Prabodhanm Weekly

Pages

Search

2014 മെയ്‌ 09

മൗലാനാ അഫ്‌സല്‍ ഹുസൈന്‍ വിദ്യാഭ്യാസത്തിന്റെ മര്‍മമറിഞ്ഞ പണ്ഡിതന്‍

വ്യക്തിചിത്രം /റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

         ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രണ്ടാമത്തെ സെക്രട്ടറി ജനറല്‍, സംഘടനയുടെ ഉന്നത മതപഠന കലാലയമായിരുന്ന ദര്‍സ്ഗാഹെ ഇസ്‌ലാമിയുടെ നായകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് മൗലാനാ അഫ്‌സല്‍ ഹുസൈന്‍. 1961 മുതല്‍ 1972 വരെ സംഘടനയുടെ അസി. സെക്രട്ടറിയായിരുന്ന അദ്ദേഹം 1972 മുതല്‍ക്കാണ് സെക്രട്ടറി ജനറലായത്. 1990-ല്‍ മരിക്കുന്നതു വരെ ആ ചുമതലയില്‍ തുടര്‍ന്നു.

1918 ഫെബ്രുവരി ഒന്നിന് ഉത്തര്‍പ്രദേശ് ബസ്തി ജില്ലയിലെ ഉജൈറയിലാണ് അഫ്‌സല്‍ ഹുസൈന്റെ ജനനം. പിതാവ് മന്‍സ്വിബ്ദര്‍ ഖാന്‍. അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് അഫ്‌സല്‍ ഹുസൈന്‍ പഠനം പൂര്‍ത്തിയാക്കിയത്. അവിടത്തെ പഠന കാലത്ത് ജമാഅത്തില്‍ ആകൃഷ്ടനായി. 1946-ല്‍ സംഘടനയില്‍ അംഗത്വമെടുത്തു.

വിദ്യാഭ്യാസ രംഗത്ത് ഏറെ ശ്രദ്ധ പതിപ്പിച്ച അഫ്‌സല്‍ ഹുസൈന്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ 1949ല്‍ മലീഹാബാദില്‍ സ്ഥാപിക്കപ്പെട്ട ദര്‍സ്ഗാഹിന്റെ ഡയറക്ടറായി നിയമിതനായി. യു.പിയിലെ ഝാന്‍സി ജില്ലയില്‍ ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോളേജില്‍ വൈസ് പ്രിന്‍സിപ്പലായിരിക്കെയാണ് അദ്ദേഹത്തെ ഈ ഉത്തരവാദിത്വമേറ്റെടുക്കാന്‍ പ്രസ്ഥാനം ക്ഷണിച്ചു വരുത്തിയത്. ഈ കലാലയം പിന്നീട് റാംപൂരിലേക്കു മാറ്റിയപ്പോള്‍ അദ്ദേഹം തന്നെയാണ് അവിടെയും അതിന്റെ പ്രധാന ചുമതല വഹിച്ചത്. മൊത്തം 11 വര്‍ഷം ഈ ചുമതലയില്‍ തുടര്‍ന്നു. സംഘടനയുടെ കേന്ദ്ര അസി. സെക്രട്ടറി ചുമതല വഹിക്കേണ്ടി വന്നതിനാലാണ് പ്രസ്തുത ഉത്തരവാദിത്വത്തില്‍നിന്ന് മാറിനില്‍ക്കേണ്ടി വന്നത്. വിദ്യാര്‍ഥികളുടെ മാനസികവും ഇസ്‌ലാമികവുമായ വളര്‍ച്ച ലക്ഷ്യം വെച്ച്‌കൊണ്ട് സിലബസുകളും പാഠപുസ്തകങ്ങളും തയാറാക്കുന്നതില്‍ പ്രത്യേക കഴിവുണ്ടായിരുന്നു അഫ്‌സല്‍ ഹുസൈന്. പ്രസ്ഥാനം ആരംഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സിലബസും പാഠപുസ്തകവും തയാറാക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു അന്ന്. ദൈവനിഷേധത്തിനും അധാര്‍മിക പ്രവണതകള്‍ക്കും പ്രോത്സാഹനം നല്‍കുന്നതായിരുന്നു അക്കാലത്തെ പാഠപുസ്തകങ്ങള്‍ പൊതുവെ. അതിനാല്‍ ഈ രംഗത്ത് സമൂലവും സമാന്തരവുമായ പൊളിച്ചെഴുത്തിന് പ്രസ്ഥാനം മുതിര്‍ന്നു. ആ കമ്മിറ്റികളുടെ ഇന്‍ചാര്‍ജ് മരണം വരേക്കും അദ്ദേഹം വഹിച്ചു. 1990-ല്‍, ജമാഅത്ത് കേന്ദ്രത്തില്‍ വിദ്യാഭ്യാസവകുപ്പ് നിലവില്‍ വന്നശേഷമാണ് ഈ ഗ്രന്ഥങ്ങള്‍ പരിഷ്‌കരിച്ചത്. അതിനിടെ ഇടക്കാലത്ത് അവയുടെ പുനഃപരിശോധന നിര്‍വഹിച്ചതും അഫ്‌സല്‍ സാഹിബ് തന്നെയായിരുന്നു. ചരിത്രം, ഭൂമിശാസ്ത്രം, ഗണിതം, ഇംഗ്ലീഷ്, ഹിന്ദി, അറബി ഭാഷാ ഗ്രന്ഥങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും ഗ്രന്ഥങ്ങള്‍ തയാറാക്കപ്പെട്ടു. വിവിധ ക്ലാസുകളിലേക്കായി അദ്ദേഹം തയാറാക്കിയ ഗ്രന്ഥങ്ങള്‍ ജമാഅത്തേതര സ്ഥാപനങ്ങളിലെ പാഠ്യപദ്ധതികളിലും ഉള്‍പ്പെട്ടു.

അദ്ദേഹത്തിന്റെ 'ഫന്നെ തഅ്‌ലീം വതര്‍ബിയത്ത്' എന്ന മാസ്റ്റര്‍പീസ് വിദ്യാഭ്യാസ രംഗത്തെ ശാസ്ത്രീയമായി വിലയിരുത്തുന്ന ഗ്രന്ഥമാണ്. അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കുമുള്ള മാര്‍ഗദര്‍ശിയാണ് ഈ ഗ്രന്ഥം. മഹാരാഷ്ട്ര ഗവണ്‍മെന്റ് അംഗീകരിച്ച ഈ കൃതിക്കു വിവിധ ഭാഷകളില്‍ പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. ഹമാരി കിതാബ് (ആറു ഭാഗം), ഹമാരി ദുന്‍യാ, ആയീനെ താരീഖ്, തഅ്മീരി അദബ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്: മുല്‍ക് വ മില്ലത് കീ തര്‍ബിയത് കീ തഅ്മീര്‍ മേം ഉസ്‌കാ റോള്‍ ഉള്‍പ്പെടെ 75-ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്.  ഇതില്‍ ഏറ്റവും ശ്രദ്ധേയമായൊരു ഗ്രന്ഥപരമ്പരയാണ് അദ്ദേഹത്തിന്റെ ഹമാരി കിതാബ്. ഉര്‍ദുഭാഷാ പഠനം എന്നതോടൊപ്പം അതിലെ ഉള്ളടക്കത്തില്‍ വിശ്വാസം, ചരിത്രം, നര്‍മം, കഥകള്‍ തുടങ്ങി എല്ലാതലവും ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ വിദ്യാര്‍ഥികളെ ആ പാഠപുസ്തകം ഏറെ ആകര്‍ഷിച്ചു. 1950ലാണ് ഇതിന്റെ ഒന്നാം ഭാഗം പുറത്തിറങ്ങിയത്. 1958 ആവുമ്പോഴേക്ക് ആറാം ഭാഗവും പൂര്‍ത്തിയായി. ഏകദേശം 10 വര്‍ഷം പിന്നിട്ടപ്പോള്‍ സച്ചാ ദീന്‍ എന്ന പേരില്‍ ഇസ്‌ലാമിക വിഷയങ്ങള്‍ പ്രമേയമാക്കി നാല് ഭാഗങ്ങളുള്ള മറ്റൊരു ഗ്രന്ഥപരമ്പരയും അദ്ദേഹം തയാറാക്കി. ഓരോ ക്ലാസുകള്‍ക്കുവേണ്ടിയും തയാറാക്കപ്പെട്ട സപ്ലിമെന്ററി റീഡര്‍ പരമ്പരയിലെയും മിക്ക ഗ്രന്ഥങ്ങളും അഫ്‌സല്‍ ഹുസൈന്റെ രചനാ വൈഭവത്തില്‍ പിറന്നവയാണ്. ആസ്മാന്‍ കഹാനിയാം, പ്യാരെ റസൂല്‍, പ്യാരി നസ്‌മേം, മോത്തിയോം ക ഹാര്‍, ഹമാരെ നഗ്‌മേം എന്നിവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. മാത്തമാറ്റിക്‌സ് ഗ്രന്ഥപരമ്പരയിലെ ആദ്യ മൂന്ന് ഭാഗങ്ങളും അദ്ദേഹത്തിന്റെ തന്നെ സംഭാവനയാണ്. ചരിത്രത്തില്‍ ആഇനെ താരീഖ് എന്ന പേരില്‍ ജനതയുടെ ഉത്ഥാന പതനങ്ങളെക്കുറിച്ചുള്ള പാഠപുസ്തകവും അദ്ദേഹം തയാറാക്കി. പുരാതന ഇന്ത്യ(ഭാഗം ഒന്ന്), മധ്യകാല ഇന്ത്യ(രണ്ടാം ഭാഗം) എന്നിവയും അഫ്‌സല്‍ ഹുസൈന്‍ രചിച്ചു. ഹമാരി കിതാബ് കേരളത്തിലെ കലാലയങ്ങളില്‍ ഉര്‍ദു ഭാഷാധ്യാപനത്തിനുള്ള അംഗീകൃത പാഠപുസ്തകമായി സിലബസില്‍ ഇന്നും തുടര്‍ന്നുവരുന്നു.

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പുനഃസംഘാടനം മുതല്‍ ആദ്യ 20 വര്‍ഷങ്ങളില്‍ നടന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ഓര്‍ ദീനി തഅ്‌ലീമി തഹ്‌രീക് എന്ന പേരില്‍ അഫ്‌സല്‍ ഹുസൈനാണ് ക്രോഡീകരിച്ചത്. പിന്നീട് ചില കൂട്ടിച്ചേര്‍ക്കലുകളോടെ 1992 ല്‍ ഈ കൃതി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കീ തഅ്‌ലീമി കോശിശേം എന്ന പേരില്‍ പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. മുസ്‌ലിം മജ്‌ലിസെ മുശാവറ, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ബാബരി മസ്ജിദ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നീ മുസ്‌ലിം പൊതു വേദികളിലെ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം.

ജീവിതത്തില്‍ മൂന്ന് തവണ ജയില്‍വാസം വരിച്ചു. 1990 ജനുവരി ഒന്നിനായിരുന്നു 40 വര്‍ഷം കര്‍മഭൂമിയില്‍ ജ്വലിച്ചു നിന്ന ആ വിദ്യാഭ്യാസ വിചക്ഷണന്റെ വിയോഗം. സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ തമിഴ്‌നാട് ഘടകവും കര്‍ണാടക ഘടകവും അദ്ദേഹത്തിന്റെ പേരില്‍ വര്‍ഷം തോറും അഫ്‌സല്‍ ഹുസൈന്‍ എജുക്കേഷനല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 78-82
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം