ഖുര്‍ആനും കണ്ണീരും
ഹറമിന്നകലെ ചക്രവാളത്തില്‍ അസ്തമയശോഭ തീര്‍ത്തും മാഞ്ഞിരുന്നു. മസ്ജിദുല്‍ ഹറാമില്‍ മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞു. മത്വാഫിനെ ആവരണം ചെയ്യുന്ന ദൈവമന്ദിരത്തിന്റെ ശിലാസ്തൂപങ്ങളില്‍ ആയിരം വിളക്കുകള്‍ തെളിഞ്ഞു. ഇശാ നമസ്‌കാരത്തിനു മുമ്പുള്ള ഈ ഇടവേളയില്‍ മസ്ജിദിന്റെ പ്രസാദ ഗോപുരങ്ങള്‍ക്ക് താഴെയിരുന്നു ആരാധകര്‍ ഖുര്‍ആന്‍ പാരായണം ചെയ്തു. ഇടയ്ക്കിടെ അവര്‍ കഅ്ബയിലേക്ക് കണ്ണയച്ച് നെടുവീര്‍പ്പിട്ടു. സ്ത്രീകള്‍ക്കായി വേര്‍തിരിച്ച ഒരു മുഖമണ്ഡപത്തില്‍ എന്റെ മകള്‍ നിദയോടൊപ്പം ഇരിക്കയായിരുന്നു ഞാന്‍. തൊട്ടരികില്‍ എന്റെ മാതാവ് ജമീലയും ഇളയ സഹോദരി മിന്നയും ഖുര്‍ആന്‍ പാരായണം ചെയ്യുന്നുണ്ടായിരുന്നു. ഉംറ നിര്‍വ്വഹിക്കാനായി എന്റെ മാതാപിതാക്കളോടൊപ്പം എത്തിയതായിരുന്നു ഞാന്‍. നമസ്‌കാരശേഷമുള്ള ഇടവേളകളില്‍ കഅ്ബയുടെ പൂമുഖത്തിരുന്നു മകളെ ഖുര്‍ആന്‍ പാരായണം പരിശീലിപ്പിക്കുമ്പോള്‍ ലഭിച്ചിരുന്ന ആത്മസാഫല്യം അവര്‍ണ്ണനീയമായിരുന്നു. നിദ ബാല്യസഹജമായ ശബ്ദമാധുരിയില്‍ സൂറത്ത് യാസീന്‍ ഓതാന്‍ തുടങ്ങി. പരസഹസ്രം വിശ്വാസികളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ദൈവ സ്‌ത്രോത്രങ്ങളില്‍ അവളുടെ സ്വരധാര അലിഞ്ഞു ചേര്‍ന്നു. അപ്പോളായിരുന്നു വിസ്മയകരമായ ആ സംഭവം! നിനച്ചിരിക്കാതെ, ശുഭ്രവസ്ത്രധാരികളായ ഏതാനും വയോധികമാര്‍ നിദയുടെ അരികിലേക്ക് ചേര്‍ന്നിരിക്കുന്നത് ഞാന്‍ കണ്ടു. നിശ്ശബ്ദരായി അവര്‍ അവളുടെ പാരായണം ശ്രവിക്കയാണെന്നു സാവധാനത്തില്‍ ഞങ്ങള്‍ക്ക് മനസ്സിലായി. ചുറ്റും സംഭവിക്കുന്നത് അറിയാതെ ഏകാഗ്രതയോടെ നിദ യാസീന്റെ ആദ്യ സൂക്തങ്ങള്‍ ആവര്‍ത്തിച്ചു ഉരുവിട്ട്‌കൊണ്ടിരുന്നു.
'യാസീന്‍...........വല്‍ ഖുര്‍ആനില്‍ ഹകീം...ഇന്നക്ക ലമിനല്‍ മുര്‍സലീന്‍...'
പളുങ്ക്മണികള്‍ പോലെ ദൈവവചനങ്ങള്‍ അവളുടെ കൊച്ചു അധരങ്ങളില്‍ നിന്ന് ഉതിര്‍ന്നു വീണു. ആ വയോധികമാരുടെ മുഖങ്ങളിലേക്ക് അവര്‍ അറിയാതെ ഞാന്‍ നോക്കി. നിറഞ്ഞ കണ്‍തടങ്ങള്‍, വിതുമ്പാന്‍ ഒരുങ്ങുന്ന ചുണ്ടുകള്‍! എന്റെ ഹൃദയം പിടഞ്ഞു. പാരായണം തീര്‍ന്നപ്പോള്‍ അവര്‍ എന്റെ മകളെ വാരിയെടുത്തു. അവളുടെ കവിളുകളില്‍ അവര്‍ തുരുതുരാ ഉമ്മവച്ചു. വിസ്മയം പൂണ്ട എന്റെ മാതാവ് അറബി ഭാഷയില്‍ ആരാഞ്ഞു:'മിന്‍ അയ്യി ബലദിന്‍, അഖവാത്തീ?'(സഹോദരിമാര്‍ ഏതു രാജ്യത്ത് നിന്നാണ്?)
അവര്‍ക്ക് മനസ്സിലായില്ല. ഞാന്‍ ഇംഗ്ലീഷില്‍ ആവര്‍ത്തിച്ചു: what country do you come from?
എന്റെ ഇളയ സഹോദരി മിന്ന ആംഗ്യങ്ങളിലൂടെ വിശദീകരിച്ചു: we from India....you from?
അവരില്‍ താരതമ്യേന പ്രായം കുറഞ്ഞ വയോധിക പറഞ്ഞു:'ഉസ്‌ബെകിസ്താന്‍'. ഇതോടെ വേദനാജനകമായ ഒരു കഥയുടെ ചുരുളുകള്‍ നിവര്‍ന്നു. ഇശാ നമസ്‌കാരശേഷം താമസസ്ഥലത്തേക്കു തിരിക്കവെ എന്റെ പിതാവായിരുന്നു ആ കഥ ഞങ്ങള്‍ക്ക് പറഞ്ഞു തന്നത്. ആ കഥ ഇങ്ങനെ വായിക്കാം.
പ്രവാചകന്റെ വിയോഗശേഷം ഒരു ശതാബ്ദത്തിനകം ഇസ്‌ലാം ഉസ്‌ബെകിസ്താനില്‍ എത്തി. ഇസ്‌ലാമിക ശാസ്ത്രങ്ങളുടെ ആസ്ഥാന നഗരിയായി. ലോകത്തിലെ തന്നെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നായി സമര്‍ഖന്ദ് വളര്‍ന്നു. ഇമാം ബുഖാരിക്കും ഇമാം തിര്‍മിദിക്കും ജന്മമേകിയ പ്രവിശ്യ. നിക്കോളായ് കോപ്പര്‍നിക്കസിന്റെ ഗോളശാസ്ത്ര സിദ്ധാന്തങ്ങള്‍ക്ക് അടിത്തറ പാകിയ ബൃഹത്ഗ്രന്ഥങ്ങള്‍ രചിച്ച അലിഖുശ്ജിയെ പോലുള്ള ശാസ്ത്രകാരന്മാരെ വളര്‍ത്തിയെടുത്ത സാംസ്‌കാരിക നഗരി,അതായത് ഉസ്‌ബെകിസ്താന്‍. ആയിരക്കണക്കില്‍ പള്ളികള്‍, ഇസ്‌ലാമിക അധ്യയനത്തിന്റെ പരസഹസ്രം വിദ്യാപീഠങ്ങള്‍,ഖുര്‍ആനിക വിജ്ഞാനീയങ്ങളുടെ ബൃഹത്തായ ഗ്രന്ഥശാലകള്‍ ഇതൊക്കെ ഉസ്‌ബെകിസ്താന്റെ സവിശേഷതകള്‍ ആയിരുന്നു. ഖുര്‍ആനോടുള്ള സ്‌നേഹം ഉസ്‌ബെക്കുകള്‍ പല രീതികളില്‍ പ്രകടിപ്പിച്ചു. തൈമൂറിന്റെ ഭരണകാലത്ത് കൊട്ടാര ശില്‍പിയായിരുന്ന ഉമര്‍ ആഖ്ത വിശുദ്ധ ഖുര്‍ആന്റെ മുഴുവന്‍ അധ്യായങ്ങളും ഒരു മുദ്രമോതിരത്തില്‍ കൊത്തിവെച്ചു. കമ്മ്യൂണിസത്തിന്റെ ആഗമനം ജനകീയ വിപ്ലവമായിരുന്നില്ല, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ക്രൂരമായ അട്ടിമറി ആയിരുന്നു. ഈ അട്ടിമറിയില്‍ ഉസ്‌ബെക്കിസ്താന്‍ ഒരു സോവിയറ്റ് റിപ്പബ്ലിക് ആയി മാറി. വിശുദ്ധ ഖുര്‍ആന്റെ പ്രതികള്‍ മുഴുവന്‍ പിടിച്ചെടുത്തു സോവിയറ്റ് ഭരണകൂടം ചുട്ടുകരിച്ചു. പള്ളികളും മദ്രസകളും തൊഴില്‍ ശാലകളോ കലാകേന്ദ്രങ്ങളോ ആയി പരിവര്‍ത്തിപ്പിക്കപ്പെട്ടു. മതപണ്ഡിതന്മാരും ഖുര്‍ആന്‍ അധ്യാപകരും നാട് കടത്തപ്പെടുകയോ വധിക്കപ്പെടുകയോ നിര്‍ബന്ധ തൊഴിലിനായി വിധിക്കപ്പെടുകയോ ചെയ്തു. ഖുര്‍ആന്റെ പ്രതികള്‍ വീടുകളില്‍ സൂക്ഷിക്കുന്നതും പാരായണം ചെയ്യുന്നതും നിരോധിക്കപ്പെട്ടു.
ഒരു തലമുറ മുഴുവന്‍ ഉസ്‌ബെകിസ്താനില്‍ ഖുര്‍ആന്‍ കാണുവാനോ പാരായണം ചെയ്യുവാനോ ഭാഗ്യമില്ലാതെ ജീവിച്ചു. ഖുര്‍ആന്‍ മനഃപാഠമുള്ള ഏതാനും വൃദ്ധന്മാരുടെ അധരങ്ങളില്‍ നിന്ന് കുറച്ചുപേര്‍ രഹസ്യമായി ഖുര്‍ആന്‍ ശ്രവിച്ചതൊഴിച്ചാല്‍, ദൈവം മനുഷ്യകുലത്തിനു നല്‍കിയ അവസാന വേദം ഉസ്‌ബെക്കുകള്‍ക്ക് അന്യമായി. മരണത്തിനു മുമ്പ് ഖുര്‍ആന്റെ ഒരു പ്രതി കണ്ണുകൊണ്ട് കാണാനുള്ള ജന്മാഭിലാഷം സാക്ഷാത്ക്കരിക്കപ്പെടാതെ എത്രയോ ജനങ്ങള്‍ ഉസ്‌ബെക് ഭൂമിയില്‍ നിന്ന് ലോകത്തോട് വിട പറഞ്ഞു പോയി.
ഏഴു പതിറ്റാണ്ടുകള്‍ നീണ്ട ആ തമോയുഗത്തില്‍ ജീവിച്ച തലമുറയിലെ അവശേഷിക്കുന്ന അംഗങ്ങളില്‍ ചിലരായിരുന്നു കഅ്ബയുടെ മുറ്റത്തു ഞങ്ങള്‍ക്കരികിലിരുന്നു കണ്ണീര്‍ വാര്‍ത്തത്. ഖുര്‍ആന്‍ പാരായണം ചെയ്യാനറിയാത്ത അവര്‍ എന്റെ മാതാവിന്റെ കയ്യില്‍ നിന്ന് മുസ്ഹഫ് വാങ്ങി അതില്‍ മുഖം അമര്‍ത്തി ഏറെ നേരം ഇരുന്നു. ഖുര്‍ആന്‍ കാണുവാനോ ശ്രവിക്കുവാനോ വായിക്കുവാനോ ഭാഗ്യമില്ലാതെ ഈ ഭൂമുഖത്ത് നിന്ന് വിരമിച്ചുപോയ പ്രിയപ്പെട്ടവരെ ഓര്‍ക്കാന്‍ എന്റെ കൊച്ചു മകള്‍ അവര്‍ക്ക് കാരണമായിരിക്കണം. ഇശാ നമസ്‌കാരശേഷം പരസ്പരം ആലിംഗനം ചെയ്ത ഞങ്ങള്‍ അവരുമായി പിരിഞ്ഞു. കഥ കേട്ട് എന്റെ ഇളയ സഹോദരന്‍ തന്‍സീല്‍ കണ്ണു തുടക്കുമ്പോള്‍ ഞങ്ങളുടെ പിതാവ് കൂട്ടിച്ചേര്‍ത്തു: 'കമ്മ്യൂണിസവും സോവിയറ്റ് യൂണിയനും ചരിത്രത്തിന്റെ ശ്മശാനത്തില്‍ സ്വയം കുഴിച്ചു മൂടപ്പെട്ടു. സ്രഷ്ടാവായ അല്ലാഹുവിന്റെ വാഗ്ദാനം നിതാന്തമായി അലയൊലി കൊണ്ടു: ഇന്നാ നഹ്‌നു നസ്സല്‍നദ്ദിക്‌റ വ ഇന്നാ ലഹു ല ഹാഫിളൂന്‍' (നാം ആണ് ഈ വേദം അവതരിപ്പിച്ചത്, നാം ആണ് അതിനെ സംരക്ഷിക്കുന്നത്'-15/9)
പരിഭാഷ: പി.എം.എ ഖാദര്‍
Comments