യഥാര്‍ഥത്തില്‍ ആരാണ് സമാധാനത്തിന്റെ ചിറകരിയുന്നത്?
അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ഐസന്‍ ഹോവര്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍, അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ആയുധ വ്യവസായവും ആയുധ നിര്‍മാണ കമ്പനികളും വന്‍ സ്വാധീനം ചെലുത്തുകയും രാജ്യത്തിന്റെ നയങ്ങളെ വരെ നിയന്ത്രിക്കുന്ന ശക്തിയായി വളരുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ലോകത്ത് സമാധാനത്തിന്റെയും ജനാധിപത്യമൂല്യങ്ങളുടെയും പ്രചാരകരും പ്രഘോഷകരും തങ്ങളാണ് എന്ന് സ്വയം വരുത്തിത്തീര്‍ക്കുകയും മറുപക്ഷത്ത് അധിനിവേശത്തിലൂടെയും ആയുധ കച്ചവടത്തിലൂടെയും ലോകത്ത് അശാന്തിയുടെ വിത്തുകളിടുകയും ചെയ്യുന്ന അമേരിക്കയുടെയും കൂട്ടാളികളുടെയും നയങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഐസന്‍ ഹോവറുടെ പ്രസ്താവന തീര്‍ത്തും യാഥാര്‍ഥ്യമാണെന്ന് മനസ്സിലാകും.
ആഗോള സമാധാനവും സുരക്ഷിതത്വവും പുനഃസ്ഥാപിക്കാന്‍ വിവിധ രാജ്യങ്ങളില്‍ അമേരിക്ക നടത്തിവരുന്ന നിരന്തര ശ്രമങ്ങള്‍ യഥാര്‍ഥത്തില്‍ സമാധാനത്തിന്റെ ഒലിവുചില്ലകളെ തകര്‍ത്ത് അധിനിവേശത്തിലേക്കും ജനാധിപത്യ-മാനുഷിക മൂല്യങ്ങള്‍ ചവിട്ടിമെതിച്ച് രാജ്യത്തെ രാഷ്ട്രീയമായും സാമൂഹികമായും തകര്‍ക്കുന്നതിലേക്കുമാണ് നയിക്കുന്നത്. ഈയൊരു ലക്ഷ്യം വെച്ചാണ് അമേരിക്ക ഇറാഖിലും അഫ്ഗാനിസ്താനിലും മധ്യപൗരസ്ത്യ മേഖലയിലെ മറ്റു രാജ്യങ്ങളിലും ഇടപെട്ടതും കടന്നുകയറിയതും. പക്ഷേ അമേരിക്കയുടെ യഥാര്‍ഥ ലക്ഷ്യം മറ്റൊന്നായിരുന്നുവെന്ന് ഈ രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ പരിശോധിച്ചാല്‍ വ്യക്തമാകും. ഭീകരവാദത്തിനെതിരെ ജനാധിപത്യവല്‍ക്കരണം ലക്ഷ്യമിട്ട് നടത്തിയ പിടിച്ചടക്കല്‍ നയം സമാധാനത്തിന് പകരം ലോകത്തിന് നല്‍കിയത് ആയുധപ്പുരകളും തലയോട്ടികളുടെ കൂമ്പാരവുമാണ്. അമേരിക്ക ഉദ്ദേശിക്കുന്നതും ലക്ഷ്യമിടുന്നതും ഇത്തരത്തിലുള്ള ഒരു 'നവലോകക്രമ'മാണ് എന്നതാണ് വര്‍ഷങ്ങള്‍ നീളുന്ന അധിനിവേശ യുദ്ധങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരം നയങ്ങളുടെ പ്രചാരണത്തിനും കപടമുഖം മിനുക്കുന്നതിനുമായി അന്താരാഷ്ട്ര മാധ്യമ ലോബികളെയും പ്രചാരണ ഏജന്‍സികളെയും മുമ്പില്‍ നിര്‍ത്തിയാണ് അമേരിക്ക 'സമാധാന ദൂതന്‍' ചമയുന്നത്. ഇത്തരം ഏജന്‍സികളുടെയും അങ്കിള്‍സാമിന്റെയും കൂട്ടുസൃഷ്ടിയാണ് തീവ്രവാദം, ഭീകരത, ആണവായുധങ്ങള്‍, രാസായുധങ്ങള്‍ തുടങ്ങിയ പ്രയോഗങ്ങള്‍.
സമാധാനത്തിന്റെയും സുരക്ഷയുടെയും ജനാധിപത്യത്തിന്റെയും പേര് പറഞ്ഞ് നടത്തിയ ഇറാഖ്-അഫ്ഗാനിസ്താന്‍ അധിനിവേശങ്ങളില്‍ നേരിട്ട അപ്രതീക്ഷിത യുദ്ധച്ചെലവുകള്‍ മറികടക്കാനും അമേരിക്കയില്‍ തന്നെ രൂപപ്പെട്ടുവരുന്ന യുദ്ധവിരുദ്ധ വികാരത്തെ സാമ്പത്തിക വളര്‍ച്ചയുടെ മറവില്‍ അവഗണിക്കാനുമായി ലോക രാജ്യങ്ങള്‍ക്ക് അത്യാധുനിക പടക്കോപ്പുകള്‍ വന്‍തുകക്ക് വില്‍ക്കാനുള്ള കരാറുകളിലാണ് അമേരിക്ക ഈയിടെ ഒപ്പുവെച്ചത്. ലോക സമാധാനത്തിന്റെ നിലനില്‍പിനായി അത്യാധുനികവും കൂട്ടപ്രഹരശേഷിയുള്ളതുമായ യുദ്ധോപകരണങ്ങളും ആയുധങ്ങളും ലോകത്തിന് കയ്യയച്ച് സംഭാവന നല്‍കുമ്പോള്‍ രൂപപ്പെടുന്നത് രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര മാത്സര്യമാണ്. ഇത്തരം മത്സരങ്ങള്‍ കച്ചവട താല്‍പര്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന ലളിതമായ മുതലാളിത്ത കച്ചവട മനഃസ്ഥിതിയില്‍ തഴച്ചുവളരുന്നത് കോടിക്കണക്കിന് ഡോളറുകളുടെ ആയുധ കച്ചവടമാണ്. അത്യാധുനിക ടാങ്കുകളും സൈനിക ഹെലികോപ്റ്ററുകളും മിസൈലുകളും യുദ്ധവിമാനങ്ങളും വിദൂര നിയന്ത്രിത എയര്‍ ക്രാഫ്റ്റുകളും സൈനിക ഹെലികോപ്റ്ററുകളും യുദ്ധക്കപ്പലുകളും വിപണിയിലെത്തിക്കുന്ന അമേരിക്കന്‍ ആയുധ നിര്‍മാണ കമ്പനികളുടെ ശ്രദ്ധ ഇപ്പോള്‍ മധ്യപൗരസ്ത്യ നാടുകളില്‍ നിന്ന് ഇന്ത്യയടക്കമുള്ള മറ്റു ഏഷ്യന്‍ രാഷ്ട്രങ്ങളിലേക്ക് കൂടി വ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2005-ല്‍ യു.എസ് ആയുധവില്‍പന 12 ബില്യന്‍ ഡോളര്‍ ആയിരുന്നെങ്കില്‍ 2012-ല്‍ അത് 32 ബില്യന്‍ ആയി വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2013-ല്‍ ആയുധ കൈമാറ്റ കരാറുകളില്‍ നിന്നായി 60 ബില്യന്‍ ഡോളറാണ് അമേരിക്ക നേടിയത് എന്നറിയുമ്പോള്‍ ഈ മേഖലയുടെ വ്യാപ്തി എത്രത്തോളമാണെന്ന് ഊഹിക്കാം. റഷ്യയുടെയും ഫ്രാന്‍സിന്റെയും മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും ഭീഷണി നിലനില്‍ക്കെ തന്നെ വര്‍ഷങ്ങളായി അമേരിക്ക തന്നെയാണ് ലോകത്തിന് ആയുധങ്ങള്‍ നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. എന്നിട്ടും പല ഭീമന്‍ ആയുധ കച്ചവടക്കരാറുകള്‍ക്ക് കാര്‍മികത്വം വഹിച്ച യു.എസ് എയര്‍ഫോഴ്‌സ് ഡെപ്യൂട്ടി അണ്ടര്‍ സെക്രട്ടറി ബ്രൂഡ് ലെംകിന്‍ അഭിപ്രായപ്പെടുന്നത് ഇത്തരം ആയുധ കച്ചവടങ്ങള്‍ കൂടുതല്‍ സുരക്ഷിതമായ ലോകം സൃഷ്ടിക്കുമെന്നാണ്. ആയുധങ്ങളും പടക്കോപ്പുകളും കൊണ്ട് അമേരിക്ക സൃഷ്ടിക്കുന്ന ലോകത്തില്‍ മനുഷ്യരും ജനാധിപത്യമൂല്യങ്ങളും കശാപ്പുചെയ്യപ്പെടുന്നത് സ്വാഭാവികം മാത്രം. നിരന്തരമായ അധിനിവേശത്തിലൂടെ വളരുന്ന കച്ചവടമായിത്തന്നെയാണ് യുദ്ധത്തെ അമേരിക്ക പരിഗണിച്ചുവരുന്നത്. 2011-ല്‍ അമേരിക്കയിലെ വന്‍കിട ആയുധ കമ്പനികള്‍ 410 ബില്യന്‍ ഡോളറിന്റെ ആയുധങ്ങള്‍ വിറ്റഴിച്ചതായി സ്റ്റോക് ഹോം ഇന്റര്‍നാഷ്‌നല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (SIPRI) വ്യക്തമാക്കുകയുണ്ടായി. ഈയിടെ പുറത്ത് വിട്ട മറ്റൊരു റിപ്പോര്‍ട്ട് അനുസരിച്ച് United Technologies (UTX), L-3 communications (LLL), Finneccinica, EADS, Northrop Grummen (NOC), BAE Systems, BHoeing (BA), Lockheed Martin (LMT) തുടങ്ങിയ 10 ആയുധ വ്യവസായ സ്ഥാപനത്തിലൂടെ ഈയിടെ നേടിയത് ബില്യണ്‍ കണക്കിന് ഡോളറുകളുടെ ലാഭമാണ്.
അമേരിക്കയടക്കമുള്ള യു.എന്നിലെ നാല് സ്ഥിരാംഗങ്ങളാണ് ലോകത്തിലെ ആണവായുധങ്ങളുടെ ശേഖരം കൈവശം വെച്ചുവരുന്നത്. തങ്ങളുടെ ആണവായുധ ശേഖരത്തെക്കുറിച്ച് മറ്റുരാജ്യങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് ഇവര്‍ ലോകത്തോട് വിളിച്ചുപറയുന്നുവെങ്കിലും ഒരിക്കലും ഉപയോഗിക്കാത്ത ഇത്തരം ആയുധങ്ങള്‍ എന്തിനാണ് നിധിപോലെ സൂക്ഷിച്ചുവെക്കുന്നത് എന്ന ചോദ്യവും ഏറെ പ്രസക്തമാണിവിടെ. മൂന്നാം ലോകരാജ്യങ്ങളെയും തങ്ങളുടെ സ്ഥിരം ശത്രുക്കളെയും മസില്‍ പവറിലൂടെ വിറപ്പിച്ചുനിര്‍ത്താനും ലോകപോലീസ് ചമഞ്ഞ് മറ്റുള്ളവരെ ചൊല്‍പടിയിലാക്കാന്‍, വേണ്ടി വന്നാല്‍ ഉപയോഗിക്കാനുമാണ് ഇത്തരം കൂട്ട നശീകരണായുധങ്ങള്‍ സൂക്ഷിക്കുന്നത്. ഒബാമ ഭരണകൂടം ജനാധിപത്യ മൂല്യങ്ങളെയും സമാധാനത്തെയും കുറിച്ച് നിരന്തരം വാചാലമാകുന്ന അതേ ശ്വാസത്തില്‍ തന്നെയാണ് ആയുധ വ്യവസായത്തിന്റെ വിപുലീകരണ നയത്തിന്റെ പ്രാധാന്യത്തെകുറിച്ചും പ്രഘോഷിക്കുന്നത്. അമേരിക്കന്‍ വിദേശ നയരൂപീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോട് നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രീയ-സൈനിക കാര്യ സെക്രട്ടറി ടോം കെല്ലി അഭിപ്രായപ്പെട്ടത് ആയുധ വ്യവസായ മേഖലയുടെ വിപുലീകരണത്തില്‍ കൂടുതല്‍ ഗൗരവമേറിയ കാല്‍വെപ്പുകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ്. 1990-ന് ശേഷം ഇക്കഴിഞ്ഞ ജനുവരി 15-നാണ് ഒബാമ ഭരണകൂടം ഈ മേഖലയുടെ പുരോഗമനത്തിനായി 'പ്രസിഡന്‍ഷ്യല്‍ പോളിസി ഡയറക്ടീവ് 27' (Presidential Policy Directive 27 )എന്ന പേരില്‍ പ്രത്യേക നിയമനിര്‍മാണം തന്നെ നടത്തുകയുണ്ടായി. പേരിന് മനുഷ്യാവകാശ സംരക്ഷണവും ആയുധ വ്യവസായ നിയന്ത്രണവുമൊക്കെയാണ് പുതിയ നിയമനിര്‍മാണത്തിന് കാരണമായി പറയുന്നതെങ്കിലും ലക്ഷ്യം മറ്റൊന്നാണ് എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
യഥാര്‍ഥത്തില്‍ ലോക സമാധാനത്തെ കുറിച്ച അമേരിക്കയുടെ ഏത് ചര്‍ച്ചയും ആരംഭിക്കേണ്ടത് ഇസ്രയേല്‍ നയങ്ങളില്‍ നിന്നായിരിക്കണം. മധ്യപൗരസ്ത്യ മേഖലയില്‍ അശാന്തിയുടെ പ്രഭവ കേന്ദ്രമായി വര്‍ത്തിച്ചുവരുന്ന ഇസ്രയേലിന്റെ പിടിച്ചടക്കല്‍ നയങ്ങളെ അവഗണിക്കുന്ന അമേരിക്ക പ്രോത്സാഹിപ്പിക്കുന്നത് സമാധാനത്തിന് പകരം അക്രമത്തിന്റെ നയങ്ങളെയാണ്.
വര്‍ധിച്ചുവരുന്ന അമേരിക്കയുടെ ആയുധ കച്ചവടം ലോകത്ത് വിരുദ്ധ ഫലങ്ങള്‍ ഉണ്ടാക്കുമെന്നും അതുവഴി അസ്ഥിരമായ ഒരു ലോക ക്രമം രൂപപ്പെടുമെന്നുമുള്ള അമേരിക്കന്‍ വിദേശകാര്യസമിതി ചെയര്‍മാന്‍ ഹൊവാര്‍ഡ് എല്‍ ബര്‍മാന്റെ അഭിപ്രായം അക്ഷരാര്‍ഥത്തില്‍ പ്രസക്തമാവുകയാണ്. ലോകത്തെ ആയുധമണിയിക്കുന്ന അമേരിക്കയുടെ ഈ പോക്ക് തുടര്‍ന്നാല്‍ സൈനിക വിശകലന വിദഗ്ധന്‍ ട്രാവിസ് ഷാര്‍പ്പ് അഭിപ്രായപ്പെട്ടതുപോലെ അമേരിക്കന്‍ നിര്‍മിത ആയുധങ്ങളോട് തന്നെ അമേരിക്കക്ക് യുദ്ധം ചെയ്യേണ്ടിവരുമെന്ന് തീര്‍ച്ച. അഫ്ഗാനിസ്താനില്‍ സോവിയറ്റ് സേനക്ക് നേരിടേണ്ടി വന്നത് അമേരിക്കന്‍ നിര്‍മിത ആയുധങ്ങളായിരുന്നു. മറ്റൊരു രാജ്യത്തിന് ആയുധങ്ങള്‍ വിറ്റാല്‍ അതിന്റെ മേലുള്ള നിയന്ത്രണം ആ രാജ്യത്തിന് നഷ്ടപ്പെടുന്നു. എന്നാല്‍ ആയുധങ്ങള്‍ക്കാകട്ടെ കാലാവധി തീരുന്ന തിയ്യതിയുമില്ലായെന്ന് ഷാര്‍പ്പ് ലോകത്തെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.
Comments