Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 14

മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലെ കുരിശുയുദ്ധം

മുനീര്‍ മുഹമ്മദ് റഫീഖ് /കവര്‍‌സ്റ്റോറി

         ഇനിയും ഏറെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടില്ലാത്ത സംഭവമാണ് കഴിഞ്ഞ ഒരു മാസമായി മധ്യാഫ്രിക്കന്‍ റിപ്പബ്ലികിലെ മുസ്‌ലിംകള്‍ക്കു നേരെ തുടര്‍ന്നുകൊണ്ടിരിക്കുന്ന വംശീയാതിക്രമങ്ങള്‍. മ്യാന്മറിലെ റോഹിങ്ക്യക്ക് ശേഷം മുസ്‌ലിംകള്‍ക്കു നേരെ നടക്കുന്ന ആസൂത്രിതമായ വംശഹത്യയെന്നാണ് അല്‍ ജസീറ പോലുള്ള ചാനലുകള്‍ സംഭവത്തെ വിശേഷിപ്പിച്ചത്. മാസം പിന്നിട്ടിട്ടും മുസ്‌ലിംകള്‍ക്കെതിരായ ഈ വംശഹത്യ മാധ്യമശ്രദ്ധ നേടാതെ പോയത്, ഇരകള്‍ മുസ്‌ലിംകളായിരുന്നതിനാല്‍ മാത്രമല്ല, അക്രമികള്‍ ക്രിസ്ത്യന്‍ തീവ്രവാദികള്‍ ആയിരുന്നത് കൊണ്ട് കൂടിയാണ്.
മധ്യാഫ്രിക്കയില്‍ മുസ്‌ലിംകള്‍ക്കെതിരെ ക്രിസ്ത്യന്‍ തീവ്രവാദികള്‍ നടത്തുന്ന വംശീയ ഉന്മൂലനം ശക്തമായത് 2014 ജനുവരി മധ്യത്തോടെയാണ്. മാസങ്ങള്‍ക്കു മുമ്പേ ഇവിടെ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും അതൊന്നും ഇത്രയും രൂക്ഷമായിരുന്നില്ല. ഇക്കഴിഞ്ഞ മാസങ്ങളില്‍ രൂക്ഷമായ വംശീയ അതിക്രമങ്ങളില്‍ നൂറു കണക്കിനു മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ നാടു കടത്തപ്പെടുകയും ചെയ്തു. രാജ്യത്ത് തുടരുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി ആഫ്രിക്കന്‍ യൂനിയന്‍ 5500 സമാധാനപാലകരെ വിന്യസിച്ചിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാര്‍ പ്രശ്‌ന ബാധിത പ്രദേശത്ത് 2000 സൈനികരെ വിന്യസിച്ചിട്ടുണ്ടെങ്കിലും വംശഹത്യ തുടരുന്നതായാണ് ഇപ്പോഴും മധ്യാഫ്രിക്കയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍.

മധ്യാഫ്രിക്ക: ഒരു ചെറു വിവരണം
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ മധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന രാജ്യമാണ്, CAR (Central African Republic) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മധ്യാഫ്രിക്ക. ആഫ്രിക്കന്‍ വന്‍കരയുടെ തെക്കേ അറ്റമായ കേപ് ഓഫ് ഗുഡ് ഹോപും വടക്കേ അതിര്‍ത്തിയായ മെഡിറ്ററേനിയന്‍ സമുദ്രവും മധ്യാഫ്രിക്കയില്‍ നിന്ന് ഏതാണ്ട് തുല്യ അകലത്തിലാണ് സ്ഥിതിചെയ്യുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ കിഴക്കു-പടിഞ്ഞാറന്‍ തീരങ്ങളിലേക്കുള്ള ദൂരവും ഏതാണ്ട് ഒരേ രീതിയില്‍ വരുന്നതിനാല്‍, ആഫ്രിക്കന്‍ വന്‍കരയുടെ മധ്യഭാഗത്തായാണ് ഈ രാജ്യത്തിന്റെ കിടപ്പ്. ഇതു തന്നെയാകാം മധ്യാഫ്രിക്കന്‍ റിപ്പബ്ലിക് എന്ന പേരിന്നടിസ്ഥാനമായതും. 622984 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയുള്ള ഈ രാജ്യം ഖനിജങ്ങളുടെ രാജ്യമെന്ന് അറിയപ്പെടുന്നു.
തെക്കന്‍ മേഖലകള്‍ വനനിബിഡമായ മധ്യാഫ്രിക്ക പ്രകൃതി സമ്പത്തിനാല്‍ അനുഗൃഹീതമാണ്. അയല്‍രാജ്യങ്ങളാല്‍ ചുറ്റപ്പെട്ട ഈ നാടിന് കടല്‍ തീരങ്ങളില്ല. സാമ്പത്തിക വരുമാനത്തിന്റെ സിംഹഭാഗവും കൃഷിയെ ആശ്രയിക്കുന്ന രാജ്യത്ത് പരുത്തി, കാപ്പി, കൊക്കോ എന്നിവ വ്യാപകമായി കൃഷി ചെയ്യുന്നു. വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ രത്‌നങ്ങളുടെയും വില കൂടിയ വജ്രക്കല്ലുകളുടെയും നിക്ഷേപമുണ്ട്. ഖനിയുല്‍പന്നങ്ങളും തുണിത്തരങ്ങളും തടികളുമാണ് പ്രധാന വാണിജ്യഉല്‍പന്നങ്ങള്‍. ഒട്ടേറെ നദികളുള്ള രാജ്യത്ത് അവയാണ് പ്രധാന ഗതാഗത മാര്‍ഗം. പ്രകൃതി സമ്പത്തും സ്വര്‍ണ-വജ്ര ഖനികളും ഏറെയുണ്ടെങ്കിലും ഇന്നും ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലൊന്നാണ് മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്.

ജനങ്ങള്‍
ആഫ്രിക്കയിലെ മറ്റു പല രാജ്യങ്ങളിലെയും പോലെ വംശാധിഷ്ഠിതമാണ് മധ്യാഫ്രിക്കയിലെയും ജനസമൂഹം. 33 ശതമാനം വരുന്ന ബാന്ദാ വംശമാണ് ഭൂരിപക്ഷ ജനവിഭാഗം. ബാന്‍ഗുയി വിഭാഗത്തിലെ പ്രധാന ഗോത്രമാണ് ബാന്ദാ. ഇക്കൂട്ടര്‍ ജനസംഖ്യയുടെ മൂന്നിലൊന്നുവരും. ബായാ, മാന്‍ഗാ, സാന്‍ദി, ലന്‍ദാ തുടങ്ങിയ പ്രമുഖ ഗോത്രങ്ങളടക്കം മൊത്തം എണ്‍പതോളം ഗോത്രവര്‍ഗങ്ങളുണ്ട് ഇവിടെ. ഉബാങ്കി, സാന്‍വോ എന്നീ പ്രാദേശിക ഭാഷകള്‍ക്കു പുറമെ, ഫ്രഞ്ച് ഭാഷയാണ് രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ. അറബി ഭാഷ സംസാരിക്കുന്ന ഒരു ചെറു ന്യൂനപക്ഷവുമുണ്ടിവിടെ. മിക്കവാറും ഓരോ ഗോത്രങ്ങള്‍ക്കും വെവ്വേറെ ഭാഷയാണുള്ളത്.
2008-ലെ കണക്കു പ്രകാരം 5.1 മില്യന്‍ ജനസംഖ്യയുള്ള മധ്യാഫ്രിക്കയില്‍ 15 ശതമാനമാണ് മുസ്‌ലിംകള്‍. ക്രൈസ്തവ മതം കഴിഞ്ഞാല്‍ രണ്ടാമത്തെ മതമാണ് ഇസ്‌ലാം. കത്തോലിക്ക-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ 25 ശതമാനം വീതമുള്ള മധ്യാഫ്രിക്കയില്‍ മൊത്തം ക്രിസ്ത്യാനികള്‍ ജനസംഖ്യയുടെ അമ്പത് ശതമാനം വരും. ബാക്കി വരുന്ന ജനവിഭാഗങ്ങള്‍ പ്രാദേശിക വിശ്വാസാചാരങ്ങളുമായി ജീവിക്കുന്നു.

മുസ്‌ലിംകള്‍
പതിനാറാം നൂറ്റാണ്ടില്‍ വടക്കന്‍ അതിര്‍ത്തി രാജ്യമായ ഛാഡിലെ ഇസ്‌ലാമിക പ്രബോധകര്‍ മുഖേനയായിരുന്നു മധ്യാഫ്രിക്കയില്‍ ഇസ്‌ലാം എത്തുന്നത്. ഇപ്പോഴത്തെ സുഡാന്റെ പടിഞ്ഞാറും ഛാഡിന്റെ തെക്കും ഭാഗങ്ങളിലായി അക്കാലത്ത് ഒരു ഇസ്‌ലാമിക ഭരണ കൂടം നിലവില്‍ വന്നത് മധ്യാഫ്രിക്കയിലും ഇസ്‌ലാം വ്യാപനത്തിന് കാരണമായി. ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ലിബിയയിലെ സനൂസി പ്രസ്ഥാനവും സുഡാനിലെ മഹ്ദി പ്രസ്ഥാനവും മധ്യാഫ്രിക്കയിലെ ഇസ്‌ലാമിക പ്രബോധനത്തിനു ശക്തിപകര്‍ന്നു.
രാഷ്ട്രത്തിലെ പൊതു ദാരിദ്ര്യത്തിന്റെ ശരാശരിയേക്കാള്‍ കൂടുതലാണ് മുസ്‌ലിംകളിലെ ദാരിദ്ര്യം. അവരധികവും കൃഷിയെയും കന്നുകാലികളെയും ആശ്രയിച്ചു ജീവിക്കുന്നവരാണ്. കുഴപ്പങ്ങളുടെയും അക്രമങ്ങളുടെയും അന്തരീക്ഷത്തിലും ഇവിടെ ഇസ്‌ലാം വ്യാപനം നടന്നുകൊണ്ടിരിക്കുന്നു. തലസ്ഥാന നഗരിയായ ബാങ്കൂവില്‍ 11 പള്ളികളുണ്ട്. മിക്കവാറും പള്ളികളോടു ചേര്‍ന്നുതന്നെ മദ്‌റസകളുമുണ്ട്. മുസ്‌ലിം രാജ്യമായ ഛാഡിനോടു ചേര്‍ന്ന അതിര്‍ത്തി പ്രദേശത്താണ് CAR-ലെ അധിക മുസ്‌ലിംകളും ജീവിക്കുന്നത്.

ഭരണ വ്യവസ്ഥ, രാഷ്ട്രീയരംഗം
ഫ്രഞ്ചു കോളനിയായിരുന്ന മധ്യാഫ്രിക്ക 1960-ല്‍ ഫ്രാന്‍സില്‍ നിന്ന് സ്വതന്ത്രമായി. ഫ്രഞ്ചു ജനാധിപത്യ സെക്യുലര്‍ ഭരണ സംവിധാനങ്ങള്‍ തത്ത്വത്തില്‍ മാതൃകയാക്കിയ രാജ്യത്ത് സ്വാതന്ത്ര്യത്തിന് ശേഷം സൈനിക ഭരണകൂടങ്ങളാണ് അധികാരം കൈയാളിയത്. 1993-ല്‍ മാത്രമാണ് ഒരു ജനകീയ സര്‍ക്കാര്‍ ഇവിടെ അധികാരത്തില്‍ വന്നത്. അതാകട്ടെ 2003-ല്‍ ഫ്രാങ്കോയിസ് ബോസിസ് എന്ന പട്ടാള ജനറലിന്റെ നേതൃത്വത്തില്‍ നടന്ന പട്ടാള അട്ടിമറിയിലൂടെ അവസാനിക്കുകയും ചെയ്തു. അധികാരത്തിലെത്തിയ ഫ്രാങ്കോയിസിന്റെ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ ഭരണം പരാജയമായിരുന്നു. ഇടക്കാല ഭരണകൂടം എന്ന നിലയില്‍ ഭരണം കൈക്കലാക്കിയ ഫ്രാങ്കോയിസ് 2005 ല്‍ നടത്തിയ തെരഞ്ഞെടുപ്പു പ്രഹസനത്തിലൂടെ തുടര്‍ന്നും അധികാരം നില നിര്‍ത്തുകയായിരുന്നു. 2011 ല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നപ്പോഴും ഫ്രാങ്കോയിസ് കൃത്രിമം നടത്തി അധികാരം നില നിര്‍ത്തി. എന്നാല്‍ 2013 മാര്‍ച്ച് 24 ന് മുസ്‌ലിം പിന്തുണയുള്ള നിരവധി കക്ഷികള്‍ ചേര്‍ന്ന സെലീക (അലയന്‍സ്) എന്ന രാഷ്ട്രീയ സഖ്യം, ഫ്രാങ്കോയിസ് ബോസിസിയെ അധികാരത്തില്‍ നിന്ന് നീക്കുകയും ഫ്രാങ്കോയിസിന് രാജ്യം വിട്ടു പോവേണ്ടിവരികയും ചെയ്തു. ഫ്രാങ്കോയിസിനെ പുറത്താക്കി അധികാരത്തില്‍ വന്നത് കാതറിന്‍ സാംബ എന്ന ഒരു സ്ത്രീയായിരുന്നുവെങ്കിലും ഏറെ താമസിയാതെ, സെലീകയുടെ ആദ്യ മുസ്‌ലിം ഭരണാധികാരിയായി മൈക്കള്‍ ജതോദിയ അധികാരത്തിലേറി. എന്നാല്‍ ബാഹ്യവും ആഭ്യന്തരവുമായ സമ്മര്‍ദത്തെ തുടര്‍ന്ന് 2014 ജനുവരിയില്‍ അദ്ദേഹത്തിന് അധികാരം വിട്ടൊഴിയേണ്ടി വന്നു. അദ്ദേഹത്തിന്റെ രാജിയെ തുടര്‍ന്നാണ് ഇപ്പോള്‍ രാജ്യത്ത് മുസ്‌ലിം വംശഹത്യ വര്‍ധിച്ചിരിക്കുന്നത്.

മുസ്‌ലിം വംശഹത്യക്കു പിന്നില്‍
കഴിഞ്ഞ വര്‍ഷം മുസ്‌ലിം പോരാളി സംഘങ്ങള്‍ ക്രിസ്ത്യന്‍ മത വിശ്വാസികള്‍ക്കു നേരെ നടത്തിയ അതിക്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഇപ്പോള്‍ മധ്യാഫ്രിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കു പിന്നിലെന്നാണ് ദ ഗാര്‍ഡിയന്‍ പോലുള്ള പ്രമുഖ പത്രങ്ങള്‍ റിപോര്‍ട്ടു ചെയ്തത്. ഫ്രാങ്കോയിസ് ബോസിസിയെ അധികാരത്തില്‍ നിന്ന് നീക്കാന്‍ വിവിധ ക്രിസ്ത്യന്‍ ഗ്രൂപ്പുകളും മുസ്‌ലിംകളും ചേര്‍ന്ന സഖ്യമായിരുന്നു സെലീക. മധ്യാഫ്രിക്കയിലെ രാഷ്ട്രീയ ചരിത്രവും സമകാലീന സാഹചര്യവും ഏതു രാഷ്ട്രീയ സംഘടനയെയും ഒരു സായുധ സേന കൂടി ആക്കി മാറ്റുന്ന തരത്തിലുള്ളതാണ്. ആ നിലക്ക് അധികാരത്തിലേക്കുള്ള കടന്നു വരവില്‍ സെലീക്ക സായുധ സംഘവും അതിക്രമങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സെലീക പോരാളികള്‍ അന്ന് ക്രിസ്തീയ വിശ്വാസികള്‍ക്കു നേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രതികാര നടപടിയെന്നോണമാണ് ക്രിസ്തീയ തീവ്രവാദ സംഘമായ ആന്റി ബലാകന്‍ ഗ്രൂപ് രൂപം കൊണ്ടതും മുസ്‌ലിം വംശീയ അതിക്രമങ്ങള്‍ നടത്തുന്നതുമെന്നാണ് മാധ്യമ ഭാഷ്യം. ഫ്രാങ്കോയീസിനെ പുറത്താക്കാന്‍ കാരണക്കാരായ മുസ്‌ലിം പാര്‍ട്ടിയായ സെലീക്കയോടും അതിന്റെ പ്രവര്‍ത്തകരോടും അനുഭാവികളോടുമുള്ള ഫ്രാങ്കോയിസിന്റെ പകയും വിദ്വേഷവുമാണ് ഇപ്പോള്‍ രാജ്യത്തെ മുഴുവന്‍ മുസ്‌ലിംകള്‍ക്കുമെതിരായ ആക്രമണമായി മാറിയിരിക്കുന്നത്. പ്രസിഡണ്ട് ഫ്രാങ്കോയിസ് ബോസിസിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താക്കിയപ്പോള്‍ സൈന്യത്തിലെ (സെന്‍ട്രല്‍ ആഫ്രിക്കന്‍ ഫോഴ്‌സിലെ) പ്രസിഡന്റിന്റെ അനുയായികള്‍ ആന്റി ബലാകയില്‍ ചേരുകയും സലീകക്കെതിരെ അക്രമമഴിച്ചുവിടുകയും ചെയ്തു.
സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആന്റി ബലാകയില്‍ ചേരുകയും രാജ്യത്തിന്റെ ആയുധങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്തതോടെ മുസ്‌ലിം വിരുദ്ധ ആക്രമണം എളുപ്പം സാധ്യമായി. മുസ്‌ലിംകള്‍ക്കെതിരെ നടന്ന ഏറ്റവും വിചിത്രമായ ഒരാക്രമണവും വാര്‍ത്താ മാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്തിരുന്നു. ഒരു മുസ്‌ലിം ബസ് ഡ്രൈവറെ തടഞ്ഞു നിര്‍ത്തി തീയിട്ടു കൊന്ന ആന്റി ബലാകന്‍ ഗ്രൂപിലെ ഒരാള്‍ ഇരയെ കത്തിച്ച ശേഷം ശരീരത്തില്‍ നിന്ന് ഇറച്ചി വെട്ടിയെടുത്ത് ഭക്ഷിച്ച വാര്‍ത്തയായിരുന്നു അത്. തന്റെ മകളെയും ഗര്‍ഭിണിയായ ഭാര്യയെയും കൊന്നതിന് താന്‍ പ്രതികാരം ചെയ്തുവെന്ന് വിളിച്ചു പറയുന്ന ആ നരഭോജിയുടെ വീഡിയോ ഫൂട്ടേജുകളും ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. കുട്ടികളെ പോലും വളരെ നിഷ്ഠുരമായാണ് അക്രമകാരികള്‍ വധിച്ചതെന്ന് അക്രമങ്ങളുടെ ഇരകള്‍ സാക്ഷ്യപ്പെടുത്തിയതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പ്രവര്‍ത്തകരെ ഉദ്ധരിച്ച് വാര്‍ത്താമാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്തിരുന്നു. കഴിഞ്ഞ മാസം ഒരു സ്ത്രീയുടെ നാലു കുട്ടികളെയാണ് ആന്റി ബലാകന്‍ സംഘം ദയാരഹിതമായി കൊന്നൊടുക്കിയത്. ജനുവരി 18-ന് നടന്ന അക്രമത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. അന്ന് 100 മുസ്‌ലിംകളാണ് വധിക്കപ്പെട്ടത്.
രാജ്യത്തെ സ്വര്‍ണവ്യാപാര കേന്ദ്രമായ യലോകയില്‍ ഏകദേശം 30000 മുസ്‌ലിംകള്‍ ഉണ്ടായിരുന്നു. അക്രമങ്ങള്‍ക്കു മുമ്പ് എട്ട് പള്ളികള്‍ ഉണ്ടായിരുന്ന ഈ പ്രദേശത്ത് ഇന്ന് ഒരു പള്ളിയും 500-ല്‍ താഴെ മുസ്‌ലിംകളും മാത്രമാണ് അവശേഷിക്കുന്നത്. നിലവിലുള്ള പള്ളി ഫ്രഞ്ചു സൈന്യത്തിന്റെ സംരക്ഷണത്തിലാണ്.
മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാങ്കൂയില്‍ ആന്റി ബലാകന്‍ സേന എ. കെ 47-ഉം റോക്കറ്റ് വിക്ഷേപിണിയുമായാണ് മുസ്‌ലിം അധിവാസ കേന്ദ്രങ്ങളില്‍ അതിക്രമം അഴിച്ചുവിട്ടത്. ഫ്രാങ്കോയിസിന്റെ സൈന്യത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ ആധുനിക ആയുധങ്ങളും അവരുടെ കൈവശമുള്ളതായി ഇരകള്‍ പറയുന്നു. മധ്യാഫ്രിക്കയിലെ മുസ്‌ലിം പ്രദേശങ്ങള്‍ ഇന്നൊരു പ്രേത നഗരമായി മാറിയിരിക്കുന്നു. പ്രദേശത്തെ പതിനായിരക്കണക്കിന് മുസ്‌ലിംകള്‍ അയല്‍ രാജ്യങ്ങളായ ഛാഡിലേക്കും കാമറൂണിലേക്കും കോംഗോയിലേക്കും പലായനം ചെയ്തു കഴിഞ്ഞു. യു എന്‍ കണക്കു പ്രകാരം ഇപ്പോള്‍ 1.3 മില്യന്‍ ജനങ്ങള്‍ വംശഹത്യയെ തുടര്‍ന്ന് പട്ടിണിയിലാണ്. മില്യന്‍ ജനങ്ങള്‍ ഭവനരഹിതരായിട്ടുണ്ട്.
ആന്റി ബലാകന്‍ എന്ന ക്രിസ്ത്യന്‍ മിലീഷ്യ ആസൂത്രിതമായാണ് മുസ്‌ലിംകളെ ഉന്‍മൂലനം ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്നാണ് സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചനകള്‍. ബാങ്കൂയി വിമാനത്താവളത്തിനരികില്‍ സമാധാന ദൗത്യ സംഘങ്ങളുടെ താവളങ്ങളിലേക്കു പോകാന്‍ പോലും അനുവദിക്കാതെ മുസ്‌ലിംകളെ ക്രിസ്ത്യന്‍ തീവ്രവാദികള്‍ തടഞ്ഞുവെക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി. മതത്തിന്റെ പേരില്‍ നടക്കുന്ന ഈ അതിക്രമങ്ങളെ ആഗോള മാധ്യമങ്ങള്‍ അപലപിക്കുന്നുണ്ടെങ്കിലും അതിലും ഇരട്ടത്താപ്പുണ്ടെന്ന് പറയാതിരിക്കാന്‍ വയ്യ. ക്രിസ്ത്യന്‍ തീവ്രവാദ സംഘങ്ങളെയും അവരുടെ അതിനിഷ്ഠുര അക്രമങ്ങളെയും തീവ്രവാദത്തിന്റെയോ ഭീകരവാദത്തിന്റെയോ കള്ളിയില്‍പ്പെടുത്താന്‍ പ്രമുഖ മാധ്യമങ്ങളൊന്നും തുനിഞ്ഞിട്ടില്ല. അത്തരം ഒരു വിശേഷണം നല്‍കപ്പെട്ടിരുന്നെങ്കില്‍ ഇതിനു കൂടുതല്‍ അന്താരാഷ്ട്ര ശ്രദ്ധ കൈവരികയും അക്രമങ്ങള്‍ കുറയുകയും ചെയ്യുമായിരുന്നു.
മാസങ്ങളായി തുടരുന്ന ഈ വംശീയ അതിക്രമങ്ങളെ ചെറുക്കാന്‍, ലോക നേതാക്കളുടെ ഏതാനും പ്രസ്താവനകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, യു എന്‍ ഇതുവരെയും സക്രിയമായ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. എന്നാല്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന്, ആഫ്രിക്കന്‍ യൂണിയന്‍ 5500 സമാധാനപാലകരെ മധ്യാഫ്രിക്കയില്‍ വിന്യസിച്ചിരുന്നു. ഫ്രാന്‍സിന്റെ മുന്‍ കോളനി കൂടിയായ രാജ്യത്ത്, ഫ്രാന്‍സ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ 1400 സൈനികരെ അയച്ചിരുന്നു. കൂടാതെ മുസ്‌ലിം വംശഹത്യയും അതിക്രമങ്ങളും വര്‍ധിച്ചുവന്ന സാഹചര്യത്തില്‍ 600 സൈനികരെ കൂടി ഫ്രാന്‍സ് മധ്യാഫ്രിക്കയിലേക്ക് അയച്ചത് ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ്.
കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിന്റെ മാലിയിലെ സൈനിക ഇടപെടല്‍ പോലെ തന്നെ, മുന്‍ കോളനിയായ മധ്യാഫ്രിക്കയിലെയും ഇടപെടലുകള്‍ക്ക് പല മാനങ്ങളുമുണ്ട്. തങ്ങള്‍ ഇഷ്ടപ്പെടുന്ന ഭരണാധികാരികളെ മാത്രം വാഴിക്കുക എന്ന നയം കൈക്കൊള്ളുന്ന ഫ്രാന്‍സിന് മുസ്‌ലിം മിലീഷ്യ എന്നറിയപ്പെടുന്ന സെലീകയെ നിരായൂധീകരിക്കലും മധ്യാഫ്രിക്കയിലെ ദൗത്യമാണെന്ന ഫ്രഞ്ചു സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ അതു വ്യക്തമാക്കുന്നുണ്ട്.
മധ്യാഫ്രിക്കയില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുണ്ടായില്ലെങ്കില്‍ ഭാവിയില്‍ ഇവിടെ ഒറ്റ മുസ്‌ലിമും അവശേഷിക്കില്ലെന്നു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘങ്ങള്‍ യു എന്നിന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഹ്യൂമന്‍ റൈറ്റ്‌സ് വാച് അത്യാഹിത വിഭാഗം തലവന്‍ പീറ്റര്‍ ബുക്കേര്‍ട്ട് പറയുന്നു: ''മുസ്‌ലിം പലായനം വന്‍ തോതിലാണ്. ഇതു തുടരുന്ന പക്ഷം സെന്‍ട്രല്‍ ആഫ്രിക്കയില്‍ ഭാവിയില്‍ ഒരൊറ്റ മുസ്‌ലിം പോലുമുണ്ടാവുകയില്ല. നൂറ്റാണ്ടുകളായി ഈ രാജ്യത്ത് സമാധാനപരമായി ജീവിച്ചുകൊണ്ടിരുന്ന ജനങ്ങളാണ് ഇപ്പോള്‍ നാടു വിടേണ്ടിവന്നിരിക്കുന്നത്.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹ/47-48
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം