ആത്മീയ തട്ടിപ്പിന്റെ പഴയകാലാനുഭവങ്ങള്‍
ആത്മീയക്കച്ചവടലോകത്തിലെ മന്ത്രതന്ത്രങ്ങളുടെയും ഉറുക്ക് ഏലസ് യന്ത്രങ്ങളുടെയും പരസ്യത്തട്ടിപ്പുകള്‍ തുറന്നു കാട്ടുന്ന ഒരു കുറിപ്പ് ഇങ്ങനെ വായിക്കാം:
''സംസ്ഥാനത്ത് വേരൂന്നിയ അറബി മാന്ത്രികം വഴി ശത്രുദോഷം,വിവാഹതടസ്സം,വസ്തുവില്‍പന,തൊഴില്‍തടസ്സം,പ്രേമനൈരാശ്യം തുടങ്ങി നിത്യജീവിതത്തിലെ എല്ലാത്തരം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാമത്രെ.ചിലസ്ത്രീകളും അറബിമാന്ത്രിക തട്ടിപ്പുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഇന്ന് വന്‍തോതിലുള്ള ഒരു വ്യവസായമായി അറബി മാന്ത്രികം സംസ്ഥാനത്ത് തഴച്ചുവളര്‍ന്നിരിക്കുന്നു. മന്ത്രവാദം എന്നത് തീര്‍ത്തും ഒരു സങ്കല്‍പമാണ്. തട്ടിപ്പുകാരില്‍ പലരും ഖുര്‍ആനിലെ സൂക്തങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഇരകളെ കെണിയില്‍ വീഴ്ത്തുന്നത്. ജ്യോതിഷം ഉള്‍പ്പെടെയുള്ള ഹൈന്ദവ പൂജകളും മന്ത്രങ്ങളും മുസല്‍മാന് 'ഹറാ'മാണെന്നും അതേസമയം, അറബിമാന്ത്രികത്തിന് കുഴപ്പമില്ലെന്നുമാണ് അവര്‍ ഇരകളെ വിശ്വസിപ്പിക്കുന്നത്. ജലദോഷം മുതല്‍ കാന്‍സര്‍ വരെ ഭേദമാക്കുന്നതിനും ദാരിദ്ര്യത്തില്‍ നിന്ന് സമൃദ്ധിയിലേക്ക് എത്തുന്നതിനും തുടങ്ങി ശരീരസൗന്ദര്യം വര്‍ധിപ്പിക്കാന്‍ വരെ അറബിമാന്ത്രികത്തില്‍ വിദ്യകളുണ്ടത്രെ. വ്യാജ സിദ്ധന്മാരുടെ കെണിയില്‍ കൂടുതലായും അകപ്പെടുന്നത് സ്ത്രീകളാണ്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനോട് യഥാര്‍ഥ വിശ്വാസികള്‍ യോജിക്കുന്നില്ല'' (മാധ്യമം-11/08/2013).
അതീവ ഗുരുതരമായ ഒരു സമകാലിക സമസ്യയിലേക്കാണ് ഈ കുറിപ്പ് വിരല്‍ ചൂണ്ടുന്നത്. പത്രപരസ്യത്തട്ടിപ്പുകളുടെ വരുതിയിലൊതുങ്ങുന്നതല്ല തഴച്ചു വളരുന്ന ആത്മീയ വ്യവസായത്തിന്റെ അധോലോക സാമ്രാജ്യം. കൊച്ചുപരല്‍ മീനുകള്‍ മുതല്‍ വന്‍ കൊമ്പന്‍ സ്രാവുകളും തിമിംഗലങ്ങളും വരെ വിലസുന്ന ഈ സാഗരപ്പരപ്പില്‍ ഒഴുകിനീങ്ങുന്ന മഞ്ഞുമലകളുടെ മുകള്‍ത്തലപ്പ് മാത്രമേ പുറമേയ്ക്ക് കാണുന്നുള്ളൂ. ശൈഖ്- തങ്ങള്‍-ഔലിയാപ്പട്ടങ്ങളും സ്വാമി-സിദ്ധ-സന്യാസിവേഷങ്ങളും ഭൂത-പ്രേത-ജിന്ന്-ചാത്തന്‍കൂടിയാട്ടങ്ങളും തൊട്ട് ആഗോള ആള്‍ദൈവങ്ങള്‍ വരെ ഈ ആത്മീയ വാണിജ്യലോകത്തിന്റെ സാരഥികളും സാമ്രാട്ടുകളുമായി വാഴുന്നു. അന്ധവിശ്വാസ ജടിലമായ ജനമനസ്സാണ്,ഇരുട്ടില്‍ വളരുന്ന എല്ലാ ക്ഷുദ്രജീവികള്‍ക്കും വളക്കൂറുള്ള മണ്ണ്. സമര്‍ത്ഥമായ മാനേജ്‌മെന്റും വിശാലമായ നെറ്റ്‌വര്‍ക്കും എന്തിനും മടിക്കാത്ത വളര്‍ത്തുഗുണ്ടകളുടെ ചോറ്റുപട്ടാളവും ഇവര്‍ക്ക് കാവല്‍ക്കാരായുണ്ട്. മതവും രാഷ്ട്രീയവും ഭരണവും നിയമവും ഇവര്‍ക്ക് ഓശാന പാടുന്നു. വ്യവസായ മൂലധനശക്തികളും കള്ളക്കടത്ത് മാഫിയകളും ആത്മീയത്തട്ടിപ്പ് ലോബിയുടെ ഗുണഭോക്താക്കളാണ്. ആശ്രമങ്ങളിലും ആത്മീയചികിത്സാകേന്ദ്രങ്ങളിലും നടക്കുന്ന ദുരൂഹമായ കൊലപാതകങ്ങളുടെയും ബലാല്‍സംഗങ്ങളുടെയും വല്ലപ്പോഴും പുറത്ത് വരുന്ന കഥകള്‍ കേട്ട് ജനം ഞെട്ടുന്നു. പിടിച്ചതിനെക്കാള്‍ എത്രയോ വലുതാണ് മാളത്തിലെന്ന് അവരറിയുന്നില്ല.
അതിവേഗം ബഹുദൂരം വളര്‍ന്നുപടരുന്ന ആത്മീയ വ്യവസായത്തിന്റെ കാണാപ്പുറങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്ന ഒരു പരമ്പര മാധ്യമം ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. ബന്ധപ്പെട്ട ഒരു കക്ഷി അതിനോട് പ്രതികരിച്ച രീതി കൗതുകകരമായിരുന്നു. പരമ്പര നന്നായി. അറിയപ്പെടാത്ത മുക്കുമൂലകളില്‍ ഞങ്ങളെ അറിയിക്കാന്‍ അത് ഏറെ സഹായകമായി! ജനങ്ങളുടെ അറിവില്ലായ്മയിലും പാവത്തരത്തിലും ഇവര്‍ക്കുള്ള വിശ്വാസമാണ് ഇതുപോലുള്ള പ്രതികരണങ്ങളില്‍ പ്രതിഫലിക്കുന്നത്. ജനമനസ്സുകളുടെ സംസ്‌കരണവും ബോധവല്‍ക്കരണവും മാത്രമേ പ്രതിവിധിയുള്ളൂ എന്നതാണ് അന്തിമവിശകലനത്തില്‍ തെളിയുന്ന വസ്തുത. ഇരുട്ടിനു പകരം വെളിച്ചമേയുള്ളൂ.
എന്നാല്‍ ഇത്രത്തോളം ഭീകരമോ പ്രാകൃതമോ അല്ലാതെ,സുതാര്യമായി ഈ തൊഴില്‍ (ആത്മീയചികിത്സ)ചെയ്യുന്ന മാന്യന്മാരുടെ ഒരു ചെറിയ സംഘവും ഉണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്.വിശ്വാസത്തെ ചോദ്യം ചെയ്യേണ്ടതില്ലെങ്കിലും ഫലത്തില്‍ സംഭവിക്കുന്നത് പാമരജനത്തിന്റെ അജ്ഞതയും ആകുലതകളും മുതലെടുക്കല്‍തന്നെയാണ്. എങ്കിലും സ്വന്തം മനസ്സാക്ഷിയെ ബോധ്യപ്പെടുത്താന്‍ ഈ തൊഴിലെടുക്കുന്നവര്‍ ചില ന്യായീകരണങ്ങളെല്ലാം കണ്ടെത്താറുണ്ട്. നീറുന്ന ജീവിതപ്രശ്‌നങ്ങളില്‍ ആശ്വാസവും മനശ്ശാന്തിയും തേടി ആളുകള്‍ തങ്ങളെ സമീപിക്കുന്നു. അങ്ങനെ വരുന്നവര്‍ക്ക് തങ്ങളുടെ ഉറുക്കും മന്ത്രവും ആശ്വാസം നല്‍കുന്നു എന്നൊക്കെയാണ് ഇവരുടെ ന്യായവാദം. ഫലസിദ്ധി അനുഭവബോധ്യമായ(മുജര്‍റബാത്ത്) ക്രിയകളേ തങ്ങള്‍ ചെയ്യാറുള്ളുവെന്നും ഇവര്‍ അവകാശപ്പെടാറുണ്ട്.
ഇതേ അനുഭവബോധ്യത്തിന്റെ ന്യായബലത്തില്‍ ഊന്നി എനിക്കുമുണ്ട് പറയാന്‍ ഒരു അനുഭവകഥ.
എന്റെ ചെറുപ്പകാലത്ത്, 10-12 വയസ്സിനിടെ ഒരു അമ്മാവന്റെ വീട്ടില്‍ താമസിക്കാനിടയായി (ഊരും പേരും പറയുന്നില്ല). അമ്മാവന്‍ മുതവല്ലിയായ പള്ളിയില്‍ കിതാബ് ഓതാന്‍ വേണ്ടി വാപ്പ അവിടെ കൊണ്ടുവിട്ടതാണ്. കിതാബോത്ത് പേരിനുമാത്രം. അധികനേരവും വീട്ടിലാണുണ്ടാവുക. മാമയെ ഞാന്‍ വല്ല്യക്ക എന്നാണ് വിളിക്കുക. ആളുകള്‍ ഓറ് എന്ന് വിളിക്കുന്നു.
വല്ല്യക്ക സുന്നി വിഭാഗത്തിലെ പ്രശസ്ത പണ്ഡിതനാണ്. എങ്കിലും വിശാലാശയനാണെന്ന് വാക്കിലും പെരുമാറ്റത്തിലും തോന്നാറുണ്ട്. വളരെ മാന്യനും ഉദാരനുമാണ്. പണ്ഡിതവൃത്തങ്ങളില്‍ പതിവുള്ള പല (ദുഃ)ശീലങ്ങളില്‍ നിന്ന് മുക്തനും.
ഇതൊക്കെ ശരിയായിരിക്കെത്തന്നെ, ഇക്കാക്കയുടെ തൊഴില്‍ ഉറുക്കെഴുത്താണ്! അല്‍പം വൈദ്യവും കാണും (യൂനാനിയാണെന്ന് തോന്നുന്നു). വീട്ടില്‍ പകലന്തിയോളം വലിയ തിരക്കാണ്. ആളുകള്‍ വന്നും പോയുമിരിക്കും.
ഏതോ രോഗബാധയെ തുടര്‍ന്ന് വല്ല്യക്കായുടെ കൈ വിരലുകള്‍ക്ക് സ്വാധീനമില്ലാതായി. അതുകൊണ്ട് സ്വന്തം കൈപ്പടയില്‍ എഴുതാന്‍ പ്രയാസം. വല്ല്യക്കായുടെ നിര്‍ദ്ദേശപ്രകാരം ചെറിയ മാമനാണ് ഉറുക്ക് എഴുതിത്തയ്യാറാക്കുക. ഉറുക്ക് നിര്‍മാണത്തില്‍ എനിക്കും ഒരു സൈഡ് ജോലിയുണ്ട്. ചെറിയമ്മാമന്‍ എഴുതിയ ഉറുക്ക് ഭംഗിയായി മടക്കി നേരിയ നൂല് കൊണ്ട്‌കെട്ടുക! (ഈ കലയില്‍ ക്രമേണ എനിക്ക് നല്ല കൈത്തഴക്കം സിദ്ധിച്ചുവെന്നത് മറച്ചുവെക്കുന്നില്ല.) ആയിടെ,പള്ളി മുതവല്ലിസ്ഥാനവുമായി ബന്ധപ്പെട്ട് പ്രമാദമായ ഒരു സിവില്‍ കേസില്‍ വല്ല്യക്ക കക്ഷിയായി. കേസ് നടത്തിപ്പുമായി ചെറിയമ്മാമന് പലപ്പോഴും കോടതിയിലും മറ്റും കയറിയിറങ്ങേണ്ടതായി വന്നു. ഇതൊക്കെ ഉറുക്കെഴുത്തിനു തടസ്സമായിക്കൊണ്ടിരുന്നു.
ചെറിയമ്മാമന്‍ വീട്ടില്‍ ഇല്ലാതിരിക്കുമ്പോഴും ആളുകള്‍ ആവശ്യങ്ങളുമായി വന്നുകൊണ്ടിരുന്നു. അവരെ തൃപ്തിപ്പെടുത്തി തിരിച്ചയക്കണം. എന്താണ് പ്രതിവിധി? വല്ല്യക്ക എന്നെ അടുത്ത് വിളിച്ച് സാവധാനത്തില്‍ പറയും: 'അബ്ദുല്ലാ,കുറച്ച് ഉറുക്ക് എഴുതിക്കൊണ്ടുവാ'. ഉറുക്കിന്റെ ഉള്ളടക്കത്തെപ്പറ്റി ഒരു ചുക്കും എനിക്കറിയില്ല. എങ്കിലും കണ്ടാല്‍ ഉറുക്കാണെന്ന് ആര്‍ക്കും തോന്നുവിധം ഉറുക്കെഴുതാന്‍ അറിയും. അങ്ങനെ പതിനൊന്നാം വയസ്സില്‍ ഞാന്‍ ചെറിയൊരു ഉറുക്കെഴുത്ത് തൊഴിലാളിയായി. ചതുരത്തില്‍ കള്ളികള്‍ വരച്ച് ഓരോ കള്ളിയിലും അറബി അക്കങ്ങളും അക്ഷരങ്ങളും ഇടവിട്ട് കുറിച്ച് കഴിയുമ്പോള്‍ ലക്ഷണമൊത്ത ഒന്നാം തരം ഉറുക്കുകള്‍ പിറന്നു വീഴൂകയായി! അനന്തരം എന്റെ ഉറുക്കുനിര്‍മിതികള്‍ നല്‍കി അമ്മാവന്‍ പ്രയോഗക്രമങ്ങള്‍ പറഞ്ഞുകൊടുക്കും. അതെല്ലാം ഭക്ത്യാദരപൂര്‍വം ഏറ്റുവാങ്ങി ആളുകള്‍ സംതൃപ്തരായി തിരിച്ചുപോകും (അങ്ങനെ ഞാന്‍ പടച്ചുവിട്ട കിടുകിടിലന്‍ ഉറുക്കുകള്‍ എന്തെല്ലാം ഹലാക്കുകളും ധമാക്കകളുമാണ് സൃഷ്ടിച്ചുവിട്ടിരിക്കുക എന്നോര്‍ക്കുമ്പോളെല്ലാം ചിരിയും പേടിയും ഒന്നിച്ചാണ് വരിക!).
11-ാം വയസ്സില്‍ ഇതൊന്നും പ്രശ്‌നമായില്ലെങ്കിലും പ്രായവും പക്വതയും കൂടുംതോറും എന്റെ ഉറുക്കനുഭവം മനസ്സാക്ഷിയില്‍ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. ഇതിനിടെ, അമ്മാവനുമായി ബന്ധപ്പെട്ടുണ്ടായ ചില സംഭവങ്ങള്‍ എന്നെ കൂടുതല്‍ നിഷേധിയാക്കുവാനേ സഹായിച്ചുള്ളൂ.
1. അമ്മാവന്റെ വീട്ടുവേലക്കാരിയുടെ സ്വര്‍ണാഭരണം കളവുപോയതാണ് കൂട്ടത്തില്‍ ചെറിയ സംഭവം. കളവുകേസുകള്‍ തെളിയിക്കുവാന്‍ ആളുകള്‍ സമീപിക്കുന്ന വീട്ടില്‍ തന്നെ കളവ്! കളവ് തെളിയിക്കാനും കള്ളനെ തിരിച്ചറിയാനും ഒരു വിദ്യയും പ്രയോഗിച്ചുകണ്ടില്ല. സംഗതി പുറത്തറിയിക്കാതെ തേച്ചുമായ്ച്ചു കളയുകയാണുണ്ടായത്.
2. രണ്ടാം ലോക യുദ്ധകാലം. പട്ടിണിയും ഭക്ഷ്യക്ഷാമവും കൊടുമ്പിരിക്കൊള്ളുന്നു. അരി,പഞ്ചസാര,മണ്ണെണ്ണ മുതലായ അവശ്യവസ്തുക്കള്‍ക്കെല്ലാം റേഷനിംഗ്. അമ്പതാളില്‍ കവിഞ്ഞ കല്യാണാഘോഷങ്ങള്‍ക്കെല്ലാം നിരോധം. ഇതിനിടെയാണ്,അമ്മാവന്റെ വീട്ടില്‍ വലിയ ഒരു കല്യാണാഘോഷം നടക്കാന്‍ പോകുന്നത്. അമ്മാവന്‍ വലിയ സ്വാധീനമുള്ള ആളായത് കൊണ്ടാവണം,നിരോധം വേണ്ടത്ര ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. ശത്രുക്കളോ അസൂയാലുക്കളോ ഇടങ്കോലിടുമെന്ന് കരുതിയില്ല. സംഭവിച്ചത് പക്ഷെ അതാണ്. ഉദ്യോഗതലങ്ങളിലേക്ക് ഊമക്കത്തുകള്‍ പോയി. കല്ല്യാണനാള്‍ ആസന്നമായി. സദസ്സ് നിറഞ്ഞു. വിഭവസമൃദ്ധമായ സദ്യ ഒരുങ്ങി. ഭക്ഷണം വിളമ്പാന്‍ പോകുന്നു. പെട്ടെന്ന് ഒരു അശരീരി. ഒരു ദുര്‍വര്‍ത്തമാനം! അതെ, ഉദ്യോഗസ്ഥസംഘം കടവിനക്കരെ എത്തിക്കഴിഞ്ഞു. ഒന്നര കിലോമീറ്റര്‍ നടന്നെത്താനേ ദൂരമുള്ളൂ. ഇതിനിടയില്‍ ചെയ്യാവുന്നതെല്ലാം ഉടന്‍ ചെയ്തുകഴിഞ്ഞത് ഭാഗ്യം.
ആള്‍ക്കൂട്ടം പെട്ടെന്ന് ഒഴിഞ്ഞുപോകാന്‍ സൂചന ലഭിച്ചു. തീ പറക്കുന്ന ഭക്ഷ്യവിഭവങ്ങളെല്ലാം നൊടിയിട സ്ഥലം മാറ്റുകയോ നശിപ്പിക്കുകയോ ചെയ്യേണ്ടിവന്നു. നടപടിയെടുക്കത്തക്ക തെളിവുകളൊന്നും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചില്ലെങ്കിലും സംഭവം കുടുംബത്തിനു വലിയ ആഘാതമായി. നാടെങ്ങും വര്‍ത്തമാനമായി. എന്തുകൊണ്ട് മുസ്‌ല്യാര്‍ക്ക് ഇത് സംഭവിച്ചു? ഓര്‍ക്ക് മുന്‍കൂട്ടി തടുക്കാന്‍ കഴിയാതിരുന്നതെന്തുകൊണ്ട്? ആര്‍ക്കും ഉത്തരമുണ്ടായില്ല.
3. പ്രമാദമായ പള്ളിക്കേസിനെപ്പറ്റി നേരത്തേ സൂചിപ്പിച്ചുവല്ലോ. എങ്ങനെയും കേസ് ജയിക്കേണ്ടത് അമ്മാവന് വലിയ അഭിമാനപ്രശ്‌നമായിരുന്നു. അതുകൊണ്ടുതന്നെ, സീനിയര്‍ അഡ്വക്ക്റ്റുമാരെ വെച്ചുള്ള ശക്തമായ നിയമപോരാട്ടമാണ് നടന്നത്. പൗരമുഖ്യന്മാരുടെയും മറ്റും വലിയൊരു സ്വാധീനവൃത്തവും അമ്മാമനും കൂട്ടായി ഉണ്ടായിരുന്നു. എന്നിട്ടും ഇത്രയ്ക്ക് ഗൗരവപ്പെട്ട കേസില്‍ വിധി വന്നപ്പോള്‍ ജയിച്ചത് അമ്മാമനായിരുന്നില്ല. എതിര്‍ കക്ഷിക്കായിരുന്നു ജയം! എന്തുകൊണ്ടിത് സംഭവിച്ചുവെന്ന് ചോദ്യം ഒരിക്കല്‍കൂടി ആവര്‍ത്തിക്കപ്പെട്ടു.
ഈ മൂന്ന് സംഭവങ്ങളുമായി ഉറുക്ക് വിദ്യ ചേര്‍ത്തുവായിച്ചപ്പോള്‍ എനിക്ക് ബോധ്യമായി, എന്റെ ഉറുക്ക് മാത്രമല്ല മിഥ്യ; വല്ല്യക്കായുടെ വലിയ ഉറുക്കും മിഥ്യതന്നെ. വ്യക്തിമാഹാത്മ്യം വേറെ. ഉറുക്ക് മാന്ത്രികം വേറെ.
ബഹുമാന്യനായ വല്ല്യക്കാ ഒറ്റക്കല്ല. മതത്തിന്റെയും സമുദായത്തിന്റെയും തലപ്പത്ത് ഇങ്ങനെ വേറെയും ബഹുമാന്യവ്യക്തിത്വങ്ങള്‍ കാണും.
Comments