Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 21

ശാക്തീകരണത്തിനും വികസനത്തിനും മാതൃകയായി കൊടുങ്ങല്ലൂര്‍ ചേരമാന്‍ മഹല്ല്

സദ്‌റുദ്ദീന്‍ വാഴക്കാട് /ഫീച്ചര്‍

         മഹദ് പാരമ്പര്യത്തിന്റെ അടയാളക്കുറിയാണ് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ്. മാലിക് ബിന്‍ ദീനാറിന്റെയും ചേരമാന്‍ രാജാവിന്റെയും പൈതൃകം ഈ മസ്ജിദിന് ചരിത്രമൂല്യം നല്‍കുന്നു. മലയാളക്കരയില്‍ ഇസ്‌ലാം സംസ്‌കൃതിയുടെ പ്രകാശം പ്രസാരണം ചെയ്യാനാരംഭിച്ചതിന്റെ അഭിമാനസ്തംഭമായ ഈ ചരിത്രസ്മാരകം, മഹല്ല് സംവിധാനത്തിന്റെ വ്യവസ്ഥാപിതത്വവും വ്യതിരിക്തതയും വഴി, ഇന്ന് കേരളീയ മുസ്‌ലിം സമൂഹത്തിനൊന്നാകെ വഴികാട്ടിയാവുകയാണ്. 'മാതൃകാ മഹല്ല്' എന്ന സ്വപ്നത്തിലേക്ക് ബഹുദൂരം മുന്നേറാന്‍ ചേരമാന്‍ ജുമാമസ്ജിദിന് സാധിച്ചിട്ടുണ്ട്. അത് പഠിക്കാനും പകര്‍ത്താനും കേരളത്തിലെ മഹല്ല് ഭാരവാഹികള്‍ മനസുവെച്ചാല്‍ പ്രാദേശിക തലത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ മുഖഛായ വലിയ അളവില്‍ മാറുമെന്നുറപ്പ്.

പൈതൃകം
         കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി ഭരണം നടത്തിയിരുന്ന നാട്ടുരാജാക്കന്മാരായിരുന്നു പെരുമാക്കന്മാര്‍. കാലത്തെയും വിശദാംശങ്ങളെയും പറ്റി അഭിപ്രായാന്തരങ്ങള്‍ ഉണ്ടെങ്കിലും, പെരുമാക്കന്മാരിലെ ചേരമാന്‍ രാജാവ് ഇസ്‌ലാം സ്വീകരിക്കുകയും മക്കത്തേക്ക് പോവുകയും ചെയ്തു. മാലിക് ബിന്‍ ദീനാറും സംഘവും കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങുകയും നിലവില്‍ ഭരണം നടത്തിയിരുന്ന രാജാവിന്റെയും രാജകുടുംബത്തിന്റെയും അംഗീകാരത്തോടും ആശീര്‍വാദത്തോടും കൂടി അവിടെ പള്ളി പണിയുകയും ചെയ്തു. അങ്ങനെയാണ് ചേരമാന്‍ ജുമാമസ്ജിദ് ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയാകുന്നത്. അതിനുവേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തത് ഹൈന്ദവരാജാക്കന്മാരായിരുന്നു.
ലഭ്യമായ ചരിത്രമനുസരിച്ച് 1952-ലാണ് ചേരമാന്‍ മസ്ജിദിന്, സംഘടിത സ്വഭാവത്തിലുള്ള, തെരഞ്ഞെടുക്കപ്പെട്ട പരിപാലന സമിതി ഉണ്ടാകുന്നത്. അതുവരെ ചില കുടുംബങ്ങളുടെ മേല്‍നോട്ടത്തിലാണ് പള്ളി കാര്യങ്ങള്‍ നടന്നു വന്നിരുന്നത്. 1968-മെയ് മാസത്തിലാണ് ലിഖിതരൂപത്തില്‍ ആദ്യമായി ഒരു നിയമാവലി നിലവില്‍ വന്നത്. പിന്നീട് 1972-മുതല്‍ സമര്‍പ്പിക്കപ്പെട്ട നിര്‍ദേശങ്ങള്‍ മുമ്പില്‍ വെച്ചുകൊണ്ട് 1988-ല്‍ നിയമാവലി ഭേദഗതിചെയ്യപ്പെട്ടു. 1999-ല്‍ ഭരണഘടനാ പുനര്‍നിര്‍മാണസമിതിയുടെ മേല്‍ നോട്ടത്തില്‍ ഭരണഘടന സമൂലമായി പരിഷ്‌കരിച്ചു. മാതൃകാപരമായ മഹല്ല് സംവിധാനത്തിന് ചേരമാന്‍ മസ്ജിദിന് പിന്‍ബലം നല്‍കുന്നതാണ് ഈ ഭരണഘടന. മഹല്ലിന്റെ സവിശേഷതയും പരിപാലന സമിതിയുടെ ദീര്‍ഘദൃഷ്ടിയും ഈ ഭരണഘടനയില്‍നിന്ന് വായിച്ചെടുക്കാം. ''സമാധാനത്തിലും സംഘര്‍ഷത്തിലും നമ്മുടെ സമൂഹത്തെ ഒന്നിച്ച് നിര്‍ത്തുവാനാകും വിധം പ്രായോഗികവും നമ്യവും വ്യക്തവുമായ ഒരു ഭരണഘടന ചിട്ടപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഏതൊരു മനുഷ്യനിര്‍മ്മിത നിയമങ്ങള്‍ക്കുമുള്ളതുപോലെ ന്യൂനതകള്‍ ഇതിലുമുണ്ടായേക്കാം. അത് പരിഹരിക്കപ്പെടുന്നത് അംഗങ്ങളുടെ സാമൂഹിക ബോധത്തിനാലാണ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ സൂക്ഷ്മതയുള്ളവരും വ്യക്തിത്വമുള്ളവരുമാണെങ്കില്‍ ഏതൊരു ഭരണഘടനക്കും അതിന്റെ സാമൂഹിക ബാധ്യത സ്തുത്യര്‍ഹമായി നിര്‍വഹിക്കാനാകും. മറിച്ചാണെങ്കില്‍ ഏറ്റവും നല്ല ഭരണഘടനക്കുപോലും ഒരു സമൂഹത്തെയും രക്ഷിക്കാനാവുകയില്ല''-ഭരണഘടനയുടെ ആമുഖവാചകമാണിത്.

വ്യതിരിക്തത
         മുസ്‌ലിം സമൂഹത്തിന്റെ കേവല ആത്മീയ നേതൃത്വത്തിനപ്പുറം, 'ലൗകിക' മായ കാര്യങ്ങളിലും ഇടപെടുകയും മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുകയെന്നത്, പ്രവാചക പാരമ്പര്യവും ഇസ്‌ലാമിക അധ്യാപനവുമാണ്. ഇത് പള്ളിയുടെ ഭരണഘടനയില്‍ രേഖപ്പെടുത്തുകയും സമകാലിക സാഹചര്യങ്ങളുടെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് സാധ്യമാകുന്ന അളവില്‍ പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുന്നുവെന്നതാണ് ചേരമാന്‍ മസ്ജിദിന്റെ പ്രത്യേകതകളിലൊന്ന്. നമസ്‌കാരം, നികാഹ് ചടങ്ങിന്റെ കാര്‍മികത്വവും രജിസ്‌ട്രേഷനും, മരണാനന്തര കര്‍മങ്ങള്‍ എന്നിവക്കപ്പുറം, നിത്യജീവിതത്തില്‍ സാധ്യമാകുന്ന എല്ലാ മേഖലകളിലും മഹല്ല് ഇടപെടുന്നുണ്ട്. ഭരണഘടനയിലെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ചിലത് ശ്രദ്ധിക്കുക: ''2.1.1- ജമാഅത്ത് അംഗങ്ങളുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചക്കും ക്ഷേമത്തിനും ഐക്യത്തിനുമായി പ്രവര്‍ത്തിക്കുകയും അതുവഴി സമൂഹത്തിനും രാഷ്ട്രത്തിനും അഭിമാനിക്കാവുന്ന പൗരന്മാരെ വളര്‍ത്തിവരുവാനും അവസരമുണ്ടാക്കുക. 2.1.2- ആത്മീയവും ഭൗതികവുമായ പഠനത്തിന് ആവശ്യമായ പ്രോത്സാഹനം നല്‍കുക. 2.1.3 -ആധുനിക യുഗത്തിലെ കലുഷിതമായ അവസ്ഥയില്‍ യുവതലമുറ വഴിതെറ്റിപ്പോകാതിരിക്കാനും ജീവിത മത്സരത്തില്‍ വിജയിക്കുവാനും ആവശ്യമായ മാര്‍ഗദര്‍ശനവും പ്രോത്സാഹനവും നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തുക. 2.1.4- ജമാഅത്ത് അംഗങ്ങള്‍ക്ക് പ്രത്യേകിച്ച് സ്ത്രീജനങ്ങള്‍ക്ക് അവരുടെ ഉന്നമനത്തിനുതകുന്ന സാംസ്‌കാരിക കേന്ദ്രങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാക്കുക. 2.1.5 -ദാരിദ്ര്യ നിര്‍മാര്‍ജനം, ആരോഗ്യപരിപാലനം, സാധുജനവിവാഹം, ഭവനരഹിതരെ പുനരധിവസിപ്പിക്കല്‍, നിരാലംബരെ സഹായിക്കല്‍ എന്നിവക്കായി ബോധവല്‍ക്കരണം നടത്തുകയും അനുയോജ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുക. 2.1.6-സഹോദര ജമാഅത്തുകളുമായും ഇതര സമുദായങ്ങളുമായും സൗഹാര്‍ദത്തോടും ഗുണകാംക്ഷയോടുംകൂടി വര്‍ത്തിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക'' (കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഭരണഘടന, പേജ്, 3-4).
ഇതില്‍ സ്ത്രീകളുടെ സാംസ്‌കാരിക ഉന്നമനത്തെയും തൊഴിലവസരങ്ങളെയും കുറിച്ചു പറഞ്ഞ ഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സമൂഹനന്മക്കായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏതൊരു പൗരനും ഈ മഹല്ലില്‍ അംഗത്വം നല്‍കാമെന്ന്, 'സവിശേഷ അംഗത്വം' എന്ന ഖണ്ഡികയിലൂടെ ഭരണഘടന പ്രഖ്യാപിക്കുന്നു. സഹോദരസമുദായാംഗങ്ങള്‍ക്കും പ്രത്യേക ഘട്ടത്തില്‍ മുസ്‌ലിം മഹല്ല് ജമാഅത്തില്‍ അംഗത്വം നല്‍കാമെന്നത്, ഒരു ബഹുമത സമൂഹത്തില്‍ ഏറെ പ്രാധാന്യമുള്ളതും പ്രവാചകന്റെ മദീനാകരാറിനെ ഓര്‍മിപ്പിക്കുന്നതുമാണ്. ഭരണഘടനയിലെ ആ ഖണ്ഡിക ഇങ്ങനെ വായിക്കാം: ''സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നന്മക്കായി പ്രവര്‍ത്തിക്കുന്ന ഏതൊരു സമുന്നതനായ വ്യക്തിയെയും ഭാരതത്തിലെ ആദ്യത്തേതായ ഈ മഹല്ലില്‍ അംഗത്വം നല്‍കി അംഗീകരിച്ച് ആദരിക്കാവുന്നതാണ്. അതിനായി വിളിച്ചുകൂട്ടുന്ന ഒരു പൊതുയോഗത്തിന്റെ മുന്നില്‍ രണ്ട് ഭൂരിപക്ഷപ്രകാരം ഈ നടപടി കമ്മിറ്റിക്ക് സ്വീകരിക്കാവുന്നതാണ്'' (പേജ്-5).
മഹല്ല് ഭരണഘടനാ തത്ത്വങ്ങള്‍ക്കനുസൃതവും മുസ്‌ലിം സമൂഹത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്ക് അനിവാര്യവുമായ ഒട്ടേറെ പദ്ധതികള്‍ ചേരമാന്‍ ജുമാമസ്ജിദ് കമ്മിറ്റിക്ക് കീഴില്‍ വ്യവസ്ഥാപിതമായി നടന്നുവരുന്നുണ്ട്. സമഗ്രസ്വഭാവമുള്ള സര്‍വെ, മഹല്ല് അംഗങ്ങളെക്കുറിച്ച പൂര്‍ണവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ കമ്പ്യൂട്ടറൈസ്ഡ് ഡാറ്റാബാങ്ക്, സംഘടിത സകാത്ത്-ഫിത്വ്ര്‍ സകാത്ത്-ഉദ്ഹിയത്ത് സംവിധാനങ്ങള്‍, വിദ്യാഭ്യാസ ഗൈഡന്‍സ്, കമ്പ്യൂട്ടര്‍ ട്രെയ്‌നിംഗ് സെന്റര്‍, ട്യൂഷന്‍ ക്ലാസുകള്‍, സൗജന്യ വാഹനസൗകര്യം, സ്‌കോളര്‍ഷിപ്പ് മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം, കരിയര്‍ ഗൈഡന്‍സ്, വിവാഹപൂര്‍വ കൗണ്‍സലിംഗ്, വിവാഹാനന്തര-കുടുംബ കൗണ്‍സലിംഗ്, പെന്‍ഷന്‍ വിതരണം, വിവിധ റിലീഫ് പദ്ധതികള്‍, മയ്യിത്ത് സംസ്‌കരണത്തിനുള്ള പ്രത്യേക സംവിധാനം, നിര്‍ധന പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ സഹായം, കൃത്യവും കണിശവുമായ സാമ്പത്തിക വിനിമയം, സ്ഥിരവരുമാനത്തിനുള്ള ഷോപിംഗ് കോംപ്ലക്‌സുകളും മറ്റു സംവിധാനങ്ങളും തുടങ്ങിയവ മഹല്ലില്‍ വിജയകരമായി നടപ്പിലാക്കി വരുന്നു. ചരിത്രസ്മാരകം എന്നനിലയില്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ എ.കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ചേരമാന്‍ മസ്ജിദ്, മസ്‌രിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെട്ട ടൂറിസകേന്ദ്രം കൂടിയാണ്. ഇതിന്റെ ഭാഗമായി, ഒരുകോടി 38 ലക്ഷം രൂപയുടെ പൈതൃകമ്യൂസിയം, 63 ലക്ഷത്തിന്റെ വിശ്രമ കേന്ദ്രം തുടങ്ങിയവയുള്‍പ്പെടെ വിവിധ ഫണ്ടുകള്‍ ഗവണ്‍മെന്റില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഈ പ്രവര്‍ത്തന പരിപാടികളുടെ ഗുണഫലങ്ങള്‍ മഹല്ല് നിവാസികളുടെ വളര്‍ച്ചയിലും വികാസത്തിലും പ്രതിഫലിക്കുന്നുണ്ട്. ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പ് സംവിധാനം നിലവിലുള്ള മഹല്ലില്‍, കഴിഞ്ഞ 18 വര്‍ഷമായി ഒരേ കമ്മിറ്റിതന്നെ ഉത്തരവാദിത്തമേല്‍പിക്കപ്പെടുന്നതും ഇതിന്റെ സൂചനയായി മനസ്സിലാക്കാവുന്നതാണ്. മുസ്‌ലിം ഐക്യസംഘസ്ഥാപകരിലൊരാളായ മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയുടെ പൗത്രനും കൊടുങ്ങല്ലൂര്‍ മെഡികെയര്‍ ഹോസ്പിറ്റലിലെ സൂപ്രണ്ടും സര്‍ജനുമായ ഡോ. പി.എ മുഹമ്മദ് സഈദ് പ്രസിഡന്റും എസ്.എ അബ്ദുല്‍ ഖയ്യൂം സെക്രട്ടറിയുമായ കമ്മിറ്റിയാണ് മഹല്ലിന് നേതൃത്വം നല്‍കുന്നത്. സുലൈമാന്‍ മൗലവിയാണ് ഇമാം.

പ്രവര്‍ത്തന പദ്ധതികള്‍
1. മഹല്ല് സംവിധാനം: 1832 വീടുകളുള്ള മഹല്ലിനെ, ഭൂമിശാസ്ത്രപരമായ പരിഗണനകള്‍വെച്ചുകൊണ്ട് 14 വാര്‍ഡുകളായി തിരിച്ചിരിക്കുന്നു. പ്രവര്‍ത്തനസൗകര്യം നല്‍കുന്നതാണ് ഈ വിഭജനം. മഹല്ല് നിവാസികളെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് എ.ബി.സി.ഡി എന്നിങ്ങനെ നാല് കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. മഹല്ലിന് നല്‍കേണ്ട സാമ്പത്തികബാധ്യതകളും, പള്ളിയില്‍ നിന്ന് നല്‍കുന്ന സാമ്പത്തിക സഹായങ്ങളും സകാത്തും മറ്റും ഈ കാറ്റഗറി പരിഗണിച്ചുകൊണ്ടാണ് നടപ്പിലാക്കുന്നത്. പതിനഞ്ചംഗ പരിപാലന സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. രണ്ട് വര്‍ഷമാണ് കാലാവധി. വിവിധവകുപ്പുകള്‍ക്ക് മേല്‍ നോട്ടം വഹിക്കാനായി സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
2. സര്‍വെ,ഡാറ്റാബാങ്ക്: മഹല്ല് നിവാസികളുടെ സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കമ്പ്യൂട്ടറൈസ്ഡ് ഡാറ്റാബാങ്ക് ചേരമാന്‍ മസ്ജിദിന്റെ പ്രത്യേകതയാണ്. 1984-ല്‍ നടത്തിയ ആദ്യസെന്‍സസിലൂടെയാണ് അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ചത്. പിന്നീട് വര്‍ഷാവര്‍ഷം ഇത് പുതുക്കിക്കൊണ്ടിരിക്കുന്നു. ഓരോ പത്തുവര്‍ഷത്തിലും പുതിയ സെന്‍സസ് നടത്തും. മഹല്ലിന്റെ ആവശ്യം മുന്നില്‍ വെച്ച് എഞ്ചിനീയര്‍മാരെ ഉപയോഗിച്ചുകൊണ്ട് ഇതിനുവേണ്ടി സ്വന്തമായി ഒരു ഡാറ്റാ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിട്ടുണ്ട്. അംഗങ്ങളെക്കുറിച്ച എല്ലാ വിവരങ്ങളും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ പെട്ടെന്ന് വിശദാംശങ്ങള്‍ കണ്ടെത്താനാകും. 18-വയസ്സിനു താഴെയുള്ള, അവിവാഹിതരായ എത്ര പെണ്‍കുട്ടികളുണ്ട്, വാടകവീടുകളില്‍ താമസിക്കുന്നവര്‍ എത്ര, രോഗബാധിതരായ എത്രപേരുണ്ട് തുടങ്ങിയ വിവരങ്ങള്‍ മിനിറ്റുകള്‍ക്കകം കണ്ടെത്താന്‍ പ്രയാസമില്ല. ഓരോ കുടുംബത്തിനും നല്‍കിയ പ്രത്യേക കാര്‍ഡില്‍ വിവരങ്ങള്‍ ചേര്‍ക്കുകയും ആവശ്യാനുസാരം ഓഫീസില്‍ കൊണ്ടുവന്ന് പുതുക്കുകയും ചെയ്യാം. ഇതുവഴി ഡാറ്റാ ബാങ്കിലെ വിവരങ്ങള്‍ സമയാസമയം അപ്‌ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ സോഫ്റ്റ്‌വെയര്‍ ഏതു മഹല്ല് ജമാഅത്തിനും സൗജന്യമായി നല്‍കാനും ആവശ്യമായ സഹായങ്ങള്‍ ചെയ്യാനും ചേരമാന്‍ മസ്ജിദ് കമ്മിറ്റി തയാറാണെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ പറഞ്ഞു.
3. സംഘടിത സകാത്ത്: ഇസ്‌ലാമിക അധ്യാപനവും ഭരണഘടനയുടെ നിര്‍ദേശവുമനുസരിച്ച് സകാത്ത്, ഫിത്വ്ര്‍ സകാത്ത്, ഉദ്ഹിയ്യത്ത് എന്നിവയുടെ സംഘടിത ശേഖരണവും വിതരണവും ചേരമാന്‍ ജുമാ മസ്ജിദിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതാണ്. കാലങ്ങളായി നിലനില്‍ക്കുന്നതാണ് ഇവിടെ സംഘടിത സകാത്ത് സംവിധാനം. സെന്‍സസിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സ്ഥിതിയനുസരിച്ച് എ.ബി.സി.ഡി കാറ്റഗറികളായി തിരിക്കപ്പെട്ടതുതന്നെയാണ് സകാത്ത് ശേഖരണ- വിതരണത്തിന്റെയും മഹല്ലിലെ മാനദണ്ഡം. ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള എ. വിഭാഗം നിര്‍ബന്ധമായും മഹല്ലിന് സകാത്ത് നല്‍കണം. ഇതില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. ബി. കാറ്റഗറിയില്‍പെട്ടവര്‍ക്ക് ഇതുപോലെ നിര്‍ബന്ധമില്ല, ഐഛികബാധ്യതമാത്രം. സി. വിഭാഗത്തില്‍ പെട്ടവര്‍ സകാത്ത് നല്‍കേണ്ടതില്ല. അവര്‍ക്ക് സകാത്ത് ലഭിക്കുകയുമില്ല. ഡി.കാറ്റഗറിയില്‍ പെട്ടവര്‍ സകാത്തിന്റെ അവകാശികളാണ്. മതസംഘടനകളുടെയും മറ്റും ഭാഗമായി വിവിധ സകാത്ത് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മഹല്ലിന് നല്‍കേണ്ട സകാത്ത് സംഖ്യ എത്രയുണ്ടെന്ന് കൃത്യമായി നിജപ്പെടുത്തിയിട്ടില്ല. എങ്കിലും ഒരു വര്‍ഷം മൂന്ന് ലക്ഷത്തിലേറെ രൂപ സകാത്ത് ഇനത്തില്‍ പിരിഞ്ഞുകിട്ടാറുണ്ട്. സകാത്ത് ബാധ്യതയുള്ളവര്‍ക്ക് ലിസ്റ്റ് പ്രകാരം കത്തയക്കുകയും അവര്‍ സംഖ്യ ഓഫീസില്‍ എത്തിക്കുകയുമാണ് രീതി. വീടുകളിലും മറ്റും പോയി പിരിവ് നടത്തേണ്ടിവരാറില്ല. എന്നാല്‍, സകാത്തും ഫിത്വ്ര്‍സകാത്തും, ഉദ്ഹിയത്തും അര്‍ഹതപ്പെട്ടവരുടെ വീടുകളില്‍ എത്തിച്ചുകൊടുക്കും. ആളുകള്‍ക്കുമുമ്പില്‍ കൈനീട്ടുന്ന യാചനാരീതി ഒഴിവാക്കലാണ് സകാത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് എന്നതിനാല്‍, അവകാശികളെ ഓഫീസില്‍ വരുത്തി, ക്യൂ നിര്‍ത്തി വിതരണം ചെയ്യുന്ന രീതി സ്വീകരിച്ചിട്ടില്ല.
4. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍: വിദ്യാഭ്യാസ രംഗത്ത് ബഹുമുഖ പ്രവര്‍ത്തനങ്ങളാണ് ചേരമാന്‍ ജുമാമസ്ജിദിന് കീഴില്‍ നടക്കുന്നത്. എല്ലാ വര്‍ഷവും ബജറ്റില്‍ ഇതിനായി മൂന്ന് ലക്ഷത്തിലധികം രൂപ നീക്കിവെക്കുന്നു. ഗവണ്‍മെന്റില്‍ നിന്ന് ലഭിക്കുന്ന മദ്‌റസാ ഫണ്ട് ഇതിന് പുറമെയാണ്. ഹൈസ്‌കൂള്‍,+2 വിദ്യാര്‍ഥികള്‍ക്കുള്ള ട്യൂഷന്‍,മെഡിക്കല്‍-എഞ്ചിനീയറിംഗ് തുടങ്ങി പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് വാര്‍ഷിക ധനസഹായം, അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് മാസാന്ത സ്‌കോളര്‍ഷിപ്പ്, ഗൈഡന്‍സ്-മോട്ടിവേഷന്‍ ക്ലാസുകള്‍, കമ്പ്യൂട്ടര്‍ ലാബ് തുടങ്ങിയവ ഇതില്‍ പ്രധാനമാണ്. സ്‌കൂള്‍ വിഷയങ്ങള്‍ക്കെല്ലാം മഹല്ലിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ട്യൂഷന്‍ നല്‍കുന്നു. അതില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരാന്‍ വേണ്ടി സൗജന്യ വാഹന സൗകര്യം മഹല്ല് തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 7 കമ്പ്യൂട്ടറുകളുള്ളതാണ് പള്ളിയുടെ കമ്പ്യൂട്ടര്‍ ലാബ്. 380-ല്‍ പരം കുട്ടികളാണ് ട്യൂഷന്‍ ക്ലാസുകള്‍ ഉപയോഗപ്പെടുത്തുന്നത്. കേന്ദ്രഗവണ്‍മെന്റിന്റെ മദ്രസാസ്‌കോളര്‍ഷിപ്പ് 2006 മുതല്‍ ചേരമാന്‍ മസ്ജിദിനു കീഴിലെ ഏഴ് മദ്‌റസകള്‍ക്ക് കിട്ടുന്നുണ്ട്. തൃശൂര്‍ ജില്ലയില്‍ നിന്ന് ആദ്യം അപേക്ഷിച്ച 14 മദ്‌റസകളില്‍ 7-ഉം കമ്മിറ്റിയുടെതായിരുന്നു. കേരളത്തിലെ മുസ്‌ലിം നേതൃത്വം പൊതുവെ പേടിച്ചുനിന്നപ്പോഴാണ് ചേരമാന്‍ മസ്ജിദ് കമ്മിറ്റി ധൈര്യപൂര്‍വം ഈ രംഗത്ത് ഗുണഭോക്താക്കളായത്. ഈ ഇനത്തില്‍ ഇതുവരെ 26 ലക്ഷത്തിലധികം രൂപയാണ് കിട്ടിയത്. 2012-2013 വര്‍ഷത്തില്‍ മാത്രം 12 ലക്ഷം ലഭിക്കുകയുണ്ടായി.
കേരള ഗവണ്‍മെന്റിന്റെ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിനുവേണ്ടി കമ്മിറ്റി ശ്രമം നടത്തിയിരുന്നെങ്കിലും കിട്ടിയില്ല. പകരം സിവില്‍ സര്‍വീസ് കോച്ചിങ്ങിനുള്ള ഒരു സബ് സെന്റര്‍ അനുവദിച്ച് കിട്ടിയിട്ടുണ്ട്. പി.എസ്.സിയുടെ പരീക്ഷകളും മറ്റും മഹല്ലു നിവാസികളെയും തൊട്ടടുത്ത മഹല്ലുകളെയും രേഖാമൂലം അറിയിക്കാനും അപേക്ഷകള്‍ സമര്‍പ്പിക്കാനും സൗകര്യങ്ങളൊരുക്കുകയും പരിശീലന പരിപാടികള്‍ നടത്തുകയും ചെയ്യുന്നു.
മഹല്ലിനു കീഴിലെ ഏഴ് മദ്‌റസകളിലായി 342 വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ദീനീരംഗത്ത് പൊതുവെ അല്‍പം പിറകിലായിരുന്ന പ്രദേശത്തിന്റെ ഇസ്‌ലാമിക സംസ്‌കാരം നിലനിര്‍ത്തുന്നതില്‍ ഈ മദ്‌റസകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ദീനീ പഠനത്തിന് താല്‍പര്യപ്പെടുന്ന കുട്ടികളുടെ മുഴുവന്‍ ചെലവും മഹല്ല് കമ്മിറ്റി വഹിക്കുന്നു. ഇപ്പോള്‍ രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ദീനീസ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. ഇതിനു പുറമെ, മഹല്ല് നിവാസികള്‍ക്ക് -വിശേഷിച്ചും സ്ത്രീകള്‍ക്കു വേണ്ടി-ഖുര്‍ആന്‍ പഠന ക്ലാസുകളും മറ്റും വ്യവസ്ഥാപിതമായി നടന്നു വരുന്നു.
5. വിവാഹപൂര്‍വ കൗണ്‍സലിംഗ്: വിവാഹത്തിനുമുമ്പുള്ള നിര്‍ബന്ധിതവും വ്യവസ്ഥാപിതവുമായ കൗണ്‍സലിംഗ് ക്ലാസുകളും വിവാഹാനന്തര-കുടുംബ കൗണ്‍സലിംഗ് പരിപാടികളും ചേരമാന്‍ ജുമാമസ്ജിദിന്റെ ശ്രദ്ധേയമായ സംരംഭങ്ങളാണ്. വൈവാഹിക രംഗത്ത്, പ്രത്യേകിച്ചു സമീപകാലത്ത് കണ്ടുവരുന്ന ദൗര്‍ഭാഗ്യകരമായ പ്രവണതകളെക്കുറിച്ച ചര്‍ച്ചയില്‍ നിന്നാണ് പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ് മഹല്ല് തലത്തില്‍ നടപ്പാക്കാന്‍ തീരുമാനമെടുത്തത്. വിവാഹപ്രായമെത്തിയ ആണ്‍-പെണ്‍കുട്ടികള്‍ അതില്‍ നിര്‍ബന്ധമായും പങ്കെടുക്കണം എന്ന് കമ്മിറ്റി പ്രഖ്യാപിച്ചു. മഹല്ല് നടത്തുന്ന പ്രീ മാരിറ്റല്‍ ക്ലാസുകളില്‍ പങ്കെടുത്തവരുടെ വിവാഹം മാത്രമേ മഹല്ലില്‍ നടത്തുകയുള്ളു എന്ന സുപ്രധാന തീരുമാനവും കമ്മിറ്റി കൈകൊണ്ടു. ഇതു സംബന്ധിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. ചെറിയ ആശങ്കകളും ഒറ്റപ്പെട്ട എതിര്‍പ്പുകളും തുടക്കത്തില്‍ ഉണ്ടായെങ്കിലും കമ്മിറ്റി അതിനെ സധീരം മറികടന്നു. ഇപ്പോള്‍, പ്രീ മാരിറ്റല്‍ ക്ലാസിന്റെ അനിവാര്യത എല്ലാവരും അംഗീകരിക്കുകയും അതില്‍ സജീവ പങ്കാളികളാവുകയും ചെയ്യുന്നു. ബോധവല്‍ക്കരണ ക്ലാസുകളും പ്രസംഗങ്ങളും നടത്തുകയും ലഘുലേഖകള്‍ പുറത്തിറക്കുകയും ചെയ്യുന്നു. മാസത്തില്‍ എല്ലാ രണ്ടാം ശനിയാഴ്ചയും വൈകുന്നേരം 3 മുതല്‍ 5.30 വരെയാണ് ക്ലാസ്. ഒന്നാം സെഷനില്‍ ഇമാമിന്റെ ഇസ്‌ലാമിക പഠനക്ലാസും, രണ്ടാം സെഷനില്‍ മനഃശാസ്ത്ര വിദഗ്ധരുടെ ക്ലാസുകളുമാണ് നടക്കുക. 13 ക്ലാസുള്ള ഒരു മൊഡ്യൂള്‍ ഇതിനായി തയാറാക്കിയിട്ടുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചാണ് പങ്കെടുക്കുന്നത്. തുടക്കത്തില്‍ പള്ളിയില്‍ അനൗണ്‍സ് ചെയ്യാറുണ്ടായിരുന്നെങ്കിലും, ഇപ്പോള്‍ അതില്ലാതെ തന്നെ കുട്ടികള്‍ ഇതില്‍ പങ്കെടുക്കാനെത്തുന്നു. ഇതിനുപുറമേ ഹാപ്പി ഫാമിലി എന്ന തലക്കെട്ടില്‍ വര്‍ഷത്തില്‍ ഒരു തവണ, വിവാഹ പൂര്‍വകൗണ്‍സലിംഗ് പരിപാടിയും നടക്കുന്നു.
6. സമൂഹ വിവാഹം: 25 വയസിന് മുകളില്‍ പ്രായമുള്ള അവിവാഹിതരായി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി മഹല്ല് കമ്മിറ്റി സമൂഹവിവാഹം സംഘടിപ്പിക്കുകയുണ്ടായി. ഇതിന്റെ എല്ലാ ചെലവുകളും മഹല്ലാണ് വഹിച്ചിരുന്നത്. എന്നാല്‍, ഇത്തരമൊരു വേദിയില്‍ വന്നിരിക്കുമ്പോള്‍ വധൂവരന്മാര്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങള്‍ മനസ്സിലാക്കി, പിന്നീട് വിവാഹം വീടുകളില്‍തന്നെ നടത്തുകയും ധനസഹായം നല്‍കുകയും ചെയ്യുന്ന രീതിയിലേക്ക് മാറി. നേരത്തെ സൂചിപ്പിച്ച എ,ബി ഗ്രേഡുകളിലുള്ളവരുടെ വിവാഹങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിവാഹ സെസില്‍ നിന്നാണ് നിര്‍ധനയുവതികളുടെ വിവാഹ ഫണ്ട് ശേഖരിക്കുന്നത്. പലരും ഇതിനോട് നന്നായി സഹകരിക്കുന്നു.
7. പെന്‍ഷന്‍: സംരക്ഷിക്കാന്‍ പ്രാപ്തരായ ആണ്‍മക്കളില്ലാത്ത 65 വയസ്സ് കഴിഞ്ഞവര്‍ക്ക് മാസാന്തം 300 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി നാല് വര്‍ഷമായി നടപ്പിലുണ്ട്. ഇപ്പോള്‍ 42 പേര്‍ ഇതിന്റെ ഗുണഭോക്താക്കളാണ്.
ചികിത്സ, വീടുനിര്‍മാണം തുടങ്ങിയവക്കുള്ള സഹായ പദ്ധതികള്‍, മരണാനന്തര ചടങ്ങുകളുടെ ഉത്തരവാദിത്തം തുടങ്ങിയ കാര്യങ്ങളും മഹല്ലിനു കീഴിലുണ്ട്. മരണാനന്തര കര്‍മ്മങ്ങള്‍ക്കായി പ്രത്യേക സംവിധാനമൊരുക്കിയിരിക്കുന്നു. സാമ്പത്തികവും മറ്റുമായ എല്ലാ കാര്യങ്ങളും മഹല്ല് നിര്‍വഹിക്കും; മരിച്ചവരുടെ ബന്ധുക്കള്‍ ആ സന്ദര്‍ഭത്തില്‍ അതിന് വേണ്ടി പ്രയാസപ്പെടേണ്ടതില്ല. ഇതിനായുള്ള ഫണ്ടിലേക്ക് ഓരോ വീട്ടില്‍ നിന്നും അഞ്ചുരൂപ അടക്കണം. ഇങ്ങനെ ലഭിക്കുന്ന സംഖ്യയില്‍ നിന്ന് ചെലവ് കഴിച്ച് ബാക്കി വരുന്ന തുക, മരിച്ച വ്യക്തിയുടെ കുടുംബം ദരിദ്രരാണെങ്കില്‍ അവര്‍ക്ക് നല്‍കും. എ.ബി. കാറ്റഗറിയില്‍ പെട്ടവര്‍ക്ക്, ചെലവാകുന്ന സംഖ്യ പിന്നീട് മഹല്ലിലേക്ക് നല്‍കാം. എന്നാല്‍ സി,ഡി കാറ്റഗറിയില്‍ പെട്ടവരില്‍ നിന്ന് അതും സ്വീകരിക്കാറില്ല.
പള്ളികളിലെ ഇമാം, മദ്‌റസാ അധ്യാപകര്‍, ഓഫീസ് സ്റ്റാഫ് ഉള്‍പ്പെടെ 33 പേര്‍ മഹല്ലില്‍ വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്നു. ഇവരുടെ ശമ്പളത്തിനുമാത്രം മൂന്നരലക്ഷത്തിലേറെ രൂപ മാസാന്തം ചെലവ് വരുന്നുണ്ട്. പ്രദേശത്തെ അമുസ്‌ലിം സഹോദരങ്ങളില്‍ അര്‍ഹരായവരെയും മഹല്ലിന്റെ വിവിധ സഹായ പദ്ധതികളുടെ ഗുണഭോക്താക്കളായി പരിഗണിക്കുന്നുവെന്നതും അടിവരയിടേണ്ടതാണ്.
മഹല്ലിന്റെ ഇത്തരം ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയൊരു സംഖ്യ മാസാന്തം ചെലവ് വരുന്നതിനാല്‍, അംഗങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ക്കപ്പുറം സ്ഥിരവരുമാനത്തിനുള്ള സംവിധാനവും മഹല്ലില്‍ ഉണ്ടാക്കിയിട്ടുണ്ട്. വരുമാനസ്രോതസ്സായി ഒരു ഷോപ്പിംഗ് കോംപ്ലക്‌സ് നിലവിലുണ്ട്, മറ്റൊന്ന് പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. ഭാവിപ്രവര്‍ത്തനങ്ങള്‍ക്കായി വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികളും കമ്മിറ്റി ആവിഷ്‌കരിക്കുന്നുവെന്നര്‍ഥം. അതേ സമയം, പണം കൈകാര്യം ചെയ്യുന്നതിലുള്ള സൂക്ഷ്മതയും കൃത്യവും കണിശവുമായ ജനപ്രതിനിധികളുടെ ഓഡിറ്റിംഗും സാമ്പത്തിക സുതാര്യതക്ക് കാരണമാകുന്നു. മഹല്ലിന്റെ സാമൂഹിക-സാംസ്‌കാരിക അന്തരീക്ഷത്തെ ഗുണപരമായി സ്വാധീനിക്കാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.
ഇതുപോലെ മാതൃകാപരമായ ചില പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വേറെയും മഹല്ലുജമാഅത്തുകള്‍ കേരളത്തിലുണ്ട്. കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് നടുവില്‍ മഹല്ലും ഉളിയില്‍ മഹല്ലിലെ 'ഉമ്മ' സംഘടനയും മലപ്പുറം മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദും കൊല്ലം ജില്ലയിലെ കുളുത്തൂപുഴ മഹല്ലും ഉദാഹരണം. സമസ്തയുടെ കീഴിലുള്ള സുന്നി മഹല്ല് ഫെഡറേഷന്‍, വിദ്യാഭ്യാസ-തൊഴില്‍ മാര്‍ഗ ദര്‍ശകവേദിയായ 'സിജി'യുടെ കീഴില്‍ നടപ്പിലാക്കിയ 'സെയ്ജ്' തുടങ്ങിയവ ഈ രംഗത്ത് പ്രായോഗികമായ ഒട്ടേറെ പദ്ധതികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

ബാക്കിയാകുന്ന ചോദ്യങ്ങള്‍
         ഒട്ടേറെ പദ്ധതികളും ഇത്തരം ചില മാതൃകകളും നമ്മുടെ മുമ്പിലുണ്ടെങ്കിലും മഹാഭൂരിപക്ഷം മഹല്ലുകളും ഇപ്പോഴും പഴയപടി തുടരുന്നതിന്റെ കാരണമെന്താണ്? ചേരമാന്‍ മസ്ജിദിന്റേതുള്‍പ്പെടെയുള്ള മാതൃകകള്‍ പിന്തുടരാന്‍ എത്ര മഹല്ല് നേതാക്കള്‍ മുന്നോട്ടുവരും? മഹല്ല് ശാക്തീകരണവും മഹല്ല് വികസനവും മാതൃകാ മഹല്ലുമൊക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. ലേഖനം, പ്രസംഗം, ലഘുലേഖ, പവര്‍പോയിന്റ് പ്രസന്റേഷന്‍ തുടങ്ങിയവ ധാരാളമുണ്ടായിട്ടുണ്ട്. പക്ഷേ, ഏട്ടിലെ പശുക്കളായി തുടരുകയാണവ. സമൂഹത്തിന്റെ സര്‍വതോമുഖവളര്‍ച്ചക്ക് സഹായകമാകുന്ന, ഏറ്റവും നല്ല സംവിധാനമാണ് മഹല്ലുകള്‍. പക്ഷെ, മുസ്‌ലിം സമൂഹത്തിന്റെ ഈ അടിസ്ഥാന മേഖല അവഗണിക്കപ്പെടുകയാണ്. ക്ഷണിക ബഹളങ്ങളിലും മതതര്‍ക്കങ്ങളിലും അഭിരമിക്കാനാണ് നമ്മുടെ മതനേതൃത്വത്തിന് പൊതുവെ താല്‍പര്യം. സമുദായത്തിന്റെ ജീവല്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ അവര്‍ക്ക് കാര്യമായ പദ്ധതികളില്ല. ഉണ്ടായിരുന്നെങ്കില്‍ മുസ്‌ലിം സമൂഹത്തിന്റെ വര്‍ത്തമാനം ഇങ്ങനെയാകുമായിരുന്നില്ലല്ലോ. പള്ളികളെ തടഞ്ഞിട്ട് വഴിനടക്കാന്‍ കഴിയാത്ത അവസ്ഥയാണ് നമുക്കുള്ളത്. മതസംഘടനകള്‍ മത്സരിച്ച് പള്ളികള്‍ പണിതു കൊണ്ടേയിരിക്കുന്നു. എന്നിട്ടും, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വര്‍ധിക്കുന്നതിന്റെ കാരണമെന്താണ്? കുടുംബശൈഥില്യങ്ങളും വിവാഹമോചനങ്ങളും പെരുകിവരുന്നത് എന്തുകൊണ്ടാണ്? വൈവാഹിക രംഗത്ത് ധൂര്‍ത്തും മറ്റു കോപ്രായങ്ങളും മഹല്ല് നേതൃത്വത്തിന്റെ മുന്നിലല്ലേ നടക്കുന്നത്? ഉദ്യോഗമണ്ഡലത്തിലെ പ്രാതിനിധ്യക്കുറവും പ്രതിഭാ ദാരിദ്ര്യവും അനുഭവിക്കുന്ന സമുദായം, അതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആഘോഷിച്ചു. അതിനപ്പുറം മാനവ വിഭവശേഷി വികസനത്തിന് (എച്.ആര്‍.ഡി)പ്രായോഗിക പദ്ധതികള്‍ ആവിഷ്‌കരിച്ച മഹല്ലുകള്‍ ഏതൊക്കെയാണ്? കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് നമ്മുടെ മഹല്ലുകള്‍ വാര്‍ത്തെടുത്ത പ്രതിഭാധനര്‍ എത്രപേരുണ്ട്? പ്രവാസികളാണ് പല മഹല്ലുകളുടെയും മുഖ്യസാമ്പത്തിക സ്രോതസ്സ്. പക്ഷെ, ആ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് മഹല്ല് നേതാക്കള്‍ എന്താണ് തിരിച്ചുകൊടുത്തത്? അവരുടെ കുട്ടികള്‍ നമ്മുടെ മതനേതൃത്വത്തിന്റെ സംരക്ഷണത്തില്‍ സുരക്ഷിതരാണോ?
സ്വന്തം മഹല്ലിനെക്കുറിച്ച്, കൃത്യവും ഉപയോഗപ്രദവുമായ വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാബാങ്ക് സൂക്ഷിക്കുന്ന മഹല്ലുകള്‍ എത്രയുണ്ട്? 1960-കളില്‍ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ തയാറാക്കിയ സ്ഥിതിവിവരക്കണക്കാണ് ഇന്നും നമ്മുടെ റഫറന്‍സ്. എന്തുകൊണ്ട് സംഘടനാ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ഒരു സമഗ്ര സര്‍വെ നടത്താന്‍ മതസംഘടനകള്‍ മുന്നോട്ട് വരുന്നില്ല? കേരള മസ്ജിദ് കൗണ്‍സില്‍ പോലുള്ളവ ഈ രംഗത്ത് തീവ്രയത്‌ന പരിപാടിയുമായി മുന്നിട്ടിറങ്ങിയാല്‍ സംഘടനാതീതമായി മുസ്‌ലിം സമൂഹത്തില്‍ നിന്ന് വിശേഷിച്ചും വിദ്യാസമ്പന്നരും സംഘടനാകക്ഷിത്വങ്ങളില്‍ വിമുഖരുമായ പുതുതലമുറയില്‍ നിന്ന് വലിയ പിന്തുണ പ്രതീക്ഷിക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/49-52
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം