Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 14

ഇസ്‌ലാമിന്റെ സാമ്പത്തിക ദര്‍ശനത്തെക്കുറിച്ച് ഡോ. തോമസ് ഐസക്കിന് പറയാനുള്ളത്

ജി്ബ്രാന്‍ /റീഡിംഗ് റൂം

         ഡോ. തോമസ് ഐസക് അവതരിപ്പിച്ച 2009-10 ബജറ്റാണ് കേരളത്തിലൊരു ഇസ്‌ലാമിക് ബാങ്ക് എന്ന നിര്‍ദേശം ആദ്യം മുന്നോട്ട് വെക്കുന്നത്. ഇന്ത്യയില്‍ നിലവിലുള്ള നിയമചട്ടക്കൂടിനകത്ത് പലിശരഹിത ബാങ്ക് ആരംഭിക്കാന്‍ സാധിക്കാത്തതിനാല്‍ ബാങ്കിതര ധനകാര്യ സ്ഥാപനമായി 'അല്‍ബറക' എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത് ഇടതു ഭരണകാലത്ത് തന്നെ പ്രാരംഭ പ്രവര്‍ത്തനങ്ങളുമാരംഭിച്ചു. അപ്പോഴാണ് ശരീഅത്ത് അടിസ്ഥാനത്തില്‍ ബാങ്ക് സ്ഥാപിക്കുന്നതില്‍നിന്ന് കേരള സര്‍ക്കാറിനെ തടയണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യ സ്വാമി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നത്. എല്ലാജനവിഭാഗങ്ങള്‍ക്കും ഉപകാരപ്പെടുന്ന ഒരു വ്യവസ്ഥയെ പ്രാഥമികമായി പോലും പഠിക്കാന്‍ ശ്രമിക്കാതെ ബാങ്കിന്റെ മുന്നിലെ 'ഇസ്‌ലാം' കണ്ട് പേടിച്ച ഹാലിളക്കമായിരുന്നു സ്വാമിയുടേത്. ഭരണം ഇടത്തുനിന്ന് വലത്തോട്ട് മാറിയപ്പോള്‍ കുറച്ച് കാലം 'അല്‍ബറക'യെ കുറിച്ചൊന്നും കേട്ടില്ലെങ്കിലും ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ബാങ്ക് സജീവമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണിപ്പോള്‍. അപ്പോഴും പക്ഷേ, ഡെപോസിറ്റുകള്‍ക്ക് നല്‍കുന്ന പലിശനിരക്ക് കാണിക്കാത്ത സ്ഥാപനങ്ങളെ ബാങ്കായി അംഗീകരിക്കാന്‍ കഴിയില്ല എന്ന ശാഠ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് റിസര്‍വ് ബാങ്ക്. നമ്മുടെ ധനകാര്യവ്യവസ്ഥയിലെ ഇത്തരം സങ്കീര്‍ണതകളെ പ്രശ്‌നവല്‍ക്കരിച്ച്, മതജാതികള്‍ക്കതീതമായ ഇസ്‌ലാമിക ബാങ്കിന്റെ സേവനമുഖങ്ങളും ആഗോള സാമ്പത്തിക വ്യവസ്ഥക്ക് ഇസ്‌ലാം നല്‍കുന്ന ബദല്‍ നിര്‍ദേശങ്ങളും വിശകലനം ചെയ്ത് മാതൃഭൂമി ദിനപത്രത്തില്‍ മുന്‍ ധനകാര്യമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് ലേഖനമെഴുതുകയുണ്ടായി. അതിലെ ചില ഭാഗങ്ങള്‍:
''പലരും കരുതുന്നതുപോലെ ഇസ്‌ലാമിക് ധനകാര്യസ്ഥാപനം എന്നുപറഞ്ഞാല്‍ മുസ്‌ലിംകളെ ധനപരമായി സഹായിക്കാനുള്ള ഒരു സ്ഥാപനമല്ല. ഏത് മതസ്ഥനും ഈ സ്ഥാപനത്തിന്റെയും സഹായം സ്വീകരിക്കാം. എന്നാല്‍, ഒരു നിബന്ധനയുണ്ട്. പന്നിയിറച്ചികൊണ്ടുള്ള ഉത്പന്നങ്ങള്‍, മദ്യം, മയക്കുമരുന്ന് തുടങ്ങി ഇസ്‌ലാം നിഷിദ്ധമെന്ന് കരുതുന്നവയുടെ ഉല്‍പാദനത്തിനോ അശ്ലീല വിനോദപ്രവൃത്തികള്‍ക്കോ വേണ്ടി സ്ഥാപനം സഹായം നല്‍കുകയില്ല. കമ്പനിയില്‍ മുതല്‍മുടക്കാന്‍ തയാറുള്ള ഏത് മതസ്ഥനും ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകുന്നതിനും തടസ്സമില്ല. അല്‍ബറക്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ തുടക്കം മുതലേ അമുസ്‌ലിംകളും ഉണ്ടായിരുന്നു.
ഇസ്‌ലാം മതത്തിന് ആത്മീയവിശ്വാസ പ്രമാണങ്ങള്‍ക്കൊപ്പം സാമൂഹിക, സാമ്പത്തിക ക്രമം സംബന്ധിച്ചും കാഴ്ചപ്പാടുണ്ട്. സ്വത്തിനും കമ്പോളത്തിനും പരമാധികാരം കല്‍പ്പിക്കുന്ന ഒന്നല്ല അത്. ലോകത്തെ സമ്പത്ത് അല്ലാഹുവിന്റെ കൃപയാണ്, അതിന്റെ ട്രസ്റ്റി മാത്രമാണ് ഉടമസ്ഥന്‍. കൃഷി, വ്യവസായം, വാണിജ്യം എന്നിവയിലൂടെ ഈ സമ്പത്ത് വര്‍ധിപ്പിക്കുക എന്നത് മനുഷ്യന്റെ കടമയാണ്. പക്ഷേ, പണം കൊണ്ട് പണം പെരുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ല: കാരണം പണത്തിന് അതില്‍തന്നെ മൂല്യമില്ല. അതുകൊണ്ടാണ് 'റിബ' അല്ലെങ്കില്‍ പലിശ ഇടപാടുകളെ ഹറാമായി അഥവാ നിഷിദ്ധമായി ഇസ്‌ലാം കരുതുന്നത്.
പലിശ മാത്രമല്ല, ഊഹക്കച്ചവടവും ചൂതാട്ടവും അഴിമതിയും ഹറാമാണ്. കമ്പോളത്തിന്റെ പരമാധികാരം ഇസ്‌ലാം അംഗീകരിക്കുന്നില്ല. കുത്തകയും അതിരുകവിഞ്ഞ അസമത്വവും പാടില്ല. എല്ലാവരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടണം. എല്ലാവരും അവരുടെ സ്വത്തിന്റെ ഒരു ഭാഗം പാവങ്ങള്‍ക്ക് നല്‍കണം. സക്കാത്തിന്റെയും സദഖയുടെയും അടിസ്ഥാനത്തിലുള്ള ഉള്‍ച്ചേര്‍ന്ന വികസന സങ്കല്‍പമാണ് ഇസ്‌ലാമിന്റേത്. കമ്പോളം സാമൂഹിക നിയന്ത്രണത്തിന് കീഴ്‌പ്പെടണം. ഈ ആശയങ്ങളുടെ തുടര്‍ച്ചയായി ഒരിസ്‌ലാമിക സോഷ്യലിസ്റ്റ് ചിന്താധാര ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും. സോവിയറ്റ് വിപ്ലവകാലത്ത് മധ്യേഷ്യയിലും അമ്പത്, അറുപതുകളില്‍ അറബ് ദേശീയതയിലും നമുക്കിത് സ്പഷ്ടമായി കാണാനാവും. ഈ ചിന്തകളുടെ ഉള്ളടക്കത്തെക്കുറിച്ചും പരിണാമത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. പക്ഷേ, അവിതര്‍ക്കിതമായ ഒരു കാര്യമുണ്ട്. ഇന്നത്തെ ആഗോള മുതലാളിത്ത ക്രമത്തോട് ഇസ്‌ലാമിന് പൊരുത്തപ്പെടാനാവില്ല. ഫിനാന്‍സ് മൂലധനത്തിന്റെ ആധിപത്യമാണ് ഇവിടെ നടമാടുന്നത്. ഊഹക്കച്ചവടവും ചൂതാട്ടവുമാണ് ഇതിന്റെ മുഖമുദ്ര.''
തുടര്‍ന്ന് പലിശയില്ലാതെ തന്നെ വിജയകരമായി നടത്താവുന്ന ഇസ്‌ലാമിക ബാങ്കിലെ വ്യത്യസ്ത രീതികളെ പരിചയപ്പെടുത്തുന്ന ലേഖകന്‍ റിസര്‍വ് ബാങ്കിന്റെ നയങ്ങളെ രൂക്ഷമായി ഇങ്ങനെ വിമര്‍ശിച്ചുകൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്: ''പലിശരഹിത ധനകാര്യ സ്ഥാപനം എങ്ങനെയാണ് പലിശ നിര്‍ണയിക്കുക? ഒരുപക്ഷേ, പൂജ്യം പലിശ നിര്‍ണയിച്ച് റിസര്‍വ് ബാങ്കിനെ അറിയിക്കുകയായിരിക്കും പ്രതിവിധി. വിദേശ ഫണ്ടുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടി കള്ളപ്പണത്തിനും നികുതി വെട്ടിപ്പിനും വരെ ഒത്താശ ചെയ്തുകൊടുക്കുന്ന ഭരണാധികാരികള്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന കാര്‍ക്കശ്യം ഒരു തമാശയാണ്.''
('ഇസ്‌ലാമിക ബാങ്ക് യാഥാര്‍ഥ്യമാകുമ്പോള്‍'-ഡോ. ടി.എം തോമസ് ഐസക്, മാതൃഭൂമി 2014 ഫെബ്രുവരി 25).

മാപ്പിളയുണ്ടായ യാത്രകള്‍


         ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍നിന്ന് പുറത്തിറങ്ങുന്ന പ്രസിദ്ധീകരണമാണ് തെളിച്ചം മാസിക. പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി തെളിച്ചം വാര്‍ഷികപ്പതിപ്പ് പുറത്തിറക്കിയിരിക്കുന്നു. മാപ്പിള സമുദായത്തിന്റെ സ്വത്വവും സംസ്‌കാരവും നിര്‍ണയിക്കുന്നതില്‍ പങ്കുവഹിച്ച ദേശസഞ്ചാരങ്ങളെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് മാഗസിന്‍ നടത്തിയിരിക്കുന്നത്. മാപ്പിളമാരെ രൂപപ്പെടുത്തിയ വിവിധ സ്വഭാവത്തിലുള്ള യാത്രകള്‍ പരിചയപ്പെടുത്താന്‍ തെളിച്ചത്തിനു സാധിച്ചിട്ടുണ്ട്. അറബികള്‍ കേരളത്തിലേക്ക് നടത്തിയ യാത്രകള്‍, കേരള മുസ്‌ലിംകള്‍ ജോലിയാവശ്യാര്‍ഥം അറബ് നാടുകളിലേക്ക് നടത്തിയ യാത്രകള്‍, പഠനാവശ്യാര്‍ഥം മക്കയിലേക്കും ഈജിപ്തിലേക്കും നടത്തിയ ജ്ഞാനയാത്രകള്‍, അറബി സഞ്ചാരികളുടെ അന്വേഷണ യാത്രകള്‍, ഹജ്ജാവശ്യാര്‍ഥമുള്ള പുണ്യയാത്രകള്‍, ഉത്തരേന്ത്യന്‍ യാത്രകള്‍, സിലോണിലേക്കും സിംങ്കപ്പൂരിലേക്കുമുള്ള കുടിയേറ്റ യാത്രകള്‍, ചരിത്രം നാടുകടത്തിയ അന്തമാന്‍ യാത്രകള്‍, ഹള്‌റമിയുടെ യാത്രാലോകങ്ങള്‍, യാത്രാപുസ്തകങ്ങള്‍ തുടങ്ങി മാപ്പിളയുണ്ടായ യാത്രകളെല്ലാം സമഗ്രമായി തെളിച്ചം പതിനഞ്ചാം വാര്‍ഷികപ്പതിപ്പ് പരിചയപ്പെടുത്തുന്നു. മള്‍ട്ടികളര്‍ പേജില്‍ ആകര്‍ഷകമായി ലേഔട്ട് ചെയ്ത 330 പേജുകളിലൂടെ കണ്ണോടിക്കുമ്പോള്‍ വ്യത്യസ്ത കാലങ്ങളിലൂടെ, വിവിധ നാടുകളിലൂടെ യാത്ര ചെയ്ത പ്രതീതിയാണ് ലഭിക്കുക.

ജഗദീശ്വരാ ഫയര്‍വര്‍ക്‌സിലെ മലബാറുകാരന്‍


         കേരളത്തിന്റെ വികസന ചര്‍ച്ചയിലും നവരാഷ്ട്രീയ മുദ്രാവാക്യങ്ങളിലുമെല്ലാം കുറച്ചു വര്‍ഷങ്ങളായി മുഴക്കപ്പെടുന്ന പദമാണ് 'മലബാര്‍.' പഴയ തിരുവിതാംകൂറും കൊച്ചിയും ആധുനിക കേരളത്തിന്റെ വികസന ഫണ്ടുകളും പദ്ധതികളും പങ്കുവെച്ചപ്പോള്‍ പഴയ മലബാര്‍ അവഗണിക്കപ്പെട്ടുവെന്ന തിരിച്ചറിവാണ് മലബാറിനെ വീണ്ടും സമരപദമാക്കിത്തീര്‍ത്തത്. മലബാര്‍ സംസ്ഥാനവും മലപ്പുറം ജില്ലാ വിഭജനവുമെല്ലാം അതിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ചര്‍ച്ചകളായിരുന്നു. മുസ്‌ലിം സമുദായത്തിനകത്തും അതിന്റെ മേല്‍നോട്ടത്തിലും ശക്തിപ്പെട്ടുവരുന്ന നവരാഷ്ട്രീയ വേദികളിലായിരുന്നു ഇത്തരം ആവശ്യങ്ങളധികവും ഉന്നയിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ പാകിസ്താന്‍ വാദത്തിനും മലപ്പുറം ജില്ലാ വിഭജനത്തിനും ശേഷം മുസ്‌ലിംകള്‍ വീണ്ടും വിഘടനവാദം മുഴക്കുന്നുവെന്നാണ് അതിനോട് തീവ്രഹിന്ദുത്വ വാദികളും മൃദുഹിന്ദുത്വം ബാധിച്ചവരും പ്രതികരിച്ചത്. രാഷ്ട്രീയ-സാമ്പത്തിക-വിദ്യാഭ്യാസ രംഗങ്ങളിലുള്ള മുസ്‌ലിം ശാക്തീകരണം തീവ്രഹിന്ദുത്വവാദികളിലും മൃദുഹിന്ദുത്വരിലും ഉണ്ടാക്കുന്ന അസഹിഷ്ണുതയും ശത്രുതാ മനോഭാവവും സുന്ദരമായി ചിത്രീകരിക്കുന്നതാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ (2014 ഫെബ്രുവരി 23) ടി.പി വേണുഗോപാല്‍ എഴുതിയ 'ജഗദീശ്വരാ ഫയര്‍ വര്‍ക്‌സ്' എന്ന കഥ. കഥയിലുടനീളം മലബാര്‍ എന്ന പദം പല സൂചകങ്ങളായി കടന്നുവരുന്നതോടൊപ്പം മലപ്പുറം ജില്ലാ വിഭജന ആവശ്യവും മലബാര്‍ സംസ്ഥാന വാദവുമെല്ലാം സംസാരവിഷയമാകുന്നു.
മൂന്ന് കഥാപാത്രങ്ങളാണ് പ്രധാനമായും കഥയിലുള്ളത്. ഒന്ന്, തീവ്രഹിന്ദുത്വവാദിയായ രഞ്ചന്‍. മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളോട് കടുത്ത അസഹിഷ്ണുതയുള്ള ഇയാള്‍ അവരെ സാധിക്കുന്നിടത്തെല്ലാം കായികമായിത്തന്നെ കൈകാര്യം ചെയ്യണമെന്ന വാദക്കാരനാണ്. മുസ്‌ലിമിന്റെ പേര് കേള്‍ക്കുന്നത് തന്നെ രഞ്ചന് അലര്‍ജിയാണ്. രഞ്ചന്റെ ഈ സ്വഭാവം വ്യക്തമാക്കാന്‍ കഥാകൃത്ത് പറയുന്ന ഒരു ഉദാഹരണമിവിടെ പകര്‍ത്തുന്നു. ''അമ്പലക്കുളം വൃത്തിയാക്കാന്‍ വന്ന കൂട്ടത്തിലെ ഒരു പാവം ഹിന്ദിക്കാരനെ നദീര്‍, നദീര്‍ എന്നു വിളിക്കുന്നതു കേട്ടപ്പോള്‍ ചാടിപ്പോയി കോളറിന് കുത്തിപ്പിടിച്ച് ഗേറ്റിന് പുറത്തേക്ക് തള്ളിയിട്ടവനാണ് രഞ്ചന്‍. പിന്നെയാണ് ആരോ പറഞ്ഞുകൊടുത്തത് പേര് നദീധര്‍. പക്കാ പരമശിവന്‍! തിരിച്ചുവിളിച്ച് രണ്ട് 'മാഫ്കരോ' പറഞ്ഞ് ദൈവദോഷത്തില്‍നിന്ന് മോചനം നേടിയെങ്കിലും ഊരും പേരും തിട്ടമില്ലാത്ത ഹിന്ദിക്കാരില്‍ അശുദ്ധക്കാരുണ്ടോ എന്നറിയാന്‍ ആവുന്ന ഭാഷയില്‍ സര്‍വരെയും പോലീസ് മുറയില്‍ ഭേദ്യം ചെയ്തുകൊണ്ടിരുന്നു, രഞ്ചന്‍.''
രണ്ടാമത്തെ കഥാപാത്രമായ, ജഗദീശ്വരാ ഫയര്‍ വര്‍ക്‌സ് എന്ന പടക്കക്കടയുടെ ഉടമ ജഗദീശ്വരന്റെ കാഴ്ചയിലൂടെയാണ് കഥ വികസിക്കുന്നത്. തികഞ്ഞ ഹിന്ദുമത വിശ്വാസിയായ ജഗദീശ്വരന്‍ രഞ്ചന്റെ പല തീവ്രനിലപാടുകളും പേടിയോടെയാണ് നോക്കിക്കാണുന്നതെങ്കിലും 'അങ്ങനെത്തന്നെയാണ് വേണ്ടതെന്ന്' പലപ്പോഴും അയാള്‍ മൗനമായി ആഗ്രഹിക്കുന്നുണ്ട്. കേരളത്തിലെ സാധാരണ ഹിന്ദുമതവിശ്വാസികളില്‍ പോലും മുസ്‌ലിം ക്രിസ്ത്യന്‍ വിരോധവും അസഹിഷ്ണുതയും വളര്‍ന്നുവരുന്നുണ്ടെന്നും തീവ്രഹിന്ദുത്വം പല നിലക്കും അതില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ജഗദീശ്വരനിലൂടെ നമുക്ക് വായിച്ചെടുക്കാം. മൂന്നാമത്തെ കഥാപാത്രമായ മുസ്‌ലിമിന് കഥയില്‍ പേരില്ല. 'മലബാര്‍ റൈസ് ആന്റ് ഫ്‌ളവര്‍ മില്ലി'ന്റെ നടത്തിപ്പുകാരന്‍ എന്ന നിലയിലും മറ്റനേകം അര്‍ഥസാധ്യതകള്‍ക്ക് ഇടം നല്‍കുന്ന വിധത്തിലും 'മലബാറുകാരന്‍' എന്നാണ് കഥയിലുടനീളം ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്.
ജഗദീശ്വരന്റെ പടക്കക്കടക്ക് സമീപം മലബാറുകാരന്‍ ഫ്‌ളവര്‍ മില്‍ തുടങ്ങുന്നു. ഹിന്ദുക്കളടക്കം ജാതിമത ഭേദമെന്യേ ആളുകള്‍ അവിടെ ധാന്യം പൊടിക്കാന്‍ തിരക്കുകൂട്ടുന്നു. രഞ്ചന്‍ പരസ്യമായും ജഗദീശ്വരന്‍ മൗനമായും അയാളുടെ വളര്‍ച്ചയില്‍ അസൂയ പുലര്‍ത്തുന്നു. ''ന്ങ്ങള്‍ടെ പടക്കപ്പീട്യ ഉള്ളതോണ്ട് ബാക്കിയുള്ളോര്‌ടെ ചങ്ക് ടപ്ടപ്പാന്ന് അടിക്ക്വാണെന്നും ഒരു തീപ്പൊരി പാറിവീണ് നിങ്ങള്‍ടെ കട പൊട്ടിത്തെറിക്കുമ്പം മില്ലില്‍ പൊടിക്കാന്‍തന്ന് പുറത്ത് കാത്തുകെട്ടിനില്‍ക്കുന്ന ആള്‍ക്കാര്‌ടെ ദേഹത്തുവരെ തീക്കട്ടകള്‍ തെറിച്ചുവീഴാമെന്നും അതു ഭയന്ന് ആള്‍ക്കാര്‍ മില്ലിലേക്ക് വരാന്‍ മടിക്കുന്നു...' എന്നും മലബാറുകാരന്‍ ജഗദീശ്വരന്റെ മുഖത്തുനോക്കി പറഞ്ഞതോടെ എങ്ങനെയെങ്കിലും അയാളുടെ മില്ല് പൂട്ടിക്കണമെന്ന ലക്ഷ്യത്തിലേക്ക് ജഗദീശ്വരന്‍ എത്തുന്നു. മില്ലിനെതിരെ അയാള്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് പരാതി നല്‍കുന്നു. ''ന്ങ്ങ്‌ള് ഒന്ന് മൂള്യാ മതി. ഓന്റെ പന്നികൂടം തകര്‍ക്ക്ന്ന കാര്യം നമ്മളേറ്റ്'' എന്ന് രഞ്ചന്‍ പലവട്ടം അയാളോട് പറയുന്നുണ്ട്. പക്ഷേ ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ചാല്‍ തന്റെ കട കത്തിച്ചാമ്പലാവുമെന്ന ഭയം മൂലം ജഗദീശ്വരന്‍ അതിന് സമ്മതം മൂളുന്നില്ല. മലബാറുകാരന്‍ കാശിറക്കി കേസ് അട്ടിമറിക്കുമെന്നും അതിനാല്‍ മറ്റെന്തെങ്കിലും പണി കൊടുക്കുകയായിരിക്കും നല്ലതെന്നും രഞ്ചന്‍ പറയുമ്പോള്‍ മുസ്‌ലിംകളുടെ വളര്‍ച്ചയോടുള്ള അയാളുടെ അസഹിഷ്ണുത മുഴുവനായും പുറത്തുവരുന്നു. ''...നമ്മള് ഏറിവന്നാല് പത്തോ നൂറോ ചുരുട്ടിപ്പിടിച്ച് നീട്ടും. മുക്കിത്തൂറ്യാല് അഞ്ഞൂറ്. അതിലപ്പുറം എറിയാന്‍ നമ്മള് മെനക്കെടൂല. പതിനായിരൂം ലക്ഷൂം കൊണ്ടാ മലബാറുകാരന്റെ കളി. പൊല്യൂഷന്‍കാരെന്താ മന്‍ഷന്‍മാരല്ലേ?
....അല്ലെങ്കിലും അവന്മാരുടെ കയ്മിലല്ലേ പണം കെടക്ക്ന്ന്......എവ്ട്ന്നാണ് പണം കുയിച്ചെട്ക്ക്ന്നതെന്നാണ് നമ്മക്ക് തിരിയാത്തെ. രാജാക്കന്മാര് രാജ്യം വെട്ടിപ്പിടിക്കുമ്പോലെ പണമെറിഞ്ഞ് ഭൂമി മുഴുവന്‍ വാങ്ങിക്കൂട്ട്യാണ്. പെറ്റ്‌വീണ നാട്ട്ന്ന് കെട്ടിപ്പെറുക്കി പോകേണ്ടുന്ന ഗതികേടിലായി നമ്മള്. നാം രണ്ട്, നമ്മക്കൊന്ന് എന്ന് നമ്മള് പാടിനടന്നപ്പം, നാം രണ്ട് നമ്മക്ക് പന്ത്രണ്ട് എന്നവന്‍മാര് നടപ്പാക്കി. കല്യാണപ്രായം കൊറക്കാന്‍ സമരം ചെയ്യ്ന്നയ്‌ന്റെ ഗുട്ടന്‍സ് ആര്‍ക്കാ പിടികിട്ടാത്തെ! നേരത്തെ കാലത്തെ തൊടങ്ങ്യാല് തെരളല് വറ്റ്ന്നത്‌വരെ കൈയും കണക്കുമില്ലാതെ പെറ്റ് കൂട്ടാന്‍ പറ്റ്വല്ലോ. ഇനി ഒരു ജില്ല കൂടി വേണത്രെ! പോരാത്തയ്‌ന് തറവാട്ട് സ്വത്ത് പോലെ കൊണ്ടുനടക്കാന്‍ ഒരു സംസ്ഥാനൂം. പാക്കിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്ന് കരഞ്ഞ് പറഞ്ഞപ്പം മുറിച്ച്‌കൊട്ത്തില്ലേ. എന്നാപ്പിന്നെ ബാക്കിയുള്ളോരെ മെനക്ക്ട്ത്താണ്ട് ആടപ്പോയി ജീവിക്ക്വോ മരിക്ക്വോ എന്തെങ്കിലും ചെയ്തൂടെ അയ്റ്റക്ക്...?''
നമ്മുടെ മതക്കാര്‍ക്ക് സംഘബോധമില്ലെന്നും നസ്രാണികള്‍ ഹിന്ദുക്കളെ കൂട്ടമായി മതം മാറ്റുകയാണെന്നുമെല്ലാം പരാതി പറയുന്ന രഞ്ചന്‍ അതിനൊരുമ്പെട്ടിറങ്ങിയ ഒരു ഫാദറെ താന്‍ കഴുത്തിന് കുത്തിപ്പിടിക്കുകയും സ്‌കൂട്ടറിന്റെ കാറ്റഴിച്ച് വിടുകയും ചെയ്ത സന്ദര്‍ഭം ആവേശത്തോടെ ജഗദീശ്വരന് വിശദീകരിച്ചുകൊടുക്കുന്നുണ്ട്. രഞ്ചനെന്ന തീവ്രഹിന്ദുത്വവാദിയുടെ അസഹിഷ്ണുത നിറഞ്ഞ വര്‍ത്തമാനങ്ങള്‍ക്കും പ്രവൃത്തികള്‍ക്കുമപ്പുറം ജഗദീശ്വരനെന്ന സാധാരണ ഹിന്ദുവിശ്വാസി അത്തരമൊരാശയത്തോട് ചേര്‍ന്ന് പോകുന്നുവല്ലോ എന്നാണ് കഥ വായിച്ചപ്പോള്‍ മനസ്സിലുടക്കിയ വിഷയം. ഈഴവ സമുദായ വേദികളിലൂടെയും അമൃതാനന്ദമയി മഠം വഴിയും മോഡി കേരളത്തിലെത്തുമ്പോള്‍ വര്‍ധിച്ചുവരുന്ന ന്യൂനപക്ഷവിരുദ്ധതയും അസഹിഷ്ണുതയും വെറുമൊരു കഥയല്ലെന്ന് ഞെട്ടലോടെ നാം അനുഭവിച്ചറിയുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹ/47-48
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം