സ്വത്വരാഷ്ട്രീയം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നിലപാട്
''സാമുദായികതക്കു പകരം സ്വത്വ രാഷ്ട്രീയം സജീവമായ സാഹചര്യമാണ് ഇന്നുള്ളത്. രണ്ടും മുസ്‌ലിം സ്വത്വ പ്രതിസന്ധിക്കുള്ള മതേതര പരിഹാരങ്ങളാണ്. എല്ലാ വിഷയങ്ങളെയും സ്വത്വരാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കണ്ട് അതിലൂടെ തന്നെ അവ പരിഹരിച്ചുകളയാമെന്ന് വിചാരിക്കുന്നവരുണ്ട്. നിര്‍ഭാഗ്യവശാല്‍ അഭ്യസ്തവിദ്യരായ, ഉത്തരാധുനിക ആശയലോകത്തെയും യുക്തിയെയും പരിചയപ്പെട്ട കേരളത്തിലെ മുസ്‌ലിം ചെറുപ്പക്കാരില്‍ ചിലരെങ്കിലും അറിഞ്ഞോ അറിയാതെയോ ഈ ചിന്താഗതിക്കടിപ്പെട്ടവരാണ്. ദലിത് സ്വത്വവാദത്തെ മുഴത്തിനു മുഴമായി അനുകരിച്ച് മുസ്‌ലിം സ്വത്വവാദത്തെ സ്ഥാപിച്ചെടുക്കുകയാണവര്‍. മുസ്‌ലിം ആനുകാലികങ്ങളില്‍ ഇത്തരം ആശയങ്ങള്‍ വന്‍തോതില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയില്ലെങ്കിലും സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയയില്‍ ഇത് വളരെ സജീവമാണ്. ഇസ്‌ലാമിക ഭൂമികയില്‍ നിന്നുള്ള വിലയിരുത്തലുകളും നിരൂപണങ്ങളും അസാധ്യമാക്കുന്നു ഇത്. ഇത്തരം ചര്‍ച്ചകളില്‍ കെട്ടുപിണഞ്ഞ് കിടക്കുകയും ഇസ്‌ലാം മുന്നോട്ടുവെക്കുന്ന, സ്ത്രീയെയും പുരുഷനെയും സവര്‍ണനെയും അവര്‍ണനെയും മേലാളനെയും കീഴാളനെയും മനുഷ്യനാക്കുന്ന, എല്ലാവിധ കോയ്മകളെയും വിധേയത്വത്തെയും നിരാകരിക്കുന്ന ആദര്‍ശപ്രചോദിതമായ വ്യക്തികളുടെയും സമൂഹത്തിന്റെയും പുനഃസൃഷ്ടിയെന്ന ദൗത്യം വിസ്മരിച്ചുപോവുകയും ചെയ്യുന്ന ഒരു സാഹചര്യം ഇന്ന് കേരളത്തില്‍ നിലവിലുണ്ട്'' (ഒരു പ്രഭാഷണത്തില്‍ നിന്ന്). ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഇതിനോടുള്ള നിലപാടെന്ത്?
സ്വത്വം എല്ലാ അടിച്ചമര്‍ത്തലുകളെയും അതിജീവിക്കുന്ന ഒരു സുസ്ഥിര യാഥാര്‍ഥ്യമാണ്. അതിനെ പൂര്‍ണമായി അവഗണിച്ചുള്ള ഒരു പ്രത്യയശാസ്ത്രവത്കരണവും വിജയിക്കുകയില്ല. സോവിയറ്റ് യൂനിയന്റെയും കമ്യൂണിസത്തിന്റെയും സമീപകാലാനുഭവങ്ങള്‍ തന്നെ മതിയായ ഉദാഹരണം. മധ്യേഷ്യന്‍ മുസ്‌ലിം റിപ്പബ്ലിക്കുകളെയും പൂര്‍വ യൂറോപ്യന്‍ ക്രിസ്ത്യന്‍ റിപ്പബ്ലിക്കുകളെയും അവയുടെ സ്വത്വത്തെ തീര്‍ത്തും തേച്ചുമായ്ച്ചുകളഞ്ഞ് കമ്യൂണിസ്റ്റ് മുഖ്യധാരയില്‍ ലയിപ്പിക്കാന്‍ ലെനിനും സ്റ്റാലിനും പിന്‍ഗാമികളും നടത്തിയ ആസൂത്രിതവും നിരന്തരവുമായ യത്‌നം അമ്പേ പരാജയപ്പെട്ടതാണല്ലോ തൊണ്ണൂറുകളുടെ തുടക്കത്തില്‍ സോവിയറ്റ് യൂനിയന്റെ തിരോധാനത്തോടെ അനാവരണം ചെയ്യപ്പെട്ടത്. ആദ്യം ലിത്വാനിയ, ലാത്‌വിയ, എസ്‌തോനിയ എന്നീ യൂറോപ്യന്‍ ക്രിസ്ത്യന്‍ റിപ്പബ്ലിക്കുകള്‍ സ്വാതന്ത്ര്യം പ്രാപിച്ചു; തുടര്‍ന്ന് ജോര്‍ജിയയും. പതിറ്റാണ്ടുകള്‍ നീണ്ട നാസ്തിക, നിര്‍മത മാര്‍ക്‌സിസ്റ്റ് സാംസ്‌കാരികാധിനിവേശത്തിന് സ്വന്തം തനിമയിലുള്ള അവയുടെ വിശ്വാസമോ പ്രതിബദ്ധതയോ ഇല്ലാതാക്കാനായില്ല. തുടര്‍ന്ന് ഉസ്‌ബെകിസ്താന്‍, താജികിസ്താന്‍, കസാഖിസ്താന്‍, അസര്‍ബൈജാന്‍ തുടങ്ങിയ മുസ്‌ലിം റിപ്പബ്ലിക്കുകളും പൂര്‍വ സംസ്‌കൃതിയിലേക്ക് തിരിച്ചുപോയി. ഇപ്പോള്‍ യുക്രൈനില്‍ നടക്കുന്ന റഷ്യന്‍ വിരുദ്ധ പ്രക്ഷോഭത്തിലും സ്വത്വപരമായ ഘടകങ്ങളാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കാണാം. ഭൗതികമായ ശാക്തീകരണത്തിനും വികസനത്തിനും അപ്പുറത്താണ് ജനതകളുടെ സ്വത്വബോധം. ഇസ്‌ലാം ഈ സ്വത്വബോധത്തെ ഒരു പരിധിവരെ അംഗീകരിച്ചതായി കാണാം. ഗോത്രപരമോ പ്രാദേശികമോ വംശീയമോ ആയ ഐഡന്റിറ്റിയെ നിശ്ശേഷം തകര്‍ത്ത് ഇസ്‌ലാമിക സാഹോദര്യത്തിന്റെ ചരടില്‍ മുഴുവന്‍ മുസ്‌ലിംകളെയും കോര്‍ത്തിണക്കാന്‍ വിഫലശ്രമം നടത്തിയതല്ല ഇസ്‌ലാമിന്റെ ഇതഃപര്യന്തമുള്ള ചരിത്രം. പ്രകൃതിപരവും നൈസര്‍ഗികവുമായ സവിശേഷതകളെ യാഥാര്‍ഥ്യങ്ങളായി അംഗീകരിച്ചുകൊണ്ട് അതിനപ്പുറമുള്ള വിശാല സാഹോദര്യത്തെയും ആദര്‍ശപരമായ കെട്ടുറപ്പിനെയും എല്ലാ സ്വത്വങ്ങളെയും മാനിക്കാനുള്ള സന്മനസ്സിനെയുമാണ് ഇസ്‌ലാം പ്രോത്സാഹിപ്പിച്ചതും വളര്‍ത്തിയതും.
നിരവധി മതങ്ങളും അനേകായിരം ജാതികളും ഉപജാതികളും ഗോത്ര വര്‍ഗങ്ങളും ഭാഷകളും വിശ്വാസപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളും നിലനില്‍ക്കുന്ന ഇന്ത്യയെ ശക്തവും ഭദ്രവും സുരക്ഷിതവുമായി നിലനിര്‍ത്താന്‍ ഇവയൊക്കെ തച്ചുടച്ച് ഏകശിലാമുഖമായ സവര്‍ണ സംസ്‌കാരത്തില്‍ വാര്‍ത്തെടുക്കണമെന്ന ശാഠ്യമാണ് ഫാഷിസം. തീര്‍ച്ചയായും അത് ഒരിക്കല്‍ ഉപഭൂഖണ്ഡത്തെ പിളര്‍ത്തിയപോലെ ഇനിയും ശിഥിലമാക്കും. ഹിന്ദുത്വത്തിന്റെ പേരില്‍ സ്ഥാപിക്കാന്‍ ശ്രമം നടക്കുന്ന ബ്രാഹ്മണ്യത്തെ ചെറുക്കേണ്ടത് വിവിധ സാംസ്‌കാരിക സ്വത്വങ്ങളുടെ മാത്രമല്ല, രാജ്യത്തിന്റെ ഏകത ആഗ്രഹിക്കുന്ന എല്ലാവരുടെയും ബാധ്യതയാണ്. ആ നിലക്ക് മുസ്‌ലിം, ക്രിസ്ത്യന്‍, ദലിത്, പിന്നാക്ക ജാതി കൂട്ടായ്മക്ക് പ്രസക്തിയും പ്രാധാന്യവുമുണ്ട്. പക്ഷേ, അപ്പോഴും ഒരു വംശീയ ന്യൂനപക്ഷമല്ല മുസ്‌ലിംകള്‍ എന്ന സത്യം ബാക്കി നില്‍ക്കുന്നു. അത് സത്യത്തിലേക്ക് മനുഷ്യരെ മുഴുവന്‍ ക്ഷണിക്കാനും നന്മ സംസ്ഥാപിക്കാനും തിന്മ തടയാനുമുള്ള ദൈവിക ദൗത്യം നിറവേറ്റാന്‍ ചുമതലപ്പെട്ട ആദര്‍ശ സമൂഹമാണ്. മൗലികമായ ഈ ദൗത്യം മറക്കാനോ അവഗണിക്കാനോ തടസ്സപ്പെടാനോ നിമിത്തമാവുന്ന ഒരു സ്വത്വവിചാരവും ന്യായീകരിക്കപ്പെടാവതല്ല. സംഘ്പരിവാര്‍ പ്രതിനിധീകരിക്കുന്ന തീവ്ര ഹിന്ദുത്വത്തെ ചെറുത്തുതോല്‍പിക്കാന്‍ തല്‍പരരായ എല്ലാവരോടുമൊത്ത് ശ്രമിക്കുന്നതോടൊപ്പം ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളുമടങ്ങിയ ഹൈന്ദവ സമൂഹത്തെ സത്യത്തിന്റെ സംബോധിതരും പ്രബോധിതരും അതിനാല്‍ തന്നെ ഗുണാകാംക്ഷാപരമായ ഇടപെടലുകള്‍ക്ക് അര്‍ഹരുമായി കാണുന്നതാണ് ശരി. ഏറ്റവും കടുത്ത വംശീയ പക്ഷപാതിയും ന്യൂനപക്ഷ ധ്വംസകനുമായ ഫറോവയെ പോലും ഗുണകാംക്ഷയോടെ സമീപിച്ച് സൗമ്യമായി സത്യത്തിലേക്ക് ക്ഷണിക്കാനായിരുന്നല്ലോ പ്രവാചകരായ മൂസാക്കും ഹാറൂന്നും അല്ലാഹു നല്‍കിയ കല്‍പന. ഇസ്രാഈല്യരെ വംശീയമായി ഇല്ലായ്മ ചെയ്യാനുള്ള ഫറോവമാരുടെ പരിപാടികള്‍ പ്രഥമ പരിഗണന നേടിയില്ല. ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം ഈ സത്യം അംഗീകരിച്ചുകൊണ്ടാണ് അതിന്റെ നയ പരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. പ്രസ്ഥാന പ്രവര്‍ത്തകരും ബന്ധുക്കളും ഏത് സംവാദങ്ങളില്‍ പങ്കെടുക്കുമ്പോഴും അടിസ്ഥാന നയം മറന്നുകളയരുത്.
ടി. അബ്ദുര്‍റഹ്മാന്‍ ഫറോക്ക്
അമൃതാനന്ദമയിക്കെതിരായ പ്രചാരണത്തിനു പിന്നില്‍ ഗൂഢാലോചന?
മാതാ അമൃതാനന്ദമയിക്കെതിരെ പത്രങ്ങളും സി.പി.എം സെക്രട്ടറി പിണറായി വിജയനും നടത്തുന്ന പ്രചാരണങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍. താനൂര്‍ മാതാ അമൃതാനന്ദമയി മഠം ഭക്തര്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മഠത്തില്‍ നിന്ന് പോയ ശേഷം 14 വര്‍ഷത്തിനു ശേഷം പുസ്തകമെഴുതുന്നതും രണ്ട് വര്‍ഷത്തിനു ശേഷം അത് പ്രസിദ്ധീകരിക്കുന്നതും വിചിത്രമാണ്. മാധ്യമം പത്രവും മീഡിയാ വണ്‍ ചാനലും പ്രചാരണം ഏറ്റെടുക്കുന്നത് ഗൂഢ ഉദ്ദേശ്യത്തോടു കൂടിയാണ്. ഹിന്ദു സംസ്‌കാരത്തെയും ആശ്രമ പ്രവര്‍ത്തനങ്ങളെയും ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്- ശശികല പറഞ്ഞു (മാധ്യമം 26-2-2014). പ്രതികരണം?
ഇങ്ങനെയൊരു ഗൂഢാലോചനാ സിദ്ധാന്തവുമായി സംഘ്പരിവാര്‍ വക്താക്കള്‍ ഇറങ്ങിത്തിരിച്ചതിന്റെ പിന്നിലാണ് യഥാര്‍ഥ ഗൂഢാലോചന സംശയിക്കേണ്ടത്. കാരണം ഹിന്ദുമതത്തിലോ സനാതന ധര്‍മത്തിലോ വള്ളിക്കാവ് മഠത്തിലെ അമ്മാവതാരത്തെപ്പറ്റി എന്തെങ്കിലും സൂചനയുള്ളതായി ആധികാരിക ഹൈന്ദവാചാര്യന്മാരിലോ സന്യാസി ശ്രേഷ്ഠന്മാരിലോ പെട്ട ആരും ചൂണ്ടിക്കാട്ടുന്നില്ല. രണ്ടാമതായി, മഠത്തിലോ ആശ്രമത്തിലോ അവയുടെ ആഭിമുഖ്യത്തിലോ നടക്കുന്ന ആധ്യാത്മിക പരിപാടികള്‍ക്കെതിരെ 'വിശുദ്ധ നരകം' എഴുതിയ, അമൃതാനന്ദമയി ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്‍ ഒന്നും എഴുതുകയോ പറയുകയോ ചെയ്തിട്ടില്ല. ഏറ്റവും ഒടുവില്‍ കൈരളി പീപ്പ്ള്‍ ടി.വിക്ക് നല്‍കിയ മുഖാമുഖത്തിലും അവര്‍ ഹിന്ദു ധര്‍മത്തെ മോശമായി പരാമര്‍ശിച്ചിട്ടില്ല. പ്രത്യുത, ആത്മീയ സായൂജ്യം തേടി അമൃതാശ്രമത്തിലെത്തിയ തനിക്ക് രണ്ട് പതിറ്റാണ്ട് കാലത്ത് നേരിടേണ്ടിവന്ന പീഡനങ്ങളും കാണേണ്ടിവന്ന അത്യാചാരങ്ങളും തുറന്നു പറയുക മാത്രമാണവര്‍ ചെയ്തത്. ഇത്രയും കാലം അത് തുറന്നു പറയാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനും അവര്‍ കൃത്യമായി മറുപടി നല്‍കിയിട്ടുണ്ട്. ഗെയ്‌ലിന്റെ വെളിപ്പെടുത്തല്‍ അപ്പടി ശരിവെക്കുകയല്ല, അത് സര്‍ക്കാറിന്റെയും സമൂഹത്തിന്റെയും മുമ്പില്‍ കൊണ്ടുവന്ന് അന്വേഷണം ആവശ്യപ്പെടുക മാത്രമാണ് ചാനലുകളും മറ്റു മാധ്യമങ്ങളും ചെയ്യുന്നത്. മഠം അധികൃതരും സംഘ്പരിവാറും അവകാശപ്പെടുന്നതുപോലെ അവിഹിതമോ ആക്ഷേപാര്‍ഹമോ ആയ ഒന്നും നടക്കുന്നില്ലെങ്കില്‍ പിന്നെ അമ്മയും ഭക്തരും അന്വേഷണത്തെ ഭയക്കുന്നതെന്തിന്? എല്ലാം തുറന്ന പുസ്തകമാണെങ്കില്‍ അത് വായിക്കാന്‍ അവസരം നിഷേധിക്കുന്നതെന്തിന്?
ഇത്തരം ആള്‍ദൈവങ്ങളുടെയും വ്യാജ സിദ്ധന്മാരുടെയും അന്തഃപുരങ്ങളിലും അവരെ ചുറ്റിപ്പറ്റിയും നടക്കുന്ന സാമ്പത്തിക, ലൈംഗിക ചൂഷണങ്ങളെപ്പറ്റി ജനങ്ങള്‍ക്ക് ബോധ്യം വരാന്‍ തുടങ്ങിയതിലെ അങ്കലാപ്പാണ് സത്യത്തില്‍ ചൂഷകരെ അരിശം കൊള്ളിക്കുന്നത്. സന്തോഷ് മാധവനെതിരെ കേസ്സെടുത്തപ്പോള്‍ വ്രണപ്പെടാത്ത ഹൈന്ദവ വികാരം, അമൃതാനന്ദമയിക്കെതിരെ അന്വേഷണം ആവശ്യപ്പെടുമ്പോഴേക്ക് കത്തിജ്വലിക്കാന്‍ ന്യായമില്ല. സംഘ്പരിവാറിന്റെയും സമാന മനസ്‌കരുടെയും പ്രതിരോധത്തിന്റെ രഹസ്യം ആര്‍ക്കും നിഷ്പ്രയാസം പിടികിട്ടും. പ്രശ്‌നത്തെ വര്‍ഗീയവത്കരിക്കുന്നത് ഇവരുടെ ഗൂഢാലോചനയുടെ ഭാഗമാണ്. 'മമ്മുട്ടി ചെയര്‍മാനായ കൈരളിയും മുനീറിന്റെ ഇന്ത്യാ വിഷനും ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമവും മീഡിയാ വണ്ണുമാണ് അമൃതാനന്ദമയി മഠത്തിനെതിരില്‍ പ്രചാരണം നടത്തുന്നത്' എന്ന കേരള ഹൈക്കോടതിയിലെ ഒരു മുതിര്‍ന്ന അഭിഭാഷകന്റെ വാക്കുകള്‍ വര്‍ഗീയതയുടെ കാളകൂടമാണ്. എല്ലാറ്റിന്റെ പിന്നിലും ഒരു മുസ്‌ലിം ഫാക്ടര്‍ കണ്ടുപിടിച്ചാല്‍ പിന്നെ സമകാലിക സാഹചര്യത്തില്‍ അത് തന്നെ മതിയല്ലോ രക്ഷാകവചമായിട്ട്. അല്ലെങ്കില്‍ മാര്‍ക്‌സിസ്റ്റ് ചാനലായ കൈരളിക്കും ജോണ്‍ ബ്രിട്ടാസിനും എന്ത് മുസ്‌ലിം പശ്ചാത്തലമാണ്? മുസ്‌ലിം ദിവ്യന്മാര്‍ക്കും വ്യാജ സിദ്ധന്മാര്‍ക്കും അവരുടെ ചൂഷണ കേന്ദ്രങ്ങള്‍ക്കും 'തിരുകേശ'ത്തിനുമെതിരെ നിരന്തരം വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമവും ഇപ്പോള്‍ മീഡിയാ വണ്‍ ചാനലും വര്‍ഗീയമായിട്ടാണ് സംഭവങ്ങളെ കാണുന്നതെന്ന് ആര്‍ക്കാണ് ആരോപിക്കാനാവുക? എല്ലാറ്റിനും പുറമെ ഒരു ചോദ്യം: ശരാശരി മനുഷ്യരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് മുന്നില്‍ ചൂളിപ്പോവുന്ന 'ദൈവം' എന്ത് ദൈവമാണ്? അവര്‍ സ്വന്തം 'മക്കളെ' പേടിക്കുന്നതിലെ യുക്തി എന്ത്?
പി.വി.സി മുഹമ്മദ് പൊന്നാനി
ഹദീസുകളിലെ ശരിയും തെറ്റും
ഇസ്‌ലാം ദീനിന്റെ അടിസ്ഥാന പ്രമാണം ഒന്ന് ഖുര്‍ആനും രണ്ടാമത്തേത് തിരുസുന്നത്തുമാണ്. സുന്നത്ത് എന്ന് പറയുമ്പോള്‍ ഹദീസുകള്‍, അതില്‍ സ്വഹീഹുല്‍ ബുഖാരി,മുസ്‌ലിം എന്നിവ പണ്ഡിതന്മാര്‍ രണ്ടാം പ്രമാണമായി അവതരിപ്പിക്കുകയും സാധാരണക്കാരില്‍ വലിയ വിശ്വാസം നേടുകയും ചെയ്യുമ്പോള്‍, നാട്ടില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ പണ്ഡിതന്മാരും പുരോഗമന വാദികളിലെ അന്ധവിശ്വാസികളും ഇത്തരം ഹദീസ് ഗ്രന്ഥങ്ങളെയാണ് ഉപയോഗപ്പെടുത്തുന്നത്. യഥാര്‍ഥത്തില്‍ സാധാരണക്കാര്‍ വഴിതെറ്റുന്നത് ഇത്തരം ഹദീസ് ഗ്രന്ഥങ്ങളിലെ തെറ്റും ശരിയും വേര്‍തിരിച്ച് പഠിപ്പിക്കാത്തത് കൊണ്ടല്ലേ? സ്വഹീഹുല്‍ ബുഖാരി രണ്ടാം പ്രമാണമായി അംഗീകരിക്കേണ്ടതുണ്ടോ?
ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങള്‍ ഒന്ന്, ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനും രണ്ട്, അതിന്റെ ആധികാരിക വ്യാഖ്യാനവും വിശദീകരണവുമായ സുന്നത്ത് അഥവാ ഹദീസുകളുമാണെന്നത് മുസ്‌ലിം ലോക പണ്ഡിതന്മാരുടെ ഏകകണ്ഠമായ തീരുമാനമാണ്. ഇതിനെ ചോദ്യം ചെയ്തത് കഴിഞ്ഞ നൂറ്റാണ്ടില്‍ പാകിസ്താനില്‍ രൂപം കൊണ്ട അഹ്‌ലുല്‍ ഖുര്‍ആനും കേരളത്തിലെ ചേകനൂര്‍ മുഹമ്മദ് മൗലവിയുടെ സംഘടനയും മാത്രം. ഒറ്റപ്പെട്ട ചിലര്‍ വേറെയും ഉണ്ടാവാം. എന്നാല്‍, രണ്ടാം പ്രമാണം സ്വഹീഹുല്‍ ബുഖാരിയാണെന്നത് ഒരു സാമാന്യ പ്രസ്താവം മാത്രമാണ്. നിവേദക പരമ്പര ഏറ്റവും ശരിയായി വന്നിട്ടുള്ള ഹദീസുകളാണ് ബുഖാരിയിലുള്ളത് എന്നതുകൊണ്ടാണത്. കളങ്കിതരോ സംശയാസ്പദരോ ആയ വ്യക്തികള്‍ നിവേദകപരമ്പരയിലില്ലാത്ത, നബിയില്‍ നിന്ന് സ്വഹാബികളിലൂടെ ലഭിച്ച ഹദീസുകള്‍ ആരുദ്ധരിച്ചാലും സ്വഹീഹായ ഹദീസുകളാണ്; സുന്നത്ത് എന്ന പേരിന് അര്‍ഹവുമാണ്.
അതേയവസരത്തില്‍ നിവേദക പരമ്പര വിശ്വാസ്യരായി ഉദ്ധരിക്കപ്പെട്ട ഹദീസുകളെല്ലാം അക്കാരണത്താല്‍ മാത്രം സ്വീകാര്യമാണെന്ന അഭിപ്രായം പണ്ഡിതന്മാര്‍ക്കില്ല. വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്ക് അനുഗുണമല്ലാത്തതോ സാമാന്യ ബുദ്ധിക്ക് നിരക്കാത്തതോ ആയ വചനങ്ങളോ പ്രവൃത്തികളോ പ്രവാചകനില്‍ നിന്നുണ്ടാവില്ല എന്ന സത്യത്തിന്റെ വെളിച്ചത്തിലാണിത്. 'ഹദീസുകള്‍' നിരാകരിക്കപ്പെടാനുള്ള കാരണങ്ങള്‍ മഹാ പണ്ഡിതനായിരുന്ന സയ്യിദ് സുലൈമാന്‍ നദ്‌വി അദ്ദേഹത്തിന്റെ സീറത്തുര്‍റസൂല്‍ എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ മുഖവുരയില്‍ ചുരുക്കിപ്പറഞ്ഞിട്ടുണ്ട്. സാമാന്യ ബുദ്ധിക്ക് നിരക്കാത്തവ, അനുഭവസാക്ഷ്യങ്ങള്‍ക്കെതിരായവ, ഖുര്‍ആനിനോ മുതവാതിറായ ഹദീസുകള്‍ക്കോ മുസ്‌ലിംകളുടെ ഖണ്ഡിതമായ അഭിപ്രായങ്ങള്‍ക്കോ എതിരായതും വ്യാഖ്യാനത്തിന് പഴുതില്ലാത്തതുമായവ, ഒരു സംഭവം യഥാര്‍ഥത്തില്‍ നടന്നിട്ടുണ്ടെങ്കില്‍ ശതകണക്കിന്‍ ആളുകള്‍ സാക്ഷികളായിരിക്കാന്‍ ഇടയുണ്ടായിരിക്കെ ഒരാള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് തുടങ്ങിയ ഇനങ്ങളില്‍ പെട്ട ഹദീസുകളൊന്നും യഥാര്‍ഥ സുന്നത്തായിരിക്കാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹം സമര്‍ഥിച്ചിരിക്കുന്നത്.
നബിക്ക് ജൂതന്റെ സിഹ്ര്‍ ബാധിച്ചു, മൂസാ നബിയോട് റൂഹ് പിടിക്കാന്‍ സമ്മതം ചോദിച്ച അസ്‌റാഈല്‍ എന്ന മലക്കിന്റെ കണ്ണ് അദ്ദേഹം അടിച്ചുപൊട്ടിച്ചു, ഹജറുല്‍ അസ്‌വദ് ആദ്യത്തില്‍ വെളുത്ത കല്ലായിരുന്നു പിന്നെ മനുഷ്യരുടെ പാപങ്ങള്‍ ഏറ്റുവാങ്ങിയാണത് കറുത്ത് പോയത് തുടങ്ങിയ, നിവേദക പരമ്പര സ്വഹീഹായ ഹദീസുകള്‍ ഈ ഗണത്തില്‍ പെട്ടതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നുവെച്ച് ഹദീസ് കാണുമ്പോഴേക്ക് തന്റെ യുക്തിക്ക് നിരക്കുന്നതല്ല എന്ന് തീരുമാനിച്ച് അത് തള്ളിക്കളയുന്നത് ഒരിക്കലും അംഗീകരിക്കാവുന്ന നടപടിയല്ല. ഖുര്‍ആന്റെ പൊതു തത്ത്വങ്ങളുടെ വെളിച്ചത്തിലും മനുഷ്യ ജ്ഞാനത്തിന്റെ പരിമിതികളില്‍ നിന്നുകൊണ്ടുമാണ് ഹദീസുകള്‍ പരിശോധിക്കേണ്ടത്. ഒരു കാര്യം തീര്‍ത്തു പറയാം. വിശ്വാസപരമായ കാര്യങ്ങള്‍ ഖണ്ഡിതമാവാന്‍ ഖുര്‍ആനോ മുതവാതിറായ ഹദീസുകളോ തന്നെ വേണം.
അബൂതുഫൈല്‍ വടകര
Comments