Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 21

ഇമാം- ഖത്വീബുമാരുടെ ജീവിത നിലവാരം ഉയര്‍ത്തണം

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

ഇമാം- ഖത്വീബുമാരുടെ ജീവിത നിലവാരം ഉയര്‍ത്തണം


         ഇസ്‌ലാമിക ഖിലാഫത്തിന്റെ തിരുശേഷിപ്പാകുന്നു മഹല്ലുകള്‍. ആ തിരുശേഷിപ്പ് എങ്ങനെയൊക്കെയോ നിലനിര്‍ത്തിക്കൊണ്ട് പോകാനാണ് സമുദായം ആഗ്രഹിക്കുന്നത്. എന്നാല്‍, നിലവിലുള്ള രീതി ഒന്നുകൂടി പുഷ്ടിപ്പെടുത്തി നന്നാക്കിയെടുക്കേണ്ടതുണ്ട്. പള്ളി കേന്ദ്രീകരിച്ചുള്ള സാമൂഹിക സംവിധാനമാണ് മഹല്ല്. പള്ളി നിലകൊള്ളുന്നത് ഇമാം-ഖത്വീബുമാരുടെ നേതൃത്വത്തിന്‍ കീഴിലും. ഒരു മഹല്ല് നന്നാകണമെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അതില്‍ ഒന്നാമത്തേത് പള്ളി ഭരണത്തിന് നേതൃത്വം നല്‍കുന്ന ഇമാമുമാരുടെയും ഖത്വീബുമാരുടെയും കാഴ്ചപ്പാടുകളും വീക്ഷണങ്ങളും നന്നാകണം. ഇന്നത്തെ അവസ്ഥയില്‍ അതിന് പ്രതീക്ഷയില്ല. കാരണം, അങ്ങേയറ്റത്തെ ഗതികേടിലും ദുര്‍ബലാവസ്ഥയിലുമാണ് ഇന്നത്തെ പല ഇമാമുമാരും ഖത്വീബുമാരും നിലനിന്നു പോരുന്നത്. അത്തരത്തിലുള്ളവരില്‍ നിന്നും ഉയര്‍ന്ന ചിന്തയും കാഴ്ചപ്പാടും പ്രതീക്ഷിക്കാന്‍ വകയില്ല. സ്വന്തം ഉപജീവനത്തിന് പോലും പ്രയാസപ്പെടുന്നവരാണവര്‍. അവര്‍ക്ക് വന്ന ഗതികേടില്‍ ഈ സമുദായത്തിന് പങ്കുണ്ട്. പ്രാര്‍ഥനയിലും ആരാധനാ കാര്യങ്ങളിലും മാത്രം മുന്നിലും മറ്റു സമയങ്ങളില്‍ സമൂഹത്തിന് പിന്നിലും കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ടവരാണവര്‍. അതിനാല്‍ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് അന്ധവിശ്വാസ-അനാചാരങ്ങളില്‍ അഭയം തേടി മറ്റു വരുമാന മാര്‍ഗങ്ങള്‍ തേടാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. സമുദായ നേതൃത്വമാണ് ഈ അവസ്ഥക്ക് പ്രധാന കാരണം. പണ്ഡിതന്മാരുടെ ഗതികേട് ചൂഷണം ചെയ്ത് അവരെ തങ്ങളുടെ ചട്ടുകമാക്കി മാറ്റുകയാണ് മഹല്ല് ഭരിക്കുന്ന പല പ്രമാണിമാരും.
രണ്ടാമത്തെ കാര്യം, മഹല്ലില്‍ ക്രിയാത്മകമായ ഒരു കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്. മഹല്ല് എന്ന് പറഞ്ഞാല്‍ മുഴുവന്‍ മുസ്‌ലിംകളുടെയും പൈതൃകമാണ്. മുസ്‌ലിംകളായ എല്ലാ ആളുകള്‍ക്കും അതില്‍ പങ്കാളിത്തം വേണം. നിര്‍ഭാഗ്യവശാല്‍ മുസ്‌ലിം സമൂഹത്തിലെ കക്ഷി വഴക്കുകളുടെ ഫലമായി അത്തരം കൂട്ടായ്മകള്‍ തീവ്ര ചിന്താഗതിയുള്ള ചില പുരോഹിതന്മാരുടെ കൈയില്‍ അകപ്പെട്ടിരിക്കുകയാണ്. വിശാല വീക്ഷണമുള്ള പലരും മഹല്ലിന് പുറത്താണ്. പല മഹല്ലുകളിലും തെറ്റായ നിയമാവലികള്‍ ഉണ്ടാക്കി പുരോഹിതന്മാര്‍ തങ്ങളുടെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്നു. മഹല്ലിലെ തീവ്ര വിഭാഗക്കാരും, മിതവാദികളോട് യാതൊരുവിധ സഹിഷ്ണുതയും പ്രകടിപ്പിക്കാത്തവരുമായ ആളുകള്‍ മിതവാദികളെ ആട്ടിപ്പുറത്താക്കി മഹല്ല് പിടിച്ചെടുക്കുന്ന അവസ്ഥയാണിന്ന് കാണാന്‍ സാധിക്കുന്നത്. ഇത് മഹല്ലുകള്‍ക്ക് ഭീഷണിയാണ്. തങ്ങളുണ്ടാക്കിയ നിയമാവലികള്‍ അനുസരിക്കാത്തവരെ ഭ്രഷ്ടരാക്കാന്‍ വരെ ഇത്തരക്കാര്‍ മുതിരുന്നു. ഒരു ഭാഗത്ത് അനാചാരങ്ങളെ നിലനിര്‍ത്താന്‍ പാടുപെടുന്നു. മറുഭാഗത്ത് വിശാല വീക്ഷണമുള്ളവരെ പുറത്താക്കുന്നു. ബാക്കിയുള്ളവര്‍ കൂടെ നില്‍ക്കാനോ ഒത്തുപോകാനോ കഴിയില്ല എന്നു പറഞ്ഞ് പിരിഞ്ഞുപോകുന്നു. അവസാനം, സങ്കുചിത-തീവ്ര ചിന്താഗതിക്കാര്‍ മാത്രം അവശേഷിക്കുന്നു. ഇത് മഹല്ല് അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് (ഈ തക്കം ഉപയോഗപ്പെടുത്തി മഹല്ലുകളെ ദുര്‍ബലമാക്കാനും നശിപ്പിക്കാനും മതനിഷേധികളും അള്‍ട്രാ സെക്യുലരിസ്റ്റുകളും പരിശ്രമിക്കുന്നുമുണ്ട്).
മൂന്നാമത്തെ കാര്യം, മാന്യമായ വേതനവും ചുറ്റുപാടും ഇല്ലാത്ത അവസ്ഥയില്‍ പള്ളികളിലെ ഇമാമുമാര്‍ കേവലം 'ഊമകളാ'യി മാറിയിരിക്കുന്നു. എന്നു പറഞ്ഞാല്‍ മാതൃഭാഷ വശമില്ലാത്ത ബംഗാളികളും ഹിന്ദുസ്ഥാനികളും ഇമാമുമാരായി എത്തിയിരിക്കുന്നു. ഇവര്‍ മഹല്ലിലെ ആളുകളുമായി യാതൊരുവിധ ആശയവിനിമയവും നടത്തുന്നില്ല. തുഛമായ ശമ്പളം കൊടുക്കുന്നതു മൂലം മലയാളികളെ തീരെ കിട്ടാതായിരിക്കുന്നു. നാട്ടിലെ എല്‍.പി സ്‌കൂള്‍ അധ്യാപകന്റെ ശമ്പളത്തിന്റെ അത്രപോലും പള്ളി ഇമാമിനും ഖത്വീബിനും നല്‍കാന്‍ മഹല്ല് അധികൃതര്‍ തയാറല്ല. സമുദായ സംഘടനകള്‍ ഒന്നിച്ചിരുന്ന് ഇമാം-ഖത്വീബുമാര്‍ക്കും മറ്റും മിനിമം വേതനവും മറ്റാനുകൂല്യങ്ങളും നിശ്ചയിക്കണം.
മഹല്ലില്‍ സമുദായത്തിന്റെ അര്‍ധ വിഭാഗത്തിന് ഒരു പങ്കാളിത്തവുമില്ല എന്നതാണ് മറ്റൊരു കാര്യം. ഇസ്‌ലാമില്‍ സ്ത്രീയും പുരുഷനും ഒരുപോലെയല്ല. എന്നാല്‍, ഇക്കാരണത്താല്‍ സ്ത്രീക്ക് ഒരു പങ്കാളിത്തവുമില്ല എന്നോ അവരെ പരിഗണിക്കാന്‍ പാടില്ല എന്നോ അര്‍ഥമില്ല. കുടുംബത്തില്‍ പങ്കാളിത്തമുള്ളതുപോലെത്തന്നെ കുടുംബങ്ങളുടെ കൂട്ടായ്മയായ സമൂഹത്തിലും അവര്‍ക്ക് പങ്കാളിത്തമുണ്ട്. മഹല്ല് കൈകാര്യം ചെയ്യുന്ന വിവാഹം, വിവാഹമോചനം, ഖബ്ര്‍സ്ഥാന്‍ ഇവയെല്ലാം സ്ത്രീകളെയും കൂടി ബാധിക്കുന്ന കാര്യങ്ങളാണ്. അതിനാല്‍ സ്ത്രീകള്‍ക്കും കൂടി പങ്കാൡമുള്ള ഒരു അവസ്ഥയിലേക്ക് മഹല്ലുകള്‍ എത്തിച്ചേരണം. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും പങ്കാളിത്തം ഉണ്ടാവുകയും അങ്ങനെ വിശാലമായ കൂട്ടായ്മയായി മഹല്ല് മാറുകയും വേണം. മഹല്ലിന്റെ ആഭിമുഖ്യത്തില്‍ സകാത്ത് സംഭരണം നടക്കുകയും മറ്റു സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതിനൊക്കെ നേതൃത്വം കൊടുക്കാന്‍ ഇമാമുമാര്‍ മുന്നിട്ടിറങ്ങുകയും ചെയ്താല്‍ മഹല്ല് ഒരു ഗ്രാമപഞ്ചായത്തിന്റെ വിതാനത്തിലേക്ക് ഉയരാനിടയുണ്ട്. വിശാലത ഉണ്ടെങ്കില്‍, പരസ്പര സഹകരണമുണ്ടെങ്കില്‍ മഹല്ലില്‍ പല സ്‌കീമുകളും നടപ്പാക്കാം. സമുദായത്തിന്റെ ഉണര്‍വിനും പുനരുദ്ധാരണത്തിനും മഹല്ലുകളുടെ ദുര്‍ബലാവസ്ഥ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. മഹല്ലുകളിലെ അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാനുള്ള ശ്രമവും അവയെ പ്രയോജനപ്രദമാക്കാനുള്ള ശ്രമങ്ങളും നടക്കേണ്ടതുണ്ട്.
മഹല്ലുകളുടെ കേന്ദ്ര സ്ഥാനമായ പള്ളികളെ ചിലരെങ്കിലും പാര്‍ട്ടി ഓഫീസാക്കി മാറ്റിയിട്ടുണ്ട്. മദീനയിലെ പള്ളിയില്‍ ക്രിസ്ത്യാനികള്‍ വന്നപ്പോള്‍ നബി(സ) അവര്‍ക്ക് പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ സൗകര്യം ചെയ്തു കൊടുത്ത ചരിത്രം ആവര്‍ത്തിച്ചു പറയുന്നതോടൊപ്പം തന്നെ നമ്മുടെ പള്ളിയില്‍ കര്‍മശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം സ്വന്തം സമുദായത്തില്‍ പെട്ടവര്‍ക്ക് തന്നെ പ്രാര്‍ഥന നിര്‍വഹിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. സഹിഷ്ണുത ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കഅ്ബാലയത്തിന്റെ ശാഖയായി പള്ളിയെ കാണാമെങ്കില്‍, അവിടെ പുലരുന്ന എല്ലാ വിശാലതയും ഇവിടെ പള്ളിയിലും പുലരേണ്ടതുണ്ട്. ഹറമില്‍ എല്ലാ മദ്ഹബിന്റെ ആളുകളും പരസ്പരം സഹകരണത്തോടെ വര്‍ത്തിക്കുന്നു; ആരാധനാ കാര്യങ്ങളിലേര്‍പ്പെടുന്നു. ആ ഒരു വിശാലതയും പരസ്പര സഹകരണവും നമ്മുടെ മഹല്ല് കേന്ദ്രങ്ങളായ പള്ളികളിലും പുലരണം. പരമ്പരാഗത മഹല്ലുകളെ മാതൃ മഹല്ലുകളായി ഗണിച്ചുകൊണ്ട് നന്നായി സഹകരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. വേറെ പള്ളി ഉണ്ടാക്കിയതിനാല്‍ പരമ്പരാഗത മാതൃ മഹല്ലുകളുമായി അകലുമ്പോള്‍ മഹല്ല് കേന്ദ്രമായുള്ള മുസ്‌ലിം ഐക്യം ഉണ്ടാവാതെ പോവുകയാണ്. പല പ്രദേശങ്ങളിലും ഇസ്‌ലാമിന്റെ നാമവും കുറിയും ഒരളവോളമെങ്കിലും നിലനിര്‍ത്തുന്നതില്‍ മഹല്ലുകളുടെയും പള്ളികളുടെയും പങ്ക് വളരെ വലുതാണ്. മഹല്ല് ഘടനയെ ദുര്‍ബലപ്പെടുത്താനുള്ള പലവിധ ശ്രമങ്ങളും നടക്കുന്നുണ്ട് (വിവാഹ പ്രായ പരിധിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മഹല്ലുകളെ ക്രൂശിക്കാനും പീഡിപ്പിക്കാനുമുള്ള ശ്രമവുമുണ്ട്. മഹല്ല് ഭാരവാഹികള്‍, ഖാദിമാര്‍ തുടങ്ങിയവര്‍ കഠിന ശിക്ഷക്കും ജയില്‍ ശിക്ഷക്കും മറ്റും വിധേയരാകുമ്പോള്‍ അന്തിമ വിശകലനത്തില്‍ മഹല്ലിന്റെ സുഗമമായ നടത്തിപ്പിന് ആളെ കിട്ടാതാവുന്ന ദുരവസ്ഥയുണ്ടാകും). വിവാദ വിഷയങ്ങളില്‍ വിശാല വീക്ഷണം പുലര്‍ത്താനും എല്ലാ ഭിന്നതകള്‍ക്കും അതീതമായി വിപുലമായ കൂട്ടായ്മ രൂപപ്പെടുത്താനും മഹല്ലുകള്‍ വേദിയാവേണ്ടതുണ്ട്. സങ്കുചിതത്വത്തിന്റെയും കടുത്ത പക്ഷപാതിത്വത്തിന്റെയും തീവ്ര ചിന്താഗതിക്കാര്‍ പള്ളി ഇമാമുമാരുടെ ദാരിദ്ര്യത്തെ മുതലെടുത്തുകൊണ്ട് വിക്രിയകള്‍ കാട്ടിക്കൂട്ടുന്നത് തടയാന്‍ ഏറ്റവും നല്ല വഴി പരാശ്രയമില്ലാതെ മാന്യമായി നടു നിവര്‍ത്തിയും തല ഉയര്‍ത്തിപ്പിടിച്ചും നിലകൊള്ളാന്‍ സാധിക്കുന്ന മിതവും മാന്യവുമായ വേതനവും മറ്റാനുകൂല്യങ്ങളും പള്ളി ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കും നല്‍കുകയെന്നതാണ്.
പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

അഭിനവ സാമിരിമാര്‍


         മുന്‍കാല സമൂഹങ്ങള്‍ ദൈവദൂതന്മാരെ ദൈവത്തോളം ഉയര്‍ത്തി ബഹുദൈവത്വത്തിലേക്ക് പോയതുപോലെ, 'ഖുര്‍ആന്‍ അഹ്‌ലു'കാരും തെറ്റിപ്പോകാനിടയുള്ളതുകൊണ്ടാണല്ലോ ഖുര്‍ആന്‍ ഏകദൈവാരാധനയെ കുറിച്ച് അടിക്കടി ബോധ്യപ്പെടുത്തുന്നത്. തട്ടിപ്പിന്റെ പാനപാത്രവും 'തിരുകേശ'വുമായി നവസാമിരിമാര്‍ സമൂഹത്തെ വഴിതെറ്റിക്കാന്‍ ഖുര്‍ആന്‍ വാക്യത്തെ കൂടി കൂട്ടു പിടിക്കുന്നു എന്നതാണ് മതപ്രബോധകര്‍ നേരിടുന്ന വെല്ലുവിളി. വെല്ലുവിളികളെ അതിജയിച്ചു മുന്നോട്ടുപോകാന്‍ സൗമ്യ ശൈലിയിലൂടെയുള്ള പ്രബോധനം കൊണ്ടേ സാധ്യമാകൂ.
കണിയാപുരം നാസറുദ്ദീന്‍

അരങ്ങ് വാഴുന്ന 'ആത്മീയ വ്യവസായം'


         അമൃതാനന്ദമയിക്കെതിരെ 'വിശുദ്ധ നരകം' എന്ന പേരില്‍ മുന്‍ ശിഷ്യ എഴുതിയ പുസ്തകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ആത്മീയ വ്യവസായങ്ങളെക്കുറിച്ച ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും നിമിത്തമായിത്തീര്‍ന്നെങ്കില്‍ എന്നാശിച്ച് പോകുന്നു. ആത്മീയതയുടെ മറവില്‍ വ്യത്യസ്ത മതസ്ഥരായ വിശ്വാസികളെ ചൂഷണം ചെയ്യുന്നവര്‍ വളര്‍ന്ന് പന്തലിച്ച് വന്‍ വ്യവസായ സാമ്രാജ്യങ്ങളായി മാറിയിരിക്കുന്നു. ഭരണാധികാരികളും ന്യായാധിപന്മാരും നിയമപാലകരുമുള്‍പ്പെടെ സമൂഹത്തിലെ ഉന്നത സ്ഥാനീയര്‍ ഇത്തരം ആള്‍ദൈവങ്ങളുടെയും പുരോഹിതപ്പരിഷകളുടെയും മുമ്പില്‍ നമ്രശിരസ്‌കരാവുന്നതും കാല്‍ക്കല്‍ വീഴുന്നതും ദയനീയമായ കാഴ്ച തന്നെയാണ്.
ആത്മീയതയുടെ പരിവേഷമണിഞ്ഞ ഇത്തരം കപടസ്വാമി/സ്വാമിനിമാരും, ശൈഖുമാരും, പാതിരിമാരുമൊക്കെ കോടികളാണ് ആത്മീയ കച്ചവടത്തിലൂടെ സമ്പാദിക്കുന്നത്. ജനങ്ങള്‍ക്ക് 'ആത്മശാന്തി' നല്‍കലാണ് ഇവരുടെയൊക്കെ ഉദ്ദേശ്യമെങ്കില്‍ അക്കാര്യം പ്രതിഫലേഛ കൂടാതെ തന്നെ നടത്താന്‍ കഴിയുമെന്നിരിക്കെ വിശ്വാസികളില്‍ നിന്ന് പണം വാങ്ങി അവര്‍ക്ക് ആത്മീയതയും സമാധാനവും 'പകര്‍ന്നു നല്‍കാന്‍' ആരാണിവര്‍ക്ക് അധികാരം നല്‍കിയത്?
ആള്‍ദൈവങ്ങളോടുള്ള ഭരണകൂടത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട് വഞ്ചനാത്മകമാണ്. മതവികാരത്തിന്റെ പേരു പറഞ്ഞ് മതക്കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അവര്‍ സ്വീകരിക്കാറുള്ളത്. പലപ്പോഴും ആള്‍ദൈവങ്ങളുടെ ആശ്രമങ്ങളിലും ദര്‍ഗകളിലും അരമനകളിലുമൊക്കെ നിരങ്ങുന്ന ഭരണകര്‍ത്താക്കളെയും രാഷ്ട്രീയ നേതാക്കളെയുമാണ് കാണാന്‍ സാധിക്കുക. ആള്‍ദൈവങ്ങളും രാഷ്ട്രീയക്കാരും തമ്മിലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടിന് കാരണം അത്തരക്കാരില്‍ നിന്ന് പാര്‍ട്ടികള്‍ക്ക് ലഭിക്കുന്നവിഹിതവും, അവരുള്‍ക്കൊള്ളുന്ന സമുദായങ്ങളുടെ വോട്ടുബാങ്ക് നഷ്ടപ്പെടുമെന്ന ഭയാശങ്കകളുമാണ്. നോട്ടിലും വോട്ടിലുമാണല്ലോ എല്ലായ്‌പ്പോഴും രാഷ്ട്രീയ പാര്‍ട്ടികളുടെ കണ്ണ്.
പി.പി ഇഖ്ബാല്‍ ദോഹ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/49-52
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം