മാനവികത ദൈവിക മതത്തിന്റെ കാതല്‍
ഖുര്‍ആന്റെ മതദര്‍ശനം സമഗ്രമായ മാനവിക ദര്‍ശനം കൂടിയാണെന്ന് ഖുര്‍ആന്റെ ശ്രദ്ധാപൂര്‍വമായ വായന നിഷ്പക്ഷാന്വേഷകനെ ബോധ്യപ്പെടുത്തും. ഖുര്‍ആനും തിരുചര്യയും ഉയര്‍ത്തിപ്പിടിക്കുന്ന മാനുഷിക സമത്വത്തെക്കുറിച്ചുള്ള അത്യുന്നത പാഠങ്ങള്‍ മറ്റൊരു ദര്‍ശനത്തിലും കാണാന്‍ സാധ്യമല്ല. ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ച മനുഷ്യരെ വിവിധ ഗോത്രങ്ങളും വംശങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാനാണെന്നും മനുഷ്യരില്‍ ഉത്തമര്‍ ജീവിതവിശുദ്ധിയുള്ളവര്‍ മാത്രമാണെന്നും പ്രഖ്യാപിച്ചുകൊണ്ട് ഖുര്‍ആന്‍ മാനുഷിക സമത്വം എന്ന മഹത്തായ മൂല്യത്തിന് അടിത്തറ പാകി. 'നിങ്ങളെല്ലാം ആദമില്‍നിന്ന്, ആദം മണ്ണില്‍ നിന്നും' എന്നു മൊഴിഞ്ഞ പ്രവാചകന്‍ സ്വജീവിതത്തില്‍ മാനുഷിക സമത്വത്തിന്റെ മഹിത മാതൃകയൊരുക്കി.
മനുഷ്യന്റെ വളര്‍ച്ചയും നന്മയുമാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ദര്‍ശനത്തിന്റെ ലക്ഷ്യം. മനുഷ്യരുടെ രക്ഷിതാവ് എന്നാണ് അല്ലാഹു സ്വയം വിശേഷിപ്പിക്കുന്നത്. പരിപാലനത്തില്‍ മതപരമായ ഒരു വിവേചനവും ദൈവം കാണിക്കുന്നില്ല. തിന്മയുടെ ശക്തികള്‍ക്കെതിരെ ജാഗ്രത്തായിരിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ഖുര്‍ആന്‍ അവസാനിക്കുന്നത്. മനുഷ്യ സമൂഹത്തിന്റെ നിലനില്‍പുതന്നെ അപകടത്തിലാക്കുന്ന രോഗാണുക്കളാണ് തിന്മകള്‍ എന്നതുകൊണ്ടാണ് തിന്മക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്.
നന്മ കല്‍പിക്കുക, തിന്മ തടയുക എന്നാണ് ഖുര്‍ആന്റെ അനുശാസനം. അതിന്റെ പൂര്‍ത്തീകരണത്തോടെ എല്ലാവര്‍ക്കും നന്മ എന്ന ലക്ഷ്യം സാധിക്കുന്നു എന്ന് അസ്ഗറലി എഞ്ചിനീയര്‍ എഴുതുന്നു. ഖുര്‍ആന്റെ മൂലാധാരങ്ങള്‍ നീതി, നന്മ, അനുഗ്രഹം, വിവേകം എന്നിവയാണെന്നും മുസ്‌ലിമിന്റെ ജീവിതം ഈ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുവേണ്ടിയായിരിക്കണമെന്നും അങ്ങനെ വരുമ്പോള്‍ യുദ്ധമല്ല, സമാധാനമാണ് ഇസ്‌ലാമിന്റെ അടിത്തറയെന്ന് കാണാമെന്നു അദ്ദേഹം വിശദീകരിക്കുന്നു.
മനുഷ്യ സമത്വത്തിനു വേണ്ടി നിലകൊണ്ടവരെയാണ് മഹാന്മാര്‍ എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. ദൈവികമതം മനുഷ്യന് സമ്മാനിച്ച മഹത്തും ചിരപുരാതനവുമായ മൂല്യങ്ങളാണ് വിശ്വസാഹോദര്യത്തിന്റെ മനോഹര മാതൃകകള്‍ തീര്‍ക്കാന്‍ ലോകജനതക്ക് പ്രചാദനവും കരുത്തും നല്‍കുന്നത്. പ്രവാചകന്മാര്‍ പ്രസരിപ്പിച്ച വെളിച്ചമാണ് മനുഷ്യരില്‍ മൂല്യങ്ങളായി നിലനില്‍ക്കുന്നത്.
മാനുഷിക സമത്വമെന്ന മൂല്യത്തിന്റെ ഒന്നാമത്തെ തേട്ടമാണ് സമൂഹത്തിലെ അവശ വിഭാഗത്തിന്റെ ഉന്നമനം. അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും വിദ്യാഭ്യാസം നല്‍കുകയും ചെയ്താല്‍ മാത്രമേ നാട് പുരോഗമിക്കുകയുള്ളൂ. പല രാജ്യങ്ങളുടെയും പുരോഗതി എന്നു പറയുന്നത് ഒരു ചെറിയ വിഭാഗത്തിന്റെ സാമ്പത്തിക പുരോഗതിയാണ്. എന്നാല്‍ ഇത്തരം മന്തുകാലന്‍ പുരോഗതി ഇസ്‌ലാം അംഗീകരിക്കുന്നില്ല. പട്ടിണിപ്പാവങ്ങളെ അവഗണിക്കുന്നവന്‍, ഭക്ഷണം കൊടുക്കാത്തവന്‍, അതിന് പ്രേരിപ്പിക്കാത്തവന്‍ മതനിഷേധിയാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അതില്‍ മതപരമായ ഒരു വിവേചനവുമില്ല. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറയെ ഭക്ഷിക്കുന്നവന്‍ വിശ്വാസിയല്ല എന്നാണ് നബിവചനം. വികസനത്തിന്റെയും പുരോഗതിയുടെയും മാനദണ്ഡം കെട്ടിടങ്ങളും പാലങ്ങളുമാണെന്ന കാഴ്ചപ്പാടിനെ ഇസ്‌ലാം നിരാകരിക്കുന്നു.
ഇസ്‌ലാം എന്നാല്‍ ചില ചടങ്ങുകളുടെ പേരല്ല. അതൊരു സംസ്‌കാരമാണ്. ലാൡ്യം അതിന്റെ പ്രധാന ഭാഗമാണ്. നബിയുടെ ജീവിതത്തിലുടനീളം അതിന്റെ പാഠങ്ങള്‍ കാണാന്‍ കഴിയും. മാനവികതക്ക് വില കല്‍പിക്കുന്നവര്‍ ലാളിത്യത്തിന്റെ പക്ഷത്തായിരിക്കും. ധനം ധൂര്‍ത്തടിക്കുമ്പോള്‍, ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ആ സംസ്‌കാരത്തിനാണ് ക്ഷതമേല്‍ക്കുന്നത്. മാനവികത അസ്തമിക്കുന്നിടത്താണ് ധാരാളിത്തം പത്തിവിടര്‍ത്തുന്നത്.
സഹകരണത്തിന്റെയും നന്മയുടെയും വാതിലുകള്‍ ഖുര്‍ആന്‍ മലര്‍ക്കെ തുറന്നുവെക്കുന്നു. നന്മയിലും പുണ്യത്തിലും ആരുമായും സഹകരിക്കുക, തിന്മയിലും കുറ്റകൃത്യങ്ങളിലും ആരുമായും സഹകരിക്കരുത് എന്ന് ആഹ്വാനം ചെയ്തുകൊണ്ട് പുരോഗതിയുടെയും സമാധാനത്തിന്റെയും വിശാല ഇടങ്ങള്‍ അത് കാണിച്ചുകൊടുക്കുന്നു. മതമോ ജാതിയോ വര്‍ണമോ അവിടെ പ്രശ്‌നമല്ല. അന്യമത വിദ്വേഷത്തിന്റെ ഒരു വരി പോലും ഖുര്‍ആനില്‍ കാണാന്‍ സാധ്യമല്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പൊരുതാന്‍ ആഹ്വാനം ചെയ്യുന്ന ഖുര്‍ആന്‍ ശത്രുക്കള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ പോലും അതിലംഘനത്തിന്റെയോ അനീതിയുടെയോ ലാഞ്ഛനപോലുമുണ്ടാകാന്‍ പാടില്ലെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു.
മനുഷ്യരിലെ മുന്തിയ വര്‍ഗം തങ്ങളാണെന്ന് അഹങ്കരിച്ച വെള്ളക്കാരന് കറുത്തവനെ മനുഷ്യനായി അംഗീകരിക്കാനുള്ള മനുഷ്യത്വമുണ്ടായിരുന്നില്ല. 'മണ്ണിന്റെ മക്കള്‍' വാദമുയര്‍ത്തി തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ അടിച്ചമര്‍ത്താനും ആട്ടിയോടിക്കാനും ഇന്ത്യയിലെ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുമ്പോള്‍ ഭൂമിയിലെ മനുഷ്യരെല്ലാം സഹോദരന്മാരാണ് എന്ന ഹൃദ്യവും വിശാലവുമായ കാഴ്ചപ്പാടാണ് ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്നത്.
മാനവികത വിളംബരം ചെയ്യുന്ന വചനങ്ങളാല്‍ സമ്പന്നമാണ് ഹദീസ് ഗ്രന്ഥങ്ങള്‍. മാനുഷിക സമത്വത്തിന്റെയും ലിംഗനീതിയുടെയും പ്രായോഗിക പാഠങ്ങളാണ് നബിയുടെ ജീവിതം. മനുഷ്യരെല്ലാം ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്മാരാണ് എന്നാണ് ശ്രദ്ധേയമായ ഒരു നബിവചനം. കുഞ്ഞുങ്ങളോടുള്ള സ്‌നേഹ പ്രകടനം മുതല്‍ അയല്‍പക്ക ബന്ധത്തിന്റെ ശ്രേഷ്ഠത വരെ നബി വചനങ്ങളില്‍ കടന്നുവരുന്നത് കാണാം. സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും മധുവൂറുന്ന ആ വചനാരാമങ്ങളിലൂടെ ഒരോട്ട പ്രദക്ഷിണം അഭികാമ്യമായിരിക്കും.
''അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ശ്രേഷ്ഠതയൊന്നുമില്ല. കറുത്തവന് വെളുത്തവനെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ ശ്രേഷ്ഠതയില്ല. ദൈവഭക്തിയും സല്‍ക്കര്‍മങ്ങളുമാണ് ശ്രേഷ്ഠതയുടെ മാനദണ്ഡം. നിങ്ങളില്‍ ഉത്തമന്‍ ഏറ്റവും നല്ല സ്വഭാവഗുണമുള്ളവനാണ്.''
''ആരുടെ നാവില്‍ നിന്നും കൈകളില്‍ നിന്നും മനുഷ്യന്‍ സുരക്ഷിതനാകുന്നുവോ അവനാണ് മുസ്‌ലിം.'' ''അല്ലാഹു സൃഷ്ടിച്ച ജീവജാലങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ നന്മ ചെയ്യുന്നവനാണ് അല്ലാഹുവിനോട് ഏറ്റവും കൂറുപുലര്‍ത്തുന്നവന്‍.'' ''ഏറ്റവും ഉന്നതമായ കര്‍മങ്ങള്‍ ഇവയാണ്: മനുഷ്യ മനസ്സിന് സന്തോഷം പകരുക. വിശന്നവനെ ഊട്ടുക, ദുരിതബാധിതരെ സഹായിക്കുക, ദുഃഖിതനെ ആശ്വസിപ്പിക്കുക.''
''നിന്റെ സഹോദരന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നത് ധര്‍മമാണ്. നന്മയില്‍ സഹകരിക്കുന്നതും തിന്മ തടയുന്നതും യാത്രാ ലക്ഷ്യം നഷ്ടപ്പെട്ടവന് വഴികാണിച്ചുകൊടുക്കുന്നതും വഴിയിലെ പ്രയാസങ്ങള്‍ നീക്കുന്നതും ധര്‍മമാണ്.'' ''മൂന്ന് വസ്തുക്കളില്‍ ജനം കൂട്ടവകാശികളാണ്: വെള്ളം, പുല്ല്, തീ.''
''വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല. വര്‍ഗീയതക്കു വേണ്ടി പൊരുതുന്നവന്‍ നമ്മില്‍ പെട്ടവനല്ല. വര്‍ഗീയതയുടെ പേരില്‍ മരിച്ചവന്‍ നമ്മില്‍ പെട്ടവനല്ല.''
''മൂന്നു പേരുള്ളപ്പോള്‍ ഒരാളെ ഒഴിവാക്കി രണ്ടാളുകള്‍ മാത്രം രഹസ്യവര്‍ത്തമാനം പറയരുത്. അത് അയാളെ ദുഃഖിപ്പിക്കും.''
''അല്ലാഹുവാണ വിശ്വാസിയാവുകയില്ല, വിശ്വാസിയാവുകയില്ല, വിശ്വാസിയാവുകയില്ല.'' സ്വഹാബികള്‍ ചോദിച്ചു: ''റസൂലേ, ആര്?'' നബി പറഞ്ഞു: ''ഏതൊരുവന്റെ ഉപദ്രവത്തെ സംബന്ധിച്ച് അയല്‍വാസി നിര്‍ഭയനാകുന്നില്ലയോ അവന്‍ സത്യവിശ്വാസിയാവുകയില്ല.''
പ്രവാചകന്‍ തന്റെ വിരലുകള്‍ ചേര്‍ത്ത് പിടിച്ചു പറഞ്ഞു: ''ഒരാള്‍ രണ്ട് പെണ്‍കുട്ടികളെ സംരക്ഷിച്ച് പ്രായപൂര്‍ത്തിയാകുന്നതുവരെ പോറ്റിയാല്‍ ഞാനും അവനും അന്ത്യനാളില്‍ വന്നെത്തുന്നത് ഈ വിധമാണ്.''
നീതിയാണ് മനുഷ്യജീവിതത്തിന്റെ നിലനില്‍പിന്റെ നട്ടെല്ല്. ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ മൂല്യമാണത്. ഖുര്‍ആന്‍ പറയുന്നത് കാണുക: ''വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നടത്തുക. അങ്ങനെ അല്ലാഹുവിനു വേണ്ടി സാക്ഷ്യം വഹിക്കുക; അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്നു നോക്കേണ്ടതില്ല. ഇരു കൂട്ടരോടും കൂടുതല്‍ അടുത്തത് അല്ലാഹുവാണ്. അതിനാല്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കരുത്. വസ്തുതകള്‍ വളച്ചൊടിക്കുകയോ സത്യത്തില്‍ നിന്ന് തെന്നിമാറുകയോ ചെയ്യരുത്'' (4:135). ''വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവണ്ണം നിലകൊള്ളുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരാവുക. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്ക് ചേര്‍ന്നത്'' (5:8).
വിശാലമായ ഒരു മാനവിക ഭരണകൂടമായിരുന്നു നബി മദീനയില്‍ രൂപപ്പെടുത്തിയത്. ഖുര്‍ആന്റെ പ്രായോഗിക രൂപമായിരുന്നു നബിയുടെ ജീവിതം. എല്ലാ മതവിഭാഗങ്ങളുമായും നബി സൗഹാര്‍ദത്തില്‍ വര്‍ത്തിച്ചു. മരിക്കുമ്പോള്‍ നബിയുടെ പടയങ്കി ഒരു ജൂതന്റെ കൈയില്‍ പണയത്തിലായിരുന്നു.
ഖലീഫാ ഉമറിന്റെ ഭരണം നബി വിഭാവനം ചെയ്ത വിശാല മാനവിക വീക്ഷണത്തില്‍ പടുത്തുയര്‍ത്തിയതായിരുന്നു. പട്ടിണി കിടക്കുന്ന ഒരാളും തന്റെ രാജ്യത്തുണ്ടാകരുതെന്ന് ഉമര്‍ നിഷ്‌കര്‍ഷിച്ചു. പ്രജകള്‍ക്കിടയില്‍ മതപരമായ വിവേചനമുണ്ടായിരുന്നില്ല. യൂഫ്രട്ടീസ് നദിയുടെ കരയില്‍ ഒരാട്ടിന്‍കുട്ടി പട്ടിണി കിടന്നു ചാകാനിട വന്നാല്‍ താന്‍ ദൈവത്തിന്റെ മുന്നില്‍ മറുപടി പറയേണ്ടിവരുമെന്ന ഖലീഫാ ഉമറിന്റെ വാക്കുകളില്‍ ഇസ്‌ലാമിക ഭരണത്തിന്റെ സൗന്ദര്യവും മാനവികതയുമെല്ലാം മഴത്തുള്ളിയിലെ പ്രപഞ്ച ദൃശ്യം പോലെ പ്രതിഫലിക്കുന്നുണ്ട്.
Comments