ജനാധിപത്യത്തിന്റെ കണക്കെടുപ്പും വീണ്ടെടുപ്പും-3 <br>വികസനത്തെ തടയുന്നത് സാമൂഹിക അസന്തുലിതത്വം
എല്ലാ ജനാധിപത്യ രാജ്യങ്ങളിലും പൗരാവകാശ സംരക്ഷണത്തിനു വേണ്ടി നിയമങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. 1964-ല്‍ അമേരിക്കയില്‍ രൂപം കൊടുത്ത സിവില്‍ റൈറ്റ്‌സ് ആക്ട് ഒരു ഉദാഹരണം മാത്രമാണ്. ഈ നിയമത്തിനു കടകവിരുദ്ധമാണെങ്കിലും, 1964-നു മുമ്പ് കറുത്ത വര്‍ഗക്കാര്‍ അനുഭവിച്ചിരുന്നതിനേക്കാള്‍ കടുത്ത വിവേചനത്തിനു അവിടത്തെ മുസ്‌ലിം മതന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ വിധേയമായിക്കൊണ്ടിരിക്കുന്നു. അമേരിക്കന്‍ ജനസംഖ്യയുടെ 15% കറുത്ത വര്‍ഗക്കാര്‍ ആയതിനാല്‍ ആ വിവേചനം ഒരു പച്ചയായ സാമൂഹിക രാഷ്ട്രീയ വസ്തുതയായി അമേരിക്കന്‍ മുഖ്യധാരാ ജീവിതത്തിലുടനീളം വേറിട്ട് നിന്നിരുന്നു. മുസ്‌ലിം മതന്യൂനപക്ഷം വെറും 3% മാത്രമായതിനാലും അമേരിക്കയുടെ ചില നഗരപ്രദേശത്തു മാത്രമുള്ള പ്രതിഭാസമായതിനാലും, മുസ്‌ലിംകള്‍ക്ക് നേരെയുള്ള കൂടുതല്‍ ക്രൂരവും തീക്ഷ്ണവുമായ വിവേചനം അത്രമാത്രം ശ്രദ്ധിക്കപ്പെടുന്നില്ലെന്നു മാത്രം.
2012 ലെ EOC (Equal Opportunity Commission -തുല്യാവസരങ്ങള്‍ക്ക് വേണ്ടിയുള്ള കമീഷന്‍) റിപ്പോര്‍ട്ട് അനുസരിച്ച് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും അല്ലാതെയും മുസ്‌ലിം ന്യൂനപക്ഷം വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളിലും ഇതര സാമൂഹിക മേഖലകളിലും കടുത്ത വിവേചനത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന പരോക്ഷ വിവേചനത്തിന്റെ സ്ഥാനത്ത് സെപ്റ്റംബര്‍ 11-നും പാട്രിയറ്റ് ആക്റ്റിനും ശേഷം ആ വിവേചനം പ്രത്യക്ഷമായി എന്നു മാത്രമല്ല, അതിന്റെ ആഴവും വ്യാപ്തിയും അവരുടെ വസ്ത്രധാരണവും രൂപഭാവങ്ങളും അടിസ്ഥാനമാക്കിയുള്ള വിവേചനത്തിലും നിയമവിരുദ്ധമായ സര്‍വൈലന്‍സിലും എഫ്.ബി.ഐ നടത്തുന്ന വംശീയാടിസ്ഥാനത്തിലുള്ള ലോക്കല്‍ കമ്യൂണിറ്റി മാപ്പിംഗിലും വരെ എത്തിനില്‍ക്കുന്നു. ഇതു തന്നെയാണ് ഏറെക്കുറെ ഏതാണ്ടെല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലെയും പ്രധാന ന്യൂനപക്ഷ സമൂഹമായ മുസ്‌ലിംകളുടെ അവസ്ഥ.
ഉദ്യോഗങ്ങളിലും അധികാര കേന്ദ്രങ്ങളിലും പാര്‍ലമെന്റ്, കോണ്‍ഗ്രസ്, സെനറ്റുകളിലുമുള്ള ന്യൂനപക്ഷങ്ങളുടെ പ്രതിനിധാനം അവരുടെ ജനസംഖ്യാനുപാതവുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ നാമമാത്രമാണ്. ആംനെസ്റ്റി ഇന്റര്‍നാഷ്‌നല്‍ 2012 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച 'Choice and Prejudice: Discrimination Against Muslims in Europe' എന്ന തലക്കെട്ടിലെ റിപ്പോര്‍ട്ട് ഈ വിവേചനത്തിന്റെ ആഴവും പരപ്പും വരച്ചുകാണിക്കുന്നുണ്ട്. വിശ്വാസത്തിന്റെയും മതത്തിന്റെയും പേരിലെ വിവേചനത്തെ നിരോധിക്കുന്ന യൂറോപ്യന്‍ യൂനിയന്റെ നിയമം ഈ വിഷയത്തില്‍ യൂറോപ്പിലുടനീളം വെറും ഏട്ടിലെ പശുവാണെന്നും അതേ റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നുണ്ട്. 300 മില്യന്‍ ജനങ്ങളുള്ള അമേരിക്കയില്‍ 7 മില്യന്‍ മുസ്‌ലിംകള്‍ (2.3%) ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, 435 അംഗ അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ മുസ്‌ലിം പ്രാതിനിധ്യം യഥാക്രമം 2007-ലും 2008-ലുമായി മിന്നെസ്സൊട്ടയില്‍ നിന്നും ഇന്ത്യാനയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടു കോണ്‍ഗ്രസ് അംഗങ്ങളായ കീത്ത്എല്ലിസനിലും ആന്ദ്രെ കാഴ്‌സനിലും പരിമിതമാണ്. അതിനുമുമ്പ് അങ്ങനെയൊരു പ്രാതിനിധ്യംപോലും ഉണ്ടായിരുന്നില്ല. 100 അംഗ അമേരിക്കന്‍ സെനറ്റില്‍ ഉപ്പിനു പോലും ആരുമില്ലെന്നതാണ് വസ്തുത. ഇതിനേക്കാള്‍ കഷ്ടമാണ് സ്റ്റേറ്റുകളിലും ഇതര അധികാര കേന്ദ്രങ്ങളിലുമുള്ള ഇത്തരം ന്യൂനപക്ഷ വിഭാഗങ്ങളുടെ പങ്കാളിത്തവും പ്രാതിനിധ്യവും. ഇതാണ് അമേരിക്കയിലെ 'ഇന്‍ക്ലൂസീവ്' ജനാധിപത്യത്തിന്റെ അവസ്ഥ.
500 മില്യന്‍ ജനങ്ങളുള്ള, 27 രാജ്യങ്ങള്‍ ഉള്‍കൊള്ളുന്ന യൂറോപ്യന്‍ യൂനിയനില്‍ ഏറ്റവും ചുരുങ്ങിയത് 20 മില്യന്‍ മുസ്‌ലിംകള്‍ (4%) ജീവിക്കുന്നുണ്ട്. ഇതാകട്ടെ തുര്‍ക്കി ഒഴിച്ചുള്ള യൂറോപ്പിലെ മൊത്തം മുസ്‌ലിം ജനസംഖ്യയുടെ 45 ശതമാനമാണ്. എന്നാല്‍, 785 എം.ഇ.പിമാരുള്ള യൂറോപ്യന്‍ പാര്‍ലമെന്റില്‍ വെറും ആറു രാജ്യങ്ങളില്‍നിന്നുള്ള 10 എം.ഇ.പിമാരാണ് (1.2%) ന്യൂനപക്ഷ മുസ്‌ലിം പശ്ചാത്തലത്തില്‍നിന്നുമുള്ളവര്‍. തദ്ദേശീയ പാര്‍ലമെന്റുകളിലെയും സ്ഥിതി വ്യത്യസ്തമല്ല. 6% മുസ്‌ലിംകളുള്ള ഓസ്ട്രിയയുടെ പാര്‍ലമെന്റായ നാഷ്‌നല്‍ റാറ്റില്‍ മുസ്‌ലിം പ്രാതിനിധ്യമേ ഇല്ല. ബ്രിട്ടനിലെ 650 അംഗ ഹൗസ് ഓഫ് കോമണ്‍സില്‍ 6% വരുന്ന മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്നത് വെറും 8(1.2%) എം. പിമാരാണ്. 45 ശതമാനത്തിലേറെ മുസ്‌ലിംകളുള്ള ബര്‍മിങ്ങ്ഹാം ഉള്‍പ്പെടെ 30 ശതമാനത്തിലേറെ മുസ്‌ലിംകളുള്ള 3 സീറ്റുകളും പത്തിനും ഇരുപതിനും ശതമാനത്തിനിടയില്‍ മുസ്‌ലിം വോട്ടര്‍മാരുള്ള 39 സീറ്റുകളും ബ്രിട്ടനിലുള്ളപ്പോഴാണിത്.
60 മില്യന്‍ ജനങ്ങളില്‍ 6 മില്യന്‍ (10%) മുസ്‌ലിംകള്‍ ജീവിക്കുന്ന ഫ്രാന്‍സില്‍ ഉദ്യോഗസ്ഥ അധികാര മേഖലകളില്‍ കടുത്ത വിവേചനം നേരിടുന്നുണ്ട് മുസ്‌ലിംകള്‍. ശരാശരി 5% തൊഴില്‍രാഹിത്യമാണ് ഫ്രാന്‍സിലെ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കിടയിലെങ്കില്‍ അത് മുസ്‌ലിംകള്‍ക്കിടയില്‍ 30 ശതമാനത്തിനു മുകളിലാണ്. നിലവിലെ ദേശീയ നിയമനിര്‍മാണ സഭയിലെ മുസ്‌ലിം പ്രാതിനിധ്യം വട്ടപൂജ്യമാണ്. 81 മില്യന്‍ ജനങ്ങളുള്ള ജര്‍മനിയില്‍ 5 മില്യന്‍ മുസ്‌ലിംകള്‍ (6%) ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. ഇതിലേറെയും ടാര്‍കിഷ് പാരമ്പര്യമുള്ളവരാണ്. 630 അംഗ ജര്‍മന്‍ പാര്‍ലമെന്റായ ബുന്ദെസ്റ്റാഗില്‍ 2013-ലെ തെരഞ്ഞെടുപ്പില്‍ 11 പേര്‍ മാത്രമാണ് (1.7%) ഈ വിഭാഗത്തില്‍നിന്നുമുള്ളത്. ജര്‍മനിയിലെ ജനസംഖ്യയുടെ അഞ്ചിലൊന്നു വ്യത്യസ്ത നാട്ടില്‍ നിന്നുമുള്ള കുടിയേറ്റക്കരാണ്. എന്നാല്‍, വെറും 34 പേര്‍ (5.3%) മാത്രമാണ് 2013-ലെ ബുന്ദെസ്റ്റാഗിലെക്കു തെരഞ്ഞെടുക്കപ്പെട്ടത്. ഇത്രയും തന്നെ ചരിത്രത്തില്‍ ആദ്യമായിട്ടുണ്ടായതുമാണ്.
ഇനി, ഇന്ത്യയുടെ കാര്യമെടുത്താല്‍ ഇതിലും കഷ്ടമാണ് സ്ഥിതി. ഇന്ത്യയിലെ മുസ്‌ലിംകള്‍ യൂറോപ്പിലെയോ അമേരിക്കയിലെയോ മുസ്‌ലിംകളെപോലെ രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് കേന്ദ്രീകരിച്ചവരല്ല. ഇന്തോനേഷ്യ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഗണനീയമായ മുസ്‌ലിം ജനസംഖ്യ ഉണ്ട്. അനൗദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തില്‍, അമേരിക്കയിലെ കറുത്ത വര്‍ഗക്കാരേക്കാള്‍ എണ്ണത്തിലും ശതമാനത്തിലും കൂടുതലാണ് ഇന്ത്യയിലെ മുസ്‌ലിം സാന്നിധ്യം. ഇതിനുപുറമേ ഇന്ത്യയില്‍ ജാതീയ വിവേചനത്തിന്റെ പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട 50% വിഭാഗങ്ങള്‍ വേറെയും ഉണ്ട്. ഈ ജനവിഭാഗങ്ങളെ ദേശത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്നതു ജനാധിപത്യത്തിന്റെ ശരിയായ സാക്ഷാത്കാരത്തിനു അനുപേക്ഷണീയമാണെന്നത് പോലെതന്നെ, ഇവര്‍ക്കെല്ലാം അവസരം നല്‍കി ഇവരുടെയെല്ലാം കഴിവുകളും ശേഷിയും രാജ്യത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്ക് ഉപയോഗപ്പെടുത്തപ്പെടേണ്ടതായിട്ടുണ്ട്. എന്നാലേ നമ്മുടെ രാജ്യത്തിന് ലോകരാജ്യങ്ങള്‍ക്കിടയില്‍ അര്‍ഹമായ സ്ഥാനം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യാനന്തരം നമ്മുടെ രാജ്യം ഭരിച്ച ഒരു ഭരണാധികാരിക്കും ഇങ്ങനെ ഒരു വിഷന്‍ ഇല്ലാതെ പോയതിന്റെ ദുരന്തമാണ് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്നത്.
ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെയും ഇതര പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെയും അധികാര പങ്കാളിത്തത്തിന്റെ കാര്യമെടുത്താല്‍, ദയനീയമാണ് സ്ഥിതി. അതാണ് സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയതും. വിഭജനത്തിന്റെ മുറിവേറ്റിട്ടില്ലാത്ത, ചരിത്രപരമായ ഒരുപാട് രാഷ്ട്രീയ മുന്നേറ്റങ്ങളുടെ പാരമ്പര്യമുള്ള, വാണിജ്യ പാരമ്പര്യവും നേരത്തെ തുടങ്ങിയ പ്രവാസ ജീവിതവും കാരണമായി സാമ്പത്തിക സുസ്ഥിരതയുള്ള, മതസാമൂഹിക സംഘടനകളുടെ സജീവമായ പ്രവര്‍ത്തനങ്ങളാല്‍ വിദ്യാഭ്യാസ രംഗത്ത് കുതിപ്പ് തന്നെ നടത്തിയ, സഞ്ചിത സാധ്യതകളുള്ള കേരളത്തിലെ മുസ്‌ലിംകള്‍ക്കുപോലും ജനസംഖ്യാപരമായി അവരര്‍ഹിക്കുന്നതു പോകട്ടെ, അവര്‍ക്ക് സംവരണം ചെയ്ത ഔദ്യോഗിക തൊഴില്‍ സ്ഥാനങ്ങള്‍ പോലും നിവര്‍ത്തിക്കപ്പെടാതെ കിടക്കുന്ന കഥയാണ് നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് വെളിച്ചത്തുകൊണ്ടുവന്നത്. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടും കേരളത്തിലെ മുസ്‌ലിംകളുടെ അധികാര പങ്കാളിത്തത്തെ ഏറ്റവും ദയനീയമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. അത് കേവലം മുസ്‌ലിം ലീഗിന്റെ അഞ്ച് മന്ത്രിമാരിലും അവരുടെ പേര്‍സണല്‍ സ്റ്റാഫിലും ഒതുങ്ങുന്ന കഥയാണ്. ഏറ്റവും കൂടുതല്‍ സഞ്ചിത സാധ്യതകളുള്ള കേരളത്തിന്റെ സ്ഥിതി ഇങ്ങനെയാണെങ്കില്‍, ഇതര സംസ്ഥാനങ്ങളുടെ അവസ്ഥ എന്തുമാത്രം ദയനീയമായിരിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളൂ. ദേശീയ പാര്‍ലമെന്റിലും സംസ്ഥാന അസംബ്ലികളിലും മുനിസിപ്പല്‍- പഞ്ചായത്ത് ലോക്കല്‍ ബോഡികളിലും 15% സീറ്റുകള്‍ ദലിത് പട്ടികജാതി പട്ടികവര്‍ഗത്തിന്നും 7.5% സീറ്റുകള്‍ ആദിവാസികള്‍ക്കും സംവരണം ചെയ്തതുകൊണ്ട് അവരുടെ പ്രാതിനിധ്യം ആ അര്‍ഥത്തില്‍ ഉണ്ടെന്നു സമാധാനിക്കാം. ഇവിടെയും ന്യൂനപക്ഷത്തിന് ഗണനീയ സ്വാധീനമുള്ള മണ്ഡലങ്ങള്‍ ആദിവാസികള്‍ക്കും മറ്റും സംവരണം ചെയ്തു ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയമാണ് തിമര്‍ക്കുന്നത്. എം.എല്‍.എ.മാരുടെയും എം.പിമാരുടെയും കേവലമായ തലയെണ്ണല്‍ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ കൃത്യമായ അളവുകോലല്ല. എങ്കിലും അത് ചില സൂചനകള്‍ വഹിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യം വിജയിക്കണമെങ്കില്‍ അതിന്റെ നിയമനിര്‍മാണസഭകളിലും ഇതര അധികാര നിര്‍വഹണ സ്ഥാനങ്ങളിലും മുസ്‌ലിം ന്യൂനപക്ഷവും ഇതര പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളും അര്‍ഹമായ രൂപത്തില്‍ പ്രതിനിധീകരിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യന്‍ ജനാധിപത്യം മതസാമൂഹിക സാംസ്‌കാരിക വൈവിധ്യത്തെ ഇനിയും വേണ്ടവിധത്തില്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഇപ്പോള്‍ ഏറെക്കുറെ പതിനെട്ടു ശതമാനം വരുന്ന മുസ്‌ലിംകളുടെ പര്‍ലമെന്റിലെ പ്രതിനിധാനം അതിന്റെ ശതമാനത്തില്‍ ഓരോ പാര്‍ലമെന്റിലും ഏറെക്കുറെ കുറഞ്ഞു കൊണ്ടേയിരിക്കുകയാണ്.
1952-ല്‍ 36 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ 3.6 കോടി മുസ്‌ലിംകള്‍ (10%) ഉണ്ടായിരുന്നു. അന്നത്തെ 489 അംഗ പാര്‍ലമെന്റിലെ മുസ്‌ലിം പ്രാതിനിധ്യം വെറും 21 (4.3% ജനസംഖ്യാനുപാതികമായി ഉണ്ടാവേണ്ടതിന്റെ 43%) മാത്രമായിരുന്നു. 2009-ല്‍ 115 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ 543 അംഗ പാര്‍ലമെന്റില്‍ ഔദ്യോഗിക കണക്കു അനുസരിച്ച് ചുരുങ്ങിയത് 15 കോടിവരുന്ന (13%) മുസ്‌ലിംകളുടെ പ്രാതിനിധ്യം വെറും 28 എണ്ണം (5.1%- ജനസംഖ്യാനുപാതികമായി ഉണ്ടാവേണ്ടതിന്റെ 39%) മാത്രമാണ്. 1980-കളുടെ അന്ത്യത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തില്‍ ശക്തിപ്പെട്ടതിനുശേഷം ഇതില്‍ ഒരു പോസിറ്റീവ് ആയ മാറ്റം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, 69 കോടി ജനങ്ങള്‍ ഉണ്ടായിരുന്ന 1980 ല്‍ ഔദ്യോഗിക കണക്കനുസരിച്ച് 11.5% ഉണ്ടായിരുന്ന മുസ്‌ലിംകള്‍ക്ക് 49 പാര്‍ലമെന്റ് മെമ്പര്‍മാരും (9%-ജനസംഖ്യാനുപാതികമായി ഉണ്ടാവേണ്ടതിന്റെ 78%) 1984-ലെ, ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പില്‍ 49 പാര്‍ലമെന്റ് മെമ്പര്‍മാരും (8.4%-ജനസംഖ്യാനുപാതികമായി ഉണ്ടാവേണ്ടതിന്റെ 73%) ഉണ്ടായിരുന്നെങ്കില്‍ പ്രാദേശിക പാര്‍ട്ടികള്‍ ശക്തിപ്പെട്ടതിന്നുശേഷം മുസ്‌ലിം പ്രാതിനിധ്യം കൂടുന്നതിനുപകരം കുറഞ്ഞുകൊണ്ടേയിരിക്കുന്നതായാണ് കാണുന്നത്. ഈ പ്രതിഭാസത്തിനു ഒരു കാരണം, സെന്ററിസ്റ്റ് ശക്തികള്‍ ദുര്‍ബലപ്പെട്ടതും '80-കളുടെ അന്ത്യത്തോടു കൂടി മുസ്‌ലിം വിരോധത്തിലധിഷ്ഠിതമായ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ ഉത്തരേന്ത്യയിലെ ഗണനീയ രാഷ്ട്രീയ ശക്തിയായതും കൂടിയാണ്. സംസ്ഥാന നിയമസഭകളിലെ അവസ്ഥ ഇതിലും ശോചനീയമാണ്. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളും കോണ്‍ഗ്രസ്സും നേര്‍ക്കുനേരെ ഏറ്റുമുട്ടുന്ന സംസ്ഥാന നിയമസഭകളിലെ അവസ്ഥ ഇതിലും ശോചനീയമാണ്. അതിനു ഉദാഹരണമാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി. എന്നാല്‍ ഉത്തര്‍പ്രദേശ്, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഏറെക്കുറെ ജനസംഖ്യാ ആനുപാതികമായി നിലവിലെ നിയമസഭകളില്‍ മുസ്‌ലിം പ്രാതിനിധ്യം ഉണ്ടായപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പോടു കൂടി ബി.ജെ.പി ശക്തിപ്പെട്ട ബീഹാറിലെ നിയമസഭയില്‍ മുസ്‌ലിം പ്രാതിനിധ്യം വെറും 15 (7.8%-ജനസംഖ്യാ അനുപാതത്തിന്റെ വെറും പകുതിയിലും കുറവ്) മാത്രമാണ്. അതില്‍തന്നെ എട്ടു സീറ്റും വെറും 25 സീറ്റ് മാത്രം ജയിച്ച ആര്‍.ജെ.ഡി -എല്‍.ജെ.പി. സഖ്യത്തില്‍ നിന്നാണ്.
ഈ കണക്കുകളത്രയും സൂചിപ്പിക്കുന്നത്, ഫാഷിസ്റ്റു ശക്തികളുടെ വളര്‍ച്ചയും അതിനു സഹായകമാവുന്ന പ്രാദേശിക പാര്‍ട്ടികളുടെ നിലപാടുകളും ഇന്ത്യയുടെ ജനാധിപത്യപരമായ പുരോഗതിക്കും വൈവിധ്യത്തിനും എന്തുമാത്രം വിലങ്ങുതടിയായി മാറുന്നുവെന്ന വസ്തുതയിലേക്കാണ്. ഒരുകാര്യം ഇന്ത്യയിലെ ദേശീയ-പ്രാദേശിക പാര്‍ട്ടികള്‍ മനസ്സിലാക്കുന്നത് നല്ലതാണ്. 180 മില്യനിലേറെ വരുന്ന ന്യൂനപക്ഷങ്ങളെയും 550 മില്ല്യനിലേറെ വരുന്ന ഇതര പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളെയും അവഗണിച്ചും അവര്‍ക്ക് ചേരികളിലും ചാളകളിലും ജീവിക്കാന്‍ മാത്രമുള്ള സാഹചര്യം സൃഷ്ടിച്ചും അവര്‍ അര്‍ഹിക്കുന്ന പങ്കാളിത്തം അവര്‍ക്ക് അധികാരത്തില്‍ നല്‍കാതെയും ഇന്ത്യ എന്ന രാജ്യത്തിനു വികസിതമാകാനോ, ജനാധിപത്യപരമായ പക്വതയും പാകതയും കൈവരിക്കാനോ, വിവിധ രൂപേണയുള്ള വിഭവ ചോര്‍ച്ച തടയാനോ, ഇഴയടുപ്പമുള്ള ഒരു സമൂഹത്തിന് രൂപം നല്‍കാനുമോ സാധിക്കില്ല. ഇതൊരു ചരിത്രപാഠം കൂടിയാണ്. ലോകത്ത് സാമൂഹിക അസന്തുലിതത്വങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യവും വളരുകയോ വികസിക്കുകയോ ചെയ്തിട്ടില്ല. അത് രാജ്യങ്ങളെ തകര്‍ക്കുകയും തളര്‍ത്തുകയും മാത്രമേ ചെയ്തിട്ടുള്ളൂ. ഈ സോഷ്യല്‍ ഡിസ്‌കോര്‍ഡിന്റെ മൂലകാരണമാകട്ടെ മിക്കപ്പോഴും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭരണകൂടങ്ങളുടെയും അനീതിപൂര്‍ണവും വിവേചനപരവുമായ സമീപനങ്ങളുമാണ്. അനീതിയും വിവേചനവും ജനായത്തം പ്രഘോഷിക്കുന്ന സമഭാവനക്കും അവസരസമത്വത്തിനും ചേര്‍ന്നതുമല്ല. ഇത് അവസാനിപ്പിച്ചാലേ ജനാധിപത്യത്തെ പൂര്‍ണാര്‍ഥത്തില്‍ നമുക്ക് വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ.
(അവസാനിച്ചു)
Comments