Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 14

പെണ്‍കുട്ടിയുടെ സമ്മതമില്ലാത്ത വിവാഹം

ഡോ. യൂസുഫുല്‍ ഖറദാവി /പ്രശ്‌നവും വീക്ഷണവും

പ്രായപൂര്‍ത്തിയാകാത്ത മകളെ അവളുടെ അനുവാദം കൂടാതെ രക്ഷിതാക്കള്‍ക്ക് വിവാഹം ചെയ്തുെകാടുക്കാന്‍ അവകാശമുണ്ട് എന്ന് ഇമാം ശാഫിഈ(റ) അഭിപ്രായപ്പെട്ടതായി ഒരു മാസികയില്‍ വായിച്ചു. ഈ അഭിപ്രായം ശരിയാണെങ്കില്‍ അത് സ്ത്രീയുടെ അനുവാദം ചോദിക്കണമെന്ന ഇസ്‌ലാമിക നിബന്ധനകളോട് യോജിക്കുന്നുണ്ടോ?

ഈ ചോദ്യത്തിന്റെ മറുപടിക്ക് മുമ്പ് ചില അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്.
1. ഏത് പണ്ഡിതന്റെയും (മുജ്തഹിദ്) അഭിപ്രായം ശരിയാകാനും തെറ്റാകാനും സാധ്യതയുണ്ട് എന്നത് ഒരു അടിസ്ഥാന തത്ത്വമാണ്. പാപസുരക്ഷിതത്വം നല്‍കപ്പെട്ട പ്രവാചകന്റേതല്ലാത്ത എല്ലാവരുടെയും അഭിപ്രായം സ്വീകരിക്കാനും തള്ളാനും അവകാശമുണ്ട്. മുസ്‌ലിം പണ്ഡിതവര്യരില്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന വ്യക്തിത്വമാണ് ഇമാം ശാഫിഈ. പക്ഷേ പാപസുരക്ഷിതത്വമില്ലാത്ത മനുഷ്യനാണ് അദ്ദേഹവും. തന്റെ അഭിപ്രായത്തെ കുറിച്ച് അദ്ദേഹം തന്നെ വ്യക്തമാക്കുന്ന ഒരു പ്രസ്താവനയുണ്ട്. 'എന്റെ അഭിപ്രായം തെറ്റാകാന്‍ സാധ്യതയുള്ള ശരിയാണ്; മറ്റുള്ളവരുടേത് ശരിയാകാന്‍ സാധ്യതയുള്ള തെറ്റുമാണ്.' ഞാന്‍ അഭിപ്രായം പറഞ്ഞ വിഷയത്തില്‍ ഒരു ഹദീസ് ശരിയായി ലഭിച്ചാല്‍ അത് തന്നെയാണ് എന്റെ അഭിപ്രായം, പിന്നീട് എന്റെ അഭിപ്രായത്തെ നിങ്ങള്‍ വലിച്ചെറിയുക എന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.
2. മുജ്തഹിദുകളുടെ അഭിപ്രായത്തെ ചരിത്ര പശ്ചാത്തലത്തില്‍ വിവരിക്കുന്നതാണ് അവരോട് ചെയ്യുന്ന നീതി. കാരണം ഏതൊരു മുജ്തഹിദും തന്റെ കാലത്തോടും ചുറ്റുപാടിനോടുമാണ് സംവദിക്കുന്നത്. വിവാഹം ചെയ്യുന്ന ആളെ കുറിച്ചു വീട്ടുകാര്‍ പറയുന്നത് കേള്‍ക്കുക മാത്രം പരിചയിച്ച സ്ത്രീകളുള്ള കാലത്താണ് ഇമാം ശാഫിഈ ജീവിച്ചത്. അതിനാലാണ് പിതാക്കന്മാര്‍ക്ക് പെണ്‍കുട്ടിയുടെ അനുവാദം കൂടാതെ വിവാഹം ചെയ്തുകൊടുക്കാനുള്ള അവകാശം അദ്ദേഹം നല്‍കിയത്. അവള്‍ക്കനുയോജ്യമായ ഇണയെ തെരഞ്ഞെടുക്കുന്നതിലും അവളുടെ നന്മയിലും രക്ഷിതാവിനുള്ള പ്രത്യേക താല്‍പര്യത്തെ മുന്‍നിര്‍ത്തിയുമാണിത്.
സ്ത്രീകള്‍ വൈജ്ഞാനികമായും സാംസ്‌കാരികമായും ഇന്നത്തെപ്പോലെ പുരോഗമിക്കുകയും തന്റെ ഇണയെ തെരഞ്ഞെടുക്കാനുള്ള പക്വതയും പാകതയും അവള്‍ കൈവരിക്കുകയും അവളുടെ തൃപ്തിയില്ലാതെ വിവാഹം ചെയ്തുകൊടുത്താല്‍ ഇരുവരുടെയും നരകീയ ജീവിതത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിലാണ് ഇമാം ശാഫിഈ ഉണ്ടായിരുന്നതെങ്കില്‍, ജീവിച്ചിരുന്ന കാലത്ത് തന്നെ തന്റെ നിരവധി വീക്ഷണങ്ങള്‍ നവീകരിച്ചതുപോലെ ഈ വിഷയത്തിലുള്ള നിലപാടും അദ്ദേഹം മാറ്റുമായിരുന്നു. ഇമാം ശാഫിഈക്ക് രണ്ട് മദ്ഹബുകളുണ്ട്. ഒന്ന്, ഈജിപ്തിലേക്ക് പോകുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ ആദ്യകാല വീക്ഷണങ്ങളാണ്. രണ്ട്, ഈജിപ്തിലെത്തി സ്ഥിര താമസമാക്കിയ ശേഷം അദ്ദേഹം പ്രകടിപ്പിച്ച പുതിയ വീക്ഷണങ്ങള്‍. ഈജിപ്തില്‍ വെച്ച് മുമ്പ് കേട്ടിട്ടില്ലാത്ത പല കാര്യങ്ങളും അദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിനാലാണ്, ഇമാം ശാഫിഈയുടെ ഗ്രന്ഥങ്ങളില്‍ പഴയ വീക്ഷണം, പുതിയ വീക്ഷണം എന്നീ പരാമര്‍ശങ്ങള്‍ കാണുന്നത്.
3. കന്യകയായ മകളെ അവളുടെ അനുവാദമില്ലാതെ വിവാഹം ചെയ്തുകൊടുക്കുന്നതിന് ഇമാം ശാഫിഈ ചില നിബന്ധനകള്‍ വെച്ചിട്ടുണ്ട്.
1. അവളുടെ ഉമ്മയെ ത്വലാഖ് ചൊല്ലിയത് പോലെയുള്ള കാരണത്താല്‍ അവര്‍ക്കിടയില്‍ പ്രകടമായ ശത്രുത ഉണ്ടാകാതിരിക്കുക. 2. സാമൂഹികപദവിയിലും വിദ്യാഭ്യാസത്തിലും അവളോട് ഏകദേശം തുല്യത പാലിക്കുന്നയാള്‍ക്കാണ് വിവാഹം ചെയ്തുകൊടുക്കേണ്ടത്. 3. നാട്ടിലെ സമ്പ്രദായമനുസരിച്ചുള്ള മാന്യമായ മഹര്‍ നല്‍കുക. 4. വയോവൃദ്ധന്‍, അന്ധന്‍ തുടങ്ങി അവള്‍ക്ക് സഹവാസം ബുദ്ധിമുട്ടുള്ളവരാകാതിരിക്കുക.
ഈ നിബന്ധനകളില്‍ നിന്നു തന്നെ നിര്‍ബന്ധിച്ചുള്ള വിവാഹം എന്നതില്‍ നിന്ന് നിരവധി ഇളവുകള്‍ ലഭിക്കുന്നതായി കാണാം.
യുവതികളെ അവരുടെ അനുവാദവും സമ്മതവുമില്ലാതെ വിവാഹത്തിന് നിര്‍ബന്ധിക്കരുത് എന്നതിന് പ്രബലമായ നിരവധി ഹദീസുകള്‍ ഉണ്ട്. പ്രവാചകന്‍(സ) അരുളി: 'കന്യകയെ അവളുടെ അനുവാദം ലഭിക്കുന്നതുവരെ നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കരുത്.' അവളുടെ സമ്മതത്തിന്റെ രീതി എപ്രകാരമാണെന്ന് അവര്‍ ചോദിച്ചു. 'അവളുടെ അനുവാദം മൗനസമ്മതമാണ്.' വിധവയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം അവള്‍ക്ക് തന്നെയാണ്, എന്നാല്‍ കന്യകയോട് പിതാവ് അനുവാദം ചോദിക്കണം.
ആഇശ(റ)യില്‍ നിന്ന് നിവേദനം: ഒരു യുവതി ആഇശ(റ)യുടെ അടുത്ത് വന്നു പറഞ്ഞു: 'എന്റെ പിതാവ് അദ്ദേഹത്തിന്റെ സഹോദര പുത്രന്റെ സ്വഭാവദൂഷ്യം മാറ്റുക എന്ന ലക്ഷ്യത്തോടെ എന്നെ നിര്‍ബന്ധിച്ചുകൊണ്ട് അവന് വിവാഹം ചെയ്തുകൊടുത്തു. പ്രവാചകന്‍(സ) വരുന്നതു വരെ അവിടെ തന്നെ ഇരിക്കാന്‍ ആഇശ(റ) അവരോട് ആവശ്യപ്പെട്ടു. പ്രവാചകനെത്തിയപ്പോള്‍ ആഇശ അവള്‍ പറഞ്ഞ വിവരം അറിയിച്ചു. ഉടന്‍ പ്രവാചകന്‍ അവളുടെ പിതാവിനെ വിളിപ്പിച്ച് കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം അവള്‍ക്കു നല്‍കി. അപ്പോള്‍ അവള്‍ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, എന്റെ പിതാവ് എനിക്ക് നിശ്ചയിച്ചുതന്നത് തന്നെ എനിക്ക് മതി. പക്ഷേ, മക്കളുടെ കാര്യത്തില്‍ അവരുടെ അനുവാദമില്ലാതെ പിതാക്കന്മാര്‍ക്ക് തീരുമാനമെടുക്കാന്‍ അവകാശമില്ല എന്ന് ജനങ്ങളെ പഠിപ്പിക്കുക എന്നതു മാത്രമാണ് എന്റെ ഉദ്ദേശ്യം.'
ഇബ്‌നു അബ്ബാസ് നിവേദനം ചെയ്ത ഹദീസില്‍ വന്നതു പോലെ അവള്‍ കന്യക ആകാനാണ് സാധ്യത എന്നാണ് സുബുലുസ്സലാമില്‍ വിവരിച്ചിട്ടുണ്ട്. അവളുടെ സംസാരത്തില്‍ നിന്ന് കന്യകയാണെന്ന് മനസ്സിലാകുന്നുണ്ട്. വിധവയാണെങ്കില്‍ 'മക്കളുടെ കാര്യത്തില്‍ അവരുടെ അനുവാദമില്ലാതെ പിതാക്കന്മാര്‍ക്ക് തീരുമാനമെടുക്കാന്‍ അവകാശമില്ല എന്ന് ജനങ്ങളെ പഠിപ്പിക്കുകയാണ് എന്റെ ഉദ്ദേശ്യം' എന്നു പറയേണ്ട ആവശ്യമില്ലായിരുന്നു.
രക്ഷിതാക്കള്‍ക്കോ പിതാക്കന്മാര്‍ക്കോ സ്ത്രീകളുടെ മേല്‍ നിര്‍ബന്ധം ചെലുത്താന്‍ കഴിയാത്തവണ്ണം സ്ത്രീകള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ അല്ലാഹു നല്‍കിയ അവകാശത്തെ ദീര്‍ഘദൃഷ്ടിയോടെ സന്ദര്‍ഭോചിതം പ്രകാശിപ്പിക്കുകയായിരുന്നു ആ മഹതി ചെയ്തത്.
ഇമാം ശൗകാനി നൈലുല്‍ ഔത്വാറില്‍ രേഖപ്പെടുത്തുന്നു: 'കന്യകയുടെ അനുവാദമില്ലാതെ വിവാഹം ചെയ്തുകൊടുത്താല്‍ വിവാഹം സാധുവാകുകയില്ല എന്നാണ് ഹദീസുകളുടെ പ്രത്യക്ഷാര്‍ഥത്തില്‍ നിന്ന് മനസ്സിലാകുന്നത്.' ഇമാം ഔസാഈ, സൗരി എന്നിവരും ഇതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചിട്ടുള്ളത്.
ഇമാം ഇബ്‌നു തൈമിയ അദ്ദേഹത്തിന്റെ ഫതാവയില്‍ വിവരിക്കുന്നു: 'പ്രായപൂര്‍ത്തിയെത്തിയ കന്യകയുടെ അനുവാദം വാങ്ങുക എന്നത് പിതാവിന്റെ നിര്‍ബന്ധ ബാധ്യതയാണ്. ശരിയായ തീരുമാനമാണെങ്കിലും അവളെ വിവാഹത്തിന് നിര്‍ബന്ധിക്കാന്‍ അനുവാദമില്ല.' ഇമാം അഹ്മദില്‍ നിന്നും അബൂ ഹനീഫയില്‍ നിന്നും ഇതേ അഭിപ്രായം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നിര്‍ബന്ധത്തെ ചെറുപ്പവുമായിട്ടാണ് ചിലര്‍ ബന്ധിപ്പിക്കുന്നത്. എന്നാല്‍ പ്രായപൂര്‍ത്തിയെത്തിയ കന്യകയെ നിര്‍ബന്ധിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. കാരണം കന്യകയുടെ അനുവാദം തേടണമെന്നത് പ്രബലമായ ഹദീസുകളാല്‍ സ്ഥിരപ്പെട്ടതാണ്.
പ്രായപൂര്‍ത്തിയും വിവേകവുമെത്തിയാല്‍ അവളുടെ ധനം അനുവാദമില്ലാതെ വിനിമയം ചെയ്യാന്‍ പിതാവിന് അവകാശമില്ല. അവളുടെ വിവാഹ തീരുമാനം എന്നത് സമ്പത്തിനേക്കാള്‍ പ്രധാനപ്പെട്ടതാണ് എന്നിരിക്കെ അവളുടെ സമ്മതമില്ലാതെ എങ്ങനെയാണ് നിര്‍ബന്ധിക്കാന്‍ കഴിയുക?
തനിക്ക് വേണ്ടി കണ്ടുവെച്ച പുരുഷന്‍ അനുയോജ്യനാണെന്ന് പെണ്ണ് കരുതുന്നു, എന്നാല്‍ പിതാവിന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്, എങ്കില്‍ അവളുടെ അഭിപ്രായമോ പിതാവിന്റെ അഭിപ്രായമോ പരിഗണിക്കേണ്ടത് എന്നതില്‍ ശാഫിഈ, അഹ്മദ് എന്നീ മദ്ഹബുകള്‍ക്കിടയില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്. 'വിധവയുടെ കാര്യത്തില്‍ രക്ഷിതാവിനേക്കാള്‍ അവകാശപ്പെട്ടത് അവള്‍ തന്നെയാണ്, കന്യകയോട് അനുവാദം ചോദിക്കണം, അവളുടെ അനുവാദം മൗനമാണ്' എന്ന ഹദീസില്‍ നിന്ന് ചിലര്‍ 'വിധവക്ക് രക്ഷിതാവിനേക്കാള്‍ അര്‍ഹതയുള്ള'തില്‍ നിന്ന് കന്യകയുടെ കാര്യത്തില്‍ രക്ഷിതാവിനാണ് കൂടുതല്‍ അവകാശം എന്നു ചേര്‍ത്ത് വായിക്കണം എന്ന് അഭിപ്രായപ്പെടുന്നു. നിര്‍ബന്ധിച്ചു വിവാഹം ചെയ്യിക്കാം എന്നഭിപ്രായമുള്ളവരുടെ തെളിവാണിത്. അവര്‍ ഹദീസിന്റെ പദങ്ങളും ബാഹ്യാര്‍ഥവും ഉപേക്ഷിച്ചുകൊണ്ട് അഭിസംബോധന തെളിവായി സ്വീകരിച്ചിരിക്കുകയാണ്. രണ്ടാമതായി 'വിധവയോട് അനുവാദം ചോദിക്കണം' എന്നതില്‍ നിന്ന് അനുവാദം നിര്‍ബന്ധമില്ല, ഐഛികമാണ് എന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. മൗനം മാത്രം മതി എന്നത് ഐഛികത്തെ കുറിക്കുന്നു എന്നും അനുവാദം ചോദിക്കല്‍ മാത്രമേ നിര്‍ബന്ധമുള്ളൂ എന്നും ശാഫിഈയും ഹമ്പലി മദ്ഹബിലെ ചിലരും അഭിപ്രായപ്പെടുന്നു.
പക്ഷേ ഇത് മുസ്‌ലിംകളുടെ ഏകോപിച്ച അഭിപ്രായത്തിനും പ്രവാചക വചനങ്ങളുടെ താല്‍പര്യത്തിനും എതിരാണ്. അനുവാദം ചോദിക്കണം എന്ന വാചകം കല്‍പനാ സ്വരത്തെ കുറിക്കുന്നതാണ്. മാത്രമല്ല, കന്യകക്കും വിധവക്കും ഇടയിലാണ് ഇവിടെ വേര്‍തിരിവ് കല്‍പിച്ചത്; അല്ലാതെ നിര്‍ബന്ധിക്കണമോ വേണ്ടയോ എന്ന കാര്യത്തിലല്ല. എന്നാല്‍, കന്യകയെ അവളുടെ സമ്മതമില്ലാതെ വിവാഹം ചെയ്തുകൊടുക്കുന്നത് പ്രമാണങ്ങള്‍ക്കും ബുദ്ധിയുടെ താല്‍പര്യങ്ങള്‍ക്കും എതിരാണ്. അവള്‍ക്ക് തൃപ്തിയില്ലാത്ത വസ്ത്രത്തിനോ ഭക്ഷണത്തിനോ കച്ചവടത്തിനോ അവളെ നിര്‍ബന്ധിക്കാന്‍ രക്ഷിതാവിന് അവകാശമില്ലെന്നിരിക്കെ ജീവിതം മുഴുവന്‍ ഒന്നിച്ചു കഴിയേണ്ട വിവാഹത്തിന് എങ്ങനെ നിര്‍ബന്ധിക്കാന്‍ പറ്റും എന്നതാണ് പ്രധാന ചോദ്യം. ഇണ തുണകള്‍ക്കിടയില്‍ ഉണ്ടാകേണ്ട സ്‌നേഹവും കാരുണ്യവും, പരസ്പര തൃപ്തിയില്ലാതെ വിവാഹം കഴിപ്പിക്കുമ്പോള്‍ എങ്ങനെ ഉണ്ടാകാനാണ് എന്ന് ഇമാം ഇബ്‌നു തൈമിയ ചോദിക്കുന്നുണ്ട്.
ഇമാം ഇബ്‌നുല്‍ ഖയ്യിം തന്റെ സാദുല്‍ മആദില്‍ കന്യകയുടെ അനുവാദം ചോദിക്കണം എന്ന പ്രവാചക വചനം ഉദ്ധരിച്ച ശേഷം എഴുതുന്നു: 'കന്യകയെ വിവാഹത്തിന് നിര്‍ബന്ധിക്കരുത് എന്നും അവളുടെ തൃപ്തിയോടെയല്ലാതെ വിവാഹം ചെയ്തുകൊടുക്കരുതെന്നും ഈ വിധി നിര്‍ബന്ധമാക്കുന്നു. ഇത് തന്നെയാണ് ഭൂരിപക്ഷം സലഫുകളുടെയും ഇമാം അബൂ ഹനീഫയുടെയും അഭിപ്രായം. ഇതുതന്നെയാണ് പ്രവാചക കല്‍പനയോടും ശരീഅത്തിന്റെ നിയമങ്ങളോടും മുസ്‌ലിം സമൂഹത്തിന്റെ ഉത്തമ താല്‍പര്യങ്ങളോടും ഏറെ അടുത്ത് നില്‍ക്കുന്നതും.'
രക്ഷാകര്‍ത്താവിന്റെ അനുമതിയില്ലാതെ സ്ത്രീ സ്വയം വിവാഹം തീരുമാനിച്ചതാണെങ്കില്‍ കുഫവ് ഒത്തതെങ്കില്‍ അബൂ ഹനീഫയുടെ അഭിപ്രായത്തില്‍ സാധുവാകും. വലിയ്യ് നിര്‍ബന്ധമാണെന്ന ഹദീസ് അദ്ദേഹത്തിന് സ്വീകാര്യമല്ലാത്തതാണ് കാരണം. വിധവയുടെ വിഷയത്തില്‍ ഇതേ അഭിപ്രായമാണ് ദാഹിരി മദ്ഹബും പ്രകടിപ്പിച്ചിട്ടുള്ളത്.
എന്നാല്‍ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണത്തില്‍ വിവാഹത്തിന് വലിയ്യ് ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. 'രക്ഷാധികാരിയില്ലാതെ വിവാഹമില്ല' എന്ന ഹദീസാണ് ഇതിന് തെളിവായി സ്വീകരിച്ചത്. ഇരുവരുടെയും തൃപ്തിയോടെയുള്ള വിവാഹമാണ് ഏറ്റവും അനുഗുണവും യുക്തിപൂര്‍വകവുമായിട്ടുള്ളത്. മാത്രമല്ല, വീട്ടുകാരുടെ സമ്മതമില്ലാതെ ഭര്‍ത്താവിന്റെ പരിരക്ഷ മാത്രം ആഗ്രഹിച്ചാണ് ഒരു സ്ത്രീ വിവാഹത്തിലേര്‍പ്പെടുന്നതെങ്കില്‍ വീട്ടുകാര്‍ക്ക് അതില്‍ താല്‍പര്യമുണ്ടാവുകയില്ല. ആ ജീവിതം പ്രയാസം നിറഞ്ഞതുമായിരിക്കും. എന്നാല്‍ ഒരു ഖാദി ആ വിവാഹം സ്വീകാര്യമാണെന്ന് അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിവാഹം നടന്നതെങ്കില്‍, ഇബ്‌നു ഖുദാമ മുഗ്‌നിയില്‍ വിവരിച്ചതു പോലെ ഒരാള്‍ക്കും അത് വേര്‍പ്പെടുത്താന്‍ അവകാശമില്ല.

കുട്ടികള്‍ക്ക് അറബിപ്പേര് തന്നെ വേണമോ?

ഞാന്‍ ഇന്ത്യക്കാരനായ ഒരു മുസ്‌ലിമാണ്. ഇപ്പോള്‍ ദോഹയില്‍ താമസം. എനിക്ക് അല്ലാഹു ഒരു മകനെ നല്‍കി. പക്ഷേ അവന് പേരിടുന്നതില്‍ കുടുംബക്കാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. ഞങ്ങളുടെ പാരമ്പര്യ കുടുംബ പേരുകളിലൊന്ന് അവന് നല്‍കണമെന്ന അഭിപ്രായമാണ് ചിലര്‍ക്കുള്ളത്. മുസ്‌ലിംകള്‍ക്കിടയില്‍ സുപരിചിതമായ ഇസ്‌ലാമിക നാമങ്ങള്‍ മാത്രമേ വിളിക്കാന്‍ പാടുള്ളൂ എന്ന് മറ്റു ചിലരും. അനറബി നാമങ്ങള്‍ മക്കള്‍ക്കിടുന്നത് ഇസ്‌ലാമികമായി അനുവദനീയമാണോ?

മുസ്‌ലിം കുടുംബത്തിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിര്‍ണിതമായ പേര് വിളിക്കണമെന്ന് ഇസ്‌ലാം കല്‍പിച്ചിട്ടില്ല. പേര് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുടുംബത്തിനാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ പേരിടുന്നതിനു സ്വീകരിക്കേണ്ട ചില മാനദണ്ഡങ്ങള്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്നുണ്ട്.
1. നല്ല പേര് വിളിക്കുക. കുട്ടികളെ നിലവിലോ ഭാവിയിലോ ആക്ഷേപിക്കാന്‍ കാരണമാകുന്നതോ മോശമായ അര്‍ഥങ്ങളുള്ളതോ ആയ പേരുകള്‍ വിളിക്കരുത്. ഇത്തരത്തിലുള്ള പേരുകള്‍ ഉള്ളവരെ പ്രവാചകന്‍(സ) സുന്ദര നാമങ്ങള്‍ നല്‍കി മാറ്റി വിളിച്ചതായി കാണാം. ധിക്കാരി എന്നര്‍ഥത്തിലുള്ള 'ഗാസിയ' എന്നു പേരുള്ളവളെ പ്രവാചകന്‍(സ) ജമീല(സുന്ദരി) എന്നു മാറ്റി വിളിക്കുകയുണ്ടായി.
2. അല്ലാഹു അല്ലാത്തവരോടുള്ള അടിമത്തം വിളംബരം ചെയ്യുന്ന പേരുകളാകരുത്. അബ്ദുല്‍ കഅ്ബ, അബ്ദുന്നബി, അബ്ദുല്‍ ഹുസൈന്‍ തുടങ്ങിയ പേരുകള്‍ വിളിക്കാന്‍ പാടില്ല. അബ്ദുല്‍ മുത്തലിബ് എന്നതൊഴികെ അല്ലാഹു അല്ലാത്തവരുടെ അടിമത്തത്തിലേക്ക് ചേര്‍ക്കുന്ന പേരുകള്‍ ഹറാമാണെന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണെന്ന് ഇമാം ഇബ്‌നു ഹസം രേഖപ്പെടുത്തിയിട്ടുണ്ട്.
അനറബി നാമങ്ങളായ ഗുലാം അഹ്മദ് (അഹ്മദിന്റെ അടിമ), ഗുലാം അലി, ഗുലാം ജീലാനി തുടങ്ങിയ നാമങ്ങള്‍ ഇതിനോട് സാമ്യതയുള്ളതാണ്.
3. മനുഷ്യര്‍ക്ക് അവകാശവാദം ഉന്നയിക്കാന്‍ വകയില്ലാത്ത പൊങ്ങച്ചത്തിന്റെയും അഹങ്കാരത്തിന്റെയും സൂചകങ്ങളായ പേരുകള്‍ സ്വീകരിക്കരുത്. പ്രവാചകന്‍ പറഞ്ഞു: ''നാളെ പരലോകത്ത് അല്ലാഹുവിങ്കല്‍ ഏറ്റവും നികൃഷ്ടമായ നാമമാണ് മലികുല്‍ അംലാക് (രാജാധി രാജന്‍) എന്നത്. കാരണം അല്ലാഹുവിനല്ലാതെ രാജാധികാരവും ഉടമാധികാരവുമില്ല'' (ബുഖാരി, മുസ്‌ലിം).
അപ്രകാരം അല്ലാഹുവിന്റെ സുന്ദരനാമങ്ങള്‍ വിളിക്കുമ്പോള്‍ അബ്ദ് ചേര്‍ത്ത് വിളിക്കണം. അത് ചേര്‍ക്കാത്ത വിളിപ്പേരുകള്‍ അഭിലഷണീയമല്ലെങ്കിലും അവ ഇടുന്നതില്‍ കുഴപ്പമൊന്നുമില്ല. അലി, ഹകീം, അസീസ്, ഹലീം, റഊഫ്, ഹാദി, നാഫി തുടങ്ങിയവ പ്രമുഖ സ്വഹാബിമാരുടെ പേരുകളായിരുന്നല്ലോ...
4. പ്രവാചകന്മാരുടെയും സ്വഹാബികളുടെയും സച്ചരിതരുടെയും നാമങ്ങള്‍ അവരുടെ മഹനീയ സ്മരണകള്‍ നിലനിര്‍ത്താനും അനുധാവനം ചെയ്യാനുമായി വിളിക്കുന്നത് സുന്നത്താണ്.
അപ്രകാരം അല്ലാഹുവിന്റെ അടിമ എന്നര്‍ഥത്തിലുള്ള പേരുകളും സുന്നത്താണ്. പ്രവാചകന്‍ പറഞ്ഞു: ''അല്ലാഹുവിന് ഏറ്റവും ഇഷ്ടകരമായ നാമങ്ങളാണ് അബ്ദുര്‍റഹ്മാന്‍, അബ്ദുല്ല'' (മുസ്‌ലിം). അസ്മാഉല്‍ ഹുസ്‌ന എന്നു വിളിക്കപ്പെടുന്ന അല്ലാഹുവിന്റെ മറ്റു സുന്ദര നാമങ്ങളും വിളിക്കുന്നത് അഭികാമ്യമാണ്.
5. ഭാഷയില്‍ നല്ല അര്‍ഥമുള്ള അനറബി പേരുകള്‍ വിളിക്കുന്നതിന് ഒരു കര്‍മശാസ്ത്ര വിശാരദനും എതിര് പ്രകടിപ്പിച്ചതായി എനിക്കറിയില്ല. ഇസ്‌ലാം സ്വീകരിച്ചതിന് ശേഷവും നിരവധി മുസ്‌ലിംകള്‍ തങ്ങളുടെ അനറബി പേരുകള്‍ തന്നെ നിലനിര്‍ത്തിയതായി കാണാം. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് പ്രവാചക പത്‌നിയായ 'മാരിയതുല്‍ ഖിബ്ത്വിയ്യ.' അവര്‍ പിന്നീടും ആ പേരില്‍ തന്നെയാണ് അറിയപ്പെട്ടത്.
സ്വഹാബികളില്‍ ചിലര്‍ക്ക് ചെടികളുടെയും വൃക്ഷങ്ങളുടെയും പേരുള്ളതായി കാണാം. ത്വല്‍ഹ, സല്‍മ, ഹന്‍ളല തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.
അസദ് (സിംഹം), ഫഹദ് (പുലി), ഹൈസം, സഖര്‍ (പരുന്ത്) തുടങ്ങിയ മൃഗങ്ങളുടെയും പക്ഷികളുടെയും പേരുകളുള്ളവരെ സ്വഹാബികളില്‍ കാണാം.
ബഹര്‍ (സമുദ്രം), ജബല്‍ (പര്‍വതം), സഖര്‍ (പാറ) തുടങ്ങിയ വസ്തുക്കളുടെ നാമങ്ങളുള്ളവര്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു.
ആമിര്‍, സാലിം, ഉമര്‍, സഈദ്, ഫാത്വിമ, ആഇശ, സഫിയ്യ, മൈമൂന തുടങ്ങിയ വിശേഷ നാമങ്ങള്‍ സ്വീകരിച്ചവരും അവര്‍ക്കിടയില്‍ കാണാം.
ഇബ്‌റാഹീം, ഇസ്മാഈല്‍, യൂസുഫ്, മൂസാ, ഈസാ, മര്‍യം തുടങ്ങിയ പൂര്‍വിക സമൂഹങ്ങളില്‍ ജീവിച്ചിരുന്ന പ്രവാചകന്മാരുടെയും സച്ചരിതരുടെയും പേരുകള്‍ സ്വീകരിച്ചവരും അവരില്‍ ഉണ്ടായിരുന്നു.
ഇതില്‍ നിന്ന് ഒരു മുസ്‌ലിമിന് തന്റെ മക്കള്‍ക്ക് അറബി- അനറബി പേരുകളിടുന്നത് അനുവദനീയമാണ് എന്നു മനസ്സിലാക്കാം.
വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹ/47-48
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം