പാര്‍ലമെന്ററി നാണക്കേട്
രാജ്യം പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലെത്തിയിരിക്കുകയാണ്. രാഷ്ട്രീയ കക്ഷികളില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുന്നു. ജൂണ്‍ മാസം പുതിയ ലോക്‌സഭ നിലവില്‍ വരേണ്ടതിനാല്‍ അടുത്ത ഏപ്രില്‍-മെയ് മാസങ്ങളിലായി വോട്ടെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമീഷന്‍ തീരുമാനിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലായി വിശേഷിപ്പിക്കപ്പെടുന്ന സ്ഥാപനമാണ് പാര്‍ലമെന്റ്. ഇന്ത്യന്‍ ജനതയുടെ സ്വപ്നങ്ങള്‍ പ്രതിഫലിപ്പിക്കുകയും സാക്ഷാത്കരിക്കാന്‍ വഴിതേടുകയും ചെയ്യുന്ന അത്യുന്നത കേന്ദ്രം. നിയമനിര്‍മാണ സഭാംഗങ്ങളിലൂടെ പ്രതിധ്വനിക്കേണ്ടത് ജനങ്ങളുടെ ആശകളും അഭിലാഷങ്ങളുമാണ്. ജനക്ഷേമത്തിന്റെയും പുരോഗതിയുടെയും മാര്‍ഗങ്ങളാസൂത്രണം ചെയ്യുകയും അത് സാക്ഷാത്കരിക്കാനാവശ്യമായ നിയമങ്ങള്‍ നിര്‍മിക്കുകയുമാണ് ജനപ്രതിനിധി സഭകളുടെ ചുമതല. ഭരണകക്ഷി അംഗങ്ങള്‍ സര്‍ക്കാറിന്റെ നിലപാടുകളെയും നടപടികളെയും, പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുമ്പോള്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയും തിരുത്താന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നു. ഇരു കൂട്ടരും അവരവരുടെ ചുമതല മുറക്ക് നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജനങ്ങള്‍ക്ക് വേണ്ടിയുള്ള ജനങ്ങളുടെ ഭരണം എന്ന സങ്കല്‍പം യാഥാര്‍ഥ്യമാകുന്നത്. രാജ്യസ്‌നേഹവും ജനസേവന താല്‍പര്യവും ഭരണതന്ത്രജ്ഞതയുമാണ് ജനപ്രതിനിധികളാകാനുള്ള യോഗ്യത.
സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ദശകങ്ങളില്‍ കുറയൊക്കെ ഈ രീതിയില്‍ തന്നെയാണ് ജനപ്രതിനിധിസഭകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ക്രമേണ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ഇന്ന് ഒരു മുന്നണിയോ പാര്‍ട്ടിയോ ഭരണകക്ഷിയാകുന്നത് സ്വേഛാനുസാരം ഭരിക്കാനാണ്. അവരുടെ നടപടികള്‍ ഭൂരിപക്ഷം പൗരന്മാര്‍ അംഗീകരിക്കുന്നുണ്ടോ, അവര്‍ക്ക് ഗുണകരമാണോ എന്നതൊന്നും പ്രശ്‌നമല്ല. ഭൂരിപക്ഷം ജനപ്രതിനിധികളുടെ അംഗീകാരം ലഭിക്കാനിടയില്ലാത്ത നിയമങ്ങള്‍ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ഓര്‍ഡിനന്‍സിലൂടെ നടപ്പിലാക്കുന്നു. ഭരണപക്ഷത്തിന്റെ ഏതു നടപടിയും കണ്ണടച്ചെതിര്‍ക്കുക എന്നതായിരിക്കുന്നു പ്രതിപക്ഷ ധര്‍മം. അതുകൊണ്ട് സഭാ നടപടികള്‍ നിരന്തരം തടസ്സപ്പെടുന്നു. 2012 മെയ് മുതല്‍ 2013 മെയ് വരെ 12000 തവണയാണ് സഭ തടസ്സപ്പെട്ടതെന്ന് സര്‍ക്കാര്‍ പറയുന്നു. 110 തവണ സ്തംഭനത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെക്കേണ്ടിയും വന്നു. വര്‍ഷത്തില്‍ നൂറ് ദിവസമെങ്കിലും സഭ ചേരണമെന്നാണ് ചട്ടം. ആദ്യകാല പാര്‍ലമെന്റുകള്‍ 127 ദിവസം വരെ സമ്മേളിച്ചിരുന്നു. എന്നാല്‍ 2009-2014 കാലത്ത് ലോക്‌സഭാ പ്രവര്‍ത്തനത്തിന്റെ 77 ശതമാനവും രാജ്യസഭയുടെ 72 ശതമാനവും നഷ്ടമായി. 2013-ല്‍ ലോക്‌സഭ പ്രവര്‍ത്തിച്ചത് 37 ദിവസം മാത്രം. 129 ബില്ലുകള്‍ അവതരിപ്പിക്കാന്‍ ബാക്കിവെച്ചുകൊണ്ടാണ് 15-ാം ലോക്‌സഭ അവസാനിക്കുന്നത്. ഇതില്‍ 73 എണ്ണം അടുത്ത ലോക്‌സഭ വരുമ്പോഴേക്കും കാലഹരണപ്പെടും. സഭ പരിഗണിച്ച ബില്ലുകള്‍ 35 ശതമാനവും ഒരു മണിക്കൂറോ അതില്‍ കുറവോ സമയം ചര്‍ച്ച ചെയ്താണ് പാസ്സാക്കിയത്. അതിനു തന്നെ 12 എം.പിമാരെ പുറത്താക്കേണ്ടിവന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ബഹുകോടി പാവങ്ങളുടെ ആഹാര ലഭ്യതയുമായി ബന്ധപ്പെട്ട സുപ്രധാനമായ ഭക്ഷ്യ സുരക്ഷാ ബില്ലില്‍ ചര്‍ച്ച നടന്നത് കേവലം 18 മിനിറ്റാണ്. യു.എ.പി.എ പോലുള്ള അതീവ ഗൗരവമുള്ള ചില നിയമങ്ങള്‍ ഒട്ടും ചര്‍ച്ച ചെയ്യാതെയും പാസ്സാക്കപ്പെട്ടു.
കണ്ണിലും മൂക്കിലും മുളകുപൊടി വിതറുക, ക്ലോറോഫോം മണപ്പിക്കുക, കത്തി കാട്ടുക ഇതൊക്കെ തെരുവിലെ പിടിച്ചുപറിക്കാരും മാഫിയാ സംഘങ്ങളും ആളുകളെ കൊള്ളയടിക്കാന്‍ പ്രയോഗിക്കുന്ന നികൃഷ്ട തന്ത്രങ്ങളാണ്. ഇതേ തന്ത്രങ്ങളാണ് ഈയിടെ ബില്ലുകള്‍ പിടിച്ചു പറിക്കാനും പ്രസംഗം തടയാനും നടപടികള്‍ സ്തംഭിപ്പിക്കാനുമൊക്കെ പാര്‍ലമെന്റില്‍ അരങ്ങേറിയത്. നമ്മുടെ ബഹുമാനപ്പെട്ട എം.പിമാരുടെ സാംസ്‌കാരിക നിലവാരവും ഗുണ്ടാ നിലവാരവും തമ്മില്‍ അന്തരമില്ലെന്നാണിത് കുറിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പാര്‍ലമെന്റ് ലോകത്തിലെ ഏറ്റം നാണം കെട്ട പാര്‍ലമെന്റായിരിക്കുകയാണ്. എങ്ങനെ ആകാതിരിക്കും? വലിയൊരു വിഭാഗം എം.പിമാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. പകുതിയോളം പേര്‍ കോടീശ്വരന്മാരും. ഈ രണ്ടു കൂട്ടര്‍ക്കും ജനങ്ങളോടും ജനാധിപത്യത്തോടും പ്രതിബദ്ധതയുണ്ടാകേണ്ട കാര്യമില്ല. സ്വന്തം താല്‍പര്യങ്ങളോടു മാത്രമാണവരുടെ പ്രതിബദ്ധത. അത് നേടിയെടുക്കാനാണവര്‍ കോടികള്‍ മുടക്കി പാര്‍ലമെന്റിലെത്തുന്നത്. പാര്‍ലമെന്റില്‍ നടക്കുന്ന കോപ്രായങ്ങള്‍ ജനം വീടകങ്ങളിലിരുന്ന് നിത്യവും കാണുന്നുണ്ട്. ഒരു പ്രബുദ്ധ ജനതയില്‍ നിന്നുയരേണ്ട പ്രതിഷേധം അവരില്‍ നിന്ന് ഉയരുന്നില്ല. അത് പാര്‍ലമെന്റിനെ കൈയാങ്കളിക്കളമാക്കുന്നവര്‍ക്ക് പ്രോത്സാഹനമാവുകയാണ്. പാര്‍ലമെന്റിനു വേണ്ടി നാം പാഴാക്കുന്ന സമ്പത്ത് എത്രയാണെന്നു കൂടി ഓര്‍ക്കണം. 543 എം.പിമാരെ തെരഞ്ഞെടുക്കാന്‍ മാത്രം ചെലവ് പതിനായിരം കോടി രൂപയാണ്. എം.പിമാരുടെ പ്രതിവര്‍ഷ വേതനം 245 കോടി. സഭ സമ്മേളിക്കാന്‍ മിനിറ്റൊന്നിന് ചെലവ് രണ്ടര ലക്ഷം രൂപ. സഭക്കകത്ത് പരസ്പരം പോര്‍വിളിക്കാനും മല്ലയുദ്ധം നടത്താനുമാണോ പാവപ്പെട്ട ഇന്ത്യന്‍ ജനത ഇത്രയേറെ പണം ചെലവഴിച്ച് ഈ സഭ നടത്തിക്കൊണ്ടുപോകുന്നതെന്ന് ഇനിയെങ്കിലും പൗരബോധമുള്ളവര്‍ ഉണര്‍ന്ന് ചിന്തിക്കണം.
ജനപ്രതിനിധികള്‍ ജനകീയ താല്‍പര്യങ്ങളില്‍ നിന്നകലുമ്പോള്‍ ജനാധിപത്യത്തിന് അതിന്റെ ആത്മാവ് നഷ്ടപ്പെടുകയാണ്. ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കാനും പ്രവര്‍ത്തിക്കാനും നിയുക്തരാണ് തങ്ങളെന്ന വിചാരം ജനപ്രതിനിധികള്‍ക്കുണ്ടാവണം. ജനപ്രതിനിധികള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തങ്ങള്‍ക്കു വേണ്ടിത്തന്നെയാണോ എന്ന് ജനങ്ങള്‍ പരിശോധിക്കുകയും വേണം. രണ്ടു കൂട്ടര്‍ക്കും ഈ വിചാരമില്ല എന്നതാണ് ഇന്നത്തെ ദുരവസ്ഥ. ജനങ്ങള്‍ വിചാരിച്ചാലേ ഈ അവസ്ഥക്കറുതി വരൂ. മൂല്യപ്രതിബദ്ധതയും ധാര്‍മികതയും ഉത്തരവാദിത്തബോധവും ജനക്ഷേമ താല്‍പര്യവുമില്ലാത്തവരെ പാര്‍ലമെന്റിലേക്കയക്കില്ല എന്ന് അവര്‍ തീരുമാനിക്കണം. നിയമനിര്‍മാണസഭകളുടെ സുഗമമായ നടത്തിപ്പിന് നിയമം കൊണ്ടുവരണമെന്ന് 2012-ല്‍ കേരള നിയമസഭയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് പ്രണാബ് കുമാര്‍ മുഖര്‍ജി പ്രസ്താവിക്കുകയുണ്ടായി. പാര്‍ലമെന്റോ നിയമസഭകളോ ഇന്നേവരെ ആ വഴിക്ക് ഒരു ശ്രമവും നടത്തിയിട്ടില്ല. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ നിയമനിര്‍മാണസഭകളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ കോടതി നടത്തിയ നീക്കം പോലും പരാജയപ്പെടുത്താനാണ് പാര്‍ലമെന്റ് ശ്രമിച്ചത്. ഇന്ത്യന്‍ പാര്‍ലമെന്റ് നാണക്കേടിന്റെ പാതാളത്തിലെത്തിയിരിക്കുന്നുവെന്ന് 2008-ല്‍ അന്നത്തെ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പറയുകയുണ്ടായി. നാണക്കേടിന് പാതാളത്തിനപ്പുറവും ചക്രവാളമുണ്ടെന്നാണ് പിന്നീട് വന്ന 15-ാം ലോക്‌സഭ തെളിയിച്ചത്. പാര്‍ലമെന്റില്‍ തങ്ങളെ പ്രതിനിധീകരിക്കേണ്ടത് എങ്ങനെയുള്ള വ്യക്തിത്വങ്ങളായിരിക്കണമെന്ന്, ആസന്നമായ വോട്ടെടുപ്പില്‍ സമ്മതിദായകര്‍ അവധാനതയോടെ ആലോചിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ 16-ാം ലോക്‌സഭ നാണക്കേടിന്റെ ഗോളാന്തരങ്ങള്‍ കീഴടക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.
Comments