Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 14

ശൈഖ് ഖറദാവിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം

ബിലാല്‍ ഇബ്‌നു അബ്ദുല്ല, അല്‍ജാമിഅ ശാന്തപുരം

ശൈഖ് ഖറദാവിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം


         ശൈഖ് യൂസുഫുല്‍ ഖറദാവിയെ കുറിച്ച് വന്ന അനുഭവ കുറിപ്പാണ് (ലക്കം 2839) ഈ കത്തിന് ആധാരം. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് യൂസുഫുല്‍ ഖറദാവി എന്നും ഊര്‍ജമാണ്. അദ്ദേഹത്തിന്റെ പ്രസ്താവനകളും രചനകളും ലോകം ഉറ്റുനോക്കുന്നവയാണ്. അതിമഹത്തായ ശുഭാപ്തി വിശ്വാസത്തിന് ഉടമയാണദ്ദേഹം. ആ ശുഭാപ്തി വിശ്വാസം അനീതിക്കെതിരെ പോരാടുന്ന പലരുടെയും ആവേശവും ത്രാണിയും ഉത്തേജിപ്പിക്കുന്നു. നിലവിലെ ഈജിപ്ഷ്യന്‍ പട്ടാള ഗവണ്‍മെന്റ് ഖത്തറിനോട് അദ്ദേഹത്തെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തില്‍ പോലും തന്റെ നിലപാട് ഉറച്ചതാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. വാര്‍ധക്യത്തിന്റെ അവശതയില്‍ പോലും അതുല്യ രചനകള്‍ ഖറദാവി ഇതിനോടകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ വേളയിലും പുതിയ രചനകളുടെ പണിപ്പുരയിലാണദ്ദേഹം എന്നത് വിസ്മയിപ്പിക്കുന്നതാണ്. ഖറദാവിയുടെ രചനകളുടെ വായനക്കാരെ സംബന്ധിച്ചേടത്തോളം അദ്ദേഹത്തിന്റെ ചിരകാലാഭിലാഷമായ ഖുര്‍ആന്‍ വ്യാഖ്യാനം തീര്‍ത്തും വേറിട്ടൊരനുഭൂതിയായിരിക്കും.
ബിലാല്‍ ഇബ്‌നു അബ്ദുല്ല, അല്‍ജാമിഅ ശാന്തപുരം

മുജാഹിദ് സമ്മേളനം ദിശാ സൂചന നല്‍കുന്നു


         അന്ധമായ വിരോധത്തിന്റെയും വിദ്വേഷത്തിന്റെയും പാത ഉപേക്ഷിച്ച് ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാകണം മുസ്‌ലിം സംഘടനകളുടെ ഭാവി അജണ്ട എന്ന സന്ദേശം അടങ്ങുന്നതാണ് എടരിക്കോട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനം. പൊതുകാര്യങ്ങളില്‍ ഭിന്നത നിലനിര്‍ത്തിക്കൊണ്ടുതന്നെ സൗഹൃദ സംവാദങ്ങള്‍ നടത്തി പരിഹാരം തേടുന്ന രീതിയാണ് ഉചിതമെന്ന സന്ദേശവും സമ്മേളനം നല്‍കുന്നുണ്ട്. വില കുറഞ്ഞ ഏറ്റുമുട്ടലില്‍ നിന്നും ഗ്രൂപ്പ് വഴക്കില്‍നിന്നും മാറി നിന്ന് പ്രബോധന രംഗത്ത് ശ്രദ്ധയൂന്നുക എന്നതാണ് ഇസ്‌ലാമിക രീതിയെന്നും ഭാവിയില്‍ അത് മാത്രമേ ഗുണം ചെയ്യൂ എന്നുമുള്ള തിരിച്ചറിവ് തന്നെയാകണം ഈ മാറ്റത്തിന് പ്രേരകം. മറ്റു കൂട്ടായ്മകളെ കൂടി ഈ വഴിക്ക് ചിന്തിപ്പിക്കുന്നതിന് ഇത് പ്രേരകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
കെ.സി ജലീല്‍ പുളിക്കല്‍

സാമിരിയുടെ പിന്‍മുറക്കാര്‍


         'സാമിരി അവരെ വഴിപിഴപ്പിച്ചു' എന്ന ഖാലിദ് മൂസാ നദ്‌വിയുടെ ലേഖനം (ലക്കം 2840) പൗരോഹിത്യത്തിനെതിരെയുള്ള തീപ്പന്തമായിരുന്നു. മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗം പൂര്‍ണമായിത്തന്നെ പൗരോഹിത്യത്തിലേക്ക് വഴിമാറിയിരിക്കുന്നു. 'തിരുകേശവും' 'പാനപാത്ര'വുമൊക്കെ പ്രദര്‍ശിപ്പിച്ച് കേവലം ഐഹിക വിഭവങ്ങള്‍ക്കു വേണ്ടി ദീനിനെ വില്‍ക്കുകയാണിവര്‍. അനുയായികളാവട്ടെ ബുദ്ധി പണയംവെച്ചത് കാരണം മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനോ ചിന്തിക്കാനോ തയാറാകുന്നുമില്ല.
ടി.ടി മുഹമ്മദ് ഷാഫി മങ്കട, തളിക്കുളം ഇസ്‌ലാമിയാ കോളേജ്

ആ പരാമര്‍ശം വസ്തുതാപരമല്ല


         ലക്കം 2839-ല്‍ പ്രസിദ്ധീകരിച്ച ശാന്തപുരം ഗുരുവര്യന്മാരുടെ ഓര്‍മപ്പുസ്തകകത്തെക്കുറിച്ച കുറിപ്പില്‍ ലേഖകന് ചെറിയ അബദ്ധം പിണഞ്ഞിട്ടുണ്ട്. ലേഖകന്‍ എഴുതുന്നു: 'എ.കെ, കെ. മൊയ്തു മൗലവി, പ്രഫ. എം.എ ശുക്കൂര്‍ സാഹിബ് ഈ മഹദ് വ്യക്തിത്വങ്ങളുടെ സാന്നിധ്യം ശാന്തപുരത്തെ എത്രമാത്രം പുഷ്‌കലമാക്കിയിരുന്നുവെന്ന് അതിന്റെ മാധുര്യം അനുഭവിച്ചവര്‍ക്കേ അറിയൂ. ആ അനുഭൂതിയുടെ ഓര്‍മകള്‍ ചേര്‍ക്കാന്‍ കഴിയാതെ പോയത് വലിയൊരു പരിമിതി തന്നെ. താല്‍ക്കാലിക അധ്യാപകനായിട്ടായിരുന്നു മൊയ്തു മൗലവിയും പ്രഫ. എം.എ ശുക്കൂര്‍ സാഹിബും അവിടെ സേവനമനുഷ്ഠിച്ചിരുന്നത് എന്ന പരാമര്‍ശവും വസ്തുതാപരമല്ല.'
യഥാര്‍ഥത്തില്‍ ഈ പുസ്തകം മറിച്ചു നോക്കിയാല്‍ ആദ്യം കാണുന്ന പേര് തന്നെ എ.കെയുടേതാണ്. എം.എ ശുക്കൂര്‍ സാഹിബിനെ കുറിച്ച വിവരങ്ങള്‍ ലഭ്യമാവാത്തതിനാല്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല എന്നാണ് ഞങ്ങള്‍ എഴുതിയിട്ടുള്ളത്. മുഖവുര വായിച്ചാല്‍ അത് ബോധ്യമാവും. കെ. മൊയ്തുമൗലവി സ്ഥിരാധ്യാപകനായിരുന്നില്ല എന്ന വിവരമാണ് പുസ്തകരചനാ സമയത്ത് കിട്ടിയ വിവരം. എന്നാല്‍ സ്ഥിരാധ്യാപകനായിരുന്നു എന്ന് പിന്നീട് ചിലരൊക്കെ പറയുകയുണ്ടായി. പക്ഷേ, കൃത്യമായ വിവരം ആരുടെയും കൈവശമില്ല. ഈ പുസ്തകത്തില്‍ ഉള്‍പ്പെട്ടവരും അല്ലാത്തവരുമായ ആളുകളെ കുറിച്ചുള്ള വിവരങ്ങളും അനുഭവങ്ങളും ഓര്‍മകളുമുള്ളവര്‍ അവ എഴുതി അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. പുതിയ പതിപ്പില്‍ അവ ഉള്‍പ്പെടുത്താമല്ലോ.
അബൂദര്‍റ് എടയൂര്‍


അരങ്ങിലെത്താന്‍ അടുക്കള ഒഴിവാക്കേണമോ


         സ്ത്രീ ശാക്തീകരണത്തിന്റെ കാലമാണിത്. അടുക്കളയില്‍ ഒതുങ്ങിക്കൂടിയ പെണ്ണ് അരങ്ങിലെ വെളിച്ചത്തില്‍ മതിമറക്കുന്ന കാലം. അരങ്ങില്‍ സജീവമാകുന്ന പെണ്ണിനോട് അടുക്കള തിരിച്ചുപിടിക്കണം എന്ന് പറയേണ്ട കാലം. അടുക്കളവാദികളെന്നും അരങ്ങുവാദികളെന്നും പെണ്ണുങ്ങളും ഇന്ന് രണ്ടായിരിക്കുന്നു.
ജനറേഷന്‍ ഗ്യാപ്പിന്റെ വ്യത്യാസത്തില്‍ ഇവര്‍ തമ്മില്‍ കണ്ടുമുട്ടുന്നിടത്തൊക്കെ കലഹമുണ്ടാവാറുണ്ട്. കാമ്പസ് ഡിബേറ്റുകളിലും ചാനല്‍ ചര്‍ച്ചകളിലും വീടകങ്ങളിലുമെല്ലാം ഇത് പൊട്ടിത്തെറിയുടെ വക്കിലാണവസാനിക്കുന്നത്.
അടുക്കളവാദികള്‍ പാവങ്ങളും വിവരവും വിദ്യാഭ്യാസവും കുറഞ്ഞവരുമാണ്. ആകെ കൈമുതലായുള്ളത് സ്‌നേഹം, വാത്സല്യം, ക്ഷമ, ഇത്തിരി അനുഭവജ്ഞാനം തുടങ്ങിയവ. ഇക്കാലത്ത് ആര്‍ക്കും വേണ്ടാത്ത കുറച്ച് സാധനങ്ങളാണ്.
അരങ്ങുവാദികള്‍ വിദ്യാ സമ്പന്നരും പരിഷ്‌കാരികളും സര്‍വോപരി തന്റേടികളുമാണ്. അവര്‍ക്ക് എല്ലാറ്റിനോടും പുഛമാണ്. വിവാഹിതരാവാനും പ്രസവിക്കാനും 'പുരുഷ വര്‍ഗ'ത്തിന് പാദസേവ നടത്താനും ഞങ്ങളെ കിട്ടില്ല എന്നാണവരുടെ വാദം. സ്ത്രീ പുരുഷ സമത്വമാണ് ബദല്‍. സഹോദരനും പിതാവും എല്ലാം പുരുഷ വര്‍ഗത്തില്‍ പെട്ടവരായതുകൊണ്ട് അവര്‍ക്ക് ഒരു ഗ്ലാസ് വെള്ളം കൊടുക്കാനോ അവരുടെ വസ്ത്രം ഇസ്തിരിയിട്ട് കൊടുക്കാനോ പാടില്ല. 'അവനെന്താ കൈയില്ലേ?' എന്നാണ് ചോദ്യം. സാമ്പത്തിക സുരക്ഷിതത്വമുണ്ടെങ്കില്‍ ഒരു സ്ത്രീക്കും പുരുഷനെ ആശ്രയിച്ച് ജീവിക്കേണ്ട ഗതികേടുണ്ടാവില്ല എന്ന് വാദിക്കുന്ന ഇവര്‍ കരിയറിനാണ് പ്രാധാന്യം നല്‍കുന്നത്.
ഇങ്ങനെ പോയാല്‍ ഇത് എവിടെ ചെന്നെത്തും എന്ന് എന്റെ മുടിയിഴകളില്‍ മറഞ്ഞു കിടക്കുന്ന നര ചോദിക്കുന്നു. തനിക്ക് നേടാനാവാത്തത് മക്കളിലൂടെ നേടിയെടുക്കണം എന്നാണല്ലോ സാധാരണ മാതാപിതാക്കള്‍ ആഗ്രഹിക്കുക. അതിന്റെ ഫലമാണ് ഇന്നത്തെ പെണ്‍കുട്ടികളുടെ എല്ലാ തലങ്ങളിലുമുള്ള വളര്‍ച്ചയുടെ രഹസ്യം. പക്ഷേ, അതൊരിക്കലും എതിര്‍ ലിംഗത്തെ ശത്രുവായി കണ്ടുകൊണ്ടാവണമെന്നോ സ്ത്രീ സഹജമായ ഗുണങ്ങളെ തിരസ്‌കരിച്ചുകൊണ്ടാവണമെന്നോ അവര്‍ ഉദ്ദേശിച്ചുകാണില്ല. ഒരു നല്ല സമൂഹത്തിന്റെ നിര്‍മിതിക്കാവശ്യമായ എല്ലാ കാര്യങ്ങളും വാരി നിറച്ചാണ് സ്രഷ്ടാവ് സ്ത്രീയെ സ്ത്രീയായും പുരുഷനെ പുരുഷനായും ഭൂമിയിലേക്കയച്ചത്. അവര്‍ പരസ്പരം പൂരകങ്ങളാവുമ്പോഴേ നല്ല കുടുംബ-സമൂഹ നിര്‍മിതി സാധ്യമാവൂ. സ്‌ത്രൈണ ഭാവങ്ങളൊക്കെയും ദൗര്‍ബല്യങ്ങളാണെന്ന് കരുതി ഒഴിവാക്കുകയും പകരം ആണത്തം എടുത്തണിയുകയും ചെയ്താല്‍ അതിനെ ജനിതക വൈകല്യം എന്ന് വിളിക്കേണ്ടിവരും.
വിദ്യാഭ്യാസം മനുഷ്യനെ എളിമയുള്ളവനാക്കുകയാണ് വേണ്ടത്. അച്ചടക്കവും അനുസരണവും വിനയവും വിട്ടുവീഴ്ചയും അറിവ് വര്‍ധിക്കുന്തോറും വളര്‍ന്നുവരേണ്ടതാണ്. സ്ത്രീയാണ് കുടുംബത്തിന്റെ നെടുംതൂണ്‍. കുടുംബാംഗങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവളെ ആശ്രയിക്കും. അവരോടൊക്കെ ഗുണകാംക്ഷയോടെ പെരുമാറാനാണ് ചെറുപ്പത്തില്‍ തന്നെ ശീലിക്കേണ്ടത്. ഭൗതിക വിദ്യാഭ്യാസം നേടിയെടുക്കുമ്പോള്‍ ധാര്‍മിക വിചാരം ചോര്‍ന്നുപോകാതെ സൂക്ഷിക്കേണ്ടതുണ്ട്. സര്‍വരാലും ആശ്രയിക്കപ്പെടുക എന്നത് അസൂയാവഹമായ, അഭിമാനകരമായ ഒരു ഗുണമാണ്.
ഈ ഭൂമിയെ സുന്ദരമാക്കി നിലനിര്‍ത്താന്‍, കലുഷിത മനസ്സുകള്‍ക്ക് ശാന്തി പകരാന്‍ കവികള്‍ പാടിപുകഴ്ത്തിയ സ്‌ത്രൈണ ഭാവങ്ങള്‍ കൊണ്ടേ സാധ്യമാകൂ. ബുദ്ധിമതികള്‍ക്ക് അടുക്കളയിലിരുന്നും അരങ്ങ് വാഴാം.
സി.എച്ച് ഫരീദ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹ/47-48
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം