Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 21

റഷ്യ-അമേരിക്ക പോരില്‍ വിസ്മരിക്കപ്പെടുന്ന ക്രീമിയന്‍ തത്താറുകള്‍

അബൂസ്വാലിഹ /മുദ്രകള്‍

         പ്രതിപക്ഷ പ്രക്ഷോഭം രൂക്ഷമായതിനെതുടര്‍ന്ന് റഷ്യന്‍ അനുകൂല യുക്രൈന്‍ പ്രസിഡന്റ് വിക്തര്‍ യാനുകോവിച്ച് നാട്‌വിടുന്നു. യുക്രൈന്റെ ഭാഗമായ ക്രീമിയയില്‍ സൈന്യത്തെ വിന്യസിച്ച് കൊണ്ട് റഷ്യ തിരിച്ചടിക്കുന്നു. സൈനികമായി ഇടപെട്ടാല്‍ നോക്കിയിരിക്കില്ലെന്ന് അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും. തന്ത്രപ്രധാനമായ കരിങ്കടല്‍ മേഖലയുടെ ആധിപത്യത്തിന് വേണ്ടിയുള്ള റഷ്യ-അമേരിക്ക മത്സരമാണിതെന്നും, യുക്രൈനും ക്രീമിയയുമൊക്കെ കളത്തിലെ വെറും കരുക്കള്‍ മാത്രമെന്നും അന്താരാഷ്ട്ര നിരീക്ഷകര്‍. ഇതിനിടയില്‍ ക്രീമിയയിലെ ഭൂരിപക്ഷ സമൂഹമായ റഷ്യന്‍ വംശജരെക്കുറിച്ച് ഫീച്ചറുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇവിടെ മാത്രം റഷ്യന്‍ വംശജര്‍ എങ്ങനെ ഭൂരിപക്ഷമായി? ആ ചോദ്യം ആരും ചോദിച്ചില്ല. ചോദിച്ചാല്‍ ഒരു ജന വിഭാഗത്തിന്റെ ദുരന്തകഥ ചുരുളഴിയും; മുസ്‌ലിംകളായ ക്രീമിയന്‍ തത്താറുകളുടെ.
റഷ്യക്കാര്‍ ക്രീമിയയില്‍ കുടിയിരുത്തപ്പെട്ടവരാണ്. തത്താറുകളാണ് ഇവിടത്തെ ആദിമ നിവാസികള്‍. മധ്യനൂറ്റാണ്ടുകളില്‍ പ്രബലമായിരുന്ന ക്രീമിയന്‍ ഖാനേറ്റിന്റെ പിന്‍ഗാമികളാണ് സുന്നി മുസ്‌ലിംകളായ തത്താരികള്‍. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് റഷ്യക്കാര്‍ ഇത് പിടിച്ചടക്കിയത്. റഷ്യയില്‍ പലരും മാറിമാറി ഭരണത്തില്‍ വന്നെങ്കിലും അവരെല്ലാം ക്രീമിയന്‍ തത്താറുകളെ വംശീയമായി ഉന്മൂലനം ചെയ്യാനാണ് ശ്രമിച്ചത്. അതില്‍ ഏറ്റവും ഭീകരമായ ഉന്മൂലന ശ്രമമുണ്ടായത് ജോസഫ് സ്റ്റാലിനെന്ന കമ്മ്യൂണിസ്റ്റ് ഏകാധിപതിയുടെ കാലത്താണ്. 1944-ല്‍ നാസി ആധിപത്യത്തില്‍ നിന്ന് ക്രീമിയ മോചിപ്പിക്കപ്പെട്ട ഉടന്‍ ക്രീമിയന്‍ തത്താറുകളെ ഒന്നടങ്കം അവിടെ നിന്ന് മധ്യേഷ്യയിലേക്കും സൈബീരിയയിലേക്കും നാട് കടത്താന്‍ സ്റ്റാലിന്‍ ഉത്തരവിട്ടു. ക്രീമിയന്‍ മുസ്‌ലിംകള്‍ നാസികളുമായി സഹകരിച്ചു എന്ന കള്ളക്കഥയുണ്ടാക്കിയാണ് സ്റ്റാലിന്‍ ഈ ഭീകരകൃത്യത്തിന് മുതിര്‍ന്നത്. രണ്ട് ലക്ഷം വരുന്ന തത്താറുകളോട് മുപ്പത് മിനുട്ടിനകം എല്ലാം കെട്ടിപ്പെറുക്കി സ്ഥലം വിടാനാണ് ഉത്തരവുണ്ടായത്. ഈ കൂട്ടപ്പലായനത്തിനിടക്ക് പകുതിപേരും വഴിയില്‍ മരിച്ചൊടുങ്ങി. തത്താറുകളെ ഒഴിപ്പിച്ച പ്രദേശങ്ങളില്‍ സ്റ്റാലിന്‍ റഷ്യന്‍ വംശജരെ കുടിയിരുത്തി. 'സര്‍ഗുന്‍'(Surgun) എന്നാണ് തത്താറുകള്‍ ഈ പിഴുത് മാറ്റലിനെ വിളിക്കുന്നത്. 2014 മെയ്മാസത്തില്‍ ഈ ദുരന്തത്തിന്റെ എഴുപതാം വാര്‍ഷികമാണ്.
അപ്പോഴാണ് പുതിയ പ്രതിസന്ധി ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നത്. റഷ്യന്‍ വംശജരെ സംരക്ഷിക്കാന്‍ സൈന്യത്തെ അയക്കുമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്റെ ഭീഷണി. ഇത് ക്രീമിയന്‍ മുസ്‌ലിംകളെയായിരിക്കും കൂടുതല്‍ പ്രതികൂലമായി ബാധിക്കുക. കാരണം, തത്താറുകളുടെ ആവാസ പ്രദേശങ്ങളിലാണ് റഷ്യക്കാര്‍ കുടിയിരുത്തപ്പെട്ടത്. അതിനാല്‍ റഷ്യന്‍-തത്താര്‍ സംഘര്‍ഷങ്ങള്‍ ക്രീമിയയില്‍ പതിവാണ്. റഷ്യന്‍ സൈന്യം എത്തുന്നതോടെ അവര്‍ ഏത് പക്ഷത്ത് നില്‍ക്കുമെന്ന് പറയേണ്ടതില്ല.
അതിനാല്‍ റഷ്യന്‍ ഇടപെടലിനെതിരെ കടുത്ത നിലപാടെടുത്തിരിക്കുകയാണ് തത്താറുകളുടെ ഏറ്റവും വലിയ രാഷ്ട്രീയ കൂട്ടായ്മയായ ക്രീമിയന്‍ തത്താര്‍ മജ്‌ലിസ്. അവര്‍ യുക്രൈന്‍ തലസ്ഥാനമായ കീവിലെ പ്രതിപക്ഷസഖ്യത്തോടൊപ്പം ഉറച്ചു നില്‍ക്കുന്നു. ഈ രാഷ്ട്രീയ നിലപാട് കാരണം ക്രീമിയന്‍ മുസ്‌ലിംകള്‍ മറ്റൊരു ഉന്മൂലന ഭീഷണിയുടെ നിഴലിലാണ്. തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഈ വിഷയത്തില്‍ തന്റെ ആശങ്ക റഷ്യയെ അറിയിച്ച് കഴിഞ്ഞു. പല ഉന്മൂലനശ്രമങ്ങള്‍ക്ക് വിധേയരായിട്ടും തത്താര്‍ മുസ്‌ലിംകള്‍ മൊത്തം ജനസംഖ്യയുടെ 14ശതമാനം(മൂന്ന് ലക്ഷം പേര്‍) വരുമെന്നതും അവര്‍ക്ക് ശക്തമായ രാഷ്ട്രീയ കൂട്ടായ്മ ഉണ്ട് എന്നതും പൊതുവെ ലോകാഭിപ്രായത്തോടൊപ്പമാണ് അവര്‍ നിലകൊള്ളുന്നത് എന്നതും ആശ്വാസത്തിന് വകനല്‍കുന്നു.

മാര്‍ഷല്‍ മുഹമ്മദ് ഖാസിം ഫഹീമിന്റെ വിടവാങ്ങല്‍


         അഫ്ഗാന്‍ രാഷ്ട്രീയത്തിലെ പ്രബല ശക്തിയായ 'വടക്കന്‍ സഖ്യ'ത്തെക്കുറിച്ച് പറയുമ്പോഴെല്ലാം പാശ്ചാത്യ മീഡിയ പുറത്തിടുന്ന ഒരു പ്രയോഗമുണ്ട്, 'യുദ്ധപ്രഭുക്കള്‍'. പ്രയോഗിക്കുന്നത് ബഹുവചനമായിട്ടാണെങ്കിലും അതിന്റെ മുന മുഖ്യമായും നീളുന്നത് ഒരാളിലേക്ക് മാത്രമാണ് - കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് 57-ാം വയസ്സില്‍ പ്രമേഹ ബാധിതനായി മരണപ്പെട്ട മാര്‍ഷല്‍ മുഹമ്മദ് ഖാസിം ഫഹീമിലേക്ക്. അഫ്ഗാനിലെ പ്രബല വംശീയവിഭാഗങ്ങളിലൊന്നായ താജിക്കുകളുടെ അനിഷേധ്യ നേതാവായ അദ്ദേഹം മരിക്കുമ്പോള്‍ രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു. പാശ്ചാത്യ വിവരണം പക്ഷപാതപരമാണെങ്കിലും അതില്‍ കുറെ ശരിയുമുണ്ട്. ഫഹീമിന്റെ നേതൃത്വത്തിലുള്ള സൈന്യം അഫ്ഗാന്‍ ആഭ്യന്തരയുദ്ധത്തിലും പിന്നീട് രാഷ്ട്രീയത്തിലും ഇടപെട്ടത് നീതിയും ന്യായവും നോക്കി മാത്രമായിരുന്നില്ല. രാഷ്ട്രീയ താല്‍പര്യങ്ങളും അദ്ദേഹത്തെ ഇടക്കിടെ കളംമാറി ചവിട്ടാന്‍ പ്രേരിപ്പിച്ചു.
അഫ്ഗാന്‍ ജിഹാദിന്റെ മുന്നണിപ്പോരാളികളിലൊരാളായിരുന്ന അഹ്മദ് ഷാ മസ്ഊദിന്റെ തട്ടകമായ പാഞ്ചശീര്‍ താഴവരയിലായിരുന്നു ഫഹീമിന്റെ ജനനം. അഫ്ഗാനിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ രഹസ്യപ്പോലീസായ 'ഖാദി'(KHAD)ല്‍ അംഗമായി ചേര്‍ന്ന ഫഹീം തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനത്തില്‍ സോവിയറ്റ് അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിലേക്ക് കളം മാറി. പിന്നെയാണ് 'പാഞ്ചശീര്‍ സിംഹം' എന്നറിയപ്പെടുന്ന അഹമദ് ഷാ മസ്ഊദുമായി സന്ധിക്കുന്നത്. മസ്ഊദിന്റെ വലം കൈയായി മാറാന്‍ ഫഹീമിന് അധികസമയം വേണ്ടിവന്നില്ല. അപ്പോഴും ഫഹീമിനെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ മസ്ഊദ് തയ്യാറായില്ല. അതുകൊണ്ടാവാം ഫഹീമിന്റെ ചുമതലകള്‍ അദ്ദേഹം നിരന്തരം മാറ്റിക്കൊണ്ടിരുന്നത്. 2001 സെപ്റ്റംബര്‍ 9-ന് താലിബാന്‍ അനുകൂലികളുടെ കൈയാല്‍ മസ്ഊദ് വധിക്കപ്പെട്ടപ്പോള്‍ താജിക് സേനയുടെ നിയന്ത്രണം സ്വാഭാവികമായും ഫഹീമില്‍ വന്നു ചേര്‍ന്നു. തന്റെ സൈന്യത്തെ ദേശീയ സൈന്യത്തില്‍ ചേര്‍ക്കാതെ സ്വതന്ത്രമായി നിലനിര്‍ത്തിയിരുന്നു മരിക്കുന്നതു വരെ ഫഹീം. ശത്രുക്കള്‍ നിരവധിയുണ്ടായിരുന്നതിനാല്‍ ഒന്നിലധികം വധശ്രമങ്ങളില്‍ നിന്ന് അത്ഭുതകരമായാണ് അദ്ദേഹം രക്ഷപ്പെട്ടത്.
എന്നാല്‍, അഹ്മദ് ഷാ മസ്ഊദിന്റെ സഹോദരന്‍ അഹ്മദ് വാലി മസ്ഊദ് അല്‍ ജസീറ(ഇംഗ്ലീഷ്)യില്‍ എഴുതിയ അനുസ്മരണ ലേഖനത്തില്‍ (മാര്‍ച്ച്-10) നിസ്വാര്‍ഥിയും ദേശസ്‌നേഹിയുമായ നേതാവായിട്ടാണ് ഫഹീമിനെ പരിചയപ്പെടുത്തുന്നത്. താലിബാനെ പുറത്താക്കാന്‍ അദ്ദേഹം 'നാറ്റോ' സൈന്യത്തോടൊപ്പം ചേര്‍ന്നത് ദേശതാല്‍പര്യം മുന്‍നിര്‍ത്തിയായിരുന്നുവെന്നും അദ്ദേഹം എഴുതുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, ഹാമിദ് കര്‍സായി ഭരണകൂടത്തില്‍ വൈസ് പ്രസിഡന്റായിരിക്കെ തന്നെ, കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കര്‍സായിയോട് തോറ്റ ഡോ. അബ്ദുല്ല അബ്ദുല്ലയെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഫഹീം പിന്തുണച്ചത്. വരുന്ന ഏപ്രില്‍ അഞ്ചിനാണ് അഫ്ഗാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഒട്ടുവളരെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കീറാമുട്ടികളായി കിടക്കുന്നു. ഇത്തരമൊരു സങ്കീര്‍ണ സാഹചര്യത്തില്‍ ഫഹീമിനെപ്പോലുള്ള ഒരു പ്രബലന്റെ വേര്‍പാട് വലിയ ശൂന്യത സൃഷ്ടിക്കുമെന്നാണ് അല്‍ജസീറ കോളമിസ്റ്റിന്റെ വിലയിരുത്തല്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/49-52
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം