Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 21

നിയമ നിര്‍മ്മാണവും ജുഡീഷ്യറിയും-3 <br>ഇജ്മാഅ് (സമവായം)

ഡോ. മുഹമ്മദ് ഹമീദുല്ല /പഠനം

         സമവായം വളരെ പ്രധാനപ്പെട്ട ഒരു നിയമ സ്രോതസ്സാണ്. പക്ഷെ പ്രവാചകന്‍ ജീവിച്ചിരിക്കുന്ന കാലത്ത് അങ്ങനെയൊരു നിയമനിര്‍ധാരണ രീതി സാധ്യമാകുമായിരുന്നില്ല. നിയമനിര്‍ധാരണത്തിന്റെ പിന്നീടുള്ള ഒരു വികാസമാണിത്. ഇനി 'സമവായം' എന്ത് എന്ന് നിര്‍വചിക്കാം. ഒരു പ്രശ്‌നം ഉയര്‍ന്നു വരികയും ഖുര്‍ആനിലും ഹദീസിലും അതിനുള്ള പരിഹാരം നിര്‍ദേശിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോള്‍, ഒരു പരിഹാരം കാണാനായി നാം സ്വയം ശ്രമിക്കും. ഇങ്ങനെ ഒരു കാലഘട്ടത്തിലെ പണ്ഡിതന്മാരെല്ലാം ഒരു പ്രശ്‌നത്തെക്കുറിച്ച് പഠിക്കുകയും അവരെല്ലാം ആ കാര്യത്തില്‍ ഒരേ തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യുകയാണെങ്കില്‍ അതാണ് സമവായം. കൂടുതല്‍ സ്വീകാര്യത കിട്ടുക ആ തീരുമാനത്തിനായിരിക്കും. നിയമനിര്‍ധാരണത്തിന്റെ ഒരു സ്രോതസ്സായി പണ്ഡിതന്മാരുടെ സമവായത്തെ കാണാന്‍ അതാണ് കാരണം.

പക്ഷെ, ഏറ്റവും ചുരുങ്ങിയത് ഹനഫീ പണ്ഡിതന്മാരുടെ അഭിപ്രായത്തിലെങ്കിലും ഈ സമവായം ഒരിക്കലും സ്ഥിരമല്ല; അത് മാറിക്കൊണ്ടിരിക്കും. ഹനഫീ പണ്ഡിതന്മാര്‍ പറയുന്നത് ഒരു പ്രശ്‌നത്തിലെ പുതിയ പണ്ഡിത സമവായം പഴയ പണ്ഡിത സമവായത്തെ റദ്ദ് ചെയ്യും എന്നാണ്. പുതിയ പ്രവാചകന്‍ പഴയ പ്രവാചകാധ്യാപനങ്ങളെ തിരുത്തുകയോ റദ്ദാക്കുകയോ ചെയ്യുന്നത് പോലെ തന്നെ. ഇതേ ന്യായം വെച്ച്, ഒരു നിയമത്തിന് മറ്റൊരു നിയമത്തിന്റെ വിധിതീര്‍പ്പിനെ തള്ളുകയും മറ്റൊരു അഭിപ്രായം മുന്നോട്ട് വെക്കുകയും ചെയ്യാം. ഇങ്ങനെ ഒരു സമവായം മറ്റൊന്നിനെ റദ്ദ് ചെയ്താല്‍ ആദ്യത്തേത് അസാധുവാകും. ഇതാണ് പ്രമുഖ ഫിഖ്ഹ് പണ്ഡിതന്‍ അബുല്‍ യാസര്‍ ബസ്ദാവിയുടെ അഭിപ്രായം. ഇമാം റാസിക്കും അതേ വീക്ഷണമാണ്. ഇങ്ങനെ ഒരു പണ്ഡിതസമവായത്തെ മറ്റൊന്നുകൊണ്ട് മറികടക്കാമെന്നത് ഇസ്‌ലാമിക നിയമത്തിന് വലിയ അനുഗ്രഹമാണ്. പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായമാണെങ്കിലും അതിനൊരിക്കലും ഒരു പ്രവാചകവചനത്തിന്റെ സ്ഥാനമോ ഗുണവിശേഷങ്ങളോ ഉണ്ടാവുകയില്ല. അപ്പോഴും അത് മനുഷ്യരുടെ ഒരു അഭിപ്രായം മാത്രമാണ്. അത് എക്കാലവും പിന്തുടരാന്‍ നാം ബാധ്യസ്ഥരല്ല. ഒരാള്‍ നിര്‍ധാരണം ചെയ്‌തെടുത്ത നിയമത്തെ മറ്റൊരാള്‍ക്ക് മാറ്റാം; പകരം മറ്റൊന്നുകൊണ്ടുവരാം. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് അത്തരം മാറ്റങ്ങള്‍ വേണ്ടിവരും. ഒരു ഇജ്മാഇനെ-കൂട്ടായ പണ്ഡിതാഭിപ്രായത്തെ-ചോദ്യം ചെയ്യുക എന്നത് പ്രയാസകരം തന്നെയാണ്. അതിന് അസാമാന്യധീരതയും ആവശ്യമാണ്. പക്ഷെ, ഇമാം അല്‍ ബസ്ദാവി വികസിപ്പിച്ചെടുത്ത തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കെങ്കിലുമൊക്കെ പണ്ടേക്കും പണ്ടേ സ്ഥിരപ്പെട്ടുപോയ അത്തരം ഇജ്മാഉകളെ ചോദ്യം ചെയ്യേണ്ടതായി വരും. സമകാലിക പണ്ഡിതന്മാര്‍ പുതിയ കാഴ്ചപ്പാടുകള്‍ വികസിപ്പിച്ചെടുക്കട്ടെ. അപ്പോള്‍ പഴയ സമവായങ്ങള്‍ താനേ അപ്രത്യക്ഷമായിക്കൊള്ളും.

ജുഡീഷ്യറി ഇസ്‌ലാമിന് മുമ്പ്

നിയമനിര്‍മ്മാണത്തെക്കുറിച്ചാണ് നാം പറഞ്ഞുവന്നത്. അതേ വിഷയത്തിന്റെ മറ്റൊരു വശമായ ജുഡീഷ്യറി സംവിധാനത്തെക്കുറിച്ചും നാമിവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. പ്രവാചകന്റെ കാലത്തെ ജുഡീഷ്യറിയെ പരിചയപ്പെടുത്തുന്നതിന് മുമ്പ്, അജ്ഞാന (ജാഹിലിയ്യ) കാലത്ത്, അഥവാ പ്രവാചകന്റെ ആഗമനത്തിന് മുമ്പ് അറേബ്യയില്‍ നിലനിന്നിരുന്ന രീതി എന്തായിരുന്നു എന്ന് നോക്കാം. അത് കൂടി അറിഞ്ഞിരുന്നാലേ, പ്രവാചകന്‍ കൊണ്ട് വന്ന വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ എന്തായിരുന്നുവെന്നും അത് എങ്ങനെയാണ് മൊത്തം അറേബ്യയെ തന്നെ പരിവര്‍ത്തിപ്പിച്ചതെന്നും മനസ്സിലാവുകയുള്ളൂ. അജ്ഞാന (ജാഹിലിയ്യ) കാലത്ത് ഗ്രാമീണ അറബി ഗോത്രങ്ങള്‍ക്ക് ഒരു ഭരണാധികാരിയോ ഭരണകൂടമോ നീതിന്യായ സംവിധാനമോ ഉണ്ടായിരുന്നില്ല. അതിനാല്‍, തന്നോട് ആരെങ്കിലും അന്യായം ചെയ്താല്‍ അതിനെതിരെ നീതി തേടിപ്പോകാന്‍ ഒരിടവും ഉണ്ടായിരുന്നില്ല. അതിക്രമം ഏല്‍ക്കേണ്ടിവന്ന ആള്‍ക്ക് ശക്തിയുണ്ടെങ്കില്‍ അയാള്‍ക്ക് സ്വന്തം നിലക്ക് പ്രതികാരം ചെയ്യാമെന്ന് മാത്രം. ശത്രു ദുര്‍ബലനെങ്കില്‍ പ്രതികാരം ചെയ്യല്‍ എളുപ്പമാവും. ശത്രു ശക്തനാണെങ്കില്‍ അതിക്രമത്തിനിരയായ ദുര്‍ബലന് നീതികിട്ടാന്‍ സാധ്യതയൊന്നും അവശേഷിക്കുകയുമില്ല.

അതേ സമയം നേരിയ പ്രതീക്ഷക്ക് വകയുള്ള ചില അവസരങ്ങളും ഉണ്ടാകാറുണ്ട്. തര്‍ക്കം തീര്‍ക്കാന്‍ മൂന്നാമതൊരു കക്ഷി മധ്യസ്ഥനായി ഇടപെടുമ്പോഴാണത്. പ്രശ്‌നത്തിലെ ശക്തനായ കക്ഷിയും ഈ മധ്യസ്ഥനെ അംഗീകരിക്കണമെന്ന് മാത്രം. അത്തരം സന്ദര്‍ഭങ്ങളില്‍ ഈ മൂന്നാം കക്ഷിക്ക് ഒരു നീതിന്യായ  ഉദ്യോഗസ്ഥന്റെ പരിവേഷം കൈവരാറുണ്ട്. അത് പോലുള്ള സംഭവങ്ങള്‍ ജാഹിലീ കാലത്ത് ഉണ്ടായിരുന്നു. അക്കാലത്ത് ത്വാഇഫിനടുത്തുള്ള ഉക്കാളില്‍ ഒരു ചന്ത നടക്കാറുണ്ട്. വിദേശികളും അതില്‍ പങ്കെടുക്കും. രണ്ടോ മൂന്നോ ദിവസം നീളുന്ന ചന്തയില്‍ അവിടെ നടക്കുന്ന കച്ചവട ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി താല്‍ക്കാലിക ഉദ്യോഗസ്ഥരെ നിയമിക്കുന്ന പതിവുണ്ടായിരുന്നു. ആ ഓഫീസര്‍മാര്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിവുണ്ടാകും. അന്യായം ബോധിപ്പിക്കാനുള്ളവര്‍ ആ ചന്ത നടക്കുന്ന ദിവസങ്ങള്‍ പ്രതീക്ഷിച്ചിരിക്കാറുണ്ടായിരുന്നു. കൂരാകൂരിരുട്ടിലെ ചില പ്രകാശബിന്ദുക്കളാണ് ഇവയെല്ലാം.

എന്നാല്‍ മക്കയെ സംബന്ധിച്ചിടത്തോളം, അവിടത്തെ പൗരന്മാര്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മൂന്ന് സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് സിവില്‍ കോടതിയായിരുന്നു. അതിന്റെ ചുമതലക്കാരന്‍ അബൂബക്ര്‍ സിദ്ദീഖ്. രണ്ടാമത്തേത്, ക്രിമിനല്‍ കോടതി. മൂന്നാമത്തെ സ്ഥാപനത്തിന്റെ പേര് ഹില്‍ഫുല്‍ ഫുളൂല്‍ എന്നായിരുന്നു. ഇതിനെ ധീരോദാത്ത സംഘം (Order of Chivalry) എന്ന് വിശേഷിപ്പിക്കാം. അന്യനാടുകളില്‍ നിന്ന് വരുന്നവരോട് മക്കക്കാര്‍ മാന്യമായി പെരുമാറുന്നില്ല എന്നൊരു ശ്രുതി പരന്നിട്ടുണ്ടായിരുന്നു. അത് മക്കയുടെ സല്‍പേരിന് കളങ്കം ചാര്‍ത്തി. അബൂജഹ്‌ലിന്റെ പെരുമാറ്റത്തെക്കുറിച്ച് ഒരാള്‍ കവിത രചിക്കുക പോലുമുണ്ടായി. മക്കയെക്കുറിച്ചും അതില്‍ പരാമര്‍ശമുണ്ടായിരുന്നു. അബൂജഹ്ല്‍ അത് വകവെച്ചില്ലെങ്കിലും മക്കാനിവാസികള്‍ക്ക് അത് വളരെയധികം മനോവേദനയുണ്ടാക്കി. അവര്‍ ഒരിടത്ത് ഒരുമിച്ചുകൂടി ഒരു പ്രതിജ്ഞയെടുത്തു. അനീതിക്കിരയാവുന്നവന്‍ നാട്ടുകാരനോ വിദേശിയോ ആരാണെങ്കിലും അയാള്‍ക്ക് നീതി ലഭിക്കുന്നത് വരെ തങ്ങള്‍ അടങ്ങിയിരിക്കില്ല എന്നായിരുന്നു ആ പ്രതിജ്ഞ. മദീനയില്‍ ഇങ്ങനെയുള്ള സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഓരോരുത്തനും അവനവന്റെ കാര്യം നോക്കിക്കൊള്ളണം.

ജൂഡീഷ്യറി ഇസ്‌ലാമില്‍

പ്രവാചകന്‍   മദീനയിലെത്തി ലോകചരിത്രത്തിലെ തന്നെ ആദ്യത്തെ ലിഖിത ഭരണഘടനക്ക് രൂപം നല്‍കിയപ്പോള്‍ ഒരു നഗരരാഷ്ട്രം ജന്മംകൊണ്ടു. ആ ഭരണഘടനയിലെ ഒരു പരാമര്‍ശം അതിവിപ്ലവകരമായിരുന്നു. നീതി വ്യക്തിയുടെ ചുമതലയല്ല,രാഷ്ട്രത്തിന്റെ ചുമതലയാണ് എന്നായിരുന്നു ആ പരാമര്‍ശം. ഒരാള്‍ മറ്റൊരാള്‍ക്കെതിരെ അതിക്രമം നടത്തിയാല്‍ അതിക്രമത്തിനിരയായവന്‍ നേരിട്ട് ചെന്ന് പ്രതികാരം ചെയ്യുകയല്ല വേണ്ടത്. അയാള്‍ കേന്ദ്ര നീതിന്യായ അതോറിറ്റിയെ സമീപിക്കണം. അതിന്റെ തലപ്പത്തിരിക്കുന്ന പൂര്‍ണ്ണ നിഷ്പക്ഷനായ ന്യായാധിപന്‍ ഇരു കക്ഷികളുടെയും വാദമുഖങ്ങള്‍ കേട്ട് ആരെയും പേടിക്കാതെയും ആര്‍ക്കും ആനുകൂല്യം നല്‍കാതെയും നീതിനിഷ്ഠമായ ഒരു വിധി പ്രസ്താവിക്കും. വേറെയും ഉപാധികളുണ്ടായിരുന്നു ആ നീതിന്യായ വ്യവസ്ഥയില്‍. കുറ്റവാളി ആരാണെങ്കിലും- സ്വന്തം മകനാണെങ്കില്‍ പോലും-അവനെ പിന്തുണക്കാനുള്ള അനുവാദം ലഭിക്കുകയില്ല. മകന്‍ ഒരാളെ കൊന്നാല്‍ ആ മകനെ പിതാവ് സംരക്ഷിക്കാന്‍ പാടില്ല. ഇവിടെ നീതി ദൈവികമായ ഒരാശയമായി നടപ്പാക്കപ്പെടുകയാണ്. രക്തബന്ധുക്കള്‍ ഒരു കാരണവശാലും ക്രിമിനലായ ഒരു ബന്ധുവിനെ സംരക്ഷിക്കാന്‍ ശ്രമിക്കരുതെന്ന് ആ നീതിന്യായ വ്യവസ്ഥക്ക് നിര്‍ബന്ധമുണ്ട്.

വിപ്ലവകരമായ ഒരു നീതിന്യായ വികാസം തന്നെയാണ് മദീനയില്‍ സംഭവിച്ചത്. നീതി വ്യക്തിബാധ്യത എന്ന നിലയില്‍ നിന്ന് രാഷ്ട്രത്തിന്റെ/സമൂഹത്തിന്റെ കൂട്ടുബാധ്യത എന്ന തലത്തിലേക്ക് നീങ്ങി. ഇതിന് ശേഷം മറ്റു രണ്ട് സ്ഥാപനങ്ങള്‍ കൂടി മദീനയില്‍ ഉയര്‍ന്നുവരികയും അത് രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അതില്‍ ഒന്നാമത്തെ സ്ഥാപനമാണ് 'മുഫ്തി', രണ്ടാമത്തേത് 'ഖാദി'യും. പുതിയ പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുമ്പോള്‍ അവ പഠിച്ച് അത് സംബന്ധമായി ഇസ്‌ലാമിക വിശദീകരണങ്ങള്‍ നല്‍കുന്ന ആളാണ് മുഫ്തി. അദ്ദേഹം അഭിപ്രായങ്ങള്‍ പറയുകയും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും മാത്രമേ ചെയ്യൂ. നിയമം നടപ്പാക്കല്‍ അദ്ദേഹത്തിന്റെ ചുമതലയല്ല. ഖാദി/ന്യായാധിപന്‍ എന്ന പദവി വഹിച്ചവര്‍ പ്രവാചകന്റെ കാലത്ത് നിരവധിയുണ്ടായിരുന്നു. പക്ഷെ മദീനയില്‍ അക്കാലത്ത് സ്ഥിരം ഖാദിമാര്‍ ഉണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അവരെക്കുറിച്ച് നമുക്കറിഞ്ഞുകൂടാ. ഒരു പ്രത്യേക കേസില്‍ ഇരുകക്ഷികളുടെയും വാദമുഖങ്ങള്‍ കേട്ട് വിധിതീര്‍പ്പ് നടത്താന്‍ പ്രവാചകന്‍ പലരെയും നിയോഗിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം. പ്രവാചകന്‍ നിയോഗിച്ചതാണെങ്കിലും ആ ഖാദി നടത്തുന്ന വിധിതീര്‍പ്പ് അയാളുടേത് മാത്രമായിരിക്കും.

ഒരു ചെറിയ സംഭവം ഈ സന്ദര്‍ഭത്തില്‍ പരാമര്‍ശിക്കേണ്ടതാണെന്ന് തോന്നുന്നു. സംഭവം ചെറുതാണെങ്കിലും അതിന് പിന്നീട് വലിയ പ്രാധാന്യം കൈവരികയുണ്ടായി. പ്രവാചകശിഷ്യനായ അംറുബ്‌നുല്‍ ആസ്വ് അപാര ധിഷണയുടെ ഉടമയായിരുന്നു; നിയമകാര്യങ്ങളില്‍ വിദഗ്ധനുമായിരുന്നു. പ്രവാചകന്‍ അദ്ദേഹത്തെ ഒരു കേസ് കേട്ട് വിധിപറയാനായി നിയോഗിച്ചു. ''എന്തടിസ്ഥാനത്തിലാണ് വിധിക്കുക''? അംറ് ചോദിച്ചു. പ്രവാചകന് ചോദ്യം മനസ്സിലായി. അവിടുന്ന് ഇങ്ങനെ പ്രതികരിച്ചു. ''നീതിക്ക് വേണ്ടിയുള്ള അന്വേഷണത്തില്‍ താങ്കള്‍ തികച്ചും ന്യായവും ശരിയുമായ തീരുമാനത്തിലാണ് എത്തിയതെങ്കില്‍ അത് ഇരട്ട അനുഗ്രഹവും പുണ്യവുമാണ്. ഇനി ഏറ്റവും ന്യായമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ലെന്ന് കരുതുക. പക്ഷെ ഏറ്റവും ഉചിതമായ തീരുമാനത്തില്‍ എത്തുക എന്ന സദുദ്ദേശ്യം താങ്കള്‍ക്കുണ്ടായിരുന്നു. അപ്പോഴും നീതി ചെയ്യാന്‍ ആഗ്രഹിച്ചുഎന്നതിന്റെ പേരില്‍ താങ്കള്‍ ഒരു തവണ അനുഗ്രഹിക്കപ്പെടും.''

ന്യായാധിപന്മാരുടെ അഭിപ്രായഭിന്നതകള്‍

ന്യായാധിപന്മാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാവുക സ്വാഭാവികമാണ്. പ്രവാചകന്റെ കാലത്തും അതുണ്ടായിരുന്നു; പിന്നീട് ഭിന്നതകള്‍ വര്‍ധിച്ച് വന്നു. ഇത്തരം ഭിന്നതകള്‍ രൂക്ഷമായപ്പോഴാണ് ഇമാം അബൂഹനീഫ ഇസ്‌ലാമിക നിയമങ്ങള്‍ ക്രോഡീകരിക്കുന്നതിന് വേണ്ടി നാല്‍പത് അംഗങ്ങളുള്ള ഒരു അക്കാദമി രൂപവത്കരിച്ചത്. 'രിസാലത്തുന്‍ ഫിസ്സഹാബ' എന്നപേരില്‍ ഇബ്‌നുല്‍ മുഖഫ്ഫഅ്, അബ്ബാസീ ഖലീഫ മന്‍സ്വൂറിന് എഴുതിയ ഒരു കത്തുണ്ട്. അതിലദ്ദേഹം അഭിപ്രായഭിന്നതകള്‍ വര്‍ധിച്ച് വരുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. ന്യായാധിപന്മാര്‍ക്ക് ഇത് വലിയ തലവേദനയാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. അതായത് ഒരേ പ്രശ്‌നത്തില്‍ ഭിന്ന വിരുദ്ധമായ രണ്ട് വിധികള്‍ വരിക. ഒരു കേസില്‍ ജഡ്ജി ഒരാള്‍ക്ക് വധശിക്ഷ വിധിക്കുന്നു, അതേ കേസില്‍ മറ്റൊരു ജഡ്ജി അയാളെ  വെറുതെ വിടുന്നു. ഒരു ജഡ്ജി ത്വലാഖ് നടന്നെന്ന് പറയുന്നു, മറ്റേ ജഡ്ജി ത്വലാഖ് നടന്നിട്ടില്ലെന്നും. പൗരന്മാരുടെ ജീവനും അഭിമാനത്തിനും സുരക്ഷയില്ലാത്ത അവസ്ഥ. ഏതാണ് സത്യം എന്നറിയാതെ ജനം നട്ടം തിരിയുകയും ചെയ്യുന്നു. ഇബ്‌നുല്‍ മുഖഫ്ഫഅ് ഇതിനൊരു പരിഹാരം നിര്‍ദേശിക്കുകയാണ്: അതായത്, ജഡ്ജിമാര്‍ തങ്ങളുടെ ബുദ്ധിയും യുക്തിയും പ്രയോഗിച്ച് എത്തിച്ചേര്‍ന്ന വിധിതീര്‍പ്പുകളുടെ കോപ്പികള്‍ അവരാദ്യം ഖലീഫ മന്‍സ്വൂറിന് സമര്‍പ്പിക്കണം. മന്‍സ്വൂര്‍ ഓരോന്നും പരിശോധിച്ച് ഉചിതമല്ലാത്ത വിധിതീര്‍പ്പുകള്‍ വെട്ടിക്കളയണം. ഇങ്ങനെയൊരു തീരുമാനം ഖലീഫ എടുത്താല്‍ ജുഡീഷ്യറിയെ അഭിപ്രായഭിന്നതയില്‍ നിന്ന് കരകയറ്റാം. ജഡ്ജിമാര്‍ സ്വന്തമായി തീരുമാനത്തിലെത്തുന്നതിന് പകരം ഖലീഫയുടെ തീരുമാനത്തിനായി കാത്തിരിക്കും. ഇബ്‌നുല്‍ മുഖഫ്ഫഇന്റെ ഈ നിര്‍ദേശം ഖലീഫ മന്‍സ്വൂര്‍ തള്ളിക്കളയുകയാണുണ്ടായത്.

പ്രവാചകന്റെ കാലം മുതല്‍ക്ക് തന്നെ ജുഡീഷ്യറിയും നിയമനിര്‍മാണവും സ്വതന്ത്രമായിരുന്നു ഇസ്‌ലാമില്‍. ഗവണ്‍മെന്റിന്റെയോ രാഷ്ട്രീയക്കാരുടെയോ കീഴിലായിരുന്നില്ല നിയമസംവിധാനം. ഇബ്‌നുല്‍ മുഖഫ്ഫഇന്റെ നിര്‍ദേശം ഖലീഫ മന്‍സ്വൂര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ഗവണ്‍മെന്റ് ഉത്തരവുകള്‍ക്കൊത്ത് നീങ്ങുന്ന ഒന്നായി അത് മാറിയേനെ. ഖലീഫമാര്‍ നല്ലവരും മോശപ്പെട്ടവരുമൊക്കെ ഉണ്ടാകുമല്ലോ. ഇബ്‌നുല്‍ മുഖഫ്ഫഇന്റെ നിര്‍ദേശമനുസരിച്ചാണ് കാര്യങ്ങളെങ്കില്‍, ഭരണാധികാരി മാറുന്നതിനനുസരിച്ച് നിയമങ്ങളും മാറിമറിയുമല്ലോ. ഒരു ഖലീഫയുടെ വിധിയെ മറ്റൊരു ഖലീഫ തിരുത്തുകയും ചെയ്യും. എന്നാല്‍ ഇസ്‌ലാമിക നിയമം അത്തരം ഭരണകൂട ഇടപെടലുകളില്‍ നിന്ന് സുരക്ഷിതമായത് കൊണ്ട്, തുല്യ പദവിയുള്ള ജഡ്ജിമാര്‍ക്ക് സ്വന്തമായി ഒരു നിഗമനത്തിലെത്താനും പരസ്പരം വിമര്‍ശിക്കാനും സ്വാതന്ത്ര്യം ലഭിക്കുന്നു. ഇത്തരം ക്രിയാത്മക വിമര്‍ശനങ്ങള്‍ ഇസ്‌ലാമിക നിയമത്തിന്റെ വികാസക്ഷമത വര്‍ധിപ്പിക്കുകയാണ് ചെയ്യുക.  

(അവസാനിച്ചു)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/49-52
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം