴില്‍ പ്രധാനമാണ്. പഠന ശേഷം തൊഴിലുറപ്പ് നല്‍കുന്ന വിദ്യാഭ്യാസത്തിനേ വിലയുള്ളൂ. അതേ സമയം, മുസ്‌ലിം പെണ്‍കുട്ടികളുടെ കുടുംബ- സാമൂഹിക സാഹചര്യം മറന്നുകൊണ്ടുള്ള വിദ്യാഭ്യാസം അവരില്‍ വലിയൊരു വിഭാഗത്തെസംബന്ധിച്ച് വിവാഹശേഷം ഒരു 'അലങ്കാരം' മാത്രമായി പാഴായിപ്പോവുകയാണ്. എം.ബി.എ-ബി.ടെക് പോലുള്ള ബിരുദങ്ങള്‍ പേറി പഠിച്ച വിദ്യ പ്രയാജനപ്പെടാതെ പോകുന്ന കുടുംബിനികളുടെ കൂട്ടത്തിലേക്ക് അംഗസംഖ്യ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. കോഴ്‌സ് തെരഞ്ഞെടുക്കും മുമ്പേ സാഹചര്യവും പ്രായോഗികതയും പരിഗണിച്ചുള്ള ഗൈഡന്‍സും മാര്‍ഗ നിര്‍ദേശവുമാണ് കുട്ടികള്‍ക്കാവശ്യം.

2. അനുകൂലമായ പഠന സാഹചര്യമാണ് മറ്റൊരു പ്രശ്‌നം. കേരളത്തിലെ മെട്രോ ടൗണുകള്‍ മുതല്‍ ബംഗ്‌ളൂരു, ഹൈദരാബാദ്, ഡല്‍ഹി വരെയുള്ള മഹാനഗരങ്ങളില്‍ അറിവ് തേടിപ്പോകുന്ന ബാല്യങ്ങളെ ചതിക്കുഴികള്‍ കാത്തിരിക്കുന്നുണ്ടാവാം. സുരക്ഷയും മൂല്യങ്ങളും ഉറപ്പ് തരുന്ന ഹോസ്റ്റലുകളുടെ അഭാവം അതിരൂക്ഷമായി അനുഭവപ്പെടുന്നു.

3. പൊതു വിദ്യാഭ്യാസത്തിന്റെ കുത്തൊഴുക്കില്‍ മതവിദ്യാഭ്യാസം നേരിടുന്നത് തളര്‍ച്ചയല്ല, തകര്‍ച്ച തന്നെയാണെന്ന് ആശങ്കിക്കപ്പെടുന്നു. ഒറ്റപ്പെട്ട തുരുത്തുകള്‍ മാറ്റി നിര്‍ത്തിയാല്‍, മതസ്ഥാപനങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധി ആഴമുള്ളത് തന്നെയാണ്. ഇഹ-പര വിദ്യാഭ്യാസത്തിന്റെ സമന്വയം എന്ന മുദ്രാവാക്യം കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു. സമുദായവും പ്രസ്ഥാനങ്ങളും അവരുടെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ പുനരവലോകനം ചെയ്യാന്‍ വൈകി എന്നു മാത്രമേ ഇവിടെ സൂചിപ്പിക്കുന്നുള്ളൂ. 

(തുടരും)

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 78-82
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം