Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 21

ഇമാമുമാരുടെ ജീവിതപാഠങ്ങള്‍

പി.കെ ജമാല്‍ /ചരിത്രം

         ഇമാം ശാഫിഈയും ഇമാം അബൂഹനീഫയും ജീവിത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലും വസ്ത്രധാരണത്തിലും ഇമാം മാലികിനെ അനുധാവനം ചെയ്തവരായിരുന്നു. പണ്ഡിതന്‍ നിസ്വനും ദരിദ്രനുമായി കഴിഞ്ഞ് കൊള്ളണമെന്ന അഭിപ്രായം ഇല്ലായിരുന്നു അവര്‍ക്ക്. ദൈവഭക്തിയുടെ ലക്ഷണം ദാരിദ്ര്യമാണെന്നും അവര്‍ കരുതിയില്ല. അന്തസ്സുള്ള വേഷം ധരിച്ച് പ്രൗഢിയോടെ സമൂഹമധ്യത്തില്‍ പ്രത്യക്ഷപ്പെടണമെന്ന ആഗ്രഹം ഒരിക്കലും ഇസ്‌ലാമിക ജീവിത വീക്ഷണത്തിനെതിരല്ലെന്ന ഉറച്ച ബോധ്യം അവര്‍ക്കുണ്ടായിരുന്നു. ''ഒരാള്‍ മനോഹര വസ്ത്രവും നല്ല പാദരക്ഷയും ധരിക്കാനിഷ്ടപ്പെടുന്നത് അഹങ്കാരമായി ഗണിക്കാമോ പ്രവാചകരേ?'' എന്ന ചോദ്യത്തിന് നബി(സ) നല്‍കിയ മറുപടി: ''അല്ലാഹു സുന്ദരനാണ്. സൗന്ദര്യം അവന്‍ ഇഷ്ടപ്പെടുന്നു'' എന്നായിരുന്നു. വിശ്വാസിക്കുണ്ടാവേണ്ട സൗന്ദര്യബോധത്തെക്കുറിച്ചാണ് പ്രവാചകന്‍ ഇവിടെ സൂചിപ്പിക്കുന്നത്.
വസ്ത്രധാരണമുള്‍പ്പെടെ ജീവിതത്തിലുടനീളം ലാളിത്യം ശീലമാക്കുന്നവരുണ്ട്. കൊച്ചു വസതി, ലളിതമായ ആഹാരം, അനാര്‍ഭാടമായ വേഷം ഇങ്ങനെ അങ്ങേയറ്റം വിനയത്തിന്റെയും താഴ്മയുടെയും എളിമയുടെയും മാതൃകകളായി ജീവിക്കുന്നവരുണ്ട്. അഹ്മദുബ്‌നു ഹമ്പല്‍ അങ്ങനെയായിരുന്നു. ''ഒരു നേരത്തെ ആഹാരത്തിന് റൊട്ടി പീടികയില്‍ തന്റെ പാദരക്ഷകള്‍ പണയം വെച്ചിരുന്നു ഇമാം അഹ്മദ്(റ). കുപ്പായം വിറ്റ് വിശപ്പടക്കേണ്ട അവസ്ഥയും ഇമാം അഹ്മദിനുണ്ടായിട്ടുണ്ട്'' (താരീഖുദിമശ്ഖ് 5/304). ഇമാം അഹ്മദിന്റെ ചെരുപ്പ് നന്നാക്കി കൊടുത്ത മര്‍റൂദി ഓര്‍ക്കുന്നു: ''ഞാന്‍ നന്നാക്കിക്കൊടുത്ത ആ ചെരുപ്പും ധരിച്ച് പതിനേഴ് കൊല്ലം ഇമാം അഹ്മദ് കഴിഞ്ഞു. ആറോളം ഇടങ്ങളില്‍ തുന്നിയത് പുറമേക്ക് കാണാമായിരുന്നു'' (മനാഖിബുല്‍ ഇമാം അഹ്മദ്, ഇബ്‌നുല്‍ ജൗസി). ഇമാമുമാര്‍ വളര്‍ന്നുവന്ന സാഹചര്യവും അവരുടെ ജീവിതരീതിയെ സ്വാധീനിച്ചിട്ടുണ്ട്. ഇമാം അബൂഹനീഫ വ്യാപാരിയായിരുന്നു. ഇമാം മാലിക്കും വ്യാപാരി. ഇമാം അഹ്മദാവട്ടെ അനാഥനായി ദാരിദ്ര്യത്തിന്റെ മടിത്തട്ടിലാണ് ജനിച്ചുവീണത്. ഇമാം അഹ്മദിന്റെ ജീവിത വീക്ഷണം അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍: ''കുറഞ്ഞ ആഹാരം, ലളിത വേഷം, കുറച്ചു കാലത്തെ സഹനം നിറഞ്ഞ നാളുകള്‍- ഇതല്ലേ ഭൗതികജീവിതത്തിന്റെ ആകത്തുക'' (മനാഖിബുല്‍ ഇമാം അഹ്മദ് 334).
വിജ്ഞാനമാര്‍ജിക്കാനുള്ള യത്‌നവും ദേശാടനവുമായിരുന്നു ഇമാമുമാരുടെ ജീവിതം. കുഞ്ഞുകുട്ടി പരാധീനങ്ങളും പ്രാരാബ്ധങ്ങളും ഒക്കെ ഉണ്ടാവുന്നതിന് മുമ്പേ തന്നെ കഴിയാവുന്നത്ര വിജ്ഞാനം കരസ്ഥമാക്കാനുള്ള വെമ്പലും ബദ്ധപ്പാടും അവരുടെ ചരിത്രത്തില്‍ വായിച്ചറിയാം. ശഅ്ബിയുടെ ഉപദേശം ചെവിക്കൊണ്ട് പണ്ഡിതന്മാരെ തേടിപ്പുറപ്പെട്ട ബാലനായ ഇമാം അബൂഹനീഫയുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. പതിനെട്ടാം വയസ്സിലേത്തന്നെ മദീനയില്‍ ഫത്‌വ കൊടുക്കാന്‍ തുടങ്ങിയിരുന്നു ഇമാം മാലിക്. ഇരുപത്തൊന്നാം വയസ്സില്‍ അധ്യാപനത്തില്‍ മുഴുകിയ ഇമാം മാലിക് തന്റെ ഇരട്ടി പ്രായമുള്ള പല പണ്ഡിതവര്യരുടെയും ഗുരുവായി. ഇമാം ശാഫിഈ ഖുര്‍ആന്‍ മനഃപാഠമാക്കിയത് ഏഴാമത്തെ വയസ്സില്‍. പത്താം വയസ്സില്‍ ഇമാം ശാഫിഈ ഇമാം മാലികിന്റെ മുവത്വ മനഃപാഠമാക്കി കഴിഞ്ഞിരുന്നു. ഹദീസുകള്‍ തേടിയുള്ള സഞ്ചാരം ഇമാം അഹ്മദ് ആരംഭിച്ചത് പതിനഞ്ചാം വയസ്സില്‍. ആ വര്‍ഷമാണ് ഇമാം മാലിക് മരണമടഞ്ഞത്. പുലര്‍ക്കാലെ കൂടുവിട്ടിറങ്ങുന്ന പറവയെ പോലെ ഹദീസുകളും തേടി അഹ്മദ്(റ) അതിരാവിലെ തന്റെ എഴുത്താണിയും താളിയോലയുമായി കൂര വിട്ടിറങ്ങും. ''അഹ്മദ്! ഏതുകാലം വരെ തുടരും ഈ യാത്ര?'' ഇമാമിന്റെ മറുപടി. ''മഷിക്കുപ്പിയുമായി മഖ്ബറ വരെ.''
കര്‍മങ്ങള്‍ക്ക് ഉതകാത്ത വിജ്ഞാനത്തോട് ഇമാം മാലികിന് താല്‍പര്യമില്ലായിരുന്നു. ദൈനംദിന ജീവിതത്തില്‍ പ്രയോജനപ്പെടുന്ന അറിവുകളേ ആര്‍ജിക്കാവൂ എന്ന് ശിഷ്യന്മാരെ അദ്ദേഹം ഉണര്‍ത്തുമായിരുന്നു. തന്റെ വിജ്ഞാനസദസ്സില്‍ ഉയരുന്ന അനാവശ്യ ചോദ്യങ്ങളും അന്വേഷണങ്ങളും നിരുത്സാഹപ്പെടുത്തുമായിരുന്നു ഇമാം. ശിഷ്യന്റെ ചോദ്യങ്ങള്‍ മര്യാദവിട്ട് പണ്ഡിതമ്മന്യത്തിലേക്ക് വഴിമാറുന്നതായി കണ്ടാല്‍ സദസ്സില്‍ നിന്നിറങ്ങി പോവാന്‍ വരെ ഇമാം കല്‍പിക്കുമായിരുന്നു. സംഭവലോകവുമായി ബന്ധലേശമില്ലാത്ത വാചകകസര്‍ത്തുകളിലും വചനശാസ്ത്ര തര്‍ക്കങ്ങളിലും അഭിരമിക്കുന്ന ആര്‍ക്കും തങ്ങളുടെ വിജ്ഞാന സദസ്സില്‍ ഇടമില്ലെന്ന് ഇമാം മാലികിനെ പോലെ തറപ്പിച്ചു പറഞ്ഞവരായിരുന്നു മറ്റു ഇമാമുമാരും. അല്ലാഹുവിന്റെ അസ്മാഅ്-സിഫാത്തുകളെക്കുറിച്ച് അന്നാളുകളില്‍ നിലനിന്ന തര്‍ക്കവിതര്‍ക്കങ്ങളില്‍ നിന്നും ഖണ്ഡന മണ്ഡനങ്ങളില്‍ നിന്നും ബോധപൂര്‍വം വിട്ടുനിന്നവരായിരുന്നു ഇമാമുമാര്‍. ''അര്‍റഹ്മാനു അലല്‍ അര്‍ശി ഇസ്തവാ'' (പരമകാരുണികന്‍ തന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നു) എന്ന ഖുര്‍ആന്‍ സൂക്തം മുന്‍നിര്‍ത്തി ഒരാള്‍: ''ഉപവിഷ്ടനാവുക എന്ന് വെച്ചാല്‍ എങ്ങനെയാണ്?'' പഴുതടച്ചായിരുന്നു ഇമാം അഹ്മദിന്റെ മറുപടി. ഇമാം അഹ്മദ് പറഞ്ഞു: ''ഉപവിഷ്ടനാവുക എന്ന് പറഞ്ഞാല്‍ നമുക്കൊക്കെ അത് മനസ്സിലാകും. എങ്ങനെ എന്ന് നമുക്കറിഞ്ഞുകൂടാ. അതിനെക്കുറിച്ച ചോദ്യം പുതുനിര്‍മിതി (ബിദ്അത്ത്) ആണ്. പക്ഷേ, അതിലുള്ള വിശ്വാസം നിര്‍ബന്ധവുമാണ്.''
ഇമാം ശാഫിഈയും മാലികും അഹ്മദും അറബ് വംശജരാണ്. പുരാതന കാലം മുതല്‍ അഅ്‌റാബികള്‍. ശാഫിഈ ഖുറൈശികളിലെ മുത്തലിബ് കുടുംബം. ഇമാം അഹ്മദ് ബക്‌റുബ്‌നു വാഇല്‍ കുടുംബത്തിലെ ശയ്ബാനി ദുഹ്‌ലി ശാഖയില്‍ നിന്ന്. ഇമാം മാലിക് യമനിലെ ഹിംയറി വംശത്തിലെ അസ്ബഹി കുടുംബത്തില്‍ നിന്ന്. ഇമാം അബൂഹനീഫ അറബിയല്ല. പക്ഷേ, ഏറെ അനുയായികള്‍ അദ്ദേഹത്തിനാണ്. സ്വിഹാഹുസ്സിത്തയുടെ ഇമാമുമാരില്‍ അധികവും (ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി, നസാഈ, ഇബ്‌നുമാജ) അറബികളായിരുന്നില്ലെന്നോര്‍ക്കണം. ഇമാം മുസ്‌ലിം ബനൂഖുൈശര്‍ ഗോത്രത്തിലെ സ്വലീബ കുടുംബത്തില്‍ നിന്നാണ്. അബൂദാവൂദ് അസ്ദ് ഗോത്രത്തില്‍ നിന്നും.
ഇമാം ശാഫിഈ അറബിവംശജനും അറബിഭാഷയുടെ മടിത്തട്ടില്‍ പിറന്നുവീണവനുമൊക്കെ ആയിരുന്നിട്ടും, അറബി ഭാഷയും കവിതയും സാഹിത്യവും പഠിച്ചുവശമാക്കാന്‍ ഇരുപതുകൊല്ലം ചെലവിട്ടു എന്നതാണ് അത്ഭുതം. ഇമാം ശാഫിഈയുടെ അര്‍ഥഗര്‍ഭമായ, ആശയപുഷ്ടിയുള്ള കവിതകള്‍ അദ്ദേഹത്തിന്റെ സാഹിതീ സപര്യയുടെയും സാധനയുടെയും ജീവിക്കുന്ന തെളിവുകളാണ്. ഇമാമുമാരില്‍ ആരും ഈ രംഗത്ത് ശാഫിഈയോളം എത്തിയിട്ടില്ല.
അറിവിന്റെയും വിജ്ഞാന സമ്പാദനത്തിന്റെയും മേഖലകളില്‍ വ്യാപരിച്ച തങ്ങളെ അതിമാനുഷരായി ഉയര്‍ത്തിക്കാട്ടാന്‍ ആരെങ്കിലും ശ്രമിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത് തടയാന്‍ ഒരു നിമിഷം പോലും അവര്‍ അമാന്തിച്ചില്ല.
'ഇമാം അബൂഹനീഫ ഉറങ്ങാറില്ല' എന്നൊരാള്‍ തന്നെക്കുറിച്ച് പറഞ്ഞു നടക്കുന്നതായി ശ്രദ്ധയില്‍ പെട്ട ഇമാം 'ഞാന്‍ ചെയ്യാത്തത് എന്നെക്കുറിച്ച്, പടച്ചവനെ ഓര്‍ത്ത് ആരും പറഞ്ഞ് നടക്കരുത്'. രാത്രിയില്‍ ഏറിയ പങ്കും പ്രാര്‍ഥനയിലും പഠനത്തിലും നമസ്‌കാരത്തിലുമായി അദ്ദേഹം കഴിച്ചുകൂട്ടാറുണ്ടായിരുന്നു എന്നത് നേരുതന്നെ. ഇമാം ശാഫിഈയെക്കുറിച്ച് ശിഷ്യന്‍ റബീഅ് ഓര്‍ക്കുന്നു: ''ഇമാം രാത്രിയെ മൂന്നായി ഭാഗിക്കും. മൂന്നില്‍ ഒന്ന് എഴുത്തിന്. മൂന്നിലൊന്ന് നമസ്‌കാരത്തിന്. മൂന്നിലൊന്ന് ഉറക്കത്തിന്.''
ഇമാം അഹ്മദ് സ്വഹാബിമാരുടെ പാത പിന്തുടര്‍ന്ന് ഓരോ ഏഴു ദിവസത്തിലും ഖുര്‍ആന്‍ ഒരാവൃത്തി ഓതിതീര്‍ക്കുമായിരുന്നു. ജയിലില്‍ ആയിരുന്നപ്പോള്‍ മിക്ക ദിവസങ്ങളിലും ഇമാം അഹ്മദിന് നോമ്പായിരിക്കും. ഉള്ളതുകൊണ്ട് ഒതുങ്ങി ജീവിച്ചിരുന്ന ഇമാം അഹ്മദ് പാരിതോഷികങ്ങളോ സമ്മാനങ്ങളോ സ്വീകരിക്കുമായിരുന്നില്ല. 'രാത്രി നേരത്തുള്ള നമസ്‌കാരങ്ങളില്‍ റുകൂഉം സുജൂദും ദീര്‍ഘമായി നിര്‍വഹിച്ച ഇമാം മാലിക് നിറുത്തത്തിന്റെ വേളകളില്‍ അനക്കമില്ലാത്ത തൂണുപോലെ ഒരു നില്‍പാണ്' എന്ന് അദ്ദേഹത്തിന്റെ ചരിത്രകാരനായ ഇബ്‌നു മഹ്ദി രേഖപ്പെടുത്തുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/49-52
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം