ജനാധിപത്യത്തിന്റെ കണക്കെടുപ്പും വീണ്ടെടുപ്പും-2 <br>ജനാധിപത്യമോ കുടുംബാധിപത്യമോ?
താത്ത്വിക തലങ്ങള്‍ക്കപ്പുറത്ത് പ്രായോഗികമായി ജനാധിപത്യ വ്യവസ്ഥകള്‍ പ്രധാന ജനാധിപത്യ രാജ്യങ്ങളില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കാം. അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യാ ഉപഭൂഖണ്ഡം, ഫിലിപ്പിന്‍സ് തുടങ്ങിയ രാജ്യങ്ങളെ ഉദാഹരണത്തിനെടുക്കാം. ഏറെക്കുറെ ഒട്ടുമിക്ക ജനാധിപത്യ രാജ്യങ്ങളിലും ചില രാഷ്ട്രീയ കുടുംബങ്ങളുടെ ആധിപത്യമാണ് ജനാധിപത്യത്തിന്റെ പേരില്‍ നടന്നുവരുന്നത്. അമേരിക്കയിലും ബ്രിട്ടനിലും ഈ കുടുംബങ്ങളുടെ എണ്ണം കുറച്ചു കൂടുതലുണ്ടെന്ന് മാത്രം. ഈ അര്‍ഥത്തില്‍ അവിടങ്ങളിലുള്ള വ്യവസ്ഥകള്‍ ഒരുതരം ഡെമോക്രാറ്റിക് ഒളിഗാര്‍ക്കിയാണ്. ബ്രിട്ടനില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ സെസില്‍സ് (Cecils) കുടുംബവും തെരഞ്ഞെടുക്കപ്പെടുന്ന ഹൗസ് ഓഫ് കോമണ്‍സില്‍ 'ലോങ്ങ്‌സ്' (Longs)െ കുടുംബവും പൊതുവെ ആധിപത്യം പുലര്‍ത്തുമ്പോള്‍ ബ്രിട്ടീഷ് ഭരണം എന്നത് മിക്കവാറും ഈ രണ്ടു കുടുംബങ്ങള്‍ക്ക് പുറമേ ചര്‍ച്ചില്‍ (Churchil), ക്രൊംവെല്‍ (Cromwell), പിറ്റ്‌സ് ( Pitts), പീസേസ് (Peases), റസ്സെല്‍സ് (Russels), സ്പ്രിങ്ങ്‌സ് (Springs), സ്റ്റാന്‍ലീസ് (Stanleys)െ, കാവെണ്ടിഷസ് (Cavendishes) തുടങ്ങിയ ഇരുപത്തഞ്ചോളം കുടുംബങ്ങള്‍ക്കിടയിലെ വീതംവെപ്പ് പരിപാടിയാണ്. അമേരിക്കയിലെ സ്ഥിതിയും വ്യത്യസ്തമല്ല. പടിഞ്ഞാറേ അമേരിക്കയിലെ അരിസോണ, കൊളറാഡോ, ന്യൂമെക്‌സികൊ, കാലിഫോര്‍ണിയ തുടങ്ങിയ പ്രദേശങ്ങളില്‍ സജീവ രാഷ്ട്രീയ ശക്തിയായ ഉദാല്‍ (Udal) കുടുംബം, ലൂസിയാനയിലെ ലോങ്ങ് (Long) കുടുംബം, രണ്ടു പ്രസിഡന്റുമാരെ സംഭാവന ചെയ്ത റൂസ്‌വെല്‍റ്റു കുടുംബം, കെന്നഡി കുടുംബം, വിര്‍ജീനിയയിലെ ഹാരിസന്‍ കുടുംബം, ഇല്ല്യനോയിസിലെ ഡാലി (Daley) കുടുംബം, മൊത്തം എട്ടുവര്‍ഷം രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച, പന്ത്രണ്ടു വര്‍ഷം രാജ്യം ഭരിച്ച, നേരത്തെയും ഇപ്പോഴും റ്റെക്‌സാസ് ഭരിക്കുകയും ഭരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന, ഇനി അടുത്ത ഭാവിയിലും പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ നിര്‍ത്തിയേക്കാന്‍ സാധ്യതയുള്ള ബുഷ് ഫാമിലിയും ഏറെക്കുറെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ തത്തുല്യ സ്ഥാനം വഹിക്കുന്ന ക്ലിന്റന്‍ ഫാമിലിയുമൊക്കെയാണ് അമേരിക്കയിലെ കോണ്‍ഗ്രസിലും സെനറ്റിലും ഓരോ സ്റ്റേറ്റിന്റെയും ഭരണനിര്‍വഹണ സ്ഥാനങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന പ്രധാന രാഷ്ട്രീയ കുടുംബങ്ങള്‍.
ഈ പറഞ്ഞതിനു പുറമേ പതിനെട്ടാം നൂറ്റാണ്ടില്‍ അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ജോണ്‍ ആദംസിന്റെ (John Adams) കുടുംബ പാരമ്പര്യത്തില്‍നിന്നാണ് ആറാം പ്രസിഡന്റായ ജോണ്‍ ക്വിന്‍സി ആദംസ് (John Quincy Adams)െ ഉണ്ടാകുന്നത്. ഇവരും ഇതര യു.എസ് പ്രസിഡന്റുമാരായിരുന്ന മില്ലര്‍ദ്ഫില്‍മോര്‍ (13-ാം പ്രസിഡന്റ്), വില്ല്യം ഹോവാര്‍ഡ് (27-ാം-പ്രസിഡന്റ്), കാല്‍വിന്‍ കൂളിട്ജ് (30-ാം പ്രസിഡന്റ്) തുടങ്ങിയവരും വൈസ് പ്രസിഡന്റായിരുന്ന ഡിക്ക്‌ചെനിയും ഒക്കെ ഹെന്റിസ്‌ക്വയെര്‍ എന്ന, അമേരിക്കയിലേക്ക് കുടിയേറിയ ഇംഗ്ലീഷുകാരന്റെ പിന്മുറക്കാരാണ്. ആദംസ്, ഹാരിസണ്‍, റൂസ്‌വെല്‍റ്റ്, ബുഷ് കുടുംബങ്ങളാണ് പ്രസിഡന്റ് സ്ഥാനത്തിരുന്ന് അമേരിക്കയെ ഏറ്റവും കൂടുതല്‍ ഭരിച്ചത്. അമേരിക്കന്‍ സെനറ്റിലും കോണ്‍ഗ്രസ്സിലും സ്റ്റേറ്റ് ഭരണ നിര്‍വഹണ സ്ഥാനങ്ങളിലും ഈ കുടുംബങ്ങളുടെയും പിന്നെ ഇവരുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നൂറ്റിപത്തോളം വരുന്ന ഇതര കുടുംബങ്ങളുടെയും വീതംവെപ്പാണ് യഥാര്‍ഥത്തില്‍ ജനാധിപത്യത്തിന്റെ പേരില്‍ നടക്കുന്നത്.
ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലും ശ്രീലങ്കയിലും ജനാധിപത്യം പിച്ചവെക്കുന്നത് തന്നെ മുജീബ്/സിയാ, ഭൂട്ടോ/ഷരീഫ്, കുമാരസ്വാമി/ഭണ്ഡാരനായകെ കുടുംബ പോര് ആയിട്ടാണ്. ഫിലിപ്പിന്‍സിലെ പാര്‍ലമെന്റില്‍ അറുപതു ശതമാനത്തിലേറെയും കുടുംബക്കാരും ബന്ധുക്കളുമാണ്.
ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ കാര്യം ഈ വിഷയത്തില്‍ അതീവ ദയനീയമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ 66 വര്‍ഷത്തിന്നിടയില്‍ എട്ടു വര്‍ഷം ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കിയുള്ള കാലം മുഴുവന്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇന്ത്യ ഭരിച്ചത് നെഹ്‌റു കുടുംബമായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് നെഹ്‌റു കുടുംബത്തിന്റെ സ്വകാര്യ സ്വത്തു പോലെയാണ് കൊണ്ടുനടക്കപ്പെടുന്നതും കൊണ്ടാടപ്പെടുന്നതും. ആ പര്‍ട്ടിയുടെയും ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെയും മേലിലുമുള്ള ഈ കുടുംബത്തിന്റെ ആധിപത്യം കണ്ടാല്‍ ഇങ്ങനെയൊരു കുടുംബമില്ലായിരുന്നെങ്കില്‍ 110 കോടി ജനം ഒരു നേതൃത്വമില്ലാതെ കഷ്ടപ്പെട്ടുപോയേനേ എന്ന് തോന്നിപ്പോകും. ഈ സിന്‍ഡ്രോം ഏറെക്കുറെ ഇന്ത്യയില്‍ ഇപ്പോള്‍ ശക്തിപ്പെട്ടുവരുന്ന ഏതാണ്ട് എല്ലാ പ്രാദേശിക പാര്‍ട്ടികളെയും ബാധിച്ചു തുടങ്ങിയിരിക്കുന്നുവെന്നതാണ് വസ്തുത. മൊത്തം ഇന്ത്യയുടെ ഏഴിലൊന്നിലേറെ ലോകസഭാ മണ്ഡലമുള്ള ഏറ്റവും വലിയ സംസ്ഥാനമായ യു.പിയിലെ മുലായവും അഖിലേഷും ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ്. ബീഹാറില്‍ ജയിലില്‍ കിടന്നു ആര്‍.ജെ.ഡിയുടെ പേരില്‍ പശുവിനെ കറക്കുന്ന തന്റെ ഭാര്യയെ കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനമായ ബീഹാറിനെ ഭരിപ്പിച്ച കാര്യം ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ കുടുംബ 'മഹച്ചരിത' മാലയിലെ പ്രധാന അധ്യായമാണ്. വൈ.എസ്.ആറിന്റെ മകന്‍ ജഗന്‍മോഹന്‍ ആന്ധ്രയില്‍ കോണ്‍ഗ്രസ്സുമായി തെറ്റിപ്പിരിഞ്ഞതുതന്നെ, കേന്ദ്രത്തില്‍ അനുവദിക്കുന്ന ഈ കാര്യം എന്തുകൊണ്ട് സംസ്ഥാനത്ത് സമ്മതിക്കുന്നില്ല എന്നിടത്തായിരുന്നു. ആന്ധ്രയെ നേരത്തെ ഭരിച്ച പാര്‍ട്ടിയും ഇപ്പോഴത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുമായ തെലുങ്ക്‌ദേശം പാര്‍ട്ടി രാമറാവു കുടുംബത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒഡീഷയില്‍ പറ്റ്‌നായിക് കുടുംബമാണെങ്കില്‍, ഹരിയാനയില്‍ ചൗതാല-ബന്‍സിലാല്‍ കുടുംബങ്ങളാണ്. തമിഴ്‌നാട്ടില്‍ ഇപ്പോഴത്തെ പ്രതിപക്ഷത്ത് കരുണാനിധി കുടുംബമാണെങ്കില്‍ ജയലളിത വന്നതും പ്രതിനിധാനം ചെയ്യുന്നതും ഏറെക്കുറെ എം.ജി.ആറുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്.
ഈ കുടുംബ രാഷ്ട്രീയ പ്രതിഭാസം ഇന്ത്യയിലുടനീളം ശക്തിപ്പെടുക തന്നെയാണ് എന്നതിന്റെ കൃത്യമായ സൂചനയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള, രാഷ്ട്രീയ പ്രബുദ്ധതക്കും പ്രക്ഷോഭങ്ങള്‍ക്കും കേളികേട്ട കേരളത്തിന്റെ അവസ്ഥ. മുരളിയും പ്രേമജയും കേരള പ്രദേശ് കോണ്‍ഗ്രസ്സില്‍ ഇന്നും സജീവമാണെങ്കിലും, കരുണാകരനും മകന്‍ മുരളിക്കും പറ്റിയ ഒരബദ്ധമാണ് കേന്ദ്രതലത്തിലും മറ്റുചില സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന്റെ ശാപമായ കുടുംബ രാഷ്ട്രീയത്തില്‍നിന്നും കേരള പ്രദേശ് കോണ്‍ഗ്രസ്സിനെ രക്ഷിച്ചത്. എന്നാല്‍ കേരളത്തിലെ പ്രാദേശിക പാര്‍ട്ടികള്‍ മുഴുവന്‍ കുടുംബ സ്‌നേഹ വാത്സല്യത്താല്‍ വീര്‍പ്പുമുട്ടുകയാണിന്ന്. മുസ്‌ലിം ലീഗിന്റെ അധ്യക്ഷസ്ഥാനം എന്നും തങ്ങള്‍ കുടുംബത്തിന്നു മാത്രമുള്ളതാണ്. മാണി കോണ്‍ഗ്രസ്സ് മാണിയും ജോസ്.കെ.മാണിയുമായി ചുരുങ്ങുമ്പോള്‍, ബാലകൃഷ്ണപ്പിള്ളക്കും മകന്‍ ഗണേശിന്നുമിടയിലെ സ്‌നേഹത്തിന്നും സൗന്ദര്യ പിണക്കത്തിന്നുമിടയില്‍ കിടന്നു വീര്‍പ്പുമുട്ടുകയാണ് കേരള കോണ്‍ഗ്രസ്സിന്റെ പിള്ള വിഭാഗം. ടി.എം ജേക്കബ് വിഭാഗം മന്ത്രി സ്ഥാനം മരിച്ചുപോയ ജേക്കബിന്റെ മകനും പാര്‍ട്ടിയുടെ ഉപാധ്യക്ഷ സ്ഥാനം ഭാര്യക്കും നല്‍കി ഈ രംഗത്തു 'നല്ലൊരു' മാതൃക തന്നെ സൃഷ്ടിച്ചിരിക്കുയാണ്. സി.എം.പിയും ജെ.എസ്.എസ്സും എം.വി.ആറിന്റെയും ഗൗരിയമ്മയുടെയും വെറും കുടുംബകാര്യം മാത്രമാണെന്നതാണ് വസ്തുത.
ഇങ്ങനെ ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞ ഏതൊരു രാജ്യത്തെ രാഷ്ട്രീയത്തെയും രാഷ്ട്രീയ പാര്‍ട്ടികളെയും പഠനവിധേയമാക്കിയാല്‍ കൂടുതല്‍ അര്‍ഹരായ ആളുകള്‍ പുറത്തിരിക്കെ തന്നെ ജനാധിപത്യത്തിന്റെ പേരില്‍ പുത്ര ഭാര്യാ സഹോദര സഹോദരീ ബന്ധുമിത്രാദികളുടെ രുചിക്കൂട്ട് പാര്‍ട്ടി– ഭരണ നിര്‍വാഹക സിരാകേന്ദ്രങ്ങളില്‍ രൂപപ്പെടുന്നത് കാണാന്‍ സാധിക്കും. ഈ വീതംവെപ്പിന്നു വേണ്ടി മാത്രം ഒരു ജനായത്തരീതിയും പരിപാടികളും ചേരുവയായി ഉണ്ടാവുകയും പിന്നെ അല്‍പസ്വല്‍പം മറ്റു വിഭാഗങ്ങളെയും വീതംവെപ്പില്‍ പങ്കാളികളാക്കുകയും ചെയ്താല്‍ അത് മാത്രം തന്നെ ജനാധിപത്യത്തിന്റെ റെസിപ്പീയാകുന്നിടത്താണ് പ്രയോഗ തലത്തില്‍ ആധുനിക ജനാധിപത്യത്തിന്റെ കാതലായ പ്രശ്‌നം കുടികൊള്ളുന്നത്.
ജനാധിപത്യം പ്രായോഗിക തലത്തില്‍ ഉത്തരവാദിത്വം അതിന്റെ എല്ലാ തലങ്ങളിലും മേഖലകളിലും അര്‍ഹരായ ആളുകളില്‍ ഏല്‍പ്പിക്കുന്ന ഒരു സാമൂഹിക പ്രക്രിയ കൂടിയാവേണ്ടതായിരുന്നു. വളരെ പരമപ്രധാനമായ രാഷ്ട്രീയതലം തലയെണ്ണി മാത്രം നിശ്ചയിക്കുന്ന ജനാധിപത്യം ഒരു പക്ഷേ ഏറ്റവും കൂടുതല്‍ പരാജയപ്പെടുന്നതും ഈ രംഗത്താണ്. ഈ പരാജയം ജനങ്ങള്‍ക്ക് ഒരു ചെലവും ഒരു നഷ്ടവും വരുത്താത്ത പരാജയമല്ല. ഒരു ഭരണ രാഷ്ട്രീയക്രമമെന്ന നിലയില്‍ ഏറ്റവും ചെലവു കൂടിയ വ്യവസ്ഥയാണ് ജനാധിപത്യം. ഉദാഹരണത്തിനു ഇന്ത്യയെ എടുക്കാം. ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വക്കിലാണല്ലോ ഇന്ത്യ ഇപ്പോള്‍. സംസ്ഥാനങ്ങളിലെ നിയമസാമാജികരും 543 ലോക്‌സഭാ മണ്ഡലങ്ങളിലെ എം.പിമാരും ഉള്‍പ്പെടെ ഏതാണ്ട് 5000-ത്തോളം നിയമസമാജികരുണ്ട്. ഇതില്‍, രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരെ ഒഴിച്ച് നിര്‍ത്തിയാല്‍ ഏറെക്കുറെ എല്ലാവരും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവരാണ്. ഓരോ ലോക്‌സഭാ മണ്ഡലത്തിലും നിയമസഭാ മണ്ഡലത്തിലും 'ദേശീയ' പാര്‍ട്ടികളുടെയും പ്രാദേശിക പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ ചുരുങ്ങിയത് അഞ്ചു സ്ഥാനാര്‍ഥികളെങ്കിലും മത്സരിക്കും. ചുരുങ്ങിയത് ഓരോരുത്തരും ഒരു കോടി രൂപയോളം ചെലവഴിക്കും. ഏറെക്കുറെ 5000 മണ്ഡലങ്ങളില്‍ 5 സ്ഥാനാര്‍ഥികള്‍ ഒരു കോടി രൂപ വീതം മാത്രം ചെലവഴിച്ചാല്‍ തന്നെ 25,000 കോടി രൂപയായി. കള്ളപ്പണത്തിന്റെ കുത്തിയൊഴുക്കു ഒഴിവാക്കിയുള്ള ഒരു സാമാന്യ കണക്കു മാത്രമാണിത്. ജനങ്ങള്‍ക്ക് ഒരു തരത്തിലുള്ള പ്രയോജനവും ചെയ്യാത്ത, ഒട്ടും ഉല്‍പാദനക്ഷമമല്ലാത്ത, പരിസരത്തെയും പരിസ്ഥിതിയെയും മലിനീകരിക്കാന്‍ വേണ്ടി മാത്രം ഉപകരിക്കുന്ന പാഴ്‌ചെലവാണിതെന്നതാണ് വസ്തുത. ഈ തുക ജനങ്ങള്‍ക്ക് എന്തെങ്കിലും സേവനം ചെയ്യാന്‍ ഉപയോഗിക്കപ്പെട്ടിരുന്നെങ്കില്‍ തെരെഞ്ഞടുപ്പിന്റെ സാഹചര്യത്തിലെങ്കിലും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അങ്ങനെ ഒരു ജനസേവന മത്സരം കാഴ്ച്ചവെച്ചിരുന്നേനെ!..
അപ്പോഴാണ് നമ്മുടെ തെരഞ്ഞെടുപ്പ് കമീഷന്റെ തിട്ടൂരം. വ്യവസ്ഥ തന്നെ എന്തെല്ലാം അഴിമതിയില്‍ മുങ്ങിക്കുളിച്ചതാണെങ്കിലും സാരമില്ല, തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടാത്ത മറ്റു ഏതൊരു സ്വഭാവത്തില്‍ ജനങ്ങളെ സ്വാധീനിച്ചാലും പ്രശ്‌നമില്ല, പക്ഷേ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രൂപത്തില്‍ ഈ പണം ഉപയോഗപ്പെടുത്തുന്നത് ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കലായിത്തീരും!. തെരഞ്ഞെടുപ്പ് നടത്തുവാന്‍ വേണ്ടി ഗവണ്‍മെന്റ് ചെലവഴിക്കുന്ന തുക ഇതിനു പുറമെയാണ്. പിന്നെ തെരഞ്ഞെടുക്കപ്പെട്ടവരെ ശമ്പളവും ബത്തയും മറ്റുമായി അഞ്ചു വര്‍ഷം തീറ്റിപ്പോറ്റുവാന്‍ വേണ്ടി ചെലവഴിക്കുന്ന തുക വേറെയും. തീര്‍ച്ചയായും നാമും നമ്മെ പോലുള്ള മൂന്നാംലോക രാജ്യങ്ങളും ഇങ്ങനെയൊരു വ്യവസ്ഥ നടത്തിക്കൊണ്ടുപോകുവാന്‍ മാത്രം ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. എന്നിട്ട് നമുക്ക് കിട്ടുന്നതോ? ഈ വ്യവസ്ഥയുടെ പെര്‍ഫോര്‍മന്‍സ് ഒന്ന് വിലയിരുത്തി നോക്കിയാലാണ്, നമ്മുടെ പര്‍ലമെന്റിന്റെയും നിയമസഭകളുടെയും പ്രവര്‍ത്തനത്തെ ഒന്ന് ഓഡിറ്റ് ചെയ്താലാണ് നാം ചെലവഴിക്കുന്ന അധ്വാനത്തിന്നും വിഭവത്തിന്നും അനുസരിച്ച ഫലം അത് നമുക്ക് നല്‍കുന്നുണ്ടോ എന്ന് കൃത്യമായും വ്യക്തമായും മനസ്സിലാക്കാന്‍ സാധിക്കുക.
ഒരു കാര്യം ഉറപ്പാണ്. തെരഞ്ഞെടുക്കപ്പെടുന്നവരുടെ യോഗ്യതകളുടെയും അറ്റെന്‍ഡെന്‍സിന്റെയും കാര്യങ്ങള്‍ അവിടെയിരിക്കട്ടെ, പാര്‍ലമെന്റിലും നിയമസഭകളിലുമുള്ള അവരുടെ അസാന്നിധ്യമായിരുന്നു നല്ലതെന്ന് തോന്നിപ്പോകും പലപ്പോഴും ബഹളത്തിലവസാനിക്കുന്ന അവരുടെ ഇടപെടലുകള്‍ കണ്ടാല്‍. കോടിക്കണക്കിന്നു രൂപ ഇന്‍വെസ്റ്റ് ചെയ്തു നൂറു രൂപ പോലും വരുമാനം കാണിക്കുവാന്‍ സാധിക്കാത്ത ഒരു കച്ചവടത്തിലാണ് നാം എര്‍പ്പെട്ടിരിക്കുന്നതെന്നു കട്ടായം. ഇത്രയധികം കാശ് പ്രചാരണത്തിന്നും തെരഞ്ഞെടുക്കപ്പെടുവാനും ആവശ്യമായി വരുന്നു എന്നതു തന്നെ ഈ സ്വഭാവത്തിലുള്ള തെരഞ്ഞടുപ്പു രീതി ജനാധിപത്യ വ്യവസ്ഥകളെ ആഗോളാടിസ്ഥാനത്തില്‍ പൊതുവെയും ഇന്ത്യയില്‍ പ്രത്യേകിച്ചും രാഷ്ട്രീയക്കാര്‍ക്ക് പണം നിക്ഷേപിച്ചു ഒരു നഷ്ടസാധ്യതയുമില്ലാതെ പണം കൊയ്യുന്ന വെറും വ്യവസായമാക്കി മാറ്റിയിരിക്കുന്നു. ഇവിടെയാണ് ജനാധിപത്യ വ്യവസ്ഥകള്‍ പൊതുവെ കോര്‍പ്പറേറ്റ് കമ്പനികളാല്‍ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയ വ്യവസ്ഥ ആയി മാറുന്ന സാഹചര്യം ഉണ്ടായതും, പാര്‍ലമെന്റും നിയമസഭകളും കുബേര ക്രിമിനലുകളുടെ സങ്കേതമായി മാറിയതും അഴിമതി ഒരു വ്യവസ്ഥയുടെ സ്വഭാവമായിത്തീര്‍ന്നതും.
ജനാധിപത്യത്തിന്നു ഒരു രാഷ്ട്രീയ മുഖമുള്ളതുപോലെ തന്നെ സാംസ്‌കാരികവും സാമൂഹികവുമായ മുഖങ്ങളുമുണ്ട്. ജനായത്തം ഒരു കൂട്ട് ചിന്താ പ്രക്രിയയിലൂടെ ആശയങ്ങളെയും നയങ്ങളെയും ഡിസ്റ്റില്‍ ചെയ്‌തെടുക്കുന്ന രീതി കൂടിയാണ്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ നിരവധി തേനീച്ചകള്‍ വിവിധങ്ങളായ പൂക്കളില്‍നിന്നും മധു നുകര്‍ന്ന് തങ്ങളുടെ കൂടുകളില്‍ കൊണ്ടുപോയി അവയില്‍നിന്നും തേന്‍ കടഞ്ഞെടെക്കുന്നതുപോലുള്ള ഒരു പ്രക്രിയയാണത്. ഒരു രീതിശാസ്ത്രം എന്ന നിലയില്‍ അത് നമ്മെ വിയോജിപ്പുകളെ എങ്ങനെയാണ് സര്‍ഗാത്മകമായി സ്വാംശീകരിക്കേണ്ടതെന്നു കൂടി പഠിപ്പിക്കുന്നു. ആ രീതിയെ ഏറ്റവും ശാസ്ത്രീയമായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് അത് എങ്ങനെയാണ് ആദരവോടു കൂടി വിയോജിക്കുവാന്‍ യോജിക്കേണ്ടതെന്ന കല കൂടിയാണ്. പക്ഷേ ജനാധിപത്യത്തിന്റെ കോവിലകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റിലും നിയമസഭകളിലും ഇങ്ങനെ തന്നെയാണോ കാര്യങ്ങള്‍ നടക്കുന്നത്? നമ്മുടെ പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാ സാമാജികരും ഈ അറുപത്തഞ്ചു വര്‍ഷത്തെ പരീക്ഷണത്തിനുശേഷവും അപവാദങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഈ തലത്തിലേക്ക് ഉയരുകയും വളരുകയും ചെയ്തിട്ടുണ്ടോ? ഒരുപക്ഷം പറയുന്നതിനെ എതിര്‍ക്കാന്‍ മാത്രമായി ചുരുങ്ങുന്ന മറുപക്ഷം! രണ്ടുപക്ഷത്തിനും സാമ്പത്തികമായി നേട്ടമുള്ളതല്ല വിഷയമെങ്കില്‍, ഒരിക്കലും ഒരു പക്ഷവും ശരിയുടെ പക്ഷത്തുണ്ടാവില്ല എന്ന് മുന്‍കൂട്ടി തീരുമാനിച്ചതുപോലെ! താന്‍ ഇഷ്ടപ്പെടാത്ത പാര്‍ട്ടികളുടെ മേല്‍ എന്ത് ഇല്ലാത്ത ആരോപണവും കെട്ടിച്ചമച്ചു വിജയം നടിക്കുവാന്‍ ശ്രമിക്കുന്ന നേതാക്കളാണ് നമുക്ക് ഏറെയും. ശ്രദ്ധയോടെ ശ്രവിച്ചും പഠിച്ചും അപഗ്രഥിച്ചും വിഷയങ്ങളെ സമീപിച്ച് യോജിക്കുവാനുള്ള പോയിന്റുകളില്‍ യോജിച്ച് വിയോജിക്കേണ്ടിടത്തു ആദരപൂര്‍വം വിയോജിക്കുന്ന ഒരു പാര്‍ലമെന്ററി സംസ്‌കാരം നമുക്ക് എന്നാണോ ഉണ്ടാവുക, അന്നേ ആ ജനാധിപത്യ സംസ്‌കാരം നമ്മുടെ ജനതയിലും പ്രതിഫലിക്കൂ. അന്നേ ജനാധിപത്യത്തിനു പാകവും പക്വവുമായ ഒരു ജനതയായി നാം മാറുകയുള്ളൂ. ഈ വിഷയത്തില്‍ തീര്‍ച്ചയായും നമുക്ക് ബ്രിട്ടീഷ് പര്‍ലമെന്റിലും അമേരിക്കന്‍ കോണ്‍ഗ്രസ്സിലും സെനറ്റിലുമൊക്കെ നല്ല മാതൃകയുണ്ട്.
ഉള്‍പാര്‍ട്ടി നിരൂപണത്തിലും വിമര്‍ശനത്തിലുമാണ് ജനാധിപത്യത്തിന്റെ ശക്തിയും കരുത്തും നിലകൊള്ളുന്നത്. അതിന്റെ നിലനില്‍പ്പാകട്ടെ സമഭാവനയിലും വിയോജിക്കുന്നവരാണെങ്കില്‍ പോലും ന്യൂനപക്ഷത്തെ ഉള്‍ക്കൊള്ളാനും ആദരിക്കാനും സാധിക്കുന്ന മനോവിശാലതയിലുമാണ്. സ്ത്രീകളും പുരുഷന്മാരും ഉള്‍ക്കൊള്ളുന്ന അണികളുടെ ശാക്തീകരണവും ഒരു ഒഴുകുന്ന നദി പോലെ നിരന്തരമായി ശുദ്ധീകരിക്കപ്പെടുന്നതിനും നവീകരിക്കപ്പെടുന്നതിനും പാര്‍ട്ടിയുടെ കീഴ്ഘടകം മുതല്‍ അധ്യക്ഷസ്ഥാനം വരെ തുല്യതയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തപ്പെടുന്ന തെരഞ്ഞെടുപ്പുമാണ് ജനായത്തത്തെ പ്രവര്‍ത്തിപ്പിക്കുകയും ചലിപ്പിക്കുകയും ചെയ്യുന്ന അതിന്റെ സോഫ്റ്റ്‌വെയര്‍. നമ്മുടെ ദേശീയവും പ്രാദേശികവുമായ നിരവധി പാര്‍ട്ടികളിലും ജനാധിപത്യം പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ഈ സോഫ്റ്റ്‌വെയര്‍ ഇനിയും ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. ഇനി ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ചില പാര്‍ട്ടികളിലാവട്ടെ, ഉദ്ദേശിക്കുന്ന ഔട്ട്പുട്ട് ലഭിക്കാന്‍ സാധിക്കാത്തത്ര വൈറസും ബാധിച്ചിരിക്കുന്നു.
ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യത്തെകുറിച്ച് പറയാതിരിക്കുന്നതാണ് ഉത്തമം. ഉപ്പിന്റെ അളവില്‍ പോലും അവര്‍ മിക്ക പാര്‍ട്ടികളിലെയും നയതീരുമാനങ്ങള്‍ എടുക്കുന്ന ബോഡികളില്‍ ഇല്ല എന്നതാണ് വസ്തുത. ഒരു ജനാധിപത്യവ്യവസ്ഥയുടെ ശക്തിസൗന്ദര്യവും വൈരൂപ്യ വൈകൃതങ്ങളും നിഴലിക്കുന്നത് ആ ജനാധിപത്യ വ്യവസ്ഥക്ക് കീഴില്‍ ജീവിക്കുന്ന സ്ഥിരമായ ന്യൂനപക്ഷങ്ങളുടെ സാമൂഹിക രാഷ്ട്രീയ അവസ്ഥകളിലാണ്. ഈ വിഷയത്തില്‍ അമേരിക്ക ബ്രിട്ടന്‍, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള നിലവിലെ പ്രധാനപ്പെട്ട എല്ലാ ജനായത്ത രാജ്യങ്ങളും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇതൊരു വിശദമായ പഠനവും വിശകലനവും അര്‍ഹിക്കുന്ന വിഷയമാണെങ്കിലും അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇന്ത്യ തുടങ്ങിയ ചില സുപ്രധാന ജനാധിപത്യ രാജ്യങ്ങളുമായി ബന്ധപ്പെട്ട കുറച്ചു നിരീക്ഷണങ്ങള്‍ മാത്രം പങ്കുവെക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ ജനാധിപത്യ രാജ്യങ്ങളെല്ലാം തന്നെ ഇതര രാജ്യങ്ങളില്‍ പോലും അവര്‍ക്കിഷ്ടമില്ലാത്ത, മതാഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തില്‍ വരുന്നതിനെ ഏതുവിധേനയും തടയുന്നുവെന്നത് തന്നെ തങ്ങളുടെ രാജ്യങ്ങളില്‍ അതേ മതവിഭാഗം വളരുന്നതിനെ എങ്ങനെയാണ് നോക്കിക്കാണുക എന്നതിന്റെ കൃത്യമായ സൂചികയാണ്. ഈ രാജ്യങ്ങളിലെല്ലാം പ്രധാന ന്യൂനപക്ഷം മുസ്‌ലിംകളാണ്. ഇന്ത്യയില്‍ അവര്‍ ജനസംഖ്യാപരമായി അമേരിക്കയിലെ കറുത്ത വര്‍ഗക്കാരേക്കാള്‍ പ്രബല ന്യൂനപക്ഷമാണ്. ഈ രാജ്യങ്ങളിലൊന്നും തന്നെ ന്യൂനപക്ഷ മുസ്‌ലിം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന, അവരുടെ സാമൂഹികവും രാഷ്ട്രീയവും തൊഴില്‍പരവുമായ ആവശ്യങ്ങളെ ദേശീയതലത്തില്‍ ചര്‍ച്ചയാക്കുന്ന, അല്ലെങ്കില്‍ അതതു രാജ്യങ്ങളിലെ ഗവണ്‍മെന്റുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതോ, ആ ഗവണ്‍മെന്റുമായി വിലപേശുന്നതോ ആയ സംഘടനകളൊന്നും തന്നെ ഇല്ല എന്ന കാര്യവും ഇവിടെ അനുസ്മരണീയമാണ്. ഉദാഹരണത്തിന്, ബ്രിട്ടനിലും ഫ്രാന്‍സിലും ജര്‍മനിയിലും എണ്ണത്തില്‍ ജൂതന്മാരേക്കാള്‍ മുസ്‌ലിംകള്‍ കൂടുതലാണെങ്കിലും ഈ മൂന്നു രാജ്യങ്ങളിലും ജൂതന്മാര്‍ക്ക് രാഷ്ട്രീയ-സാമൂഹിക-മതപരമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്നതു പോലെ എണ്ണത്തിനു പ്രാധാന്യം കൊടുക്കുന്ന ജനായത്ത വ്യവസ്ഥിതിയായിട്ടുപോലും മുസ്‌ലിംകള്‍ക്ക് സാധിക്കാതെ പോകുന്നത് അതുകൊണ്ടാണ്. സാമുദായികമായ ഐക്യം, കാര്യക്ഷമമായ സംഘടനാ സംവിധാനങ്ങള്‍, തന്ത്രപരമായ സ്ഥാനങ്ങളിലെ സമുദായത്തിന്റെ പ്രാതിനിധ്യം ഈ വിഷയങ്ങളില്‍ മുസ്‌ലിംകള്‍ ഏറെ പിന്നാക്കമായതും കൂടിയാണ് ഇതിനു കാരണം. ഈ രാജ്യങ്ങളിലെ വലിയ വിഭാഗം മുസ്‌ലിംകളും രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പിലെ ആള്‍ ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി വിഭിന്ന മുസ്‌ലിം രാജ്യങ്ങളില്‍നിന്നും കുടിയേറിയവരായതിനാല്‍, ആ വിഭാഗം വിഭിന്ന രാജ്യങ്ങളുടെ വ്യതിരിക്തത സൂക്ഷിച്ചു ഒന്നിച്ചുനില്‍ക്കാത്തത്, സുന്നി- ശീഈ ഭിന്നിപ്പ്, ദയൂബന്ദി- ബരേല്‍വി- വഹ്ഹാബി ചേരിതിരിവ് തുടങ്ങിയ ഘടകങ്ങളും രാഷ്ട്രീയമായി എകീകരിക്കുന്നതിനു അനാവശ്യ തടസ്സങ്ങളായി നിലകൊള്ളുന്നു. ഭരണകൂടങ്ങളാകട്ടെ, ഈ ഭിന്നിപ്പിനെ മറയാക്കിയും ഉപയോഗപ്പെടുത്തിയും രാഷ്ട്രീയ സാമൂഹിക തൊഴില്‍പരമായ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നു.
(തുടരും)
Comments