ഇന്ത്യന്‍ മുസ്‌ലിംകള്‍ പ്രഫുല്ലമായ പൈതൃകം
മഗ്‌രിബ് ബാങ്കിന്റെ നേര്‍ത്ത ശബ്ദം അന്ന് ഞങ്ങളുടെ കാതുകളില്‍ വന്നെത്തിയത് ബംഗ്ലാദേശിലെ പള്ളികളില്‍ നിന്നായിരുന്നു. ഒന്നിലേറെ ബാങ്കുകള്‍ പല ഈണത്തിലും താളത്തിലും എന്നാല്‍, ഒരേ ദൈന്യതയിലും ഉച്ചഭാഷിണികളിലൂടെ പുറത്തുവന്നുകൊണ്ടിരുന്നു. ക്രി. 630-ല്‍, മക്കാ വിജയവേളയില്‍ കഅ്ബാലയത്തിന്റെ മുകളില്‍ കയറിനിന്ന് ഹസ്രത്ത് ബിലാല്‍ മുഴക്കിയ ബാങ്കൊലിയുടെ സ്വരമാധുരിയോ ശക്തിചൈതന്യമോ ആ ബംഗ്ലാദേശീ ബാങ്കുകള്‍ക്ക് ഇല്ലായിരുന്നു. എങ്കിലും ആ നേര്‍ത്ത ശബ്ദങ്ങള്‍ക്കകത്തെവിടെയോ ഒരു ചൈതന്യം കുടികൊള്ളുന്നതായി തോന്നി. കെട്ടുപോകാത്ത ഒരു ജീവന്‍ ഉള്ളിലെവിടെയോ തുടിക്കുന്നപോലെ. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം സമൂഹത്തിന്റെ എല്ലാ ദൗര്‍ബല്യങ്ങള്‍ക്കു ശേഷവും ബാക്കിയാവുന്ന ഒരു ആത്മീയ ചൈതന്യം!
പശ്ചിമ ബംഗാളിലെ മാല്‍ദ ജില്ലയില്‍, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ മൊഹ്ദിപൂരിലെ കൂറ്റന്‍ മതിലിനു മുകളില്‍ കയറി നില്‍ക്കുകയായിരുന്നു ഞങ്ങളപ്പോള്‍. പശ്ചിമ ബംഗാളിലെ എന്റെ സുഹൃത്തും വിഷന്‍ 2016-ന്റെ കോ-ഓഡിനേറ്ററുമായ മുഹമ്മദ് മസ്ഊദ് ആലം, ജമാഅത്തെ ഇസ്‌ലാമി സോഷ്യല്‍ സര്‍വീസ് വിംഗിന്റെ പശ്ചിമ ബംഗാള്‍ സ്റ്റേറ്റ് സെക്രട്ടറി മഹ്ബൂബ് അലി സാഹിബ്, പിന്നെ സമര്‍ഥനും രസികനുമായ ഞങ്ങളുടെ ഡ്രൈവര്‍ അബ്ദുസ്സത്താര്‍ ഭായ്. കൊല്‍ക്കത്ത ടൗണില്‍ നിന്ന് 14 കി. മീറ്റര്‍ അകലെയുള്ള സത്‌റാ ഗച്ചി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച ഞങ്ങളുടെ യാത്ര ഒരാഴ്ചയിലേറെ പിന്നിട്ടാണ് അതിര്‍ത്തി ജില്ലയായ മാല്‍ദയിലെത്തിയത്. അതിര്‍ത്തിയിലെ വലിയ മതില്‍ക്കെട്ടിന് മുകളില്‍ കയറിനിന്ന് ബംഗ്ലാദേശ് കാണാനുള്ള ആഗ്രഹത്തോട് ആ സന്ധ്യാസമയത്ത് ബി.എസ്.എഫ് ജവാന്‍ അല്‍പം നീരസം പ്രകടിപ്പിച്ചു. കേരളത്തില്‍ നിന്ന് വന്ന പത്രപ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോഴാണ്, ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച് മതിലിനുമുകളില്‍ കയറാന്‍ അനുമതി തന്നത്.
ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ആ കൂറ്റന്‍ മതില്‍ ഒരു മുറിപ്പാടാണ്. ഒരു രാജ്യത്തെ വെട്ടിമുറിച്ചതിന്റെ, ഒരു ജനതയുടെ നെഞ്ച് പിളര്‍ത്തിയതിന്റെ ഓര്‍മക്കുറി. അതിനു മുകളില്‍ നിന്ന് ബംഗ്ലാദേശിലേക്ക് നോക്കുമ്പോള്‍ അല്‍പമകലെ പള്ളി മിനാരങ്ങളും അവ്യക്തമായി ചെറിയ അങ്ങാടിയും കാണാം. തിരിഞ്ഞുനിന്ന് ഇന്ത്യയിലേക്ക് നോക്കിയപ്പോള്‍ തൊട്ടടുത്ത് നൂറുകണക്കിന് ചരക്ക് ലോറികള്‍ ബംഗ്ലാദേശിലേക്കുള്ള പ്രവേശനാനുമതിയും കാത്തുകിടക്കുന്നു. പല ഭാഗങ്ങളില്‍നിന്ന് കയറ്റുമതി സാധനങ്ങളുമായി വന്ന ആ ലോറികള്‍ക്കു മുമ്പില്‍, അടുത്ത ദിവസം രാവിലെ മാത്രമേ കൂറ്റന്‍ ഇരുമ്പുകവാടങ്ങള്‍ തുറക്കപ്പെടുകയുള്ളൂ. അറുപത്തിയേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് മുറിച്ചുമാറ്റപ്പെട്ട ഒരു ജനതയെ കൂട്ടിയിണക്കുന്ന അപൂര്‍വം കണ്ണികളില്‍ ഒന്നാണ് ഈ ചരക്കു ഗതാഗതം.
മൊഹ്ദിപൂര്‍ ഗ്രാമത്തിനുമപ്പുറം പശ്ചിമ ബംഗാളിലെ ഗ്രാമ പാതകളിലും നഗരപ്രാന്തങ്ങളിലും നടത്തിയ യാത്രയിലെ കാഴ്ചകള്‍ മനസ്സില്‍ തെളിഞ്ഞുവന്നു. പശ്ചിമ ബംഗാളിനെക്കുറിച്ച ഏതു വിവരണത്തിലും നിറഞ്ഞു നില്‍ക്കുന്ന ദൈന്യദൃശ്യങ്ങള്‍ മാത്രമായിരുന്നില്ല ആ യാത്രയില്‍ മനസ്സിലുടക്കിയത്. അതിസമ്പന്നമായിരുന്ന ബംഗാളിലെ മുസ്‌ലിം പൈതൃകത്തിന്റെ പ്രൗഢോജ്വല ശേഷിപ്പുകള്‍ നഷ്ടപ്രതാപത്തിന്റെ കൃത്യമായ സൂചകങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്നു. ഇന്ത്യയുടെ സംസ്‌കാരത്തെ, നാഗരികതയെ, സാമ്പത്തിക മേഖലയെ മുസ്‌ലിം സമൂഹം ലോകോത്തരമാക്കി വളര്‍ത്തിയതിന്റെ തെളിവായി ഒട്ടേറെ ചരിത്ര സ്മാരകങ്ങള്‍ പശ്ചിമബംഗാളിന്റെ നഗരപ്രാന്തങ്ങളില്‍ അനാഥമായിക്കിടക്കുന്നത് വേദനയോടെയല്ലാതെ കണ്ടുനില്‍ക്കാനാവില്ല. മുര്‍ഷിദാബാദിലെ ബീഡിതെറുപ്പുകാരുടെയും കൊല്‍ക്കത്തയിലെ റിക്ഷാവാലകളുടെയും മറ്റും കരള്‍ പിളര്‍ക്കും കാഴ്ചകള്‍ സൃഷ്ടിക്കുന്ന നോവിന് തീവ്രത വര്‍ധിക്കുന്നത് കൊട്ടാരങ്ങളും കോട്ടകളും പള്ളികളും ഉള്‍പ്പെടുന്ന മുസ്‌ലിം ചരിത്ര സ്മാരകങ്ങള്‍ കാണുമ്പോഴാണ്. നൂറ്റാണ്ടുകള്‍ മുസ്‌ലിംകള്‍ ഭരിച്ച പ്രദേശമായിരുന്നല്ലോ ബംഗാള്‍. കൊല്‍ക്കത്ത, മുര്‍ശിദാബാദ്, മാല്‍ദ, ഗൗര്‍ തുടങ്ങിയ പശ്ചിമബംഗാളിലെ പല പ്രദേശങ്ങളിലും നമ്മെ വിസ്മയിപ്പിക്കുന്ന പ്രൗഢഗംഭീരമായ ചരിത്ര സ്മാരകങ്ങളുണ്ട്. ഹസറുദ്ദുആരി കൊട്ടാരം (Hazarduari palace), അദീന മസ്ജിദ്, ഗ്രാന്റ് ട്രങ്ക് റോഡ്, ടിപ്പുസുല്‍ത്താന്‍ മസ്ജിദ്, ഫിറോസ് മിനാര്‍, ബൊറദ്ദുആരി മസ്ജിദ്, ദാഖില്‍ ദര്‍വാസ, ചിക്ക മസ്ജിദ്, ബാറ ദര്‍വാസ, ഖദം റസൂല്‍ മസ്ജിദ്, ലഖോചുരി ദര്‍വാസ, ശഹീദ് സോന മസ്ജിദ് തുടങ്ങിയവ ബംഗാള്‍ മുസ്‌ലിംകള്‍ ഇന്നലെകളില്‍ എത്ര പ്രൗഢിയിലും പ്രതാപത്തിലുമാണ് ജീവിച്ചിരുന്നത് എന്നതിന്റെ സാക്ഷ്യങ്ങളാണ്. പ്രഫുല്ലമായ ആ മഹദ് പൈതൃകത്തിന്റെ പിന്‍മുറക്കാരാണിന്ന് ചേരികള്‍ 'സമ്പന്ന'മാക്കി വിഴുപ്പു ഭാണ്ഡങ്ങള്‍ പേറി അലഞ്ഞുതിരിയുന്നത്.
പശ്ചിമബംഗാളിനു ശേഷം ബിഹാര്‍, അസം, ഉത്തര്‍പ്രദേശ്, ദല്‍ഹി സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയും സമാനമായ അനുഭവങ്ങളാണ് തന്നത്. പറ്റ്‌ന, ഗയ, ഓള്‍ഡ് ദല്‍ഹി, ലഖ്‌നൗ, അഅ്‌സംഗഢ്, ഹൈദരാബാദ്, ഫൈസാബാദ്, ഔറംഗാബാദ്, അഹ്മദാബാദ്, റയ്ചൂര്‍, മൈസൂര്‍, മുസഫര്‍പൂര്‍, കശ്മീര്‍... ഇന്ത്യയിലെ ചരിത്ര പ്രധാനമായ ഇത്തരം മഹാ നഗരങ്ങളും ചെറു പട്ടണങ്ങളും മുസ്‌ലിം സമൂഹത്തിന്റെ ഭൂതകാല ഗരിമയും വര്‍ത്തമാനകാല പരാധീനതകളും ഒരേസമയം വിളിച്ചോതുന്നു. ഖുത്ബ്മിനാര്‍, ചെങ്കോട്ട, പുരാനഖില, ഖലാഇ കുഞ്ച് മസ്ജിദ്, ബഹദുര്‍ഷാഹി ഗെയ്റ്റ്, റെഡ്‌ഫോര്‍ട്ട്, ചാന്ദ്‌നിചൗക്ക്, ദല്‍ഹി ജുമാ മസ്ജിദ്, ഫതേഹ്പൂര്‍ മസ്ജിദ്, തുഗ്ലക്കാബാദ് ഫോര്‍ട്ട്, ലോധിഗാര്‍ഡന്‍, ശേഷ്ഗുമ്പത്, ദൗലാത്താബാദ്, പന്‍ചാക്കി (Panchakki-water mill), ഔറംഗാബാദ് ഗേറ്റുകള്‍, നൗഖന്ദ പാലസ്, ഹിമായത് ബാഗ്, ഖിലായെ അര്‍ക്, കാലി മസ്ജിദ്, ശാഹ് ഗഞ്ച് മസ്ജിദ്, ചൗക്ക് മസ്ജിദ്, സുനഹ്‌രി മഹല്‍, ആലംഗീര്‍ മസ്ജിദ്, മക്കാ ഗേറ്റ്, ഔറംഗസേബിന്റെ കൊട്ടാരം, മോത്തിമഹല്‍, ശഹീദ് അഷ്ഫാഖുല്ലാ ഖാന്‍ മെമ്മോറിയല്‍, ബഡാ ഇമാം ബാഡ (ഭുല്‍ഭുലയ്യ), ഷാഹി ബവ്‌ലി, ആസിഫ് മസ്ജിദ്, റൂമി ദര്‍വാസ, ലഖ്‌നൗ ക്ലോക് ടവര്‍, സദ്ഖന്ദ, ഛോട്ടാ ഇമാം ബാഡ, മസ്ജിദ് മലിക ജഹാന്‍, ആലംബാഗ്, അഹ്മദാബാദ് ജുമാ മസ്ജിദ്, ബ്രിക്മിനാര്‍, ഖുത്വ്ബ് ഷാഹ് മോസ്‌ക്, ചാര്‍മിനാര്‍, ഗോല്‍കൊണ്ട ഫോര്‍ട്ട്, ഹൈദര്‍ഷാഹ് കോട്ട്, കക്തിയ നഗര്‍, റയ്ചൂര്‍ ഫോര്‍ട്ട്, എക്മിനാര്‍ മസ്ജിദ്, സര്‍ഖെജ റോസ തുടങ്ങി കാലം മായ്ക്കാത്ത എത്രയെത്ര മുദ്രകള്‍! ഇവയെല്ലാം ഒരുപോലെ ഇസ്‌ലാമിക പൈതൃക സ്തംഭങ്ങളാകണമെന്നില്ലെങ്കിലും ഇന്ത്യയിലെ മുസ്‌ലിം പാരമ്പര്യത്തിന്റെ സ്മാരകങ്ങളാണ്. റസാ ലൈബ്രറി റാംപൂര്‍, ഖുദാ ബക്ഷ് ലൈബ്രറി പറ്റ്‌ന, മക്തബ ആസിഫിയ ഹൈദരാബാദ്, ദല്‍ഹി നാഷ്‌നല്‍ ലൈബ്രറിയിലെ ഉര്‍ദു പുസ്തകങ്ങളുടെ മഹാ ശേഖരം, മൗലാനാ ആസാദ് ലൈബ്രറി അലീഗഢ് തുടങ്ങിയവയും, ഉര്‍ദുഭാഷയും ഗസല്‍-ഹിന്ദുസ്ഥാനി സംഗീതവുമെല്ലാം വൈജ്ഞാനിക കലാ സാഹിത്യ മണ്ഡലങ്ങളിലെ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന നക്ഷത്രശോഭയെയാണ് അടയാളപ്പെടുത്തുന്നത്. അന്ധവിശ്വാസ കേന്ദ്രങ്ങളായ ദര്‍ഗകളില്‍ വഴിതെറ്റിയ അനുയായികള്‍ കുടിയിരുത്തിയെങ്കിലും സാത്വിക പ്രബോധകരായിരുന്ന സ്വൂഫീവര്യന്മാര്‍ പകര്‍ന്ന ആത്മീയ ചൈതന്യത്തിന്റെ അനുഭൂതിയും ഈ മണ്ണില്‍ ബാക്കിയുണ്ട്.
വാനോളം ഉയരത്തില്‍ ജ്വലിച്ചു നിന്ന ജനതയായിരുന്നു ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിംകള്‍. രാജ്യത്തിന്റെ ആത്മീയ മണ്ഡലത്തെ, സംസ്‌കാരം, നാഗരികത, സാമൂഹിക ജീവിതം, സാമ്പത്തികാവസ്ഥ, രാഷ്ട്രീയ ക്രമം തുടങ്ങിയ നാനാ മേഖലകളെയും ഉത്തരോത്തരം വളര്‍ത്തിയതില്‍ മുസ്‌ലിം സമൂഹത്തിന്റെ ഭാഗധേയമറിയാന്‍ നാം ഏറെയൊന്നും പണിപ്പെടേണ്ടതില്ല, ഇന്ത്യന്‍ നഗരങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാല്‍ മാത്രം മതി. ഇന്ത്യയിലെ പൈതൃക നഗരികളും ചരിത്ര സ്മാരകങ്ങളും ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും ഇവിടെ ഉണ്ടായിരുന്ന അഭിമാനകരമായ ഭൂതകാലത്തെ കുറിച്ച മിഴിവുറ്റ ചിത്രങ്ങള്‍ നല്‍കുന്നുണ്ട്.
ദക്ഷിണേന്ത്യയില്‍ സൗഹൃദ മനസ്‌കരായ കച്ചവടക്കാരിലൂടെയും ഉത്തരേന്ത്യയില്‍ സാത്വികരായ സ്വൂഫിവര്യന്മാരിലൂടെയുമാണ് ഇസ്‌ലാം പ്രചരിച്ചത്. ഇന്ത്യയില്‍ നിന്ന് സുഗന്ധദ്രവ്യങ്ങളും അമൂല്യമായ പ്രകൃതി വിഭവങ്ങളും വാങ്ങിക്കൊണ്ടുപോയ അറബികള്‍ അതിനേക്കാള്‍ സുഗന്ധമുള്ള ഒരാദര്‍ശം, അമൂല്യമായ ദൈവിക ദര്‍ശനം ഇവിടത്തുക്കാര്‍ക്ക് തിരിച്ചുകൊടുത്തു. ഇസ്‌ലാമിന്റെ സുഗന്ധം ഇന്ത്യന്‍ ജനതയില്‍ നേരിന്റെ പരിമളം പരത്തി. ഇസ്‌ലാമിന്റെ ആത്മീയ ചൈതന്യം ഇവിടത്തെ ഭക്തി മാര്‍ഗങ്ങള്‍ക്ക് പുതുവെളിച്ചം പകര്‍ന്നു. ഏകദൈവവിശ്വാസം ഇന്ത്യന്‍ ജനതയില്‍ ഏകമാനവികതയുടെ സന്ദേശം പ്രസാരണം ചെയ്തു. മനുഷ്യ സമത്വം, സാഹോദര്യം, സമാധാനം, നീതി തുടങ്ങിയ മഹിത മൂല്യങ്ങള്‍ ജനം അനുഭവിച്ചറിഞ്ഞു. ജാതീയതയുടെ മതില്‍ കെട്ടുകളാല്‍ തരംതിരിച്ച് അകറ്റി നിര്‍ത്തിയ ജനത സ്വൂഫിവര്യന്മാരുടെ ആലിംഗനത്തില്‍ അലിഞ്ഞുചേര്‍ന്നു. സ്വാമി വിവേകാനന്ദനും സര്‍ദാര്‍ കെ.എം പണിക്കരും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും മറ്റും ആ ചരിത്ര വസ്തുതകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമിന്റെ ഏകദൈവ സിദ്ധാന്തം ഇന്ത്യന്‍ മതത്തിലും ജനതയിലും ആഴത്തില്‍ സ്വാധീനം ചെലുത്തിയതായി കെ.എം പണിക്കര്‍ സൂചിപ്പിച്ചതു കാണാം (A Survey of Indian Histroy, page 132). വിവേകാനന്ദന്റെ പ്രസംഗങ്ങളില്‍ പലയിടത്തും ഇസ്‌ലാമിലെ സമത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്: ''സമത്വത്തിന്റെ ദൂതനാണ് മുഹമ്മദ്. മുഹമ്മദീയരില്‍ സമ്പൂര്‍ണമായ സമത്വവും സാഹോദര്യവും വേണമെന്ന് മുഹമ്മദ് ജീവിതത്തില്‍ കാണിച്ചു. അവിടെ വര്‍ഗത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ വര്‍ണത്തിന്റെയോ പ്രശ്‌നമുണ്ടായിരുന്നില്ല'' എന്നും (ക്രിസ്റ്റഫര്‍ ഇഷര്‍വുഡ്, ടീച്ചിംഗ് ഓഫ് വിവേകാനന്ദ), ''ഇസ്‌ലാം അതിന്റെ അനുയായികളെ തുല്യരായി കാണുന്നു. പ്രായോഗികമായി തന്നെ ആ മതം അനുയായികളെ സഹോദരന്മാരായി കാണുന്നു. ഇതാണ് മുഹമ്മദന്‍ മതത്തിന്റെ മുഖ്യ ഭാഗം തന്നെ'' എന്നും (Complete Works of Vivekanandha , Vol 2)) സ്വാമി പറഞ്ഞിട്ടുണ്ട്.
ഇസ്‌ലാമിന്റെ ഈ മൗലിക അധ്യാപനം മുസ്‌ലിംകള്‍ ഇന്ത്യയില്‍ മനോഹരമായി പ്രയോഗവത്കരിച്ചു. ഇസ്‌ലാമിന്റെ ആഗമനത്തിന് ഇന്ത്യാ ചരിത്രത്തില്‍ വലിയ സ്വാധീനമുണ്ടായി. മുസ്‌ലിംകള്‍ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്തിരുന്ന സമത്വ-സാഹോദര്യ സിദ്ധാന്തം ഹിന്ദുക്കളുടെ ഹൃദയത്തില്‍ ശക്തമായ പ്രതികരണം സൃഷ്ടിച്ചു എന്ന് നെഹ്‌റു രേഖപ്പെടുത്തിയിട്ടുണ്ട് (Discovery of India, p. 335, 336).
മുസ്‌ലിംകളുടെ ആശയങ്ങള്‍ മാത്രമല്ല, അധികാരവും ഇന്ത്യന്‍ ജനതയുടെ വിമോചനപരമായ പരിവര്‍ത്തനങ്ങളെ ഏറെ സ്വാധീനിക്കുകയുണ്ടായി. കച്ചവടക്കാര്‍ക്കും സ്വൂഫികള്‍ക്കും പുറമെ വിജിഗീഷുകളായ ഭരണാധികാരികളും ഈ രാജ്യത്തെ വലിയ തോതില്‍ പുരോഗതിയിലേക്ക് നയിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സൂചിപ്പിച്ചപോലെ ജാതിവൈകൃതങ്ങള്‍ക്കെതിരിലും സ്ത്രീവിരുദ്ധമായ അത്യാചാരങ്ങള്‍ക്കെതിരിലും മുസ്‌ലിം ഭരണാധികാരികള്‍ പ്രായോഗിക നടപടികള്‍ കൈക്കൊണ്ടു. സതിയില്‍ നിന്നുള്ള മോചനവും മാറു മറക്കാനുള്ള സ്വാതന്ത്ര്യവും ഉദാഹരണം. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ദീര്‍ഘനാള്‍ ഇന്ത്യയില്‍ താമസിച്ചിരുന്ന ഫ്രഞ്ച് ഫിസിഷ്യന്‍ ഫ്രാന്‍സിസ് ബര്‍ണീറിന്റെ അനുഭവ വിവരണം ഇതിന് മതിയായ സാക്ഷ്യമാണ്: ''സതി എന്ന കാടന്‍ ആചാരം അവസാനിപ്പിക്കുന്നതിന് ഈ രാജ്യം ഭരിച്ച മുസ്‌ലിംകള്‍ അങ്ങേയറ്റം പരിശ്രമിക്കുകയുണ്ടായി. എന്നാല്‍, സതി തടയാന്‍ അവര്‍ നിയമങ്ങള്‍ നിര്‍മിച്ചിരുന്നില്ല. കാരണം, ഹിന്ദുക്കളുടെ മതകാര്യങ്ങളില്‍ ഇടപെടുക അവരുടെ ഭരണരീതിയായിരുന്നില്ല. മതപരമായ ആചാരങ്ങളും കടമകളും നിലനിര്‍ത്താന്‍ അവര്‍ ഹിന്ദുക്കള്‍ക്ക് അനുമതി നല്‍കി. തന്ത്രപരമായാണ് അവര്‍ സതി നിര്‍ത്തലാക്കാന്‍ ശ്രമിച്ചത്.സംസ്ഥാന ഭരണാധികാരികളുടെ അനുവാദത്തോടെ മാത്രമേ സതി നടത്താന്‍ പാടുണ്ടായിരുന്നുള്ളൂ. ഭരണാധികാരിയാകട്ടെ, ഒരു നിലക്കും അവര്‍ തീരുമാനം മാറ്റില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ അനുവാദം നല്‍കുകയുള്ളൂ. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പിന്തിരിപ്പിക്കാന്‍ ശ്രമിക്കും.ഈ ശ്രമങ്ങളെല്ലാം പരാജയപ്പെടുമ്പോള്‍ അവളെ കുടുംബത്തിലേക്ക് കുലീന സ്ത്രീകള്‍ക്കൊപ്പം കഴിയാന്‍ വിടും. അവര്‍ അവളെ പ്രീണിപ്പിച്ച് തീരുമാനം മാറ്റിക്കാന്‍ ശ്രമിക്കും. ഇതെല്ലാം ഉണ്ടായിട്ടും സതി സംഭവിച്ചിരുന്നു. വിശേഷിച്ചും മുസ്‌ലിംകളുടെ ഭരണമില്ലാത്ത പ്രഭുക്കന്മാര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍'' (Travels in the Mogul Empire, Vol. 2, Page 172).
അനേകം നാട്ടുരാജ്യങ്ങളായി വിഘടിച്ചും തമ്മിലടിച്ചും കഴിഞ്ഞുപോന്ന ഈ ഭൂപ്രദേശത്തെ ഒരു രാജ്യമെന്ന സങ്കല്‍പം നല്‍കി ഏകീകരിക്കുന്നതില്‍ മുസ്‌ലിം ഭരണാധികാരികള്‍ മുഖ്യ പങ്കുവഹിച്ചു. ഈ രാജ്യത്തിന് മെച്ചപ്പെട്ട ഒരു സംസ്‌കാരവും നാഗരികതയും നല്‍കി മുസ്‌ലിംകള്‍ മുന്നില്‍ നടന്നു. അബുല്‍ ഹസന്‍ അലി നദ്‌വി സൂചിപ്പിച്ച പോലെ, 'അറബികള്‍ വരുമ്പോള്‍ ഇവിടെ പുരാതനമായൊരു സംസ്‌കാരമുണ്ടായിരുന്നു. ഇവിടത്തേതായ തത്ത്വചിന്തയും ഗണിതശാസ്ത്രവുമുണ്ടായിരുന്നു. പക്ഷേ, ബാഹ്യലോകവുമായി ഇവിടത്തുകാര്‍ക്ക് ഒരു ബന്ധവുമുണ്ടായിരുന്നില്ല. കൂറ്റന്‍ പര്‍വതങ്ങളും പരന്നുകിടക്കുന്ന സമുദ്രവും ചില വിശ്വാസങ്ങളും പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും തടഞ്ഞു. അതുകൊണ്ട് പുറത്തുനിന്നുള്ള വെളിച്ചം, മറ്റു രാജ്യങ്ങളിലെ സമകാലിക വളര്‍ച്ചകള്‍ ഇന്ത്യക്കാര്‍ക്ക് അന്യമായിരുന്നു' (അല്‍ മുസ്‌ലിമൂന ഫില്‍ ഹിന്ദ്, പേജ് ). മുഗള്‍ ഭരണ സ്ഥാപകന്‍ സഹീറുദ്ദീന്‍ മുഹമ്മദ് ബാബറിന്റെ (1483-1530) ഓര്‍മക്കുറിപ്പുകളായ ബാബര്‍ നാമയില്‍ (Tuzk e Babri) ആ ഇരുണ്ട കാലത്തെക്കുറിച്ച ഏകദേശ ചിത്രം വരഞ്ഞുവെച്ചിട്ടുണ്ട്: ''ഇവിടെ മേത്തരം കുതിരകളില്ല. മുന്തിരിയോ തണ്ണീര്‍ മത്തനോ -വത്തക്ക- ഇല്ല. നല്ല പഴവര്‍ഗങ്ങളില്ല. ഐസ് കാണാന്‍ തന്നെ പ്രയാസം. തണുത്ത വെള്ളം അപൂര്‍വമായേ ലഭിക്കൂ. കുളിപ്പുരകളില്ല. സ്‌കൂള്‍ എന്താണെന്ന് ഇന്ത്യക്കാര്‍ക്ക് അറിഞ്ഞുകൂടാ. മെഴുകുതിരിയും റാന്തലും കുപ്പിവിളക്കും അവര്‍ക്ക് അപരിചിതം. വിളക്കിന് പകരം അവര്‍ ഉപയോഗിക്കുന്നത് മൂന്ന് കാലുള്ള ഒരു മരക്കഷ്ണമാണ്. ഒരു കാലില്‍ ഒരു കമ്പ് ഘടിപ്പിച്ചിരിക്കും. രണ്ടാമത്തെ കാലില്‍ ഒരു തിരിയും. മൂന്നാമത്തേതില്‍ ഒരു ചുരങ്ങയുടെ തോടും. അതിലെ ചെറിയ ദ്വാരത്തിലൂടെ തിരിയിലേക്ക് എണ്ണ കിനിയും. ഈ വിളക്കാണ് രാത്രിയില്‍ രാജാക്കന്മാരും അമീറുമാരും ഉപയോഗിച്ചിരുന്നത്. തോട്ടങ്ങളിലും കെട്ടിടങ്ങളിലും കുത്തിയൊലിക്കുന്ന ഉറവകളോ ഒഴുകുന്ന ജലമോ ഇല്ല. കെട്ടിടങ്ങള്‍ക്ക് വൃത്തിയും ചേര്‍ച്ചയും ഇല്ല. ജനങ്ങളില്‍ അധികപേരും കാല്‍നടയായാണ് സഞ്ചരിക്കുക. പാദങ്ങളില്‍ കീറിയ തുണിക്കഷ്ണങ്ങള്‍ വെച്ചുകെട്ടിയിട്ടുണ്ടാകും. സ്ത്രീകള്‍ തുണിയുടുത്ത് അതിന്റെ തന്നെ ഒരു തലപ്പ് തലയില്‍ ചുറ്റും.''
തുസുകെ ബാബരിയിലെ വരികള്‍ക്ക് അടിവരയിട്ട ജവഹര്‍ലാല്‍ നെഹ്‌റു വടക്കേ ഇന്ത്യയില്‍ മേധാവിത്വം നേടിയിരുന്ന 'നാഗരിക ദാരിദ്ര്യ'ത്തില്‍നിന്ന് മുസ്‌ലിം ഭരണം ഇന്ത്യയെ മോചിപ്പിച്ചതെങ്ങനെയെന്ന് വിശദീകരിച്ചിട്ടുണ്ട് (Discovery of India, Vol. 1 page 51).
ഇന്ത്യ, മുസ്‌ലിം ആഗമനത്തിന് മുമ്പ്/ശേഷം എന്ന് വേര്‍തിരിച്ച് പഠനവിധേയമാക്കിയാല്‍ ഇല്ലായ്മകളില്‍ നിന്ന് ഇന്ത്യാ മഹാരാജ്യത്തെ മുസ്‌ലിംകള്‍ എങ്ങനെയാണ് നിര്‍മിച്ചെടുത്തതെന്ന് മനസ്സിലാക്കാം. പല മേഖലകളിലും നിലനിന്ന അഭിശപ്തമായ ദാരിദ്ര്യത്തില്‍ നിന്ന് ഇവിടത്തെ ജനതയെ ഉണര്‍ത്തി, വളര്‍ത്തി സംസ്‌കാര-നാഗരികതകളുടെ മിഴിവുറ്റ ചിത്രങ്ങള്‍ ഈ മണ്ണില്‍ വരച്ചുവെക്കുകയായിരുന്നു മുസ്‌ലിംകള്‍. ഉത്തരേന്ത്യന്‍ നഗരങ്ങളിലൂടെ ഒരിക്കലൊന്ന് സഞ്ചരിച്ചാലറിയാം, ഇന്ത്യയുടെ അഭിമാനസ്തംഭങ്ങള്‍, ദൃശ്യവിസ്മയം തീര്‍ക്കുന്ന ചരിത്ര സ്മാരകങ്ങള്‍... അവയില്‍ മഹാഭൂരിപക്ഷവും മുസ്‌ലിംകളുടെ സംഭാവനയല്ലേ! സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പട്ടാഭി സീതാ രാമയ്യയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ''മുസ്‌ലിംകള്‍ നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കുകയും നമ്മുടെ ഭരണത്തെ ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ വിദൂര വിഭാഗങ്ങളെ പരസ്പരം അടുപ്പിക്കുകയും ചെയ്തു. സാമൂഹിക ജീവിതത്തിലും സാഹിത്യ മണ്ഡലത്തിലും മുസ്‌ലിംകള്‍ ചെലുത്തിയ സ്വാധീനം ആഴമുള്ളതാണ്'' (ജയ്പൂരിലെ കോണ്‍ഗ്രസ് യോഗത്തില്‍ നടത്തിയ പ്രസംഗം). അതെ, വിശ്വാസം, സാമൂഹിക ജീവിതം, വൈജ്ഞാനിക വികാസം തുടങ്ങിയവയിലെല്ലാം ഇന്ത്യന്‍ ജനതക്ക് വഴികാട്ടികളായി മുന്നില്‍ നടന്നവരാണ് മുസ്‌ലിം സമൂഹം. നെഹ്‌റുവിന്റെ വാക്കുകള്‍ വീണ്ടും പകര്‍ത്തട്ടെ: ''ഇസ്‌ലാമിന്റെയും, വ്യത്യസ്ത ജീവിതശൈലികളും ഉയര്‍ന്ന ചിന്തകളുമുള്ള ജനവിഭാഗങ്ങളുടെയും ഇവിടേക്കുള്ള ആഗമനം ഇന്ത്യയുടെ വിശ്വാസത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അഫ്ഗാനികള്‍ ഇന്ത്യയില്‍ നേടിയ വിജയത്തിന് പല പ്രയോജനങ്ങളും ഉണ്ടായിരുന്നു. ഇന്ത്യന്‍ ജനതയുടെ ജീവിതത്തില്‍ ഒട്ടേറെ പരിവര്‍ത്തനങ്ങളുണ്ടായി. മുഗിളര്‍ വന്നതോടെ പരിവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയും ആഴമുള്ളതാവുകയും ചെയ്തു. കാരണം മുഗിളര്‍ അഫ്ഗാനികളെക്കാള്‍ സംസ്‌കാരമുള്ളവരും പുരോഗതി പ്രാപിച്ചവരുമായിരുന്നു. ഇറാന്റെ സവിശേഷമായ സൗന്ദര്യബോധം അവര്‍ ഇന്ത്യയില്‍ പ്രചരിപ്പിച്ചു'' (Discovery of India, Vol. 1, page 511).
ഏഴെട്ട് നൂറ്റാണ്ട് ഇന്ത്യ ഭരിച്ചവരാണ് മുസ്‌ലിംകള്‍. പോര്‍ച്ചുഗീസ്-ഫ്രഞ്ച്-ബ്രിട്ടീഷ് സാമ്രാജ്യത്വങ്ങളുടെ അധിനിവേശം ഇന്ത്യയെ കൊള്ള ചെയ്ത് മുടിച്ചപ്പോള്‍, മുസ്‌ലിം ഭരണാധികാരികള്‍ നമ്മുടെ രാജ്യത്തെ നിഖിലമേഖലകളെയും അഭിവൃദ്ധിപ്പെടുത്തുകയായിരുന്നു. വിദേശികളായി വന്ന് രാജ്യത്തിന്റെ നെഞ്ച് പിളര്‍ത്തുകയായിരുന്നില്ല, സ്വദേശികളായി മാറി, തദ്ദേശീയരുമായി തോളോട് തോള്‍ ചേര്‍ന്ന് ഈ രാജ്യത്തെ കെട്ടിപ്പടുക്കുകയായിരുന്നു അവര്‍. ഇവിടത്തന്നെ ജനിച്ചുവളര്‍ന്ന, ഈ രാജ്യത്തിന്റെ സന്തതികളായിരുന്നു അവര്‍. 13 മുതല്‍ 19 വരെയുള്ള നൂറ്റാണ്ടുകളില്‍ ഇന്ത്യ ഭരിച്ച ദല്‍ഹി സുത്താനേറ്റ് (1206-1526), മുഗള്‍ എംപയര്‍ (1526-1857), ശര്‍ഖി സുല്‍ത്താനേറ്റ് (1394-1479), ബാഹ്മനി സുല്‍ത്താനേറ്റ് (1347-1527), ദക്കാന്‍ സുല്‍ത്താനേറ്റ് (1572-1688), ലഖ്‌നൗവിലെ നവാബുമാര്‍ (1724-1893), മൈസൂര്‍ സുല്‍ത്താനേറ്റ്, റാംപൂരിലെ നവാബുമാര്‍ (1719-1857), ഹൈദരാബാദിലെ നൈസാമുമാര്‍ (estd 1713), ബംഗാളിലെ നവാബുമാര്‍ (1740-1880) തുടങ്ങിയവര്‍ രാജ്യവികാസത്തിന്റെയും ജനക്ഷേമത്തിന്റെയും കേന്ദ്രീകൃത ഭരണത്തിന്റെയും പുതിയ മാതൃകകള്‍ കാഴ്ചവെക്കുകയായിരുന്നു. അവരില്‍ ചില രാജാക്കന്മാര്‍ക്ക് സ്ഖലിതങ്ങള്‍ സംഭവിച്ചിട്ടുണ്ട്, ഒറ്റപ്പെട്ട ചിലരാകട്ടെ അരുതായ്മകള്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ മഹാഭൂരിപക്ഷവും വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും സുവര്‍ണ അധ്യായങ്ങള്‍ രചിച്ചവരാണ്. അവരുടെയൊക്കെ ഭരണനേട്ടങ്ങള്‍ സവിസ്തരം പ്രതിപാദിക്കാന്‍ ഇത്തരമൊരു കുറിപ്പിലാകില്ല. എങ്കിലും ഒരു കാര്യം പറയാതെ വയ്യ, ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്പ് ക്ഷേമവും സമൃദ്ധിയും കളിയാടിയ നൂറ്റാണ്ടുകള്‍ രാജ്യത്ത് കഴിഞ്ഞുപോയിട്ടുണ്ട്. കേന്ദ്രീകൃത സ്വഭാവവും വ്യവസ്ഥാപിതത്വവുമുള്ള ഭരണ സംവിധാനം വഴിയാണ് ദല്‍ഹി സുത്താനേറ്റും മുഗളരും മറ്റും അത് സാധിച്ചത്. ആ കാലഘട്ടങ്ങളില്‍ പണിതുയര്‍ത്തിയ, ഇന്തോ-ഇറാനിയന്‍-മുഗള്‍ ശില്‍പ ചാതുരിയുടെ സൗന്ദര്യം തുളുമ്പുന്ന, സൗകര്യങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്ന ചെറുതും വലുതുമായ കെട്ടിടങ്ങള്‍, നാഗരിക വികാസത്തിന്റെ മികച്ച ഉദാഹരണങ്ങളായി ഉത്തരേന്ത്യയില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ആധുനിക ഇലക്ട്രിക്കല്‍ എയര്‍കണ്ടീഷന്‍ സംവിധാനങ്ങളെ വെല്ലുന്നതും അവയുടെ ദൂഷ്യങ്ങളില്ലാത്തതുമായ 'എയര്‍കണ്ടീഷന്‍' ആ കെട്ടിടങ്ങളില്‍ പലതിന്റെയും സവിശേഷതയാണ്. ഭൂമിക്കടിയില്‍ കെട്ടിടങ്ങളുടെ തറകള്‍ക്കകത്തു കൂടി പ്രത്യേക രീതിയില്‍ വെള്ളം ഒഴുക്കിവിട്ട്, വലിയ കെട്ടിടമൊന്നാകെ പ്രകൃതിപരമായി തണുപ്പിച്ചെടുക്കുന്ന ആ പഴയ എഞ്ചിനീയറിംഗിനു മുന്നില്‍ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പോലും അന്തിച്ചുനില്‍ക്കുന്നു. അത്തരമൊരു കെട്ടിടത്തിന്റെ അവശിഷ്ടം പശ്ചിമബംഗാളിലെ ഗൗറില്‍ യാത്രക്കിടയില്‍ കാണാന്‍ അവസരം ലഭിച്ചു. ഇത്തരം കെട്ടിടങ്ങള്‍ക്കപ്പുറം ജനോപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങളാണ് വിവിധ ഭരണകൂടങ്ങള്‍ നടത്തിയത്. അക്കാലത്തെ മികച്ച റോഡുകള്‍, മറ്റു ഗതാഗത സൗകര്യങ്ങള്‍, തപാല്‍ സംവിധാനം, കോടതിയും പോലീസും ഉള്‍പ്പെടുന്ന നീതിന്യായ-നിയമപാലനം, കിണറുകള്‍, ജലാശയങ്ങള്‍, കൃഷിക്കും മറ്റുമാവശ്യമായ ജലസേചന സംവിധാനങ്ങള്‍, കാര്‍ഷിക മേഖലയുടെ അഭിവൃദ്ധി, പാര്‍ക്കുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, പൂന്തോട്ടങ്ങള്‍, ഫലവൃക്ഷങ്ങള്‍, വൈദ്യശാസ്ത്രം, പുതിയ ചികിത്സാ രീതികള്‍, പുതിയ വസ്ത്രധാരണ സമ്പ്രദായം, അതിനാവശ്യമായ വസ്ത്ര നിര്‍മാണവും നെയ്ത്തുശാലകളും, ചിത്രകല, കൊത്തുപണി, സാഹിത്യം, കല, പുതിയ ഭക്ഷണ വിഭവങ്ങള്‍, കടലാസു നിര്‍മാണം, ആനക്കൊമ്പു കൊണ്ടുള്ള ഉപകരണ നിര്‍മാണം, ആശുപത്രികള്‍, അബല മന്ദിരങ്ങള്‍ എന്നിവ സ്ഥാപിക്കല്‍ തുടങ്ങി ജനജീവിതത്തെ മാറ്റിപ്പണിയുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അക്കാലങ്ങളില്‍ നടക്കുകയുണ്ടായി. വൈജ്ഞാനിക വികാസത്തിന് മുസ്‌ലിംകള്‍ വലിയ പ്രാധാന്യം നല്‍കി. പുതിയ ഗ്രന്ഥങ്ങള്‍ രചിച്ചും, അമൂല്യ കൃതികള്‍ പരിഭാഷപ്പെടുത്തിയും പണ്ഡിതന്മാര്‍ക്ക് പ്രോത്സാഹനം നല്‍കിയും വിദ്യാലയങ്ങള്‍ സ്ഥാപിച്ചും അറിവിന്റെ വഴികള്‍ സുഗമമാക്കി. കടലാസ് നിര്‍മാണം ഇതില്‍ വലിയ പങ്കുവഹിച്ചു. കൊട്ടാരങ്ങളോടു ചേര്‍ന്നും അല്ലാതെയും ഗ്രന്ഥശേഖരങ്ങളുണ്ടായി. പിന്നീട് വലിയ ലൈബ്രറികള്‍ തന്നെ മുസ്‌ലിംകള്‍ പണിതു. ഉര്‍ദു ഭാഷയുടെ വളര്‍ച്ചയും വികാസവും നമ്മുടെ വൈജ്ഞാനിക-സാഹിത്യ മേഖലകളില്‍ പുതിയ വഴി വെട്ടിത്തുറന്നു. ഹൈന്ദവ വേദ ഗ്രന്ഥങ്ങള്‍ ആദ്യമായി പരിഭാഷപ്പെടുത്തി പേര്‍ഷ്യന്‍, ഉര്‍ദു ഭാഷകളില്‍ ലഭ്യമാക്കിയത് മുസ്‌ലിംകളായിരുന്നു. അതും ബംഗാളില്‍ നിന്നായിരുന്നുവെന്ന് വായിച്ചതോര്‍ക്കുന്നു. ദല്‍ഹിയിലെ നാഷ്‌നല്‍ ലൈബ്രറിയെ സമ്പന്നമാക്കുന്നത് ഉര്‍ദു ഗ്രന്ഥങ്ങളുടെ മഹാ ശേഖരമാണെന്നോര്‍ക്കുക. കലയും സംഗീതവും പുതിയ മാനങ്ങളിലേക്ക് വളര്‍ന്നു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാസ്മര സൗന്ദര്യം ഇന്നും അനിര്‍വചനീയമാണല്ലോ.
വായുവും വെളിച്ചവും കടക്കുന്ന വീടുകളുടെ നിര്‍മാണവും വിളക്കുകളുടെ ഉപയോഗവും പഠിപ്പിച്ച മുസ്‌ലിംകള്‍ രാജ്യത്തെ ഏറ്റവും വലിയ റോഡിന്റെ നിര്‍മാണത്തില്‍ നേതൃപരമായ പങ്കുവഹിച്ചു. ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ നിന്ന് തുടങ്ങി, പശ്ചിമ ബംഗാളിലെ ഹൗറയും പാകിസ്താനിലെ പെഷവാറും കടന്ന്, അഫ്ഗാനിലെ കാബൂള്‍ വരെ നീളുന്ന, 2500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഷാഹ് റാഹെ അഅ്‌സം (Grand Trunk Road) സഫലമാക്കിയത് മുസ്‌ലിം ഭരണാധികാരികളുടെ ബുദ്ധിയും നിശ്ചയദാര്‍ഢ്യവുമാണ്. ഫലവൃക്ഷങ്ങളില്‍ 'ഒട്ടുപിടിപ്പിക്കുന്ന' വിദ്യ മുസ്‌ലിംകള്‍ ഇന്ത്യയെ പഠിപ്പിച്ചു. ഇതുവഴി രുചികരവും ആകര്‍ഷകവുമായ പുതിയ പഴങ്ങള്‍ ഉല്‍പാദിപ്പിക്കാനായി. അണ്ടി മുളപ്പിച്ചുണ്ടാക്കുന്ന മാങ്ങ മാത്രമറിയുന്നവര്‍ക്ക് 'ഒട്ടുമാവ്' സംഭാവന ചെയ്തത് മുസ്‌ലിംകളായിരുന്നുവെന്നര്‍ഥം. പഴവര്‍ഗങ്ങളുടെ നാട്ടില്‍ നിന്ന് വന്ന മുഗിളര്‍, തരിശായി കിടന്ന ഇന്ത്യന്‍ മണ്ണില്‍ പുതിയ കാര്‍ഷിക രീതികള്‍ പരീക്ഷിച്ചു. കൃഷി വര്‍ധിപ്പിച്ചു. ഫലം കായ്ക്കുന്ന മരങ്ങള്‍ നട്ടുപിടിപ്പിച്ചു. തോട്ടങ്ങളും തോപ്പുകളും നിര്‍മിച്ചു. ജനങ്ങളെ അതിന് പ്രോത്സാഹിപ്പിച്ചു. ജലാശയങ്ങള്‍ ഒരുക്കികൊടുത്തു. അങ്ങനെ കിണറുകളും തോട്ടങ്ങളും കൃഷികളും കാരണം ഗുജറാത്തും മറ്റും പച്ച പിടിച്ച പൂന്തോട്ടമായി മാറി. മഹ്മൂദ് ബൈക്കറ എന്ന് അറിയപ്പെട്ട സുല്‍ത്താന്‍ മഹ്മൂദുബ്‌നു മുഹമ്മദുല്‍ ഗുജറാത്തി വസ്ത്ര-കരകൗശല നിര്‍മാണത്തിന് നല്‍കിയ പ്രോത്സാഹനം വളരെ വലുതായിരുന്നു. ഇതിനായി അദ്ദേഹം നെയ്ത്തുശാലകളും മറ്റു തൊഴില്‍ കേന്ദ്രങ്ങളും നിര്‍മിച്ചു. അങ്ങനെ അന്യനാടുകളിലേക്ക് മുന്തിയ വസ്ത്രങ്ങള്‍ കയറ്റിയയക്കുന്ന കച്ചവടത്തിലൂടെ വലിയ ലാഭം നേടുന്ന പ്രദേശമായി ഗുജറാത്ത് മാറി. ഇന്നും പറയാറുള്ള 'വികസിത ഗുജറാത്ത്' എന്ന അഭിമാനം സുല്‍ത്താന്‍ മഹ്മൂദ് ഷാ ഉള്‍പ്പെടെയുള്ളവരുടെ അധ്വാനത്തിന്റെ ഫലമാണ്. അങ്ങനെ ഗുജറാത്തിനെ വസ്ത്ര നിര്‍മാണത്തിലും മറ്റും ലോകോത്തരമാക്കി മാറ്റിയവരുടെ പിന്‍മുറക്കാരെയാണ് വര്‍ഗീയഭ്രാന്തന്മാര്‍ കൂട്ടക്കശാപ്പിന് വിധേയരാക്കിയത്.
ദല്‍ഹി സുല്‍ത്താനേറ്റിന്റെയും പിന്നീട് വന്ന മുഗളരുടെയും ഭരണത്തില്‍ രാജ്യം സമ്പല്‍ സമൃദ്ധിയിലേക്ക് വളര്‍ന്നു. ഗുജറാത്തും ദല്‍ഹിയും ബംഗാളും മൈസൂരുമൊക്കെ അതിന്റെ സ്മൃതി ചിത്രങ്ങള്‍ നിവര്‍ത്തിവെക്കുന്നുണ്ട്. ഇന്ത്യയില്‍ ഇന്ന് ഏറ്റവും പിന്നാക്ക മുസ്‌ലിംകള്‍ ജീവിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ പശ്ചിമബംഗാള്‍ ഉള്‍പ്പെടുന്ന പഴയ ബംഗാള്‍, ഇന്ത്യയിലെ ഏറ്റവും സമ്പന്ന പ്രദേശങ്ങളിലൊന്നായിരുന്നു. ലണ്ടനിലെ പ്രഭുക്കളെക്കാള്‍ സമ്പന്നരായിരുന്നു ബംഗാള്‍ തലസ്ഥാനത്തെ ജനങ്ങള്‍ എന്ന് രേഖപ്പെടുത്തിയത് ബ്രിട്ടീഷ് ഗവര്‍ണറായിരുന്ന റോബര്‍ട്ട് ക്ലൈവ് ആണ്. രാജ്യത്തിന്റെ സ്വര്‍ഗഭൂമി എന്ന് വിശേഷിപ്പിക്കപ്പെട്ട ബംഗാള്‍ ദീര്‍ഘകാലം ഭരിച്ചിരുന്നത് മുസ്‌ലിം നവാബുമാരായിരുന്നുവെന്നോര്‍ക്കണം. മുര്‍ഷിദാബാദിലും മാല്‍ദയിലും മറ്റും മുസ്‌ലിം ഭരണത്തിന്റെ ചരിത്രശേഷിപ്പുകള്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. നഷ്ടപ്രതാപത്തിന്റെ ഈ ഓര്‍മക്കുറികള്‍ ഹൃദയം പിളര്‍ക്കുന്ന നോവായി മാറുന്നത് ഇപ്പോള്‍ മുര്‍ഷിദാബാദിലെ ബീഡിതെറുപ്പുകാരെയും കൊല്‍ക്കത്തയിലെ റിക്ഷ വലിക്കുന്നവരെയും കാണുമ്പോഴാണ്. നൂറ്റാണ്ടുകള്‍ ഇന്ത്യ ഭരിച്ച്, എല്ലാ തലങ്ങളിലും രാജ്യത്തെ സമ്പല്‍സമൃദ്ധിയിലേക്ക് നയിച്ച മുസ്‌ലിം സമൂഹത്തിന്റെ ഇന്നത്തെ ചരിത്രം പക്ഷേ, വീണുടഞ്ഞ പഴയ ഗ്ലാസ് പെയ്ന്റിംഗിന്റേതാണ്. ഖുത്ബ് മിനാറും ചെങ്കോട്ടയും പണിതവരുടെ പിന്‍മുറക്കാര്‍ ഇന്ത്യന്‍ ചേരികളില്‍ പുഴുക്കളെ പോലെ നരകിക്കുന്നു. ഹൈന്ദവ വേദങ്ങളും മറ്റും ഭാഷാന്തരം ചെയ്ത് പുറം ലോകത്തെത്തിക്കുകയും ഗ്രന്ഥശേഖരങ്ങളും പാഠശാലകളും വഴി വിജ്ഞാന വെളിച്ചം പകരുകയും ചെയ്തവരുടെ ശേഷക്കാര്‍ നിരക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്നു. ഏഴെട്ട് നൂറ്റാണ്ട് രാജ്യം ഭരിച്ച് സമൃദ്ധിയിലേക്ക് നാടിനെ നയിച്ചവരുടെ ഇന്നത്തെ തലമുറ ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും മറ്റും ആദിവാസികളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെയും അയിത്താചരണത്തിലൂടെ അകറ്റി നിര്‍ത്തപ്പെട്ടവരുടെയും അത്താണിയും രക്ഷകരുമായിരുന്നവര്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ അന്തിയുറങ്ങുന്നു. ഇന്ത്യന്‍ നാഗരികതയുടെ സ്രഷ്ടാക്കള്‍ക്ക് ഇന്ന് സ്വന്തം ഭാഗധേയം തിരിച്ചറിയാനോ നിര്‍ണയിക്കാനോ കഴിയുന്നില്ല!
എന്തുകൊണ്ടാണ് ചരിത്രമിങ്ങനെ കീഴ്‌മേല്‍ മറിക്കപ്പെട്ടത്? എങ്ങനെയാണ് സിംഹാസനസ്ഥരായിരുന്ന ജനത ഇന്നുകാണുംവിധം പതിതരും പീഡിതരുമായി മാറിയത്? ചരിത്രം അതിന് കൃത്യമായ മറുപടി തരുന്നുണ്ട്. പക്ഷേ, ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രഫുല്ലമായ പൈതൃകം തിരിച്ചുപിടിക്കാന്‍ എന്താണ് വഴി? ഗതകാല പ്രൗഢിയിലേക്ക്, ആത്മാഭിമാനത്തിലേക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷത്തിന് എങ്ങനെ ഉയരാന്‍ കഴിയും? വിശ്വാസത്തിന്റെ കരുത്തും ധാര്‍മികതയുടെ ശക്തിയും സാംസ്‌കാരിക-സാമൂഹിക ഔന്നത്യവുമുള്ള മാതൃകാ ജനതയായി രാജ്യത്തിന്റെ മുന്നില്‍ നടക്കാനുള്ള വഴികളെന്തൊക്കെയാണ്?
(തുടരും)
Comments