നഹ്ജുല്‍ ബലാഗയിലൂടെ സഞ്ചരിക്കുമ്പോള്‍
ഇസ്‌ലാമികമായ ആദി സാമൂഹികനിര്‍മിതിയില്‍ വേറിട്ടുനില്‍ക്കുന്ന ഒരു വ്യക്തിവിശേഷമാണ് അലിയുടേത്. പ്രവാചക നിയോഗകാലത്ത് കുസൃതിക്കാരനായ ഒരു ബാലന്‍. തിരുജീവിതത്തിന്റെ സംഘര്‍ഷസന്ത്രാസങ്ങളെ അതിന്റെ സര്‍വസാന്ദ്രതയോടെയും കണ്ടുനില്‍ക്കാന്‍ കഴിയുക. ബാല-കൗമാര ജീവിതത്തിന്റെ സ്വാതന്ത്ര്യം കൊണ്ട് അതത്രയും അനുഭവിക്കാന്‍ സാധിക്കുക. പിന്നീടു പ്രവാചക ജീവിതത്തിന്റെ ദൈര്‍ഘ്യങ്ങളിലത്രയും അദ്ദേഹത്തിന്റെ വാമത്തില്‍ തന്നെ പുണര്‍ന്നു തുടരുക. പ്രവാചകപുത്രിയുടെ വരനായി ജീവിക്കുക. പ്രവാചക പൗത്രപൗത്രിമാരുടെ പിതാവാകുക. ഫാത്വിമയുടെ മരണം വരെ തന്റെ ഏകപത്‌നീവ്രതം നിഷ്ഠയായി തുടരുക. പ്രവാചകവിയോഗത്തോടെ സഖീഫിലെ രാഷ്ട്രീയ കോലാഹലങ്ങളിലേക്കിറങ്ങാതെ തിരുഗൃഹത്തില്‍ തന്നെ മരണാനന്തരചടങ്ങില്‍ മുഴുകി നില്‍ക്കുക. അന്നും അലിക്ക് യൗവനം ഊഞ്ഞാലാടുന്ന പ്രായം. തുടര്‍ന്നിങ്ങോട്ട് അബൂബക്‌റിന്റെയും ഉമറിന്റെയും പ്രോജ്ജ്വലമായ അധികാര കാലം. ഉസ്മാന്റെ സംഘര്‍ഷഭരിതമായ ഭരണാന്ത്യം. വധം. ഇതിലൊക്കെയും കുശലതയോടെ ഇടപെടാന്‍ കഴിഞ്ഞ ഒരു പ്രൗഢജീവിതമാണ് അലിയുടേത്. ഒരാള്‍ തത്ത്വചിന്തകനാകാന്‍ ഇതുതന്നെ മതി.
ഇമാം അലിയുടെ പ്രഭാഷണങ്ങളും എഴുത്തുകളും ചെറുവര്‍ത്തമാനങ്ങളും ദാര്‍ശനിക ശോഭയാര്‍ന്ന വാചകങ്ങളും സമ്മോഹനമായി സമാഹരിച്ചതാണ് നഹ്ജുല്‍ ബലാഗ. ജീവിതത്തെയും അതിന്റെ വൈവിധ്യങ്ങളെയും എത്ര മിഴിവാര്‍ന്ന ഉള്‍നോട്ടത്തോടെയാണ് ഇതില്‍ അലി അവതരിപ്പിക്കുന്നതെന്നു കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. ജീവിതത്തെ എങ്ങനെ നിരീക്ഷിക്കുന്നു എന്നതു മാത്രമല്ല, വ്യക്തിയും സമഷ്ടിയുമായിക്കഴിയുന്ന മനുഷ്യസമൂഹം എങ്ങനെയാണ് ഇസ്‌ലാമിക ദൃഷ്ടിയില്‍ പ്രശ്‌നങ്ങളെ സംബോധന ചെയ്യേണ്ടത് എന്ന തെളിഞ്ഞ രൂപമാണ് ഇത് നമ്മുടെ മുന്നില്‍ സമര്‍പ്പിക്കുന്നത്.
പ്രധാനമായും മൂന്ന് ആവിഷ്‌കാരങ്ങളാണ് നഹ്ജുല്‍ ബലാഗയില്‍ കാണുന്നത്. ഒന്ന്, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍. പ്രഭാഷണചാതുരി എന്നും സാമൂഹികജീവിതത്തില്‍ പ്രക്ഷുബ്ധതകള്‍ പണിയുന്നതു തന്നെയാണ്. ഖുര്‍സുബ്‌നു സാഅ മുതല്‍ ഖത്വാബിന്റെ മകന്‍ ഉമര്‍ ഉള്‍പ്പെടെയുള്ള പ്രഭാഷകരെ പ്രാചീന അറേബ്യക്കും ഇസ്‌ലാമിനും പരിചിതമാണ്. അലിയാകട്ടെ ഖുറൈശി വരേണ്യ പരിസ്ഥിതിയില്‍ വളര്‍ന്നുവന്ന ഒരാള്‍. പ്രവാചകന്റെ നിത്യനിതാന്ത സമ്പര്‍ക്കം, വിശുദ്ധഖുര്‍ആന്റെ സ്വാധീനം, ആ യുവാവിന്റെ ഭാഷാസിദ്ധി ഉഛസ്ഥായിയില്‍ തന്നെയായിരുന്നു. അതുപോലെ എഴുത്തും. അലി എഴുതിയതോ എഴുതിച്ചതോ രണ്ടായാലും അതില്‍ ഭാഷയുടെ കസവ് പുടകളില്‍ സൗന്ദര്യത്തിന്റെ ഓളച്ചുറ്റുകള്‍ പണിയുന്നു. ആശയങ്ങളും അര്‍ഥങ്ങളും ഏഴാകാശവും കടലും കടന്നെത്തുന്ന ഇന്ദ്രജാല വിസ്മയം. അലിയുടെ വാഗ്വിലാസപ്പെരുമ. ഇതാണ് നഹ്ജുല്‍ ബലാഗയില്‍ തുളുമ്പി നില്‍ക്കുന്നത്.
''പൂര്‍വികരുടെ വസതികളിലല്ലയോ നിങ്ങള്‍ താമസിക്കുന്നത്. ദീര്‍ഘായുഷ്മാന്മാരായിരുന്നവര്‍. സ്മാരകങ്ങള്‍ ബാക്കിവെച്ചവര്‍. പ്രതീക്ഷ പുലര്‍ത്തിയവര്‍. സൈന്യത്തെ ശേഖരിച്ചവര്‍. എന്നാല്‍ ലക്ഷ്യസ്ഥാനത്തെത്താവുന്ന പാഥേയമില്ലാതെയും താണ്ടിക്കടക്കാന്‍ വാഹനമില്ലാതെയും അവര്‍ ഇവിടം വിട്ടു കടന്നുപോയി.'' നാടു കടത്തപ്പെട്ട അബൂദര്‍റിന്റെ രോഷം നോക്കി അലി പറഞ്ഞു: ''എന്തിന്റെ പേരിലാണോ ജനം താങ്കളെ ഭയക്കുന്നത് അത് അവരുടെ കൈകളില്‍ വിട്ടേക്കുക. എന്തിന്റെ കാര്യത്തിലാണോ താങ്കള്‍ അവരെ ഭയക്കുന്നത് അതില്‍ നിന്നും താങ്കള്‍ ഓടിപ്പോവുക.''
ഇങ്ങനെ അര്‍ഥങ്ങളുടെ മഹാമേരുക്കളെ കൈയിലിട്ട് അമ്മാനം കളിക്കുന്ന അലിയുടെ ഭാഷാവഴക്കം അത്ഭുതാവഹമാണ്. ഈയൊരു പ്രഭാഷണസിദ്ധി ഏറ്റവും മിഴിവാര്‍ന്ന് നില്‍ക്കുക പ്രവാചകനെ സംബന്ധിച്ച് സംസാരിക്കുമ്പോഴാണ്. പ്രവാചക സ്‌നേഹം അലിയുടെ ജീവിത വീക്ഷണത്തിന്റെ സാകല്യം തന്നെയാണ്. നഹ്ജുല്‍ ബലാഗയില്‍ പേര്‍ത്തും പേര്‍ത്തും കണ്ടെത്തുന്ന വിഷയം അല്ലാഹുവിന്റെ ഏകത്വം തന്നെയാണ്. അവന്റെ സത്തയും ഗുണവും അതിന്റെ സാധ്യതയില്‍ സംഭവിക്കേണ്ട രാഷ്ട്രീയനവീകരണവും; ഇത് അലിക്ക് എന്നും ആവേശമാണ്. അതോടൊപ്പം മരണം ഒരു ഒഴിയാബാധയും. കൗമാരകാലത്തു തന്നെ പടപ്പെരുക്കങ്ങള്‍ അനുഭവിച്ച അലിക്ക് മരണം ഒഴിയാബാധയായതില്‍ കൗതുകമില്ല. ജീവിതത്തിന്റെ പരമമായ ലക്ഷ്യസാക്ഷാത്കാരത്തെ പറ്റി ഭദ്രമായ ധാരണയുള്ള അലിയുടെ മുമ്പില്‍ മരണം ഭീതിയേയല്ല. സ്വന്തം ഭാര്യ ഫാത്വിമയുടെ ഭൗതികശരീരം മണ്ണിട്ടുമൂടുമ്പോള്‍ അലിയുടെ ആത്മഗതങ്ങളുണ്ട്. ആ മനസ്സ് എത്ര ആര്‍ദ്രവും സ്‌നേഹമസൃണവും ആണെന്നറിയാന്‍ ഈ ഭാഗം ഒന്നു വായിച്ചു പോയാല്‍ മതി.
പുസ്തകത്തിലെ വികാരതീവ്രത മുറ്റിയ മറ്റു രണ്ട് ഭാഗങ്ങളില്‍ ഒന്ന് അലി മുആവിയക്ക് എഴുതിയ കത്തുകളും പിന്നെ മകന്‍ ഹസന് എഴുതിയ കത്തുകളുമാണ്. ഈ രണ്ടും ഒരര്‍ഥത്തില്‍ ഒരു എഴുത്തിന്റെ തന്നെ രണ്ടു ഭാഗങ്ങളാണ്. ഭൂമിയില്‍ എന്നും മനുഷ്യജീവിതത്തെ പ്രചോദിപ്പിക്കുന്നതാണ് അധികാരവും തലമുറകളും. അതിന്റെ നേരെ മുആവിയയുടെയും അലിയുടെയും കാഴ്ചപാടുകള്‍ എന്താണെന്ന് ഈ എഴുത്തുകളില്‍ നിന്ന് വ്യക്തമാകുന്നു. ഇസ്‌ലാമിന്റെ കാഴ്ചപ്പാടും. എന്തുമാത്രം സംഘര്‍ഷസാന്ദ്രതയിലൂടെയാണ് അക്കാലത്തദ്ദേഹം കടന്നുപോയതെന്നും അപ്പോഴും മനസ്സില്‍ ദൃഢമാക്കിയ വിശ്വാസവും പ്രതീക്ഷയും എത്ര അഗാധമായിരുന്നെന്നും. പുസ്തകത്തിന്റെ അവസാനഭാഗത്തുള്ളത് അലിയുടെ തത്ത്വവാക്യങ്ങളാണ്. ആശയഗാംഭീര്യമുള്ള ചെറുവാക്യമണികള്‍.
ശരീഫ്‌റിദാ സമാഹരിച്ച നഹ്ജുല്‍ബലാഗ അലിയുടെ കത്തുകളുടെയും പ്രഭാഷണങ്ങളുടെയും ദാര്‍ശനിക ശോഭയാര്‍ന്ന വാചിക സമാഹാരമാണെങ്കിലും മൂലത്തില്‍ സംശയം ജനിപ്പിക്കുന്ന ഒട്ടേറെ നിരീക്ഷണങ്ങള്‍ അതില്‍ ഉള്‍ചേര്‍ന്നതായി ഇബ്‌നു സീനീനും അല്ലാമാ മഖുബലിയും നിരീക്ഷിച്ചിട്ടുണ്ട്. എത്രത്തോളമെന്നാല്‍ പില്‍ക്കാലത്ത് രൂപം വന്ന സാമൂഹികശാസ്ത്രത്തിലെയും ധര്‍മശാസ്ത്രത്തിലെയും പലതരം വിചാരധാരകളും ഈ കൃതിയില്‍ വന്നുകയറിയതായി നിരീക്ഷിക്കപ്പെടുന്നു. അഥവാ നഹജുല്‍ബലാഗ സമ്പൂര്‍ണമായും അലിയുടെ വാചകങ്ങളും വാക്യങ്ങളും മാത്രമല്ലെന്ന ഒരു നിരീക്ഷണം സംഗതമാണ്.
പുസ്തകത്തിന്റെ മറ്റൊരു പരിമിതി പരിഭാഷയുടേതാണ്. നൂറ്റാണ്ടിനു മുമ്പു അറേബ്യന്‍ ഗോത്ര ജീവിതത്തിന്റെ വര്‍ണപൊലിവുകളും ഭാഷാവഴക്കങ്ങളും ഉപമാനങ്ങളും പ്രതിമാനങ്ങളുമാണ് രചനയില്‍ ഉടനീളം. അതു പുതുകാലത്തെ വായനക്ക് അഴിഞ്ഞു കിട്ടുന്നതല്ല. അതു പിന്നെ ചാരുതയാര്‍ന്ന വാങ്മയങ്ങളാവുന്നതു പരിഭാഷയുടെ മിടുക്കുകൊണ്ടാണ്. നഹ്ജുല്‍ബലാഗയിലെ ആശയഗരിമയും സാഹിത്യസൗകുമാര്യതയും ഈ പരിഭാഷയില്‍ അന്വേഷിക്കുന്നതില്‍ ശരികേടുണ്ട്. അറബി ഭാഷയുടെ സാഹിത്യപുഷ്ടിയും വിനിമയ സാധ്യതയും ലോകത്തു മറ്റേത് ഭാഷക്കും അപ്രാപ്യമായ ചന്ദ്രമണ്ഡലമാണ്. അറബിഭാഷ വസ്തുവാണെങ്കില്‍ പരിഭാഷകള്‍ നിഴലുകളാണ്. വസ്തുവിന്റെ പിണ്ഡമാനങ്ങളും നിമ്‌നോന്നതികളും അതിന്റെ വര്‍ണശോഭകളും രൂപസൗകുമാര്യങ്ങളും നിഴലുകളില്‍ അദൃശ്യമായിരിക്കും. പരിഭാഷകന്റെ അപാരസിദ്ധിക്കു മാത്രമേ ഈ വിഘ്‌നങ്ങള്‍ മുറിച്ചുകടക്കാന്‍ കഴിയൂ. പ്രത്യേകിച്ചും നഹ്ജുല്‍ബലാഗ പോലുള്ള ഒരു കൃതിയില്‍. ഇതില്‍ പരിഭാഷകന്‍ അത്രക്കങ്ങ് വിജയിച്ചെന്നു പറയാന്‍ വയ്യ. മൂലത്തിലെ രൂപജാമിതിയും വാങ്മയങ്ങളും തത്ത്വചിന്തയും ഉപമേയങ്ങളും പ്രാദേശികഭാഷക്ക് വഴങ്ങുന്നതല്ല എന്നതും പ്രതിസന്ധി തീര്‍ക്കുന്നു. എങ്കിലും പുസ്തകം വായിച്ചുപോകുന്ന സാധാരണക്കാര്‍ക്ക് ആ ഒരു പ്രത്യേക കാലസന്ധിയെ നേരിട്ട് അനുഭവിക്കാന്‍ സാധിക്കുന്നു എന്നത് ആഹ്ലാദകരം തന്നെ. അലിയുടെ കാലത്തെ നൂറുകണക്കിനാളുകള്‍, അവരുടെ ജീവിതങ്ങള്‍, സ്ഥലങ്ങള്‍, സംഭവങ്ങള്‍ ഇതിലൂടൊക്കെയും സഞ്ചരിച്ചുപോകുമ്പോള്‍ ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും സംഘര്‍ഷം മുറ്റിയ ഒരു കാലം ഭാവതീവ്രതയോടെ നമുക്ക് കണ്ടെടുക്കാനാവും.
Comments