Prabodhanm Weekly

Pages

Search

2014 മെയ്‌ 09

മോഡി ജയിച്ചാല്‍.....

ഇഹ്‌സാന്‍ /മറ്റൊലി

         ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്കു കയറാന്‍ കഷ്ടിച്ച് പത്ത് ദിവസം ബാക്കി നില്‍ക്കെയാണ് ഇതെഴുതുന്നത്. ഇത്രയും ദിവസങ്ങള്‍ക്കിടയില്‍ കണ്ട ഇന്ത്യ ഏറെയൊന്നും പ്രതീക്ഷക്ക് വക നല്‍കുന്നതല്ല. നരേന്ദ്ര മോഡിയെ വാഴിച്ചേ അടങ്ങൂ എന്ന നിശ്ചയദാര്‍ഢ്യവുമായാണ് മാധ്യമങ്ങള്‍ ബി.ജെ.പിക്കു വേണ്ടി പ്രചാരണം നടത്തുന്നത്. പത്രങ്ങളുടെ മുന്‍പേജുകളും ടെലിവിഷന്‍ വാര്‍ത്തകളുടെ തലക്കെട്ടുകളും പരിശാധിക്കുമ്പോള്‍ ആറിലൊന്നു പരിഗണനയാണ് കോണ്‍ഗ്രസിന് ലഭിക്കുന്നത്. മോഡിയുടെ വിജയത്തിന്റെ അടിസ്ഥാനമന്ത്രം വര്‍ഗീയ ധ്രുവീകരണമാണെന്ന് തിരിച്ചറിയുന്ന മാധ്യമങ്ങള്‍ അതിലേക്ക് വഴിതുറക്കുന്ന ഏത് വാര്‍ത്തയും മുഖ്യ തലക്കെട്ടാക്കുന്നതില്‍ മത്സരിച്ചു. ബാബാ രാംദേവിനും അമിത് ഷാക്കും അഅ്‌സം ഖാനും ഗിരിരാജ് സിംഗിനും കിട്ടിയ വാര്‍ത്താ പ്രാധാന്യം മായാവതിക്കോ ലാലുപ്രസാദ് യാദവിനോ ഒരിക്കലും ലഭിച്ചില്ല. യു.പിയില്‍ നിന്ന് വന്ന തലക്കെട്ട് വാര്‍ത്തകളെല്ലാം നാലാംകിട വര്‍ഗീയ വഷളത്തങ്ങളായിരുന്നു. ബിഹാറില്‍ താരതമ്യേന മികച്ച രീതിയില്‍ തെരഞ്ഞെടുപ്പു പോരാട്ടം നടക്കുന്നതിനിടെയാണ് ഇതുവരെ രാജ്യം കേട്ടിട്ടില്ലാത്ത ഒരു ഗിരിരാജ് സിംഗ് ആ സംസ്ഥാനത്തെ ഏറ്റവും വലിയ വാര്‍ത്തയായി മാറിയത്. മോഡിക്കു വോട്ടു ചെയ്യാത്തവര്‍ പാകിസ്താനില്‍ പോകണമെന്നായിരുന്നു ഇയാളുടെ വെളിപാട്. പിന്നീടുള്ള ദിവസങ്ങളില്‍ ഈ ഗിരിരാജായി ബിഹാറിലെ വലിയ വാര്‍ത്ത. 

മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്തോറും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിലവാരം കുത്തനെ ഇടിയുകയാണ് ചെയ്തത്. ഊതിവീര്‍പ്പിക്കുന്തോറും ബലൂണ്‍ കുത്തിപ്പൊട്ടിക്കാന്‍ എളുപ്പമാണെന്ന് മറ്റുള്ളവര്‍ ബി.ജെ.പിയെ പഠിപ്പിക്കാനാരംഭിച്ചു. വികസനവും അഴിമതിയുമൊക്കെ പറഞ്ഞു നടന്ന മോഡിയുടെ വായില്‍ നിന്ന് റോബര്‍ട്ട് വധ്രയുടെ ഭൂമി ഇടപാടും രാഹുലിന്റെ ദലിത് ഭവന സന്ദര്‍ശനവുമൊക്കെ രാജ്യം അറിഞ്ഞിരിക്കേണ്ടുന്ന പരമപ്രധാന വിഷയങ്ങളായി പുറത്തുവരാന്‍ തുടങ്ങി. മോഡിയുടെ മെഗാഫോണുകള്‍ ഒന്നടങ്കം ഗാന്ധി കുടുംബത്തെ കുറിച്ച ദുഷിപ്പുകള്‍ ഏറ്റു പറയാനാരംഭിച്ചു. ചില സംസ്ഥാനങ്ങളില്‍ ധ്രുവീകരണ അജണ്ട മോഡി നേര്‍ക്കു നേരെ ഏറ്റുപിടിച്ചു. ബംഗാളികളെയും അല്ലാത്തവരെയും തമ്മിലടിപ്പിക്കുന്ന രീതിയില്‍ മോഡി നടത്തിയ പരാമര്‍ശത്തിനു തിരിച്ചടിയായി ഗുജറാത്തിലെ കശാപ്പുകാരന്‍, ഭാര്യയെ സംരക്ഷിക്കാന്‍ അറിഞ്ഞുകൂടാത്തവന്‍ എന്നൊക്കെയാണ് മമത വിളിച്ചു കൂവിയത്. മമതയുടെ വോട്ടുബാങ്കിലെ മഹാഭൂരിപക്ഷവും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളായതു കൊണ്ട് അവരെ നാടുകടത്തുമെന്ന മട്ടില്‍ മോഡി നടത്തിയ പരാമര്‍ശം തൃണമൂല്‍ കോണ്‍ഗ്രസിനെ തീര്‍ച്ചയായും പ്രകോപിപ്പിക്കുമായിരുന്നു. മോഡിയെ പേടിച്ച് തൃണമൂലിന്റെ വോട്ടുബാങ്ക് സി.പി.എമ്മിലേക്കോ കോണ്‍ഗ്രസിലേക്കോ പോകാതിരിക്കണമെങ്കില്‍ എല്ലാവരേക്കാളും വലിയ വായില്‍ മോഡിയെ മമതക്ക് തെറിവിളിക്കണമായിരുന്നു. അതവര്‍ ചെയ്തു. അബ്ദുല്ലമാരുടെ മതമാണ് കശ്മീരികളെ വര്‍ഗീയവത്കരിച്ചതെന്നും അതിനെ തുടര്‍ന്നാണ് പണ്ഡിറ്റുകള്‍ താഴ്‌വര വിട്ട് ഓടിപ്പോകേണ്ടി വന്നതെന്നുമുള്ള മോഡിയുടെ പ്രസംഗവും ഇതേ മട്ടില്‍ വിഭാഗീയത ലക്ഷ്യം വെച്ചുള്ളതായിരുന്നു. ബി.ജെ.പിക്കാരനായ ഗവര്‍ണറാണ് പണ്ഡിറ്റുകളെ താഴ്‌വരയില്‍ നിന്ന് ഓടിച്ചതെന്ന് തിരിച്ചടിച്ച ഉമര്‍ അബ്ദുല്ല ധൈര്യമുണ്ടെങ്കില്‍ വോട്ടു ചോദിച്ച് കശ്മിരിലെത്താന്‍ മോദിയെ വെല്ലുവിളിക്കുകയും ചെയ്തു. 

മോഡിയുടെ ഗുജറാത്ത് മോഡലിന്റെ യാഥാര്‍ഥ്യം കോണ്‍ഗ്രസിനോ ബി.ജെ.പിക്കെതിരെ രംഗത്തുള്ള മറ്റു പ്രബല സംഘടനകള്‍ക്കോ ഈ തെരഞ്ഞെടുപ്പില്‍ ഫലപ്രദമായി ചര്‍ച്ചക്കു വെക്കാന്‍ കഴിഞ്ഞിട്ടില്ല. വികസനത്തെ കുറിച്ച ബി.ജെ.പിയുടെ ചര്‍ച്ചകള്‍ ഒന്നാന്തരം ഇരട്ടത്താപ്പായിരുന്നു. ബിഹാറില്‍ വികസനപുരുഷനായി ബി.ജെ.പി ഇത്രയും കാലം കൊണ്ടുനടന്ന നിധീഷ് കുമാര്‍, സഖ്യം പിരിഞ്ഞ് എട്ടു മാസത്തിനകം കൊള്ളരുതാത്തവനായി മാറി. വികസനത്തിന്റെ ഗുജറാത്തിലുണ്ടെന്ന് പറയുന്ന സൂചികകള്‍ ഇനി അഥവാ ഇല്ലെങ്കില്‍ പോലും മോഡിക്ക് ഒരവസരം കൊടുത്ത് പരീക്ഷിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന ചര്‍ച്ചയാണ് യു.പിയില്‍ മാധ്യമങ്ങള്‍ കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ ഈ വികസനത്തിന്റെ മറുവശത്തെ കുറിച്ച ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ മുക്കി. രാഹുലും സോണിയയും പ്രിയങ്കയും ലാലുവും മായാവതിയും മുലായവുമൊക്കെ യാഥാര്‍ഥ്യം വിളിച്ചു പറയുന്നുണ്ടായിരുന്നു. അവയൊന്നും തന്നെ മോഡി പറയുന്ന മറുപടികളെ പോലെ തലക്കെട്ട് വാര്‍ത്തകളായില്ല. മാധ്യമങ്ങളുടെ ഇപ്പോഴത്തെ പോക്കിനെ വാരാണസിയില്‍ നടന്ന ഒരു സെമിനാറില്‍ പ്രഭാത് പട്‌നായിക് വിശകലനം ചെയ്യുകയുണ്ടായി. കോര്‍പറേറ്റുകള്‍ വാരിയെറിയുന്ന കോടികളുടെ പൊലിമയില്‍ അവര്‍ക്കു വേണ്ടി വോട്ടുപിടിക്കാനിറങ്ങിയ മാധ്യമങ്ങള്‍ നാളെ എന്താവും ഇന്ത്യയില്‍ ചെയ്യുക എന്നതായിരുന്നു അദ്ദേഹം ഉയര്‍ത്തിയ ചോദ്യം. അധികാരത്തിലേറിയ മോഡിയായിരിക്കും ഇന്ത്യ കണ്ട ഏറ്റവും കൊടിയ അഴിമതിക്കാരനാവാന്‍ പോകുന്നതെന്നും കോര്‍പറേറ്റുകള്‍ക്ക് അവരുടെ ചോരപ്പണം തിരികെ നല്‍കണമെങ്കില്‍ പൊതുമുതല്‍ വാരിയെറിഞ്ഞു കൊടുക്കുകയല്ലാതെ മോഡിക്ക് നിവൃത്തിയുണ്ടാകില്ലെന്നും പട്‌നായിക് ചൂണ്ടിക്കാട്ടി. അങ്ങനെ വരുമ്പോള്‍ മുസ്‌ലിമും പാകിസ്താനും ചൈനയും ബോംബ് സ്‌ഫോടനവുമൊക്കെയായി രാജ്യവാസികളെ തമ്മിലടിപ്പിച്ച് ശ്രദ്ധ തെറ്റിക്കുന്ന പണിയാവും മോഡിയും മാധ്യമങ്ങളും ചെയ്യുകയെന്ന മുന്നറിയിപ്പാണ് പട്‌നായിക് നല്‍കിയത്.  

ബിഹാറില്‍ മാത്രമാണ് ഒരുപക്ഷേ ബി.ജെ.പിക്കെതിരെ അല്‍പമെങ്കിലും ശക്തമായ പോരാട്ടം നടന്നത്. ലാലു പ്രസാദ് യാദവ് 2009-ല്‍ നേടിയ നാലു സീറ്റില്‍ നിന്നും ഇത്തവണ പലമടങ്ങ് മുന്നിലെത്തുമെന്ന കാര്യം ഉറപ്പാണ്. നിശ്ശബ്ദമെങ്കിലും യു.പിയില്‍ മായാവതിയും ബി.ജെ.പിക്കെതിരെ മികച്ച പോരാട്ടമാണ് കാഴ്ച വെച്ചത്. അവസാനത്തെ മൂന്ന് ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് ഇനി അത്ഭുതമൊന്നും കാണിക്കുമെന്ന് കരുതാനാവാത്ത സ്ഥിതിക്ക് ബി.ജെ.പിയോ മൂന്നാം മുന്നണിയോ എന്ന ചോദ്യം മാത്രമേ ഇപ്പോള്‍ ബാക്കിയാവുന്നുള്ളൂ. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 78-82
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം