Prabodhanm Weekly

Pages

Search

2014 മെയ്‌ 09

ഖലീഫ അബൂബക്‌റിന്റെ രാഷ്ട്രീയ വിജയം

സുബൈര്‍ കുന്ദമംഗലം /ചരിത്രം

         പ്രവാചകന്റെ വിയോഗം മുസ്‌ലിംകളെ തളര്‍ത്തി. തിരുനബി (സ)യില്ലാത്ത ജീവിതം അവര്‍ക്ക് അചിന്ത്യമായിരുന്നു. സ്വഹാബിമാര്‍ക്ക് എന്തിനുമേതിനും പരിഹാരം തിരുദൂതരാണ്. അടുപ്പില്‍ പുകയുയരാതിരുന്നപ്പോഴും മാനസിക സംഘര്‍ഷം കൊണ്ട് പൊറുതിമുട്ടിയപ്പോഴും ഇഷ്ടജനം വിട്ട് പിരിഞ്ഞപ്പോഴും പ്രവാചക സാന്നിധ്യം അവര്‍ക്ക് ആശ്വാസമായി. മുഹമ്മദ് നബിയുടെ വേര്‍പാട് അവരെ അസ്വസ്ഥപ്പെടുത്തിയതിന്റെ കാരണം മാനസികവും ആദര്‍ശപരവുമായ ഈ അടുപ്പമായിരുന്നു.

തിരുനബി(സ)യുടെ മരണം ഉമറുബ്‌നുല്‍ ഖത്താബിനെ പോലുള്ള പ്രമുഖ സ്വഹാബിമാര്‍ക്ക് പോലും ഉള്‍കൊള്ളാനായില്ല. എന്നിട്ടല്ലേ, സാധാരണ ജനങ്ങള്‍ക്ക്. അവര്‍ കനത്ത ദുഃഖഭാരവുമായി സഖീഫ ബനൂ സാഇദില്‍ ഒത്തുകൂടി. പ്രവാചകന്‍ ഇഹലോക വാസം വെടിഞ്ഞ വിവരം സ്വഹാബിമാരെ കൊണ്ട് അംഗീകരിപ്പിക്കുകയായിരുന്നു അബൂബക്‌റിന്റെ പ്രഥമ ദൗത്യം. അദ്ദേഹം ഖുര്‍ആനില്‍ നിന്ന് അല്‍പഭാഗം അവരെ കേള്‍പിച്ചു: ''മുഹമ്മദ് ഒരു ദൈവദൂതനല്ലാതൊന്നുമല്ല. അദ്ദേഹത്തിന് മുമ്പും പല പ്രവാചകന്മാരും കടന്ന് പോയിട്ടുണ്ട്. അദ്ദേഹം നിര്യാതനാവുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പുറകോട്ട് തിരിഞ്ഞ് പോവുകയോ?'' (ആലു ഇംറാന്‍-144). ഖുര്‍ആന്‍ വചനം അവരെ യാഥാര്‍ഥ്യത്തിന്റെ ലോകത്തേക്ക് കൊണ്ട് വന്നു.

തിരുശരീരം മറമാടുന്നതിന് അവര്‍ തിടുക്കം കാട്ടിയില്ല. സമുദായത്തെ നേര്‍വഴിക്ക് നടത്താന്‍ ഒരു നേതാവിനെ വേണം. നേതൃത്വവും നേതാവുമില്ലാതെ സമുദായമില്ല. അവര്‍ കൂടിയാലോചിച്ചു. അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും വന്നു. പ്രവാചകന്റെ നിഴലായി സഞ്ചരിച്ചിരുന്ന, പ്രവാചകനെ ആദ്യമായി അംഗീകരിക്കുകയും, സത്യപ്പെടുത്തുകയും ചെയ്ത, പ്രതിസന്ധിഘട്ടങ്ങളില്‍ താങ്ങും തണലുമായി നിന്ന, പലായന വേളയില്‍ പോലും വിടാതെ പിന്തുടര്‍ന്ന, രോഗാവസ്ഥയില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ അബൂബക്‌റിനെ അവര്‍ പ്രവാചകന്റെ ഉത്തരാധികാരിയായി പ്രഖ്യാപിച്ചു.

അബൂബക്ര്‍ നേരിട്ട ഭരണ പ്രതിസന്ധിക്ക് ചരിത്രത്തില്‍ സമാനതയില്ല. പ്രവാചകന്റെ വിയോഗ വാര്‍ത്തയറിഞ്ഞ പ്രതിയോഗികള്‍ ആഭ്യന്തരവും വൈദേശികവുമായ യുദ്ധങ്ങള്‍ക്ക് കോപ്പുകൂട്ടി. അതിര്‍ത്തിക്കപ്പുറം റോമന്‍-പേര്‍ഷ്യന്‍ സാമ്രാജ്യത്വ ശക്തികള്‍ ഇസ്‌ലാമിനെ വിഴുങ്ങാന്‍ നോമ്പ് നോറ്റ് കാത്തിരിക്കുകയായിരുന്നു. അവരെ നേരിടാന്‍ പ്രവാചകന്‍ നേരത്തെ ഉസാമതുബ്‌നു സൈദിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. അതിനിടെയാണ് തിരുദൂതരുടെ വിയോഗം. ഇസ്‌ലാമിന്റെ പടനായകരില്‍ ഒരാളും മുഅ്ത്വ സേനാ നായകനുമായിരുന്ന സൈദുബ്‌നു ഹാരിസയുടെ പുത്രനും കൗമാരക്കാരനുമായ ഉസാമക്ക് പകരം അനുഭവ പാരമ്പര്യവും യുദ്ധ പരിചയവുമുള്ള ഒരാളെ നേതൃപദവി ഏല്‍പിക്കണമെന്ന അഭിപ്രായത്തിന് അബൂബക്ര്‍ ചെവികൊടുത്തില്ല. അന്നത്തെ പ്രബല ശക്തികളോട് മല്ലിടാന്‍ യുദ്ധ പാരമ്പര്യമുള്ള ഒരാളുടെ നേതൃശേഷി സഹായകമാകുമായിരുന്നിട്ട് കൂടി, പ്രവാചകന്റെ തീരുമാനത്തിന് എതിര് നില്‍ക്കാന്‍ അബൂബക്ര്‍ സന്നദ്ധനായില്ല. നിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തിയ ആ ഭരണാധികാരി ഇളം പ്രായക്കാരനായ ഉസാമയെത്തന്നെ സേന നായകനാക്കി. യുദ്ധ മുഖത്തേക്കുള്ള ഈ യാത്രയില്‍ അബൂബക്ര്‍, ആ ഇളം പ്രായക്കാരനോടൊപ്പം അതിര്‍ത്തി വരെ നടന്നു. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭരണാധികാരി മദീന തെരുവിലൂടെ വാഹനപ്പുറത്തിരിക്കുന്ന സൈനിക കമാന്ററെ കാല്‍നടയായി അനുഗമിക്കുന്ന ചേതോഹര ദൃശ്യത്തിന് അന്ന് ലോകം സാക്ഷിയായി. ചരിത്രത്തില്‍ തുല്യതയില്ലാത്ത ഐതിഹാസിക വിജയത്തിലേക്കുള്ള കുതിച്ചു ചാട്ടമായിരുന്നു ഉസാമയുടെ ആ യാത്ര.

അക്രമികളായ ഭരണാധികാരികളെ നേരിടുമ്പോഴും മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന പാരമ്പര്യമായിരുന്നു ഇസ്‌ലാമിക ഭരണകര്‍ത്താക്കളുടേത്. അതിര്‍ത്തി കടക്കാന്‍ പോകുന്ന സൈന്യത്തോട് അബൂബക്ര്‍ പറഞ്ഞു:''വഞ്ചിക്കരുത്. അപഹരിക്കരുത്. കരാര്‍ ലംഘിക്കരുത്. ആളുകളെ അംഗ ഭംഗം വരുത്തരുത്. കുട്ടികളെയും വൃദ്ധന്മാരെയും സ്ത്രീകളെയും വധിക്കരുത്. ഈന്തപ്പനകളും ഫല വൃക്ഷങ്ങളും വെട്ടി നശിപ്പിക്കുകയോ അഗ്നിക്കിരയാക്കുകയോ ചെയ്യരുത്. ഭക്ഷണാവശ്യത്തിനല്ലാതെ മൃഗങ്ങളെ അറുക്കരുത്. മഠങ്ങളില്‍ ആരാധനയില്‍ മുഴുകിയവരെ ശല്യപ്പെടുത്തരുത്.''

റോമന്‍-പേര്‍ഷ്യന്‍ സാമ്രാജ്യത്വ ശക്തികളെ സൈനികമായി നേരിട്ട അബൂബക്ര്‍ രാജ്യത്തിനകത്ത് ഉരുണ്ടുകൂടിയ ഛിദ്രശക്തികളെ നേരിടാന്‍ അമാന്തിച്ചില്ല. ഏത് പ്രതികൂല സാഹചര്യവും നേരിടാന്‍ ഇസ്‌ലാമിക സമൂഹം സജ്ജമാണെന്നും കരുത്തുറ്റതാണെന്നും അദ്ദേഹം തെളിയിച്ചു. മതത്തിന്റെയും രാഷ്ട്രത്തിന്റെയും ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി മുസ്‌ലിം സമൂഹം ഏക മനസ്സോടെ സന്ദര്‍ഭത്തിനൊത്ത് ഉയരുമെന്നും ഖലീഫയുടെ നടപടി സംശയലേശമന്യേ തെളിയിച്ചു.

പ്രവാചകന് നല്‍കിപ്പോന്നിരുന്ന സകാത്ത് അദ്ദേഹത്തിന്റെ അഭാവത്തില്‍ ആര്‍ക്കും കൊടുക്കേണ്ടതില്ലെന്ന നിലപാടുമായി ചിലര്‍ രംഗത്ത് വന്നു. മദീനയുടെ അയല്‍ദേശങ്ങളില്‍ അധിവസിച്ചിരുന്ന അബ്‌സ്,ദുബ്‌യാന്‍, കിനാന്‍, ഗ്വത്ഫാന്‍, ഫിസാറ പോലുള്ള ഗോത്രങ്ങളായിരുന്നു ഇവരില്‍ പ്രധാനികള്‍. ഖലീഫ അബൂബക്ര്‍ അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇസ്‌ലാമികാചാരങ്ങള്‍ അനുഷ്ഠിക്കുന്ന, കേവലം സകാത്ത് നിഷേധികള്‍ മാത്രമായ ഒരു വിഭാഗത്തിനെതിരെ വാളെടുക്കുന്നതിന് പിന്നിലെ 'ഫിഖ്ഹ് മസ്അല'യുമായി രംഗത്ത് വന്നവരോട് അബൂബക്ര്‍ പറഞ്ഞു: ''നമസ്‌ക്കാരത്തിനും സകാത്തിനുമിടയില്‍ വിവേചനം കല്‍പിക്കുന്നവരോട് ഞാന്‍ യുദ്ധം ചെയ്യും. അല്ലാഹുവാണ, അവര്‍ പ്രവാചകന് നല്‍കിപ്പോന്നത് ഒട്ടകക്കയറാണെങ്കില്‍ പോലും, അത് ബൈതുല്‍ മാലില്‍ അടക്കുന്നത് വരെ ഞാനവരെ നേരിടുക തന്നെ ചെയ്യും''. അബൂബക്‌റിന്റെ നിശ്ചയ ദാര്‍ഢ്യം സ്ഫുരിക്കുന്ന വാക്കുകള്‍ ഇസ്‌ലാമിക സമൂഹം നെഞ്ചേറ്റി, സകാത്ത് നിഷേധികള്‍ക്കെതിരെ ആദ്യ ഖലീഫ സ്വീകരിച്ച കര്‍ക്കശ നിലപാട് ഇസ്‌ലാമിക രാഷ്ട്രത്തെ ഒരു മഹാമാരിയില്‍ നിന്ന് കര കയറ്റി.

ഹിജ്‌റ എട്ടാം വര്‍ഷം മക്കാവിജയത്തെ തുടര്‍ന്ന് അറേബ്യന്‍ ഉപദ്വീപ് ഇസ്‌ലാമിന് അധീനമായി. ജനങ്ങള്‍ കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് വന്നു. ഈ പുതുവിശ്വാസികള്‍ക്ക് മതിയായ ആദര്‍ശബോധമോ വിശ്വാസ ദാര്‍ഢ്യമോ ഉണ്ടായിരുന്നില്ല. ഒഴുക്കിനൊത്ത് നീന്തുകയായിരുന്നു പലരും. ''ബദുക്കള്‍ ഘോഷിക്കുന്നുണ്ട്, 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു'. അവരോടു പറയൂ: ''നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍, ഞങ്ങള്‍ അനുസരിക്കുന്നവരായിരിക്കുന്നു എന്ന് നിങ്ങള്‍ പറഞ്ഞ് കൊള്ളുക. വിശ്വാസം ഇനിയും നിങ്ങളുടെ ഹൃദയത്തില്‍ കടന്നിട്ടില്ല''(അല്‍ ഹുജ്‌റാത്ത്-14).

പ്രവാചകന്റെ വിയോഗത്തോടെ ദുര്‍ബല വിശ്വാസികള്‍ കളം മാറിച്ചവിട്ടി, അവര്‍ മത പരിത്യാഗികളായി. ഖലീഫ അബൂബക്ര്‍ മുര്‍തദ്ദുകളെ കര്‍ശനമായി നേരിട്ടു. ഇത് മതസ്വാതന്ത്ര്യത്തിന്റെ നേരെയുള്ള വെല്ലുവിളിയായി കാണുന്നവരുണ്ടാകാം. ഇസ്‌ലാമിക സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായിരുന്നു ഈ കൂട്ട മതപരിത്യാഗം. അത് മുളയിലേ നുള്ളേണ്ടതുണ്ട്. ഗുരുതരമായ ഈ മഹാരോഗത്തെ ലാഘവത്തോടെ കാണുന്നത് ശരിയല്ല.

കള്ള പ്രവാചകന്മാരുടെ രംഗ പ്രവേശമായിരുന്നു അബൂബക്‌റിന് നേരിടേണ്ടിയിരുന്ന മറ്റൊരു പ്രശ്‌നം. മുഹമ്മദ് നബി വിട വാങ്ങിയതോടെ തല്‍സ്ഥാനം കയ്യടക്കാനായി ഒന്നിലധികം കള്ളനാണയങ്ങള്‍ രംഗ പ്രവേശം ചെയ്തു. വ്യാജനബിമാര്‍ മാത്രമല്ല, സജ്ജാഹിനെ പോലുള്ള പെണ്‍നബിമാരും രംഗം കൊഴുപ്പിച്ചു. യമാമക്കാരനായ മുസൈലിമ, യമനിലെ അസ്‌വദുല്‍ അന്‍സി, ബുസാക്കയില്‍ നിന്നുള്ള തുലൈഹ തുടങ്ങിയവരായിരുന്നു പുത്തന്‍ പ്രവാചക വാദികളില്‍ പ്രമുഖര്‍, ബനൂ സഅദ് ഗോത്രം തുലൈഹയെയും ബനൂ തമീം സജ്ജാഹിനെയും ബനൂ ഹനീഫ മുസൈലിമയെയും ഉമ്മാന്‍ നിവാസികള്‍ ലഖീത്ബ്‌നു മാലികിനെയും യമനികള്‍ അസ്‌വദുല്‍ അന്‍സിയെയും പിന്തുണച്ചു. 

ആഭ്യന്തര രംഗം ശാന്തമാക്കാനായി അബൂബക്ര്‍ വന്‍ സൈനിക വ്യൂഹത്തെ ചിട്ടപ്പെടുത്തി. അല്ലാഹുവിന്റെ ഊരപ്പെട്ട വാളെന്ന് പ്രവാചകന്‍ പുകഴ്ത്തിയ ഖാലിദുബ്‌നുല്‍ വലീദിനെ ബുസാഖയിലേക്ക് അയച്ചു. കള്ള പ്രവാചകന്‍ തുലൈഹയെ നേരിടുകയാണ് ഖാലിദിന്റെ പ്രഥമ ലക്ഷ്യം. അനന്തരം അദ്ദേഹത്തിന് പരാജയപ്പെടുത്താനുണ്ടായിരുന്നത് ബിതാഹിലെ തമീം ഗോത്രത്തലവനായ വ്യാജനബി ചമഞ്ഞ മാലിക് ബ്‌നു നുവൈറയെയായിരുന്നു. വിജയ ശ്രീലാളിതനായ ഖാലിദ് യമാമയില്‍ കുതിച്ചെത്തി മുസൈലിമയുടെ 40,000 വരുന്ന പട്ടാളത്തെ തുരത്തിയോടിച്ചു. മുസൈലിമ കൊല്ലപ്പെട്ടു. ഖുര്‍ആന്‍ മനഃപാഠമുള്ള 700-ലധികം മുസ്‌ലിംകള്‍ രക്ത സാക്ഷികളായത് ഈ യുദ്ധത്തിലാണ്. ഖുര്‍ആന്‍ ക്രോഡീകരണം സംബന്ധിച്ച ചിന്തയിലേക്ക് വഴി വെച്ചത് ഈ സംഭവമാണ്. 

ആഭ്യന്തര ഭദ്രത കൈവരിക്കാനായി അബൂബക്ര്‍ നിയോഗിച്ചത് പ്രമുഖ സ്വഹാബിമാരെയാണ്. ഇക്‌രിമതുബ്‌നു അബീജഹല്‍, ശുറഹ്ബീലുബ്‌നു ഹസന, മുഹാജിറുബ്‌നു അബീ ഉമയ്യ, സുവൈദുബാനു മുഖ്‌രിന്‍, അല്‍ അലാഉബ്‌നുല്‍ ഹളറമി, ഹുദൈഫതുബിനു മുഹ്‌സിന്‍, അംറുബ്‌നുല്‍ ആസ്വ് തുടങ്ങിയവരായിരുന്നു ഇവരില്‍ പ്രമുഖര്‍. സംഘടിത മുന്നേറ്റത്തിലൂടെ മതപരിത്യാഗികളെയും സക്കാത്ത് നിഷേധികളെയും ആഭ്യന്തര വൈദേശിക ശത്രുക്കളെയും അവര്‍ നിലംപരിശാക്കി. ഛിന്നഭിന്നമായേക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാനും അറബ് സമൂഹത്തെ ഏകോപിപ്പിക്കാനും പക്വമതിയും ധീരനും രാഷ്ട്രതന്ത്രജ്ഞനുമായ ഖലീഫ അബൂബക്‌റിന് സാധ്യമായി. അബൂബക്‌റിന്റെ രാഷ്ട്രീയ വിജയമെന്നല്ല, ഇസ്‌ലാമിന്റെ രാഷ്ട്രീയ വിജയമെന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്. 

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 78-82
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം