Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 21

ഗൂഢാലോചന വികസനത്തിനും സദ്ഭരണത്തിനുമെതിരെ

റജബ് ത്വയിബ് ഉര്‍ദുഗാന്‍/ ജമാല്‍ അല്‍ ശയ്യാല്‍

ഇന്നത്തെ പ്രമുഖ ലോക നേതാക്കളില്‍ ഒരാളാണ് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയിബ് ഉര്‍ദുഗാന്‍. കഴിഞ്ഞ പത്ത് വര്‍ഷക്കാലംകൊണ്ട് ഭരണ മികവിന്റെയും സാമ്പത്തിക വികസനത്തിന്റെയും ഉര്‍ദുഗാന്‍ മോഡല്‍ ഏറെ പ്രശംസപിടിച്ചുപറ്റിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ ഏറ്റവും മാന്യവും സുതാര്യവുമായ വഴികള്‍ സ്വീകരിക്കുന്ന 'ഉര്‍ദുഗാന്‍ മോഡല്‍' ഭരണമായിരിക്കും അറബ് വിപ്ലവങ്ങളെ തുടര്‍ന്ന് ആ നാടുകളിലും സംഭവിക്കുക എന്ന് പ്രതീക്ഷക്കപ്പെട്ടിരുന്നു. പടിഞ്ഞാറിനും കിഴക്കിനും പ്രിയപ്പെട്ട ഒരു ഭരണ മാതൃകയായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്ന ജനാധിപത്യക്രമം എന്നതു തന്നെയാണ് ഉര്‍ദുഗാന്‍ ഭരണത്തിന്റെ ഏറ്റവും വലിയ സവിശേഷത.
ഇങ്ങനെയൊക്കെയാണെങ്കിലും ഉര്‍ദുഗാന്‍ സര്‍ക്കാരിനെതിരെയുമുണ്ട് പല ആരോപണങ്ങളും. കഴിഞ്ഞ വര്‍ഷം രാജ്യത്ത് കത്തിപ്പടര്‍ന്ന ഗാസി പാര്‍ക്ക് വിവാദം സര്‍ക്കാരിന്റെ സല്‍പേരിന് പോറലേല്‍പ്പിച്ചു. ഈയടുത്ത് സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതും ഉദ്യോഗസ്ഥര്‍ക്കെതിരെ ഉര്‍ദുഗാന്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചതും സ്വേഛാധിപത്യ പ്രവണതയിലേക്കു മാറുന്നു എന്ന വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയോ അതിന് മറുപടി പറയാതിരിക്കുകയോ അല്ല ഈ ലോക നേതാവ്. തനിക്കും സര്‍ക്കാരിനുമെതിരെയുള്ള ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയുകയാണ്, അല്‍ ജസീറ ലേഖകനുമായി നടത്തിയ അഭിമുഖങ്ങളില്‍. അതിന്റെ പ്രസക്ത ഭാഗങ്ങള്‍.
താങ്കളുടെ സര്‍ക്കാരിന്റെ സാമ്പത്തിക വിജയത്തിനു പിന്നിലെ രഹസ്യം താങ്കള്‍ തന്നെ മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക മേഖലയില്‍ നിന്ന് അഴിമതി പിഴുതെറിഞ്ഞതാണ് തുര്‍ക്കി സാമ്പത്തിക വളര്‍ച്ച പ്രാപിക്കാനുള്ള ഏറ്റവും സുപ്രധാന കാരണമെന്നാണ് അന്ന് താങ്കള്‍ പറഞ്ഞത്. എന്നാല്‍ ഇന്ന് അതിന്റെ ചരിത്രത്തിലാദ്യമായാണ് തുര്‍ക്കി സര്‍ക്കാര്‍ ഇതുപോലെ വലിയ ഒരു അഴിമതിയാരോപണത്തില്‍ പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിന്റെ പേരില്‍ കോടികളുടെ അഴിമതി നടന്നുവെന്നും രാഷ്ട്രീയക്കാര്‍ തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നുമുള്ള ആരോപണം താങ്കളുടെ സര്‍ക്കാരിനെതിരെ ശക്തമായി ഉയരുന്നുണ്ട്. അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന ഒരു സര്‍ക്കാരിനെയാണോ താങ്കള്‍ നയിച്ചു കൊണ്ടിരിക്കുന്നത്?
         ചില കാര്യങ്ങള്‍ ആദ്യമേ വ്യക്തമാക്കേണ്ടതുണ്ട്. ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ സര്‍ക്കാറിനെ ശിഥിലമാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ, ഞങ്ങളുടെ സര്‍ക്കാരിനെതിരെ ഒരു അട്ടിമറി മണത്തിരുന്നു. അതു തന്നെയായിരുന്നു ശത്രുക്കളുടെ ലക്ഷ്യവും. എന്നാല്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ആരോപകര്‍ തൊടുത്ത വാദങ്ങള്‍ തന്നെ പരസ്പരവിരുദ്ധങ്ങളായിരുന്നു. അതു കൊണ്ടു തന്നെ സര്‍ക്കാരിനെതിരായ മുറവിളികള്‍ക്ക് അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ. അവരുടെ ആരോപണങ്ങള്‍ കേവല ആരോപണങ്ങള്‍ മാത്രമായിരുന്നു എന്നതിനാല്‍ അവ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയതുമില്ല. സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും നേടിയെടുക്കാനോ ഇത്തരം ആരോപണങ്ങള്‍ ശരിയാണെന്നു തെളിയിക്കാനോ അവര്‍ക്കായില്ല. ഈ സര്‍ക്കാര്‍ ഇപ്പോഴും വിജയകരമായി മുന്നോട്ടു പോകുന്നുവെന്നത്, അവരുടെ ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ലെന്നതിന്റെ പ്രത്യക്ഷ തെളിവാണ്.
ചില കാര്യങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കു വിധേയമാകേണ്ടി വരുമെന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണ്. അതില്‍ സുപ്രധാനമായ പരിഷ്‌ക്കരണം അഴിമതിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടമായിരുന്നു. രണ്ടാമത്തെ കാര്യം രാജ്യത്ത് നിലനില്‍ക്കുന്ന പല നിരോധങ്ങളുമായി ബന്ധപ്പെട്ടതാണ്. മറ്റൊരു പോരാട്ടം ദാരിദ്ര്യത്തിനെതിരെയായിരുന്നു. അഴിമതിക്കെതിരായ സര്‍ക്കാരിന്റെ കൂട്ടായ പരിശ്രമഫലമായി തുര്‍ക്കിയുടെ സാമ്പത്തിക രംഗത്ത് വന്‍ വളര്‍ച്ചയുണ്ടായി. ദേശീയവരുമാനത്തില്‍ മൂന്ന് ഇരട്ടി വര്‍ധനയുണ്ടായി. ജി.ഡി.പി 230 ബില്യന്‍ ഡോളര്‍ ആയിരുന്നത് ഇപ്പോള്‍ 800 ബില്യന്‍ കവിഞ്ഞിരിക്കുന്നു. അഴിമതിയില്‍ മുങ്ങിയ ഒരു സര്‍ക്കാരിന് എങ്ങനെയാണ് ഇതു പോലെ വളര്‍ച്ചയുണ്ടാക്കാനാവുക?
തുര്‍ക്കിയുടെ കയറ്റുമതി 36 ബില്യന്‍ ഡോളറായിരുന്നു. ഇപ്പോഴത് 152 ബില്യന്‍ ഡോളറായി വര്‍ധിച്ചിരിക്കുന്നു. കയറ്റുമതി വര്‍ധിപ്പിക്കാനുതകുന്ന തരത്തിലുള്ള സാമ്പത്തികനയമാണ് ഞങ്ങള്‍ ആവിഷ്‌ക്കരിച്ചത്. തുര്‍ക്കിയുടെ വന്‍ കടബാധ്യത ലഘൂകരിച്ച്, അവ തിരിച്ചടക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ ഭേദപ്പെട്ട നിലയിലെത്തി. ജി ഡി പിയുടെ 73 ശതമാനവും പൊതുകടമായിരുന്നു. അഥവാ 100 തുര്‍ക്കി ലിറെയില്‍ 73 ലിറെയും കടമാണെന്നു സാരം. ഈ വായ്പാ നിരക്ക് ഈ സര്‍ക്കാര്‍ 36 ശതമാനമാക്കി കുറച്ചു കൊണ്ടു വന്നു. അഴിമതിയില്‍ മുങ്ങിയ ഒരു സര്‍ക്കാരിന് എങ്ങനെയാണ് ഇത്തരം നേട്ടങ്ങള്‍ കരസ്ഥമാക്കാനാവുക?
63 ശതമാനമായിരുന്ന ഗവണ്‍മെന്റ് കടത്തിന്റെ പലിശ നിരക്ക് ഇപ്പോള്‍ ഒറ്റ സംഖ്യയിലേക്കു കുറച്ചു കൊണ്ടു വന്ന് 4.6 ശതമാനമാക്കി മാറ്റി. എന്നാല്‍ ഈയടുത്തുണ്ടായ ചില വികസനസംരംഭങ്ങള്‍ കൊണ്ട് അത് വീണ്ടും 10 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പലിശ നിരക്ക് ഇനിയും താഴ്ത്തി കൊണ്ടുവരാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. തുര്‍ക്കിയുടെ വളര്‍ച്ചാ നിരക്ക് 2013 ന്റെ ആദ്യ മാസങ്ങളില്‍ നാലു ശതമാനമായിരുന്നു. ഇപ്പോഴത് 3.8 ശതമാനമാണ്. വരും വര്‍ഷവും നല്ല സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടൊക്കെ തീര്‍ച്ചയായിട്ടും ഞങ്ങള്‍ക്കു പറയാം, ഞങ്ങളുടെ സര്‍ക്കാര്‍ ഒരു അഴിമതി സര്‍ക്കാരല്ല. അത് ഒരു ആരോപണം മാത്രമാണ്.

രാജ്യത്തെ പ്രധാന ബാങ്കായ ഹാല്‍കില്‍ നിന്ന് അനധികൃതമായി പണം പിന്‍വലിക്കപ്പെട്ടുവെന്നും ബാങ്കിന്റെ ഇടപാടുകളില്‍ തിരിമറി നടന്നുവെന്നുമുള്ള ആരോപണത്തെ കുറിച്ച് എന്തു പറയുന്നു?
         ഹാല്‍ക് ബാങ്കില്‍ നിന്നു പണം നഷ്ടപ്പെട്ടുവെന്നതും വെറും ആരോപണം മാത്രം. ബാല്‍കന്‍ പ്രദേശങ്ങളില്‍ ഏറ്റവും ലാഭകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ബാങ്കാണ് ഹാല്‍ക് ബാങ്ക്. വിമര്‍ശകര്‍ ഇക്കാര്യം അവഗണിക്കുകയാണ്. ഉദാഹരണത്തിന് രാജ്യത്തെ ബാങ്കിങ്ങ് റെഗുലേറ്ററി കമ്മിറ്റി ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പരിശോധന നടത്തിയിരുന്നു. ഏറ്റവും ഉന്നത ബാങ്കിംങ്ങ് അതോറിറ്റി നല്‍കിയ റിപോര്‍ട്ടില്‍ ഹാല്‍ക് ബാങ്കില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉള്ളതായി പരാമര്‍ശിച്ചിട്ടില്ല. നാം വിശ്വസിക്കേണ്ടതും അവലംബിക്കേണ്ടതും തെളിവുകളില്ലാത്ത ആരോപണങ്ങളെയാണോ അതല്ല, ഉത്തരവാദപ്പെട്ട ഒരു കമ്മിറ്റിയുടെ റിപോര്‍ട്ടിനെയാണോ?

താങ്കളെ കുറിച്ചു മറ്റൊരാരോപണം, താങ്കള്‍ സര്‍ക്കാരിന്റെ അഴിമതി മൂടിവെക്കുക മാത്രമല്ല, അഴിമതി പുറത്തു കൊണ്ടു വന്ന ചില പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തു എന്നുമാണ്. എന്താണ് യാഥാര്‍ഥ്യം?
         നീതിന്യായ വകുപ്പിലെയും പോലീസ് വകുപ്പിലെയും ചിലര്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇവര്‍ സര്‍ക്കാരിനു സമാന്തരമായി മറ്റൊരു ഘടനയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഞാന്‍ പറയുക. ഇങ്ങനെ നിയമവിരുദ്ധമായി സര്‍ക്കാരിനു സമാന്തരമായി പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിനെതിരെ തീര്‍ച്ചയായും ഞങ്ങള്‍ ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ പ്രതിരോധിക്കേണ്ടിവരും. കാരണം ഈ രാജ്യത്തിന്റെ ഭരണാധികാരികള്‍ എന്ന നിലയില്‍ നാളെ ജനങ്ങള്‍ ഞങ്ങളെ ചോദ്യം ചെയ്‌തേക്കാം, ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇക്കൂട്ടരെ എന്തു കൊണ്ട് അനുവദിക്കുന്നുവെന്ന്. അതിനാല്‍ അക്കൂട്ടരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവരുടെ പദ്ധതികളെ കുറിച്ചും അന്വേഷണം നടത്താന്‍ ഞങ്ങള്‍ ബാധ്യസ്ഥരായിരുന്നു. അതിനാല്‍ ഉദ്യോഗസ്ഥതലങ്ങളില്‍ ചിലര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളേണ്ടി വന്നിട്ടുണ്ട്. അത് ആവശ്യമായിരുന്നു എന്നതിനാലാണ് അങ്ങനെ ചെയ്യേണ്ടി വന്നത്.
കുറ്റാരോപിതരെ കുറിച്ച് പോലീസും ജുഡീഷ്യറിയും സമര്‍പ്പിച്ച റിപോര്‍ട്ടുകള്‍ക്കിടയില്‍ പൊരുത്തക്കേടുകളുണ്ടായിരുന്നു. ഇതില്‍ അഴിമതി ആരോപിക്കപ്പെട്ടവരില്‍ പലരും രാജ്യത്തെ വലിയ ബിസിനസ്സുകാരും രാഷ്ട്രീയ പ്രമുഖരുമായിരുന്നു. ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയുന്നത് വരെ ആരോപിതര്‍ നിരപരാധികളാണ്. തുര്‍ക്കിയിലെ ഏറ്റവും ആദരണീയരായ വ്യക്തിത്വങ്ങളായിരുന്ന ഈ ബിസിനസുകാരുടെ മേല്‍ തെളിവില്ലാത്ത കുറെ കാര്യങ്ങള്‍ ആരോപിക്കപ്പെടുകയായിരുന്നു. അവര്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷണത്തിലൂടെ വെളിപ്പെടുന്നതിനു മുമ്പു തന്നെ അവര്‍ കുറ്റക്കാരായി മുദ്രകുത്തപ്പെട്ടു. അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെടുന്നതിനു മുമ്പ് അവരെ കുറ്റക്കാരായി കാണാന്‍ സാധിക്കുമോ? അവര്‍ക്ക് നഷ്ടപ്പെട്ട മാനവും വിശ്വാസ്യതയും കുറ്റം ആരോപിക്കുന്നവര്‍ക്ക് തിരികെ നല്‍കാന്‍ സാധിക്കുമോ? ഇവര്‍ രാജ്യത്തിന് നല്‍കുന്ന സേവനങ്ങളുടെ ഒരൊറ്റ ഉദാഹരണം പറയാം. രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ നിര്‍മാണ ചെലവ് 420 ബില്യന്‍ ഡോളറാണ്. അതില്‍ ഒരൊറ്റ പൈസ പോലും സര്‍ക്കാരിന്റേതല്ല. ഈ ബിസിനസുകാര്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി ആ വിമാനത്താവളം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ വിമാനത്താവളത്തിനു വേണ്ടി അവര്‍ക്ക് 420 ബില്യന്‍ ഡോളര്‍ കണ്ടെത്തേണ്ടി വന്നു. അവര്‍ തുര്‍ക്കിയിലെ വാണിജ്യ ബാങ്കുകളില്‍ നിന്ന് അതിന് വായ്പ എടുക്കുകയും ചെയ്തു. അവര്‍ക്ക് ലോണ്‍ നല്‍കാന്‍ തയാറായ അനേകം ബാങ്കുകള്‍ വിദേശത്തുമുണ്ട്. അങ്ങനെയുള്ള ആളുകള്‍ക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നത്. ഇവര്‍ക്കെതിരെയുണ്ടായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കെ തന്നെ, അന്വേഷണറിപോര്‍ട്ടുകളില്‍ അവര്‍ക്കെതിരായ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തപ്പെട്ടു. അതിനിടയാക്കിയ സാഹചര്യങ്ങളും നിയമത്തിന്റെ പരിധിയില്‍ നിന്ന് ഞങ്ങള്‍ അവലോകനം ചെയ്തു. അന്വേഷണ റിപോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുകയോ അതിനു സഹായിക്കുകയോ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. അവര്‍ക്ക് സ്ഥലംമാറ്റവും സ്ഥാനമാറ്റവും മാത്രമേ ഉണ്ടായിട്ടുള്ളൂ. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്തിരിക്കുന്ന നടപടികള്‍ നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍ മാത്രമാണ്. ഒരു ഉദ്യോഗസ്ഥന്‍ ഗുരുതരമായ തെറ്റു ചെയ്യുമ്പോള്‍ ഒരു നടപടിയുമില്ലാതെ ആ സ്ഥാനത്ത് തുടരുന്നത് അനുവദിക്കാന്‍ കഴിയില്ല. ഇവിടെ നീതിന്യായ വകുപ്പുകളും അതിന്റെ ഉന്നതാധികാര കേന്ദ്രങ്ങളുമുണ്ട്. അവരാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതും മറ്റും. എന്നാല്‍ രാജ്യ സുരക്ഷയുടെ കാര്യത്തില്‍ നടപടിയെടുക്കാന്‍ ഞങ്ങള്‍ക്ക് അധികാരമുണ്ട്. അതേ ഞങ്ങള്‍ ചെയ്തിട്ടുള്ളൂ.

താങ്കളുടെ സര്‍ക്കാരിലെ പ്രമുഖരോ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരോ ആരും തന്നെ ഈ അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടില്ലായെന്നും അവര്‍ നിരപരാധികളാണെന്നും താങ്കള്‍ ഉറച്ചു വിശ്വസിക്കുന്നുണ്ടോ?
         ഒരു കാര്യം എനിക്കുറപ്പിച്ചു പറയാന്‍ കഴിയും. എനിക്ക് വിശ്വസമില്ലാത്ത ഒരാളെ എന്റെ മന്ത്രിസഭയില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്ത് നിയമിക്കാന്‍ എനിക്ക് കഴിയുമോ? ഞാനാരെയെങ്കിലും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ നിയമിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും അവരില്‍ വിശ്വാസമുള്ളതു കൊണ്ടാണ്. അവര്‍ തെറ്റു ചെയ്യുകയോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ജുഡീഷ്യറി അവര്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കും. എനിക്കു ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും, എന്റെ സുഹൃത്തുക്കള്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. അവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായ സന്ദര്‍ഭത്തില്‍ തന്നെ അവര്‍ അധികാര സ്ഥാനങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ തയാറായതാണ്. അവരില്‍ ചിലര്‍ രാജിക്കത്ത് തരികയും ചെയ്തു. ആരോപണ വിധേയരായവര്‍ ഇപ്പോള്‍ ജുഡീഷ്യറിയുടെ അന്വേഷണ പരിധിയിലാണ്. താമസിയാതെ ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തു വരും.

ഴിമതിയാരോപണങ്ങള്‍ക്കു പുറമെ താങ്കളുടെ സര്‍ക്കാര്‍ അഭിമുഖീകരിച്ച മറ്റൊരു പ്രശ്‌നമായിരുന്നല്ലോ ഗാസി പാര്‍ക്കില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ സര്‍ക്കാര്‍വിരുദ്ധ പ്രകടനവും പ്രതിഷേധവും. ഈ സംഭവം താങ്കളുടെ സര്‍ക്കാരിന്റെ വീഴ്ചയായും ജനാധിപത്യ വിരുദ്ധതയായും രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. കൂടാതെ ഈയടുത്ത കാലത്ത് താങ്കളുടെ സര്‍ക്കാര്‍ ഇന്റര്‍നെറ്റിന് രാജ്യത്ത് കൊണ്ടു വന്ന നിയന്ത്രണം ജനങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നുവെന്ന വിമര്‍ശവുമുണ്ടാക്കിയിട്ടുണ്ട്. തുര്‍ക്കി ജനാധിപത്യത്തില്‍ നിന്ന് അതോറിറ്റേറിയന്‍ ഭരണത്തിലേക്കു നീങ്ങുന്നുവെന്ന വിമര്‍ശത്തോട് താങ്കള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്?
         ഒരു കാര്യം വ്യക്തമായി ഞാന്‍ പറയാം. യൂറോപ്യന്‍ യൂനിയനിലെ എല്ലാ അംഗ രാജ്യങ്ങളേക്കാള്‍ സ്വാതന്ത്ര്യമുള്ള രാജ്യമാണ് തുര്‍ക്കി. ഇപ്പോള്‍ താങ്കള്‍ ഗാസി പാര്‍ക്കിനെ കുറിച്ച് ചോദിക്കുന്നു. ഞാന്‍ ചോദിക്കട്ടെ, ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന സംഭവത്തെ നിങ്ങള്‍ മാധ്യമങ്ങള്‍ എന്തുകൊണ്ട് അവഗണിക്കുന്നു? ഈയടുത്ത് ഹംബര്‍ഗില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായി. അവിടെ പോലീസുകാര്‍ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ കണ്ടതാണ്. എന്നാല്‍ എന്തു കൊണ്ട് അവയൊന്നും വാര്‍ത്തയാകുന്നില്ല?

ണ്ട് തെറ്റുകള്‍ മറ്റൊന്നിനെ ശരിയാക്കുന്നുവെന്നാണോ?
         രണ്ട് തെറ്റുകള്‍ മൂന്നാമതൊന്നിനെ ശരിയാക്കുന്നുവെന്നല്ല ഞാന്‍ പറയുന്നത്. നിങ്ങള്‍ക്ക് മുമ്പില്‍ ചില ഉദാഹരണങ്ങള്‍ നിരത്തുക മാത്രമാണ് ചെയ്യുന്നത്. എന്തുകൊണ്ട് ആ സംഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക് ന്യൂസ് അജണ്ടയായില്ല? അതാണ് ഞാന്‍ ചോദിക്കുന്നത്. ഗാസി പാര്‍ക്കിലെ കാര്യങ്ങള്‍ക്ക് അവരുടെ നീക്കങ്ങളില്‍ ഒരു സദുദ്ദ്യേശ്യവുമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഗാസി പാര്‍ക്കില്‍ നിന്ന് 12 വൃക്ഷങ്ങള്‍ പിഴുതുമാറ്റി എന്നായിരുന്നു പ്രതിഷേധത്തിന് ചമയ്ക്കപ്പെട്ട കാരണം. എന്നാല്‍ യഥാര്‍ഥ പ്രശ്‌നം എന്തായിരുന്നുവെന്ന് താങ്കള്‍ക്ക് അറിയുമോ? ബാലറ്റ് പെട്ടിയിലൂടെ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ മറ്റു ചില മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് അധികാരം കരസ്ഥമാക്കാന്‍ ശ്രമിക്കുകയായിരുന്നു. ജനാധിപത്യത്തിലും ജനങ്ങളുടെ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നവരായിരുന്നു അവര്‍ എങ്കില്‍, അവരവിടെ പെട്രോള്‍ ബോംബ് ഉപയോഗിക്കുമായിരുന്നോ? അവര്‍ സമാധാനപ്രേമികളും ജനാധിപത്യവിശ്വാസികളുമായിരുന്നെങ്കില്‍ ഗാസി പാര്‍ക്കിലെ കടകളും വസ്തുവകകളും നശിപ്പിക്കുമായിരുന്നോ? ഇതാണോ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം? സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടി ഞാനും മുമ്പ് പോരാടിയിട്ടുണ്ട്. ഒരു കവിത ആലപിച്ചതിന്റെ പേരില്‍ എനിക്ക് തടവില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ, അതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട വ്യക്തി എന്ന നിലയില്‍ ഞാന്‍ ഒരിക്കലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരല്ല. എന്റെ പാര്‍ട്ടി എപ്പോഴും ഈ ജനതയുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പമാണ് നിന്നിട്ടുള്ളത്. പ്രതിഷേധ പ്രകടനങ്ങളോടോ, സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നതിനോടോ ഞങ്ങള്‍ക്ക് യാതൊരു വിയോജിപ്പുമില്ല. അങ്ങനെ പ്രതിഷേധമാര്‍ച്ചു നടത്തുന്നവര്‍ അതിന് അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ നിയമം അനുശാസിക്കുന്ന നിലയില്‍ പ്രതിഷേധിച്ചുകൊള്ളട്ടെ. അവര്‍ അതിനെ കുറിച്ച് പത്ര പ്രസ്താവനകള്‍ നടത്തിക്കൊള്ളട്ടെ. എന്നാല്‍ സര്‍ക്കാര്‍ പ്രകടനം നിരോധിച്ച സ്ഥലങ്ങളില്‍ വന്നല്ല അത് നടത്തേണ്ടത്. ലോകത്തിലെ ഒരു വികസിത ജനാധിപത്യ രാജ്യവും അതിന് അനുവാദം നല്‍കില്ല. പ്രതിഷേധ സംഗമങ്ങളും പ്രകടനങ്ങളും നടത്താന്‍ നിയമം അനുവദിക്കുന്ന സ്ഥലങ്ങളുണ്ട്; രീതികളുണ്ട്. അത് ലംഘിക്കുമ്പോള്‍ നിയമപാലകര്‍ക്ക് നടപടിയെടുക്കേണ്ടി വരും. പ്രതിഷേധ പ്രകടനക്കാര്‍ പെട്രോള്‍ ബോംബും, ഇരുമ്പു ദണ്ഡും കൊണ്ടു വന്നതെന്തിനാണ്? സമാധാനം തകര്‍ക്കുന്ന രീതിയിലാണ് ഈ പ്രകടനക്കാര്‍ ഗാസി പാര്‍ക്കില്‍ അഴിഞ്ഞാടിയത്. സ്വാഭാവികമായും ക്രമസമാധാന നില തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ക്ക് നിയന്ത്രിക്കേണ്ടി വന്നു. ബില്യന്‍ കണക്കിന് ഡോളറിന്റെ പൊതു മുതലുകളാണ് പ്രതിഷേധക്കാര്‍ നശിപ്പിച്ചത്. രാജ്യത്തിന്റെ ക്രമസമാധാന നില പുനഃസ്ഥാപിക്കല്‍ സര്‍ക്കാരിന്റെ ബാധ്യതയാണ്. അതേ ഞങ്ങള്‍ ചെയ്തിട്ടുള്ളൂ.

താങ്കളുടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചില കോണുകളില്‍ നിന്ന് ഗുഢാലോചനകള്‍ നടക്കുന്നതായി താങ്കള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട് ആരാണ് ഗൂഢാലോചനക്കു പിന്നില്‍? അങ്ങനെ ചെയ്യുന്നതിലൂടെ എന്തു നേടാനാണ് അവര്‍ ശ്രമിക്കുന്നത്? അത്തരം ഗൂഢാലോചനകള്‍ ഉണ്ടെന്നതിന് എന്തു തെളിവാണുള്ളത്?
         ഞങ്ങളുടെ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം ലഭിച്ചപ്പോള്‍, ഞങ്ങള്‍ അധികാരത്തിലേറുന്നത് തടയാന്‍ തുര്‍ക്കിയുടെ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് വരെയുള്ള വാദങ്ങള്‍ ഉയര്‍ന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഭൂരിപക്ഷം നേടിയിട്ടും ഞങ്ങള്‍ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടുമെന്ന അവസ്ഥാ വിശേഷത്തില്‍ എത്തുകയും ചെയ്തു. ഈ സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന് അവര്‍ ആക്രോശിച്ചു. അതിനു അവര്‍ പറഞ്ഞ കാരണം, ഒരു പത്ര റിപോര്‍ട്ടായിരുന്നു. ഒരൊറ്റ പത്രത്തില്‍ മാത്രമേ ആ റിപോര്‍ട്ടു വന്നിരുന്നുള്ളൂ. പല പ്രാവശ്യം ഉദ്ധരിക്കപ്പെടാറുള്ള ഒരു റിപോര്‍ട്ടാണ് അത്. സ്‌പെയിനിലെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് അവരുടെ വിശ്വാസസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഹിജാബ് ധരിക്കാനുള്ള അവകാശത്തെ പിന്താങ്ങിക്കൊണ്ടുള്ള എന്റെ പ്രസംഗത്തിലെ ഒരു പരാമര്‍ശമായിരുന്നു അത്. ഞങ്ങളുടെ പാര്‍ട്ടിയെ പിരിച്ചു വിടാന്‍ എതിരാളികള്‍ പറഞ്ഞ കാരണമിതാണ്. സ്‌പെയിനിലെ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുവാദം കൊടുക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടുവെന്നതാണ്. ഇതാണോ വിശ്വാസ സ്വാതന്ത്ര്യം എന്നു പറയുന്നത്? മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒന്നിനെയും വച്ചുപൊറുപ്പിക്കാന്‍ കഴിയാത്ത കടുത്ത ഒരു മനോഭാവം ഒരു കൂട്ടരില്‍ നില നില്‍ക്കുന്നുണ്ട്. ഞങ്ങളുടെ പാര്‍ട്ടിയെ പിരിച്ചു വിടാന്‍ വേണ്ടി അവര്‍ ഒരു പ്രത്യേക കോടതി തന്നെ തട്ടിക്കൂട്ടിയുണ്ടാക്കി. സെക്യുലറിസത്തിന് എതിരാണെന്നു പറഞ്ഞു അവര്‍ ഈ കേസ് കുത്തിപ്പൊക്കി കൊണ്ടു വന്നു. എന്നാല്‍ എന്റെ പാര്‍ട്ടിക്ക് സെക്യുലറിസത്തെ കുറിച്ച് കൃത്യവും വ്യക്തവുമായ കാഴ്ചപ്പാടുണ്ട്. തദടിസ്ഥാനത്തില്‍ സെക്യുലറിസം എന്താണെന്ന് ഞങ്ങള്‍ നിര്‍വചിക്കുകയും അതു വെച്ച് കോടതിയില്‍ ഞങ്ങള്‍ പ്രതിരോധിക്കുകയും ചെയ്തു. ഇതാണ് ഞങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യന്ന സെക്യുലരിസം. സെക്യുലരിസം എന്നാല്‍, സ്റ്റേറ്റ് എല്ലാ മത വിശ്വാസങ്ങളോടും തുല്യ അകലം പാലിച്ച് എല്ലാ വിശ്വാസങ്ങളെയും സംരക്ഷിക്കാന്‍ തയാറാവുകയെന്നാണ്. ആ വിശ്വാസം ഏതു വിശ്വാസമാണെങ്കിലും ശരി, മുസ്‌ലിമോ ക്രിസ്ത്യാനിയോ, നിരീശ്വരവാദിയോ ആരുമാകട്ടെ അവരെ സംരക്ഷിക്കുകയെന്നതാണ് സ്റ്റേറ്റിന്റെ ഡ്യൂട്ടി. ഇതു തന്നെയാണ് ഞങ്ങളുടെ സര്‍ക്കാര്‍ തുര്‍ക്കിയില്‍ ചെയ്യുന്നതും. ഇക്കാര്യത്തില്‍ വളരെ വിജയകരമായി മുന്നോട്ടു പോകാന്‍ ഞങ്ങള്‍ക്കായിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.
വിവ: മുനീര്‍ മുഹമ്മദ് റഫീഖ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/49-52
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം