Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 14

തീവ്രവാദാരോപണത്തിന്റെ രാഷ്ട്രീയം

അജിത് സാഹി /പ്രഭാഷണം

         സുഹൃത്തുക്കളേ, സക്കരിയ്യയുടെ കഥ നമുക്കെല്ലാവര്‍ക്കുമറിയാം. അവനെങ്ങനെയാണ് തടവിലാക്കപ്പെട്ടതെന്ന്, എത്രമാത്രം വലിയ അനീതിയാണ് അവന്റെ ജീവിതത്തെ വിഴുങ്ങിയതെന്ന്. തീവ്രവാദിയെന്ന് വിളിച്ച് മഅ്ദനിയെ കൂട്ടിലടച്ചപോലെ അവനെയും പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയി. അഞ്ച് വര്‍ഷമായി സക്കരിയ്യ തടവിലാണ്. അവന് ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. ഇന്ത്യ കണ്ടതില്‍ വെച്ചേറ്റവും കാടത്തം നിറഞ്ഞ യു.എ.പി.എ നിയമമാണ് സക്കരിയ്യയെ ഭീകരവാദിയാക്കുന്നതിനായി പോലീസ് ഉപയോഗിച്ച മുഖ്യ ഉപകരണം. അണിയറയിലിരുന്നു കൊണ്ട് തയാറാക്കിയെടുത്ത കള്ള തെളിവുകളെയും സാക്ഷികളെയും ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള അനേകം നിരപരാധികളെ പോലീസ് ജയിലില്‍ തളച്ചിടുന്നത്. സക്കരിയ ഇരയാണ്. അധഃപതിച്ച നീതിന്യായ വ്യവസ്ഥയുടെ ഇര; അധഃപതിച്ച രാഷ്ട്രീയത്തിന്റെ ഇര.
ഞാന്‍ സക്കരിയ്യയെ രണ്ടുതവണ കണ്ടിട്ടുണ്ട്. ആദ്യം 2012 ജൂലൈയില്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച്. അവനെ കണ്ടപ്പോള്‍ ഞാനാദ്യം ആശ്ചര്യപ്പെടുകയാണുണ്ടായത്. എന്നാല്‍ അവന്റെ കേസ് പഠിച്ചപ്പോള്‍ എന്റെ ആശ്ചര്യം നമ്മുടെ നീതിന്യായ വ്യവസ്ഥകളോടുള്ള ഒരുതരം ദേഷ്യമായി പരിണമിച്ചു. രണ്ടാമതായി ഞാനവനെ കണ്ടത് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍. അന്ന് ഇന്ത്യയിലെ പ്രമുഖനായ എം.പിയും ഒരു സുപ്രീംകോടതി സീനിയര്‍ ലോയറും എന്റെ കൂടെയുണ്ടായിരുന്നു. സഹോദരാ, നിനക്ക് നീതി ലഭിക്കാനായി ഏതറ്റം വരെയും പോകുമെന്ന് ഉറപ്പു നല്‍കിയിട്ടാണ് അന്ന് ഞങ്ങള്‍ അവിടെ നിന്നിറങ്ങിയത്.
ഇന്ത്യയില്‍ ഗവണ്‍മെന്റും പോലീസും ജുഡീഷ്യറിയും രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളുമെല്ലാം 'ഭീകരവാദം' രാഷ്ട്ര സുരക്ഷ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് പറഞ്ഞുകൊണ്ടാണ് അലമുറ കൂട്ടുന്നത്. ഞാന്‍ പറയട്ടെ, അതൊരു പച്ച നുണയാണ്. ഇന്ത്യയുടെ സുരക്ഷയ്ക്ക് ഒരു ചുക്കും സംഭവിച്ചിട്ടില്ല. ഭീകരവാദം എന്നൊന്ന് ഇവിടെയുണ്ടായിരുന്നുവെങ്കില്‍ രാഷ്ട്രത്തിന്റെ അവസ്ഥ ഇതാകുമായിരുന്നില്ല. എണ്‍പതുകളില്‍ എന്തായിരുന്നു നമ്മുടെ രാജ്യത്തിന്റെ സ്ഥിതി? പഞ്ചാബ് കത്തുകയായിരുന്നില്ലേ? സാധാരണക്കാരന് ഭീതിയൊഴിഞ്ഞ ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല അന്ന്. ദൈവത്തിന് സ്തുതി. ആ ഭീകര കാലം കഴിഞ്ഞിരിക്കുന്നു. പാകിസ്താന്റെയും അഫ്ഗാനിസ്താന്റെയും കഥയെന്താണ്? ജനുവരിയില്‍ മാത്രമായി മൂന്ന് ബോംബ് സ്‌ഫോടനങ്ങളാണ് അഫ്ഗാനിസ്താനില്‍ നടന്നത്. പാകിസ്താനില്‍ കഴിഞ്ഞ ദിവസം ശീഈ സമുദായത്തിനെതിരെ ആക്രമണമുണ്ടായി. ഇവിടെ അങ്ങനെ എന്തെങ്കിലും നടക്കുന്നുണ്ടോ? ഇല്ല. പിന്നെ എന്താണ് ഇവര്‍ കൊട്ടിഘോഷിക്കുന്ന ഈ തീവ്രവാദം? ഉത്തരം ലളിതം. വ്യക്തമായ രാഷ്ട്രീയാരോപണമാണിതിന്റെ പിന്നിലുള്ളത്. ഗവണ്‍മെന്റും മാധ്യമങ്ങളും പോലീസും പിന്നെ ആര്‍.എസ്.എസ്, സംഘ്പരിവാര്‍, ബി.ജെ.പി പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ഒത്തുചേര്‍ന്ന് രാജ്യത്തെ ഹിന്ദു സമുദായത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. മുസ്‌ലിംകളെ അവര്‍ സമൂഹത്തിലെ ചെകുത്താന്മാരായി ചിത്രീകരിക്കുന്നു. ഇതേതുടര്‍ന്ന് ഹിന്ദുക്കള്‍ ബി.ജെ.പി.ക്ക് വോട്ട് ചെയ്യുമല്ലോ. തോന്നുന്നവരെയെല്ലാം ജയിലില്‍ പിടിച്ചിടുന്ന പോലീസിന്റെ അമിതാധികാരത്തെ അവര്‍ പിന്തുണക്കുകയും ചെയ്യും.
ഭീകരവാദം എന്നൊന്ന് ഇവിടെയില്ലെങ്കില്‍, മുസ്‌ലിംകള്‍ കണക്കില്ലാതെ അറസ്റ്റ് ചെയ്യപ്പെടുന്നില്ലെങ്കില്‍, മാധ്യമങ്ങള്‍ രാജ്യസുരക്ഷയെക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കുന്നില്ലെങ്കില്‍ ജനങ്ങളെല്ലാവരും സര്‍ക്കാറിനെതിരായിരിക്കും. അവര്‍ പോലീസിനെതിരെ തിരിയും. അവരുടെ അമിതാധികാരത്തെ ചോദ്യം ചെയ്യും. വ്യക്തമായ ഒരു തെളിവുപോലുമില്ലാതെ ആളുകളെ അറസ്റ്റ് ചെയ്യുന്നതിനെതിരെ പ്രതികരിക്കും. അതുകൊണ്ടുതന്നെ, ഈ തീവ്രവാദ പുകക്കു പിന്നില്‍ മുമ്പ് ബ്രിട്ടീഷുകാര്‍ പയറ്റിത്തെളിഞ്ഞ 'ഡിവൈഡ് ആന്റ് റൂള്‍' എന്ന അതേ നിഗൂഢ തന്ത്രമാണെന്ന് വ്യക്തം. നീതി നിഷേധിക്കപ്പെടുന്നത് മുസ്‌ലിംകള്‍ക്ക് മാത്രമാണ് എന്നല്ല ഞാന്‍ അര്‍ഥമാക്കുന്നത്. വര്‍ഷങ്ങളോളം ജയിലില്‍ തളച്ചിടപ്പെട്ട നിരപരാധികളായ അനേകം ഹിന്ദു സഹോദരങ്ങളെ എനിക്കറിയാം. ഹിന്ദുവോ മുസ്‌ലിമോ ദലിതനോ ആദിവാസിയോ ആരുമാകട്ടെ, ഇത്തരത്തിലുള്ള അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ നാം സംഘടിക്കണം.
വിവ: നബാ നബീല്‍ ചേന്ദമംഗല്ലൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹ/47-48
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം