Prabodhanm Weekly

Pages

Search

2014 മെയ്‌ 09

ജീവിതപാഠങ്ങള്‍-4

ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി

         ജീവിതത്തിലുടനീളം ആത്മാര്‍ഥത പുലര്‍ത്തുക. അല്ലാഹുവിലേക്കു മടങ്ങും മുമ്പേ, നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങി സകല ജീവിതാവിഷ്‌കാരങ്ങളിലും അവനോടുള്ള കരാര്‍ പാലിക്കുക. അഥവാ, അവന്റെ ഏകത്വത്തില്‍ ദൃഢവിശ്വാസികളാവുക. തിരുചര്യയെയും മുസ്‌ലിം ഉമ്മത്തിനെയും പിന്‍പറ്റുക. ക്ഷമയും സത്യസന്ധതയും നന്ദിയുമുള്ളവരാവുക. സൃഷ്ടികളെ വിട്ട് കാര്യങ്ങളെല്ലാം അല്ലാഹുവില്‍ ഭരമേല്‍പിക്കുക. സദാ അവനെ തേടിക്കൊണ്ടിരിക്കുക.  അവനല്ലാത്ത സകലതില്‍നിന്നും മുഖം തിരിക്കുക. ഹൃദയം കൊണ്ടും അന്തരാത്മാവുകൊണ്ടും അവനിലേക്കു പ്രയാണം ചെയ്യുക. എങ്കില്‍ ഇഹലോകത്തുതന്നെ അല്ലാഹു നിങ്ങള്‍ക്ക് അവനോടുള്ള അടുപ്പം കനിഞ്ഞരുളും, തീര്‍ച്ച. പരലോകത്തും നിങ്ങള്‍ അവന്റെ അടുപ്പക്കാരിലായിരിക്കും. അനുപമമായ കണ്ണും കാതും നിങ്ങള്‍ക്കു നല്‍കപ്പെടുകയും ഒരു ഹൃദയവും ഒരിക്കലുമനുഭവിച്ചിട്ടില്ലാത്ത അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കുമേല്‍ ചൊരിയപ്പെടുകയും ചെയ്യും. 

അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നും അവന്റെ വാതില്‍പ്പടിയില്‍ തന്നെ രക്ഷ തേടുക. ദുരിതങ്ങളണയുമ്പോള്‍ ഓടിയൊളിക്കാതെ അവിടെതന്നെ നിലകൊള്ളുക. ആ വാതില്‍പ്പടിയില്‍തന്നെ മുറുകെ പിടിച്ചിരിക്കുക. തൗഹീദിലുള്ള നിന്റെ വിശ്വാസവും നിന്റെ സത്യസന്ധതയുടെ പ്രഭാവവും കാരണം അവ നിന്നെ വിട്ടകലും. പ്രയാസങ്ങളും പരീക്ഷണങ്ങളും അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ സ്ഥൈര്യവും ക്ഷമയുമവലംബിക്കുകയും ഈ ദിവ്യ വചനങ്ങള്‍ ഉരുവിടുകയും ചെയ്യുക. 

''സത്യവിശ്വാസികള്‍ക്ക് അല്ലാഹു ഇഹത്തിലും പരത്തിലും സുസ്ഥിര വചനത്താല്‍ സ്ഥൈര്യം പ്രദാനം ചെയ്യുന്നു''(14/27).

''താങ്കളെ സംരക്ഷിക്കുന്നതിനു മതിയായവനാണ് അല്ലാഹു എന്നു സമാധാനിച്ചു കൊള്‍ക'' (2/137).

'' അടിമക്ക് അല്ലാഹു മതിയായവനല്ലയോ?'' (39/36).

'അല്ലാഹുവില്‍നിന്നല്ലാതെ ശക്തിയും ശേഷിയുമില്ല' എന്ന വിശുദ്ധ വചനം നിരന്തരം ഉരുവിടുക. സദാ അല്ലാഹുവിനെ വാഴ്ത്തി അവനോട് മാപ്പിരക്കുക. എപ്പോഴും അവന്റെ സ്മരണയിലായിരിക്കുക. സത്യസന്ധതയിലൂടെ നിങ്ങള്‍ക്ക് ക്ലേശങ്ങളുടെയും അധമ വികാരങ്ങളുടെയും നഫ്‌സിന്റെയും ശൈത്വാന്റെയുമെല്ലാം സൈന്യങ്ങളില്‍നിന്നും രക്ഷ നേടാനാവുന്നു. 

''അല്ലാഹു ആരെ നേര്‍വഴിയിലാക്കിയോ അവനാകുന്നു സന്മാര്‍ഗം പ്രാപിച്ചവന്‍'' (18/17). ''വല്ലവനെയും അല്ലാഹു നേര്‍വഴിയിലാക്കുന്നപക്ഷം അവനെ വഴിപിഴപ്പിക്കാനാരുമില്ല'' (39/37).

വഴികേടിലായവര്‍കൂടി സത്യോപദേശം സ്വീകരിച്ചെങ്കില്‍ എന്നു നബിതിരുമേനി(സ) ആഗ്രഹിച്ചുപോയി. അപ്പോള്‍ അല്ലാഹു ദിവ്യബോധനമിറക്കി- ''നിശ്ചയം, താങ്കള്‍ക്കിഷ്ടപ്പെട്ടവരെ നേര്‍വഴിയിലാക്കാന്‍ താങ്കള്‍ക്കാവില്ല. എന്നാല്‍, അല്ലാഹു അവനിഷ്ടപ്പെട്ടവരെ നേര്‍വഴിയിലാക്കുന്നു'' (28/56). 

അനന്തരമാണ് തിരുദൂതര്‍(സ) ഇവ്വിധം പറഞ്ഞത്- ''ഞാന്‍ മാര്‍ഗദര്‍ശനവുമായി നിയോഗിതനായവനാണ്. പക്ഷേ, അതെന്റെ നിയന്ത്രണത്തിലല്ല.  ഇബ്‌ലീസ് മനുഷ്യനെ പ്രലോഭിപ്പിക്കുന്നു. എങ്കിലും, പ്രലോഭനം അവന്റെ നിയന്ത്രണത്തിലല്ല.'' 

വാള്‍ മുറിവേല്‍പിക്കുന്നതും തീ പൊള്ളലേല്‍പിക്കുന്നതും അവയുടെ സഹജ ഗുണം കൊണ്ടല്ല. മറിച്ച്, പൊള്ളലും മുറിവുമേല്‍പിക്കുന്നത് അല്ലാഹു മാത്രമാണ് എന്നതാകുന്നു വിശുദ്ധ ഗ്രന്ഥത്തെയും തിരുചര്യയെയും പിന്‍പറ്റുന്നവരുടെ വിശ്വാസം. അതുപോലെ, അന്നപാനീയങ്ങള്‍ക്ക് വിശപ്പോ ദാഹമോ ശമിപ്പിക്കാനുള്ള ശേഷിയുമില്ല. അവയിലൂടെ ദാഹത്തിനും വിശപ്പിനും ശമനമേകുന്നത് അല്ലാഹുവാകുന്നു. പ്രപഞ്ചത്തിലെ സകല സൃഷ്ടിജാലങ്ങളുടെയും സ്ഥിതി ഇതുതന്നെയാകുന്നു. താനുദ്ദേശിച്ചത് നടപ്പാക്കാന്‍ അല്ലാഹു ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മാത്രമാകുന്നു അവയെല്ലാം. അവകൊണ്ട് താന്‍ ഇഛിക്കുന്നത് അവന്‍ പ്രവര്‍ത്തിക്കുന്നു. ഇബ്‌റാഹീം പ്രവാചകനെ തീയിലേക്കെറിഞ്ഞപ്പോള്‍ തീ അദ്ദേഹത്തിനു പൊള്ളലേല്‍പ്പിക്കരുതെന്നു അല്ലാഹു ആഗ്രഹിച്ചു. അതിനാല്‍, അവന്‍ തീയിലൂടെതന്നെ ഇബ് റാഹീമിനു തണുപ്പും സ്വാസ്ഥ്യവുമേകി. 

നബിതിരുമേനിയുടെ(സ) ഒരു വചനം ഇവ്വിധം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: ''പുനരുത്ഥാനനാളില്‍ തീ ഇവ്വിധം പറയും: അല്ലയോ സത്യവിശ്വാസീ, കടന്നു പൊയ്‌ക്കൊള്‍ക. കാരണം, താങ്കളുടെ വെളിച്ചം എന്റെ ജ്വാലയെ അണച്ചു കളഞ്ഞിരിക്കുന്നു.''  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 78-82
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം