Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 21

നബിദിനാഘോഷം കഥയറിയാതെ ആട്ടത്തില്‍ കൂടരുത്

ഇല്‍യാസ് മൗലവി /പ്രതികരണം

         നബിദിനാഘോഷവുമായി ബന്ധപ്പെട്ട് ഈയുള്ളവനെഴുതിയ പ്രതികരണത്തിന് മറുപടിയായി ബഹുമാന്യ പണ്ഡിതന്‍ ശൈഖ് അഹ്മദ് കുട്ടി എഴുതിയ വിശദീകരണക്കുറിപ്പിന് വീണ്ടും വിയോജനക്കുറിപ്പെഴുതേണ്ടി വന്നതില്‍ ഖേദമുണ്ട്. ശൈഖിനോടുള്ള എല്ലാ ആദരവും നിലനിര്‍ത്തി കൊണ്ട് തന്നെ ചില വശങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

കേരളീയ പശ്ചാത്തലം
         ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ വളരെ പ്രാധാന്യമുള്ള കാര്യമാണ് സാഹചര്യം മനസ്സിലാക്കിയിരിക്കുക എന്നത്. ദീനീ വിഷയങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവരും മസ്അലകളില്‍ വിധികള്‍ പറയുന്നവരും പ്രഥമവും പ്രധാനവുമായി ഗൗനിച്ചിരിക്കേണ്ട അടിസ്ഥാനമാണ് പരിസരബോധം (ഫിഖ്ഹുല്‍ വാഖിഅ്) എന്നത്.
ഇവിടെ ബഹുഭൂരിപക്ഷം മുസ്‌ലിംകളും നബിദിനമാഘോഷിക്കുന്നത് അതൊരു പുണ്യകര്‍മമെന്ന നിലക്ക് തന്നെയാണ്. അതിലെ ശിര്‍ക്ക്പരവും മുന്‍കറുമായ കാര്യങ്ങള്‍ പൂര്‍ണമായും മാറ്റി നിര്‍ത്തിയാല്‍ തന്നെ അവരുടെ ഉദ്ദേശ്യം ദൈവപ്രീതിയാണ്; സദുദ്ദേശ്യപരമാണെന്നര്‍ഥം. ഇങ്ങനെ നബിദിനമാഘോഷിക്കുന്നവരാണ് ബഹുഭൂരിപക്ഷം. അവര്‍ എഴുതുന്നത് കാണുക: ''നബി(സ) യുടെ ഉപദേശ നിര്‍ദേശങ്ങള്‍ ജീവിതത്തില്‍ അക്ഷരം പ്രതി പകര്‍ത്തിയ ആദ്യ നൂറ്റാണ്ടുകാരുടെ കാലത്ത് ഇങ്ങനെ ഒരു ജന്മദിനം കൊണ്ടാടേണ്ടുന്ന ആവശ്യം ഉണ്ടായിരുന്നില്ല. അവര്‍ ഈദൃശ കാര്യങ്ങളില്‍ സദാ ബോധവാന്മാരും ശ്രദ്ധാലുക്കളും ആയിരുന്നു. പില്‍ക്കാലത്ത് ജനങ്ങള്‍ ഇസ്‌ലാമിക രീതിയില്‍ നിന്നകലുകയും ദീനീ ചിട്ടകളില്‍ അശ്രദ്ധരാവുകയും ദുര്‍ബല ഹൃദയരാവുകയും ചെയ്തപ്പോള്‍ അവര്‍ക്ക് ഉല്‍ബോധനം ആവശ്യമായി വന്നു. ഹിജ്‌റ നാലാം നൂറ്റാണ്ടുമുതല്‍ മുസ്‌ലിം ലോകത്ത് ഈ സമ്പ്രദായം നടപ്പിലാവുകയും പ്രമുഖ പണ്ഡിതന്മാര്‍ അതിന് അംഗീകാരം നല്‍കുകയും തദ്വിഷയകമായി നിരവധി ഗ്രന്ഥങ്ങള്‍ വിരചിതമാവുകയും ചെയ്തിട്ടുണ്ട്'' (സുന്നി വോയ്‌സ് – 1981 ഡിസംബര്‍ 21).
അതായത് പില്‍കാലത്ത് ഇസ്‌ലാമിക ജീവിതത്തില്‍ നിന്ന് ജനം അകന്നുപോയപ്പോള്‍ അവരെ പ്രമാണങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതിനു പകരം പുതിയ ആചാരങ്ങള്‍ കണ്ടെത്തുകയാണ് ഉണ്ടായത് എന്നര്‍ഥം. ഈ അബദ്ധത്തില്‍ നിന്നാണ് മൗലിദാഘോഷത്തിന്റെ തുടക്കം. അബദ്ധത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ അബദ്ധങ്ങളിലേക്കുള്ള മുന്നേറ്റമേ ആകൂ എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശൈഖ് അഹ്മദ് കുട്ടിയുടെ നബിദിനത്തെ ന്യായീകരിച്ചുകൊണ്ടുള്ള രണ്ടാം കുറിപ്പും.
മഹാന്മാരായ ചരിത്രപുരുഷന്മാരുടെ ജയന്തികളും സമാധികളും സര്‍ക്കാര്‍ പൊതു അവധി ദിനങ്ങളായ നമ്മുടെ നാട്ടില്‍, അന്നേ ദിവസം അവരെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പതിവ് നിലവിലുണ്ട്. ഇത്തരമൊരു സമ്പ്രദായം ഇല്ലായിരുന്നെങ്കില്‍ നമ്മുടെ ചരിത്ര പുരുഷന്മാരില്‍ മിക്കവരും ചരിത്രത്തിന്റെ ഭാഗമായേനെ. പ്രവാചകന്‍(സ) ഈ ഗണത്തില്‍ പെട്ടയാളല്ല. എന്തുകൊണ്ടെന്നാല്‍ ഓരോ വിശ്വാസിയും നിത്യവും നിരവധി തവണ പ്രവാചകനെ അനുസ്മരിക്കാതെ ഇസ്‌ലാമിക ജീവിതം നയിക്കുക അസാധ്യമാകും വിധമാണ് ഇസ്‌ലാമിന്റെ ഘടന തന്നെ. എന്നിരുന്നാലും അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ റബീഉല്‍ അവ്വല്‍ മാസം ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പ്രവാചകന്റെ ജീവിതവും സന്ദേശവും ചര്‍ച്ചചെയ്യുന്നതില്‍ ഇസ്‌ലാമികവിരുദ്ധമായ യാതൊന്നുമില്ല. ഇസ്‌ലാമിക പ്രസ്ഥാനവും അതിന്റെ പോഷക സംഘടനകളും തുടക്കം മുതലേ ഇക്കാര്യം നിറവേറ്റിപ്പോരുന്നുണ്ട്. ഇതിന് പ്രത്യേക പുണ്യമുണ്ടെന്ന് ആരും കരുതുന്നില്ല. അതിനാല്‍ ദൗത്യ നിര്‍വഹണത്തിന് പുതിയ തെളിവുകള്‍ കണ്ടെത്തേണ്ട ആവശ്യമില്ല. റബീഉല്‍ അവ്വല്‍ അല്ലാത്ത മറ്റ് പതിനൊന്ന് മാസങ്ങളിലും പ്രവാചകനെ അനുസ്മരിക്കുന്നതിനും അവിടുത്തെ ജീവിതവും സന്ദേശവും ചര്‍ച്ചയാക്കുന്നതിനും അടിസ്ഥാനമാക്കുന്ന അത്ര തെളിവ് തന്നെ മതി റബീഉല്‍ അവ്വലിലും നമുക്കിത് നിര്‍വഹിക്കാന്‍.
എന്നാല്‍, നബിദിനാഘോഷം മറ്റൊരു കാര്യമാണ്. റബീഉല്‍ അവ്വല്‍ മാസത്തില്‍ പ്രവാചകന്‍(സ) യെ ഓര്‍ക്കുന്നതും മദ്ഹുകള്‍ പറയുന്നതും പ്രത്യേകം പുണ്യമുള്ള കാര്യമാണെന്ന് അതിന്റെ വാഹകര്‍ വിശ്വസിക്കുന്നു. നമസ്‌കാരാദി കര്‍മങ്ങളുപേക്ഷിച്ചാലും ഈ മൗലിദ് കൊണ്ട് തങ്ങള്‍ക്ക് രക്ഷപ്പെടാമെന്നും കരുതുന്നു. കേരളത്തിലെ അതിന്റെ വക്താക്കള്‍ തന്നെ പറഞ്ഞപോലെ അത് ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ തുടങ്ങിയതാണ്. തുടങ്ങിയ ശേഷം അതിന് തെളിവ് കണ്ടുപിടിക്കേണ്ടിവരുമ്പോഴാണ് തിങ്കളാഴ്ച നോമ്പിനെ കച്ചിത്തുരുമ്പായി പിടികൂടേണ്ടിവരുന്നത്. മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം. 'തിങ്കളാഴ്ച നോമ്പിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ നബി(സ) പറഞ്ഞു: ''ആ ദിവസത്തിലാണ് ഞാന്‍ ജനിച്ചതും എനിക്ക് പ്രവാചകത്വം ലഭിച്ചതും എന്റെ മേല്‍ ഖുര്‍ആന്‍ ഇറക്കപ്പെട്ടതും'' (മുസ്‌ലിം).
മുഹമ്മദ് നബ(സ) യെ ജനിപ്പിച്ചതിനും, പ്രവാചകത്വം നല്‍കിയതിനും, ഖുര്‍ആന്‍ അവതരിപ്പിച്ചു തന്നതിനും അല്ലാഹുവിനോടുള്ള നന്ദി സൂചകമായി തിങ്കളാഴ്ച ദിവസങ്ങളില്‍ സുന്നത്ത് നോമ്പ് അനുഷ്ഠിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നുവെന്നര്‍ഥം. ഇതില്‍ നിന്ന് പ്രവാചകന്റെ ജന്മദിനം ആഘോഷിക്കാന്‍ ഇസ്‌ലാം നിര്‍ദേശിച്ച രീതി എല്ലാ തിങ്കളാഴ്ചകളിലും സുന്നത്ത് നോമ്പ് അനുഷ്ഠിക്കലാണെന്ന് വേണമെങ്കില്‍ ഒരാള്‍ക്ക് വാദിക്കാം. അങ്ങനെയെങ്കിലും അയാള്‍ നോമ്പെടുക്കുമെങ്കില്‍ ആകട്ടെ. അതല്ലാതെ തിങ്കളാഴ്ചകളിലെ സുന്നത്ത് നോമ്പിനെ വര്‍ഷത്തിലൊരിക്കല്‍ ജന്മദിനം ആഘോഷിക്കുന്നതിനു തെളിവാക്കാവതല്ല. ഉത്തമ നൂറ്റാണ്ടില്‍ ജീവിച്ചിരുന്നവര്‍ക്കൊന്നും തിങ്കളാഴ്ച നോമ്പിന്റെ ഈ 'ഗുട്ടന്‍സ്' പിടികിട്ടാതെ പോയി എന്നു പറയുന്നത് മിതമായി പറഞ്ഞാല്‍ ആ മഹാന്മാരെ കൊച്ചാക്കലാകും.
നബിദിനാഘോഷം മുസ്‌ലിം സമുദായത്തെ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും തിരിച്ചു കൊണ്ടുപോകുന്നതിനു പകരം, അവരെ അതില്‍ നിന്നകറ്റുകയും അനാചാരങ്ങളിലേക്കും അന്ധവിശ്വാസങ്ങളിലേക്കും ആനയിക്കുകയുമാണ് ചെയ്യുന്നതെന്ന് മൗലിദാഘോഷം അനുവദനീയമാണെന്ന് വിധിപറയുന്നവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ശൈഖ് അഹ്മദ് കുട്ടി ഈ കഥ തീരേ പരിഗണിക്കാതെയാണ് ആഘോഷത്തില്‍ കൂടാന്‍ ആഹ്വാനം ചെയ്തത് എന്നത് ഖേദകരമായിപ്പോയി.
കേരള മുസ്‌ലിംകളിലെ ഒരു വിഭാഗം ഇവിടെ നിന്നും മുന്നോട്ടു പോയി ലൈലത്തുല്‍ ഖദ്‌റിനേക്കാള്‍ പ്രാധാന്യം പ്രവാചകന്റെ ജന്മദിനരാവിനുണ്ടെന്ന്' പ്രഖ്യാപിച്ചിരിക്കുന്നു. അതും കടന്ന് ഉണ്ണിയേശുവിനേയും ഉണ്ണികൃഷ്ണനെയും എഴുന്നള്ളിക്കുന്നതു പോലെ ഒട്ടകപ്പുറത്തിരുത്തി 'ഉണ്ണിമുഹമ്മദി'നെയും'എഴുന്നള്ളിക്കുന്നേടത്തോളം എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. ഇത്തരം എല്ലാ വ്യതിചലനങ്ങള്‍ക്കും ചുവടുപിടിക്കലാണോ പണ്ഡിത ദൗത്യം?
നബിദിനാഘോഷത്തെ വീണ്ടും ന്യായീകരിക്കുന്നുവെന്നല്ലാതെ അതിന് ഖുര്‍ആനില്‍നിന്നോ സുന്നത്തില്‍ നിന്നോ എന്തെങ്കിലും പ്രമാണമോ, സ്വഹാബിമാരുടെയോ താബിഉകളുടെയോ നാല് മദ്ഹബിന്റെ ഇമാമുമാരുടെയോ അഭിപ്രായമോ ശൈഖ് അഹ്മദ് കുട്ടി ഉദ്ധരിച്ചു കണ്ടില്ല.
മറ്റു ചിലരുടെ വീക്ഷണങ്ങള്‍ സംഗ്രഹിച്ചുകൊടുത്ത കൂട്ടത്തില്‍ ഖുര്‍ആന്‍ വചനവും ഹദീസും ഉദ്ധരിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഇതിന് തെളിവല്ല. മാത്രമല്ല, പ്രസ്തുത ഖുര്‍ആന്‍ വചനം അദ്ദേഹത്തിന്റെ വീക്ഷണത്തിന് തെളിവാണെങ്കില്‍ അത് മുന്‍നിര്‍ത്തി നാളെ ഒരാള്‍ക്ക് ഈസാ നബിയുടെ ജന്മദിനവും കൊണ്ടാടാമെന്ന് വാദിക്കാനാകും.
അദ്ദേഹം രണ്ടു ലക്കത്തിലായി എഴുതിയത് വായിച്ചപ്പോള്‍ മനസ്സിലായത് ഇങ്ങനെയാണ്: ഇന്ന് നമ്മുടെ നാട്ടില്‍ വര്‍ഷാവര്‍ഷം റബീഉല്‍അവ്വല്‍ മാസം നടത്തപ്പെടുന്ന നബി ദിനാഘോഷം അനുവദനീയമാണ്. അതില്‍ ഇസ്‌ലാം അനുവദിക്കാത്ത വല്ലതും കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അതാണ് തെറ്റ്. അവ ഒഴിവാക്കിയാല്‍ നബിദിനം കൊണ്ടാടുന്നതില്‍ യാതൊരു അസാംഗത്യവുമില്ല.
മര്‍മ പ്രധാനമായ ചോദ്യം ഇതാണ്: ഇവിടെ സുന്നത്തോ ഇസ്‌ലാമില്‍ അനുവദനീയമോ ആയ പുണ്യകര്‍മങ്ങളില്‍പ്പെടുന്ന ഖുര്‍ആന്‍ പാരായണം, ദിക്‌റുകള്‍, പ്രവാചക കീര്‍ത്തനങ്ങള്‍, തിരുമേനിയുടെ മേല്‍ സ്വലാത്ത് തുടങ്ങിയ കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടാണെങ്കില്‍ പോലും റബീഉല്‍ അവ്വല്‍ മാസത്തിനും 12-ാം തീയതിക്കും പ്രത്യേകതയും പവിത്രതയും ശ്രേഷ്ഠതയും ഉണ്ടെന്ന് വിശ്വസിക്കലും തദടിസ്ഥാനത്തില്‍ നബിദിനം ആഘോഷിക്കലും പാടുണ്ടോ, പാടില്ലേ? കഴിഞ്ഞ പ്രതികരണത്തിലും അതുന്നയിച്ചിരുന്നുവെങ്കിലും അതിനെ സംബന്ധിച്ച് അദ്ദേഹം മൗനമവലംബിക്കുകയാണ് ചെയ്തിട്ടുള്ളത്. അത് ബിദ്അത്താണെന്നും അനുവദനീയമല്ലെന്നും ഖുര്‍ആനിലും സുന്നത്തിലും അതിന് തെളിവില്ലെന്നും സ്വഹാബിമാരുടെയോ ഉത്തമ നൂറ്റാണ്ടുകളില്‍ ജീവിച്ച മഹാന്മാരായ സ്വലഫുസ്സ്വാലിഹീങ്ങളുടെയോ മാതൃകയില്ലെന്നുമാണ് നമ്മുടെ വാദം.
ഇങ്ങനെയൊരു വിശ്വാസമില്ലാതെ, ഖുര്‍ആന്റെയും നബിചര്യയുടെയും സന്ദേശം ജനങ്ങള്‍ക്കെത്തിക്കാന്‍ ഈയൊരു മുഹൂര്‍ത്തവും ഉപയോഗപ്പെടുത്താമല്ലോ എന്ന അടിസ്ഥാനത്തില്‍ റബീഉല്‍ അവ്വല്‍ മാസം വല്ല പരിപാടിയും സംഘടിപ്പിക്കുന്നതിന് ഈ കുറിപ്പുകാരന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. നിശ്ചയിക്കപ്പെട്ട ഒരു പരിപാടി മറ്റു തീയതികളിലേക്ക് മാറ്റുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ഒക്കെ ചെയ്യാറുള്ളതുപോലെയുള്ള കാര്യങ്ങള്‍ ഇവിടെയും ബാധകമാക്കികൊണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തലും ഇന്നു നമ്മുടെ നാട്ടില്‍ സുപരിചിതമായ നബിദിനം കൊണ്ടാടലുകളും ഒരുപോലെയല്ല എന്ന് തന്നെയാണ് ഈയുള്ളവന്റെ വിശ്വാസം.
അദ്ദേഹം എഴുതി: ''ഇവിടെ വിഷയം, മൗലിദ് അല്ലെങ്കില്‍ പ്രവാചകന്റെ ജന്മദിനം ആഘോഷിക്കല്‍ തള്ളപ്പെടേണ്ട ബിദ്അത്താണോ അല്ലയോ എന്നതാണ്.'' പ്രവാചകന്റെ ജന്മദിനം ആഘോഷിക്കല്‍ ബിദ്അത്താണെന്ന് ലേഖകന്‍ അംഗീകരിച്ചത് ശുഭകരം തന്നെ. അത്രയും തര്‍ക്കം തീര്‍ന്നല്ലോ. ഇനി അത് തള്ളപ്പെടേണ്ട ബിദ്അത്താണോ അല്ലേ എന്നതാണ് ചര്‍ച്ചചെയ്യാനുള്ളത്. ബിദ്അത്ത് എന്നത് ഇസ്‌ലാമിക പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്ത ഒരു സാങ്കേതിക പദമാണ്. അതൊരു സാങ്കേതിക സംജ്ഞയാവാന്‍ കാരണം പ്രവാചകന്‍(സ) ശക്തമായി അതിനെ സംബന്ധിച്ച് താക്കീത് ചെയ്തു എന്നതാണ്. ''നിങ്ങള്‍ മുഹ്ദസാത്തുകള്‍ സൂക്ഷിക്കുക, എല്ലാ മുഹ്ദസതും ബിദ്അത്താണ്, എല്ലാ ബിദ്അത്തും ളലാലത്താണ്.'' മറ്റൊരു റിപ്പോര്‍ട്ടില്‍ 'എല്ലാ ളലാലത്തും നരകത്തിലും' എന്ന് കൂടി കാണാം. ഇവിടെ 'കുല്ലു ബിദ്അത്തിന്‍ ളലാല''എന്ന പ്രയോഗത്തിലൂടെ എല്ലാ ബിദ്അത്തും വഴികേടാണ് എന്ന് വളരെ വ്യക്തമായി പറഞ്ഞിരിക്കുകയാണ്. കേവലം ഒരു മനുഷ്യനല്ല മറിച്ച് ദൈവദൂതനായ മുഹമ്മദ് നബി(സ) യാണ് ഇത് പറഞ്ഞത്. അഥവാ ഇസ്‌ലാമിന്റെ സാങ്കേതിക സംജ്ഞയനുസരിച്ച് ബിദ്അത്തിന്റെ നല്ല ഇനം എന്നൊന്നില്ല എന്നര്‍ഥം. മഅ്‌സൂമായ നബി തിരുമേനി ഇങ്ങനെ വ്യക്തമാക്കിയ സ്ഥിതിക്ക് ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം ആരുടെ വാക്കിനാണ് വിലകല്‍പ്പിക്കേണ്ടത്? നബിയുടെ വാക്കിനോ അതോ മറ്റുള്ളവരുടെ വാക്കിനോ?
അപ്പോള്‍ പിന്നെ തറാവീഹ് നമസ്‌കാരത്തിന്റെ വിഷയത്തില്‍ 'ഈ ബിദ്അത്ത് തരക്കേടില്ലല്ലോ' എന്ന അമീറുല്‍ മുഅ്മിനീന്‍ ഉമറി(റ) ന്റെ പ്രസ്താവനയുടെ ധ്വനിയെന്താണ്? ഉമറിന് നബി(സ) പറഞ്ഞത് മനസ്സിലാകാതെ പോയോ? പ്രസക്തമായ ചോദ്യമാണ്. ഇതിന്റെ ഉത്തരം ഇമാമുമാര്‍ വളരെ മുമ്പേ വ്യക്തമാക്കിയിട്ടുണ്ട്. അതായത് പുതിയ കാര്യം'എന്നര്‍ഥമുള്ള ബിദ്അത്ത് ഭാഷാര്‍ഥത്തിലാണ് ഉമര്‍(റ) പ്രയോഗിച്ചത്. ഇതെന്തൊരു പുതുമ എന്ന് നാം പറയാറുള്ള പോലെ പറഞ്ഞതാണെന്നര്‍ഥം. ഉദാഹരണമായി, 'ഞാന്‍ ഇന്ന നടന്റെ ആരാധകനാണ്' എന്ന് ഒരുത്തന്‍ പറഞ്ഞാല്‍ അവിടെ അദ്ദേഹം ആ നടന് ഇബാദത്ത് ചെയ്തുവെന്ന സാങ്കേതികാര്‍ഥമല്ലല്ലോ ഉദ്ദേശിക്കുന്നത്.
ലേഖകന്‍ ഉദ്ധരിച്ച ഇമാം ഇബ്‌നു ഹജറില്‍ ഹൈത്തമി തന്നെ പറയട്ടെ: ''തറാവീഹിന്റെ വിഷയത്തില്‍ 'എത്ര നല്ല ബിദ്അത്ത്'എന്നതിലെ 'ബിദ്അത്ത്' കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്, മാതൃകയില്ലാതെ പ്രവര്‍ത്തിച്ചത് എന്ന ഭാഷാപരമായ അര്‍ഥമാണ്. 'ഞാന്‍ ദൂതന്മാരില്‍ ഒരു പുതിയ പ്രവണതയൊന്നുമല്ല' എന്ന് അല്ലാഹു പറഞ്ഞ പോലെ, ശര്‍ഇയായ അര്‍ഥത്തിലുള്ള ബിദ്അത്തല്ല ഇവിടെ ഉദ്ദേശ്യം. കാരണം ശര്‍ഇല്‍ ബിദ്അത്ത് നബി(സ) പറഞ്ഞപോലെ വഴികേട് (ളലാലത്ത്) തന്നെയാണ്. അഞ്ച് നേരത്തെ നമസ്‌കാരത്തിനല്ലാതെ പെരുന്നാള്‍ നമസ്‌കാരം പോലുള്ളവക്കായി ബാങ്ക് വിളിക്കുക എന്നത് വിലക്കൊന്നുമില്ലാതിരുന്നിട്ടും സ്വഹാബിമാരാരും ചെയ്യാന്‍ തുനിഞ്ഞില്ല. അവരെ നല്ല നിലയില്‍ പിന്‍പറ്റിയ താബിഉകളും അങ്ങനെയൊന്നംഗീകരിച്ചിട്ടില്ല. അതുപോലെ ത്വവാഫ് വേളയില്‍ ഹജറുല്‍ അസ്‌വദ് മുത്തുന്നതു പോലെ കഅ്ബയുടെ വടക്കേ ദിശയിലുള്ള മൂലകള്‍ മുത്തുന്നതും (അഭിവാദ്യം) ത്വവാഫിന്റെ ശേഷം നിര്‍വഹിക്കുന്ന രണ്ട് റക്അത്ത് നമസ്‌കാരത്തോട് ഖിയാസാക്കി സഫാ മര്‍വക്കിടയില്‍ പ്രദക്ഷിണം ചെയ്തശേഷവും നമസ്‌കരിക്കുന്നതുമൊന്നും അവര്‍ അംഗീകരിക്കുകയുണ്ടായില്ല. അതുപോലെ തന്നെയാണ് ചെയ്യാനുള്ള എല്ലാ ന്യായവുമുണ്ടായിട്ടും തിരുമേനി ഉപേക്ഷിച്ച കാര്യങ്ങളും; അത്തരം സാഹചര്യങ്ങളില്‍ അതുപേക്ഷിക്കുക എന്നതും സുന്നത്ത് തന്നെ. അത് ചെയ്യുന്നതാകട്ടെ ആക്ഷേപകരമായ ബിദ്അത്തും'' (അല്‍ ഫതാവ അല്‍ കുബ്‌റ 1/655). എന്നാല്‍ റഫറന്‍സ് കൊടുക്കാതെ, ഈ പറഞ്ഞ പ്രധാന ഭാഗം ഉദ്ധരിക്കാതെ തന്റെ വാദത്തെ സാധൂകരിക്കുന്നതിന് പറ്റിയ ഭാഗം മാത്രം ശൈഖ് അഹ്മദ് കുട്ടി കൊടുത്തത് ഒട്ടും ശരിയായില്ല; വിട്ടഭാഗം തര്‍ക്കത്തിലെ മര്‍മ ഭാഗമായ നിലക്ക് പ്രത്യേകിച്ചും.
ചെയ്യാനുള്ള എല്ലാ കാരണങ്ങളും ഒത്തുവരികയും, ചെയ്യുന്നതിന് പ്രത്യേകിച്ച് തടസ്സങ്ങളൊന്നും ഇല്ലാതിരിക്കുകയും, എന്നിട്ട് തിരുമേനി ഒരു സംഗതി ചെയ്യാതിരിക്കുകയും ചെയ്താല്‍ പ്രസ്തുത സംഗതി ശേഷമുള്ളവര്‍ ചെയ്യുന്നത് ബിദ്അത്തിന്റെ ഗണത്തില്‍പ്പെടുമെന്നാണ് പണ്ഡിതമതം. ഈയോരടിസ്ഥാനം വെച്ച് ഖുര്‍ആന്‍ ക്രോഡീകരണ വിഷയത്തെയെടുത്ത് പരിശോധിച്ചാല്‍ അത് പ്രവാചകന്‍ ആദ്യമേ ചെയ്യാതിരുന്നത് ചില തടസ്സങ്ങളുണ്ടായിരുന്നതിനാലായിരുന്നുവെന്ന് കാണാം. അതില്‍ പ്രധാനപ്പെട്ട ഒരു പ്രതിബന്ധം ഖുര്‍ആന്റെ അവതരണം തുടര്‍ന്നുകൊണ്ടേയിരുന്നു എന്നതാണ്. അത്തരം ഒരു സാഹചര്യത്തില്‍ തിരുമേനിക്ക് ഖുര്‍ആന്‍ ക്രോഡീകരണത്തിന് കാര്യമായ തടസ്സമുണ്ടായിരുന്നു. എന്നാല്‍ അവിടുത്തെ വഫാത്തിന് ശേഷം അങ്ങനെയൊരു തടസ്സം നിലനില്‍ക്കുന്നില്ല. അതുകൊണ്ടുതന്നെ പിന്നീട് വന്ന ഖലീഫമാര്‍ അത് ചെയ്തപ്പോള്‍ സ്വഹാബിമാര്‍ അംഗീകരിച്ചു. തറാവീഹിന്റെ കാര്യമാകട്ടെ തിരുമേനി തന്നെ വ്യക്തമാക്കിയതുപോലെ 'നിങ്ങള്‍ക്കത് നിര്‍ബന്ധമാക്കപ്പെട്ടേക്കുമോ എന്ന് ഞാന്‍ ആശങ്കിച്ചു.' അപ്പോള്‍ അതായിരുന്നു കാരണം. എന്നാല്‍ തിരുമേനിയുടെ വഫാത്തിന് ശേഷം ഫര്‍ളാക്കപ്പെടുമെന്ന ആശങ്ക ഇല്ലാതായി. കാരണം മറ്റാര്‍ക്കും ഒരു കാര്യം ഫര്‍ദാക്കാനോ ഹറാമാക്കാനോ അനുവാദമില്ല എന്നതുതന്നെ. ഇവിടെയെല്ലാം ഖുലഫാഉര്‍റാശിദുകള്‍ ഉള്‍പ്പെടെയുള്ള സ്വഹാബിമാര്‍ യോജിക്കുകയും ചെയ്തു. അവരുടെ അഭിപ്രായ സമന്വയം ദീനിന്റെ പ്രമാണം തന്നെയാണ്.
തിരുമേനിയുടെ ജീവിതകാലത്ത് നിരവധി റബീഉല്‍ അവ്വലുകള്‍ കഴിഞ്ഞുപോയിട്ടുണ്ട്. അപ്പോഴൊന്നുംതന്നെ ഏതെങ്കിലും ഒരു വര്‍ഷം തന്റെ ജന്മദിനം (മൗലിദ്) അനുസ്മരിച്ചുകളയാം എന്ന് തിരുമേനിക്ക് തോന്നിയില്ല. അങ്ങനെ ചെയ്യുന്നതിന് ധാരാളം സാധ്യതകളും അനുകൂല ഘടകങ്ങളും ഒട്ടും കുറയാതെ നിലനിന്നിരുന്നു. തിരുമേനിക്കോ സ്വഹാബത്തിനോ അതിന് പറയത്തക്ക യാതൊരു തടസ്സമോ പ്രതിബന്ധമോ ഉണ്ടായിരുന്നുമില്ല. സ്വഹാബത്ത് അതേപ്പറ്റി തിരുമേനിയുടെ ജീവിതകാലത്തോ ശേഷമോ ആലോചിച്ചത് പോലുമില്ല. അതിനുശേഷം നൂറ്റാണ്ടുകളോളം മദ്ഹബിന്റെ ഇമാമുമാരാരും അത്തരം ഒരു നല്ല ബിദ്അത്തിനെപ്പറ്റി അഭിപ്രായം പറഞ്ഞതുപോലുമില്ല. അവരുടെയൊക്കെ പ്രവാചക സ്‌നേഹവും കൂറുമാണോ നമ്മുടെ മാതൃക, അതല്ല പിന്നീട് വന്നവര്‍ തട്ടിക്കൂട്ടിയതോ? അത്തരം ബിദ്അത്ത് വന്നുചേര്‍ന്ന ചരിത്ര പശ്ചാത്തലം ഇതിലെ അജണ്ട കൂടുതല്‍ അനാവരണം ചെയ്യുന്നു.
വെള്ളിയാഴ്ച ബാങ്കാണ് മറ്റൊരുദാഹരണം. അതിനും വളരെ വ്യക്തമായ ചില ശര്‍ഈ അടിസ്ഥാനങ്ങളുണ്ട് എന്ന് കാണാം. തന്റെ സുന്നത്ത് പിന്‍പറ്റുക എന്ന ആഹ്വാനത്തോടൊപ്പം ഖുലഫാഉര്‍റാശിദകളുടെ മാതൃക നിങ്ങള്‍ പിന്‍പറ്റേണ്ടതാണെന്ന് നബി തിരുമേനിതന്നെ പഠിപ്പിച്ചു. അണപ്പല്ലുകൊണ്ട് കടിച്ചുപിടിക്കണമെന്നുവരെ അരുളുകയുണ്ടായി. മഹാനായ ഉസ്മാന്‍ (റ) ഖുലഫാഉര്‍റാശിദുകളില്‍പ്പെട്ട സ്ഥിതിക്ക് ഇനി മറ്റൊരു തെളിവ് ആവശ്യമില്ല. തിരുമേനിയുടെ സന്തത സഹചാരികളായിരുന്ന ഉത്തമ നൂറ്റാണ്ടിലെ (ഖൈറുല്‍ ഖുറൂന്‍) സ്വഹാബത്ത് അക്കാര്യം ഏകസ്വരത്തില്‍ അംഗീകരിച്ചു. ഇജ്മാഅ്' ആയി എന്നര്‍ഥം. ഇജ്മാഅ് ഇസ്‌ലാമില്‍ അടിസ്ഥാന പ്രമാണം ആണെന്നാണ് സര്‍വാംഗീകൃത തത്ത്വം. ഇതുപോലെയുള്ള പല അസ്‌ലുകളും പ്രസ്തുത ബാങ്കിന് ഇമാമുകള്‍ എടുത്തുകാട്ടിയിട്ടുണ്ട്. അതിനാല്‍ അത് സാങ്കേതികാര്‍ഥത്തിലുള്ള ബിദ്അത്താവുന്ന പ്രശ്‌നമില്ല; ഭാഷാര്‍ഥത്തില്‍ ഒരുവേള അങ്ങനെ പറയാമെങ്കിലും.
ഇമാം സുയൂത്വിയെപ്പോലുള്ള ചില പണ്ഡിതന്മാര്‍ നബിദിനാഘോഷത്തിനനുകൂലമായി എഴുതിയിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ, ഇങ്ങനെയുള്ള വിഷയങ്ങളില്‍ സത്യവിശ്വാസി സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണം? ഒരു ഭാഗത്ത് നബി(സ) മുതല്‍ സ്വഹാബിമാര്‍, താബിഉകള്‍, മദ്ഹബിന്റെ ഇമാമുകള്‍ ഉള്‍പ്പെടെയുള്ളവരുടെയൊന്നും യാതൊരു മാതൃകയും ഇല്ലാത്ത ഒരു കാര്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വരുമ്പോള്‍ ഏത് നിലപാടാണ് സൂക്ഷ്മം? യാതൊരു സംശയവുമില്ല, പ്രവാചകന്റെയും സ്വഹാബിമാരുള്‍പ്പെടെയുള്ള സലഫുസ്സ്വാലിഹുകളുടെയും മാതൃക തന്നെയാണ് മുന്‍ഗണനയര്‍ഹിക്കുന്നത്. ഇമാം ഇബ്‌നുഹജര്‍ പറഞ്ഞത് ഞാനുദ്ധരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ എല്ലാ വീക്ഷണവും അംഗീകരിക്കുന്നുവെന്നാരും ധരിച്ചുകൂട. അവരുടെ വീക്ഷണങ്ങളൊന്നും ദീനുല്‍ ഇസ്‌ലാമില്‍ പ്രമാണമല്ല. ഇക്കാര്യം ഇമാം ഇബ്‌നുതൈമിയ്യക്കും ബാധകമാണ്. കാരണം അവരാരും തെറ്റുപറ്റാത്ത മഅ്‌സൂമുകളല്ല. അവര്‍ പോലും അങ്ങനെ പഠിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല, നേരത്തെ പറഞ്ഞ മൗലികതത്വം ഊന്നിപ്പറയുക കൂടി ചെയ്തിട്ടുണ്ട്.

ഇമാം ശാഫിഈയും ബിദ്അത്തിന്റെ തരംതിരിവും
         ഇമാം ശാഫിഈ ബിദ്അത്തിന്റെ വകഭേദങ്ങളെപ്പറ്റിപ്പറഞ്ഞത് എവിടെയാണെന്ന് ചേര്‍ക്കാതെ ശൈഖ് അഹ്മദ് കുട്ടി ഉദ്ധരിച്ചിട്ടുണ്ട്. ആ പ്രവണത കുറിപ്പിലുടനീളം ആവര്‍ത്തിച്ചിട്ടുമുണ്ട്. യഥാര്‍ഥത്തില്‍ അവലംബം ചേര്‍ക്കുക എന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ സാമാന്യമര്യാദയാണ്. വിയോജിപ്പുള്ളവര്‍ക്ക് അത് പരിശോധിക്കാമല്ലോ. ഇവിടെ ഇമാം ശാഫിഈയുടേതായി കുറിപ്പുകാരന്‍ രേഖപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥത്തിലും കാണാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഇമാം ബൈഹഖിയും ഇമാം അബൂ നഈമും അത് ഉദ്ധരിച്ചിരിക്കുന്നു. അതിലുള്ള നിവേദകന്മാരെപ്പറ്റി ചിലതു പറയാനുണ്ടെങ്കിലും അത് മാറ്റിവെച്ചുകൊണ്ട് ഇമാം ശാഫിഈ ഇനി അങ്ങനെ പറഞ്ഞു എന്ന് സമ്മതിച്ചാല്‍ തന്നെ അതിന്റെ താല്‍പര്യം എന്താണ്? അതിനെ മഹാന്മാരായ ഇമാമുകള്‍ എങ്ങനെയാണ് മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുള്ളത്? നമുക്ക് നോക്കാം. ഇമാം ഇബ്‌നു റജബ് വിശദീകരിച്ചിട്ടുള്ളത്, അവിടെ ഇമാം ശാഫിഈ ഇപ്പറഞ്ഞത് ബിദ്അത്തിന്റെ ഭാഷാര്‍ഥം പരിഗണിച്ചുകൊണ്ടാണ് എന്ന് ഇമാം ഇബ്‌നുറജബിനെപ്പോലുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട് (ജാമിഉല്‍ ഉലൂമി വല്‍ഹികം 28). അങ്ങനെ വെക്കുവാനേ നിര്‍വാഹമുള്ളൂ. കാരണം നബി(സ) 'സര്‍വ ബിദ്അത്തുകളും വഴികേടാണ്' എന്ന് ഖണ്ഡിതമായി പ്രസ്താവിച്ച സ്ഥിതിക്ക് മറ്റൊരു വ്യാഖ്യാനത്തിന് പഴുതില്ല. ഇമാം ശാഫിഈ തന്നെ പറഞ്ഞത് എന്റെ വീക്ഷണത്തിനെതിരെ ഹദീസ് സ്വഹീഹായി വന്നാല്‍ അതാണ് എന്റെ മദ്ഹബ് എന്നാണല്ലോ. അതിലുമപ്പുറം 'ഞാന്‍ പറഞ്ഞതിന് എതിരായിക്കൊണ്ട് ഹദീസ് സ്വഹീഹായി വന്നാല്‍ ഞാന്‍ എന്റെ അഭിപ്രായത്തില്‍ നിന്ന് മടങ്ങിയവനാണ്, അത് ഞാന്‍ ജീവിച്ചിരിക്കുമ്പോഴാവട്ടെ മരിച്ചാലാവട്ടെ' എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് (അബൂ നഈം, ഹാകിം, നവവി).
ഇമാം ഇബ്‌നുഹജറില്‍ അസ്ഖലാനിയുടെ അഭിപ്രായവും അതുതെന്നയാണെന്ന് ലേഖകന്‍ എഴുതിയിട്ടുണ്ടെങ്കിലും അവിടെയും വിഭജനത്തിനടിസ്ഥാനം ഭാഷയാണെന്നും ശര്‍ഇല്‍ ബിദ്അത്ത് എല്ലാം തന്നെ തള്ളപ്പെടേണ്ടതാണെന്നും അദ്ദേഹവും വ്യക്തമാക്കുന്നു. ഫത്ഹുല്‍ ബാരി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുന്നതാണ്. ഇനി ശര്‍ഇയായി നല്ല ബിദ്അത്തുകള്‍ എന്ന ഒരിനം എന്നൊന്നുണ്ടെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെ, എന്താണ് ഇവിടെ നല്ലതെന്നും ചീത്തയെന്നും വേര്‍തിരിക്കാനുള്ള അടിസ്ഥാനം? അദ്ദേഹം ഉദ്ധരിച്ച പണ്ഡിതാഭിപ്രായങ്ങളുടെ സംഗ്രഹം വെച്ച് ചോദിക്കട്ടെ: ഈസാ നബിയുടെ ജന്മദിനം മുസ്‌ലിംകള്‍ക്ക് ആഘോഷിക്കാന്‍ പാടുണ്ടോ? അതിനാണല്ലോ ഇന്ന് പൊതുവെ അംഗീകരിക്കപ്പെട്ട ഒരു തിയ്യതിയുള്ളത്. മുഹര്‍റം 10 ആഘോഷിക്കാമോ? റജബ് 27-ാം രാവ് ആഘോഷിക്കാമോ? എല്ലാ തിങ്കളാഴ്ചയും തിരുമേനി ജനിച്ച ദിവസമാണെന്ന് വെച്ച് ആഘോഷിക്കാമോ?
പ്രവാചകന്‍ തിരുമേനി മദീനയില്‍ എത്തിയതും തബൂക്കില്‍ നിന്നുള്ള തിരുമേനിയുടെ മടക്കവും അനുസ്മരിക്കപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നുണ്ട് വീണ്ടും കുറിപ്പുകാരന്‍. എന്നാല്‍ അതിന് മുമ്പുദ്ധരിച്ചത് പോലെയെങ്കിലുമുള്ള ഒരു രേഖയും ഉദ്ധരിച്ചു കണ്ടില്ല. ഇവിടെ 'അനുസ്മരിച്ചു' എന്ന് പറഞ്ഞാല്‍ ഒരു സംഭവത്തെ വീണ്ടും ഓര്‍ത്തു എന്നാണല്ലോ അര്‍ഥം. അതെവിടെയാണുള്ളത്? ഉണ്ടെങ്കില്‍ അതിങ്ങുദ്ധരിക്കാമല്ലോ. നമുക്കത് പഠിക്കാനും പരിശോധിക്കാനും സൗകര്യമാവുകയും ചെയ്യുമല്ലോ. വരുന്ന വരവില്‍ ഒരു സ്വീകരണം നല്‍കി എന്നതൊഴിച്ചുനിര്‍ത്തിയാല്‍, അനുസ്മരിച്ചു എന്നതിന് ലേഖകന്‍ ഇനിയും തെളിവ് സമര്‍പ്പിക്കട്ടെ. അപ്പോള്‍ അതേപ്പറ്റി പറയാം. റഫറന്‍സ് കൊടുത്തുവേണം ഉദ്ധരിക്കാന്‍. നെറ്റില്‍ നിന്നെടുത്തുദ്ധരിച്ചതുകൊണ്ടായില്ല.
സനദും മത്‌നും
         ഒരു ഹദീസ് സ്വീകാര്യയോഗ്യമാവണമെങ്കില്‍ അടിസ്ഥാനപരമായി ഉണ്ടാവേണ്ട നിബന്ധനയാണ് സനദ് (നിവേദകപരമ്പര) പരസ്പരം കണ്ണിചേര്‍ന്നിരിക്കണമെന്നത്. ഇവിടെ കണ്ണികള്‍ വിട്ടുപോയതു കൊണ്ടാണ് 'മുഅ്‌ളല്‍' എന്ന ഗണത്തില്‍ ആ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയത്. അത് തബൂക്കിന്റെ സന്ദര്‍ഭത്തിലാണോ അല്ലേ എന്ന തര്‍ക്കമല്ല അതിന് കാരണം. ഉലൂമുല്‍ ഹദീസിന്റെ പ്രാഥമിക പാഠമറിയുന്നവര്‍ക്കിത് മനസ്സിലാവേണ്ടതാണ്. തബൂക്കില്‍ നിന്ന് മടങ്ങുമ്പോഴാണോ അതോ ഹിജ്‌റ വേളയിലാണോ എന്ന തര്‍ക്കം ഹദീസിലെ മത്‌നിനെ (ഉള്ളടക്കം) പറ്റിയാണ്. കാരണം ആ പാട്ടില്‍ തബൂക്കില്‍ നിന്നു വരുമ്പോഴുള്ള വഴിയില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമായ 'സനിയ്യാത്തുല്‍ വദാഅ്' പരാമര്‍ശിക്കുന്നുണ്ട്. മക്കയില്‍ നിന്നുള്ള ഒരു റൂട്ടിലും തിരുമേനി ആ പ്രദേശത്തുകൂടി സഞ്ചരിക്കുന്ന പ്രശ്‌നമില്ല. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് ഒരുത്തന്‍ കാഞ്ഞങ്ങാട് വഴി വന്നു എന്ന് പറയുന്നത് പോലെയാകും അത്. അത്തരം സംഗതികളൊന്നും പ്രമാണമാക്കാവുന്ന ഹദീസായി പരിഗണിക്കാന്‍ അതിന്റെ സനദ് സ്വഹീഹായാല്‍ പോലും പറ്റില്ല. സനദുകൂടി ദുര്‍ബലമാണെങ്കില്‍ പിന്നെ പറയാനുമില്ല.
പിന്നെ ഒരുപാട് പണ്ഡിതന്മാരുടെ പേരുകളുദ്ധരിച്ച് നബിദിനാഘോഷത്തെ ന്യായീകരിച്ചിട്ടുണ്ട് അദ്ദേഹം. അവരുടെ അഭിപ്രായങ്ങള്‍ പൂര്‍ണമായും എന്താണെന്നോ, അവരുടെ തെളിവുകള്‍ എന്തൊക്കെയാണെന്നോ വ്യക്തമാവാത്തിടത്തോളം അതേപ്പറ്റി പറയാന്‍ പ്രയാസമുണ്ട്. ഒരുപക്ഷേ, റബീഉല്‍ അവ്വലിനോ 12ാം തീയതിക്കോ പ്രത്യേകിച്ച് ശ്രേഷ്ഠതയും അതില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് പ്രത്യേകിച്ച് പുണ്യവുമുണ്ടെന്ന് വിശ്വസിക്കാതെ നടത്തുന്ന അനുസ്മരണ ചടങ്ങുകളെപ്പറ്റിയായിരിക്കണം ശൈഖ് ഖറദാവിയെപ്പോലുള്ളവര്‍ ഫത്‌വ നല്‍കിയിട്ടുണ്ടാവുക. അതാകട്ടെ വിയോജിപ്പുള്ള കാര്യവുമല്ല. അല്ലാത്ത പക്ഷം ആരുതന്നെ പറഞ്ഞാലും അത് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ തെളിയിക്കപ്പെടാത്തിടത്തോളം കേവല അഭിപ്രായമായി നിലനില്‍ക്കുകയേ ഉള്ളൂ. അവയൊന്നും തന്നെ ദീനില്‍ ഒരിക്കലും തെളിവാകാന്‍ പോകുന്നില്ല.
(ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിച്ചിരിക്കുന്നു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/49-52
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം