Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 14

നിയമനിര്‍മാണവും ജുഡീഷ്യറിയും 2 <br>ഹദീസിന്റെ പദവി

ഡോ. മുഹമ്മദ് ഹമീദുല്ല /പഠനം

         പദവിയില്‍ ഖുര്‍ആനേക്കാള്‍ താഴെയാണ് ഹദീസിന്റെ സ്ഥാനമെന്ന് നാം പറഞ്ഞു. പക്ഷെ നേരത്തെപ്പറഞ്ഞ അടിസ്ഥാന തത്ത്വത്തിന് ഇവിടെയും മാറ്റമില്ല. അതായത് ഒരു പ്രവാചകന്റെ കല്‍പ്പന തിരുത്താനുള്ള അധികാരം മറ്റൊരു പ്രവാചകനാണ്. പദവിയില്‍ താഴെയുള്ള ഒരാള്‍ക്ക് ഒരു പ്രവാചക വചനത്തെ മാറ്റാനോ പരിഷ്‌കരിക്കാനോ അവകാശമില്ല. നബി വചനങ്ങളെപ്പറ്റി പറയുമ്പോള്‍ ആ ഓരോ വചനവും ശരിയായ വിധത്തിലാണോ നമ്മിലേക്ക് എത്തിയത് എന്ന് തിരിച്ചറിയാനുള്ള മാര്‍ഗം നമ്മുടെ മുമ്പിലുണ്ട്. പ്രവാചക വചനങ്ങളില്‍ ഓരോന്നും ഏതേത് നിവേദകന്മാര്‍ വഴി നമുക്ക് കിട്ടി എന്നതിന് വ്യക്തമായ രേഖകളുണ്ട്. അതൊരു വലിയ വിജ്ഞാന ശാഖയായി തന്നെ വികസിച്ചിരിക്കുന്നു. ഹദീസിന്റെ ബലാബലം വിമര്‍ശനാത്മകമായി  വിലയിരുത്തുന്ന വളരെ ശാസ്ത്രീയമായ ഒരു അപഗ്രഥന രീതി. അതിന്റെ വ്യവസ്ഥകള്‍ കൃത്യവും കര്‍ക്കശവുമാണ്. ഇനി വിരുദ്ധ ആശയങ്ങളുള്ള രണ്ട് നബി വചനങ്ങള്‍  കണ്ണില്‍ പെടുകയാണെങ്കില്‍ അവയില്‍ ഏതിന് മുന്‍ഗണന നല്‍കണം എന്നതിനും വ്യക്തമായ നിയമാവലികളുണ്ട്.

ഈ തത്ത്വങ്ങളും നിയമാവലികളും മുമ്പില്‍ വെച്ച് ക്രോഡീകരിക്കപ്പെട്ടതാണ് ഹദീസിലെ പ്രബലങ്ങളായ ആറ്(സ്വിഹാഹുസിത്ത) കൃതികള്‍. ഇതില്‍ ചേര്‍ത്ത ഓരോ നബിവചനവും ശരിയാണെന്ന് ഉറപ്പ് വരുത്താന്‍ മനുഷ്യ കഴിവില്‍ പെട്ട മുഴുവന്‍ മുന്‍കരുതലുകളും എടുത്തിരിക്കുന്നു. നിലവിലുള്ള ഏതൊരു മതത്തിന്റേയും ഏറ്റവും ആധികാരിക ഗ്രന്ഥങ്ങളേക്കാള്‍ ആധികാരികത ഏതൊരു ഹദീസ് കൃതിക്കുമുണ്ട് എന്ന് നമുക്ക് പറയാന്‍ കഴിയും. ബൈബിള്‍ പുതിയ നിയമമാണെങ്കില്‍ അതിന്റെ വ്യത്യസ്ത ഭാഷ്യങ്ങള്‍ നമ്മുടെ കൈകളിലുണ്ട്. ക്രിസ്ത്യന്‍ ചരിത്രകാരന്മാര്‍ തന്നെ രേഖപ്പെടുത്തുന്നത് പുതിയ നിയമം ആദ്യമായി ക്രോഡീകരിക്കപ്പെടുന്നത് യേശു മരിച്ച് മുന്നൂറ് വര്‍ഷം കഴിഞ്ഞപ്പോഴാണെന്നാണ്. മൂന്ന് നൂറ്റാണ്ടിനിടയില്‍ അത് എങ്ങനെ ക്രോഡീകരിക്കപ്പെട്ടു എന്നോ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് അത് ഏത് വിധത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടുവെന്നോ നമുക്കറിയില്ല.

ഇനി ഏത് ഹദീസ് കൃതിയിലെയും ഏതെങ്കിലും ഒരു ഭാഗം എടുക്കുക. പ്രവാചകന്‍ മുതല്‍ക്കിങ്ങോട്ട് അത് ആരൊക്കെ എങ്ങനെ റിപ്പോര്‍ട്ട് ചെയ്തു എന്നതിന്റെ പൂര്‍ണ്ണ നിവേദക പരമ്പര നമുക്കവിടെ കാണാന്‍ കഴിയും. അത് കൊണ്ടാണ് ഏതൊരു ഹദീസ് സമാഹാരവും മറ്റു ജനവിഭാഗങ്ങളുടെ ആധികാരിക കൃതികളുമായി തട്ടിച്ചു നോക്കുമ്പോള്‍ ആധികാരികതയാല്‍ ബഹുദൂരം മുന്നിലാണ് എന്ന് ഞാന്‍ വാദിക്കുന്നത്.

ഇസ്‌ലാമിക പ്രമാണങ്ങളിലെ എല്ലാ ആജ്ഞകളും കല്‍പ്പനകളും ഒരേ തരത്തിലുള്ളതല്ല എന്നും നാം മനസ്സിലാക്കണം. ചിലത് നിര്‍ബന്ധമായും ചെയ്യേണ്ടതായിരിക്കും. ചിലത് ചെയ്യാനുള്ള പ്രോത്സാഹനം മാത്രമായിരിക്കും. ചിലത് ചെയ്യരുത് എന്ന വിലക്കായിരിക്കും. പൂര്‍ണ്ണമായി നിരോധിക്കാത്തവയും കൂട്ടത്തിലുണ്ടാവും. അനഭിലഷണീയം എന്ന ഇനത്തിലാണ് അത് പെടുക. ചില കാര്യങ്ങള്‍ നമ്മുടെ വിവേചനത്തിന് വിട്ടുതന്നതായിരിക്കും. നമുക്ക് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ആവാം. അനുവദനീയം എന്നാണ് ആ ഇനത്തിന് പറയുക. 

ഇങ്ങനെ ഇസ്‌ലാമിക നിയമങ്ങളുടെ സ്വഭാവം നോക്കി അവയെ അഞ്ചായി തിരിച്ചത് ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിലാണ്. ഈ വിഭജനം ആദ്യമായി കാണുന്നത് മുഅ്തസിലി വിഭാഗത്തിന്റെ ഫിഖ്ഹ് ഗ്രന്ഥങ്ങളിലാണെന്ന് ഇമാം ഗസ്സാലി രേഖപ്പെടുത്തിയിട്ടുണ്ട്. നന്മ, തിന്മ എന്നിവയെ കുറിക്കാന്‍ ഖുര്‍ആന്‍ പ്രയോഗിച്ച വാക്കുകളെ പറ്റിയും ഇവിടെ പരാമര്‍ശിക്കേണ്ടതാണെന്ന് തോന്നുന്നു. നന്മയെ മഅ്‌റൂഫ് എന്നും തിന്മയെ മുന്‍കര്‍ എന്നുമാണ് ഖുര്‍ആന്‍ വിളിക്കുന്നത്. നന്മക്ക് ഖൈര്‍ എന്നും തിന്മക്ക് ശര്‍റ് എന്നും ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്. പക്ഷെ പൊതുവെ മഅ്‌റൂഫ്, മുന്‍കര്‍ എന്നീ പദങ്ങളാണ് പ്രയോഗിക്കുന്നത്.

മഅ്‌റൂഫ് എന്ന വാക്കിന്റെ ഭാഷാപരമായ അര്‍ഥം എല്ലാവര്‍ക്കും അറിവുള്ളത് എന്നാണ്. മുന്‍കര്‍ എന്നാല്‍ ആര്‍ക്കും അറിഞ്ഞു കൂടാത്തത് എന്നും. മനുഷ്യന്റെ വിവേകവും യുക്തിബോധവും അംഗീകരിക്കുന്നതും സര്‍വരാലും സ്വീകരിക്കപ്പെടുന്നതുമായ കാര്യം നന്മയാണ്, അഥവാ മഅ്‌റൂഫ്. ഇത് മനുഷ്യന്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ടതായി വരും. അതിനാല്‍ അത് ചെയ്യേണ്ടത് നിര്‍ബന്ധബാധ്യതയാണെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ പറയും. മനുഷ്യര്‍ക്ക് അപരിചിതമായി തോന്നുന്നത്, അത് തങ്ങള്‍ക്ക് ദോഷമേ വരുത്തൂ എന്ന് വിചാരിക്കുന്നത് എന്തോ അതാണ് തിന്മ, അഥവാ മുന്‍കര്‍. അതിനാലത് ചെയ്യരുതെന്ന് ഖുര്‍ആന്‍ കര്‍ശനമായി വിലക്കിയിരിക്കും. സകലപ്രപഞ്ചത്തിന്റെയും സ്രഷ്ടാവും ഉടമസ്ഥനുമായ അല്ലാഹു ഒരു തിന്മ ചെയ്യാന്‍ മനുഷ്യനോട് ഒരിക്കലും ആവശ്യപ്പെടുകയില്ല. പ്രപഞ്ച നാഥന്റെ ഓരോ കല്‍പ്പനയും നിര്‍ദേശവും ന്യായമായ, സദുദ്ദേശ്യപരമായ കാരണങ്ങളാല്‍ തന്നെയാണ് നല്‍കപ്പെട്ടിട്ടുള്ളത്. ആ നിയമത്തിന്റെ പിന്നിലുള്ള യുക്തി നമുക്ക് ചിലപ്പോള്‍ പെട്ടെന്ന് പിടികിട്ടിയെന്ന് വരില്ലെന്ന് മാത്രം.

അപ്പോള്‍ ഖുര്‍ആനും നബിചര്യയുമാണ് നിയമത്തിന്റെ ശാശ്വത സ്രോതസ്സുകള്‍. അവക്ക് മാറ്റമില്ല. പ്രവാചകത്വ പരമ്പര അവസാനിച്ച് കഴിഞ്ഞതിനാല്‍ ഇനി  ആ രണ്ട് പ്രമാണങ്ങളിലെയും നിയമങ്ങള്‍ റദ്ദ് ചെയ്യാനോ തിരുത്താനോ ഇനിയൊരു പ്രവാചകന്‍ വരാനില്ല.അതിനാല്‍ ആ രണ്ട് പ്രമാണങ്ങളിലെയും നിയമങ്ങള്‍ അന്ത്യനാള്‍ വരെക്കും ഉള്ളതാണ്. നേരത്തെ സൂചിപ്പിച്ചപോലെ നിയമങ്ങള്‍ എല്ലാം ഒരേ തരത്തിലുള്ളതല്ല. ചിലത് നിര്‍ബന്ധ ബാധ്യതയായി വന്നിട്ടുള്ളതാണ്. ചിലത് വിലക്കുകളാണ്. ചിലത് അഭിലഷണീയമല്ലാത്തത് എന്ന കാറ്റഗറിയില്‍ പെടുന്നത്. ഇത്തരം നിയമങ്ങളെയെല്ലാം ഒരേ ഗണത്തില്‍ ചേര്‍ത്ത് നിര്‍ത്തരുത്. ഉദാഹരണത്തിന് ഖുര്‍ആനില്‍ സകാത്ത് കൊടുക്കാന്‍ പറയുന്നുണ്ട്. അത് നിര്‍ബന്ധമാണ്. സാമ്പത്തിക ശേഷിയുള്ളവര്‍ ആ ബാധ്യത നിര്‍വഹിച്ചിരിക്കണം. നന്മയുടെ മാര്‍ഗ്ഗത്തില്‍ പണം ചെലവഴിക്കാന്‍ മറ്റു പലയിടങ്ങളിലും ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. പക്ഷെ ആ ആഹ്വാനത്തിന് നിര്‍ബന്ധത്തിന്റെ സ്വഭാവമില്ല. ദാനധര്‍മ്മം ചെയ്യാനുള്ള പ്രേരണ മാത്രമാണവ. പ്രേരണയും പ്രോത്സാഹനവുമായി മാത്രമേ അത്തരം ആഹ്വാനങ്ങളെ കാണേണ്ടതുള്ളൂ.

നിയമനിര്‍മാണം പ്രവാചകന്റെ കാലത്ത്

പ്രവാചകന്റെ കാലത്ത് നിയമനിര്‍മ്മാണത്തിന് വേറെയും സ്രോതസ്സുകളുള്ളതായി നാം കാണുന്നുണ്ടെങ്കിലും അവയെല്ലാം താല്‍ക്കാലിക സ്വഭാവമുള്ളതാണ്. അവയില്‍ ഒന്ന് ഉടമ്പടികളാണ്. മുസ്‌ലിംകള്‍ മറ്റൊരു വിഭാഗവുമായി ചില ധാരണകളില്‍ എത്തുന്നു, ചില പൊതു ഉപാധികള്‍ അംഗീകരിക്കുന്നു, അതൊരു ഉടമ്പടിയായി അംഗീകരിക്കുന്നു- എങ്കില്‍ കാലാവധി അവസാനിക്കുന്നത് വരെ ഉടമ്പടിയിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ മുഴുവന്‍ മുസ്‌ലിംകളും ബാധ്യസ്ഥരാണ്. ഉടമ്പടിയിലെ ഉപാധികള്‍ നിയമമായിത്തീരുന്നത് നിര്‍ണ്ണിത കാലത്തേക്ക് മാത്രമാണ്. പക്ഷെ ആ കാലയളവില്‍ ആ ഉപാധികള്‍ പാലിക്കേണ്ടത് ഒരു ഖുര്‍ആനിക-പ്രവാചക കല്‍പ്പന നിറവേറ്റുന്നത്‌പോലെ കണിശമായിരിക്കണം.

ഉദാഹരണത്തിന് ഹുദൈബിയ സന്ധി എടുക്കാം. മക്കയില്‍ നിന്ന് ആരെങ്കിലും മദീനയിലേക്ക് വന്നാല്‍ അയാളെ തിരിച്ച് നല്‍കണം; മദീനയില്‍ നിന്ന് മക്കയിലേക്ക് വരുന്ന ആളെ തിരിച്ച് തരികയുമില്ല-ഇതായിരുന്നല്ലോ അതിലെ ഒരു വ്യവസ്ഥ. മക്കയില്‍ നിന്നെത്തുന്നയാള്‍ ഇസ്‌ലാം സ്വീകരിച്ച് പ്രവാചകന്റെ സംരക്ഷണം ആവശ്യപ്പെട്ട് വരുന്ന ആളാണെങ്കില്‍കൂടി അയാളെ മക്കക്കാര്‍ക്ക് തന്നെ തിരിച്ച് നല്‍കണം. ഇതൊരു ഏകപക്ഷീയമായ വ്യവസ്ഥയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവുകയില്ല. പക്ഷെ ഹുദൈബിയ സന്ധി നിലനിന്ന കാലത്തോളം അതും മുസ്‌ലിം നിയമത്തിന്റെ ഭാഗം തന്നെയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം സന്ധി അസാധുവാക്കപ്പെട്ടപ്പോള്‍, 'മക്കക്കാര്‍ക്ക് തിരിച്ച് നല്‍കണ'മെന്ന നിയമവും ഇല്ലാതായി.

മറ്റൊരു നിയമസ്രോതസ്സ് കൂടിയുണ്ട്. സ്വന്തമായി നിയമം ഉണ്ടാക്കുന്നതിന് പകരം ചിലപ്പോള്‍ മറ്റൊരു നാട്ടില്‍ നിലനില്‍ക്കുന്ന നിയമം ഇസ്‌ലാമിക ഭരണാധികാരി കടമെടുക്കും. ഒരിക്കല്‍ സിറിയയിലെ ഗവര്‍ണര്‍, രണ്ടാം  ഖലീഫ ഉമറുബ്‌നുല്‍ ഖത്താബിനോട് കച്ചവട ഉരുപ്പടികളുമായി അതിര്‍ത്തി കടന്നു വരുന്ന മറ്റു രാജ്യക്കാരില്‍ നിന്ന് എത്രയാണ് നികുതി ഈടാക്കേണ്ടതെന്ന് ചോദിച്ചു. മുസ്‌ലിം കച്ചവടക്കാര്‍ ആ നാട്ടിലേക്ക് പോകുമ്പോള്‍ അവര്‍ക്ക് എത്രയാണോ നികുതി ഈടാക്കുന്നത് അത് ഇവിടെയും ഈടാക്കുക-ഉമര്‍ നിര്‍ദേശിച്ചു. ഇതിനെ വിശദീകരിച്ചുകൊണ്ട് അബൂഹനീഫയുടെ ശിഷ്യന്‍ ശൈബാനി പറയുന്നത്, ഈ തത്ത്വം പല രീതികളിലും പ്രായോഗികമാക്കാം എന്നാണ്. ഇനി മറ്റു രാജ്യക്കാര്‍ നികുതി ഈടാക്കുന്നില്ലെങ്കില്‍ ഇവിടെയും അത് ഈടാക്കാതിരിക്കാം. ഇങ്ങനെ തത്തുല്യമായ നിയമങ്ങള്‍ (reciprocity)ഉണ്ടാക്കുകയോ നിലനിര്‍ത്തുകയോ ചെയ്യുന്നത് അതിന്ന് വിരുദ്ധമായി രാജ്യം നിയമങ്ങള്‍ നിര്‍മ്മിക്കാത്ത കാലത്തോളം മാത്രമാണ്.

ഈ നിയമസ്രോതസ്സുകള്‍ക്ക് ശേഷം, മുസ്‌ലിം നിയമജ്ഞനും ഗവേഷകനും മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാന്‍ അന്ത്യനാള്‍ വരെ ഒരു വഴി തുറന്നു കിടപ്പുണ്ട്. അതിന്റെ പേരാണ് ഇജ്തിഹാദ്. പഠന മനനങ്ങളിലൂടെയുള്ള അന്വേഷണം. മുസ്‌ലിം നിയമജ്ഞര്‍ നാല് അടിസ്ഥാനങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. ഖുര്‍ആന്‍,ഹദീസ്,ഇജ്മാഅ്(സമവായം), ഖിയാസ്(സാധര്‍മ്യം).നബിയുടെ ജീവിത കാലത്ത് ഇജ്മാഅ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഖിയാസ് ഉണ്ടായിരുന്നു. ഇജ്തിഹാദിന്റെ മറ്റൊരു പേരായാണ് നാം ഖിയാസിനെ കാണുന്നത്. പ്രവാചകന്‍ മരണപ്പെടുന്നതിന് ഒന്നര വര്‍ഷം മുമ്പ് ഹി.9-ല്‍ തന്റെ അനുചരനായ മൂആദ്ബ്‌നു ജബലിനെ അവിടുന്ന് യമനിലേക്ക് ന്യായാധിപനായി നിയോഗിക്കുന്നു. അന്നത്തെ രീതിയനുസരിച്ച് ചുമതല ഏറ്റെടുക്കാന്‍ പുറപ്പെടുന്നതിന് മുമ്പ് പ്രവാചകനെ കണ്ട് ഉപദേശം തേടുന്ന പതിവുണ്ട്. പ്രവാചകന്‍ മുആദിനോട് ചോദിച്ച ആദ്യ ചോദ്യം ഇതായിരുന്നു: 'താങ്കള്‍ എങ്ങനെയാണ് പ്രശ്‌നങ്ങളില്‍ വിധി കല്‍പ്പിക്കുക'? മുആദ് പറഞ്ഞു: 'ഖുര്‍ആന്‍ മുമ്പില്‍ വെച്ച്' അപ്പോള്‍ പ്രവാചകന്‍: 'അതില്‍ കണ്ടില്ലെങ്കിലോ'? മുആദ്: 'പ്രവാചക ചര്യ മുന്നില്‍ വെച്ച്'. അതിലും കണ്ടില്ലെങ്കിലോ എന്ന ചോദ്യത്തിന് മുആദിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'ഞാന്‍ എന്റെ യുക്തി പ്രയോഗിക്കും. അതിലൊരു വീഴ്ചയും ഞാന്‍ വരുത്തുകയില്ല'. അതായത്, തന്റെ യുക്തിയും വിവേചന ബുദ്ധിയും ഉപയോഗിച്ച് പ്രശ്‌നങ്ങളിലെ സാധര്‍മ്യം(analogy) കണ്ടെത്തുകയും എന്നിട്ട് സുബദ്ധവും യുക്തിഭദ്രവുമായ തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യുക. പ്രവാചകനെ ഈ മറുപടി അത്യധികം സന്തോഷിപ്പിക്കുകയും മുആദിന് വേണ്ടി കൈയുയര്‍ത്തി അവിടുന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഖുര്‍ആനിലും നബിചര്യയിലും വ്യക്തമായ പരാമര്‍ശങ്ങള്‍ വന്നിട്ടില്ലാത്ത വിഷയങ്ങളില്‍ നമുക്ക് അന്വേഷണവും ഗവേഷണവും നടത്താനുള്ള അനുവാദമുണ്ട് എന്നര്‍ഥം. പക്ഷെ ഒട്ടേറെ പരിമിതികള്‍ ഇവിടെയുണ്ട്. ഖുര്‍ആനോ ഹദീസോ വിധിപറഞ്ഞ ഒരു വിഷയത്തില്‍ അന്വേഷണം നടത്തി സ്വന്തമായ നിഗമനങ്ങളില്‍ എത്തിച്ചേരരുത്. ഖുര്‍ആനിലും ഹദീസിലും യാതൊരു പരാമര്‍ശവും ഇല്ലെങ്കിലാണ് ആ വിഷയത്തില്‍ അന്വേഷണം അനുവദിക്കപ്പെടുക.

ഇജ്തിഹാദിലൂടെ ഒരു നിയമം കണ്ടെത്തുന്നതിനും നിര്‍ധാരണം ചെയ്‌തെടുക്കുന്നതിനും പല വഴികളുണ്ട്. ചിലപ്പോള്‍ ഒരു പ്രശ്‌നത്തില്‍ ഖുര്‍ആനിലോ ഹദീസിലോ നമുക്ക് വിധി കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. അതേസമയം ഏറെക്കുറേ സമാന സ്വഭാവമുള്ള മറ്റൊരു പ്രശ്‌നത്തില്‍ വിധി പ്രമാണങ്ങളില്‍ വന്നിട്ടുമുണ്ട്. എങ്കില്‍ ആ സാധര്‍മ്യങ്ങളും സമാനതകളും മുമ്പില്‍ വെച്ച് പുതിയ പ്രശ്‌നങ്ങളില്‍ ഒരു വിധിതീര്‍പ്പിലേക്ക് നമുക്ക് എത്തിച്ചേരാവുന്നതേയുള്ളൂ. ഇങ്ങനെ നമ്മള്‍ യുക്തിചിന്തയിലൂടെയും മറ്റും ഒരു തീരുമാനത്തില്‍ എത്തുന്നു. പക്ഷെ,കുറച്ചുകൂടി ആഴത്തില്‍ ചിന്തിച്ചപ്പോള്‍ ആ തീരുമാനം അത്ര യോജിച്ചതല്ല എന്നും മറ്റൊരു തീരുമാനത്തിലെത്തുകയാണ് ഉചിതം എന്നും നമുക്ക് ബോധ്യപ്പെടുന്നു. ഈ പ്രക്രിയക്ക് പറയുന്ന പേരാണ് 'ഇസ്തിഹ്‌സാന്‍'. കാരണം പക്വമായ വിചിന്തനത്തിന് ശേഷം കൂടുതല്‍ മികവുറ്റ (മുസ്തഹ്‌സന്‍) ഒരു തീരുമാനത്തില്‍ നാം എത്തിയിരിക്കുകയാണല്ലോ. ചിലപ്പോള്‍ മറ്റൊരു പ്രധാന തത്ത്വമായിരിക്കും നമ്മെ നയിക്കുക. അതായത്, വിശ്വാസി സമൂഹത്തിന് ഏതാണ് അനുഗുണം എന്ന കാര്യം. യുക്തിയിലൂടെയും ചിന്തയിലൂടെയും നാം എത്തിച്ചേരുന്ന ഒരു തീരുമാനമുണ്ട്. പക്ഷെ, വിശ്വാസി സമൂഹത്തെ മുമ്പില്‍ വെച്ച് ആലോചിക്കുമ്പോള്‍ ആ തീരുമാനമായിരിക്കില്ല ആ സന്ദര്‍ഭത്തില്‍ യോജിച്ചത്, മറ്റൊരു തീരുമാനമായിരിക്കും. ഈ തത്ത്വത്തിനാണ് 'ഇസ്തിസ്വ്‌ലാഹ്' എന്ന് പറയുക.

ഇങ്ങനെ സൂക്ഷ്മ വ്യത്യാസങ്ങളുള്ളതുകൊണ്ട് ഇജ്തിഹാദിന് പല രൂപങ്ങള്‍ ഉണ്ടാകാം. പ്രവാചകന്റെ ജീവിതകാലത്ത് തന്നെ അത്തരം ചില സംഭവങ്ങള്‍ നാം കാണുന്നുണ്ട്. ഇങ്ങനെയൊരു തത്ത്വം ഉള്ളത്‌കൊണ്ടാണ്, നിയമനിര്‍മ്മാണത്തിന്റെ മറ്റൊരു രൂപം ആവിഷ്‌കരിക്കേണ്ടിവന്നത്. ഖാദിമാരുടെ നീതിന്യായ നടപടികളാണത്. ഉദാഹരണത്തിന്, ന്യായാധിപന്‍(ഖാദി) ഖുര്‍ആനിലും ഹദീസിലും വ്യക്തമായി വിധി വരാത്ത ഒരു പ്രശ്‌നത്തില്‍ തന്റെ യുക്തിയും ബുദ്ധിയും പ്രയോഗിച്ച് ഒരു തീരുമാനത്തില്‍ എത്തുന്നു. ആ തീരുമാനം നടപ്പാക്കാനുള്ള അധികാരവും അദ്ദേഹത്തിനുണ്ട്. പ്രവാചകനോട് അന്വേഷിച്ച ശേഷം മാത്രമേ അവിടുന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് നിയോഗിച്ച ഖാദി വിധിക്കാവൂ എന്നില്ല. ഖാദിക്ക് സംശയം തോന്നുന്ന വിഷയങ്ങളില്‍ പ്രവാചകനുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും വിധിക്കുക. പ്രവാചകന്‍ അക്കാര്യത്തില്‍ നല്‍കിയ നിര്‍ദേശം ഇസ്‌ലാമിക നിയമപ്രമാണത്തിന്റെ ഭാഗമായിത്തീരുകയും ചെയ്യും. അതില്‍ പിന്നെ ജഡ്ജിക്ക് ഇജ്തിഹാദ് നടത്താന്‍ അനുവാദം ലഭിക്കുകയില്ല. മറ്റൊരു സാധ്യതയും കൂടിയുണ്ട്. ഒരു പ്രശ്‌നം വന്നപ്പോള്‍ പ്രവാചകനുമായി കൂടിയാലോചിച്ച് ഒരു തീരുമാനമെടുക്കാം എന്ന് ജഡ്ജിക്ക് തോന്നിയിട്ടുണ്ടാവില്ല. പക്ഷെ ഈ വിധിന്യായത്തെക്കുറിച്ച് പ്രവാചകന്‍ ബന്ധപ്പെട്ട കക്ഷികളില്‍ നിന്നോ തന്റേതായ സ്രോതസ്സുകളിലൂടെയോ അറിഞ്ഞിട്ടുണ്ടാവും. ഇന്നയിന്ന രീതിയില്‍ ആ പ്രശ്‌നം കൈകാര്യം ചെയ്യണമെന്ന് ജഡ്ജിക്കോ ഗവര്‍ണര്‍ക്കോ നിര്‍ദ്ദേശം കൊടുത്തിട്ടുമുണ്ടാവും.

പ്രവാചകന്‍ തന്റെ ന്യായാധിപന്മാര്‍ക്കും ഗവര്‍ണര്‍മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയ നിരവധി സംഭവങ്ങളുണ്ട്. അക്കാലത്ത് അബദ്ധത്തില്‍ ഒരു കൊലപാതകം നടന്നപ്പോള്‍ പാരമ്പര്യ രീതിയനുസരിച്ച് അതിന് നഷ്ടപരിഹാരത്തുക നല്‍കാന്‍ ഉത്തരവുണ്ടായി. അന്നത്തെ സമ്പ്രദായത്തില്‍ മരിച്ചയാളുടെ പുരുഷ ബന്ധുക്കള്‍ക്കേ നഷ്ടപരിഹാരത്തുക ലഭിക്കുകയുള്ളൂ. വിവരമറിഞ്ഞപ്പോള്‍ മരിച്ചയാളുടെ വിധവക്കും നഷ്ടപരിഹാരത്തുകയില്‍ നിന്ന് വിഹിതം നല്‍കണമെന്ന് പ്രവാചകന്‍ ഉത്തരവിട്ടു. കൊലക്കുറ്റം ചുമത്തി വാങ്ങുന്ന തുക(ആഹീീറ ങീില്യ) അനന്തരാവകാശ സ്വത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുകയും ചെയ്തു. ഭാര്യ,മകന്‍,മകള്‍,മാതാവ്,പിതാവ് തുടങ്ങിയവര്‍ക്ക് മരിച്ചയാളുടെ സ്വത്തിന്റെ എത്ര വിഹിതം എന്ന് ഖുര്‍ആനില്‍ വ്യക്തമായി പറയുന്നുണ്ടല്ലോ. ആ വീതംവെപ്പ് നഷ്ടപരിഹാരത്തുകയുടെ കാര്യത്തിലും നടപ്പിലാക്കി. പ്രവാചക കാലഘട്ടത്തില്‍ നിയമനിര്‍മാണപ്രക്രിയ എങ്ങനെ വികാസം കൊണ്ടു എന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് നല്‍കിയത്.  

(തുടരും) 

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹ/47-48
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം