Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 21

പാഴാകുന്ന വോട്ട് ബാങ്ക്

         നാടെങ്ങും രാഷ്ട്രീയ ചര്‍ച്ചകളും ഇലക്ഷന്‍ കാമ്പയിനും ചൂടുപിടിച്ചിരിക്കുകയാണ്. വിലക്കയറ്റം, ദാരിദ്ര്യം, അഴിമതി, തൊഴിലില്ലായ്മ, വഷളായിവരുന്ന ക്രമസമാധാനനില, വര്‍ഗീയത ഇങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങളില്‍ നട്ടം തിരിയുകയാണ് ജനം. അഞ്ചു വര്‍ഷം മുമ്പ് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഈ പ്രശ്‌നങ്ങളെ എങ്ങനെ സമീപിച്ചു, എന്തു നേടി, എന്തു നഷ്ടപ്പെട്ടു, ഭാവി സര്‍ക്കാറില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ത്, ആ പ്രതീക്ഷ സഫലമാക്കാന്‍ യോഗ്യമായ മുന്നണിയേത്, പാര്‍ട്ടിയേത്, സ്ഥാനാര്‍ഥിയാര് തുടങ്ങിയ നിരവധി കാര്യങ്ങളുണ്ട് പോളിംഗ് സ്റ്റേഷനിലേക്ക് നീങ്ങുന്നതിന് മുമ്പ് സമ്മതിദായകന് ചിന്തിക്കാന്‍. പക്ഷേ, ഇത്തരം പ്രശ്‌നങ്ങളൊന്നും കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നതാണ് വാസ്തവം. മുന്നണികളില്‍ നിന്ന് പാര്‍ട്ടികളുടെയും പാര്‍ട്ടികളില്‍ നിന്ന് നേതാക്കളുടെയും കൂറുമാറ്റവും പുതിയ മുന്നണികളുടെ ജനന മരണങ്ങളും പ്രധാനമന്ത്രിസ്ഥാനാര്‍ഥികളുമൊക്കെയാണ് പൊതു ചര്‍ച്ചയിലെ മുഖ്യ വിഷയങ്ങള്‍. അഴിമതി എന്ന ജനജീവിതവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമെങ്കിലും ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാണിക്കുന്നത് നവജാത ആം ആദ്മി പാര്‍ട്ടിയാണ്. ഇന്ത്യന്‍ രാഷ്ട്രീയം ജനങ്ങളില്‍ നിന്നും അവരുടെ ജീവിത പ്രശ്‌നങ്ങളില്‍ നിന്നും അകന്നുകൊണ്ടിരിക്കുന്നതിന്റെ ലക്ഷണമാണിത്. ജനപ്രതിനിധിസഭകള്‍ മൂലധന ഉടമകളും മറ്റു നിക്ഷിപ്ത താല്‍പര്യക്കാരും കൈയടക്കാന്‍ ഇത് അവസരമൊരുക്കുന്നു.
നീറുന്ന പ്രശ്‌നങ്ങള്‍ ഏറെ അഭിമുഖീകരിക്കുന്നവരാണ് ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിം സമുദായം. മറ്റു പൊതു പ്രശ്‌നങ്ങള്‍ക്ക് പുറമെ വിവേചനം, അരക്ഷിതത്വം, സാംസ്‌കാരിക വ്യക്തിത്വത്തിനെതിരെ ഉയരുന്ന വെല്ലുവിളി, ഭീകരവിരുദ്ധ നടപടികളുടെ പേരിലരങ്ങേറുന്ന കൊടിയ പീഡനങ്ങള്‍ തുടങ്ങി അനേകം യാതനകള്‍ അനുഭവിച്ചുവരികയാണവര്‍. ജനസംഖ്യയുടെ 15 ശതമാനം വരുന്ന ഈ സമുദായം യഥാര്‍ഥത്തില്‍, അനേകം ജാതി-മത-ഉപജാതി വിഭാഗങ്ങളുടെ സമുഛയമായ ജനാധിപത്യ ഭാരതത്തില്‍ എന്നും പ്രബലമായ ഒറ്റ സമുദായമാണ്. അവരുടെ വോട്ട് ബാങ്ക് ലക്ഷ്യബോധത്തോടെ ആസൂത്രിതമായി ഉപയോഗിച്ചിരുന്നുവെങ്കില്‍ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ വലിയൊരളവോളം ഇതിനകം പരിഹരിക്കപ്പെടുമായിരുന്നു. രാജ്യത്തിന്റെ മൊത്തം രാഷ്ട്രീയ വ്യവസ്ഥയിലും അത് ഗണ്യമായ സ്വാധീനം ചെലുത്തുമായിരുന്നു. ഒരുമിച്ചുനിന്നാല്‍ ഒരു പാര്‍ട്ടിക്കും അവരെ അവഗണിച്ചു മുന്നോട്ടുപോകാനാവില്ല. ഈ യാഥാര്‍ഥ്യത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കാന്‍ സമുദായ നേതൃത്വം തയാറാകുന്നില്ല. ഒരു വശത്ത് മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് നിയമനിര്‍മാണസഭകളില്‍ അവരുടെ പ്രാതിനിധ്യം അടിക്കടി കുറഞ്ഞുവരുന്ന ദുരവസ്ഥയാണുള്ളത്.
മറ്റു കാര്യങ്ങളിലെന്ന പോലെ രാഷ്ട്രീയ പ്രബുദ്ധതയിലും മുസ്‌ലിം സാമാന്യ ജനം പിന്നാക്കമാണ്. നേതാക്കളും പണ്ഡിതന്മാരും പറയുന്നതിനനുസരിച്ച് നിര്‍വഹിക്കുന്ന ഒരു സേവനമാണ് സമ്മതിദാനം. അതിന്റെ ശക്തിയും സാധ്യതകളും അവര്‍ മനസ്സിലാക്കുന്നില്ല. എന്നാല്‍, നേതാക്കളും പണ്ഡിതന്മാരും രാഷ്ട്രീയ ബോധമുള്ളവരാണ്. പക്ഷേ, രാഷ്ട്രീയ ശക്തിയെ സമുദായത്തിന്റെ നീറുന്ന പ്രശ്‌നങ്ങളുടെ പരിഹാരാര്‍ഥം സമാഹരിച്ച് ഉപയോഗപ്പെടുത്താന്‍ അവര്‍ ശ്രമിക്കാറില്ല. ഓരോ നേതാവിനും അവരവരുടെ കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളുമാണുള്ളത്. അതുതന്നെയാണ് മൊത്തം സമുദായത്തിന്റെ ഉത്തമ താല്‍പര്യങ്ങളെന്ന് അവര്‍ ശഠിക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ അവരവര്‍ക്ക് ബോധിച്ച മുന്നണിയുടെയോ പാര്‍ട്ടിയുടെയോ ഏജന്റുമാരായി വര്‍ത്തിക്കുകയും ചെയ്യുന്നു. ഇലക്ഷന്‍ കാലങ്ങളില്‍ മുസ്‌ലിം സംഘടനകളും നേതാക്കളും, മുസ്‌ലിം രാഷ്ട്രീയത്തെക്കുറിച്ച് സെമിനാറുകളും സിംബോസിയങ്ങളും മുറക്ക് സംഘടിപ്പിക്കാറുണ്ട്. സമുദായത്തിന് ഉറച്ച രാഷ്ട്രീയ നിലപാടുകള്‍ വേണം, വോട്ട് വിനിയോഗത്തില്‍ ഐക്യപ്പെടണം എന്നൊക്കെ എല്ലാവരും പറയും. അതിനൊന്നും മൂര്‍ത്ത രൂപം ഉരുത്തിരിഞ്ഞുവരാറില്ല. സമുദായത്തിന് കൃത്യമായ തീരുമാനവും ദിശാബോധവും ലഭിക്കാറുമില്ല. മിക്ക മത സംഘടനകളും സാമുദായിക രാഷ്ട്രീയ പാര്‍ട്ടികളും വ്യത്യസ്തമായ മുന്നണികളുടെയും പാര്‍ട്ടികളുടെയും ആശ്രിതരാണ്. മുസ്‌ലിം വോട്ട് ബാങ്കിന്റെ ഈ ശിഥിലീകരണം മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് ഏറെ സന്തോഷകരമാണ്. തങ്ങളെ പിന്തുണച്ചവര്‍ക്ക് നൊട്ടിനുണയാന്‍ എന്തെങ്കിലും ആനുകൂല്യം നല്‍കണമെന്നല്ലാതെ മുസ്‌ലിം സമുദായത്തോട് ഒരു പ്രതിബദ്ധതയും അവര്‍ക്കുണ്ടാകേണ്ടതില്ല. മുസ്‌ലിം സമൂഹത്തിന് ഏകീകൃത നേതൃത്വമോ രാഷ്ട്രീയ നിലപാടോ ഇല്ലെന്ന് മുഖ്യധാരാ കക്ഷികള്‍ മനസ്സിലാക്കിയിരിക്കുന്നു. വ്യത്യസ്ത ഏജന്റുമാരിലൂടെ സമാഹരിക്കപ്പെടുന്ന വോട്ട് വിഹിതത്തിന്റെ പേരില്‍ സമുദായത്തിന് ഒന്നും പകരം നല്‍കേണ്ടതില്ല.
മുസ്‌ലിം വോട്ടുകള്‍ ഏറെയൊന്നും തങ്ങള്‍ക്ക് ലഭിക്കാറില്ലെന്ന് ബി.ജെ.പിക്കറിയാം. കോണ്‍ഗ്രസ് ഉള്‍പ്പെടെ മതേതരമെന്നവകാശപ്പെടുന്ന കക്ഷികള്‍ കരുതുന്നത് മുസ്‌ലിംകള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു എന്നത്രെ. തങ്ങള്‍ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ പിന്നെ ആര്‍ക്കാണവര്‍ വോട്ട് ചെയ്യുക? അങ്ങനെ നിര്‍ബന്ധിതമായി നല്‍കുന്ന വോട്ടുകള്‍ക്ക് എന്തിനു പ്രത്യുപകാരം ചെയ്യണം? ഒരു കക്ഷിയും ഈ സമുദായത്തിന്റെ സുഹൃത്തുക്കളല്ല. ഏറെക്കുറെ എല്ലാവരും ചൂഷകരാണ്. ചൂഷകരില്‍നിന്ന് ചൂഷിതര്‍ക്കു കിട്ടേണ്ടതു മാത്രമേ അവരില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് കിട്ടുന്നുള്ളൂ. ജനസംഖ്യാ ബലം പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിയില്‍ നിര്‍ണായകമായ പങ്കുവഹിക്കാന്‍ പര്യാപ്തമായ ഒരു സമൂഹത്തിന്റെ ഈ ശോചനീയാവസ്ഥക്ക് കാരണം രാഷ്ട്രീയമായ അവബോധത്തിന്റെയും ശരിയായ നേതൃത്വത്തിന്റെയും ഐകമത്യത്തിന്റെയും അഭാവമാണെന്നതില്‍ രണ്ടഭിപ്രായമുണ്ടാവാനിടയില്ല. സമുദായം രാഷ്ട്രീയമായി ഒന്നിച്ചു നില്‍ക്കാന്‍ തയാറാകുന്നുവെങ്കില്‍ ആശ്രയത്തിനു വേണ്ടി ഇതര പാര്‍ട്ടികളുടെ പിമ്പേ നടക്കേണ്ട കാര്യമില്ല. പാര്‍ട്ടികള്‍ അവരുടെ പിന്നാലെ നടക്കുന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. സ്വതന്ത്ര ഭാരതം പിന്നിട്ട ആറര പതിറ്റാണ്ട് മുസ്‌ലിം സമുദായത്തിന് ഈ പാഠം പഠിക്കാന്‍ മതിയായ കാലയളവാണ്. പക്ഷേ, സമുദായം ഇപ്പോഴും പഴയ പാതയില്‍ തന്നെയാണ് നടക്കുന്നത്. ഇനിയും എന്നാണ് ഈ സമുദായം മാറി ചിന്തിക്കുക?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/49-52
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം