Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 14

നെറ്റിലെ ചതിക്കുഴികള്‍ രക്ഷപ്പെടാന്‍ 14 നിര്‍ദേശങ്ങള്‍

ഡോ. ജാസിം അല്‍ മുത്വവ്വ /കുടുംബം

         പരിഭ്രാന്തിയോടെയാണ് അയാള്‍ എന്റെ ഓഫീസ് മുറിയില്‍ കടന്നുവന്നത്. ഞാന്‍ അയാളോട് കാര്യം തിരക്കി. ''പത്തിനും ഇരുപതിനും ഇടക്ക് പ്രായമുള്ള നാല് മക്കളാണെനിക്ക്. രണ്ടാണും രണ്ട് പെണ്ണും. ഏത് നേരവും മൊബൈല്‍ ഫോണും ഐപാഡും നെറ്റുമായി ഇരിപ്പാണ്. ഇത് നിരോധിക്കാന്‍ എനിക്കാവുമോ? എന്ന് വെച്ച് അവരെ കയറൂരിവിടാനും പറ്റില്ലല്ലോ. എന്തെല്ലാമാണ് അവര്‍ കാണുന്നുണ്ടാവുക, ഏതെല്ലാം സൈറ്റുകളാണ് അവര്‍ സന്ദര്‍ശിക്കുന്നത്, ഏതെല്ലാം വ്യക്തികളുമായാണ് അവര്‍ ബന്ധം സ്ഥാപിച്ചിട്ടുണ്ടാവുക?'' ഒറ്റ വീര്‍പ്പില്‍ അയാള്‍ പറഞ്ഞു.
''നിങ്ങളുടെ ഈ പ്രശ്‌നം ലളിതമാണെങ്കിലും പ്രയാസകരം തന്നെയാണ്. ഇത് കൈകാര്യം ചെയ്യല്‍ അത്ര എളുപ്പമല്ല. എന്നാലും ഇലക്‌ട്രോണിക് പിശാചില്‍നിന്ന് മക്കളെ കാക്കാന്‍ ഉപകരിക്കുന്ന ചില ചട്ടങ്ങളും നിര്‍ദേശങ്ങളും ഞാന്‍ തരാം. 14 ചട്ടങ്ങളാണവ. ഇന്റര്‍നെറ്റിന്റെ ദൂഷ്യഫലങ്ങളില്‍നിന്ന് നമ്മുടെ മക്കളെ കാക്കുന്ന ശിക്ഷണപരമായ അടിസ്ഥാനങ്ങളും മാര്‍ഗനിര്‍ദേശങ്ങളുമാണ് അവയില്‍ ഏഴ്. മാതാപിതാക്കള്‍ മക്കളുടെ കാര്യത്തില്‍ നടപ്പിലാക്കേണ്ട നിര്‍ദേശങ്ങളാണ് ബാക്കി ഏഴെണ്ണം.
1. നെറ്റില്‍ കാണുന്നതെന്തും സത്യമാണെന്ന് ധരിക്കരുതെന്ന് അവരെ ബോധ്യപ്പെടുത്തണം. നിരവധി സൈറ്റുകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും നല്‍കുന്ന വിവരങ്ങള്‍ അസത്യജടിലമാണ്. എല്ലാം കണ്ണടച്ച് വിശ്വസിക്കരുത്.
2. സൗഹൃദം തേടുന്ന ഏവരുമായും സൗഹൃദം സ്ഥാപിക്കാന്‍ ഒരുമ്പെട്ടിറങ്ങരുത്. നല്ലവണ്ണം പരിചയമുള്ളവരും അടുത്തറിയുന്നവരുമായി മാത്രമേ സൗഹൃദം സ്ഥാപിക്കാവൂ.
3. സുഹൃത്തിന്റെ സുഹൃത്തുമായി സൗഹൃദം വേണ്ടെന്ന് അവരോട് നിര്‍ബന്ധമായും പറഞ്ഞിരിക്കണം. സുഹൃത്തിന്റെ സുഹൃത്തിനെ അവര്‍ക്കറിയില്ലല്ലോ.
4. വ്യക്തിപരമായ ഒരു വിവരവും പരസ്യപ്പെടുത്തരുത്, നല്‍കരുത്. എന്നു വെച്ചാല്‍ അവരുടെ പൂര്‍ണ പേര്, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, കുടുംബത്തെക്കുറിച്ച വിവരങ്ങള്‍, ഫോട്ടോകള്‍. ഇവയൊന്നും നല്‍കിപ്പോകരുതെന്ന് അവരെ ധരിപ്പിക്കണം.
5. അയക്കുന്നതാരാണെന്ന് നന്നായി അറിയില്ലെങ്കില്‍ തങ്ങളുടെ അക്കൗണ്ടിലും ഇമെയിലിലും കാണുന്ന ലിങ്കുകളിലേക്ക് കടക്കരുത്.
6. നിങ്ങളെ അറിയിച്ചിട്ടല്ലാതെ നെറ്റ് മാര്‍ക്കറ്റിംഗ് മുഖേന ഒരു വസ്തുവും വാങ്ങരുത്.
7. ഏതെങ്കിലും നെറ്റ് സുഹൃത്ത് വീടിന് വെളിയില്‍ വെച്ച് കാണണമെന്നാവശ്യപ്പെടുകയാണെങ്കില്‍ അത് നിങ്ങളുടെ അനുവാദത്തോടെ വേണം, അല്ലെങ്കില്‍ നിങ്ങളുടെ സാന്നിധ്യത്തില്‍ വേണമെന്ന് നിഷ്‌കര്‍ഷിക്കണം. 'ഗൂഗിള്‍ ഫാമിലി സേഫ്റ്റി' വീഡിയോ കാണാന്‍ മക്കളെ ഉപദേശിക്കുക. നെറ്റിലെ നിരവധി ചതിക്കുഴികള്‍ അവ ചൂണ്ടിക്കാണിച്ചുതരും. ബോധവത്കരണത്തിന് അത് ഉതകും.
ഇനി മാതാപിതാക്കള്‍ക്കുള്ള ഏഴു നിര്‍ദേശങ്ങള്‍:
1. നെറ്റ് ഉപയോഗത്തില്‍ നിന്ന് കുട്ടികളെ വിലക്കരുത്. അതിന് നിരോധമേര്‍പ്പെടുത്തരുത്. കാരണം, അത് ഈ കാലഘട്ടത്തിലെ അടിസ്ഥാനാവശ്യമായിത്തീര്‍ന്നിരിക്കുകയാണ്. ആഡംബരമല്ല. നെറ്റിനോട് പുലര്‍ത്തേണ്ട സമീപനമെന്തെന്ന് അവരെ ബോധവത്കരിച്ചുകൊണ്ടിരിക്കുക.
2. രാത്രി വൈകി നെറ്റ് ഉപയോഗിക്കാന്‍ മക്കളെ അനുവദിക്കരുത്. രാത്രിഞ്ചരന്മാരായ ഇലക്‌ട്രോണിക് പിശാചുക്കള്‍ മേഞ്ഞ് നടക്കുന്ന സമയമാണ് പാതിരാ നേരം. നെറ്റ് കണക്ഷന്‍ രാത്രി ഒരു കൃത്യസമയത്ത് സമ്പൂര്‍ണമായി വേര്‍പ്പെടുത്തുക. പാതിരാവില്‍ കുട്ടികള്‍ അതുമായി കളിക്കാന്‍ ഇടവരില്ല.
3. മൊബൈലിലും ഐപാഡിലും കമ്പ്യൂട്ടറിലും സെക്യൂരിറ്റി സംവിധാനം ഏര്‍പ്പെടുത്തുക. ചിന്താപരമായും ധാര്‍മികമായും മക്കളെ വഴിതെറ്റിക്കുന്ന അശ്ലീല-നിരീശ്വര-നിര്‍മത-അധാര്‍മിക-അരാജകത്വ സൈറ്റുകളിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നതോടെ മക്കളില്‍ പിന്നെ അവയോടുള്ള താല്‍പര്യം ക്രമേണ ഇല്ലാതാവും. ലൈംഗികാരാജകത്വവും പിശാച് പൂജയും മറ്റു അനാവശ്യവൃത്തികളും പ്രചരിപ്പിക്കുന്ന ദശലക്ഷക്കണക്കില്‍ സൈറ്റുകളുണ്ടെന്നോര്‍ക്കണം.
4. നെറ്റിലെ ദൂഷ്യങ്ങളെക്കുറിച്ചും സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും ലൈംഗിക പേക്കൂത്തുകളെക്കുറിച്ചും മക്കളുമായി തുറന്നു സംസാരിക്കുക. അരുതാത്തതെന്തെങ്കിലും ഇലക്‌ട്രോണിക് മാധ്യമത്തില്‍ കാണാനിടയായി വന്നാല്‍ നിങ്ങളുമായി അത് തുറന്നു ചര്‍ച്ച ചെയ്യാന്‍ മാത്രം സൗഹൃദപൂര്‍ണമാവട്ടെ നിങ്ങളും മക്കളും തമ്മിലെ ബന്ധം.
5. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഫേസ്ബുക്കിലും മറ്റും അവരുടെ അക്കൗണ്ടുകള്‍ ഇടക്കിടെ പരിശോധിക്കണം. ആരൊക്കെയാണ് അവരുടെ സുഹൃത്തുക്കളെന്നും ആശയവിനിമയത്തിന്റെ ഉള്ളടക്കമെന്താണെന്നും നിരീക്ഷിച്ചുകൊണ്ടിരിക്കണം. അവരുടെ ആഭിമുഖ്യങ്ങളെക്കുറിച്ചും തന്മൂലം നിങ്ങള്‍ക്ക് ഒരു ധാരണ കിട്ടും.
6. ഏതെങ്കിലും നെറ്റ് സുഹൃത്തിന്റെ പ്രശ്‌നങ്ങള്‍ മക്കള്‍ ശ്രദ്ധയില്‍ പെടുത്തിയാല്‍ പരിഹാരത്തിന് നിങ്ങളും അവരോടൊപ്പം ശ്രമിക്കുക. അത് അവര്‍ക്ക് നല്ല കാര്യങ്ങളില്‍ പ്രോത്സാഹനമാവും.
7. ഇമെയില്‍, ബാങ്കിടപാടുകള്‍, ഡൗണ്‍ലോഡിംഗ്, സോഷ്യല്‍ നെറ്റ് വര്‍ക്ക്, ഇ-മാര്‍ക്കറ്റിംഗ്, വിനോദങ്ങള്‍, കളികള്‍ എന്നിവയെക്കുറിച്ചെല്ലാം പറഞ്ഞു കൊടുക്കുക. അതിന്റെ ഗുണങ്ങളും ദോഷങ്ങളും നേട്ടങ്ങളും നഷ്ടങ്ങളും അവര്‍ക്ക് ബോധ്യപ്പെടണം. നിങ്ങള്‍ക്ക് ഇവയെക്കുറിച്ച് അവഗാഹമില്ലെങ്കില്‍ പരിജ്ഞാനമുള്ള വിദഗ്ധരുമായി മക്കളെ ബന്ധപ്പെടുത്തി കൊടുക്കുക.
ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ നിന്ന് വേര്‍പ്പെട്ട ഒരു ജീവിതം ഇന്നത്തെ കാലത്ത് അസാധ്യമാണ്. പലചരക്ക് പീടികകള്‍ പോലും നെറ്റ് മാര്‍ക്കറ്റിംഗ് പരിചയപ്പെടുത്തുന്ന കാലമാണിത്. ഈ ശാസ്ത്ര നേട്ടങ്ങളുടെ ഗുണാത്മക ഫലങ്ങള്‍ നമുക്കും മക്കള്‍ക്കും പ്രയോജനപ്പെടുത്താം. അവരുടെ വിദ്യാഭ്യാസത്തിനും ഏറ്റവും ആവശ്യമായിത്തീര്‍ന്നിരിക്കുകയാണ് കമ്പ്യൂട്ടറും ലാപ് ടോപ്പും നെറ്റുമെല്ലാം. ഇലക്‌ട്രോണിക് പിശാചുക്കളുടെ ഉപദ്രവത്തില്‍നിന്ന് മക്കളെ രക്ഷിക്കണേയെന്ന് അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കാം.
വിവ: പി.കെ.ജെ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹ/47-48
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം