Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 21

ജീവിത പരീക്ഷണങ്ങളെ എങ്ങനെ നേരിടാം?

ഇബ്‌റാഹീം ശംനാട് /തര്‍ബിയത്ത്

         സമുദ്രത്തിലെ നിലക്കാത്ത ആരവങ്ങള്‍ പോലെ നാമെല്ലാവരും തീക്ഷ്ണമായ പരീക്ഷണങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ജീവിതത്തോട് തന്നെ പലപ്പോഴും വിരക്തി തോന്നിപ്പിക്കുന്നവിധം ഒന്നിന് പിറകെ മറ്റൊന്നായി വരുന്ന ഘോരമായ പരീക്ഷണങ്ങള്‍! എന്തിനാണിത്രയും കഠിനമായ പരീക്ഷണങ്ങള്‍ നേരിടുന്നതെന്ന് സ്വയം ആലോചിച്ച് പോവാറുളള നിമിഷങ്ങള്‍! ഉന്നത വിജയത്തിന്റെ സോപാനത്തില്‍ വിഹരിക്കുന്നവര്‍ പോലും ദൈവികമായ പരീക്ഷണങ്ങളില്‍ നിന്നും മുക്തരല്ല എന്നതാണ് യാഥാര്‍ഥ്യം. ഒരുപക്ഷേ പരീക്ഷണങ്ങളുടെ രൂപഭാവങ്ങളില്‍ വ്യത്യാസം ഉണ്ടാവാം എന്നുമാത്രം. ഉള്ളവന് ഉള്ളത് കൊണ്ട് പരീക്ഷണം. ഇല്ലാത്തവന് ഇല്ലാത്തത് കൊണ്ടും. അങ്ങനെ തരാതരം മനുഷ്യരെ പോലെ തരാതരം പരീക്ഷണങ്ങളും നാം ഇവിടെ നേരിടേണ്ടി വരുന്നു.
മനുഷ്യരില്‍ ദൈവത്തോട് ഏറ്റവും കൂടുതല്‍ അടുത്തവര്‍ പ്രവാചകന്മാരാണ്. അവരില്‍ സര്‍വ മതക്കാരാലും അംഗീകരിക്കപ്പെട്ട പ്രവാചകനായിരുന്നു ഇബ്‌റാഹീം നബി. ആ പ്രവാചകന്‍ പോലും അഗ്‌നി പരീക്ഷണം, ദേശ ത്യാഗം, പുത്രബലി തുടങ്ങിയ നിരവധി കടുത്ത പരീക്ഷണങ്ങളെ നേരിട്ടു (2:124). അപ്പോള്‍ നാം നേരിടുന്ന പരീക്ഷണങ്ങള്‍ക്ക് കേവലം പുല്‍കൊടിയുടെ വിലമാത്രം. ഈ പരീക്ഷണങ്ങളെ വിജയകരമായി തരണം ചെയ്യുന്നവര്‍ ഇഹത്തിലും പരത്തിലും വിജയിക്കും. അത്‌കൊണ്ട് ജീവിതത്തില്‍ നാം നേരിടുന്ന പരീക്ഷണത്തില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. ഒരു സ്വാഭാവിക പ്രക്രിയയുടെ പരിണതി മാത്രം. ഉദ്യാനപാലകന്‍ ചെടികള്‍ മുറിച്ച് വെടിപ്പാക്കിവെക്കുന്നത് പോലെയുള്ള അവസ്ഥയാണിതെന്ന സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ നിരീക്ഷണം എ്രത അന്വര്‍ഥം.
ഏതെല്ലാം രൂപത്തിലായിരിക്കും നമുക്ക് പരീക്ഷണങ്ങള്‍ എന്നത് സംബന്ധിച്ച് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ''ഭയം, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക''(2:155). ഇതേ ആശയം ഖുര്‍ആനില്‍ മറ്റൊരു സ്ഥലത്ത് ഇങ്ങനെ: ''നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാണ്. അല്ലാഹുവിങ്കലത്രെ അതിമഹത്തായ പ്രതിഫലം'' (64:15).
നബി(സ) പറഞ്ഞു: ''ഒരു സത്യവിശ്വാസി സ്വന്തത്താലും സന്താനത്താലും സമ്പത്തിനാലും പരീക്ഷിക്കപ്പെട്ട് കൊണ്ടിരിക്കും; ഒരു പാപവുമില്ലാതെ അല്ലാഹുവിനെ കണ്ടുമുട്ടുന്നതു വരെ.''
വിഖ്യാത പണ്ഡിതന്‍ ഇബ്‌നുല്‍ ഖയ്യിം പറഞ്ഞു: ''ഒരു അടിമക്ക് ഏല്‍ക്കേണ്ടി വരുന്ന പരീക്ഷണങ്ങള്‍ നാല് വിധം: സ്വന്തത്തിലോ, സമ്പത്തിലോ, അഭിമാനത്തിലോ, അവന്‍ ഇഷ്ടപ്പെടുന്ന കുടുംബത്തിലോ ആയിരിക്കുമത്.''
നാം നേരിടുന്ന ഏത് പരീക്ഷണവും ഒന്നുകില്‍ ആപത്തുകളോ കഷ്ടപ്പാടുകളോ ആയിരിക്കും. അല്ലെങ്കില്‍ സുഖസൗകര്യങ്ങള്‍ നല്‍കി കൊണ്ടായിരിക്കും പരീക്ഷിക്കുന്നത്. സത്യവിശ്വാസികള്‍ ഈ രണ്ടവസ്ഥകളും തങ്ങള്‍ക്ക് ഗുണകരമായ രൂപത്തില്‍ പ്രയോജനപ്പെടുത്തുകയാണ് ചെയ്യുക.
നബി(സ) പറഞ്ഞു: ''സത്യവിശ്വാസിയുടെ കാര്യം അത്ഭുതകരം തന്നെ. അവന്റെ കാര്യമെല്ലാം അവന് ഗുണകരമായിത്തീരുന്നു. ഇത് സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ലഭ്യമല്ല. തന്റെ അവസ്ഥ സന്തോഷകരമാണെങ്കില്‍ അവന്‍ നന്ദി കാണിക്കുന്നു; അതവന് ഗുണകരമാവുന്നു. ഇനി ദുരിതാവസ്ഥ ബാധിച്ചാലോ, അവന്‍ ക്ഷമ കൈകൊള്ളുന്നു. അതും അവന് ഗുണകരം തന്നെ.'' ഏത് കാര്യത്തിലാണോ നമ്മുടെ ദൗര്‍ബല്യം പ്രകടമാവുന്നത് അതിലായിരിക്കും ഒരുപക്ഷേ നാം ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുക.

രണ്ട് തരം പരീക്ഷണങ്ങള്‍
         അതിക്രമകാരികളായ പൈശാചിക ശക്തികളില്‍ നിന്ന് സത്യവിശ്വാസികള്‍ നേരിടാറുള്ള പരീക്ഷണമാണ് ഒന്ന്. എക്കാലത്തെയും ഏകാധിപതികളില്‍ നിന്ന് ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകര്‍ തുല്യതയില്ലാത്ത പരീക്ഷണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കും. ''വിശ്വാസികളെയും വിശ്വാസിനികളെയും ദ്രോഹിക്കുകയും എന്നിട്ടതില്‍ പശ്ചാത്തപിക്കാതിരിക്കുകയും ചെയ്യുന്നവരുണ്ടല്ലോ, അവര്‍ക്കുള്ളതാകുന്നു നരകയാതന. അവര്‍ക്കുള്ളതാകുന്നു കരിച്ച് കളയുന്ന ശിക്ഷ'' (ഖുര്‍ആന്‍ 85:10).
അപകടങ്ങള്‍, ഗുരുതരമായ രോഗങ്ങള്‍, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടല്‍, സാമ്പത്തിക നഷ്ടം തുടങ്ങിയവ നിത്യജീവിതത്തിലെ വ്യക്തിഗത പരീക്ഷണങ്ങളാണ്. ഇതാണ് രണ്ടാമത്തെ ഇനം. ''വിശ്വാസികളേ, നിങ്ങള്‍ ജീവധനാദികളാല്‍ പരീക്ഷിക്കപ്പെടുക തന്നെ ചെയ്യും. വേദവിശ്വാസികളില്‍നിന്നും ബഹുദൈവാരാധകരില്‍ നിന്നും അനേകം ദ്രോഹകരമായ വര്‍ത്തമാനങ്ങള്‍ നിങ്ങള്‍ കേള്‍ക്കുകയും ചെയ്യും. ഈ അവസരങ്ങളിലെല്ലാം നിങ്ങള്‍ സഹനത്തിന്റെയും ദൈവഭക്തിയുടെയും പാതയില്‍ ഉറച്ച് നില്‍ക്കുന്നുവെങ്കില്‍ അത് ഇഛാശക്തിയുള്ള തീരുമാനമത്രെ'' (ഖുര്‍ആന്‍ 3:186).

പരീക്ഷണങ്ങള്‍ എന്ത്‌കൊണ്ട്?
* നല്ലതാര്, തിയ്യതാര് എന്ന് തിരിച്ചറിയാനുള്ള ദൈവികമായ ഉരക്കല്ലാണ് പരീക്ഷണങ്ങള്‍ (അല്‍മുല്‍ക് 2). മറ്റൊരു സ്ഥലത്ത് ഇതേ ആശയം ഇങ്ങനെ കാണാം: സത്യവിശ്വാസികളെ അവര്‍ ഇന്നുള്ള അവസ്ഥയില്‍ നിലകൊള്ളാന്‍ അല്ലാഹു അനുവദിക്കുകയില്ല; നല്ലതില്‍നിന്ന് തിയ്യതിനെ വേര്‍തിരിച്ചെടുത്തല്ലാതെ (3:179).
പരീക്ഷണങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ നല്ലവരും തീയവരും തമ്മിലും, വ്യാജരും സത്യസന്ധരും തമ്മിലും യാതൊരു വ്യത്യാസവുമില്ലാതെയാകും. ഈമാന്‍ അവകാശപ്പെടുന്ന എല്ലാവരെയും അംഗീകരിക്കേണ്ടിവരികയും, വ്യാജന്മാരെയെല്ലാം വിശ്വസിക്കേണ്ടിവരികയുമായിരിക്കും അതിന്റെ ഫലം.
* ഇസ്‌ലാമിക ശരീഅത്തിന്റെ പ്രയോഗവല്‍കരണത്തിന് അനിവാര്യമാണ് പരീക്ഷണങ്ങള്‍. കടുത്ത പരീക്ഷണങ്ങളെ വിജയകരമായി തരണം ചെയ്ത ഇബ്‌റാഹീം നബിയെ ലോക നേതൃത്വത്തിലേക്ക് ഉയര്‍ത്തിയതായി വിശുദ്ധ ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നു. ആ സൗഭാഗ്യം അത് അര്‍ഹിക്കുന്നവര്‍ക്കല്ലാതെ അല്ലാഹു നല്‍കുകയില്ല. സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്കും ശുദ്ധീകരണ പ്രക്രിയകള്‍ക്കും ശേഷമല്ലാതെ ആ ദൗത്യ നിര്‍വഹണം അല്ലാഹു ഒരാളെ ചുമതലപ്പെടുത്തുന്ന പ്രശ്‌നമില്ല.
ഇമാം ശാഫിഈയോട് ഒരാള്‍ ചോദിച്ചു: ''ഒരാള്‍ക്ക് അധികാരം ലഭിക്കുന്നതാണോ നല്ലത്, അതല്ല പരീക്ഷണത്തിന് വിധേയമാക്കപ്പെടുന്നതോ?''
ഇമാം ശാഫിഈ: ''പരീക്ഷിക്കപ്പെടുന്നത് വരെ അധികാരം ലഭിക്കുകയില്ല. പ്രവാചകന്മാരായ നൂഹ്, ഇബ്‌റാഹീം, മൂസ, ഈസാ, മുഹമ്മദ് തുടങ്ങി എല്ലാവരെയും അല്ലാഹു പരീക്ഷിച്ചിട്ടുണ്ട്. അവരെല്ലാം ക്ഷമിച്ചപ്പോള്‍ അല്ലാഹു അവര്‍ക്ക് അധികാരം നല്‍കി. പരീക്ഷണങ്ങളുടെ നെരിപ്പോടില്‍ നിന്ന് അവരാരും രക്ഷപ്പെട്ടിരുന്നില്ല.''
* ഇസ്‌ലാമിക സമൂഹത്തെ കപടവിശ്വാസികളില്‍ നിന്നും കള്ളവാദികളില്‍നിന്നും സംസ്‌കരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും വേണ്ടി അല്ലാഹു പരീക്ഷിച്ചേക്കും. ഭദ്രമായ ഈമാനികാടിത്തറയുള്ള ഇസ്‌ലാമിക വ്യക്തിത്വങ്ങള്‍ക്കല്ലാതെ അതിനെ അതിജീവിക്കുക സാധ്യമല്ല. കപടവിശ്വാസികളും കള്ളവാദികളും പരീക്ഷണത്തിന്റെ മരുച്ചൂടില്‍ പരാജയപ്പെട്ടുപോവും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
''ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് മാത്രം അവര്‍ വിട്ടയക്കപ്പെടുമെന്നും പരീക്ഷണ വിധേയരാവുകയില്ലെന്നും ജനങ്ങള്‍ ധരിച്ച് വെച്ചിരിക്കുകയാണോ? എന്നാല്‍ അവര്‍ക്ക് മുമ്പ് കഴിഞ്ഞ് പോയ സകല ജനങ്ങളെയും നാം പരീക്ഷിട്ടുണ്ട്. സത്യവാന്മാരാരെന്നും വ്യാജന്മാരാരെന്നും അല്ലാഹുവിന് തീര്‍ച്ചയായും കണ്ടറിയേണ്ടതുണ്ട്'' (29:2-3).
''നിങ്ങളില്‍ നിന്നുള്ള കര്‍മഭടന്മാരെയും ക്ഷമാശീലരെയും അറിയുന്നതിന്‌വേണ്ടി നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. അത് വഴി നിങ്ങളുടെ അവസ്ഥകള്‍ പരിശോധിക്കുന്നതിനും'' (47:31).
ഭൂമിയിലെ മനുഷ്യ ജീവിതം ദുഷ്‌ക്കരമാക്കാനും അവനെ ശിക്ഷിക്കാനും വേണ്ടിയുള്ള ദൈവത്തിന്റെ ചാട്ടവാറല്ല നാം നേരിടുന്ന പരീക്ഷണങ്ങള്‍. അവന്റെ അവസ്ഥകള്‍ അറിയാനുള്ള ഒരു ടെസ്റ്റ് ഡോസ്. ക്ഷമിക്കുന്നവനാണോ നിരാശപ്പെടുന്നവനാണോ എന്ന് തിരിച്ചറിയാനുള്ള രംഗവേദിയാണ് അത്. ഇങ്ങനെ സോദ്ദേശ്യം നിരവധി ലക്ഷ്യങ്ങളോടെയാണ് നാം പരീക്ഷിക്കപ്പെടുക. അതിനെ സധീരം നേരിടുകയാണ് വേണ്ടത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/49-52
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം