Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 14

വാര്‍ത്തകള്‍ മുക്കുന്ന മാധ്യമ സംസ്‌കാരം

പി.കെ നിയാസ്/മീഡിയ

         രാഷ്ട്രീയക്കാരില്‍നിന്ന് പണവും ആനുകൂല്യങ്ങളും പറ്റി വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്ന ദുഷ്പ്രവണതക്കെതിരെ 2010 കാമ്പയിന്‍ വര്‍ഷമായി ആചരിക്കാന്‍ 2009 ഡിസംബറില്‍ ചേര്‍ന്ന എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ വാര്‍ഷിക ജനറല്‍ ബോഡി തീരുമാനിക്കുകയുണ്ടായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശീയ ദിനപത്രങ്ങളില്‍ പെയ്ഡ് ന്യൂസുകളുടെ പ്രളയമുണ്ടായതാണ് ഗില്‍ഡിനെ ആശങ്കയിലാക്കിയത്. അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടായി എന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പോലും അവകാശപ്പെടുമെന്ന് തോന്നുന്നില്ല. കാരണം ആ വര്‍ഷം ഏപ്രിലിലാണ് ഹിന്ദി പത്രങ്ങളായ അമര്‍ ഉജാലയും ദൈനിക് ജാഗരണും ഉത്തര്‍ പ്രദേശിലെ പൊതു തെരഞ്ഞെടുപ്പുവേളയില്‍ വാര്‍ത്തയെന്ന പേരില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതെന്ന് പ്രസ് കൗണ്‍സില്‍ കണ്ടെത്തിയത്. കാശും ആനുകൂല്യങ്ങളും പറ്റി വാര്‍ത്തകള്‍ എഴുതിവിടുന്ന ശീലം മലയാളത്തിലെ പ്രമുഖ അച്ചടി, ദൃശ്യ മാധ്യമങ്ങളുടെ പേരില്‍ ആരോപിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രചാരണ മല്‍സരങ്ങള്‍ മുറുകുമ്പോള്‍ ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള ചില അപകടകരമായ കളികള്‍ ഈ പത്രങ്ങള്‍ നടത്താറുണ്ട്. ന്യൂനപക്ഷ മത വിഭാഗങ്ങളെ കുത്തിനോവിക്കുന്ന വാര്‍ത്തകള്‍ പടച്ചുണ്ടാക്കുക, നാട്ടില്‍ എവിടെ ബോംബു പൊട്ടിയാലും പോലീസ് ഭാഷ്യം അണ്ണാക്കു തൊടാതെ വിഴുങ്ങി ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരാണ് പ്രതികളെന്ന് എഴുതിപ്പിടിപ്പിക്കുക, ആള്‍ദൈവങ്ങളുടെ വാര്‍ത്തകള്‍ക്ക് കൂടുതല്‍ ഇടം അനുവദിക്കുക തുടങ്ങിയവ കേരളത്തിലെ ചില പത്രങ്ങളുടെ പോളിസിയായി മാറിത്തുടങ്ങിയത് ഇങ്ങനെയാണ്.
കേരളം കശ്മീരാകുന്നുവെന്ന പ്രചാരണം നടത്തിയത് സംഘ്പരിവാര്‍ സംഘടനകളും അവയുടെ മാധ്യമങ്ങളുമായിരുന്നു. ഇതേറ്റുപിടിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മത്സരിച്ചപ്പോള്‍ മാലേഗാവ്, അജ്മീര്‍, മക്കാ മസ്ജിദ് തുടങ്ങിയ ഭീകര സംഭവങ്ങളുടെ പിതൃത്വം ന്യൂനപക്ഷ തീവ്രവാദികളുടെയും അതിലൂടെ അവരുടെ സമുദായത്തിന്റെയും തലയില്‍ കെട്ടിയേല്‍പിക്കപ്പെട്ടു. പോലീസ് ഭാഷ്യങ്ങള്‍ ഇന്‍വെസ്റ്റിഗേറ്റീവ് സ്റ്റോറിയായി പടച്ചുവിട്ടിരുന്ന പ്രവീണ്‍ സാമിയെന്ന ഹിന്ദു ദിനപത്രത്തിന്റെ പ്രത്യേക ലേഖകന്റെ അരുമ ശിഷ്യന്മാര്‍ കേരളത്തിലെ പ്രമുഖ പത്രങ്ങളുടെ ഡസ്‌ക്കുകളിലും ജന്മം കൊള്ളാന്‍ വൈകിയില്ല. എന്തിനധികം, മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ സന്ദര്‍ശനത്തിനു തൊട്ടു മുമ്പ് 2006 സെപ്റ്റംബര്‍ 21-ന് തിരുവനന്തപുരത്തെ മണക്കാട് പോസ്റ്റ് ഓഫീസില്‍ ലെറ്റര്‍ ബോംബ് പൊട്ടിയപ്പോള്‍ അതിനു പിന്നില്‍ ലഷ്‌കറെ ത്വയ്യിബയുടെയും ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സാങ്കല്‍പിക സംഘടനയുടെയും കരങ്ങളാണെന്ന് എഴുതിപ്പിടിപ്പിച്ചതും ഇവര്‍ തന്നെ. എന്നാല്‍ മാലേഗാവ് മുതല്‍ മക്ക മസ്ജിദ് വരെയുള്ള സകല സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ സംഘ്പരിവാര്‍ സംഘടനകളാണെന്ന് തെളിഞ്ഞപ്പോള്‍ പ്രസ്തുത റിപ്പോര്‍ട്ട് നല്‍കുന്നതില്‍ വലിയ ശൗര്യമൊന്നും ഇക്കൂട്ടരില്‍ കണ്ടില്ല. ലെറ്റര്‍ ബോംബിനു പിന്നില്‍ പ്രവര്‍ത്തിച്ച മുന്‍ സൈനികന്റെ മകന്‍ രാജീവനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അയാളെ 'മാനസികരോഗി'യാക്കി അവതരിപ്പിക്കാനും മേല്‍പത്രങ്ങള്‍ക്ക് മടിയുണ്ടായില്ല.
അന്ധവിശ്വാസങ്ങളെയും ആള്‍ദൈവങ്ങളെയും പ്രമോട്ട് ചെയ്യുന്നതിലും മേല്‍പറഞ്ഞ പത്രങ്ങള്‍ വഴിവിട്ട പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആള്‍ദൈവത്തിനുവേണ്ടി ഞായറാഴ്ചപ്പതിപ്പില്‍ കോളം മാറ്റിവെച്ചവര്‍ക്ക് 'ദൈവ'ത്തിന്റെ മഠത്തില്‍ നടക്കുന്ന കൊള്ളരുതായ്മകളും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളും എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാനാവും? ബീഹാറുകാരനായ സത്‌നം സിംഗ് എന്ന മാനസിക രോഗിയായ യുവാവ് മഠത്തില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ അതു സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ഫോളോ അപ്പുകള്‍ ഉണ്ടാകാതിരുന്നതും സംഭവം അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് ഒരു മുഖപ്രസംഗം പോലും എഴുതാതിരുന്നതും ഈ അമ്മ ഭക്തി കാരണമായിരുന്നു. ഇപ്പോഴിതാ, പതിനേഴ് വര്‍ഷം അമൃതാനന്ദമയിയുടെ ശിഷ്യയായി ചെലവഴിച്ച ഓസ്‌ട്രേലിയക്കാരി ഗെയ്ല്‍ ട്രെഡ്‌വെല്‍, മഠത്തിലെ കപട ആത്മീയതയെയും ലൈംഗിക അരാജകത്വത്തെയും കോടികളുടെ സാമ്പത്തിക വെട്ടിപ്പിനെയും കുറിച്ച് വിശദമായ പുസ്തകം (Holy Hell: A Memoir of Faith, Devotion, and Pure Madness) രചിക്കുകയും അത് വലിയ വാര്‍ത്തയാവുകയും ചെയ്തപ്പോള്‍ ഈ പത്രങ്ങളും അവയുടെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലുകളും മൗനം പാലിച്ചിരിക്കുന്നു. ഏഷ്യാനെറ്റ്, മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കിയ ഈ വാര്‍ത്ത വിരലിലെണ്ണാവുന്ന പത്രങ്ങളും ചാനലുകളും സോഷ്യല്‍ മീഡിയയും സജീവമായി ചര്‍ച്ച ചെയ്തതുകൊണ്ടു മാത്രം മലയാളിക്ക് നഷ്ടപ്പെടാതെ പോയി. തൊട്ടതിനും പിടിച്ചതിനുമൊക്കെ ഒമ്പതുമണി ചര്‍ച്ച സംഘടിപ്പിക്കാറുള്ള മുക്കാല്‍ ഡസനോളം ചാനലുകളുള്ള കേരളത്തില്‍ മൂന്നേ മൂന്നെണ്ണം മാത്രമാണ് ആരോപണങ്ങള്‍ വിശദമായ ചര്‍ച്ചക്ക് വിധേയമാക്കിയത്.
'നേരോടെയും നിര്‍ഭയ'വും വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കാന്‍ വെമ്പല്‍ കൊള്ളുന്നവരും 'പത്രത്തിന്റെ യഥാര്‍ഥ ശക്തി'യെക്കുറിച്ച് വാചാലമാകുന്നവരും 'മലയാളത്തിന്റെ സുപ്രഭാത'വുമൊക്കെ ഈയൊരു വാര്‍ത്ത സമര്‍ഥമായി മൂടിവെക്കുക വഴി എന്തു സന്ദേശമാണ് കേരളീയ സമൂഹത്തിന് നല്‍കിയതെന്ന് വ്യക്തമാണ്. അതേസമയം, മഠത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പ്രസ്താവനകളും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന ഭീഷണികളും മേല്‍പറഞ്ഞ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയുണ്ടായി. അന്ധവിശ്വാസത്തെ എന്നും പ്രോത്സാഹിപ്പിക്കുകയും ആള്‍ദൈവത്തിന്റെ അപദാനങ്ങള്‍ വാഴ്ത്താന്‍ പിശുക്കില്ലാതെ കോളങ്ങള്‍ മാറ്റിവെക്കുകയും ചെയ്യാറുള്ള മാതൃഭൂമിയും മലയാള മനോരമയും വിവാദം കത്തിനില്‍ക്കുമ്പോള്‍ അമ്മയുടെ കോഴിക്കോട്ടെയും പാലക്കാട്ടെയും തിരുവനന്തപുരത്തെയും പരിപാടികള്‍ക്ക് നല്‍കിയ അമിത പ്രാധാന്യം ശ്രദ്ധേയമാണ്. ഇപ്പോഴും ആള്‍ദൈവത്തിന് അനുകൂലമായി മൊഴിഞ്ഞവര്‍ക്ക് മാത്രമാണ് ഈ പത്രങ്ങളിലെ കോളങ്ങളില്‍ സ്ഥാനം കിട്ടുന്നത്.
ഗെയ്‌ലിന്റെ പുസ്തകത്തിലെ ആരോപണങ്ങളിലെ ശരിതെറ്റുകള്‍ മാറ്റിവെക്കുക. രാഷ്ട്രാന്തരീയ തലത്തില്‍ ചര്‍ച്ചയായ ഒരു പുസ്തകം, അതു കൈകാര്യം ചെയ്യുന്നതാവട്ടെ കേരളത്തിലെ പ്രശസ്തമായ ഒരു മഠത്തില്‍ ആത്മീയതയുടെ പേരില്‍ നടക്കുന്ന സദാചാര ലംഘനങ്ങളും അതിന്റെ തലപ്പത്തുള്ള 'ആള്‍ദൈവ'ത്തിന്റെ നിഗൂഢ പ്രവര്‍ത്തനങ്ങളും. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു മാധ്യമത്തെ സംബന്ധിച്ചേടത്തോളം ഒരിക്കലും മൂടിവെക്കാന്‍ വയ്യാത്ത വാര്‍ത്ത. ഇതാണ് മുഖ്യധാരാ മാധ്യമങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ പൂഴ്ത്തിയത്. മലയാള മനോരമ മുതല്‍ ഏഷ്യാനെറ്റ് വരെയുള്ള മാധ്യമങ്ങള്‍ ഈ പൂഴ്ത്തിവെപ്പില്‍ കൈകോര്‍ത്തതാണ് യഥാര്‍ഥത്തില്‍ മീഡിയാ സിന്‍ഡിക്കേറ്റ്. കേരള ജനതക്ക് പ്രസ്തുത പദം സംഭാവന ചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പക്ഷേ, കുറച്ചുദിവസത്തേക്കെങ്കിലും ഈ സിന്‍ഡിക്കേറ്റിന്റെ ഭാഗമായി മാറുന്നത് നാം കണ്ടു. പ്രവാചകന്റെ 'ബോഡിവെയ്സ്റ്റ്' വിറ്റുകാശാക്കുന്ന പുരോഹിതനെതിരെ തക്ക സമയത്ത് രംഗത്തുവന്ന പിണറായിക്ക് അമ്മക്കെതിരെ പ്രസ്താവനയിറക്കാന്‍ പുതിയ സാഹചര്യത്തില്‍ താമസം നേരിടുക സ്വാഭാവികം. സിപി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഫേസ് ബുക്കില്‍ നടത്തിയ പോസ്റ്റോടെ വിഷയത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് പുറത്തുവന്നുവെന്ന് കരുതിയവരേറെ. എന്നാല്‍, മണിക്കൂറുകളുടെ ആയുസ്സേ പ്രസ്തുത പോസ്റ്റിനുണ്ടായിരുന്നുള്ളൂ. തന്റെ പേരില്‍ ആരോ ചെയ്തതാണ് പ്രസ്തുത പോസ്റ്റെന്ന വിശദീകരണവുമായി ജയരാജന്‍ തന്നെ രംഗത്തുവന്നു. തമാശ അതല്ല, നിഷേധക്കുറിപ്പ് പോസ്റ്റ് ചെയ്തതും അതേ അക്കൗണ്ടില്‍ തന്നെ! ജയരാജന് ഐ.ടിയുമായി ബന്ധപ്പെട്ട് വിവരമില്ലെന്നത് വലിയ അപരാധമല്ലെങ്കിലും കൊച്ചുകുട്ടികള്‍ പോലും സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഫേസ്ബുക്കില്‍ നേതാക്കള്‍ക്കുവേണ്ടി സന്ദേശങ്ങള്‍ നല്‍കുന്നവര്‍ക്കെങ്കിലും സാമാന്യ ബുദ്ധി വേണമല്ലോ. കണ്ണൂര്‍ ജില്ലയില്‍നിന്ന് മോഡി ഭക്തരായ കുറേ നമോവിചാര്‍ മഞ്ചുകാരെ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയില്‍ ചേര്‍ക്കേണ്ടതിനാലാവാം സി.പി.എമ്മിന്റെ ഈ ഫേസ്ബുക്ക് നാടകം. ഹിന്ദു വോട്ടുബാങ്ക് മുന്നില്‍ കണ്ടുള്ള മലക്കം മറിച്ചില്‍ ആര്‍ക്കാണ് മനസ്സിലാവാത്തത്?
ജയരാജന് പിന്നാലെ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി ശശീന്ദ്രന്റെ ഊഴമായിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വരികയും അപ്രത്യക്ഷമാകാതിരിക്കുകയും ചെയ്തപ്പോള്‍ സി.പി.എം സമ്മര്‍ദ്ദത്തിലായെന്ന് ബോധ്യമായി. വിഷയം കത്തിനില്‍ക്കുമ്പോള്‍ മിണ്ടാതിരുന്ന പിണറായി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അഴകൊഴമ്പന്‍ പ്രസ്താവനയിറക്കിയത് അതിന്റെ ഭാഗമായിരുന്നു. കേരളാ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ ആരോപണ ശരങ്ങളത്രയും യാത്രക്ക് വേണ്ടത്ര കവറേജ് നല്‍കാതിരുന്ന ചാനലുകള്‍ക്കു നേരെയായിരുന്നു. അമൃതാനന്ദമയീ മഠത്തിലെ അരുതായ്മകള്‍ മുക്കിയ പത്രമാധ്യമങ്ങള്‍ അപ്പോഴും അദ്ദേഹത്തിന് വിഷയമായില്ല.

'ലൗ ജിഹാദ്' ആഘോഷിച്ചവര്‍
ഗെയ്‌ലിന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് വാര്‍ത്ത നല്‍കാതിരുന്നതെന്ന് മുഖ്യധാരാ മാധ്യമങ്ങളൊന്നും അവകാശപ്പെട്ടിട്ടില്ല. അല്ലെങ്കില്‍ ഇവരൊക്കെ വാര്‍ത്തകള്‍ ചമച്ചുവിടുന്നത് തെളിവുകളുടെയും ഉറച്ച ബോധ്യത്തിന്റെയും അടിസ്ഥാനത്തിലാണോ? ഇല്ലാത്ത ചാരക്കഥയും ലൗ ജിഹാദും ആഘോഷിച്ചവരാണ് കേരളത്തിലെ ചില പത്രമാധ്യമങ്ങള്‍. രണ്ടും ശൂന്യതയില്‍നിന്ന് ഉണ്ടാക്കിയതാണെന്ന് ബോധ്യമായതോടെ തെറ്റ് തിരുത്താനോ പ്രസ്തുത റിപ്പോര്‍ട്ടുകളുടെ പേരില്‍ അപമാനം പേറി ജീവിക്കേണ്ടിവന്നവരോട് ക്ഷമ ചോദിക്കാനോ ഇന്നോളം ഇവരാരും തയാറായിട്ടില്ല.
മാധ്യമങ്ങള്‍ ഒരുമ്പെട്ടാല്‍ പ്രോസിക്യൂഷന് ജോലി ഇല്ലാതാവുമെന്ന് നിരീക്ഷിച്ചത് സുപ്രീം കോടതിയാണ്. പ്രോസിക്യൂഷനെ മാത്രമല്ല, ചില ജഡ്ജിമാരെയും മാധ്യമ വാര്‍ത്തകള്‍ സ്വാധീനിക്കുന്നുണ്ടെന്നതിന്റെ മികച്ച ഉദാഹരണമാണ് ലൗ ജിഹാദ് എന്ന ഇല്ലാക്കഥയുമായി ബന്ധപ്പെട്ട കേസുകളില്‍ വിധി പുറപ്പെടുവിച്ച കേരള ഹൈക്കോടതി ജഡ്ജി കെ.ടി ശങ്കരന്‍. ലൗ ജിഹാദ് വാസ്തവമാണെന്നതില്‍ യാതൊരു സംശയവും തോന്നാതിരുന്ന ജഡ്ജി സംഭവങ്ങളെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ വിധിന്യായത്തില്‍ പ്രശംസിച്ചത് മറക്കാറായിട്ടില്ല. ആര്‍.എസ്.എസ്, വിശ്വഹിന്ദു പരിഷത്ത്, ശ്രീരാംസേന തുടങ്ങിയ തീവ്രവാദ ഹിന്ദു സംഘടനകള്‍ മുതല്‍ കേരളാ കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള ക്രിസ്തീയ സംഘടനകെള വരെ ഒരേ ചരടില്‍ അണിചേര്‍ക്കാനാണ് ലൗ ജിഹാദ് വാര്‍ത്തകളിലൂടെ മലയാള മനോരമയും മാതൃഭൂമിയും കേരളാ കൗമുദിയും ഉള്‍പ്പെടെയുള്ള ദിനപത്രങ്ങളും ചില വാരികകളും ടി.വി ചാനലുകളും ശ്രമിച്ചത്.
ലൗ ജിഹാദിന്റെ പേരില്‍ വ്യാപകമായ മതംമാറ്റങ്ങള്‍ നടക്കുന്നില്ലെന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ റിപ്പോര്‍ട്ടുകള്‍ അപ്പടി തള്ളുകയും പോലീസും പത്രമാധ്യമങ്ങളും പടച്ചുവിട്ട ഇല്ലാക്കഥകള്‍ സ്വീകരിക്കുകയും ചെയ്ത ജഡ്ജി, ഇത് തടയാന്‍ നിയമം നിര്‍മിക്കണമെന്നുവരെ പറഞ്ഞു. ലൗ ജിഹാദ്, റോമിയോ ജിഹാദ് തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നത് തടയണമെന്ന ഹരജിക്കാരുടെ അപേക്ഷയും അദ്ദേഹം തള്ളി. നാലു വര്‍ഷത്തിനിടയില്‍ 3000ത്തിനും 4000-ത്തിനുമിടയില്‍ മതംമാറ്റം ലൗ ജിഹാദ് വഴി ഉണ്ടായെന്ന പോലീസ് റിപ്പോര്‍ട്ടും ജസ്റ്റിസ് ശങ്കരന്‍ അംഗീകരിച്ചു (ഇന്ത്യന്‍ എക്‌സ്പ്രസ് 10.12.2009).
ജസ്റ്റിസ് ശങ്കരനെപ്പോലെ, പോലീസ് പടച്ചുണ്ടാക്കുന്ന റിപ്പോര്‍ട്ടുകള്‍ പൊടിപ്പും തൊങ്ങലുംവെച്ച് അച്ചടിച്ചുവിടുന്ന മലയാള മാധ്യമങ്ങളെ അത്രക്കങ്ങ് വിശ്വസിക്കാന്‍ ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാര്‍ തയ്യാറായില്ല. പോലീസ് റിപ്പോര്‍ട്ടിലെ പൊള്ളത്തരം ബോധ്യപ്പെട്ട അദ്ദേഹം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. 18 പോലീസ് സുപ്രണ്ടുമാരില്‍ 14 പേരും നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ലൗ ജിഹാദ് എന്ന പേരില്‍ സംഘടിത പ്രവര്‍ത്തനങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കി. ലൗ ജിഹാദ് എന്നത് മിഥ്യയാണെന്നും പ്രേമിച്ചു വിവാഹം കഴിക്കുന്നവര്‍ ജാതിയും മതവും നോക്കാറില്ലെന്നും 2010 ഡിസംബര്‍ 12ന് ഒരു സുപ്രധാന വിധിയിലൂടെ ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ പ്രസ്താവിച്ചു. മതസ്പര്‍ധ വളര്‍ത്താനായി ഹിന്ദുജാഗൃതി എന്ന വെബ്‌സൈറ്റ് പടച്ചുണ്ടാക്കിയതാണ് ലൗ ജിഹാദെന്ന് 2012ല്‍ കേരളാ പോലീസ് തന്നെ അസന്ദിഗ്ധമായി പ്രഖ്യാപിച്ചതോടെ മനോരമ മുതല്‍ക്കുള്ള പത്രങ്ങളുടെയും ചാനലുകളുടെയും നുണ ബോംബുകളാണ് തകര്‍ന്നുവീണത്. ലൗ ജിഹാദ് എന്ന നുണയെഴുതാന്‍ കോളങ്ങള്‍ ചിലവിട്ട പത്രമാധ്യമങ്ങള്‍ പക്ഷേ ഈ വാര്‍ത്ത കണ്ടില്ലെന്ന് നടിക്കുകയോ പ്രസിദ്ധീകരിക്കാന്‍ തയാറായവര്‍ തന്നെ അപ്രധാനമായി നല്‍കുകയോ ചെയ്തു. ഇല്ലാത്ത സംഭവങ്ങളെ സാമുദായികച്ചുവയുള്ള തലക്കെട്ടുകള്‍ നല്‍കി പ്രസിദ്ധീകരിക്കുന്നതിലൂടെ ഒരു പ്രത്യേക സമുദായത്തിനുനേരെ മറ്റു സമുദായങ്ങള്‍ക്കിടയില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തുമെന്നും കേരളത്തിന്റെ മതസൗഹാര്‍ദത്തിന് അത് പരിക്കേല്‍പിക്കുമെന്നുമുള്ള സാമാന്യബോധം മേല്‍ പറഞ്ഞ പത്രങ്ങള്‍ക്ക് ഇല്ലാതെ പോയി.

തൊഗാഡിയക്ക് 'തലോടല്‍'
ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് ആലപ്പുഴയില്‍ ബജ്‌റംഗ്ദള്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഹിന്ദു സ്വാഭിമാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. പ്രവീണ്‍ തൊഗാഡിയ നടത്തിയ അങ്ങേയറ്റം വിഷലിപ്തമായ പ്രസംഗം മിക്കവാറും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്ന മുസ്‌ലിംകള്‍ ഗുജറാത്തും മുസഫര്‍ നഗറും മറക്കേണ്ട, അവര്‍ പാക്കിസ്ഥാനിലേക്ക് പോവുക തുടങ്ങി ഒരു സമുദായത്തെ പേരെടുത്ത് പറഞ്ഞുള്ള അത്യന്തം പ്രകോപനപരമായ പ്രസംഗമായിരുന്നു അത്. മാത്രമല്ല, സംസ്ഥാനത്തെ പതിനായിരം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് ത്രിശൂലം വിതരണം ചെയ്യാനും സമ്മേളനം തീരുമാനിക്കുകയുണ്ടായി. എന്നാല്‍, പ്രസംഗത്തിലെ പ്രധാന പോയന്റുകള്‍ പൂര്‍ണമായി ഒഴിവാക്കി 'രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കണ'മെന്ന് തൊഗാഡിയ ആവശ്യപ്പെട്ട വാര്‍ത്തയും തലക്കെട്ടുമാണ് മലയാള മനോരമ നല്‍കിയത്. ഒരു ഫാഷിസ്റ്റിന്റെ തീതുപ്പുന്ന പ്രസംഗത്തെ എത്ര നിര്‍ദോഷമായ ഒരു കമന്റായാണ് 'മലയാളത്തിന്റെ സുപ്രഭാതം' വായനക്കാര്‍ക്ക് എത്തിച്ചത്! നമ്മുടെ നാട്ടിലെ യുക്തിവാദികള്‍ വര്‍ഷങ്ങളായി വാദിക്കുന്ന ഏകസിവില്‍ കോഡ് ഇന്ത്യയില്‍ നടപ്പാക്കണമെന്ന് പ്രസ്താവിക്കുന്ന വളരെ 'സാധു'വായ ഒരു തൊഗാഡിയയെ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ മനോരമക്ക് എന്തേ ഇത്ര താല്‍പര്യം? അഴിമതിയെ അടിച്ചുതെളിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ ചൂലല്ല ഗര്‍ഭിണികളുടെ വയറ് കുത്തിക്കീറുന്ന സംഘപരിവാരത്തിന്റെ ത്രിശൂലമെന്ന് തിരിയാഞ്ഞിട്ടൊന്നുമല്ലല്ലോ. വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതുപോലെ തന്നെ അധാര്‍മികമാണ് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള റിപ്പോര്‍ട്ടിംഗും. പത്രറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയ സ്ഥിതിക്ക് പോലീസ് അകമ്പടിയോടെ തൊഗാഡിയ ഇനിയും തീതുപ്പിക്കൊണ്ടിരിക്കും. കേസും ജയിലുമൊക്കെ മഅ്ദനിക്കും അക്ബര്‍ ഉവൈസിക്കും മറ്റുമായി സംവരണം ചെയ്യപ്പെട്ടിരിക്കുകയാണല്ലോ.
എന്‍.എസ്.എസിനുവേണ്ടി കുഴലൂത്തു നടത്താനും നമ്മുടെ ചില മാധ്യമങ്ങള്‍ സജീവമായി രംഗത്തുണ്ട്. കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ മന്നം സമാധി സന്ദര്‍ശനം വിവാദമാക്കിയതിനു പിന്നില്‍ ഈ അജണ്ട പ്രവര്‍ത്തിച്ചതായി കാണാം. നായര്‍ സമാധിയില്‍ ഈഴവനെന്തു കാര്യമെന്നാണ് സുകുമാരന്‍ നായരുടെ മനസ്സിലിരിപ്പെന്ന് അറിയാത്തവരാണോ ഈ ചാനലുകാര്‍? എന്‍.എസ്.എസിനെ ബഹുമാനിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അന്ത്യമെന്നുവരെ നായര്‍ മൊഴിഞ്ഞിട്ടും അതൊരു ചര്‍ച്ചാ വിഷയമാക്കാന്‍ ഒരു ചാനലുകാരനും തയാറായില്ലെന്നു മാത്രമല്ല, വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകളില്‍ ഈ പരാമര്‍ശത്തെ ഫോക്കസ് ചെയ്യാനും ശ്രമിച്ചില്ല. മുസ്‌ലിം ലീഗ് നേതാക്കളെങ്ങാനുമാണ് ഇത് പറഞ്ഞതെങ്കില്‍ എന്തായിരിക്കും പുകില്! മനോരമ ചാനലിന്റെ 'കൗണ്ടര്‍ പോയന്റി'ല്‍ സുകുമാരന്‍ നായര്‍ നടത്തിയ മറ്റൊരു വിവാദ പ്രസ്താവനയും ആര്‍ക്കും വിഷയമായില്ല. 'മന്നത്തു പത്മനാഭന്റെ പ്രതിമയെന്താ കോട്ടയം ബസ്സ്റ്റാന്റിലെ ഗാന്ധി പ്രതിമയാണോ'യെന്ന അര്‍ഥം വെച്ചുള്ള പ്രയോഗത്തെ കുത്തിപ്പൊക്കാന്‍ അവതാരകനോ അതിനു മറുപടി നല്‍കാന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസിന്റെ തീപ്പൊരി രാജ്‌മോഹന്‍ ഉണ്ണിത്താനോ ഒരുമ്പെട്ടില്ല. എന്നല്ല, സുകുമാരന്‍ നായരുടെ സാന്നിധ്യം കൊണ്ടാവും ഉണ്ണിത്താന്റെ പതിവു ശൗര്യമൊന്നും കണ്ടതുമില്ല. താന്‍ കേരളത്തിലെ പോപ്പാണെന്ന നായരുടെ ഹുങ്ക് വകവെച്ചുകൊടുക്കാന്‍ ഉണ്ണിത്താന്‍ മാത്രമല്ല, ചര്‍ച്ചയില്‍ പങ്കെടുത്ത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഒരു മടിയുമുണ്ടായില്ല. തരംതാഴലിന് ഒരു പരിധിയില്ലേ? ഗാന്ധിജിയെ അവഹേളിക്കുന്ന പരമാര്‍ശം അടുത്ത ദിവസവും സുകുമാരന്‍ നായര്‍ നടത്തുകയുണ്ടായി. എന്നിട്ടും ആര്‍ക്കും അതൊരു പ്രശ്‌നമായി തോന്നിയില്ല.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പാരമ്പര്യം പറയുകയും മര്‍ഡോക്കിന്റെ ശൈലി സ്വീകരിക്കുകയും ചെയ്യുന്ന ഇത്തരം പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. സ്വാര്‍ഥതാല്‍പര്യങ്ങളുടെ പേരില്‍ വാര്‍ത്തകള്‍ എത്ര മൂടിവെച്ചാലും അവ പുറത്തുകൊണ്ടുവരുന്ന നവ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും നിങ്ങളെ വിചാരണ ചെയ്യാന്‍ സജീവമായി രംഗത്തുണ്ട്. നിങ്ങള്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത് മുഴുവന്‍ പുറത്തുകൊണ്ടുവരാനുള്ള ത്രാണി ഈ ബദല്‍ മാധ്യമങ്ങള്‍ക്കുണ്ടെന്ന സത്യമെങ്കിലും അംഗീകരിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹ/47-48
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം