Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 14

ഫ്രഞ്ച് സൈന്യം മുസ്‌ലിംകളെ സംരക്ഷിക്കുമോ?

ഡോ. ആമിറുല്‍ ഹൂശാന്‍ /കവര്‍‌സ്റ്റോറി

         ഫ്രഞ്ച് രാജ്യരക്ഷാമന്ത്രി ഴാന്‍ ഏവ് ലാദ്രിയാന്‍ പറയുംപോലെ, ഫ്രഞ്ച് സൈന്യം മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ നിലയുറപ്പിച്ചത് രാജ്യത്ത് സുരക്ഷ ഉറപ്പാക്കാനാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി. ഫ്രാന്‍സും അതുപോലുള്ള കൊളോണിയല്‍ ശക്തികളും ദീര്‍ഘകാലം ആഫ്രിക്കന്‍ വന്‍കര കൈയടക്കിവെച്ചുവെന്ന് മാത്രമല്ല, സകല മത വംശീയ ഭിന്നതകളും കുത്തിപ്പൊക്കുകയും ചെയ്തിരുന്നു. അവിടത്തെ സമ്പത്ത് കൊള്ളയടിക്കാന്‍ ജനങ്ങള്‍ പരസ്പരം പോരടിച്ച് നില്‍ക്കേണ്ടത് അനിവാര്യമാണ്. ഈ തമ്മിലടി തുടര്‍ന്നെങ്കിലേ ഇത്തരം സാമ്രാജ്യശക്തികള്‍ക്ക് അവിടെ ഇടപെടാനുള്ള അവസരങ്ങള്‍ തുറക്കുകയുള്ളൂ. അവര്‍ അങ്ങോട്ട് സൈന്യത്തെ അയക്കുന്നുണ്ടെങ്കില്‍ അതവരുടെ തന്ത്രപ്രധാനമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ്. ഇത്തരം പിന്നാക്ക ആഫ്രിക്കന്‍ രാജ്യങ്ങളെ ഇപ്പോഴും ഫ്രാന്‍സ് തങ്ങളുടെ കോളനികളായി തന്നെയാണ് കാണുന്നത്.
കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ, അതൊക്കെയും പേരിന് മാത്രമുള്ള പ്രഖ്യാപനങ്ങളാണ്. ഇപ്പോഴും കൊളോണിയല്‍ ഭരണം തന്നെയാണ് അവിടങ്ങളില്‍. അതിന്റെ രൂപവും ശൈലിയും മാറിയിട്ടുണ്ടെന്ന് മാത്രം. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും മറ്റു വന്‍ശക്തികളുടെയും സൈനിക താവളങ്ങളുണ്ട് ആഫ്രിക്കന്‍ നാടുകളില്‍. പുതിയ വേഷത്തിലുള്ള കോളനിവത്കരണത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. ഫ്രാന്‍സോ മറ്റു ശക്തികളോ ഈ നാടുകളില്‍ ഇടപെടുന്നുണ്ടെങ്കില്‍ അതിന്റെ ഒന്നാമത്തെ കാരണം സാമ്പത്തികമായിരിക്കും. വന്‍കരയിലെ സ്വര്‍ണവും രത്‌നങ്ങളും എണ്ണയും മറ്റു പ്രകൃതി സമ്പത്തുക്കളും കൊള്ളയടിക്കാന്‍ നവകൊളോണിയലിസത്തിന്റെ ഒട്ടുവളരെ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്‌ലാം-മുസ്‌ലിംവിരുദ്ധ നിലപാടുകളും സാമ്രാജ്യത്വശക്തികളുടെ സൈനിക നീക്കത്തിന് കാരണമാകാറുണ്ട്.
കഴിഞ്ഞ വര്‍ഷം മാലിയിലുണ്ടായ ഫ്രഞ്ച് ഇടപെടലും ഇതില്‍ നിന്ന് ഭിന്നമല്ല. ആ സന്ദര്‍ഭത്തില്‍, 2013 ജനുവരി 14-ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറന്‍ ഫാബിയൂസ് മാലിയിലെ ഇടപെടലിനെക്കുറിച്ച് ഇങ്ങനെ പ്രതികരിച്ചു: ''ഞങ്ങളുടെയും യൂറോപ്പിന്റെയും ആഫ്രിക്കയുടെയും അടിസ്ഥാന താല്‍പര്യങ്ങള്‍ അപകടത്തിലാണ്. അതിനാല്‍ വളരെ പെട്ടെന്ന് എന്തെങ്കിലും ചെയ്‌തേ മതിയാവൂ.'' യു.എന്നിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും യൂറോപ്യന്‍ യൂനിയന്റെയുമെല്ലാം മുഖംമൂടിയണിഞ്ഞാണ് മാലിയില്‍ ഫ്രഞ്ച് ഇടപെടല്‍ ഉണ്ടായതെങ്കില്‍ അതു തന്നെയാണ് 'കാര്‍' എന്ന് വിളിക്കപ്പെടുന്ന മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലും സംഭവിച്ചിരിക്കുന്നത്. സായുധ സംഘങ്ങളുടെ ആക്രമണത്തില്‍ നിന്ന് സിവിലിയന്മാരെ രക്ഷിക്കാന്‍ ഫ്രാന്‍സിനും ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ക്കും അവിടെ സൈനികമായി ഇടപെടാമെന്ന് യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഐകകണ്‌ഠ്യേന തീരുമാനിക്കുകയായിരുന്നു. ഉടന്‍ ഫ്രഞ്ച് പ്രസിഡന്റ് ഓലന്‍ദിന്റെ പ്രസ്താവന വന്നു: ''സിവിലിയന്മാരെ രക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു.'' തുടര്‍ന്ന് തലസ്ഥാനമായ ബാംഗൂയി ഉള്‍പ്പെടെ മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ സകല ഭാഗങ്ങളിലും ഫ്രഞ്ച്‌സേനയെ വിന്യസിച്ചു.
എന്തിനാണ് ഫ്രഞ്ച് സേന ഉടപെട്ടത്? അതിന് പിന്നിലുള്ള താല്‍പ്പര്യങ്ങള്‍ ഇങ്ങനെ സംക്ഷേപിക്കാം:
1. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് കമ്പനികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക; പ്രത്യേകിച്ച് ഫ്രഞ്ച് കോര്‍പറേറ്റ് ഭീമന്‍ 'അറീവ' (Areva)യുടെ. ആണവോര്‍ജ മേഖലയില്‍ കോംഗോ നഗരമായ ബുക്കാമ കേന്ദ്രീകരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അവിടെ യുറേനിയത്തിന്റെ വലിയ നിക്ഷേപമുണ്ട്. ഫ്രാന്‍സ് അതിന്റെ 75 ശതമാനം വൈദ്യുതി ആവശ്യങ്ങള്‍ക്കും ആണവോര്‍ജത്തെയാണ് ആശ്രയിക്കുന്നതെന്ന് ഓര്‍ക്കണം.
2. ചൈനപോലുള്ള പുതിയ സാമ്പത്തികശക്തികളെ മേഖലയില്‍ നിന്ന് അകറ്റിനിര്‍ത്തുക. കഴിഞ്ഞ നാല് നൂറ്റാണ്ടായി നൈജറിലെ യുറേനിയം നിക്ഷേപം അടക്കിവാഴുകയാണ് 'അറീവ' പോലുള്ള ഫ്രഞ്ച് കമ്പനികള്‍. അടുത്തകാലത്താണ് നൈജര്‍ ഭരണകൂടം ഇന്ത്യന്‍, ചൈനീസ്, അമേരിക്കന്‍, കനേഡിയന്‍, ആസ്‌ത്രേലിയന്‍ കമ്പനികള്‍ക്ക് ഖനനാനുമതി നല്‍കിയത്.
3. ഫ്രാന്‍സിന് സ്ട്രാറ്റജിക് താല്‍പര്യങ്ങളുള്ള ഛാഡ്, കാമറൂണ്‍ പോലുള്ള അയല്‍നാടുകളുണ്ട്. മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് സംഘര്‍ഷം അങ്ങോട്ടും പടരുമോ എന്ന ഭീതി.
4. മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലെ വൈരക്കല്ലുകള്‍ ഉള്‍പ്പെടെയുള്ള വമ്പിച്ച പ്രകൃതി വിഭവങ്ങളിലാണ് ഫ്രാന്‍സിന്റെ കണ്ണ്. വൈരക്കല്ലിന്റെ ലോക മാര്‍ക്കറ്റ് എന്ന് പോലും അതിനെ വിശേഷിപ്പിക്കാം. രാഷ്ട്രവരുമാനത്തിന്റെ 60 ശതമാനവും വൈരക്കല്ല് കയറ്റുമതിയില്‍ നിന്നാണത്രെ.
ഇത്രയും പറഞ്ഞത് സാമ്പത്തികവും തന്ത്രപ്രധാനവുമായ താല്‍പര്യങ്ങള്‍. സംഘര്‍ഷത്തിന് ഒരു മതകീയ മുഖവും കൂടിയുണ്ട്. മാലിയില്‍ അത് പ്രകടമായിത്തന്നെ കാണാന്‍ കഴിയുമായിരുന്നു. 90 ശതമാനം മൂസ്‌ലിംകളുള്ള മാലിയില്‍ മുസ്‌ലിം പോരാളികള്‍ സ്വന്തമായി ഭരണകൂടം സ്ഥാപിച്ചപ്പോഴാണ് അത് അട്ടിമറിക്കാനായി ഫ്രഞ്ച്‌സേന എത്തിയത്. തങ്ങളുടെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് അത് ഭീഷണിയാവുമെന്ന് അവര്‍ നേരത്തെ കണക്ക് കൂട്ടി. മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ മുസ്‌ലിം ജനസംഖ്യ പതിനഞ്ച് ശതമാനമാണ്. ക്രൈസ്തവ തീവ്രവാദി ഗ്രൂപ്പുകളില്‍ നിന്നാണ് മുസ്‌ലിംകള്‍ അതിക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ ക്രിസ്ത്യന്‍ മിലീഷ്യകളില്‍ നിന്ന് മുസ്‌ലിംകളെ സംരക്ഷിക്കാനാണ് ഫ്രാന്‍സ് അങ്ങോട്ട് സൈന്യത്തെ അയച്ചതെന്ന് കരുതാന്‍ യാതൊരു ന്യായവുമില്ല. മറിച്ച്, മുസ്‌ലിംകളുടെ പ്രത്യാക്രമണങ്ങളില്‍ നിന്ന് ക്രൈസ്തവ മിലീഷ്യകളെ രക്ഷിക്കുക എന്നതായിരിക്കും അവരുടെ തന്ത്രം. കൊളോണിയല്‍ ശക്തികളുടെ ഈ രാഷ്ട്രീയം കണ്ണുള്ളവര്‍ക്കൊക്കെ കാണാവുന്നതേയുള്ളൂ. മുസ്‌ലിം സമൂഹങ്ങള്‍ കടന്നാക്രമണത്തിനെതിരെ പ്രതിരോധം സൃഷ്ടിക്കുന്ന പ്രദേശങ്ങളിലൊക്കെ സമാധാന സംരക്ഷണം, പൗരസുരക്ഷ എന്നൊക്കെപ്പറഞ്ഞ് പടിഞ്ഞാറന്‍ സേനകള്‍ പാഞ്ഞെത്താറുണ്ട്.
മധ്യാഫ്രിക്കയിലെ മുന്‍ ഭരണാധികാരി ഫ്രാന്‍കോയിസ് ബോസിസി ക്രിസ്ത്യാനിയായിരുന്നിട്ടും, മൈക്കിള്‍ ജതോദിയ എന്ന മുസ്‌ലിം (ഇദ്ദേഹത്തിന്റെ പഴയ പേര് മുഹമ്മദ് ദഹിയ്യ എന്നാണ്) ആ ഭരണത്തെ അട്ടിമറിച്ചപ്പോള്‍ ഫ്രാന്‍സ് അത് തടഞ്ഞില്ലല്ലോ, സംഘര്‍ഷത്തിന് മതകീയമാനം ഇല്ല എന്നല്ലേ ഇത് കാണിക്കുന്നത്, അപ്പോള്‍ പിന്നെ മതകീയ ചേരിപ്പോര് അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും തന്നെയായിരിക്കില്ലേ അവര്‍ വന്നിട്ടുണ്ടാവുക എന്നൊക്കെ വാദിക്കുന്നവരുണ്ട്. അവരുടെ വിവരമില്ലായ്മ എന്നേ ഇതിനെക്കുറിച്ച് പറഞ്ഞുകൂടൂ. യാഥാര്‍ഥ്യം അതല്ല. ഓരോ ഭരണാധികാരിക്കും ഫ്രാന്‍സ് ഒരു കളം വരഞ്ഞുകൊടുത്തിട്ടുണ്ട്. അതിനപ്പുറം പോയി കളിക്കരുത്. ഫ്രാന്‍കോയിസ് ബോസിസ് കളം വിട്ടൊരു കളി കളിച്ചു. എണ്ണ കുഴിച്ചെടുക്കാനുള്ള കരാറുകള്‍ ചൈനീസ്-ദക്ഷിണാഫ്രിക്കന്‍ കമ്പനികള്‍ക്ക് കൂടി നല്‍കി. ഫ്രഞ്ച് കുത്തകയെയാണല്ലോ വെല്ലുവിളിച്ചത്. ഫ്രഞ്ച് ഏമാനന്മാര്‍ക്ക് കലിയിളകാന്‍ മറ്റെന്തെങ്കിലും വേണോ? വേറെ പല പല കാരണങ്ങള്‍ പറഞ്ഞ് അയാളെ പുറത്താക്കി. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന ഏത് ഭരണാധികാരിയോടും ഫ്രാന്‍സ് ഇതു തന്നെയായിരിക്കും ചെയ്യുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹ/47-48
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം