Prabodhanm Weekly

Pages

Search

2014 മെയ്‌ 09

കോപാഗ്നി

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

         ക്ഷിപ്രകോപിയായ ആ യുവാവ് എന്നെത്തേടി വന്നത് തന്റെ ദേഷ്യത്തീ അണയ്ക്കാനുള്ള വഴികള്‍ അന്വേഷിച്ചാണ്. ''എനിക്ക് പെട്ടെന്ന് ദേഷ്യം വരും. ഞാന്‍ കോപത്തിന്റെ പിടിയില്‍ അമര്‍ന്നാല്‍ പിന്നെ എനിക്ക് എന്നെ നിയന്ത്രിക്കാനാവില്ല. ഞാന്‍ പൊട്ടിത്തെറിക്കും. ചുറ്റിലേക്കും കത്തിപ്പടരും. കണ്ണില്‍ കണ്ടതെല്ലാം തല്ലിയുടക്കും. ഭാര്യയെയും മകളെയും ശകാരിക്കും. ചിലപ്പോള്‍ അടിക്കും. ഉപദേശിക്കാനെത്തുന്ന മാതാപിതാക്കളെ ചീത്ത പറഞ്ഞ് ആട്ടിയോടിക്കും. അതിനാല്‍ വീട്ടില്‍ എല്ലാവര്‍ക്കും എന്നോട് അടുക്കാന്‍ പേടിയാണ്. എന്റെ ഈ സ്വഭാവമറിയുന്ന പലരും എന്നില്‍ നിന്ന് ഒരു അകലം പാലിച്ചാണ് പെരുമാറുന്നത്.'' കോപാകുലരായി വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ എടുത്തുചാടുന്ന എല്ലാവരെയും പ്രതിനിധാനം ചെയ്യുന്നു ഈ യുവാവ് എന്ന് ഒരുവേള എനിക്ക് തോന്നി.

സ്വര്‍ഗപ്രവേശത്തിന് വഴിതേടിയ വ്യക്തിക്ക്, 'നീ കോപിക്കരുത്, ദേഷ്യപ്പെടരുത്, കയര്‍ക്കരുത്' എന്ന ഉപദേശം മൂന്ന് വട്ടം ആവര്‍ത്തിച്ചു നല്‍കിയ നബി(സ)യെ ഞാന്‍ അപ്പോള്‍ ഓര്‍ത്തു. കോപം നമ്മെ അന്ധരാക്കും. തിരിച്ചെടുക്കാനൊക്കാത്ത വാക്കുകള്‍ വായില്‍നിന്നുതിര്‍ന്നാല്‍ ബന്ധുക്കള്‍ ശത്രക്കളാവും. സുഹൃത്തുക്കള്‍ വെറുക്കും. ഇഷ്ടജനങ്ങള്‍ കൈയൊഴിയും. എല്ലാറ്റിനും പരിഹാരം കോപത്തില്‍ നിന്ന് മുക്തി നേടുകയാണ്. അതിന് ചില മാര്‍ഗങ്ങള്‍ ഞാന്‍ ആ യുവാവിന് നിര്‍ദേശിച്ചുകൊടുത്തു.

''പാപമോചനം (ഇസ്തിഗ്ഫാര്‍) തേടിക്കൊണ്ടിരിക്കുക, മൗനം അവലംബിക്കുക, ദേഷ്യം നിയന്ത്രിക്കുക, രാത്രി നമസ്‌കാരം നിര്‍വഹിക്കുക തുടങ്ങിയ ആത്മീയ വഴികള്‍ തേടാം ആദ്യം. ഈ സ്വഭാവം മാറിക്കിട്ടാന്‍ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ സഹായം കൂടിയേ തീരൂ. ദേഷ്യം വരുമ്പോള്‍ 'അഊദുബില്ലാഹിമിനശ്ശൈത്വാനിര്‍റജീം' എന്ന് ഉരുവിടുക. വുദൂ എടുക്കുക. കോപം തീയാണ്. വെള്ളം തീയണയ്ക്കുമെന്നറിയാമല്ലോ. മുഖം കഴുകുക, സ്ഥലം മാറി ഇരിക്കുക, നില്‍ക്കുമ്പോഴാണ് ദേഷ്യം വരുന്നതെങ്കില്‍ ഇരിക്കുക, ഇരിക്കുമ്പോഴാണ് ദേഷ്യം വരുന്നതെങ്കില്‍ നില്‍ക്കുക, ഖുര്‍ആന്‍ കേള്‍ക്കുക, രണ്ട് റക്അത്ത് നമസ്‌കരിക്കുക, ദേഷ്യവേളയിലെ മാനസികാവസ്ഥയും സ്വഭാവത്തിലെ മാറ്റങ്ങളും മുഖത്തെ ചേഷ്ടകളും ഒരു കടലാസില്‍ രേഖപ്പെടുത്തുക, ഹൃദയത്തില്‍ കൈവെച്ചുകൊണ്ട് പ്രാര്‍ഥിക്കുക: 'അല്ലാഹുവേ, എന്റെറ ദേഷ്യം നീ മാറ്റിത്തരേണമേ!' ഒന്നു മുതല്‍ പത്തുവരെ എണ്ണുക, ഭക്ഷണ രീതിയില്‍ മാറ്റം വരുത്തുക; കാരണം ചില ഭക്ഷണ പദാര്‍ഥങ്ങള്‍ കോപത്തെ ഉദ്ദീപിപ്പിക്കുന്നതായുണ്ട്. തണുത്ത വെള്ളം മുഖത്ത് തളിക്കുക. ദേഷ്യപ്രകൃതിയുള്ള കൂട്ടുകാരെ കൈയൊഴിക്കുക, 'ദേഷ്യമെന്ന വികാരത്തോട് വിടചൊല്ലി ഞാന്‍ ഇനി ശാന്ത പ്രകൃതി കൈവരിക്കും. എന്തുവന്നാലും എനിക്കിനി കോപം വരില്ല' എന്ന വാചകം ഒരു ദിവസം പത്ത് വട്ടമെങ്കിലും ഉറക്കുമുണര്‍ന്നാലുടന്‍ ആവര്‍ത്തിച്ച് ഉരുവിടുക. കോപം മാറ്റിത്തരാനുള്ള പ്രാര്‍ഥന കൈവിടാതിരിക്കുക.''

കോപം പാരമ്പര്യമായി കിട്ടുന്നതാണെന്ന അബദ്ധ ധാരണയുണ്ട്. ക്ഷമയും ദേഷ്യത്തില്‍ നിന്നുള്ള മോചനവുമെല്ലാം ഉണ്ടാക്കിയെടുക്കേണ്ട ശീലങ്ങളാണ്. ഓരോ വ്യക്തിയും മനസ്സറിഞ്ഞ് പരിശീലിച്ച് സ്വായത്തമാക്കേണ്ടതാണവ. രോഗിയായ സ്ത്രീക്ക് സഹനമവലംബിക്കാന്‍ നബി(സ) നല്‍കിയ നിര്‍ദേശം ഓര്‍മയുണ്ടോ? അത്വാഉബ്‌നു അബീറബാഹ് പറഞ്ഞു. ഇബ്‌നു അബ്ബാസ്(റ) എന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുകയാണ്. ''സ്വര്‍ഗവാസിയായ ഒരു സ്ത്രീയെ ഞാന്‍ നിനക്ക് കാട്ടിത്തരട്ടെയോ?''

'കാണിച്ചുതന്നാലും''- ഞാന്‍.

''ആ നില്‍ക്കുന്ന സ്ത്രീയുണ്ടല്ലോ, അവര്‍ ഒരിക്കല്‍ നബിയോട് സങ്കടം പറഞ്ഞു: ''എനിക്ക് അപസ്മാരമുണ്ടാവാറുണ്ട്. അപസ്മാരമിളകി വീണാന്‍ എന്റെ വസ്ത്രം സ്ഥാനം തെറ്റി ഗോപ്യമായ ഇടങ്ങള്‍ വെളിപ്പെട്ടുപോകുന്നു. അങ്ങ് എനിക്ക് വേണ്ടി പ്രാര്‍ഥിച്ചാലും.''

''നിനക്ക് വേണമെങ്കില്‍ ക്ഷമിച്ചു ജീവിക്കാം. സ്വര്‍ഗം പ്രതിഫലമായി കിട്ടും. നിനക്ക് സുഖപ്പെടാന്‍ ഞാന്‍ പ്രാര്‍ഥിക്കാം.''

''ഞാന്‍ ക്ഷമ അവലംബിച്ച് ജീവച്ചുകൊള്ളാം. പക്ഷേ, എന്റെ നഗ്നത വെളിപ്പെടാതിരിക്കാന്‍ അങ്ങ് പ്രാര്‍ഥിക്കണം..'' അവര്‍ ക്ഷമയുടെ മാര്‍ഗം തെരഞ്ഞെടുത്തു. തന്റെ മനസ്സിനെ അവര്‍ മെരുക്കിയെടുക്കുകയായിരുന്നു.

ആത്മനിയന്ത്രണവും ക്ഷമയും അല്ലാഹു കനിഞ്ഞു നല്‍കുന്ന സ്വഭാവ ഗുണങ്ങളാണ്. സംയമനശീലം നിരന്തര പരിശീലനത്തിലൂടെ ആര്‍ജിച്ചെടുക്കാം. ഇഛാശക്തിയാണ് അതിനാവശ്യം. മഹാനായ താബിഈ ശുറൈഹിനെ ഉദ്ധരിച്ച് ഇബ്‌നു അബിദ്ദുന്‍യാ പറയുന്നു: ''എനിക്ക് ഒരു വിപത്ത് പിണഞ്ഞാല്‍ നാലു വട്ടം ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുകയും അവന് നന്ദി രേഖപ്പെടുത്തുകയും ചെയ്യും. ഇപ്പോള്‍ വന്നുപെട്ട വിപത്തിനേക്കാള്‍ ഗുരുതരമായില്ലല്ലോ അത്, ഈ വിപത്ത് നേരിടാനുള്ള ക്ഷമയും സഹനവും അല്ലാഹു നല്‍കിയല്ലോ. അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കാന്‍ ഇത് ഇടയാക്കുമല്ലോ. ഈ വിപത്ത് എന്റെ ദീനിനെ ബാധിക്കുന്നതായില്ലല്ലോ. ഇതൊക്കെ ആലോചിക്കുമ്പോള്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുകയും അവന് നന്ദി പ്രകടിപ്പിക്കുകയും ചെയ്യും.''

എല്ലാ ദേഷ്യവും ആക്ഷേപിക്കപ്പെടേണ്ടതല്ല. ചീത്തയുമല്ല. ദേഷ്യം ഒരു പ്രതികരണമാണ്. മനസ്സിന്റെയും ശരീരത്തിന്റെയും പ്രതികരണം. ശരിയായ കാരണങ്ങള്‍ക്കാണെങ്കില്‍ അതില്‍ ഗുണകരമായ വശങ്ങളുണ്ട്. ദൈവിക നിര്‍ദേശങ്ങള്‍ പാലിക്കാതെ കുടുംബം ജീവിക്കുകയാണെങ്കില്‍ കുടുംബനാഥന് ദേഷ്യം വരും; വിശ്വാസിയാണെങ്കില്‍ തീര്‍ച്ചയായും ദേഷ്യപ്പെട്ടുപോവും. എന്തിനും ഏതിനും ദേഷ്യം പിടിക്കുകയും കോപത്തോടെ പെരുമാറുകയും ചെയ്യുന്ന വ്യക്തികളെ കുറിച്ചാണ് നാം പറയുന്നത്.

ഞാന്‍ പറഞ്ഞതെല്ലാം സശ്രദ്ധം കേട്ട ആ യുവാവിന്, എനിക്കുണ്ടായ ഒരനുഭവം ഞാന്‍ വിവരിച്ചു കൊടുത്തു. ''നിങ്ങളെ പോലെത്തന്നെ എന്നെ സമീപിച്ചതായിരുന്നു അദ്ദേഹവും. ഓരോ ദിവസവും എത്ര വട്ടം ദേഷ്യം പിടിക്കുന്നുവെന്ന് ഒരു കടലാസില്‍ കുറിച്ചിടാന്‍ ഞാന്‍ അയാളോട് പറഞ്ഞു. ഓരോ ആഴ്ചയും ഇരുപത് ശതമാനം കണ്ട് ദേഷ്യ സന്ദര്‍ഭങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ ഞാന്‍ നിര്‍ദേശിച്ചു. രണ്ടു മാസം പിന്നിട്ടപ്പോള്‍ തന്റെ ദേഷ്യ സ്വഭാവത്തില്‍ നിന്ന് കരകയറാന്‍ അയാള്‍ക്ക് കഴിഞ്ഞു. ഇപ്പോള്‍ അയാള്‍ സന്തുഷ്ടനാണ്. എല്ലാവരോടും മയത്തിലും സൗമ്യമായും പെരുമാറാന്‍ കഴിയുന്നു. ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കുന്നു. 'മല്‍പിടുത്തത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപാവസരങ്ങളില്‍ മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തുന്നവനാണ് ശക്തന്‍' എന്ന് നബി(സ) പറഞ്ഞത് എപ്പോഴും ഓര്‍ക്കുക.'' പുഞ്ചിരിച്ച് അയാള്‍ എന്റെ മുറിവിട്ടിറങ്ങിയപ്പോള്‍ ഓര്‍ത്തത്, തന്റെ ഒരു അനുചരനെ പ്രകീര്‍ത്തിച്ച് നബി(സ) പറഞ്ഞ വാക്കുകളാണ്. 'നിന്നില്‍ രണ്ട് സ്വഭാവങ്ങളുണ്ട്. അവ രണ്ടും അല്ലാഹുവിനും അവന്റെ ദൂതനും ഏറെ പ്രിയപ്പെട്ടതാണ്. വിവേകവും അവധാനതയും.' ഇവ നഷ്ടപ്പെടുമ്പോഴാണല്ലോ മനുഷ്യന്‍ കോപാഗ്നിയില്‍ തന്നെയും മറ്റുള്ളവരെയും എരിച്ചുകളയുന്നത്. 

വിവ: പി.കെ ജമാല്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 78-82
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം