ചോദ്യം ചെയ്യരുത്, ഇത് ജനാധിപത്യമല്ല
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ മുമ്പാകെ അരവിന്ദ് കെജ്‌രിവാള്‍ ഉയര്‍ത്താന്‍ ശ്രമിച്ച 15 ചോദ്യങ്ങള്‍ക്ക് ബി.ജെ.പി ഉത്തരം പറയുമെന്ന് കരുതേണ്ടതില്ല. അതിനേക്കാള്‍ എളുപ്പമായിരുന്നു ഈ ചോദ്യങ്ങളുയര്‍ത്താന്‍ ചോദിക്കാന്‍ ചെന്ന കെജ്‌രിവാളിനെ 'തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം' ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്യുന്നത്. നിയമവാഴ്ച വിളയാടുന്ന ദേശമാണല്ലോ ഗുജറാത്ത്! മോഡിയുടെ വികസന മോഡല്‍ ഗുജറാത്തിനു പുറത്ത് കേള്‍ക്കാന്‍ നല്ല രസമുണ്ടെങ്കിലും ആ സംസ്ഥാനത്ത് അതങ്ങനെ ആരും പരസ്യമായി ചോദിച്ചു വഷളാക്കാറുണ്ടായിരുന്നില്ല. തിരുവായ്ക്ക് എതിര്‍വായ പറയാന്‍ പാടുണ്ടോ? അത്തരം സങ്കല്‍പ്പങ്ങള്‍ ജനാധിപത്യം എന്ന 'ദേശദ്രോഹപര'മായ വ്യവസ്ഥയുടെ ഭാഗമാണ് എന്നാണല്ലോ ഗുജറാത്തിലെ സിദ്ധാന്തം. അവിടെ ജനാധിപത്യം ഇല്ല എന്നു പറയുന്ന കെജ്‌രിവാളിന് തെറ്റുപറ്റിയിട്ടില്ല എന്നര്‍ഥം. ഒന്നാമത്തെ ചോദ്യം തന്നെ ഉദാഹരണം. ഗുജറാത്തില്‍ എത്ര ദിവസം അസംബ്ലി ചേര്‍ന്നു എന്ന് ചോദിക്കുമ്പോള്‍ മോഡിക്ക് ഉത്തരം പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ എന്തായിരിക്കും കാരണം? പുറത്തു പറയാന്‍ കൊള്ളാവുന്ന അത്രയും ദിവസം സഭ ചേര്‍ന്നിട്ടുണ്ടാവില്ല എന്നു തന്നെയല്ലേ? സഭ ചേരുന്നത് ജനാധിപത്യ രാജ്യത്തെ നടപടിക്രമം ആയതു കൊണ്ടാവണം മോഡിയുടെ രാജ്യത്ത് അത് ചേരാതിരുന്നത് എന്ന് അനുമാനിക്കുന്നതില്‍ തെറ്റു പറയാനാവുമോ? ജനാധിപത്യം ഉണ്ടായിരുന്നുവെങ്കില്‍ ചോദ്യം ചോദിക്കാന്‍ വരുന്നവരെ അറസ്റ്റ് ചെയ്ത് വിരട്ടിയോടിക്കേണ്ട കാര്യമുണ്ടോ? ആണുങ്ങളെ പോലെ മറുപടി പറഞ്ഞ് 'പൗരുഷം' കാണിക്കുകയല്ലേ വേണ്ടത്?
ആത്മഹത്യ ചെയ്ത ഗുജറാത്തിലെ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മോഡി വല്ലതും സഹായധനമായി നല്‍കിയോ എന്നതായിരുന്നു കെജ്‌രിവാള്‍ ഉയര്‍ത്താന്‍ ശ്രമിച്ച മറ്റൊരു ചോദ്യം. സംസ്ഥാനത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു എന്ന വസ്തുത അംഗീകരിക്കപ്പെടാതിരിക്കാന്‍ നല്ലത് ഇത്തരം ചോദ്യങ്ങള്‍ കേട്ടിട്ടില്ലെന്നു നടിക്കുകയല്ലേ? മരിക്കാന്‍ കര്‍ഷകര്‍ക്ക് വേറെയും എന്തൊക്കെ കാരണമുണ്ടാവാം? കൃഷിനാശം കാരണമാണെന്ന് മോഡിയുടെ പോലീസ് റിപ്പോര്‍ട്ടെഴുതിയിട്ടില്ലെങ്കില്‍ ആരും മരിച്ചിട്ടുമില്ല. അതുകൊണ്ടു തന്നെ കര്‍ഷകര്‍ക്ക് മോഡി ഒന്നും കൊടുക്കാനുമില്ല. മോഡിഭക്തരുടെ വാദമനുസരിച്ച് ഈ ചോദ്യം ഉന്നയിക്കുന്നവര്‍ ആരായാലും അവര്‍ കോണ്‍ഗ്രസ്സിന്റെ ഏജന്റുമാരും തദ്വാര വികസന വിരോധികളുമാണ്. കെജ്‌രിവാള്‍ കോണ്‍ഗ്രസിന്റെ ഏജന്റായതു കൊണ്ടാണ് ഗുജറാത്തിലുടനീളം അഴിമതിയുടെ കഥകള്‍ കേള്‍ക്കാനുണ്ടെന്ന് പറയുന്നതെന്നാണ് ബി.ജെ.പിയുടെ ആക്ഷേപം. യഥാര്‍ഥത്തില്‍ ഗുജറാത്തിലെ കോണ്‍ഗ്രസിനല്ലേ കുഴപ്പം, കെജ്‌രിവാളിനാണോ? മോഡിക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയാല്‍ 'മൃദുല ഹിന്ദുത്വ' വികാരം ഉണരുമെന്ന അഹ്മദ് പട്ടേലിന്റെയും അര്‍ജുന്‍ മോദ്‌വാഡിയയുടെയും സിദ്ധാന്തത്തിന് എതിരെയല്ലേ കെജ്‌രിവാള്‍ നീങ്ങിയത്? ഇത്തരം വിഷയങ്ങളില്‍ പൊതുജനത്തിന് എതിരഭിപ്രായമുണ്ടെങ്കില്‍ അത് ദേശീയ തലത്തില്‍ ഏറ്റെടുക്കാത്തത് കോണ്‍ഗ്രസിന്റെ വീഴ്ചയായിരുന്നു. അതല്ലെങ്കില്‍ ഗുജറാത്തിനെ കുറിച്ച ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ മുക്കുകയാണ് ചെയ്തത്. അതിന്നര്‍ഥം ഗുജറാത്തില്‍ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും ശബ്ദമില്ലാതായി എന്നാണ്. രണ്ടായാലും ഇവിടത്തെ ജനാധിപത്യത്തിന്റെ നാറ്റം അതീവ ദുസ്സഹം തന്നെ. എല്ലാം വിലയ്ക്കു വാങ്ങാനും എല്ലാവരെയും നിശ്ശബ്ദനാക്കാനും കഴിയുന്ന സംസ്ഥാനമാവുക എന്നതാണോ ഗുജറാത്ത് കാഴ്ച വെക്കുന്ന ഇന്ത്യയുടെ വികസന മാതൃക? സബര്‍മതി നദീ തീരത്ത് പണിത ഉദ്യാനം തൊട്ട് നര്‍മദ കനാലുകള്‍ വരെയും അംബാനിയുടെയും അദാനിയുടെയും ടാറ്റയുടെയും എസ്സാറിന്റെയും കൂറ്റന്‍ പ്രോജക്ടുകള്‍ വരെയും നീളുന്ന കോടികളുടെ അഴിമതി ആരോപണങ്ങള്‍ മാധ്യമങ്ങളുടെ വായമൂടിക്കെട്ടി ഇല്ലാതാക്കിയതല്ലെങ്കില്‍ എന്തുകൊണ്ട് മോഡിക്ക് താനൊരു 'തുറന്ന പുസ്തകം' ആണെന്ന് പ്രഖ്യാപിച്ച് അന്വേഷണ സംഘങ്ങളെ സ്വാഗതം ചെയ്തുകൂടാ?
ദല്‍ഹിയില്‍ ഒറ്റ ടെലിവിഷന്‍ പ്രതികരണത്തില്‍ മുപ്പതു സെക്കന്റിനിടെ കെജ്‌രിവാളിനെ നാലുതവണ രവിശങ്കര്‍ പ്രസാദ് 'പട്ടണ മാവോയിസ്റ്റ്' എന്നു വിശേഷിപ്പിച്ചു. മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ വക അധിക്ഷേപം പുറകെയെത്തി. ജനങ്ങളുടെ അവകാശം ചോദിക്കുന്നവന്‍ മാവോയിസ്റ്റാണെങ്കില്‍ ആ മാവോയിസ്റ്റിനെയല്ലേ ജനം നെഞ്ചിലേറ്റുക? മോഡിയെ ആണോ? മോഡി സഞ്ചരിക്കുന്നത് അംബാനിയുടെ വക ഹെലികോപ്റ്ററില്‍ അല്ലേ എന്ന് കെജ്‌രിവാള്‍ ചോദിച്ചപ്പോള്‍ മുരണ്ടതല്ലാതെ മിണ്ടിയില്ലല്ലോ ഇതുവരെ പുരുഷ സിംഹം. 'ഏറ്റുമുട്ടല്‍' കൊലപാതകത്തിന് സ്‌കോപ്പുള്ള ചോദ്യമായിരുന്നിരിക്കണം അത്. റിലയന്‍സും ഇതുവരെ മിണ്ടിയില്ല. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ പുഴുക്കളെ പോലെ അടിഞ്ഞുകൂടിയ അഹ്മദാബാദിലെ ബോംബെ ഹോട്ടല്‍ ഏരിയയിലെ മുസ്‌ലിം ചേരികളിലേക്ക് എന്തുകൊണ്ട് 12 വര്‍ഷമായിട്ടും ശുദ്ധജലം പോലും എത്തിക്കാനായില്ല? നരോദാ പാട്ടിയ കേസില്‍ ശിക്ഷിക്കപ്പെട്ട മായാബെന്‍ കോദ്‌നാനിയും കേസിലെ മറ്റൊരു പ്രതിയായ ജയ്ദീപ് പട്ടേലും മണിക്കൂറുകളോളം കലാപ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. ആരോടായിരുന്നു ഈ സംസാരം നടത്തിയത്? എന്തുകൊണ്ട് ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തയാറാവുന്നില്ല? നാനാവതി മുതല്‍ക്കുള്ള കമീഷനുകള്‍, തന്നെ കുറ്റവിമുക്തനാക്കിയെന്ന് കൊട്ടിഘോഷിക്കുന്ന മോഡി ഇതില്‍ എത്രയെണ്ണത്തില്‍ ഹാജരായിട്ടുണ്ട്? ഒരു ചോദ്യത്തിനും മറുപടി പറയാതിരിക്കുകയും മറ്റുള്ളവരെ കുറിച്ച് പൊതുജനത്തോട് അലറിവിളിച്ച് ചോദിച്ചു കൊണ്ടിരിക്കുകയുമാണ് പുതിയ കാലത്തെ ജനാധിപത്യം.
Comments