ഫാഷിസം അക്ഷരങ്ങളോട്
ഫാഷിസം അക്ഷരങ്ങളോട്
ലക്കം 2847-ല്‍ മുഹമ്മദ് ശമീം എഴുതിയ 'അക്ഷരവും അധികാരവും' ലേഖനം ഉചിതമായി. അധികാരിവര്‍ഗം മറ്റേത് പ്രക്ഷോഭങ്ങളെക്കുറിച്ചും ഭയന്നിരുന്നത് അക്ഷരങ്ങളെയാണെന്നത് ചരിത്ര സത്യം. നേരിട്ടുള്ള പ്രക്ഷോഭങ്ങളെ ലാത്തിയും തോക്കുമുപയോഗിച്ച് നേരിടാം. പക്ഷേ, അക്ഷരങ്ങളിലൂടെയുള്ള നിശ്ശബ്ദമായ പ്രക്ഷോഭങ്ങള്‍ നെരിപ്പോടുകളെ പോലെ അമര്‍ന്ന് കത്തി, ഒടുവില്‍ ആളിക്കത്തുന്ന തീയായി മാറുമെന്ന് ജനാധിപത്യം പ്രസംഗിക്കുകയും ഫാഷിസത്തെ മനസാ വരിക്കുകയും ചെയ്ത ഭരണാധികാരി വര്‍ഗത്തിന് നന്നായി അറിയുന്നതുകൊണ്ടുതന്നെ അക്ഷര വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ ഏതു തരത്തിലുള്ള നടപടിക്കും തയാറാണെന്ന് പുസ്തകങ്ങള്‍ നിരോധിക്കുക വഴി അധികാരിവര്‍ഗം തെളിയിച്ചുകൊണ്ടിരിക്കുന്നു.
ഇത്തരുണത്തില്‍ മതേതരത്വത്തിനും ജനാധിപത്യത്തിനും സംരക്ഷണം നല്‍കുന്നവര്‍ എന്ന് ഉദ്‌ഘോഷിക്കപ്പെടുന്ന മാധ്യമങ്ങളും പ്രതിക്കൂട്ടിലാണെന്നതാണ് സത്യം. 'അമൃതാനന്ദമയീമഠം- ഒരു സന്യാസിയുടെ വെളിപ്പെടുത്തലുകള്‍' എന്ന പുസ്തകം പ്രസിദ്ധീകരിച്ച ഡി.സി ബുക്‌സ് ആക്രമിക്കപ്പെട്ടു. അതിലുപരി ലോകം മുഴുവന്‍ ഗീതാ പ്രഭാഷണം നടത്തുന്ന- ഗീതയെ ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയുമായി യോജിപ്പിച്ചുകൊണ്ട് പ്രയാണം നടത്തുന്ന - സ്വാമി സന്ദീപാനന്ദയെ ആക്രമിക്കുകയും പരിപാവനമെന്ന് വിശ്വസിക്കുന്ന കാഷായ വസ്ത്രം വലിച്ചു കീറി നഗ്നനാക്കി മര്‍ദിക്കുകയും ചെയ്തപ്പോള്‍ എത്ര മാധ്യമങ്ങള്‍ അത് ചര്‍ച്ച ചെയ്തു? ദൃശ്യമാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും ഇത് തമസ്‌കരിക്കുകയായിരുന്നില്ലേ? അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് ഉദ്‌ഘോഷിക്കുന്ന അധികാരി വര്‍ഗത്തോടൊപ്പം മാധ്യമങ്ങളും 'അവരുടേതായ പങ്ക്' വഹിക്കുകയായിരുന്നില്ലേ? അതിനു പകരം 'സരിതമാര്‍ക്ക്' അഭിമുഖങ്ങള്‍ക്ക് മണിക്കൂറുകള്‍ അനുവദിക്കുകയായിരുന്നില്ലേ സാംസ്‌കാരിക കേരളത്തിലെ മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്? ഈ സാംസ്‌കാരികാധഃപതനത്തിനെതിരെയും ഫാഷിസത്തെ എതിര്‍ക്കുന്നത് ഉദ്ഘാഷിക്കുകയും അതിനെ പോഷിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ - മത നേതൃത്വത്തിനെതിരെയും പ്രബോധനവും മുഹമ്മദ് ശമീമിനെ പോലുള്ളവരും തൂലിക ഇനിയും ചലിപ്പിക്കേണ്ട കാലഘട്ടമാണിതെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കട്ടെ.
പി.കെ രാജന്‍ കരിയാട്
നടന്നു തീരാത്ത വഴികളില്‍
അര്‍ധ വിരാമത്തിനു ശേഷം പുനഃപ്രസിദ്ധീകരണം തുടങ്ങിയ ടി.കെ അബ്ദുല്ല സാഹിബിന്റെ 'നടന്നുതീരാത്ത വഴികളില്‍' മികച്ച വായനാനുഭവമാണ്. അദ്ദേഹം ജീവിച്ച കാലഘട്ടത്തിലെ കേരളീയ (വിശിഷ്യ മുസ്‌ലിം) സാമൂഹിക സാംസ്‌കാരിക പശ്ചാത്തലങ്ങള്‍ ഹാസ്യാത്മകമായി കോറിയിടുന്നതോടൊപ്പം ഈ കുറിപ്പുകാരനെപ്പോലുള്ള സാധാരണക്കാര്‍ക്ക് ചില മതകീയ സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്താനും അത് സഹായകമാവുന്നുണ്ട്.
പി.വി കുഞ്ഞഹമ്മദാജിയുടെ മാനം രക്ഷിച്ച കറാമത്തും ജമാഅത്തിനെ രക്ഷിച്ച ചെറുവണ്ണൂര്‍ ഔലിയയുടെ കറാമത്തും രസാവഹമായിട്ടുണ്ട്. സര്‍വത്ര വ്യാജന്മാര്‍ നിറഞ്ഞ ഇക്കാലത്ത് ഇവ ഒറിജിനല്‍ കറാമത്തിന് ഉദാഹരണമായി എടുക്കാമോ എന്ന് വ്യക്തമാക്കിക്കണ്ടില്ല. എടുക്കാമെങ്കില്‍ ഇത്തരം ഒരുപാട് ഉദാഹരണങ്ങള്‍ കാണാനാവും. ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഇന്ന് സാമാന്യം സ്വാധീനമുള്ള ഞങ്ങളുടെ നാട്ടില്‍ മുന്‍ കാലങ്ങളില്‍ നടന്ന 'യോഗം കലക്കല്‍' പോലുള്ള എതിരാളികളുടെ കലാപരിപാടികളിലൂടെ പില്‍ക്കാലത്ത് പ്രസ്ഥാനത്തിനുണ്ടായ പുരോഗതിയും അന്ന് കലക്കലിനു നേതൃത്വം കൊടുത്തവരുടെ പില്‍ക്കാലാനുഭവങ്ങളും നല്ല ഉദാഹരണമാണ്.
സി.എച്ച് മുഹമ്മദലി കൂട്ടിലങ്ങാടി
'യാ ലൈത്ത ഖൗമീ യഅ്‌ലമൂന്‍'
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍ അമീര്‍ മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബിന്റെ വ്യക്തിചിത്രത്തില്‍ (പ്രബോധനം ഏപ്രില്‍ 18) യാ ലൈത്ത ഖൗമീ യഅ്‌ലമൂന്‍ എന്ന പുസ്തകത്തെക്കുറിച്ച് റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍ നടത്തിയ പരാമര്‍ശവും അത് എത്രത്തോളം ശരിയാണ് എന്ന് ഒ. അബ്ദുര്‍റഹ്മാന്‍ ചേന്ദമംഗല്ലൂര്‍ പ്രകടിപ്പിച്ച സംശയവുമാണ് (പ്രബോധനം ഏപ്രില്‍ 25) ഈ കുറിപ്പിന് പ്രേരകം.
റഫീഖുര്‍റഹ്മാന്‍ എഴുതുന്നു: ''1971-ല്‍ പാകിസ്താനില്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോ ജമാഅത്തിനെതിരെ കരാള നടപടികള്‍ സ്വീകരിച്ചപ്പോള്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അനുഭവിച്ച പീഡനങ്ങളാണ് യാ ലൈത്ത ഖൗമീ യഅ്‌ലമൂന്‍'എന്ന രചനയിലൂടെ അദ്ദേഹം കോറിയിട്ടത്.''
ഒ. അബ്ദുര്‍റഹ്മാന്‍ സംശയിച്ചതുപോലെത്തന്നെ റഫീഖുര്‍റഹ്മാന്റെ പരാമര്‍ശം ശരിയല്ല. ഒരു കൊലക്കുറ്റത്തിന്റെ പേരില്‍ 1979 ഏപ്രില്‍ 4-ന് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോ തൂക്കിലേറ്റപ്പെട്ടതിനെതുടര്‍ന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്കു നേരെയുണ്ടായ അതിദാരുണമായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബ് എഴുതിയ സവിശേഷ കൃതിയാണ് യാ ലൈത്ത ഖൗമീ യഅ്‌ലമൂന്‍'എന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു വേറിട്ട രചനയാണ് അത്.
ഭൂട്ടോയെ തൂക്കിലേറ്റിയത് പാകിസ്താനിലായിരുന്നുവെങ്കിലും അന്യായമായ അക്രമങ്ങള്‍ക്ക് വിധേയമായത് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയും കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുമായിരുന്നു. ജമാഅത്ത് പ്രവര്‍ത്തകര്‍ വിവിധ രൂപത്തില്‍ പീഡിപ്പിക്കപ്പെടുകയും ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃഷിയിടങ്ങളും പഴത്തോട്ടങ്ങളും അഗ്നിക്കിരയാക്കപ്പെടുകയുമുണ്ടായി. കശ്മീര്‍ താഴ്‌വരക്കു പുറമെ നിസാമാബാദ്, ഭഗത്പൂര്‍, സഹാറംപൂര്‍, റാഞ്ചി, ഹൈദരാബാദ്, ബാംഗ്ലൂര്‍ മുതലായ സ്ഥലങ്ങളിലും അക്രമങ്ങള്‍ അഴിഞ്ഞാടി. കശ്മീരിലെ ഭരണകക്ഷിയായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തകരും ഇന്ത്യയിലെ മറ്റു ചില മത രാഷ്ട്രീയ സംഘടനകളും അക്രമ പ്രവര്‍ത്തനങ്ങളില്‍ വലിയ തോതില്‍ പങ്കാളികളായി. അതിഭീകരവും കരാളവുമായ ഈ സ്ഥിതിവിശേഷത്തില്‍ അക്രമകാരികളോട് തങ്ങളുടെ ദുഷ്‌ചെയ്തികളില്‍ പശ്ചാത്തപിച്ച് അല്ലാഹുവിങ്കലേക്ക് മടങ്ങാനുള്ള ഗുണകാംക്ഷാനിര്‍ഭരമായ ആഹ്വാനമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
പുസ്തകത്തിന്റെ പേരിനുതാഴെ 'ജമാഅത്തെ ഇസ്‌ലാമിക്കുനേരെ അതിക്രമം പ്രവര്‍ത്തിക്കുന്നവരോട് അല്ലാഹുവിങ്കലേക്ക് മടങ്ങാനുള്ള ക്ഷണം' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
3-ാം പേജില്‍ ഇങ്ങനെ കാണാം: 'മിസ്റ്റര്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോ തൂക്കിലേറ്റപ്പെട്ട ശേഷം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്കും കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിക്കുമെതിരില്‍ അന്യായം പ്രവര്‍ത്തിച്ച ആളുകള്‍ക്ക് ഖുര്‍ആന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങളെക്കുറിച്ച യഥാര്‍ഥ അറിവുണ്ടായിരുന്നുവെങ്കില്‍, പരലോകത്ത് ഉത്തരം ബോധിപ്പിക്കേണ്ടിവരുമെന്ന പൂര്‍ണ വിശ്വാസമുണ്ടായിരുന്നുവെങ്കില്‍ അല്ലാഹുവിന്റെ കോപത്തിന് ഹേതുവും പ്രവാചകന്റെ അപ്രീതിക്ക് കാരണവുമായ അത്തരം ചെയ്തികളില്‍ ഏര്‍പ്പെടുമായിരുന്നില്ല. പ്രത്യുത, പ്രവാചകന്മാര്‍ നിര്‍വഹിച്ച ഇഖാമത്തുദ്ദീന്‍ എന്ന നിര്‍ബന്ധദൗത്യം നിര്‍വഹിക്കുകയായിരുന്നു അവര്‍ ചെയ്യുക.'
പുസ്തകം സമര്‍പ്പിച്ചിട്ടുള്ളത് 'തങ്ങളുടെ തെറ്റായ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുകയും അന്യരുടെ അപഹരിക്കപ്പെട്ട അവകാശങ്ങള്‍ തിരിച്ചുനല്‍കുകയും വൈയക്തികവും സാമൂഹികവുമായ ജീവിതത്തെ ഖുര്‍ആന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തുകയും ചെയ്തവര്‍ക്ക്' ആണ്. ഇസ്‌ലാമിനെയും ഇസ്‌ലാമികപ്രസ്ഥാനത്തെയും സംബന്ധിച്ച പല അമൂല്യ വിവരങ്ങളുമടങ്ങിയ 146 പേജുകളുള്ള കൃതിയുടെ പ്രഥമപതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടത് 1979 ആഗസ്റ്റിലാണ്.
ഹൈദറലി ശാന്തപുരം
ലോഹ്യയുമായി മുഹമ്മദ് യൂസുഫ് സാഹിബിന്റെ കൂടിക്കാഴ്ച
പ്രബോധനം വാരിക ലക്കം 2848-ല്‍ പത്രാധിപര്‍ക്കുള്ള കത്തുകളില്‍ ഞാന്‍ എഴുതിയ കുറിപ്പില്‍ ഒരോര്‍മപ്പിശക് കടന്നു കൂടിയിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ ജയിലില്‍ വെച്ചല്ല ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി മുന്‍ ജനറല്‍ സെക്രട്ടറിയും അമീറുമായ മുഹമ്മദ് യൂസുഫ് സാഹിബ് സോഷ്യലിസ്റ്റ് നേതാവ് ഡോ രാം മനോഹര്‍ ലോഹ്യയുമായി കൂടിക്കാഴ്ച നടത്തിയത്. ഡോ. ലോഹ്യ 1967 ഒക്‌ടോബര്‍ 12-ന് നിര്യാതനായിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് മുഹമ്മദ് യൂസുഫ് സാഹിബ് എഴുതിയ അനുസ്മരണക്കുറിപ്പിലാണ് ഞാന്‍ മുന്‍കുറിപ്പില്‍ എഴുതിയ കാര്യങ്ങള്‍ വിവരിച്ചിട്ടുള്ളത് (പ്രബോധനം വാരിക വാള്യം 3, ലക്കം 41, 1967 ഒക്‌ടോബര്‍ 26). ലോഹ്യയും യൂസുഫ് സാഹിബും ജയിലില്‍ ഒരുമിച്ചുണ്ടായിരുന്നു എന്നത് ശരിയാണ്. അത് പക്ഷേ, 1954-ല്‍ ഫര്‍ഖാബാദ് ജയിലില്‍ കരുതല്‍ തടവുകാരായിട്ടായിരുന്നു. ഞാന്‍ പരാമര്‍ശിച്ച സംഭാഷണം അവര്‍ തമ്മില്‍ നടന്നത് 1966-ല്‍ ലോഹ്യയുടെ വീട്ടില്‍ വെച്ചായിരുന്നു, ജയില്‍ ജീവിതത്തിലാണ് അവര്‍ തമ്മിലെ സംവാദം ആരംഭിച്ചതെങ്കിലും.
ഒ. അബ്ദുര്‍റഹ്മാന്‍
അക്ഷരവൈരികളും വിരോധികളും പുസ്തകങ്ങളെയും വായനയെയും വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഏത് മത വിഭാഗത്തില്‍ പെട്ടവര്‍ക്കും ഏത് ഗ്രന്ഥവും വായിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത്തരം സാഹചര്യങ്ങള്‍ സംജാതമാകുമ്പോഴാണ് വായനയിലൂടെ വിജ്ഞാനം ലഭിക്കുന്നതും. മാനവ സംസ്‌കാരത്തിന്റെ പുരോഗതി വായനയിലൂടെയുള്ള ഒരു തിരിച്ചറിവാകണം. നാം നേരിടുന്ന ഏതു വെല്ലുവിളികളെയും സ്വന്തം ഇഛാശക്തികൊണ്ട് ചെറുത്തു തോല്‍പിക്കാനുള്ള ഊര്‍ജം സ്വായത്തമാക്കിയാല്‍ ഏത് പ്രസിസന്ധികളെയും തരണം ചെയ്യാന്‍ നമുക്ക് കഴിയും.
ആചാരി തിരുവത്ര, ചാവക്കാട്
പ്രബോധനം വാരികയിലെ കവിതകള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. ആധുനികകാല മനുഷ്യാവസ്ഥയെ, ആഡംബര സമൃദ്ധിയില്‍ ആവിയായിപ്പോകുന്ന മനുഷ്യത്വത്തെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു കെ.പി ബഷീറിന്റെ 'പട്ടിയുണ്ട് സൂക്ഷിക്കുക' (ലക്കം 2848) എന്ന കവിതയില്‍.
പി.പി ഹമീദ്, പേട്ട, തിരുവനന്തപുരം
Comments